അനന്തരം | Short Story
| കഥ
സ്വന്തം വിസര്‍ജ്യത്തില്‍ കിടന്ന് കൈകാലിട്ടടിക്കുന്ന ഒരു ജീവി. കുട്ടിക്കുരങ്ങന്റെ മുഖവും ചുള്ളിക്കമ്പുകള്‍ പോലുള്ള കൈകാലുകളും. മേനിയില്‍ പൊടിയുപ്പ് വീണ പുഴുവിനെ പോലെ കിടന്നിടത്തു കിടന്ന് അത് എരി പൊരി കൊള്ളുന്നു. തലച്ചോറിന്റെ അടുക്കുകള്‍ക്കിടയിലെവിടെയോ അസ്വസ്ഥതയ്ക്ക് തിരികൊളുത്തുന്ന സ്ഥാനത്തേക്ക് അതിന്റെ കൂര്‍ത്ത ശബ്ദം കൃത്യമായി ആഞ്ഞു പതിക്കുന്നു. കിടത്തിയിരിക്കുന്ന വെളുത്ത വിരിപ്പില്‍ തൂക്കിയെടുത്ത് അതിനെ ദൂരേക്ക് വലിച്ചെറിയാന്‍ തോന്നി.
അസുഖകരമായ ആ സ്വപ്നത്തില്‍ നിന്നാണ് ഞാനിപ്പോള്‍ കണ്ണ് തുറക്കാന്‍ ശ്രമിക്കുന്നത്. പ്രകാശരശ്മികള്‍ ക്രൂരരായ കാവല്‍ക്കാരെ പോലെ മൂര്‍ച്ചയുള്ള അറ്റം കൊണ്ട് കാഴ്ചയെ കുത്തിനോവിച്ച് എന്നെ പരാജയപ്പെടുത്താന്‍ നോക്കുന്നു. ബീപ് ... ബീപ്.. എന്ന് മിഷിനുകളുടെ ഇടവിട്ട ശബ്ദം. ഇടവേളകള്‍ കൂടിയും കുറഞ്ഞുമിരിക്കുന്ന അവ ചേര്‍ത്ത് വച്ച് ഒരു താളം കണ്ടെത്താന്‍ ശ്രമം നടത്തി. കാതുകളും തോല്‍വി സമ്മതിച്ചു. ഇടയ്‌ക്കെപ്പോഴോ കാഴ്ചയില്‍ തെളിഞ്ഞ, മുകളിലെ ഐവി സ്റ്റാന്‍ഡില്‍ തൂക്കിയ കുപ്പിയില്‍ നിന്നും ട്യൂബിലേക്ക് വീഴുന്ന ലായനിയുടെ ഇളം മഞ്ഞ ഉള്ളില്‍ തങ്ങിനിന്നു. കാലുകള്‍ക്കു മീതെ ആരോ ഒരു മുറം ഐസ് ചരിഞ്ഞിട്ടത് പോലെ അവ മരവിച്ചു കിടക്കുന്നു. കൈകള്‍ ട്യൂബുകളാല്‍ ബന്ധിതമായതിനാല്‍ ചലിപ്പിക്കാനാകുന്നില്ല. മുറിക്കുള്ളല്‍ മൂക്ക് തുളക്കുന്ന ഡെറ്റോള്‍ മണം.
പൊടുന്നനെ ആ ആശുപത്രി മണത്തെ അതിജീവിച്ചുകൊണ്ട് പുതിയൊരു ഗന്ധം അവിടെ നിറഞ്ഞു. ചെമ്പരത്തി എണ്ണയും പിയേഴ്‌സ് സോപ്പും ഇടകലര്‍ന്ന് പുറപ്പെടുവിക്കുന്ന നനുത്ത ഈര്‍പ്പമുള്ള ഒരു മണം.
അത് മൂക്കിലൂടെ കടന്ന് തലച്ചോറിന്റെ താഴ്ഭാഗത്തെ പാളികള്‍ക്ക് കീഴില്‍ മറഞ്ഞിരിക്കുന്ന ഓര്‍മയുടെ അറകളെ മുട്ടിത്തുറന്നു. ഉടന്‍ ഉണ്ടായ പ്രകമ്പനം എന്നെ എടുത്ത് താഴെപാട്ടെ കുളക്കടവില്‍ കൊണ്ട് ചെന്നിട്ടു.
കുളമപ്പോള്‍ ഉച്ചമയക്കത്തില്‍ ആണ്ടു കിടക്കുകയായിരുന്നു. വെള്ളത്തിലേക്ക് വെട്ടിയുണ്ടാക്കിയ കല്‍പടവുകളിലൂടെ ഞാനാ നീലപ്പച്ച വിതാനത്തിലേക്കിറങ്ങി. ഇളം തണുപ്പ് കാലുകളിലേക്കിരച്ചു കയറുമ്പോള്‍ ഇല്ലിക്കൂട്ടങ്ങളുടെ നിഴലുകള്‍ക്ക് ഇളക്കം തട്ടി. കാലുകളില്‍ ഉടലില്‍ തലയില്‍ തണുപ്പിന്റെ മൃദുസ്പര്ശം. വെള്ളത്തെ വകഞ്ഞു മാറ്റി നീന്തി നീന്തി മുന്നോട്ട്. പിന്നെ ഇരു കൈകളും മേലേക്ക് വീശി വെള്ളത്തിന്റെ അടുക്കുകളിലൂടെ ആഴങ്ങളിലേക്ക്. ഭാരമില്ലായ്മയുടെ അനായാസതയോടെ പറന്നിറങ്ങി നിലത്തെ ചെളിപ്പരപ്പില്‍ കാലുകള്‍ കൊണ്ടു തൊട്ടു. തലപൊക്കി നോക്കുമ്പോള്‍ ഇളകുന്ന ജലപ്പരപ്പിന് മുകളില്‍ അല്‍പം പടിഞ്ഞാറോട്ട് ചാഞ്ഞു നില്‍ക്കുന്ന സൂര്യനെ കാണാം. ചില്ലു പാളികള്‍ക്കപ്പുറം നിന്ന് അത് നോക്കുന്നു. മഴവില്‍ കൈകള്‍ നീട്ടുന്നു. തറയില്‍ ഒന്ന് ചവിട്ടി മേലോട്ട് ഒറ്റക്കുതിപ്പ്. മുകളിലെത്തി വെള്ളത്തെ വകഞ്ഞു മാറ്റി ശ്വാസം നീട്ടിയെടുത്തു.
കണ്ണുകള്‍ ഒട്ടൊന്നു തുറക്കാമെന്നായി. അപ്പോഴാണ് ഞാനവളെ കണ്ടത്. കട്ടിലിന്റെ ഒരൊറ്റത്തിരുന്ന് വിടര്‍ത്തിയിട്ട മുടി കോതിയൊതുക്കുകയും വിരല്‍ ഞൊടിക്കുകയും ചെയ്തുകൊണ്ടിരുന്ന അവളില്‍ നിന്നാണ് അത് വന്നു കൊണ്ടിരിക്കുന്നത്. എന്നെ കോരിയെടുത്തു കൊണ്ടുപോയി ഭൂതകാലത്തിലേക്ക് തള്ളിയിട്ട മണം. ആരായിരിക്കും അവള്‍? അവളെ ഈ മുറിക്കുള്ളില്‍ ഇങ്ങനെ കയറ്റി വിട്ടത് ആര്? എന്തിന് ? ചോദ്യങ്ങള്‍ ചോദിക്കണമെന്നുണ്ട്. പക്ഷേ വായില്‍ കുത്തിയമര്‍ത്തിയ ട്യൂബാണ്. നാക്കനക്കാന്‍ കഴിയുന്നില്ല. ആകെ ചലിപ്പിക്കാനാവുന്നത് കണ്ണുകള്‍ മാത്രമാണ്. അതുയര്‍ത്തി അവളെ തൊട്ടു വിളിച്ചു. അവള്‍ തലതിരിച്ചു നോക്കി. വീണ്ടും ആ മണം.
'' കേറി വാ കുട്ടീ.... എത്ര നേരായി വെള്ളത്തില്...''
തലതുവര്‍ത്തിത്തരുമ്പോള്‍ അമ്മയുടെ വീര്‍ത്ത വയറില്‍ ഞാന്‍ ഉമ്മ വച്ചു.
'' നമ്മള് കുളത്തില് നീന്തുന്ന പോലെ വാവ അമ്മടെ വയറ്റില്‍ നീന്തി നടക്കാണെന്ന് സുമ ചേച്ചി പറഞ്ഞല്ലോ... നേരാണോ? ''
അമ്മയുപ്പോള്‍ ചിരിച്ചു. '' വെള്ളത്തില്‍ തന്നെയാവും കുട്ടി കിടക്കണ്ത് ... പക്ഷേനീന്താന്‍ മാത്രം ഉണ്ടോ ന്ന് ചോദിച്ചാല്‍ എനിക്കറിയില്ല ..''
അമ്മയുടെ വയറ്റില്‍ താഴെപ്പാട്ടേ കുളം... അതില്‍ നീന്തി നടക്കുന്ന വാവ...
'' മോളെ നിനക്ക് വാവടെ മുഖം കാണണ്ടേ ...''
കരഞ്ഞു തളര്‍ന്ന അച്ഛന്റെ സ്വരം. വെളുത്ത വലിയ തുണിക്കെട്ടിന്റെ തുറന്നിട്ട മുഖത്ത് അവസാന മുത്തം കൊടുപ്പിച്ച ശേഷം അരികത്തുള്ള ചെറിയ തുണിക്കെട്ടിനെ നോക്കിയാണ് ചോദിക്കുന്നത്. വലിയ പൊതിക്കെട്ടിനകത്ത് വിളറി വെളുത്ത ഏതോ അപരിചിതയായ സ്ത്രീയുടെ മുഖം. പരിചയമില്ലാത്ത മണവും. ആള്‍ക്കൂട്ടത്തിനിടയില്‍ എവിടെയോ ഉണ്ടെന്ന് കരുതി കണ്ണുകള്‍ വീണ്ടും വീണ്ടും അമ്മയെ തിരഞ്ഞു. അതിനിടയില്‍ അമ്മ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന യാഥാര്‍ത്ഥ്യം എങ്ങനെയോ ഉള്ളിലേക്കെത്തി.
'' എനിക്ക് കാണണ്ട... എന്റെ അമ്മയെ കൊന്നതാ ആ വാവ...''
അച്ഛന്‍ എന്റെ വായ പൊത്തി. തന്നിലേക്ക് ചേര്‍ത്തു നിര്‍ത്തി. ആ കണ്ണീര്‍ ചൂട് തലയിലേക്ക് ഉതിര്‍ന്നു വീണുകൊണ്ടിരുന്നു. ഞാന്‍ തിടുക്കപ്പെട്ട് ശ്വാസമെടുത്തു.
'' താങ്ക് ഗോഡ്... നിത കണ്ണ് തുറക്കുന്നുണ്ട്.. അവളുടെ കണ്ണിലൂടെ കണ്ണീര് വരുന്നുണ്ട്... ഒറ്റയ്ക്ക് ശ്വാസമെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.. പള്‍സും ബിപിയും ഏകദേശം നോര്‍മലിലേക്ക് തിരിച്ചു വന്നിട്ടുണ്ട്...''
ആരുടെയോ ശബ്ദം. ശരീരത്തെ ബന്ധിച്ച ചില കുഴലുകള്‍ അഴിച്ചു മാറ്റപ്പെടുന്നു. വായിലുള്ള വലിയ ട്യൂബ് നീക്കം ചെയ്യപ്പെട്ടു. ഇപ്പോള്‍ നാവ് ചലിപ്പിക്കാനാകുന്നുണ്ട്. വരണ്ട ചുണ്ടുകളെ തൊടാന്‍ നാവ് ശ്രമം നടത്തുകയാണ്. ആരോ ചുണ്ടിലേക്ക് ഇത്തിരി വെള്ളം ഇറ്റിച്ചു തന്നു. അതൊന്ന് കുടിക്കുക എന്നത് അത്രമാത്രം ശ്രമകരമായിരുന്നു. അതിന്റെ ക്ഷീണത്തില്‍ വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു.
ഉണര്‍ന്നപ്പോള്‍ കണ്ണുകള്‍ അവളെ തിരഞ്ഞു. ചുറ്റിനും ആരൊക്കെയോ ഉണ്ട്. അവളില്ല.
'' എല്ലാം ശരിയായി വരുന്നു... രണ്ടുദിവസം കൊണ്ട് നമുക്ക് ഐസിയുവില്‍ നിന്നും ഷിഫ്റ്റ് ചെയ്യാന്‍ സാധിക്കും... മുറിയിലെത്തി കുഞ്ഞിനെ കാണണ്ടേ ?...''
ആ ചോദ്യം.. കുഞ്ഞ് എന്ന വാക്ക്... ഉള്ളില്‍ വീണ്ടും വേദനയുടെ ആന്തോളനങ്ങള്‍ സൃഷ്ടിച്ചു. തുടക്കം തന്നെ അതൊരു ആക്‌സിഡന്റ് ആയിരുന്നു. വെളുത്ത കാര്‍ഡില്‍ രണ്ടു ചുവന്ന വരകള്‍ തെളിഞ്ഞപ്പോള്‍ ഞാന്‍ പരിഭ്രാന്തിപ്പെടുകയും തേങ്ങിക്കരയുകയുക ചെയ്തു.
'' ആകാശ് ഞാന്‍ ഒട്ടും പ്രിപ്പയഡ് അല്ല... നമുക്കിത് അബോട്ട് ചെയ്യണം ..''
'' അമ്മയോട് ചോദിക്കാം ...''
എന്തിനും ഏതിനും ഉള്ള അവന്റെ മറുപടി.
പിന്നീടങ്ങോട്ടുള്ള മാസങ്ങളില്‍ അക്ഷരാര്‍ഥത്തില്‍ ആകാശിന്റെ അമ്മയുടെ നിരീക്ഷണത്തിലായിരുന്നു.
പൂജകള്‍.. പ്രാര്‍ഥനകള്‍.. വഴിപാടുകള്‍.. പാലുകുടി.. വളയിടല്‍... ചടങ്ങുകളും ആചാരങ്ങളും... ഇടയ്‌ക്കെപ്പോഴോ ഞാനുമതൊക്കെ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നു തോന്നുന്നു.
പക്ഷേ, ഒടുവില്‍ വന്ന ആ വേദന... വേര് പിടിച്ച് വളര്‍ന്നു ശരീരത്തോളം വലുതാകുന്ന... ശ്വാസം മുട്ടിക്കുന്ന, ജീവനെടുക്കുന്ന വേദന.... അതിന്റെ ഓര്‍മകള്‍ ഉള്ളിലുള്ളടത്തോളം ആ കുഞ്ഞിനെ സ്‌നേഹിക്കാന്‍ കഴിയുമോ?
'' ശരിയാണ് നിനക്കൊരിക്കലും അതിനെ സ്‌നേഹിക്കാനാവില്ല ..''
ആരാണ് ചെവിയില്‍ ഇത്രയും അടുത്ത് വന്ന് മന്ത്രിക്കുന്നത്? അതവളാണ്. അതെ എന്നെ ഓര്‍മകളിലേക്ക് തള്ളിയിടുന്നവള്‍. വീഴാതെ പിടിച്ചു നില്‍ക്കണം. ആരാണതെന്നറിയണം.
''നീ ആരാണ് ?''
അവളൊന്നു ചിരിച്ചു.
'' ആരായാലും നിന്റെ ഉള്ളിലുള്ളതെനിക്കറിയാം... റൂമിലേക്ക് മാറ്റുമ്പോള്‍ അതിനെ അടുത്തുകൊണ്ടുവരും. കളയണം ആരുമറിയാതെ...''
''കളയണം ആരുമറിയാതെ ''
ആ വാക്കുകള്‍ എവിടെയൊക്കെയോ തങ്ങി നിന്നു.മുറിയിലേക്ക് മാറ്റിയപ്പോള്‍ അതിനെ കൊണ്ടുവന്നു .
''പാലു കൊടുക്ക്.... ദേ ഇങ്ങനെ പിടിക്ക് ...ഇതുപോലെ എടുക്ക്....''
''ദൈവമേ ആ കുഞ്ഞെത്ര കരഞ്ഞിട്ടും ഇവളെന്താ ഇങ്ങനെ ?..കല്ലുപോലെ '
''എന്തുപറ്റി? നീയെന്താ കുഞ്ഞിനെ നോക്കാത്തത്? ''
ആശങ്കകള്‍ മുറിയില്‍ പെറ്റുപെരുകി തലങ്ങും വിലങ്ങും ബഹളം കൂട്ടി നടന്നു. അതിനുള്ള ഭക്ഷണം എന്റെ ശരീരത്തിലാണ്. സമയത്തിന് കൊടുത്തില്ലെങ്കില്‍ അതിന്റെ കൂര്‍ത്ത ശബ്ദം ചെവിതുളച്ച് കയറും... അത് പേടിച്ചു മാത്രം പാല് കൊടുക്കാന്‍ തുടങ്ങി.
കുറച്ചു ദിവസങ്ങള്‍ക്കകം ഞങ്ങള്‍ വീട്ടിലെത്തി. ആകാശ് അതിന്റെ കാലുകളില്‍ ഉമ്മ വയ്ക്കുന്നു. കൈകള്‍ നെഞ്ചോട് ചേര്‍ക്കുന്നു. അത് ഉറക്കത്തില്‍ ചിരിക്കുന്നു. ഞാനാ ചിരിയോടു മുഖം തിരിച്ചു. പാതിരാത്രികളില്‍ അതിന്റെ ശരീരം ദേഹത്ത് മുട്ടുമ്പോള്‍മ്പോള്‍ ഞാന്‍ വീണ്ടും പഴയ വേദനയുടെ കാടുകളിലേക്ക് കയറി ഉഴറി നടന്നു. ഉള്ളില്‍ വേരുപിടിച്ച വേദന. അതെടുത്തു കളയുന്നതെങ്ങനെ?
അങ്ങനെയൊരു രാത്രിയില്‍ അവള്‍ വീണ്ടും വന്നു.
'' ഞാന്‍ പറഞ്ഞതല്ലേ.. നിനക്കതിനെ സ്‌നേഹിക്കാനാവില്ല.. എന്തിനാണിങ്ങനെ? അതിനും ദുരിതം.നിനക്കും ദുരിതം... കളയണം ആരുമറിയാതെ....''
പുതപ്പിച്ചു കിടത്തിയ വെളുത്ത തുണിയില്‍ അതിനെ പൊതിഞ്ഞെടുത്തു. ഞങ്ങള്‍ക്ക് മുന്നില്‍ വാതിലുകള്‍ ശബ്ദമില്ലാതെ തുറക്കപ്പെട്ടു. കിണറ്റില്‍ നിലാവ് പൂത്തു കിടന്നു. വെള്ളം സ്‌നേഹത്തോടെ വിളിക്കുന്നു.
''ഇങ്ങ് തരുമോ... ഇങ്ങു വരുമോ... ''
ഒരു നിമിഷം കണ്ണടച്ച്, കയ്യിലുള്ള പൊതിക്കെട്ട് ഞാന്‍ വെള്ളത്തിലേക്ക് നീട്ടി. കൈ അയച്ചു...അതിനെ വെള്ളത്തിന് സമര്‍പ്പിച്ചു.
അപ്പോഴാണ് അവിചാരിതമായി അതുണ്ടായത്. എന്റെ കയ്യില്‍ നിന്നും വീഴുന്നതിനെ വെള്ളത്തിലെത്തും മുമ്പ് അവള്‍ കോരിയെടുക്കുന്നു. മാറോടു ചേര്‍ക്കുന്നു. ഉമ്മ വയ്ക്കുന്നു.
ആ കാഴ്ച കണ്ടതും എന്റെ മാറിടം കനക്കുകയും പാലൊലിച്ചു നനയുകയും ചെയ്തു. ഞാന്‍ കുഞ്ഞിനെ അവളുടെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങാന്‍ നോക്കി. അവള്‍ എന്നെ തള്ളിമാറ്റി. ഞാന്‍ ആഴത്തിലേക്ക് പതിച്ചു. നിലാവ് പതഞ്ഞു പൊങ്ങി. വെള്ളം ചുറ്റിലും. അത് തണുത്ത കൈകള്‍ നീട്ടി ശരീരത്തിലും മുടിയിഴകളിലുമെല്ലാം തഴുകുന്നു. കണ്ണിലും മൂക്കിലും ഇരച്ചു കയറുന്നു. മുകളിലേക്ക് നോക്കുമ്പോള്‍ അടുക്കുകള്‍ക്കപ്പുറം നിലാവ്. അവള്‍ കുഞ്ഞിനെയും എടുത്ത് വാതില്‍ തുറന്ന് അകത്ത് പോകുന്നു. ഇനി അവളതിനെ പാലുകൊടുത്ത് താരാട്ടുപാടി ഉറക്കുമായിരിക്കും. നേരം വെളുക്കുമ്പോള്‍ ഒരു ചെറുചിരിയോടെ എന്റെ കട്ടിലില്‍ നിന്നും അവള്‍ ഉണര്‍ന്നെണീറ്റ് വരും. കുഞ്ഞിനെ എടുത്തു മാറോട് ചേര്‍ക്കുകയും അതിന്റെ പുഞ്ചിരിയില്‍ ഒരു മുത്തം കലര്‍ത്തുകയും ചെയ്യും. ജലത്തിന്റെ ചില്ലുപാളികള്‍ക്കപ്പുറം ചന്ദ്രന്‍ ചിരിച്ചു. പൊട്ടിച്ചിതറി... ഞാന്‍ ആഴത്തില്‍ തന്നെ ഇരുന്നു. ആ പാളികള്‍ വകഞ്ഞുമാറ്റി മുകളിലേക്ക് ഉയരണമെന്ന് എനിക്ക് തോന്നിയതേ ഇല്ല.