Quantcast
MediaOne Logo

സലാം ഒളവട്ടൂര്‍

Published: 11 Oct 2024 2:19 PM GMT

ഇനിയൊരു മടക്കം | Short Story

| കഥ

ഇനിയൊരു മടക്കം | Short Story
X

പൊഴിഞ്ഞു പോയ വസന്തകാലത്തിന്റെ കിനാവള്ളിയില്‍ അവള്‍ എത്ര നേരം ഊഞ്ഞാലാടിയെന്നറിയില്ല. ഇടവപ്പാതിയുടെ വരവറിയിക്കാനായി ഓടി കിതച്ചെത്തിയ കാറ്റ് തുറന്നിട്ട ജാലക വാതിലുകള്‍ ശക്തമായി അടച്ചപ്പോഴാണ് കിനാവള്ളിയുടെ പിടിവിട്ട് തിരമാലകള്‍ കണക്കെ പൊങ്ങി വരുന്ന ഓര്‍മകളുടെ ആഴിയിലേക്കവള്‍ വീണുപോയത്.

ജീവിതം പച്ചപിടിപ്പിക്കാന്‍ പ്രവാസം തെരഞ്ഞെടുത്ത ഓരോ സാധാരണക്കാരന്റെയും അവസ്ഥ ഒന്ന് തന്നെയാണ്. രണ്ടോ മൂന്നോ വര്‍ഷത്തില്‍ പൂക്കുന്ന ഹ്രസകാലത്തെ വസന്തം തീര്‍ന്ന് തിരിച്ചുപോക്കാവുമ്പോഴേക്കും മൗനം കനം തൂങ്ങി പെയ്യാനൊരുങ്ങുന്ന കര്‍ക്കടകത്തിന്റെ മുഖം പോലെ ഇരുട്ട് പരക്കാന്‍ തുടങ്ങും. നിറഞ്ഞ കണ്ണുകള്‍ കാണാതിരിക്കാന്‍ ആര്‍ക്കും മുഖം കൊടുക്കാതെ അയാള്‍ക്ക് കൊണ്ടുപോവാനുള്ള സാധനങ്ങള്‍ ഓരോന്നായി പെട്ടിയില്‍ അടക്കി വെക്കുമ്പോഴാണ് അവള്‍ ചെറിയ പൊതിയുമായിവന്നത്.

''ഇതാ ഗോപിയേട്ടന്റെ ഷുഗറിനും പ്രഷറിനുമുള്ള മരുന്ന്. പിന്നെ നിങ്ങളെ മരുന്നൊക്കെ എടുത്ത് വച്ചില്ലെ? മക്കളൊക്കെ പഠിച്ച് കരക്കെത്തിയില്ലെ ഇനിയെങ്കിലും നിങ്ങള്‍ക്ക്''

വാക്കുകള്‍ പൂര്‍ണമാക്കാനാവാതെ തലയിലെ തട്ടത്തിന്റെ തല പിടിച്ച് കണ്ണ് തുടക്കുന്നത് കണ്ട് പ്രഷര്‍കുക്കര്‍ പോലെ അകം വിങ്ങുന്ന അയാളുടെ ഇടനെഞ്ചിലേക്കവളെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു.

''പ്രിയേ.. ചുരുങ്ങിയ പക്ഷം ലഹരിയുടെ ചെറിയൊരു അംശമായ സിഗരറ്റ് നിര്‍ത്താനുള്ള പാട് നീ കണ്ടിട്ടില്ലെ? ഒന്നും കൂടി അല്ലെങ്കില്‍ ഇന്നും കൂടി നാളെ മുതല്‍ നിറുത്തണമെന്നൊക്കെ പറഞ്ഞ് നിറുത്താതെ നടക്കുന്നതുപോലെ തന്നെയാണ് പ്രവാസവും. ഏതായാലും ഈ ഒരു വട്ടം കൂടി''

''ഇത് തന്നെയല്ലെ എല്ലാ വട്ടവും പറയാറ്. ഒരു പക്ഷെ ആദ്യരാത്രി തന്നെ ആദ്യം പറഞ്ഞ വാക്ക്, അല്ലറ ചില്ലറ കടങ്ങളുണ്ട് ഒരു വട്ടം കൂടി പോയിട്ട് നമുക്ക് ഇവിടെ എന്തെങ്കിലും.. ഇന്നും ആ വാക്ക് പാലിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ജീവിതമെന്ന വട്ടം നമ്മള്‍ ആഗ്രഹിച്ചത് പോലെ നികത്തിയിട്ട് പ്രവാസം നിറുത്താമെന്ന് കരുതിയാല്‍ നമ്മള്‍ രണ്ട് പേരും ശിഷടകാലം ഇണ നഷ്ടപ്പെട്ട വേഴാമ്പലിനെ പോലെ അകം വെന്ത് മരണം എന്ന മൂന്നക്ഷരത്തിന് കീഴടങ്ങി ജീവിതം എന്ന വലിയ മൂന്നക്ഷരത്തിന് അര്‍ഥമില്ലാതാവും''

''അതൊക്കെ നീ നോക്കിക്കോ അടുത്ത വരവ് എന്റെ പ്രവാസജീവിതയോര്‍മകള്‍ മൊത്തം നുള്ളിപെറുക്കി വരിഞ്ഞുകെട്ടി നിനക്കായി ഞാന്‍ കൊണ്ടുവരും. പോക്കുവെയിലിലെങ്കിലും ഞാന്‍ നിന്നോട് വാക്ക് പാലിക്കാതിരുന്നാല്‍''

അവള്‍ പിന്നെയും കിനാവിന്റെ മേല്‍ക്കൂരയിലേക്ക് കയറാനൊരുങ്ങുമ്പോഴാണ്. പുറത്ത് വരാന്തയില്‍ ആരുടെയോയൊക്കെ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന് സമയം നോക്കാനായി മേശപ്പുറത്ത് ചാര്‍ജ് ചെയ്യാനിട്ടിരിക്കുന്ന മൊബൈല്‍ എടുത്ത് നോക്കിയത്. ഒത്തിരി മിസ്ഡ് കാളുകള്‍. വീട്ടില്‍ നിന്ന് മക്കള്‍.. അങ്ങനെ ആരൊക്കെയോ വിളിച്ചിരിക്കുന്നു. ധൃതിയില്‍ ചെന്ന് പൂമുഖ വാതില്‍ തുറന്ന് പുറത്തേക്ക് നോക്കുമ്പോഴാണ് മുറ്റത്തും പറമ്പിലുമൊക്കെ സ്വന്തക്കാരും ബന്ധുക്കളും അയല്‍വാസികളും നിറഞ്ഞു നില്‍ക്കുന്നത് കണ്ടത്. പള്ളിയിലെ മുസ്‌ലിയാരും കുട്ടികളും ഗേറ്റിന്റെ അടുത്ത് എത്തിയിരിക്കുന്നു. എന്തോ പന്തിക്കേട് തോന്നി തിരിയുമ്പോഴേക്കും ഉമ്മയും ഉപ്പയും അകത്തേക്ക് കയറി അവളെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു.

''മോളെ നിന്റെ കുട്ടികളുടെ ഉപ്പ സാലിഹ് മോന്‍ നാഥന്റെ വിളിക്ക് ഉത്തരം..''

മുഴുവന്‍ കേള്‍ക്കാനുള്ള ശക്തിയില്ലാതെ ഉമ്മയുടെ തോളിലേക്ക് ചാഞ്ഞ് സ്വബോധം നഷ്ടമായത് പോലെ അവള്‍ പിറുപിറുത്തു. എന്നാലും എന്റെ സാലിക്ക വാക്ക് പാലിച്ചിരിക്കുന്നു. ഇനി ഒരിക്കലും തിരിച്ചു പോവില്ല വലിയ പെട്ടിയില്‍ ഓര്‍മകളുടെ പട്ടടയില്‍ പൊതിഞ്ഞ് എനിക്കായി വന്ന് കൊണ്ടിരിക്കുന്നു.



TAGS :