Quantcast
MediaOne Logo

ഗൃഹാതുരത കൊത്തിവെച്ച ഗ്രാമീണ ഭാഷയുള്ള കഥകള്‍

ഒരു ദേശത്തിന്റെ മനസ്സില്‍ ആഴത്തില്‍ തലമുറകളായി പകര്‍ന്നു കൊടുത്ത കാല്‍പനിക ബിംബങ്ങളാല്‍ സമൃദ്ധമാണ് ശിവന്‍ കടവല്ലൂരിന്റെ കഥകള്‍. അവയുടെ വായനയില്‍ നമ്മുടെ ബാല്യം നമുക്ക് തിരിച്ചു കിട്ടുന്നു. ശിവന്‍ കടവല്ലൂര്‍ എഴുതിയ 'ഹൃദയവാതിലിലെ കൊത്തുപണികള്‍' കഥാ പുസ്തകത്തിന്റെ വായന.

ശിവന്‍ കടവല്ലൂര്‍ ,  ഹൃദയവാതിലിലെ കൊത്തുപണികള്‍ കഥാ പുസ്തകത്തിന്റെ വായന. രമേഷ് പെരുമ്പിലാവ്
X

ഇരുപതാംനൂറ്റാണ്ടിന്റെ കാല്‍ഭാഗം പിന്നിട്ടപ്പോള്‍ കേരളത്തിന്റെ സാമൂഹിക പരിണാമ പ്രക്രിയ ദ്രുതവേഗത്തിലാവുകയും അത് കഥാലോകത്തെ അന്തരീക്ഷത്തെ മാറ്റിമറിക്കയും ചെയ്തു. അങ്ങനെയാണ് സമൂഹത്തോട് പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്ന ചെറുകഥകളുടെ ആവിര്‍ഭാവം ഉണ്ടായത്. പത്രപ്രവര്‍ത്തകനും ചിന്തകനും ഗവേഷകനുമായ കേസരി എ. ബാലകൃഷ്ണപിള്ള 'രൂപമഞ്ജരി' എന്ന തന്റെ ഗ്രന്ഥത്തിലൂടെ ചെറുകഥയുടെ ശില്‍പപരവും സൗന്ദര്യശാസ്ത്രപരവുമായ സവിശേഷതകള്‍ ചര്‍ച്ച ചെയ്തത് പുതിയൊരു സാഹിത്യാവബോധം മലയാള കഥയെഴുത്തുകാരില്‍ സൃഷ്ടിക്കുന്നതിന് വലിയ പങ്കു വഹിച്ചു. ഇംഗ്ലീഷിനു പുറമേ ധാരാളം യൂറോപ്യന്‍ കഥകള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തത് നമ്മുടെ കഥയെഴുത്തുകാര്‍ക്ക് വഴികാട്ടിയായി. ജീവല്‍ സാഹിത്യ പ്രസ്ഥാനവും പുരോഗമന സാഹിത്യ പ്രസ്ഥാനവും സാഹിത്യത്തിന് പുതിയ ദിശാബോധം പകര്‍ന്നു. ഇതിന്റെ തുടക്കം വി.ടി ഭട്ടതിരിപ്പാട്, മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിപ്പാട്, എം.ആര്‍.ബി തുടങ്ങിയവരുടെ കഥകളിലൂടെയാണുണ്ടായത്.

ഇപ്രകാരം പ്രായപൂര്‍ത്തിയിലെത്തിയ മലയാള കഥയുടെ മുഖ്യ പ്രയോക്താക്കളായി ഉദയം ചെയ്ത കഥാകൃത്തുക്കളുടെ കൂട്ടത്തില്‍ എടുത്തു പറയേണ്ട അഞ്ചു പേര്‍ തകഴി ശിവശങ്കരപ്പിള്ള, എസ്.കെ പൊറ്റക്കാട്ട്, പൊന്‍കുന്നം വര്‍ക്കി, പി. കേശവദേവ്, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരാണ്.

സമൂഹത്തിന്റെ ജീര്‍ണ്ണതയെ വിമര്‍ശിക്കുകയും അതിനെ ശക്തമായി പ്രതിരോധിക്കുന്നതോടൊപ്പം ഉയര്‍ന്ന മാനവിക ദര്‍ശനങ്ങള്‍ ആവിഷ്‌കരിക്കയും ചെയ്ത കഥയെഴുത്തുകാരായിരുന്നു അവര്‍. പിന്നാലെ വന്നവരായ കാരൂര്‍ നീലകണ്ഠപ്പിള്ള, ലളിതാംബിക അന്തര്‍ജ്ജനം, പി.സി കുട്ടികൃഷ്ണന്‍, കെ. സരസ്വതിയമ്മ എന്നിവരുടെ കഥകളിലെയും ശക്തമായ പ്രമേയം, രൂപശില്പപരമായ വികാസം എന്നിവയൊക്കെ മലയാള കഥയുടെ സുവര്‍ണ്ണദശയെ ഉദ്ഘോഷിച്ചു. ഇവരെ പിന്‍തുടര്‍ന്നു വന്ന എം.ടി വാസുദേവന്‍ നായരും ടി. പത്മനാഭനും മാധവിക്കുട്ടിയും കാക്കനാടനും ഒ.വി വിജയനും എം. മുകുന്ദനും ആനന്ദും തുടങ്ങി നിരവധി പേരുടെ സംഭാവനകള്‍ മലയാള ചെറുകഥ കൂടുതല്‍ ഉയര്‍ന്നമാനങ്ങളിലേക്ക് നയിച്ചു. എല്ലായിപ്പോയും ചെറുകഥാ സാഹിത്യം ഏറെ സജീവമാണ്.

പുതുനാമ്പുകള്‍ അനുദിനം ഈ ശാഖയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. അത്തരത്തില്‍ ചെറുകഥാശാഖയിലേക്ക് ഏറ്റവും അവസാനമെന്നവണ്ണം എത്തുന്ന കഥാകാരനാണ് ശിവന്‍ കടവല്ലൂര്‍. മുഖ്യധാര മാധ്യമങ്ങളില്‍ അല്ല അദ്ദേഹത്തിന്റെ കഥകള്‍ ഇടം കണ്ടത്. സോഷ്യല്‍ മീഡിയയായിരുന്നു ആ കഥകളുടെ തട്ടകം. തന്റെ കഥകളുടെ പുസ്തകരൂപമായി വായനക്കാരിലേക്കെത്തുന്നു ഈ കഥാകാരന്‍. കല്ലംപുറമെന്ന പ്രദേശത്തെ ചുമട്ടുതൊഴിലാളിയുടെ ദൈനംദിന കാഴ്ചകളാണ് ഈ കഥകള്‍.

മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ മരിച്ചതാണ്/കൊന്നതാണ്, ചാലിശ്ശേരി പുളിക്കല്‍ ഇട്ട്യാത്തുമകള്‍ മറിയയെ. അമ്പതാം പിറന്നാള്‍ ദിനം അവള്‍ തനിക്ക് നാട്ടിലൊന്നുപോകണമെന്ന ആഗ്രഹം സ്വര്‍ഗ്ഗത്തിലെ അധികാരികളെ അറിയിക്കുകയും ഉപാധികളോടെ അനുവാദം കിട്ടുകയും ചെയ്യുന്നു. ദേവദാരു വൃക്ഷത്തിന്റെ കൊമ്പില്‍ തീര്‍ത്ത സിംഹാസനത്തിലിരുന്നായിരുന്നു നാട്ടിലേക്കുള്ള ആ യാത്ര. ചാലിശ്ശേരി ക്രിസ്ത്യാനികള്‍ റോഡിലേക്ക് മുഖമായി തൊട്ടുരുമ്മി വീടുവെച്ച് അതിര്‍ത്തി കലഹങ്ങളില്ലാതെ കഴിഞ്ഞ കാലത്തിന്റെ കഥ പറയുന്നുണ്ട് മറിയ യാത്രയില്‍. യാതനകളുടെ ജീവിതവും സ്വപ്നങ്ങളുടെ സ്വര്‍ഗ്ഗവും ഇടകലര്‍ന്ന ഫാന്റസിയുടെ ഒരു ലോകത്തിലാണ് ശിവന്‍ കടവല്ലൂര്‍ തന്റെ സമാഹാരത്തിലെ ആദ്യ ശീര്‍ഷക കഥയായ ഹൃദയ വാതിലിലെ കൊത്തുപണികള്‍ എഴുതിത്തുടങ്ങുന്നത്. മനോഹരമായ ഒരു ഭാഷ കഥയിലുടനീളം കാണാം. മനുഷ്യ ജീവിതത്തിന്റെ സൗന്ദര്യവും ക്രൗര്യങ്ങളും കൃത്യമായി എഴുതി ഫലിപ്പിച്ചിരിക്കുന്ന കഥ, ഒഴുക്കോടെ വായനയെ മുന്നോട്ട് നയിക്കുന്നുണ്ട്.


ചങ്ങലയേക്കാള്‍ കടുപ്പമുള്ള ഭ്രാന്തെന്ന വാക്കില്‍ തളയ്ക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ഒട്ടും ഭ്രാന്തില്ലാത്ത ബോധ സഞ്ചാരങ്ങളാണ് ഗോവണി എന്ന കഥ. ഭ്രാന്ത് മാറിയാലും ചിലപ്പോഴൊക്കെ ഭ്രാന്തില്‍ത്തന്നെ ചൂഴ്ന്ന് നില്ക്കുന്നതും ഒരു സഹനമാണ്, ചേര്‍ത്ത് പിടിക്കലാണ്. ഒറ്റപ്പെടലോളം വലിയ ഭ്രാന്ത് ഈ ഭൂമിയില്‍ വേറെന്താണ്. സാവിത്രി സ്വയം ഒളിച്ചു ജീവിക്കുന്നു ഗോവണിക്കു മുകളില്‍. ഒരു നാള്‍ മരണത്തിലേക്ക് പടികള്‍ ഇറങ്ങി ആശ്വസിക്കുന്നു. തീവണ്ടി പാളത്തിന്റെ പശ്ചാതലത്തില്‍ കൂകിയാര്‍ത്തൊരു ഭ്രാന്ത് എന്ന ഇഷ്ടത്തിന്റെ/ വേര്‍പ്പാടിന്റെ കഥയും ഈ സമാഹാരത്തിലുണ്ട്

മനുഷ്യജീവിതത്തിലെ പല വകതിരിവുകളും അവസരങ്ങള്‍ പഠിപ്പിക്കണതാണെന്ന് മൂന്ന് അവിവാഹിതരായ മദ്ധ്യവയസ്സെത്തിയ സ്ത്രീ ജീവിതങ്ങളിലൂടെ പറഞ്ഞു പോകുന്ന കഥയാണ് 'ഇടവഴിയിലെ നിഴല്‍പ്പുള്ളികള്‍.' സംസാര ഭാഷയുടെ അതിമനോഹരമായൊരു താളവും, പഴയൊരു കാലത്തിന്റെ ശില്പചിത്രങ്ങളും കഥയിലുടനീളം കാണാം.

ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറന്ന് മുറ്റവും തൊടിയും വീടും നിറഞ്ഞു നിന്ന മകള്‍. വിഷുവും തിരുവാതിരയും ഓണവുമെല്ലാം മകളിലൂടെ വിടര്‍ന്നും കൊഴിഞ്ഞും പോയ സ്വര്‍ഗ്ഗതുല്യമായ നാളുകളും വിവാഹശേഷം അവള്‍ അനുഭവിക്കുന്ന നരകതുല്യ ജീവിതവും ഒരോണനാളിലൂടെ ഹൃദയ നോവായി പറയുന്ന കഥ.

ജീവിക്കാന്‍ എത്ര മാത്രം കയറും കോണിയും അനധാരികളും വേണം? മരണത്തിന് ഒരു തുണ്ടു കയറ് ധാരാളം. മരണവും ജീവിതവും സമാന്തരങ്ങളായ രണ്ടു വഴികള്‍ പോലെ മുന്നില്‍ നീണ്ടു കിടന്നു. ഏതായിരിക്കും എളുപ്പമുള്ള വഴി? ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ മനുഷ്യര്‍ സ്വയം ചോദിക്കുന്ന ചിന്തകളാണ് നിഴല്‍പ്പായ എന്ന കഥ.

ശിവന്‍ കടവല്ലൂരിന്റെ കഥകളില്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കഥാബിംബങ്ങളാണ് ശിലാവിഗ്രഹം എന്ന കഥയിലെ ശ്രീകോവിലിലെ തൂക്കുവിളക്കും അര്‍ജ്ജുന വിഗ്രഹവും.

തൂക്കുവിളക്ക് ചോദിച്ചു: 'അങ്ങയെ പ്രതിഷ്ഠിക്കുന്നതിനോടൊപ്പം പൂജാവിധികളോടെ തൂക്കിയതാണ് എന്നെയും. അന്നു മുതല്‍ അങ്ങയുടെ മുഖഭാവങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുമുണ്ട്. എത്ര കൃത്യതയോടെയും ഭക്തിയോടെയുമാണ് ആ സാധു ബ്രാഹ്മണന്‍ അങ്ങയെ പൂജിക്കുന്നത്? എന്നിട്ടും ഇന്നേവരെ അങ്ങയുടെ മുഖത്ത് ഒരു സംതൃപ്തിയും സന്തോഷവും കാണാനായിട്ടില്ല. ഭക്തജനങ്ങളുടെ സങ്കടങ്ങള്‍ക്ക് നിവൃത്തി വരുത്തുമെന്നു കരുതി അവര്‍ അങ്ങയുടെ നാമം മാത്രം ഉരുവിട്ട് വ്രതങ്ങള്‍ അനുഷ്ഠിച്ച് അങ്ങയെ വന്ന് സാഷ്ടാംഗം നമസ്‌ക്കരിക്കുന്നു. സങ്കട നിവൃത്തി വരുത്തേണ്ട അങ്ങേയ്ക്കു തന്നെ സങ്കടങ്ങളെങ്കില്‍?..'

വിഗ്രഹം ഒരു നിമിഷം മൗനത്തിലാണ്ടു. മിഴികള്‍ താഴേക്കു താഴ്ത്തി നിന്നു. പതിയെ മുഖമുയര്‍ത്തി തൂക്കുവിളക്കിന്റെ മുഖവെളിച്ചത്തിലേക്ക് നോക്കി.

'ക്ഷേത്ര നടത്തിപ്പുകാരുടേയും തന്ത്രിമാരുടേയും ആവശ്യം ഏതു ദേവനാണോ ആ രൂപം ശില്‍പി ശിലയില്‍ നിന്നും കൊത്തിമിനുക്കി പുറത്തെടുക്കുന്നു. അങ്ങനെ പുറത്തു വന്ന അര്‍ജ്ജുന രൂപമാണ് എന്റേത്. നിനക്കറിയോ എന്റെ പൂര്‍വ്വരൂപമായ ശിലയിലെ ആത്മാംശം മുഴുവന്‍ കര്‍ണ്ണന്റേതായിരുന്നു. പേരും പെരുമയുമുള്ള കുന്തിയുടെ മകനായി പിറന്നിട്ടും ഒഴിവാക്കപ്പെട്ട ദുഃഖപുത്രന്‍. പരിഹാസ്യജന്മം പേറി സ്വസഹോദരന്മാരോട് പൊരുതേണ്ടി വന്ന കര്‍ണ്ണന്‍. ആ ശിലയില്‍ ഞാന്‍ കര്‍ണ്ണന്റെ ആത്മാംശമായിരുന്നു. ശില്‍പിയുടെ ഭാവനയില്‍, കൈ വിരുതില്‍, ഉളിമുനയില്‍ ഞാന്‍ അര്‍ജ്ജുനനായി. പറയൂ, എങ്ങനെ എനിക്ക് ഭക്തര്‍ക്ക് ശാന്തി നല്‍കാനാകും? എങ്ങനെയെനിക്ക് അര്‍ജ്ജുനന് ലഭിക്കേണ്ട പൂജാവിധികള്‍ സ്വീകരിക്കാനാകും? പറയൂ, എനിക്കെങ്ങനെ സന്തോഷത്തോടെയിരിക്കാനാവും?'

വളരെ ചെറിയ ഒരു കഥയിലേക്ക് ശില്പത്തിലേക്ക് ഭാവനയുടെ അസാധാരമായ സാദ്ധ്യതയെ സന്നിവേശിപ്പിച്ച കഥയാണ് ശിലാവിഗ്രഹം. ഒരേസമയം വെറും കല്ലില്‍ നിന്നും ശില്‍പി രൂപപ്പെടുത്തുന്ന ദൈവികമായ ഉന്നതിയേയും അതേസമയം കല്ലിന്റെ വേദനയേയും കഥ പറയുമ്പോള്‍ ഇതിഹാസമായ മഹാഭാരതത്തിന്റെ നീതിയനീതിയേയും ചോദ്യം ചെയ്യുന്നു. കഥാലോകത്തില്‍ ഈ കഥാകൃത്തിനെ അടയാളപ്പെടുത്താന്‍ ഈ ഒരൊറ്റ കഥ തന്നെ ധാരാളമാണ്.

മനുഷ്യര്‍ക്കിടയില്‍ പൊന്തിവരുന്ന മതിലുകളെ കുറിച്ചുള്ള കഥയാണ് മതിലിനപ്പുറം. കോവിഡു കാലത്തെ സങ്കടങ്ങളും പരസ്പരം സ്‌നേഹിക്കുന്ന മനുഷ്യരും വായനയില്‍ നനവായി പടരും.

ഒരു പൂച്ചയുടെ വിചാരങ്ങളിലൂടെ ഉറവ വറ്റുന്ന സ്‌നേഹ ബന്ധങ്ങളുടെ കഥയാണ് കുറുഞ്ഞിപ്പൂച്ച. ഇല്ലം കടത്തുന്ന പൂച്ച തിരിച്ചു വരുന്നതു പോലെ മക്കള്‍ ഉപേക്ഷിച്ച അമ്മയ്ക്ക് വീട്ടിലേക്ക് തിരിച്ചു വരാന്‍ കഴിയാത്ത വൃദ്ധസദനവും ഈ കഥയിലുണ്ട്.

പ്രായം ഒറ്റയാവുന്ന മനുഷ്യരില്‍ ഉണ്ടാക്കുന്ന അടുപ്പവും വേര്‍പ്പാടും വൃദ്ധദമ്പതികളിലൂടെ പറയുന്ന കഥയാണ് യാത്ര പറയാതെ. മുത്തശ്ശനും കുഞ്ഞും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ കഥയാണ്, ഓര്‍മ്മയുടെ വിരലടയാളങ്ങള്‍. ഗ്രാമഭംഗിയുടെ നാട്ടുച്ചിത്രങ്ങളുടെ ഒരു ക്യാന്‍വാസ് കഥയിലുടനീളം കാണാം.

പാടവും പറമ്പും കൃഷിക്ക് ഉള്ള പല വീട്ടിലും കയ്യാലയോടു ചേര്‍ന്ന തൊഴുത്തുണ്ടായിരുന്ന ഒരു കാലവും, കാളയെ വിറ്റ് കെട്ടി മേയാതെ ചോര്‍ന്നൊലിച്ച് പിന്നെ പിന്നെ പൊളിച്ചുമാറ്റിയ മറ്റൊരു കാലവും കണ്ണപ്പന്‍കാള തൊഴുത്തഴികള്‍ക്കു മുകളില്‍ കഴുത്തുരച്ച് ഓര്‍മ്മകള്‍ അയവിറക്കുന്ന കഥയാണ് കണ്ണപ്പന്‍ കാള.

മതസമൂഹങ്ങള്‍ സൗഹൃദങ്ങള്‍ക്കിടയില്‍ സൗജന്യമായി പണിതു കൊടുത്തു കൊണ്ടിരുന്ന മതിലുകള്‍ അയ്മുവും ഗോപ്യായരും എന്ന അയല്‍ക്കാര്‍ അപ്പപ്പോള്‍ പൊളിച്ചു കൊണ്ടിരുന്ന സൗഹാര്‍ദത്തിന്റെ കഥയാണ് അയ്മുവും ഗോപ്യായരും. വല്യമ്മ, മുന്‍പേ മരിച്ചൊരാള്‍ എന്നീ കഥകളും പഴയ കാലത്തിന്റെ നാള്‍വഴികള്‍ രേഖപ്പെടുത്തുന്ന കഥകള്‍ തന്നെയാണ്.

കഴുത്തു നിറയെ പല നിറത്തിലുള്ള കല്ലുമാലകള്‍ അടക്കിക്കെട്ടി, കാതില്‍ തൂങ്ങിയാടുന്ന കമ്മലില്‍ കൈയില്‍ കിട്ടുന്നതൊക്കെ കെട്ടിത്തൂക്കി, ഞാത്തുകുട്ടി, രണ്ടു കൈത്തണ്ട നിറയെ വളകള്‍ പല നിറത്തില്‍, പല വലിപ്പത്തില്‍. തിളങ്ങുന്ന എന്തും അലങ്കാരമായ ഇമ്മ്ണിമ്പുവിന്റെ കഥ, നൊസ്സിന്റെയും നൊമ്പരങ്ങളുടെയും കഥയാണ്.

അബദ്ധം പറ്റി ദേവുവിന്റെ ഭര്‍ത്താവ് പരമുവിനെ കാലപുരിക്ക് കൊണ്ടുപോയ സങ്കടം, കാലന്‍ത്തന്നെ ദേവുവിനോട് ക്ഷമാപണത്തോടെ പറയുന്ന ഫാന്റസി പരിസരമുള്ള അതിരസകരമായ ഭാഷയില്‍ അവതരിപ്പിച്ച കഥയാണ് കാലന്‍.

മനുഷ്യര്‍ നേരിടുന്ന ജീവിത ദുരന്തത്തിന്റെ മറ്റൊരു ചിത്രമാണ് പാളങ്ങള്‍ എന്ന കഥ. മരിച്ചിട്ടും ചിരിക്കുന്ന ദയാനന്ദന്റെ അസാധാരമായ ജീവിതമാണ് ദയാനന്ദന്റെ ചിരി എന്ന കഥ. എല്ലാത്തിനും ചിരിക്കുന്ന ഒരു മനുഷ്യന്‍ ഒരുന്നാള്‍ ഒട്ടും ചിരിക്കാതാകുമ്പോള്‍ അത് മറ്റെല്ലാവരേയും കരയിപ്പിക്കുന്നു. കര്‍ഷകന്റെ വേദനയുടെ കഥ പറയുന്ന ചെളി പുരണ്ട കലപ്പ, ഏറുമാടം, ഭാവി.. ഭൂതം.. വര്‍ത്തമാനം.., ദശമൂലാരിഷ്ടം തുടങ്ങി 24 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

സുഭദ്രയും ശാരദയും വിലാസിനിയും ഗോവിന്ദമാമയും ദാമോദരനും ശങ്കരേട്ടനും വല്യമാമയും സാവിത്രിയും മിനാക്ഷിയമ്മയും ഇട്ട്യാരുമുതലാളിയും തങ്കമണിയും ഭദ്രന്‍വൈദ്യരും വാവനൂരും ചാലിശ്ശേരിയും അക്കിക്കാവും ഞാല്‍ക്കണ്ണിയും കുന്നിശ്ശേരിയും ഓണവും വിഷും തിരുവാതിരയും ഭ്രാന്തും ദാരിദ്യവും ഒളിച്ചോട്ടവും കാവും അമ്പലവും പള്ളിയും കുളവും മലയും താഴ്‌വാരവും പാടവും ചന്തയും പീടികമുക്കും ഇടവഴികളും മച്ചിന്‍പുറവും പടര്‍ന്നു നില്‍ക്കുന്ന ഗ്രാമ്യ ചന്തമുള്ള ചിത്രങ്ങള്‍. ഒരു ദേശത്തിന്റെ മനസ്സില്‍ ആഴത്തില്‍ തലമുറകളായി പകര്‍ന്നു കൊടുത്ത കാല്‍പനിക ബിംബങ്ങളാല്‍ സമൃദ്ധമാണ് ശിവന്‍ കടവല്ലൂരിന്റെ കഥകള്‍. അവയുടെ വായനയില്‍ നമ്മുടെ ബാല്യം നമുക്ക് തിരിച്ചു കിട്ടുന്നു. നമ്മുടെ ആത്മാവിനെ കുളിരണിയിക്കുന്നു. ഇന്നിനെ മറന്ന് നമ്മുടെ മനസ്സിനെ ഇന്നലെകളുടെ ഗൃഹാതുരത്വത്തിലേയ്ക്കു നയിക്കുന്നു. വായനയുടെ ലോകത്തെ അതിസുന്ദരഭൂതകാലത്തേക്ക് നയിക്കുന്ന ഭാഷകൊണ്ട് മികവ് പുലര്‍ത്തുന്നുണ്ട് ഓരോ കഥകളും.

ഇത്രയേറെ ഇഷ്ടപ്പെടുന്ന ഈ കഥകളുടെ ന്യൂനത കൂടി പറയാതെ വായന പൂര്‍ത്തിയാക്കുക നീതികേടാണ്. മുപ്പതാണ്ട് മുമ്പത്തെ കഥകളുടെ ക്രാഫ്റ്റാണ് ഹൃദയ വാതിലിലെ കൊത്തുപണികള്‍ എന്ന സമാഹാരത്തിലെ 90% കഥകളുടേയും. വര്‍ത്തമാനകാല കഥകളെ അവ പ്രതിനിധാനം ചെയ്യുന്നില്ല. മലയാള ചെറുകഥയെ, ഏറ്റവും പുതിയ തലമുറയിലെ കഥാകാരായ ജിന്‍ഷ ഗംഗയും ഷാഹിന ഇ. കെയും സബീന എം. സാലിയും ശ്രീകണ്ഠന്‍ കരിക്കകവും ഷനോജ് ആര്‍. ചന്ദ്രനും അനില്‍ ദേവസ്സിയുമൊക്കെ ഒരുപാടു ദൂരേയ്ക്ക് പറത്തി വിട്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യം കഥയെഴുതുന്നവര്‍ അറിയാതെ പോകരുത്.


TAGS :