'ഒറ്റമുറി' ഒരു ബിംബമാണ്
സീനത്ത് അലി എടത്തനാട്ടുകരയുടെ 'ഒറ്റമുറി' കവിതാ പുസ്തകത്തിന്റെ വായന.
'ഒറ്റമുറി' ഒരു ബിംബമാണ്. നാളിതുവരെ പ്രപഞ്ചത്തെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ചേറ്റവും ഹൃദയഹാരിയായ ബിംബം!
അനുഭവങ്ങളെ അവസരമാക്കുവാനും നിരാശദായകമായ ആശകളേക്കാള്‍ പ്രത്യാശയാണ് ഉചിതമെന്നും ഈ ഒറ്റ മുറിയുടെ താക്കോല്‍ എന്നും നമ്മിലുണ്ടാകണമെന്നും ഒരിടത്തും വച്ചു മറക്കരുതെന്നും ആര്‍ദ്രമായ് ഓര്‍മപ്പെടുത്തുകയാണ് സീനത്ത് അലി. നന്നേ ചെവി വട്ടം പിടിക്കണം, വിഹ്വലതകള്‍ നിറഞ്ഞ ഇക്കാലത്ത് നേര്‍ത്ത സ്വരമായ് അലിയുകയാണ് സീനത്ത് അലിയുടെ സൃഷ്ടികള്‍.
കവയിത്രിയുടെ ആദ്യ സമാഹാരത്തില്‍ പ്രതീക്ഷിക്കും പോലെ തന്നെ അമ്മ, കാട്, പ്രണയം, ഓട്ടോഗ്രാഫ്, വിഷു, ഡിസംബര്‍, പ്രകൃതിയുടെ ചരമഗീതം, രാധാമാധവം തുടങ്ങി സാധാരണ തൊങ്ങലുകള്‍ നിറം ചാര്‍ത്തിയണിച്ചൊരുക്കിയിരിക്കുന്നു. എന്നാല്‍, സത്യസന്ധമായ വരികളിലൂടെ കണ്ണോടിക്കുമ്പോള്‍ എഴുതുവാന്‍ വേണ്ടി എഴുതപ്പെട്ടവയല്ലന്ന് സ്പഷടം.
കവയിത്രിക്കൊരു വെമ്പുന്ന ഹൃദയമുണ്ട്. സദാ തുടിക്കുന്ന ചിന്തകളും. പ്രതികരിക്കാനഭിവാഞ്ജ നിറയും മനസുമുണ്ട്. ആയതിന്റെ ഒരു ഇറങ്ങിപ്പുറപ്പെടലാണ് സീനത്ത് അലിയുടെ കവിതകളെന്ന് കാണാം.
കടും ചിന്തകളില്‍ വിഷം പുരട്ടാതെ അമ്മയേയും സോദരിയേയും തിരിച്ചറിയാതെ പോകുന്ന ഒറ്റ കയ്യുള്ള നീതിബോധത്തോട് ക്രുദ്ധയാകുന്ന സീനത്ത് അലിയെ ഇര, വനിതാ ദിനം എന്ന കവിതകളിലൂടെ നമുക്ക് ദര്‍ശിക്കാവുന്നതാണ്.
മണ്ണു തിന്നുന്ന വയല്‍പക്ഷികള്‍, മേച്ചില്‍പുറങ്ങള്‍, ത്രിവര്‍ണ്ണം എന്നീ കവിതകളില്‍ നിഴലിക്കുന്നത് പ്രതികാരപൂര്‍വം പ്രതികരിക്കാതെ എന്നാല്‍, മണ്ണില്‍ ചുവടുറപ്പിച്ച് വാക്കുകളില്‍ കനലെരിയിച്ച് പ്രതിഷേധിക്കുന്ന അസാധാരണത്വമാണ്.
സ്വന്തം മജ്ജയും മാംസവും ചോര ഞരമ്പുകളും പ്രാണനും പ്രജ്ഞയും നല്‍കി പോറ്റിയ അച്ഛനമ്മമാരെ വലിച്ചെറിയുന്ന മക്കളുടെ ചിതലരിച്ച ഹീനതയെ (കവിത-നിറമടര്‍ന്ന ചുവര്‍ ചിത്രങ്ങള്‍, അഗതിമന്ദിരത്തില്‍) നിശിതമായ് കവയിത്രി വിമര്‍ശിക്കുന്നു.
കടും ചിന്തകളില്‍ വിഷം പുരട്ടാതെ അമ്മയേയും സോദരിയേയും തിരിച്ചറിയാതെ പോകുന്ന ഒറ്റ കയ്യുള്ള നീതിബോധത്തോട് ക്രുദ്ധയാകുന്ന സീനത്ത് അലിയെ ഇര, വനിതാ ദിനം എന്ന കവിതകളിലൂടെ നമുക്ക് ദര്‍ശിക്കാവുന്നതാണ്.
സ്വപ്നങ്ങള്‍ക്ക് കടിഞ്ഞാണും മോഹങ്ങള്‍ക്ക് അതിരുമുള്ള സ്വച്ഛമായ് സ്പന്ദിക്കും ഘടികാരത്തിലെ പിഴക്കാത്ത പെന്‍ഡുല നാദമാകണം കുടുംബമെന്ന് ഇച്ഛിക്കുന്ന രചയിതാവിനെ ആദരപൂര്‍വം നാം നോക്കിപ്പോകും. (കവിത: ഘടികാരം)
പ്രണയപൂര്‍വ്വം തന്‍ പാതിയെ നോക്കി
'ഞാനൊറ്റയ്‌ക്കെന്നു
തോന്നുമ്പോള്‍
പ്രാണനില്‍ നിറയുന്ന
കനല്‍ചൂടായ്
എന്നെ നിന്റെ
തൂവലാല്‍ പൊതിയണേ'
എന്ന് പറയാന്‍ കഴിയുന്നൊരിണകളാകാന്‍ നമുക്ക് കഴിയട്ടേ (കവിത: ഈ മഴയില്‍)
'ഇരുളു മായ്ക്കുന്ന വെളിച്ചപ്പൊട്ടുകള്‍' എന്ന കവിത നല്‍കുന്ന അതിരുകളില്ലാത്ത പ്രത്യാശയുടെ നവ്യ സുഖം നല്‍കുന്ന ലളിത ശുദ്ധമായ വരികള്‍ 'ഒറ്റമുറിയുടെ താക്കോല്‍' എന്ന സമാഹാരത്തിന് തിലകക്കുറി ചാര്‍ത്തിയിരിക്കുന്നു.
വീട്ടപ്പെടേണ്ട കടങ്ങളീയൂഴിയിലുണ്ടെന്നും അവയ്ക്കായുള്ള പ്രാര്‍ഥനകളാണ് സീനത്ത് അലിയുടെ കവിതകളെന്നും അവതാരികയില്‍ ആലങ്കോട് ലീലാകൃഷണന്‍. പീഠത്തില്‍ കൊളുത്തി വച്ച മണ്‍ചിരാതു പോല്‍ വെളിച്ചമേകി അവ എക്കാലവും നിലനില്‍ക്കട്ടേ.