പുണ്യാളന്റെ ഇരുപത് മിനിറ്റുകള്‍ | Short Story
| കഥ
ഡയാലിസിസ് യൂണിറ്റില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ വല്ലാത്തൊരു മരവിപ്പായിരുന്നു ജോണിന്റെ മനസ്സിന്. ഇനിയുമെത്രനാള്‍ ഇങ്ങനെയെന്ന ചോദ്യം അയാളുടെ ചിന്തയില്‍ നിറഞ്ഞു നിന്നു. ഉയര്‍ന്ന ശമ്പളമുള്ള ജോലിയും വലിയ വീടും കാറും മറ്റു സൗകര്യങ്ങളുമൊക്കെയായി എത്ര സന്തോഷത്തോടെ ജീവിതമാസ്വദിച്ചതായിരുന്നു. അസുഖം കാരണം അടിക്കടി ലീവെടുക്കേണ്ടി വന്നതോടെ ജോലി നഷ്ടമായി. ഹൗസ് ലോണിന്റെ മുടങ്ങിപ്പോയ ഇഎംഐ അടയ്ക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ വന്നപ്പോള്‍ നഷ്ടത്തിനാണെങ്കിലും കാര്‍ വില്‍ക്കേണ്ടി വന്നു. ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയില്‍ കുലുങ്ങിക്കുലുങ്ങി യാത്ര ചെയ്യുമ്പോള്‍ ഓര്‍ക്കാറുണ്ട് കാറെങ്കിലും വില്‍ക്കേണ്ടിയിരുന്നില്ല എന്ന്. മക്കളുടെ സ്‌കൂള്‍ ഫീസ് രണ്ട് ടേം അടച്ചിട്ടില്ല. ഇലക്ട്രിസിറ്റി ബില്‍ ഈയാഴ്ച അടച്ചില്ലെങ്കില്‍ ഡിസ്‌കണക്ട് ചെയ്യുമെന്ന് കെഎസ്ഇബി അറിയിച്ചിരിക്കുന്നു. എത്ര വേഗത്തിലാണ് ദാരിദ്ര്യം തന്റെ ജീവിതത്തിലേക്ക് ധാര്‍ഷ്ഠ്യത്തോടെ അധിനിവേശം നടത്തിയത്!
പരാതികളില്ലാതെ ഒന്നു കരയുക പോലും ചെയ്യാതെ സീമ ഒന്നുമില്ലായ്മയിലും ഈ വീട്ടില്‍ ഓണം തീര്‍ക്കുന്നു.
വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറിയ ജോലികള്‍ പോലും ഏറ്റെടുക്കാനാവുന്നില്ല ജോണിന്. സമയത്തിന് തീര്‍ത്തു കൊടുക്കാനാവാത്തത് തന്നെയാണ് പ്രശ്‌നം.
തൊട്ടടുത്തുള്ള ഹോസ്റ്റലില്‍ ഭക്ഷണം ഉണ്ടാക്കുന്ന ജോലിക്ക് സീമ പോയിത്തുടങ്ങിയതിന് ശേഷം ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രം പരിഹാരമായിട്ടുണ്ട്. വീട് വില്‍ക്കുന്നതിന്റെ കാര്യം ആലോചിച്ചു തുടങ്ങിയപ്പോഴാണ് സീമ ഹോസ്റ്റലിലെ ജോലിക്ക് പോയിത്തുടങ്ങിയത്. മൂന്ന് പെണ്‍കുട്ടികളെയും കൊണ്ട് ആ വീട്ടില്‍ നിന്നും ഇറങ്ങുന്നത് അവള്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ല. ഡയറ്റിങ്ങിലാണെന്ന് പറഞ്ഞ് മക്കളൊക്കെ കഴിക്കുന്ന ആഹാരത്തിന്റെ അളവ് തീരെ കുറച്ചിരിക്കുന്നു.
അപ്പന്‍ ബാക്കിയാക്കിപ്പോയ കടങ്ങളൊക്കെയും തീര്‍ത്ത്, രണ്ട് പെങ്ങന്മാരെയും അന്തസ്സായി കെട്ടിച്ചയച്ചപ്പോള്‍ അമ്മച്ചി പറയുമായിരുന്നു 'നീ എന്റെ വയറ്റില്‍ പിറന്ന പുണ്യാളനാണ് ' എന്ന്! 'ഈ ഗതി പിടിക്കാത്തവന്റെ ദാരിദ്യം കാണാന്‍ വയ്യ' എന്നും പറഞ്ഞ് ഇളയ പെങ്ങള്‍ നാന്‍സിയുടെ വീട്ടിലേക്ക് എന്നേക്കുമായി അമ്മച്ചിയും പോയപ്പോഴാണ് പുണ്യാളന്‍ എന്ന വാക്കിന്റെ അര്‍Lം അയാള്‍ക്ക് ശരിക്കും മനസ്സിലായത്.
മൂന്ന് തവണ മൂവായിരം രൂപ വീതം ആന്‍സിയും നാന്‍സിയും പണമയച്ചു തന്നിരുന്നു. താന്‍ അവര്‍ക്ക് വേണ്ട ചെലവാക്കിയ ലക്ഷങ്ങളേക്കാള്‍ മൂല്യം ആ മൂവായിരം രൂപക്കുണ്ട് എന്ന് കേട്ടപ്പോള്‍ പുണ്യാളന്‍ വീണ്ടും ചെറുതായി. കുടപ്പിറപ്പുകളോട് ബുദ്ധിമുട്ടുകള്‍ പറയുന്നത് അതോടെ നിര്‍ത്തി. പഴയ സുഹൃത്തുക്കളില്‍ ആരെയെങ്കിലും കണ്ട് സഹായം ചോദിക്കാനും അയാളുടെ അഭിമാനം അനുവദിച്ചില്ല. ഇനി താന്‍ ജീവിക്കുന്ന ഓരോ ദിവസവും സീമക്കും മക്കള്‍ക്കും ബാധ്യതയാകും എന്ന ചിന്ത അയാളെ വേട്ടയാടിക്കൊണ്ടേയിരുന്നു. ആദ്യമൊക്കെ ജീവിതമെങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്നായിരുന്നു അയാളുടെ വേവലാതിയെങ്കില്‍ ഇപ്പോഴത്തെ ചിന്ത ഈ നശിച്ച ജീവിതം എങ്ങനെ അവസാനിപ്പിക്കാം എന്നായിരിക്കുന്നു. അങ്ങനെയാണയാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നത്
ഫാനില്‍ തൂങ്ങല്‍, വിഷം കഴിക്കല്‍, കൈ ഞരമ്പു മുറിക്കല്‍ എന്നിങ്ങനെയുള്ള ഇന്‍ഡോര്‍ ആത്മഹത്യാ രീതികളെ കുറിച്ച് അയാള്‍ വിശദമായിത്തന്നെ പഠിച്ചു. വീട്ടിനകത്ത് വെച്ച് ആത്മഹത്യ ചെയ്യുന്നത് നാളെ സീമക്കും മക്കള്‍ക്കും പ്രയാസമുണ്ടാക്കും എന്ന തോന്നലില്‍ പരിപാടി ഔട്ട് ഡോര്‍ ആക്കാം എന്ന തീരുമാനത്തിലെത്തി.
പുറത്ത് വെച്ചാകുമ്പോള്‍ വിജയ സാധ്യത കൂടുതല്‍ ട്രെയിനിന് മുന്നില്‍ ചാടുന്നതാണോ കടലില്‍ ചാടുന്നതാണോ എന്ന കാര്യത്തിലുള്ള കണ്‍ഫ്യൂഷന്‍ വീണ്ടും ഒരാഴ്ച നീണ്ടുനിന്നു.
ഈ ദിവസങ്ങളിലൊക്കെയും അയാള്‍ പ്രാര്‍ഥനയില്‍ തന്നെയായിരുന്നു. ആത്മഹത്യയുടെ സമയത്ത് മനസ്സിന് ബലം തരണേ എന്ന് മാത്രമായിരുന്നു അയാളുടെ പ്രാര്‍ഥന. ജോണിന്റെ പതിവില്‍ക്കവിഞ്ഞ നീണ്ട പ്രാര്‍ഥനകള്‍ സീമക്കും പുത്തനുണര്‍വ്വ് പകര്‍ന്നു. അവള്‍ നന്ദിയോടെ കുരിശു വരച്ചു.
ഇന്നാണ് നിശ്ചയിച്ചുറപ്പിച്ച ആ ദിവസം. ഇന്നത്തോടെ അയാള്‍ ഈ ലോകത്ത് നിന്ന് എന്നന്നേക്കുമായി വിട ചൊല്ലുകയാണ്. സീമക്കോ മക്കള്‍ക്കോ പ്രത്യേകിച്ചൊരു സൂചനയും നല്‍കിയില്ല. ആചാരം തെറ്റിക്കേണ്ടെന്ന് കരുതി പേരിനൊരു നാല് വരി ആത്മഹത്യാ കുറിപ്പെഴുതി ബൈബിളിനകത്ത് വച്ചു. പതിവു പോലെ ആശുപത്രിയിലേക്ക് എന്ന് പറഞ്ഞാണ് ഇറങ്ങിയത്.
മരിക്കാനുള്ള സ്ഥലം മുന്‍കൂട്ടി കണ്ട് ഇഷ്ടപ്പെട്ട് ഉറപ്പിച്ചിരുന്നു. നിശ്ചയിച്ച സമയത്ത് തന്നെ അവിടെ എത്തി. ഒരു കുന്നിന്റെ മറവുണ്ട് അവിടെ. പെട്ടെന്ന് വഴിയാത്രക്കാരുടെ ശ്രദ്ധയില്‍ പെടില്ല. അതിലൂടെ ട്രെയിന്‍ കടന്നു പോകുന്ന സമയവും നേരത്തേ മനസ്സിലാക്കിയിരുന്നു. 'വേര്‍ ഈസ് മൈ ട്രെയിന്‍' ആപ്പില്‍ കയറി ഒന്നുകൂടി ചെക്ക് ചെയ്തു. ട്രെയിന്‍ ഇരുപത് മിനിറ്റ് ലേറ്റാണ്. അയാള്‍ക്ക് ശരിക്കും ദേഷ്യം വന്നു. ദൈവം നിശ്ചയിച്ച സമയം മാറ്റി താനൊരു സമയം തീരുമാനിച്ചപ്പോള്‍ റെയില്‍വേ അതും മാറ്റിയിരിക്കുന്നു. സമയത്തിനൊന്ന് മരിക്കാന്‍ പോലും സാധിക്കുന്നില്ലെങ്കില്‍ ജിവിച്ചിട്ടെന്തു കാര്യം എന്ന് അയാള്‍ പിറുപിറുത്തു.
ആ ഇരുപത് മിനിറ്റുകള്‍ നീണ്ട ഇരുപത് വര്‍ഷങ്ങളായി അയാള്‍ക്ക് തോന്നി. ഓര്‍മകളിലൂടെ അയാള്‍ കുറേ പിറകോട്ട് പോയി. ജോലി കിട്ടി വിദേശത്ത് പോയതും ആദ്യ അവധിക്കു വന്നപ്പോള്‍ പള്ളിപ്പെരുന്നാളിന് സീമയെ കണ്ടതും അടുത്ത അവധിക്ക് അവളുടെ കൈ പിടിച്ച് അള്‍ത്താരക്ക് മുന്നില്‍ നിന്നതും എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു.
'ദൈവം കൈവിടില്ല' എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറഞ്ഞ് നടക്കുന്ന സീമ നാളെ എന്തു പറയും എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് ചിരി വന്നു. അപ്പോഴാണ് ഫോണില്‍ മെസ്സേജ് ടോണ്‍ കേട്ടത്. താത്പര്യമില്ലാതെയാണ് എടുത്ത് നോക്കിയത്. അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
ബാങ്കില്‍ നിന്നുള്ള മെസ്സേജ് ആണ്.
'Dear Customer, Your a/c no. XXXXXXXX3371 is credited by Rs.75,000.00 on 11-Mar-2020 10:21:57 by a/c linked to mobile XXXXX73721. (IMPS Ref no 006410679417).'
ആരായിരിക്കും ഇത്രയും തുക ഇപ്പോള്‍ തന്റെ അക്കൗണ്ടിലേക്ക്നിക്ഷേപിച്ചത് എന്ന് അയാള്‍ അത്ഭുതപ്പെട്ടു. വിശ്വാസം വരാതെ ആ മെസ്സേജ് വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കേ ട്രെയിന്‍ കടന്നു പോയി. ഒരു കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒരു കൊച്ചു പെണ്‍കുട്ടി അയാളെ കൈ വീശിക്കാണിച്ചു. കൗതുകത്തോടെ അയാളും കൈ വീശി.
വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഫോണിലേക്ക് ഒരു കോള്‍ വന്നത്. പഴയ കൂട്ടുകാരന്‍ സമീര്‍ ആണ് അങ്ങേത്തലയ്ക്കല്‍.
'' നിന്റെ അക്കൗണ്ടിലേക്ക് ഒരു തുക ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ക്രെഡിറ്റ് ആയിട്ടുണ്ടോ എന്ന് നോക്കണേ.''
''ക്രെഡിറ്റ് ആയിട്ടുണ്ട് സമീറേ, മെസ്സേജ് കിട്ടി. എന്തിനാണ് ആ തുക.''
''അത് നിനക്കുള്ളതാണ്. നമ്മുടെ പഴയ സ്‌കൂള്‍ ഫ്രണ്ട്‌സില്‍ ചിലരോട് നിന്റെ കാര്യം ഞാന്‍ പറഞ്ഞിരുന്നു. ജോപ്പനും ശ്യാമുമാണ് ഈ തുക തന്നത്. അവര്‍ക്ക് എന്തോ ചില പ്ലാനുകളൊക്കെയുണ്ട് നിന്റെ കാര്യത്തില്‍. ഇനി നീ വിഷമിക്കേണ്ട. ഒരിക്കലും ഒറ്റക്കാവില്ല.''
''അക്കൗണ്ട് ഡീറ്റെയ്ല്‍സ് എങ്ങനെ കിട്ടി?''
''ഹ ഹ. ആധാര്‍ വിവരങ്ങള്‍ പോലും ഈസിയായി കിട്ടുന്ന നമ്മുടെ നാട്ടിലാണോ ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കിട്ടാന്‍ പാട്?''
അയാള്‍ക്ക് ഒന്നും വിശ്വസിക്കാനായില്ല. പത്രം ഇടുന്ന പയ്യനോട് ഇനി പത്രം വേണ്ടാന്ന് പറഞ്ഞപ്പോള്‍ ഏജന്‍സി നടത്തുന്ന സമീര്‍ കഴിഞ്ഞയാഴ്ച കാര്യം അന്വേഷിക്കാന്‍ വന്നിരുന്നു. തീരെ നിവൃത്തിയില്ലാതെ മടിച്ചുമടിച്ചാണ്ഇപ്പോഴത്തെ അവസ്ഥകളൊക്കെ പറഞ്ഞത്. സഹപാഠിയും പഴയ ചങ്ങാതിയുമാണ് സമീര്‍. അവന്‍ അത് ഇത്രത്തോളം കാര്യമായിട്ടെടുക്കും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല.
വലിയൊരാശ്വാസത്തോടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ മിഷന്‍ സ്‌കൂളിന്റെ വളവിലെ മതിലില്‍ എഴുതിയിരിക്കുന്ന വചനം അയാളെ നോക്കി പുഞ്ചിരിച്ചു.
'പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല;
ഇതാ ഞാന്‍ നിന്നെ എന്റെ ഉള്ളം കൈയ്യില്‍ രേഖപ്പെടുത്തിയിരിക്കുന്നു.'