സംസാരിക്കുന്ന ഫാത്തിമ
നാടകീയത വെടിഞ്ഞു ജീവിതത്തെ വളരെ തന്‍മയത്വത്തോടെ നേരിടുന്ന പുതിയ തലമുറയെ വരച്ചു കാട്ടുന്ന സിനിമയാണ് ശേഷം മൈക്കില്‍ ഫാത്തിമ.
മലപ്പുറത്തെ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന ഫാത്തിമ എന്ന പെണ്‍കുട്ടിയുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥയാ'ണ് ശേഷം മൈക്കില്‍ ഫാത്തിമ'. കരയാതെ, സ്വന്തം ദുഖങ്ങളില്‍ തളരാതെ തന്റേയും ചുറ്റുമുള്ളവരുടെയും പ്രശ്‌നങ്ങളെ ധൈര്യപൂര്‍വ്വം സമീപിക്കുന്ന ഫാത്തിമ പകര്‍ന്നു തരുന്ന പൊസിറ്റീവിറ്റി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഇതിനോടകം തന്നെ അഭിനയ വൈഭവം തെളിയിച്ചു കഴിഞ്ഞ കല്യാണി പ്രിയദര്‍ശനാണ് ഫാത്തിമയായി വേഷമിടുന്നത്. കഥ, സംവിധാനം മനു സി. കുമാര്‍. സുദീഷ് അച്ഛനായും ഫെമിന ജോര്‍ജ് സുഹൃത്തായും എത്തുന്നു. ഗൗതം വാസുദേവന്‍ സിനിമയില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
പെണ്‍കുട്ടികള്‍ അധികം സംസാരിക്കരുത്. മുതിര്‍ന്നവര്‍, പ്രത്യേകിച്ച് ആണുങ്ങള്‍ സംസാരിക്കുന്നിടത്ത് പെണ്‍കുട്ടികളും സ്ത്രീകളും നിശ്ശബ്ദത പാലിക്കണം. ആണുങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ വെള്ളം കൂട്ടാതെ വിഴുങ്ങണം. സ്വാധീനവും പണവുമുള്ള ആളുകളെപ്പേടിച്ചു അവസരങ്ങള്‍ ത്യജിക്കണം. ഇഷ്ടങ്ങളെ മറന്നു മറ്റുള്ളവര്‍ നല്ലതെന്നു പറയുന്നത് സ്വീകരിക്കണം എന്നിങ്ങനെയുള്ള സമൂഹത്തിനു നേരെയുള്ള ഒരുകൂട്ടം പിടിവാശികള്‍ക്കുള്ള ഉത്തരമാണ് ശേഷം മൈക്കില്‍ ഫാത്തിമ.
'ചിലമ്പാച്ചി' എന്നാണ് ഫാത്തിമയെ ചെറുപ്പം മുതലേ ഗ്രാമത്തിലുള്ളവര്‍ വിളിക്കുന്നത്. ഒന്നിനുപുറകെ മറ്റൊന്നായി ചോദ്യശരങ്ങളെറിയുന്ന പെണ്‍കുട്ടി. ചെറുപ്പത്തില്‍ കാര്‍ട്ടൂണുകള്‍ കാണുമ്പോള്‍ ഫാത്തിമ ടി.വിയിലെ ചലനങ്ങള്‍ക്കനുസരിച്ചു കമന്ററി പറയുമായിരുന്നു. ഉപ്പയും സഹോദരനും ഫുട്‌ബോള്‍ പ്രിയരായത്‌കൊണ്ട് പിന്നീടതു ഫുട്‌ബോള്‍ കമന്ററിയോടായി മാറി. ഫാത്തിമ വലുതാകുമ്പോള്‍ ഈ സ്വഭാവമെല്ലാം മാറുമെന്ന് വീട്ടുകാര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കുടുംബവും സമൂഹവും അവള്‍ക്ക് ചെവികൊടുത്തത് കൊണ്ടാകാം ഫാത്തിമ 'ഫാത്തിമ'യായിത്തന്നെ വളര്‍ന്നു. ഈ സംസാരിക്കുന്ന പ്രകൃതം തന്നെയായിരുന്നു അവളുടെ കരുത്ത്. അവള്‍ ധൈര്യപൂര്‍വ്വം സംസാരിച്ചു കൊണ്ട് തന്റെ സുഹൃത്തുക്കളുടെ പ്രശ്‌നങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിച്ചു.
''സംസാരിച്ചാല്‍ തീരാത്ത പ്രശ്‌നമുണ്ടോ?'' ഫാത്തിമ, ഒരവസരത്തില്‍ സിനിമയില്‍ ഇങ്ങനെ പറയുന്നു. പക്ഷെ, പിന്നീട് കല്യാണമെന്ന ബന്ധനത്തില്‍ അവളെ കുരുക്കാന്‍ സമൂഹവും വീട്ടുകാരും ശ്രമിക്കുന്നു. കാണാന്‍ വരുന്ന ആണ്‍കുട്ടി ചോദിക്കുന്നതിനു തലയാട്ടുകയോ ഒറ്റവാക്കില്‍ ഉത്തരം നല്‍കുകയോ എന്ന ചങ്ങല പൊട്ടിച്ചെറിഞ്ഞു മറ്റൊരാളുമായി ഇഷ്ടത്തിലാണെന്ന സ്ഥിരം ആശയം അവതരിപ്പിക്കാതെ തന്റെ ഇഷ്ടങ്ങള്‍ തുറന്നു പറഞ്ഞ ഫാത്തിമയെ വീട്ടുകാര്‍ പോലും തള്ളിപ്പറയുന്നു. അപ്പോഴും, തന്റെ ഇഷ്ടങ്ങളില്‍ ഒട്ടും താല്‍പര്യമില്ലാത്ത ഒരാളെ താന്‍ കല്യാണം കഴിക്കാന്‍ തയ്യാറല്ലെന്നു പറഞ്ഞു ഫാത്തിമ തലയുയര്‍ത്തി നില്‍ക്കുന്നു. പിന്നീട്, ഫാത്തിമ ഐ.എഫ്.എല്ലില്‍ കമന്റേറ്ററാവുക എന്ന തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായി കൊച്ചിയിലേക്ക് പോകുന്നു. അവിടെ ഫാത്തിമയ്ക്ക് നേരിടേണ്ടി വരുന്ന തടസ്സങ്ങളിലൂടെ കഥ വികസിക്കുന്നു.
അച്ഛനും മകളും തമ്മിലുള്ള ചില മുഹൂര്‍ത്തനങ്ങള്‍ കണ്ണു നിറയ്ക്കുന്നു. ഫൂട്‌ബോളിന്റെ താളത്തിനൊത്തു ചടുലമായി നീങ്ങുന്ന ഫാത്തിമയുടെ കമന്ററിയും വ്യത്യസ്തമാണ്. പ്രവചനാത്മകമായ ചില സന്ദര്‍ഭങ്ങളും ഇടയ്ക്കുള്ള മെല്ലെപ്പോക്കുമൊഴിച്ചാല്‍ നല്ല സിനിമ തന്നെയാണ് ശേഷം മൈക്കില്‍ ഫാത്തിമ.
ഒരു ന്യൂനപക്ഷ വിഭാഗത്തിലെ ഇടത്തര കുടുംബത്തില്‍ ജനിച്ചു മലയാളത്തിന്റെ ഭാഗമല്ല എന്ന് മുദ്രകുത്തപ്പെട്ട ഒരു ഭാഷ സംസാരിക്കുന്ന ഒരു പെണ്‍കുട്ടി തന്റെ അവകാശങ്ങള്‍ക്കായി സംസാരിച്ചു നേടുന്ന വിജയം ചിത്രത്തില്‍ പറയുന്നത് പോലെ ചരിത്രം തന്നെയാണ് എന്നതില്‍ സംശയമില്ല. പ്രണയം, കല്യാണം എന്നീ പ്രമേയങ്ങളില്‍ ചുറ്റിത്തിരിയുന്നുവെങ്കിലും സിനിമ യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ വളരെ പക്വതയോടെ കൈകാര്യം ചെയ്യുന്നുണ്ട്. പുരുഷനെപ്പോലത്തന്നെ സ്ത്രീകള്‍ക്കും സമൂഹത്തിലൊരിടമുണ്ടെന്നും പുരുഷന്മാരേക്കാള്‍ നന്നായി കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുമുള്ള കരുത്തു സ്ത്രീക്കുണ്ടെന്നും ചിത്രം പറയാതെ പറയുന്നു. ദേഷ്യവും ഗൗരവവും കൊണ്ട് ഭിത്തി തീര്‍ക്കുന്ന പുരുഷന്‍മാരേക്കാള്‍ വൈകാരിക പക്വത കൂടുതല്‍ സ്ത്രീകള്‍ക്കാണെന്ന സത്യം സമൂഹത്തിലെ ചിലരെങ്കിലും ഇതിനോടകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞു. നാടകീയത വെടിഞ്ഞു ജീവിതത്തെ വളരെ തന്‍മയത്വത്തോടെ നേരിടുന്ന പുതിയ തലമുറയെ വരച്ചു കാട്ടുന്ന സിനിമ എല്ലാവരും കണ്ടിരിക്കേണ്ടത് തന്നെ. ശേഷം മൈക്കില്‍ ഫാത്തിമയിപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാണ്.