ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങള്‍
പാലക്കാടിന്റെ പകിട്ടുകള്‍ വിളിച്ചോതുന്ന 'ദേവാര്‍ച്ചാ' എന്ന ഒരു കൊച്ചു ഗ്രാമം! ഇവിടെ പാലക്കാട്ടുകാരി കൂടിയായ കഥാകൃത്ത് ആ നാടിനെയും അതിന്റെ സംസ്‌കാരത്തെയും ജീവിതങ്ങളെയും പച്ചയായി ഒപ്പിയെടുക്കുന്നു, ഭംഗിയായി ഒരു കാമറാക്കണ്ണിലൂടെ ചലനചിത്രത്തിലെന്നപോലത്തെ മിഴിവാര്‍ന്ന പശ്ചാത്തലവിരുന്നൊരുക്കുന്നു, വരികളോടൊപ്പം അനുവാചകരെ ഉള്‍ക്കാഴ്ച്ചയേകി ആസ്വദിപ്പിക്കുന്നു.| സ്മിത സി.യുടെ 'ഐന്ദ്രികം' നോവല്‍ വായന.
സ്മിത സി. യുടെ 'ഐന്ദ്രികം' എന്ന നോവല്‍ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തില്‍ അതും തന്മയത്വമായി ഒരു വിഷയത്തെ പഠിച്ച് അവതരിപ്പിക്കുക എന്നുള്ളത് ഗവേഷണ ബുദ്ധിയുള്ള മനസ്സുകള്‍ക്ക് മാത്രം സാധ്യമാകുന്ന കാര്യമാണ്. പറഞ്ഞു പഴകിയ കഥകള്‍ക്കപ്പുറം കടന്ന്, കേട്ടു തഴമ്പിച്ച വാക്കുകള്‍ താണ്ടി, പുതുമയാര്‍ന്ന മികച്ച അവതരണം കൊണ്ട് ശ്രദ്ധേയമാണ് ഈ നോവലിലെ ഓരോ സന്ദര്‍ഭങ്ങളും.
പോസ്റ്റുമാന്‍ ആയ അച്ഛന്റെ അനാരോഗ്യവും മരണവും അദ്ദേഹത്തിന്റെ ഭാര്യയേയും മകനെയും വല്ലാത്ത ദുഃഖത്തില്‍ ആഴ്ത്തുന്നു. തുടര്‍ന്ന് പോസ്റ്റുമാന്‍ ആയിട്ട് തന്നെ ആ മകന്‍, അച്ഛന്‍ ജോലിയെടുത്ത ഗ്രാമത്തിലെ പോസ്റ്റ് ഓഫീസിലെത്തുന്നു. പാലക്കാടിന്റെ പകിട്ടുകള്‍ വിളിച്ചോതുന്ന 'ദേവാര്‍ച്ചാ' എന്ന ഒരു കൊച്ചു ഗ്രാമം! ഇവിടെ പാലക്കാട്ടുകാരി കൂടിയായ കഥാകൃത്ത് ആ നാടിനെയും അതിന്റെ സംസ്‌കാരത്തെയും അവിടുത്തെ ജീവിതങ്ങളെയും പച്ചയായി ഒപ്പിയെടുത്ത്, ഭംഗിയായി ഒരു ദൃശ്യ കാമറാ കണ്ണിലൂടെ ചലനചിത്രത്തിലെന്നപോലത്തെ മിഴിവാര്‍ന്ന പശ്ചാത്തലവിരുന്നൊരുക്കിയും വരികളോടൊപ്പം അനുവാചകരെ ഉള്‍ക്കാഴ്ച്ചയേകിയും ആസ്വദിപ്പിക്കുന്നുണ്ട്.
പോസ്റ്റുമാന്‍ ഭാസ്‌കരനും അയാളുടെ താമസസ്ഥലത്തെ ജോലിക്കാരിയായ അഴകിയും, ഭാസ്‌കരന്റെ മകന്‍ പോസ്റ്റുമാന്‍ ആയി വന്ന ഇന്ദു ഗോപനും. അവര്‍ക്കിടയില്‍ ഇന്ദുഗോപന്റെ അച്ഛന്‍ കാലങ്ങളായി കൊടുക്കാതെ വച്ച ഒരുപിടി എഴുത്തുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദേവാര്‍ച്ചയിലെ ഓരോ അഗ്രഹാരങ്ങളിലും ഇന്ദുഗോപന്‍ എത്തിക്കുന്നു. ഈ കത്തുകള്‍ നീണ്ട ഇടവേളകള്‍ക്കപ്പുറം അഗ്രഹാരങ്ങളിലെ മനസ്സുകളില്‍ സൃഷ്ടിക്കുന്ന വികാരങ്ങളും പ്രതികരണങ്ങളും എന്തൊക്കെ എന്നറിയാന്‍ ഇന്ദുഗോപന്റെ മനവും തുടിക്കുന്നു!
ദേവാര്‍ച്ചാ എന്ന കൊച്ചു ഗ്രാമത്തിലെ അഗ്രഹാരങ്ങളെ ചുറ്റിപ്പറ്റിയാണ് ഇവിടെ നോവല്‍ പുരോഗമിക്കുന്നത്. മാല പോലെ കോര്‍ത്തിരിക്കുന്ന തരത്തില്‍ നിര്‍മിക്കപ്പെട്ട വീടുകളുടെ അറ്റത്ത്ല്‍ ഒരു ലോക്കറ്റ് ഘടിപ്പിച്ചാലെന്നപോലെ ഒരു ക്ഷേത്രവും. അതാണ് ഒരു അഗ്രഹാരത്തിന്റെ ഘടന. വളരെ മനോഹരമായി ഇതൊക്കെ വിവരിച്ചിട്ടുമുണ്ട് നോവലില്‍. ഒപ്പം ജീവിതം വരച്ചിട്ട ഏതാനും നല്ല വരകളും ചേര്‍ത്തിട്ടുണ്ട്. പിന്നെ അഗ്രഹാരത്തിലെ ദേശവാസികള്‍ക്കിടയിലെ തമിഴ് കലര്‍ന്ന മലയാള സംഭാഷണ ശകലങ്ങളും ! അത്, 'വായിച്ചെടുക്കാന്‍ 'ശ്ശി' ബുധിമുട്ടി, പക്ഷേ വായിച്ചെടുത്തപ്പോള്‍ 'ശ്ശി' പിടിത്തവും കിട്ടി'!
പ്രമേയാവതരണം കൊണ്ട് വളരെ ശ്രദ്ധേയമായ ഒന്നാണ് ഈ നോവലിലെ കഥാപാത്രങ്ങളെല്ലാം തന്നെ. അവയാവട്ടെ, പ്രതികരിക്കുന്നത് സാമൂഹ്യ പ്രസക്തങ്ങളായ വൈവിധ്യമാര്‍ന്ന വിഷയങ്ങളോടും. വൈരുദ്ധ്യമെന്നു തോന്നിക്കുന്ന വ്യക്തിത്വങ്ങള്‍ക്കുടമകളായ എട്ട് സ്ത്രീ കഥാപാത്രങ്ങളെക്കൊണ്ട് യാഥാസ്ഥിതിക പശ്ചാത്തലത്തില്‍ നിന്നുള്ള ഒരു സാമൂഹ്യഘടനയെത്തന്നെ തുറന്ന ചിന്തയ്ക്ക് വിധേയമാക്കി അവരെ പുറംലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്ന ചില പ്രായോഗിക ദര്‍ശനങ്ങളാണ് ഈ നോവലിന്റെ ഉള്ളടക്കത്തിലെ കഥാതന്തുവായി വര്‍ത്തിക്കുന്നത് എന്നു വേണം കരുതാന്‍!
പോസ്റ്റുമാന്‍ ഭാസ്‌കരനും അയാളുടെ താമസസ്ഥലത്തെ ജോലിക്കാരിയായ അഴകിയും, ഭാസ്‌കരന്റെ മകന്‍ പോസ്റ്റുമാന്‍ ആയി വന്ന ഇന്ദു ഗോപനും. അവര്‍ക്കിടയില്‍ ഇന്ദുഗോപന്റെ അച്ഛന്‍ കാലങ്ങളായി കൊടുക്കാതെ വച്ച ഒരുപിടി എഴുത്തുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദേവാര്‍ച്ചയിലെ ഓരോ അഗ്രഹാരങ്ങളിലും ഇന്ദുഗോപന്‍ എത്തിക്കുന്നു. ഈ കത്തുകള്‍ നീണ്ട ഇടവേളകള്‍ക്കപ്പുറം അഗ്രഹാരങ്ങളിലെ മനസ്സുകളില്‍ സൃഷ്ടിക്കുന്ന വികാരങ്ങളും പ്രതികരണങ്ങളും എന്തൊക്കെ എന്നറിയാന്‍ ഇന്ദുഗോപന്റെ മനവും തുടിക്കുന്നു!
കത്തുകള്‍ വായിക്കുന്ന അഗ്രഹാരത്തിലെ അന്തേവാസികള്‍ കത്തുകളിലൂടെ അവരുടെ ഭൂതകാലത്തിലേക്ക് ഊളയിട്ടിറങ്ങുന്നു! ശേഷം വര്‍ത്തമാനത്തില്‍ കഴിഞ്ഞുപോയ കാലത്തിലെ മുറിവുകള്‍ തുന്നിച്ചേര്‍ത്ത് ഒന്നാവുമ്പോഴത്തെ ഒരു സംതൃപ്തി. അത്, അവര്‍ക്കൊപ്പം വായനക്കാരന്റെ അന്തരംഗത്തിലും കളിയാടുന്നു. എഴുത്തിന്റെ ഭാഷയും ഘടനയും അതിനെ സാക്ഷാത്ക്കരിക്കും വിധം അത്രമേല്‍ കേമതന്നെ.
അറ്റുപോയ ബന്ധങ്ങളെ കൂട്ടിവിളക്കി സൂര്യഗായത്രിയും സൂര്യബ്രഹ്മിയും തങ്ങളുടെ അസ്ഥിത്വത്തിലേക്ക് മടങ്ങുമ്പോഴും, മുടിയിഴകള്‍ നവങ്ങളായി മണിമേഖലയുടെ മുണ്ഡനം ചെയ്ത ശിരസ്സില്‍ കിളിര്‍ക്കുമ്പൊഴും, പഴയ ആ കത്തിന്റെ സ്വാധീനം സിദ്ധിദാത്രിയിലെ എയര്‍ഹോസ്റ്റസിന് മുന്നില്‍ ഹോസ്റ്റായിട്ട്, കാലം രാമസ്വാമി അയ്യരെ മാറ്റിയെടുക്കുമ്പോഴും വേദാത്മികയ്ക്കും ഡോ. മനോഹറിനും ഇടയില്‍ ഇടങ്കോലിട്ട ബ്രാഹ്മണ്യത്തിന്റെ ദ്രവിച്ചനൂലിനപ്പുറവും മാനവികതയുടെ വലിയൊരു ലോകമുണ്ടെന്ന് പ്രായം കടന്നുപോയെങ്കിലും, ചിന്തിപ്പിക്കാന്‍ പട്ടാഭി അയ്യരെ പ്രാപ്തമാക്കുമ്പോഴും ത്രിപുരസുന്ദരിക്കും ഗോവര്‍ദ്ധന അയ്യര്‍ക്കും ഇടയില്‍ ദേവനായകി സൃഷ്ടിച്ച ശൂന്യത ഹിമാലയത്തോളമെത്തിയതും, നിലാവിനും സന്തൂരിക്കും മധ്യത്തില്‍ ഉണ്ടായിരുന്ന നിറവ്യത്യാസം ഇല്ലാതാക്കിയതും, രാഗിണിയുടെ പ്രാണനെടുത്ത പത്മനയനയുടെ പകര്‍ന്നാട്ടം മീനാക്ഷിയമ്മയുടെ നയനങ്ങളില്‍ രുധിരധാരസൃഷ്ടിച്ചതും, കാതിലുടനീളം 'ദേവി - എന്റെ ദേവി' എന്ന തന്റെ അച്ഛന്റെ മുഴങ്ങുന്ന നീട്ടിവിളിയുടെ പൊരുളറിയാനുള്ള ഔത്സുക്യത്തോടൊപ്പം, താളംപോയ ആ മനസ്സിന്റെ താളം തേടി ദേവാര്‍ച്ചയിലേക്ക് പ്രക്ഷുബ്ധ ചിത്തവുമായുള്ള ഇന്ദുഗോപന്റെ ആ യാത്രയും.
ഇപ്രകാരം വായനയുടെ നവ്യമായ, എന്നാല്‍ വ്യതിരിക്തമായ ഒരു തലത്തിലേക്കാണ് നോവലിസ്റ്റ് ഇവിടെ വായനക്കാരനെ കൂട്ടിക്കൊണ്ടുപോവുന്നത്.
എന്നിട്ടും ഇന്ദുഗോപന്റെ ഉള്ളില്‍ പിന്നെയും ബാക്കിയാവുന്നു ചില കത്തുകളും ഒരുപിടി സംശയങ്ങളും.
ഒടുവില്‍ താന്‍ തേടിയത് എന്താണോ അതിനുത്തരം കണ്ടെത്താന്‍ ഇന്ദുഗോപന്റെ കൈയില്‍ ആ കത്ത് കിട്ടുന്നു.
ഇന്ദ്രനാഥന്‍
ഡോര്‍ നമ്പര്‍ 9
ദേവനിള അഗ്രഹാരം
ദേവാര്‍ച്ച പാലക്കാട്
എന്ന വിലാസത്തില്‍.
ഈ നോവലിന്റെ മര്‍മം എന്ന് എനിക്ക് മനസ്സിലായ ഭാഗം! ഇന്ദ്രനാഥനില്‍ നിന്നും ഐന്ദ്രികയിലേക്കുള്ള ഒരു 'പരകായപ്രവേശം'!
ഭാസ്‌കരനില്‍ നിന്നും മോഹിനിയിലേക്കുണ്ടാവുന്ന പരിവര്‍ത്തനത്തിന്റെ ആ സാംഗത്യത്തെ - കീഴ്ക്കാവിലെ ചുവന്ന പട്ടില്‍ പൊതിഞ്ഞുവച്ച കാദരമാം ജീവന്റെ കദനകഥ. വൈധവ്യം സ്വയംവരിച്ച് ഒരു രാത്രിമാത്രം 'അറവാണി'യുടെ വധുക്കളാവാന്‍വന്ന് ശേഷം അലമുറയിട്ട് ആത്മനൊമ്പരം അകതാരിലൊളിപ്പിച്ച് ആത്മബലിയിമിട്ട് അന്യരായിത്തീരുവാന്‍ മാത്രം വിധിക്കപ്പെടുന്ന മൂന്നാംലിംഗക്കാരുടെ ചങ്കിലെ ചുടുചോരയില്‍ മുക്കിയതാണീ ദേവിയായ ജീവവിഗ്രഹത്തിലെയും ചെമ്പട്ടുചേലയെന്ന്, ചില വ്യവസ്ഥിതിയെ ചൂണ്ടി പരിചയപ്പെടുത്തുന്ന പുതുമയാര്‍ന്ന ചിന്ത! ജീവത്തായ ആഖ്യാനമാണ് ഈ അധ്യായം.
ഈ നോവല്‍ സൂക്ഷ്മമായ വായനയ്ക്ക് വിധേയമാക്കേണ്ട ഒന്നാണ്. വേണമെങ്കില്‍ ഒരു Epistolary (കത്ത് രൂപത്തിലുള്ള കഥ/കവിത) എന്നും പറയാം എന്നു തോന്നുന്നു ഈ നോവലിന്റെ അവതരണരീതിയെ ! വായിച്ചപ്പോള്‍ അങ്ങനെയും ഒരു തോന്നലുണ്ടായി. ശ്രീകൃഷ്ണനോട് കത്തെഴുത്തിന്റെ രൂപത്തില്‍ വാനപ്രസ്ഥ കാലത്ത് കാല്‍വഴുതി ഹിമാലയഗിരിനിരയുടെ അഗാധതയില്‍ വീണുപോയ പാഞ്ചാലി തന്റെ ജീവിതം പറയുന്ന 'യജ്ഞസേനി' എന്ന പ്രതിഭാ റായിയുടെ നോവലാണ് ഓര്‍മയില്‍ തെളിഞ്ഞത്.