Quantcast
MediaOne Logo

ബഹിയ

Published: 11 Oct 2024 5:23 AM GMT

പ്രണയനീലകളുടെ നാഗദംശനങ്ങള്‍ | Short Story

| കഥ

പ്രണയനീലകളുടെ നാഗദംശനങ്ങള്‍ | Short Story
X

പ്രണയത്തെ കുറിച്ച് ഓര്‍ക്കുമ്പോഴേക്കും കരിനീലനാഗങ്ങള്‍ അവളെ തേടി വരാന്‍ തുടങ്ങിയത് എന്നുമുതലാണെന്ന് അവള്‍ക്കൊരു നിശ്ചയവുമില്ല. എന്തായാലും രക്തനാഗമവളിലേക്ക് ആദ്യമായി ഇഴഞ്ഞിറങ്ങുന്നതിനും എത്രയോ മുമ്പേ ഒരു കരിനാഗമവളുടെ അടിവയറ്റില്‍ നിന്നും നേരിയ വിറയലോടെ ഇടക്കിടെ നെഞ്ചിലേക്ക് ഇഴഞ്ഞു കയറി തുടങ്ങിയിരുന്നു.

ഏതാണ്ട് അതേ കാലത്താണ് മെറ്റില്‍ഡയുടെ പൊക്കിള്‍ചുഴിയില്‍ നിന്നും അടിവയറിലേക്കു നീണ്ട നേരിയ രോമരാജി അവളെ പാമ്പിനെ ഓര്‍മിപ്പിക്കാന്‍ തുടങ്ങിയതും. നോക്കരുതെന്നെത്ര വിലക്കിയിട്ടും മുന്‍ഡസ്‌ക്കില്‍ ചാരി നിന്ന് ബയോളജി വായിക്കുന്ന മെറ്റില്‍ഡയുടെ ഇളം നിറങ്ങളിലുള്ള കോട്ടണ്‍ സാരികള്‍ വെളുത്ത വയറ്റില്‍ ഇഴയുന്ന കരിനീല പാമ്പിനെ കാട്ടി അവളെ മാടി വിളിച്ചു.

ഒടുവില്‍ ഒരു ഡയറിമില്‍ക്കിന്റെ ആനുകൂല്യത്തില്‍ നേടിയെടുത്ത മുന്‍ബഞ്ചിലെ ആദ്യ സീറ്റിലിരുന്നവള്‍ നാവു നുണഞ്ഞു. പിന്നെ, തിരക്കുള്ള ബസ്സില്‍ മനപ്പൂര്‍വം മാറികയറി തിരക്കിനിടയില്‍ പതിയെ മെറ്റില്‍ഡയുടെ പാമ്പിനെ തൊട്ടു.

അതിന്നടുത്ത ദിവസമാണ് മെറ്റില്‍ഡ പുതിയ ജോലി കിട്ടി പോയത്. യാത്ര പറയും നേരം അവരുടെ കണ്ണുകള്‍ പാമ്പിനെ പോലെ തന്നില്‍ ഇഴയുന്നതു കണ്ട ധൈര്യത്തിലാണ് അന്നും അവള്‍ മെറ്റില്‍ഡയുടെ ബസ്സില്‍ കയറിയത്.

ഇത്തവണ തിരക്കിലൂടെ അവരിരുവരുടെയും വിരലുകള്‍ സര്‍പ്പങ്ങളായി. വിരിഞ്ഞു വരുന്ന അവളുടെ സര്‍പ്പകുഞ്ഞുങ്ങള്‍ക്ക് മെറ്റില്‍ഡ നൂറും പാലും നേര്‍ന്നു.

പിന്നീട് ഒരിക്കലും തമ്മില്‍ കണ്ടില്ലെങ്കിലും തന്നിലെ നാഗത്തെ അവള്‍ തിരിച്ചറിയുകയായിരുന്നു. ആണിനുംപെണ്ണിനുമപ്പുറം, ശരീര സാധ്യതകള്‍ക്കും മേലെ, പത്തി വിടര്‍ത്തി കാത്തിരിക്കുന്ന കരിനീല നിറമാര്‍ന്ന തന്റെ പ്രണയ സര്‍പ്പം.

അന്നാ തിരക്കുള്ള ബസ്സില്‍ വച്ച് അവളില്‍ നിന്നും പുറത്തു വന്ന് ഫണം വിരിച്ചാടി ഇറങ്ങി പോയ സര്‍പ്പം സദാ അവളെ അലട്ടി. ഒളിഞ്ഞും തെളിഞ്ഞും രാവും പകലും ഉറക്കിലും ഉണര്‍വ്വിലും അതവളെ മോഹിപ്പിച്ചു.

അതിന്റെ നാലാം നാളിലാണ് - കൃത്യമായി പറഞ്ഞാല്‍ ഒരു ഈസ്റ്റര്‍ തലേന്ന്- തന്നിലിഴയുന്ന ചോരപാമ്പിനെ അവളാദ്യമായി കണ്ടത്. ടിവിയില്‍ മുള്‍കിരീടമണിഞ്ഞ് രക്തമൊലിച്ച മുഖത്തോടെ നീങ്ങുന്ന യേശുവിനെ കാണുകയായിരുന്നു അവളപ്പോള്‍. പെട്ടെന്നാണ് യേശുവിന്റെ താടിരോമങ്ങള്‍ക്കിടയിലൂടെ ഇടം കവിളിലെ കരിനാഗമറുകവളെ എത്തി നോക്കിയത്. വേദനയാല്‍ വീങ്ങിയ വയറ്റില്‍ അമര്‍ത്തി പിടിച്ചവള്‍ ഉറക്കെ കരഞ്ഞു. ആരോടും പറയാതെ താഴെ തെരുവില്‍ ഇറച്ചിക്കടയില്‍ പോയിരുന്ന് അഴുക്കു പുരണ്ട ചേച്ചിയുടെ ഉടുപ്പിനെ കുറിച്ച് അനിയന്‍ പരാതി പറഞ്ഞപ്പോഴായിരുന്നു അത്. താന്‍ മരിക്കാന്‍ പോവുകയാണെന്നാണ് അവള്‍ കരുതിയത്. മരണാസന്നയായ തന്നെ നോക്കി നെടുവീര്‍പ്പോടെ പുഞ്ചിരിച്ച അമ്മയുടെ സ്‌നഹരാഹിത്യം അവളെ കീറിമുറിച്ചു.

പിന്നീട് പലപ്പോഴും സര്‍പ്പങ്ങള്‍ അവളിലേക്ക് ഇഴഞ്ഞു. സയന്‍സിലെ കിച്ചുവും വലിയ കണ്ണുകളുള്ള ഇരുവശവും മുടിപിന്നിയ കുഞ്ഞുനിലീനയും ഡ്രാമ പഠിപ്പിക്കാന്‍ വന്ന നരച്ച താടിയുള്ള ജുബ്ബാസാറും കൗണ്‍സിലിങ് ക്ലാസെടുക്കാന്‍ വന്ന അച്ചനും കഴുത്തില്‍ കാക്കപുള്ളിയുള്ള രമ്യയും പുതിയ ആയ ലക്ഷ്മിയമ്മയും ഗീതുവിന്റെ വെളുത്ത പഞ്ഞികെട്ടു പോലുള്ള പപ്പിക്കുട്ടിയും പത്രത്തിന്റെ മുന്‍പേജില്‍ വന്ന പ്രിയ നായികയുടെ മരണചിത്രവും പുതിയ തുണിക്കടയിലെ അടിവസ്ത്രം മാത്രം ഉടുത്തു നിന്ന വെളുത്ത പ്രതിമയും.

അങ്ങനെ പലതില്‍ നിന്നും ഇഴഞ്ഞിറങ്ങി വന്ന് അവളുടെ അടിവയറിലേക്കു വിറയല്‍ പടര്‍ത്തി കടന്നു പോകുന്ന സര്‍പ്പം അവളുടെ സ്വപ്നങ്ങളില്‍ സ്ഥിരവാസമാക്കി. ഇടം കവിളിലെ സര്‍പ്പ മറുകും പൊക്കിള്‍ ചുഴിയില്‍ നിന്ന് താഴേക്ക് നീണ്ട സര്‍പ്പ രൂപമാര്‍ന്ന രോമരാജിയും കാട്ടി അതവളെ സദാ കൊതിപ്പിച്ചു.

എങ്കിലും തന്റെ സര്‍പ്പത്തിന്റെ ദംശനമേറ്റ് മറ്റൊന്നും നീലിക്കരുതെന്നവള്‍ക്ക് വാശിയുണ്ടായിരുന്നു. അതിനാല്‍ തന്നെ നിറയുന്ന വിഷസഞ്ചി തന്റെ ഹൃദയശിലയിലേക്കു തന്നെ ഒഴുക്കി അവള്‍ സദാ ജാഗരൂപയായി. മറ്റുള്ളവരുടെ മുന്നില്‍ ദംഷ്ട്രമൊളിച്ചുവെച്ച് മുഖംമൂടിയുടെ മകുടിയൂത്തില്‍ അവള്‍ ചൂളിചുരുങ്ങി.

വിജയന്‍ സാറിന്റെ ക്ലാസുകളില്‍ യഥേഷ്ടം കേറി വരുന്ന ഹൈപ്പര്‍ സെക്ഷ്വാലിറ്റി വിവരണങ്ങളും ഇരകളുടെ നോവിലേക്ക് വലിച്ചിഴക്കുന്ന സാറിന്റെ വിവരണങ്ങളും അവളുടെ സര്‍പ്പത്തെ കാത്ത് മാളത്തിന്റെ കവാടത്തില്‍ നിലയുറപ്പിച്ച ഗരുഡനായി. ആ ഭീതിയിലാണ് അവളുടെ സര്‍പ്പം പതിയെ പതിയെ മാളത്തിന്റെ ഇരുട്ടില്‍ തന്നെ താമസമുറപ്പിച്ചത്.

വിവാഹം കഴിഞ്ഞതിന്റെ ആദ്യ രാത്രിയില്‍ 'പകല്‍ മുഴുവന്‍ ഒരുങ്ങി നിന്ന ക്ഷീണം കാണും, ഉറങ്ങിക്കോളൂ' എന്നയാള്‍ പറഞ്ഞപ്പോള്‍ ആകാംക്ഷയോടെ മനസ്സ് തേടിയത് ഇടം കവിളിലെ നാഗമറുകാണ്.

ആദ്യമായി ഒരു പുരുഷനാല്‍ കരം ഗ്രഹിക്കപ്പെട്ട അന്നിന്റെ പകല്‍ മുതല്‍ അവളുടെ അടിവയറിലൂടെ ഇഴയുന്ന പ്രണയ നാഗത്തെ താലോലിക്കാന്‍ അവള്‍ക്ക് ആക്കം തോന്നി.

''എന്താ ആലോചിക്കുന്നത്? എന്തു തോന്നുന്നു ഇപ്പോള്‍?''

അലസമായി അയാള്‍ ചോദിച്ചു.

''എന്റെ അടിവയറ്റില്‍ നിന്നും മുകളിലേക്കൊരു സര്‍പ്പം ഇഴഞ്ഞു കയറുന്ന പോലെ.''

നിഷ്‌കളങ്കമായവള്‍ പറഞ്ഞു. അതുകേട്ട് അയാള്‍ ചിരിച്ചോ എന്നറിഞ്ഞു കൂടാ. അപ്പോഴേക്കും ലൈറ്റയാള്‍ അണച്ചിരുന്നു. ഉറക്കം വരാതെ ഇരുട്ടില്‍ നോക്കി കിടക്കവേ ഉയര്‍ന്ന അയാളുടെ കൂര്‍ക്കംവലി നല്‍കിയ ധൈര്യത്തിലവള്‍ ടോര്‍ച്ചു കത്തിച്ച് അയാളുടെ ശരീരത്തില്‍ പരിശോധന നടത്തി. തന്റെ പ്രണയ നാഗ സാന്നിദ്ധ്യം ഒട്ടുമില്ലാത്ത ആ ശരീരം പകര്‍ന്ന നിരാശയില്‍ അവള്‍ മറ്റൊരാളായി പടം പൊഴിച്ച് വേഷപ്പകര്‍ച്ച ചെയ്യുകയായിരുന്നു.

പിന്നെ അവള്‍ അവന്നുമുന്നില്‍ പത്തിക്ക് അടിയേറ്റ് തളര്‍ന്നു വീണ സര്‍പ്പമായി. വേനല്‍ കാലത്തെ കിണറായി അവള്‍. അയാള്‍ക്ക് വേണ്ടപ്പോള്‍ മാത്രം അയാളതില്‍ നിന്നും കോരിക്കുടിക്കുകയും കോരികുളിക്കുകയും ചെയ്തു. പക്ഷേ, ഒരിക്കലും അയാളുടെ സാന്നിദ്ധ്യത്തില്‍ അവളുടെ നാഗങ്ങള്‍ ഉണര്‍ന്നില്ല.

എങ്കിലും പ്രണയമൊരു കറുത്തു മിനുത്ത വിഷസര്‍പ്പം തന്നെയാണെന്ന് അവള്‍ക്ക് അറിയാമായിരുന്നു. എവിടെയോ പതിയിരുന്ന് ഒരുനിമിഷാര്‍ദ്ധം കൊണ്ട് പത്തി വിടര്‍ത്തി ഹൃദയത്തില്‍ കൊത്തി വിഷം ചീറ്റുന്ന സര്‍പ്പം! ഏഴുനില മാളികമുകളില്‍ സകല സൈനിക സന്നാഹത്തിന്റേയും മദയാനകളുടെയും കാവല്‍ സാന്നിദ്ധ്യത്തില്‍ പോലും ഒരു പുഴുവായ് തേടിയെത്തി പരീക്ഷിത്ത് രാജാവിന്റെ പ്രാണനെടുത്ത സര്‍പ്പത്തിലും ശക്തിയുള്ള തന്റെ പ്രണയ നാഗം തന്നെ തേടി വരുമെന്നും പിന്നെ തന്റെ തുടതുരന്ന് അകത്തു കയറി ഹൃദയത്തിലേക്ക് ആഞ്ഞു കൊത്തുമെന്നും അവള്‍ക്ക് ഉറപ്പുണ്ടായിരുന്നു.

ഒടുവില്‍ അത് സംഭവിക്കുക തന്നെ ചെയ്തു. അവളുടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ച പുരോഹിതന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം! അവിചാരിതമായാണ് അദ്ദേഹം ആ നട്ടുച്ചയില്‍ കയറി വന്ന് എനിക്കൊന്നു കുളിക്കണം എന്ന് ആവശ്യപ്പെട്ടത്. വേനല്‍ കത്തിനില്‍ക്കുന്ന പകലായതിനാലും ആ നാട്ടിലൂടെ കടന്നു പോകുമ്പോഴെല്ലാം അവരെ തേടി കയറി വരുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നതിനാലും അതൊരു സാധാരണ സംഭവമായിരുന്നു.

എന്നാല്‍, അവിചാരിതമായി ടാങ്കിലെ വെള്ളം വറ്റുകയും കറന്റില്ലാതിരിക്കുകയും ചെയ്തതോടെ ഒറ്റത്തോര്‍ത്തുടുത്ത് കിണറ്റിന്‍ കരയിലേക്ക് നടന്ന അയാളുടെ വയറ്റിലെ നാഗരൂപമവളെ ഉണര്‍ത്തി. കുളികഴിഞ്ഞ് ഊണു കഴിച്ച് വിശ്രമിക്കാന്‍ കിടന്ന അദ്ദേഹത്തിന്റെ ഇടതു കവിളിലെ നരച്ച താടിരോമങ്ങളെ അവള്‍ വെട്ടി മാറ്റി. നാഗചിഹ്നമാര്‍ന്ന കവിള്‍തടം തിളങ്ങി. പരസ്പരം പതിയിരുന്ന് മുഷിഞ്ഞ നാഗങ്ങള്‍ തുട തുരന്ന് ഹൃദയങ്ങളെ കടിച്ചുകീറി.

വിശദമായ പരിശോധനയില്‍ അവളദ്ദേഹത്തിന്റെ നാഗത്തെ കണ്ടെത്തുക തന്നെ ചെയ്തു. പിറന്നു വീണ കുഞ്ഞിന്റെ കാലടികള്‍ പോലെ ചോരചുവപ്പാര്‍ന്ന തീ നാഗം അവളുടെ ചുണ്ടുകളെ വിഴുങ്ങി, അതില്‍ നിന്നും ചിതറിയ അഗ്‌നിയുടെ കഷ്ണങ്ങള്‍ അവളുടെ ഹൃദയത്തെ എരിച്ചു. പ്രണയത്താല്‍ നിന്നു കത്തിയ അവളുടെ താപത്താല്‍ അദ്ദേഹത്തിന് തന്റെ വിശ്വരൂപം തിരിച്ചു കിട്ടി. ഉടലുറയുരിഞ്ഞു കളഞ്ഞ് പ്രണയനാഗമായ് രൂപ പരിവര്‍ത്തനം ചെയ്യപ്പെട്ട ജന്മത്തിന്റെ നാഗദംശനങ്ങള്‍ അവള്‍ ഹൃദയത്തില്‍ ഏറ്റു വാങ്ങി.

പ്രണയത്തിന്റെ നാഗദംശനമേറ്റ ഹൃദയത്തിന് പിന്നീട് ഒരിക്കലും മോചനമില്ല തന്നെ. ഓരോ രോമകൂപത്തിലൂടെയും രക്തം വിയര്‍ത്തു വിയര്‍ത്ത്, വിഷം പടര്‍ന്ന് നീലിച്ച് ചത്തുമലച്ച ശരീരത്തെ ഉറയായുരിഞ്ഞ് ആത്മാവ് ഇഴഞ്ഞു നീങ്ങും. പിന്നെ തന്നെ കൊത്തിയ പ്രണയനാഗത്തോട് മുഖാമുഖം നില്‍ക്കും. പിന്നീട് പരസ്പരം ചീറ്റും. ഫണം വിരിച്ചാടവെ പ്രണയനാഗമാ ആത്മാവിന്റെ പിരടിയില്‍ തന്റെ അറ്റം പിളര്‍ന്ന ഇരട്ട നാക്കുകൊണ്ട് ഇക്കിളിപ്പെടുത്തും. പിന്നെ ചെവിയില്‍ മൃദുവായി കടിക്കും. പരസ്പരം കെട്ടുപിണഞ്ഞു ചുറ്റി വരിഞ്ഞ് കിനാവള്ളികള്‍ പോലെ പടര്‍ന്നു കയറും. പിന്നെയാ കരിനാഗമാ ആത്മാവിലേക്ക് വിഷം ചീറ്റും. തന്റെ ജീവന്റെ സത്ത് മുഴുവന്‍ വിഷമായ് ചീറ്റിയ നാഗം തളര്‍ന്നു വീഴും. അതോടെ ആത്മാവും പ്രണയവും ഉന്മാദത്തിന്റെ ഗിരിശൃംഗങ്ങള്‍ കടന്ന് കൈലാസത്തിലെത്തും. അവിടെയവര്‍ അര്‍ദ്ധനാരീശ്വരനായ് മോക്ഷം നേടും

പ്രണയനാഗത്തിന്റെ ദംശനമേറ്റതോടെ അവളുടെ അടിവയറ്റിലെ സര്‍പ്പമുണര്‍ന്ന് ഇഴയാന്‍ തുടങ്ങി. പ്രണയനീലകളില്‍ മുങ്ങിയ അവളുടെ വിഷത്തിന്റെ വിഷയത്തെ തിരിച്ചറിയാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.

അവള്‍ മുറിയിലേക്ക് കടന്നു വരുമ്പോള്‍ അയാള്‍ ചുമരിനടുത്തേക്കു തിരിഞ്ഞു കിടന്നു ഫോണില്‍ തെരുപ്പിടിക്കുകയായിരുന്നു. നനഞ്ഞ, വിയര്‍പ്പൊട്ടിയ മാക്‌സി മാറ്റി അവള്‍ നൈറ്റ്ഗൗണ്‍ എടുത്തു ധരിച്ചു. പിന്നെ മുടി വാരി ഉച്ചിയില്‍ കെട്ടി വെച്ച് അല്‍പനേരം കണ്ണാടിയില്‍ നോക്കി നിന്നു. സര്‍പ്പത്തിന്റെ ഇഴഞ്ഞു കയറ്റത്താല്‍ ഇക്കിളിപ്പെട്ട അടിവയറിലവള്‍ അമര്‍ത്തി പിടിച്ചു.

ലൈറ്റണച്ച് അയാള്‍ക്കടുത്ത് കിടന്ന അവള്‍ പതിയെ കയ്യെടുത്ത് അയാളുടെ വയറില്‍ ചുറ്റിപ്പിടിച്ചു. പിന്നെ പതുക്കെ അയാളുടെ ചെവിയില്‍ കടിച്ചു. അസ്വസ്ഥതയോടെ അല്‍പമൊന്ന് ഇളകി കിടന്നയാള്‍ മൂളി : 'ഏയ്!'

ഒന്നും സംഭവിക്കാത്ത പോലെ ഫോണില്‍ തന്നെ തുടര്‍ന്ന അയാളോടവള്‍ ചോദിച്ചു:

''ഈ പുരുഷന്‍മാര്‍ക്കുള്ള പോലെ സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛയുണ്ടാവോ?''

ഫോണില്‍ നിന്നും ശ്രദ്ധ വിടാതയാള്‍ ചോദിച്ചു:

''നീ മരുന്നു കഴിച്ചില്ലേ?''

''ഉം.. ഞാന്‍ ചോദിച്ചതിന് ഉത്തരം പറയ്...''

അവള്‍ അയാളെ തന്റെ നേരെ തിരിക്കാന്‍ ശക്തിയായി ശ്രമിച്ചു.

''കല്ല്യാണം കഴിഞ്ഞ് കൊല്ലം ഇരുപതായി. പിള്ളേരെ രണ്ടിനേം കെട്ടിക്കാറായി, അപ്പഴാ ഓരോരോ സംശയങ്ങള്‍'' അയാള്‍ പിറുപിറുത്തു.

''എങ്കി കേട്ടോ, അങ്ങനെ ഒന്നുണ്ട്, പെണ്ണിനും. എന്നാല്‍ അവള്‍ക്കതിന് ദേഹമാവശ്യമില്ല. ഉടല്‍പെരുക്കങ്ങള്‍ക്കപ്പുറം ഉറയുരിഞ്ഞ ആത്മാക്കളുടെ പ്രണയചൂടിനാല്‍ വെന്ത് നെയ്യുരുക്കും ഇണചേരലിന്റെ അനന്ത വഴിയിലാണ് ആ പറുദീസ. അവിടമാകെ പ്രണയത്തിന്റെ ഞാവല്‍പഴങ്ങള്‍ പൊഴിഞ്ഞ് അപ്പോള്‍ നീലിച്ചിരിക്കും. പക്ഷേ, അത് തരാന്‍ ഏതൊരാണിനും കഴിയില്ല. ഒരാള്‍ക്കേ കഴിയൂ, ഒരാള്‍ക്ക് മാത്രം. അവനിന്നിവിടെ വന്നു. എന്റെ പ്രണയം, എന്റെ പ്രാണന്‍. യുഗങ്ങളോളം ഞാന്‍ കാത്തിരുന്നവന്‍. അവനെന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചു, കാമിക്കാന്‍ പഠിപ്പിച്ചു. അവനെന്നെ പഠിപ്പിച്ച ക്രീഡകള്‍ ഞാന്‍ നിനക്കു പകര്‍ന്നു തരാം..''

അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു, പക്ഷേ, അയാളൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ചെവിയില്‍ തിരുകിവെച്ച ഇയര്‍ഫോണോടെ അയാള്‍ മയങ്ങി പോയിരുന്നു.

അയാളുടെ വലതു ചെവിയിലെ അവള്‍ കടിച്ചപാടില്‍ നിന്നും ശരീരമാസകലം നീലനിറം പടര്‍ന്നു. നീലിച്ച് നീലിച്ചവന്‍ അവള്‍ കുട്ടിക്കാലത്തു പഠിച്ച കാളീയമര്‍ദ്ദനമെന്ന കവിതയിലെ കൃഷ്ണനെ പോലെയായി.

പ്രണയത്തിന്റെ നിറം നീലയാണെന്നത് എത്രമാത്രം ശരിയാണ്, അതിനാലാവണം അവളുടെ പ്രണയവിഷമിറക്കാനായവന്‍ അവള്‍ക്ക് കാലങ്ങളായി ഇളംനീല നിറമാര്‍ന്ന ഗുളികകളെ സമ്മാനിച്ചിരുന്നതും.

അവള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.

'അങ്ങനെ ഇത്രയും നാള്‍ ഞാന്‍ തിരഞ്ഞത് എന്നെ തേടി എത്തിയിരിക്കുന്നു. ഞാനിതാ മോക്ഷം നേടുന്നു..'

അവളുടെ ചിരിയില്‍ പെട്ട് ചുമരുകള്‍ വട്ടം കറങ്ങാന്‍ തുടങ്ങി. നീലിച്ച അയാളെയും വഹിച്ച് നൃത്തം വെക്കുന്ന കട്ടിലില്‍ കിടന്നവള്‍ സര്‍പ്പത്തെ പോലെ ഇഴഞ്ഞു. ഉടുത്തിരുന്ന വസ്ത്രങ്ങള്‍ ഒന്നൊന്നായി വലിച്ചു പറിച്ചെറിഞ്ഞവള്‍ സ്വതന്ത്രയായി.

'ഒടുവില്‍ എന്റെ പ്രണയമിതാ എന്നെ തേടിയെത്തിയിരിക്കുന്നു. എനിക്ക് ഉറപ്പുണ്ടായിരുന്നു നീ വരുമെന്ന്. എനിക്കായ് നിറഞ്ഞ നിന്‍ വിഷഗ്രന്ഥി, ശിലയില്‍ കൊത്തിയൊഴുക്കാന്‍ നിനക്കാവില്ല. അങ്ങനെ വന്നാല്‍ ആ പ്രണയ വിഷം വീണ ഭൂമി തുള വീണ് ലാവ തുപ്പും. പിന്നെ ഉരുകിയൊലിച്ച തീച്ചാറില്‍ ലോകം ഉറഞ്ഞു പോകും'

'നിനക്കറിയാം, എന്റെ പ്രണയവും എന്റെ ഭ്രാന്തും എന്റെ ജീവനും നീയാണെന്ന്. നിന്റെ ചുണ്ടിലെ തീമഞ്ഞേറ്റാണെന്റെ മാംസം അടര്‍ന്നു വീണതെന്ന്. തുളവീണ മനസ്സിലേക്ക് നീ ഒഴുക്കിയ പ്രണയമാണെന്റെ പ്രാണന്റെ താക്കോലെന്ന്...'

അയാളുടെ പരസ്പരം ചേര്‍ത്ത് പിണച്ചു വെച്ച കാലുകള്‍ക്കിടയിലേക്കവള്‍ നുഴഞ്ഞു കയറാന്‍ തുടങ്ങി.

പടിഞ്ഞാട്ടുതിരിഞ്ഞ സൂര്യന്റെ കിരണങ്ങള്‍ ജനലിലൂടെ ചരിഞ്ഞു വന്നവനെ തട്ടി വിളിച്ചപ്പോഴാണവന്‍ മത്തു വിട്ട് മിഴി തുറന്നത്. വെളിച്ചത്തിന്റെ നിറത്തില്‍ അമ്പരന്നും സ്ഥലകാല ബോധത്തെ കുറിച്ച് ആശങ്കപ്പെട്ടുമവന്‍ ഞെട്ടി എഴുന്നേല്‍ക്കവെ, തന്റെ കാലുകള്‍ക്കിടയില്‍ - മുറ്റത്തെ ഇരുമ്പു തൂണില്‍ പടര്‍ന്ന പാഷന്‍ഫ്രൂട്ട് വള്ളി പോലെ ഉപേക്ഷിക്കപ്പെട്ട പാമ്പുറ കണ്ട് മരവിച്ചു പോയി. അതിലെ തവിട്ടു നിറമാര്‍ന്നഗോതമ്പു പൊട്ടുകള്‍ പോക്കു വെയിലേറ്റ് തിളങ്ങി.

അങ്ങകലെ, പെറുക്കാനാളില്ലാതെ ഞാവല്‍പഴങ്ങള്‍ വീണ് ചതഞ്ഞ് നീലിച്ച, പറുദീസയിലേക്കുള്ള ഇടവഴിയിലപ്പോള്‍ രണ്ടു കരിനാഗങ്ങള്‍ ഫണങ്ങള്‍ ചേര്‍ത്തു വെച്ച്, പരസ്പരം ചുറ്റി പടര്‍ന്ന് ഇണചേരുന്നുണ്ടായിരുന്നു.


TAGS :