Quantcast
MediaOne Logo

പങ്കു ജോബി

Published: 1 Jun 2024 10:52 AM GMT

കഥാപാത്രങ്ങളെ പ്രിയപ്പെട്ടതാക്കിത്തീര്‍ക്കുന്ന കഥകള്‍

ജി. ഇന്ദുഗോപന്റെ ' ചെന്നായ' കഥാ പുസ്തകത്തിന്റെ വായന

കഥാപാത്രങ്ങളെ പ്രിയപ്പെട്ടതാക്കിത്തീര്‍ക്കുന്ന കഥകള്‍
X

'വൂള്‍ഫ് ' സിനിമയായ കഥ 'ചെന്നായ'. സിനിമ കണ്ടിട്ടില്ലാത്തത് കൊണ്ട് തന്നെ അതിക്രൂരനായ ഒരു കഥാപാത്രത്തെ പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങിയ വായന. ഒരു നിമിഷത്തേയ്ക്ക് പോലും ശ്രദ്ധ മറ്റെവിടേയ്ക്കും തിരിയാന്‍ അനുവദിക്കാതെ വായനയെ കൂട്ടികൊണ്ട് പോകുന്ന കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ഒപ്പം കഥയുടെ അവസാനത്തില്‍ എത്തുമ്പോള്‍ പിന്നെങ്ങനെയാണ് കഥയേക്കാളൊക്കെ ഏറെ കഥാപാത്രങ്ങളും കഥയുടെ അവസാന ഭാഗവും പ്രിയപ്പെട്ടതായി മാറുന്നത്?

എങ്ങനെയാണ് 'കഥയിലെ ചെന്നായ ആര്?' എന്ന ചോദ്യത്തിലേക്ക് ചിന്തകള്‍ കുരുങ്ങിപോകുന്നത്?

യഥാര്‍ഥത്തില്‍ ആരാണ് ഈ കഥയിലെ ചെന്നായ? എല്ലാവിധ പ്രതിസന്ധികളോടും മത്സരിച്ച് ജയിച്ച് സ്വാതന്ത്ര്യം കാംക്ഷിക്കുമ്പോഴും പ്രിയപ്പെട്ടവരില്‍ നിന്നും ലഭിക്കുന്ന ഏറ്റവും ചെറിയ കരുതലിന്റെയും സ്‌നേഹത്തിന്റെയും സംതൃപ്തിയില്‍ ഒതുങ്ങിക്കൂടാന്‍ പ്രേരിപ്പിക്കുന്ന സ്ത്രീമനസ്സാണൊ യഥാര്‍ഥത്തില്‍ അവളുടെ സ്വാതന്ത്ര്യത്തെ ക്രൂരതയോടെ ഭക്ഷിച്ചുകൊണ്ട് അവളുടെ തന്നെ ഉള്ളില്‍ വസിക്കുന്ന ചെന്നായ.

'പേടിക്കണ്ട, അവനിനി പിറകെ വരില്ല.'

അതൊരു വിശ്വാസമാണ്. മനുഷ്യനെ വിശ്വാസയോഗ്യമാക്കുന്നതും അവിശ്വസിക്കേണ്ടവരായി മാത്രം നിലനിര്‍ത്തുന്നതും അവരവരുടെ പ്രവര്‍ത്തിയാണെന്ന് വായിച്ചെടുക്കാവുന്ന കഥ, 'ക്ലോക്ക് റൂം'.

പണത്തിന് മുന്നില്‍ സര്‍വ്വവും മറക്കുന്ന മനുഷ്യര്‍ക്കിടയില്‍ തടിയനെ പോലുള്ളവരും ഉണ്ട് എന്ന ഒരു ഓര്‍മപ്പെടുത്തല്‍. ആരാധനാലയങ്ങളില്‍ അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ല എന്ന കാഴ്ച്ചപ്പാട് നിലനിന്നിരുന്നപ്പോഴും ദേവാലയങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടിയാവണം എന്ന ചിന്ത പങ്കു വയ്ക്കുന്നു ക്ലോക്ക് റൂമിലെ 'തടിയന്‍'.


ഏറ്റവും വേദനയോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന കഥ, 'മറുത'.

'അതിന്റെ അവസാനം ഇത്രത്തോളം രൂക്ഷമായി ഞാനൊരു കഥയിലും എഴുതിയിട്ടില്ല.' എഴുത്തുകാരന്റെ വാക്കുകള്‍. പക്ഷേ, ആ കഥയുടെ അവസാനം ഉച്ചിയില്‍ മറുകുള്ള പൊലീസുകാരന്റെ ശിക്ഷയുടെ രൂക്ഷത കുറഞ്ഞുപോയെന്ന് വായന.

ജൈവ കൃഷിയെ സ്‌നേഹിക്കുന്ന 'കിഴവന്‍'.

അപ്രതീക്ഷിതമായി സ്വയം വെളിപ്പെടിത്തുന്ന 'കുള്ളന്‍'.

പ്രശസ്തിയ്ക്കായ് കുറുക്കു വഴികള്‍ തേടി പണിപ്പെടുന്ന മനുഷ്യര്‍.

കഥാപാത്രങ്ങളേയും കഥയുടെ അപ്രതീക്ഷിത അവസാനഭാഗത്തെയും വായനയില്‍ ഏറ്റവും പ്രിയപ്പെട്ടതായി തീര്‍ക്കുന്ന കഥകള്‍, എഴുത്ത്.

കാശിനും കാമത്തിനും മുന്നില്‍ തരംതാഴാത്തവനെ പുരുഷന്‍ എന്ന് വിളിക്കാമെങ്കില്‍ 'ചെന്നായ'യിലെ 'ജോ' യും ക്ലോക്ക് റൂമിലെ തടിയനും പുരുഷ കഥാപാത്രങ്ങള്‍. ഏത് ദുരിതത്തിലും കുഞ്ഞുങ്ങളോടുള്ള കടമ മറക്കാത്ത, വാത്സല്യം മറക്കാത്ത സ്ത്രീയെ അമ്മയെന്ന് വിളിക്കാമെങ്കില്‍ 'മറുത'യിലെ 'മറുത ഓമന', അമ്മ.

'ദൈവം പോലൊരു അമ്മ.'

ഡി.സി ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍




TAGS :