മോര്‍ച്ചറി
| കഥ
അന്നൊരു വല്ലാത്ത ദിവസമായിരുന്നു. പതിവില്‍ കൂടുതലുള്ള ഫയല്‍ കൂമ്പാരം കൊണ്ടു ആ ഓഫീസ് മുറി എന്നെ ഏറെ അസ്വസ്ഥയാക്കിയിരുന്നു. പിന്നാലെ എത്തിയ തലവേദനയും പിടിമുറുക്കിയപ്പോള്‍ ഞാനാകെ തളര്‍ന്നു പോയിരുന്നു.
പതുക്കെ ടേബിളിലേയ്ക്ക് തല ചായ്ച്ചു.
നട്ടുച്ചയുടെ ആലസ്യമെന്റെ കണ്ണുകളെ മെല്ലെ തലോടിയപ്പോള്‍ ഞാനൊന്നു മയങ്ങിപ്പോയി. ആ പകല്‍ക്കിനാവില്‍ നിരാലംബവും നിത്യവുമായ ഏതോ ദുര്‍ഭര നിമിഷത്തിന്റെ ചൂടില്‍ എന്റെ ഹൃദയം ചുട്ടുപൊള്ളിക്കൊണ്ടിരുന്നു. ചേതന മുറിവേറ്റു പിടഞ്ഞു...
ഫോണിന്റെ റിങ് ഒരു ഞെട്ടലോടെയാണ് എന്നെ ഉണര്‍ത്തിയത്. പിറുപിറുത്തു കൊണ്ട് ഫോണ്‍ ചെവിയോടടുപ്പിക്കുമ്പോള്‍ മറു തലയ്ക്കല്‍ ഉറ്റ ചങ്ങാതി മിഥുന്‍ ആയിരുന്നു.
''ആശാ നീ എത്രയും പെട്ടന്ന് സിറ്റി ഹോസ്പിറ്റലില്‍ എത്തണം. ''
അത്ര മാത്രം. എന്താണെന്നോ എന്തിനെന്നോ തിരക്കും മുന്‍പേ ഫോണ്‍ കട്ടായി.
കാര്യം സീരിയസ് ആണെന്ന് ഏകദേശം മനസ്സിലാക്കിയതു കൊണ്ട് മുന്നിലിരുന്ന ഫയലുകള്‍ നോക്കി ഒരു ദീര്‍ഘ നിശ്വാസം വിട്ട് ഞാന്‍ എണീറ്റു.
പിന്നീടെല്ലാം പെട്ടന്നായിരുന്നു. ഉച്ചകഴിഞ്ഞത്തേക്ക് ലീവ് എഴുതി കൊടുത്തു നേരെ സിറ്റി ഹോസ്പിറ്റലിലേക്ക് വച്ചുപിടിച്ചു.
ഓഫീസില്‍ നിന്നും അര മണിക്കൂര്‍ ദൂരം ഉണ്ട്. ബസിനു നിന്നാല്‍ ഇന്നൊന്നും എത്താന്‍ സാധിക്കില്ല എന്ന ചിന്താഗതി എന്നെ ഓട്ടോ വിളിക്കാന്‍ പ്രേരിപ്പിച്ചു. അതിനുപരി ആശുപത്രിയില്‍ എന്താണ് എന്നതായിരുന്നു പ്രശ്‌നം.
ഇരുപത് മിനിട്ട് കൊണ്ട് ഓട്ടോ ആശുപത്രി കവാടത്തില്‍ എത്തി. അവുടുന്നു മുതല്‍ മനസ്സ് വല്ലാത്ത ആകാംഷയില്‍ ആയിരുന്നു.
ഫോണെടുത്തു മിഥുനെ വിളിച്ചു.
'മിഥുന്‍ ഞാന്‍ ഹോസ്പിറ്റലില്‍ എത്തി നീ ഇതെവിടെയാണ് '??
നീയെന്തിനാ അവിടെ നില്‍ക്കണേ മോര്‍ച്ചറിയുടെ അവിടേക്ക് വാ.......
''മോര്‍ച്ചറി''
മിഥുന്റെ സംസാരം എന്റെ നെഞ്ചില്‍ തീയാളിച്ചു.
സംശയത്തിന്റെ ഒരു കൂമ്പാരം തലച്ചോറിലേക്ക് കടന്നു കയറി.
'അവിടെന്താ? ''
നിന്ന നില്‍പ്പില്‍ ഞാന്‍ വിയര്‍പ്പില്‍ കുളിച്ചു.
പേടി കൊണ്ട് ഹൃദയം പെരുമ്പറ മുഴക്കി തുടങ്ങി.
പിന്നെ എല്ലാം യന്ത്രികമായിരുന്നു. നടക്കുന്നതൊന്നും ഞാന്‍ അറിഞ്ഞു കൊണ്ടായിരുന്നില്ല എന്ന് സാരം.
അവിടെത്തിയപ്പോള്‍ കണ്ടു പരിചയക്കാരില്‍ കുറേപേര്‍ കൂടി നില്‍ക്കുന്നു. അക്കൂട്ടത്തില്‍ മിഥുനും ഉണ്ടായിരുന്നു.
അവനെ കണ്ടതും ഞാന്‍ അവന്റെ അടുത്തേക്ക് ഓടി ചെന്നു.
''മിഥുന്‍ എന്താ എന്തു പറ്റി നിങ്ങള്‍ എല്ലാവരും ഇവിടെ?? ''
അത് ആശാ നമ്മുടെ മീര...
മീര പോയി...
അത്ര മാത്രം കേട്ടു ബാക്കി കേള്‍ക്കാനുള്ള ത്രാണി എനിക്കുണ്ടായിരുന്നില്ല.
'മീര '
ഇരുമെയ്യും ഒരുമനസ്സുമായി നടന്ന ഞാനും അവളും...
വിശ്വസിക്കാനാവുന്നില്ല.
പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ബോഡി പുറത്തിറക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നത് ഡോക്ടര്‍ ജീവന്‍ ആയിരുന്നു.
ആരെ കാണരുതെന്ന് ഞാന്‍ ആഗ്രഹിച്ചുവോ അയാള്‍ മുന്‍പില്‍..
വിങ്ങിപ്പൊട്ടി നിന്നിരുന്ന എന്നെ ഒന്നു നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല. ബന്ധം പുതുക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നില്ല എന്നതായിരുന്നു സത്യം.
അടുത്ത് നിന്നവരോട് പറയുന്നത് കേട്ടു.
'ശരീരത്തില്‍ ഒരു മുറിവ് പോലും ഇല്ല. പക്ഷേ ഇതൊരു കൊലപാതകമാണ് '
അതും പറഞ്ഞയാള്‍ എന്നെ മറി കടന്നു നടന്നു നീങ്ങി.
ആ വാക്കുകള്‍ എന്നെ ഏറെ അമ്പരപ്പിച്ചു.
ഞാനെന്തെങ്കിലും ചോദിക്കുമെന്നയാള്‍ പ്രതീക്ഷിച്ചിരിക്കണം...
ഒരു ചോദ്യവും ഉണ്ടാകാതെ വന്നത് കൊണ്ടാവാം കോറിഡോറിന്റെ അറ്റത്തു ചെന്നിട്ടു അയാള്‍ എന്നെ വിളിക്കുകയുണ്ടായി..
'ആശാ വണ്‍ മിനിറ്റ് '
ഞാന്‍ തെല്ലൊന്ന് മടിച്ചെങ്കിലും അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം ഒന്നു കൂടി പറഞ്ഞു.
'മീരയുടെ ഹൃദയത്തില്‍ ആഴത്തിലുള്ള ഒരു മുറിവുണ്ടായിരുന്നു. ആരോ അവളുടെ ഹൃദയത്തെ കൊലപ്പെടുത്തിയതാണ്.
അര്‍ഥം വച്ചുള്ള ജീവന്റെ വാക്കുകള്‍ക്ക് ഒരു താക്കീതിന്റെ ശൈലി ഉണ്ടായിരുന്നുവോ?
ആ വാക്കുകള്‍ക്കൊരു മറുപടി ഇല്ലാതെ ഞാനാ മോര്‍ച്ചറിക്കു മുന്‍പില്‍ നിസ്സഹായയായി നോക്കി നിന്നു.