പ്രണയമീനുകളുടെ സെമിത്തേരി; അഥവാ, കടലിന്റെ മിനിയേച്ചര്‍
സിന്ധുല രഘു എഴുതിയ 'മീനുകളുടെ സെമിത്തേരി' കവിത പുസ്തകത്തിന്റെ വായന
ഒരു കാര്യം ആരംഭിക്കുന്നത് എല്ലായ്‌പ്പോഴും രസകരമാണ്; അത് പൂര്‍ത്തിയാക്കുന്നതാണ് വിരസം. വളരെ വേഗത്തില്‍ തുടങ്ങിവെക്കാന്‍ കഴിയും. ആശയങ്ങളും പദ്ധതികളും പ്രചോദിപ്പിക്കും, നമ്മെ ആവേശഭരിതരാക്കും. പക്ഷേ, അവ പാതിവഴിയില്‍ മാഞ്ഞുപോകുകയും ചെയ്യും.
ഒരാള്‍ ദിവസവും ഓരോ കവിത വീതം ഫെയ്‌സ് ബുക്കില്‍ എഴുതിയിടുന്നു. അതിന് വായനക്കാരുണ്ടാവുന്നു. അതൊരു ചലഞ്ചായി ഏറ്റെടുക്കാന്‍ കമന്റുകള്‍ വരുന്നു. കവി തന്റെ കവിതകള്‍ 101 ദിവസ ചലഞ്ച് എന്ന ഹാഷ് ടാഗിലേക്ക് മാറ്റി എഴുതുന്നു.
ചില കവിതകള്‍ അത്ര നല്ലതായിരുന്നില്ല. ചിലത് അത്ര മോശവുമായിരുന്നില്ല. എന്നാല്‍, അവയില്‍ ഔട്ട് സ്റ്റാന്‍ണ്ടിംഗ് കവിതകളും ഉണ്ടായിരുന്നു. ഓരോ ദിനവും ഓരോ കവിത ഒരു വെല്ലുവിളിയായി സ്വീകരിക്കുമ്പോള്‍ കവിതയില്‍ ധ്യാനമിരിക്കാന്‍ സാധിക്കില്ല എന്നത് സ്വാഭാവികമാണ്. നല്ല തെളിഞ്ഞ വെള്ളം ലഭിക്കാന്‍ ടാപ്പ് ഓണാക്കിയിടണം. ആദ്യമാദ്യം വരുന്ന അത്ര തെളിവല്ലാത്ത ജലം നമുക്ക് ചെടികള്‍ നനയ്ക്കാനോ ടൈല്‍ കഴുകാനോ പാഴായി പോകാതെ ഉപയോഗിക്കാം. പിന്നീട് പൈപ്പില്‍ നിന്ന് ഒഴുകുന്ന വെള്ളം ക്രിസ്റ്റല്‍ ക്ലിയറായി വരുക തന്നെ ചെയ്യും. പക്ഷേ, തെളിഞ്ഞ വെള്ളത്തിലെത്താന്‍, ടാപ്പ് ഓണ്‍ ചെയ്തല്ലേ പറ്റൂ. സിന്ധുല രഘുവിന് കവിതയെഴുത്ത് പൈപ്പില്‍ നിന്ന് ജലം തുറന്നു വിടുക എന്നത് തന്നെയായിരുന്നു. അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ കവിതയുടെ തെളിഞ്ഞ പ്രാണജലം ആവശ്യമായിരുന്നു.
അങ്ങനെ നൂറ്റിയൊന്നില്‍ നിന്നും ഊറിത്തെളിഞ്ഞുവന്ന നാല്‍പത്തിനാല് കവിതകളുടെ ധ്യാനമാണ് മീനുകളുടെ സെമിത്തേരി എന്ന സമാഹാരം. മാറ്റി നിര്‍ത്തിയ കവിതകള്‍ കൂടി നല്‍കിയ പോസറ്റീവ് എനര്‍ജിയാണ് ഈ സമാഹാരത്തിലെ കവിതകളുടെ ഇഴയടുപ്പം എന്ന് പറയണം. മരത്തില്‍ നിന്ന് ശില്‍പി തന്റെ ശില്‍പം കണ്ടെടുക്കുന്ന പോലെ കവി തന്റെ വാക്കുകളില്‍ നിന്ന്/അക്ഷരങ്ങളില്‍ നിന്ന് മികച്ച കവിത കണ്ടെടുക്കുന്നു.
കവിത, കവിയെ മന്ദഗതിയിലാക്കും കവിതയിലൂടെ നിങ്ങളുടെ വഴി വേഗത്തില്‍ വായിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല; താല്‍ക്കാലികമായി നിര്‍ത്തി പ്രതിഫലിപ്പിക്കാതെ നിങ്ങള്‍ക്ക് കവിത എഴുതാനും കഴിയില്ല. ഒരു കവിത എഴുതുന്നത് നിങ്ങള്‍ ചെയ്യുന്ന ഒന്നല്ല, നിങ്ങളുടെ ദിനചര്യ പട്ടികയില്‍ നിന്ന് പുറത്താണ് അതിന്റെ സ്ഥാനം. പ്രഭാതഭക്ഷണത്തിന് ധാന്യങ്ങള്‍ കഴിക്കുകയും വിളവെടുപ്പിനായി വയലിലെ ധ്യാന്യങ്ങള്‍ മുളപ്പിച്ചെടുക്കുകയും ചെയ്യുന്ന പോലെ ചിട്ടയോടെ കവിത എഴുതുക സാദ്ധ്യമല്ല. എന്നാല്‍. ഇത് ദിവസം മുഴുവന്‍ നിങ്ങളില്‍ സംഭവിക്കുന്ന/അലട്ടുന്ന/ആഹ്ലാദിപ്പിക്കുന്ന ഒരു കാര്യ കൂടിയാവുന്നുമുണ്ട്
നിങ്ങള്‍ മൂടുപടം നീക്കി, 'ലോകമേ സ്വാഗതം! നമുക്ക് ഈ ദിവസം നൃത്തം ചെയ്യാം' എന്ന് പറയുന്ന പോലെയോ, എത്രയും പ്രിയപ്പെട്ട ഒരാളെ ആശ്ലേഷിക്കുകയും ഒരു സ്പര്‍ശനത്തിലൂടെ, ചുംബനത്തിലൂടെ/ സുരതത്തിലൂടെ അവളാണ്/അവനാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്ന് പറയുകയും ചെയ്യുമ്പോള്‍ പലപ്പോഴും കവിത സംഭവിക്കുന്നുണ്ട്. അതിനാല്‍ കവിത എഴുതുന്നത് യഥാര്‍ഥത്തില്‍ ഒരു ജീവിതരീതിയാണ് - ജീവിതത്തിന്റെ നിഗൂഢതകള്‍ക്കുള്ള ഉത്തരങ്ങള്‍ക്കായി നമ്മള്‍ ചിലപ്പോള്‍ കവിതയിലേക്ക് നോക്കുന്നു, കവികള്‍ സാധാരണ കാണുന്നതിനേക്കാള്‍ ആഴത്തിലുള്ള കാഴ്ച യാഥാര്‍ഥ്യവുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നുണ്ട്.
കവിതയ്ക്ക് നിശ്ചലതയുടെ, കാറ്റിന്റെ, ഒഴുകുന്ന വെള്ളത്തിന്റെ ഭാഗമാകാം; കവിതയ്ക്ക് ഒരു നക്ഷത്രത്തില്‍ തിളങ്ങാനും മേഘത്തില്‍ പൊങ്ങിക്കിടക്കാനും കഴിയും. കവിതയ്ക്ക് സ്വന്തമായൊരു തെരുവു നിര്‍മിച്ച് ആ തെരുവിലൂടെയാണ് തന്റെ ആദ്യ കവിതയിലൂടെ/ആദ്യ പുസ്തകത്തിലൂടെ സിന്ധുല നടന്നു തുടങ്ങുന്നത്.
'കവിതകളുടെ തെരുവ് '
അക്ഷരങ്ങളേ
നിങ്ങള്‍ക്കുവേണ്ടി
ഞാനിതാ കിടക്കവിരിച്ചിരിക്കുന്നു.
ഭൂതകാലത്തിന്റെ വസ്ത്രമുരിഞ്ഞ്
ഓര്‍മ്മകളുടെ തീവണ്ടിപ്പാത തുരന്ന് മൗനത്തിന്റെ അതിര്‍ത്തി ഭേദിച്ച്
എന്റെ ഉദ്യാനത്തിലേക്ക്
വിരുന്നു വരിക!
സില്‍വിയ പ്ലാത്തും ഔവ്വയാറും നെരൂദയും റൂമിയും ജിബ്രാനും സഞ്ചരിച്ച അതേ വഴിയിലെ കവിതകളുടെ തെരുവില്‍ തന്നെയാണ് സിന്ധുലയും തന്റെ തൂലികയാല്‍ പുതിയ മാനങ്ങള്‍ എഴുതി നിറയ്ക്കുന്നത്.
മുഴക്കോലളന്ന്
മരണമെന്ന ചിന്ത
ചുരം കയറി വരുമ്പോഴൊക്കെ
മണിമരുതിന്‍ വയലറ്റ് പൂക്കള്‍
ഒറ്റ ധ്യാനത്തിന്റെ ബുദ്ധനെ
വേദനയില്‍
കൊഴിഞ്ഞു വീഴുന്ന പൂക്കളില്‍
എഴുതിവെയ്ക്കും
മണിമരുത് ഇല കൊഴിക്കുന്നത് പോലെ, തന്റെ അറിവുകളുടെ ശല്‍കങ്ങള്‍ മറ്റുള്ളവര്‍ക്കായി പൊഴിച്ചിടുന്ന ധ്യാനബുദ്ധനെ, വയലറ്റ് പൂക്കളില്‍ എഴുതി വെയ്ക്കുന്നുണ്ട് 'ചുരം കയറുമ്പോള്‍ ' എന്ന കവിതയില്‍. അപ്പോള്‍ ചുവന്ന കാട്ടുപൂക്കള്‍ പൂത്തു തുടങ്ങുന്ന മണം നമ്മെ ചൂഴ്ന്ന് നില്‍ക്കും.
ഒരിക്കല്‍
പെയ്താല്‍ മതി
ജീവിതം മുഴുവന്‍
ചോര്‍ന്നൊലിക്കാന്‍
എന്നെഴുതിയത് കവി പി.ആര്‍ രതീഷാണ്.
കണ്ണടച്ചു നടന്നാലും
കുടപിടിച്ചാലും
ഓര്‍മ്മകളുടെ
മഴ ചോരുന്നുണ്ട്
ഇപ്പോഴും അവളുടെ കണ്ണില്‍
എന്ന് കടലെടുത്ത പെണ്‍കുട്ടിയില്‍
സിന്ധുലയും ഓര്‍മ്മകള്‍ ചോര്‍ന്നൊലിക്കുന്ന കവിതയെഴുതുന്നുണ്ട്.
പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കവിതതന്നെയാണ്.
ആകാശത്തിന്റെ
നുരയും പതയും പോലെ
കുഞ്ഞുവായിലെ
തേന്‍തുള്ളികള്‍
ജലമാല പണിയും
എത്ര മനോഹരമാണ് ഈ വരികള്‍. പുതിയ കാലത്തെ സ്റ്റാറ്റസ് പോലെ കവിതമഴ പെയ്യുന്നുണ്ട് ഈ മീന്‍ നോട്ടങ്ങളില്‍.
ഒറ്റയാവുന്ന തുരുത്തുകള്‍
കുടഞ്ഞെറിയണം
ജീവിത വേനലിനെ
മരമാവണം;
മഴയത്ത്
മൗനത്തിന്റെ ഭാഷയില്‍
നിര്‍ത്താതെ നനഞ്ഞ്
നിറയെ പൂത്ത
ഒരു പൂവരശ്!
അനേകം പേര്‍ ചുറ്റുമുണ്ടായിട്ടും
ഏകാന്തതയുടെ നടുകടലില്‍ പെട്ടു പോകുന്നവരെ കുറിച്ചാണ്, കവി ആകുലപ്പെടുന്നത്. മഴയില്‍ നനഞ്ഞ് നനഞ്ഞ് ഒട്ടും ചിതലുപിടിക്കാത്ത, വേരില്‍ നിന്നും ഒരിക്കലും മണ്ണൊലിച്ചു പോകാത്ത, മൗനത്തിന്റെ ഭാഷയുള്ള ഒരു പൂവരശ് മരമാകാന്‍ കവി ആശിക്കുന്നു.ഒറ്റയ്‌ക്കൊറ്റയ്ക്കാവുമ്പോള്‍ മണ്ണില്‍ വേരുകളാഴ്ന്ന് അതിജീവന ശക്തിപെരുകുമെന്നത് പ്രകൃതിയുടെ പാഠമാണല്ലോ.
അച്ഛനിലെ ഓര്‍മ്മ
ചിലപ്പോഴൊക്കെ
ബിവറേജ് ഷോപ്പിലെ
ഷെല്‍ഫിലെ
പരുക്കന്‍ പൂക്കളുടെ
ആലിംഗനം
ചില വരികള്‍ അതുവരെയുള്ള സങ്കല്‍പ ബിംബങ്ങളെ തകിടം മറിച്ചിടുന്നത്, പരുക്കന്‍ പൂക്കളുടെ ആലിംഗനം പോലെയാണ്. അച്ഛന്‍ അനായാസമായി ജീവിതം കിഴിച്ചെടുത്തതിനെ കുറിച്ച് 'അച്ചുതണ്ട് 'എന്ന മറ്റൊരു കവിതയിലും വായിക്കാം.
ഉള്ളുകൊണ്ട് ഗര്‍ഭം ധരിച്ച് വീണ്ടെടുപ്പുകളുമായി
കണ്ണു തുറക്കുമ്പോള്‍
തടവുചാടിയ പ്രണയം
നെഞ്ചില്‍ കുരുങ്ങി കാതറുക്കുന്നു.
ഷാര്‍ജ ബുക്ക് ഫെസ്റ്റിവെലില്‍ വെച്ച് നടന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്
സ്‌നേഹവും നിറങ്ങളും വാന്‍ഗോഗിന് എപ്പോഴും ലഹരിയായിരുന്നു. ഒന്നില്‍ പെട്ട് കഴിഞ്ഞാല്‍ പിന്നെ സ്വസ്ഥമായി ജീവിയ്ക്കാന്‍ കഴിയാത്ത അവസ്ഥ. പക്ഷെ അത്തരം ആത്മാര്‍ത്ഥമായ ജീവിതാവസ്ഥകളാണ് പലപ്പോഴും വാന്‍ഗോഗിന്റെ ഭ്രാന്തായി ചിത്രീകരിക്കപ്പെട്ടത്. സ്വയം വരയ്ക്കുന്ന സൂര്യകാന്തി എന്ന കവിതയില്‍ ആ കലാകാരന്റെ നോവിന്റെ ഉപമ കാണാം.
മുടിയഴിച്ച രാത്രിയില്‍
കടിഞ്ഞാണ്‍ പൊട്ടിയ
കുതിരകള്‍ക്ക്
ഉടല്‍ തുറന്നുവെച്ച
രതിയുടെ പുസ്തകങ്ങള്‍
'രതിയുടെ വിധവകള്‍' ജീവിത ആസക്തികളുടെ മറ്റൊരു ജാലകം തുറന്നിടുന്നു. ആ തെരുവില്‍ സദാചാര സുവിശേഷകരുടെ വീരഗാഥകള്‍ മുഴങ്ങി കേള്‍ക്കാം.
വിശപ്പിനു വില പറഞ്ഞ്
മീനുകള്‍ക്ക് മുന്നില്‍
'കാത്തിരിപ്പിന്റെ
ആകൃതിയുള്ള പുച്ച'
കണ്ണുകളില്‍ കൊള്ളിവെച്ച്
രാത്രിയുടെ തിരയെണ്ണി
അതിസാഹസികമായി
എലിയെ ജീവിതത്തില്‍ നിന്നും
കീറിയെടുത്ത് പശിയകറ്റും
-മാര്‍'ജാര' ചുംബനങ്ങള്‍ -
ഞാനൊരു പൂക്കാലത്തിന്റെ
നിഴലെന്ന് കരുതി
പൂമണമുള്ളൊരു പൂമ്പാറ്റ
എന്റെ കവിളുകളില്‍ പൂമ്പൊടിയാല്‍
ചിത്രം വരയുന്നു
- കിനാവിന്റെ ചെറുതുള്ളി -
സ്ഥിരവാസികളും ദേശാടകരും കാടുകളില്‍ മാത്രം പ്രജനനം നടത്തുന്നവയായി കരുതപ്പെടുന്നവരുമുള്‍പ്പെടെ എഴുപതിലേറെ പക്ഷികളെയും അപൂര്‍വ പൂമ്പാറ്റയിനങ്ങളെയും പ്രകൃതി വിദ്യാര്‍ഥികള്‍ നിരീക്ഷിച്ചിട്ടുള്ള തീരദേശ ലോ ലാന്റ് ഫോറസ്റ്റിന്റെ അനന്യമായ ഒരു ലാക്ഷണിക മാതൃകയായ ശാന്തി വനം വിഷയമാവുന്ന കവിതയാണ് - അശാന്തിവനം -
തലകുനിക്കരുതെന്ന
വാശിയോടെ
ചുവടുകള്‍ വെയ്ക്കുന്നു
മുക്കുറ്റി.
മരിച്ചുപോയ ജലത്തിന്റെ
ഭാഷ അറിയണമെങ്കില്‍
അക്വേറിയത്തിലെ
മീനിനോട് ചോദിക്കണം
-മീനുകളുടെ സെമിത്തേരി-
ഇവിടെയുണ്ടു ഞാന്‍
എന്നറിയിക്കുവാന്‍
മധുരമാമൊരു
കൂവല്‍ മാത്രം മതി
എന്ന് -ലളിതം - എന്ന കവിതയില്‍ പി.പി രാമചന്ദ്രന്‍ എഴുതിയിട്ടുണ്ട്.
എന്നാല്‍ സിന്ധുല
ശൂ... എന്ന്
ദോശേ...
എത്ര ലളിതമാണ് നീ
എന്ന് പകരമെഴുതുന്നു ഒരു ജനകീയ വൃത്തത്തെ.
പുഷ്പിണിയായ
പെണ്‍കുട്ടികളുടെ
മാസവേദനയാണ്
ചെമ്പരത്തിപ്പൂവുകള്‍.
- വിശുദ്ധ ചെമ്പരത്തി - യിലെ ഈ നാലുവരികളില്‍ അകറ്റി നിര്‍ത്തുന്ന എല്ലാ അശുദ്ധികളേയും ഒരു പൂവിന്റെ രക്തവര്‍ണ്ണത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്നു. നെടുകെ ഛേദിച്ച പൂവില്‍ ഈ പെണ്‍നോവുകളും പഠിപ്പിക്കാന്‍ കഴിയും വിധം ചിരിയുടെ കുപ്പിച്ചില്ലുകള്‍ കേള്‍ക്കാം.
പൂച്ചയും എലിയും മീനുകളും പൂക്കളും പൂമ്പാറ്റയും വയലും രതിയും ദൈവവും ഉറുമ്പുകളും പ്രാവും മരംകൊത്തിയും വരയന്‍ പുഴുവും ബുദ്ധനും വിധവയും മരവും മഴയും കടലുമൊക്കെ നിരന്തരം തീക്ഷ്ണ ബിംബങ്ങളായി സിന്ധുലയുടെ കവിതയില്‍ കടന്നു വരുന്നു. പ്രകൃതിയിലേക്ക് തുറന്നു വെച്ച കണ്ണുകള്‍ കാഴ്ചകളെ കവിതകളാക്കി തീര്‍ക്കുന്നു.
കണ്ണില്‍ തെളിഞ്ഞ്
നാവില്‍ വിളങ്ങി
വിരലില്‍ വിരിഞ്ഞ്
ഭാഷയെ താലോലിച്ച്
പിറക്കുന്ന വാക്കുകള്‍
-അതാണ് കവിതയുടെ കാലപ്പകര്‍ച്ച -
സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തില്‍ എത്രയെഴുതിയാലും തീരാത്ത ഇലകളും തണലും മരവുമായ കവിതകളില്‍ ഉടമ്പടിയില്ലാതെ കിളിയാവുന്നു ഞാനെന്ന് സിന്ധുല കവിതാ പുസ്തകം അടച്ച് വെയ്ക്കുന്നു.
കവിതയുടെ ആത്മാവിലേക്ക് കോറിയിട്ട അന്‍വര്‍ ഹസ്സന്റെ ചിത്രങ്ങള്‍ വായനയെ കാഴ്ച കൂടിയാക്കിത്തീര്‍ക്കുന്നു. കടലിന്റെ മിനിയേച്ചറായി നിസാര്‍ ഇബ്രാഹിമിന്റെ കവര്‍ച്ചിത്രവും മികച്ചതാണ്. ഗൂസ്‌ബെറി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.