തുരുത്തുകള്‍ ബാക്കിയാവുമ്പോള്‍
| കഥ
ഭൂരുഹത്തിന്റെ വയറു കീറി അതിലെ മഞ്ജയും, മാംസവും ശേഖരിച്ച് ടാറിട്ട പാതയിലൂടെ
പൊടി പറത്തി വരികയും, പോവുകയും ചെയ്യുന്ന ടിപ്പര്‍ ലോറികള്‍ കണ്ടപ്പോള്‍ സുഗുണന്റെ കണ്ണുകള്‍ കലങ്ങി. അതിനു പിറകെ തുമ്പിക്കൈ പോലെ ആട്ടി വരുന്ന ജെ.സി.ബിയെ കണ്ടപ്പോള്‍ സൈഡിലേക്ക്
ഒന്നു കൂടെ ഒതുങ്ങി മാറി നിന്നു. അതിന്റെ കൈ എങ്ങാന്‍ തട്ടിയാല്‍ തീര്‍ന്നു. താഴെയുള്ള ആഴമേറിയ കലുങ്കില്‍ വീണിട്ടാവും പിന്നെ തന്റെ അന്ത്യം.
നീര്‍ച്ചുഴിയുടെ ഗര്‍ഭാശയത്തില്‍ നിന്ന് കുഴിച്ചെടുക്കുന്ന മണ്ണിനു വേണ്ടിയുള്ള പരക്കം പാച്ചിലാണത്. ഭൂമിയിലെ ജീവജാലങ്ങളുടെയെല്ലാം എത്രയോ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരിക്കും അതിന്റെ കൂറ്റന്‍ ചക്രങ്ങള്‍ക്കു കീഴില്‍ പൊലിഞ്ഞു തീര്‍ന്നിട്ടുണ്ടാവുക!.
ചെഞ്ചായം കലര്‍ന്ന പാതയോരങ്ങള്‍ക്കരികിലായി പടര്‍ന്നു പന്തലിച്ച ആല്‍മരവും വാകമരങ്ങളും തലയുയര്‍ത്തി നില്‍പ്പുണ്ട്. പ്രണയത്തിന്റെയോ, ഭൂമിയുടെ ശോചനീയാവസ്ഥയുടെ നെടുവീര്‍പ്പു കൊണ്ടോ ചുവപ്പു രാശി ചൂടിയ വാകമരം പൂത്തുലഞ്ഞു നില്‍ക്കുന്നു. പൂജയ്‌ക്കെടുക്കാത്ത പൂക്കളുമേന്തി നില്‍ക്കുന്ന വാകമരത്തിലും, ചരിത്രങ്ങള്‍ പറയുന്ന ആല്‍മരത്തിനു മേലെയും മാനിഷാദന്റെ കടാക്ഷം വീണിട്ടില്ലാത്തതു കൊണ്ട് തണല്‍മരമെന്ന പേരു ചൂടി അവ രണ്ടും അവിടെ നില കൊള്ളുന്നു.
ജീവിതത്തിന്റെ തിരക്കുപിടിച്ച പരക്കംപാച്ചിലിനിടയില്‍ പ്രകൃതി അമൂല്യമായി കാത്തു വച്ച പലതും കൈമോശം വന്നിരിക്കുന്നു, അല്ലെങ്കില്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. അത് തിരിച്ചുപിടിക്കാനുള്ള പാഴ്ശ്രമം.
അമ്പതു സെന്റ് തരിശ് പാറയാണ്. ജീവന്‍ വെടിയുമ്പോള്‍ അച്ഛന്‍ അവനായി കരുതി വച്ചിരുന്ന ഏക സമ്പാദ്യം. ആയ കാലത്ത് ഭൂമിയുടെ ഉള്ളറ തുരന്ന് കല്‍ പണയുടെ സ്മാരകം നിര്‍മിക്കുന്നതില്‍ മുന്‍പന്തിയില്‍ ആയിരുന്നു. അമിതമായ പാറ പൊടി ശ്വാസനാളത്തിന്റെ കോശജ്വലനത്തിനെ ത്വരിതപ്പെടുത്തുകയും പതിയെ പതിയെ ആസ്മ രോഗിയിലേക്ക് പ്രയാണം ചെയ്യപ്പെടുകയും ചെയ്ത അച്ഛന്റെ മുഖം അവന്റെ മനസില്‍ തെളിഞ്ഞു. ആസ്മ മൂര്‍ച്ഛിച്ച് തുലാവര്‍ഷ പെയ്ത്തില്‍ പിന്നിത്തുടങ്ങിയ പഴയ ആധാരത്തിന്റെ കെട്ടെടുത്ത് കയ്യില്‍ വച്ചു കൊടുക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞു.
'നമ്മുടെ തരിശുനിലത്തിന്റെ ആധാരാ ഇത്! എന്താന്ന് വെച്ചാ നോക്കീം കണ്ടും ചെയ്‌തോളീ... ഇതല്ലാതെ നെനക്കു തരാന്‍ ന്റെ കയ്യില്‍ ഒന്നുല്ല്യ...' അത് കൈയേല്‍ക്കുമ്പോള്‍ അവന്റെ മനസു നിറയെ ആധി ആയിരുന്നു.
കുടുംബത്തിന്റെ തണല്‍മരം നഷ്ടപ്പെട്ടതിനു ശേഷമാണ് ജീവിതത്തിന്റെ പച്ചപ്പ് തേടി ഇറങ്ങാന്‍ തീരുമാനിച്ചത്. കയ്യിലുള്ള നാട്യശാസ്ത്രത്തിന്റെ അഹങ്കാരത്തില്‍ നാട്ടില്‍ തന്നെ ഒരു കലാക്ഷേത്രം തുടങ്ങുകയും അതിലൂടെ അമ്മയ്ക്കും, അമ്മൂമ്മയ്ക്കും, പ്രായമായ അനിയത്തിമാര്‍ക്കും, ഒരു നെടുംതൂണായ് മാറാന്‍ അവന് അധികം താമസം നേരിടേണ്ടി വന്നില്ല.
ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന് പറഞ്ഞ പോലെ ലോകം മൊത്തം പടര്‍ന്ന കൊറോണ അവന്റെ ജീവിതത്തിലും കരിനിഴല്‍ വീഴ്ത്തി. സമൂഹ വ്യാപനം തടയുന്നതിന്റെ ഫലമായി, സ്‌കൂളുകളും, കലാകേന്ദ്രങ്ങളും, മറ്റും അടച്ചിടലിലേക്ക് വഴിമാറി. ജീവിതത്തില്‍ നിന്ന് ഒഴിയാനോ ഉള്‍ക്കൊള്ളാനോ കഴിയാത്ത നിസ്സഹായതയുടെ പ്രതിസന്ധി! അതോര്‍ത്തപ്പോള്‍ സുഗുണന്റെ ഉള്ളൊന്നാളി. എത്രനാള്‍ അവനു പിടിച്ചു നില്‍ക്കാനാകും? എല്ലാ വിരുദ്ധ ശക്തികളും കൂടെ അവനെ വൈതരണികളത്തിലേക്ക് വലിച്ചെറിഞ്ഞതു പോലെ! ജീവിതമാകെ ദുരിതക്കയത്തിലേക്ക് വഴിമാറി.
ഒരു ജോലിക്ക് പലരുടെയും മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ടി വരുന്ന ഹതഭാഗ്യന്റെ നിഴല്‍ ചിത്രം. രാവുകളില്‍ മേല്‍ക്കൂരയില്ലാത്ത വാനം നോക്കി കിടക്കുമ്പോള്‍ അനിയത്തി കുട്ടികള്‍ മുന്നോട്ട് വെച്ചൊരുകാര്യം. അമ്പത് സെന്റ് 'പാറപ്പുറത്ത് കൊറച്ച് മണ്ണെറക്കിയാ... നമ്മക്കത് നല്ല ഒന്നാന്തരം കൃഷിഭൂമി ആക്കി എട്ത്തൂടെ ഏട്ടാ...?''പ്രതീക്ഷ ജ്വലിക്കുന്ന ചോദ്യം. ഉത്തരം പറയാതെ നെടുനീളന്‍ ചിന്തയില്‍ ഏര്‍പ്പെട്ടു.
അന്ന് കിട്ടിയ തരിശുനിലത്തെ ഒന്നും ചെയ്യാതെ വച്ചിരിക്കുകയായിരുന്നു. അത് കണ്ട് ഉറ്റവരും, സുഹൃത്തുക്കളും ആവതും പറഞ്ഞു; കല്‍പണിക്ക് വിട്ട് കൊടുക്കെന്ന്. ആരുടെയും വാക്ക് കേട്ടില്ല, ഉള്ളിലൊരു കമ്മ്യൂണിസ്റ്റുകാരന്‍ തലയുയര്‍ത്തി നില്‍ക്കുന്നതു കൊണ്ടാവാം! അങ്ങനെ അവന്റെ നിലത്തെ ഹരിതാഭമാക്കാന്‍ മറ്റു പലരുടെയും ഭൂമിയുടെ ഗര്‍ഭാശയം തുരന്ന് മണ്ണെടുപ്പ് തുടങ്ങി. അവിടേക്കാണ് ടിപ്പറുകള്‍ ശ്വാസം മുട്ടി വലിഞ്ഞ് വലിഞ്ഞ് എത്തി മണ്ണിറക്കി പോകുന്നത്. കുളം പോലെ വിശാലമായ പാറക്കുഴിയിലാണ് അവനാദ്യം മണ്ണ് നിക്ഷേപിക്കാന്‍ പറഞ്ഞത്. മഴ നില്‍ക്കുന്ന സമയത്ത് വെള്ള സംഭരണി പോലെ അതില്‍ നിറയെ വെള്ളം കെട്ടിക്കിടപ്പുണ്ടാവും. പണയിലെ പണി കഴിഞ്ഞ് വരുന്നവര്‍ അവിടെ നിന്നാണ് അലക്കും കുളിയും. കുഴിയില്‍ ഓരോ തരിമണ്ണും വന്ന് വീഴുന്നത് കണ്ടപ്പോള്‍ നാട്ടാര്‍ അഭിപ്രായം പറയാന്‍ തുടങ്ങി.
'നെന്റെ തലക്കെന്നാ സുണാ ഓളം ഇണ്ടാ... ഈ കരിമ്പാറ പൊര്‍ത്ത് മണ്ണെര്‍ക്കി കനകമണികള്‍ വെളയിക്കാന്‍! നല്ല പൂതിയന്നെ!'
സുഗുണന്‍ ആരോടും, കയര്‍ക്കാനോ അഭിപ്രായം പറയുന്നവരെ നിരുത്സാഹപ്പെടുത്താനോ നിന്നില്ല. ഭൂമിയുടെ മാറില്‍ കുഴല്‍ കിണര്‍ കുത്തി ജലത്തിനുള്ള വഴി കണ്ടെത്തി. പുളിരസമുള്ള മണ്ണില്‍ കുമ്മായപ്പൊടി വിതറി. ജെ.സി.ബി വെച്ച് മണ്ണ് നിരപ്പാക്കി, ചാല് വെട്ടി. അമ്മയും, അനിയത്തിമാരും കൃഷിയിടത്തിലെല്ലാം ഉറ്റ തുണയായി. ദീര്‍ഘനാളത്തെ കഠിനമായ അധ്വാനത്തിനും പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പിനും ഒടുവില്‍ വിയര്‍പ്പിന്റെ വിലയായി കനകമണികള്‍ വിളഞ്ഞ് വിളനിലം സ്വര്‍ണ്ണാഭമായി. ഉറ്റവരും, നാട്ടുകാരും മൂക്കത്ത് വിരല്‍ ചേര്‍ത്തു.
കൃഷി അവന് അനുഗ്രഹം ചൊരിഞ്ഞു. പെങ്ങന്‍മാരെ നല്ല നിലയില്‍ കെട്ടിച്ചയച്ചു. അമ്മയുടെ മരണത്തോടെ കറ്റ കൂട്ടാനും മെതിക്കാനും ഉണക്കാനും നിലം തല്ലി നിരപ്പാക്കി ചാണകം മെഴുകിയ കളത്തിലിരുന്ന് ജീവിതത്തെക്കുറിച്ച് അതിരില്ലാത്ത സ്വപ്‌നങ്ങള്‍ കാണാനും അവന് തുണയായും, ഇണയായും സീതമ്മ വന്നു.
രണ്ടാം കൃഷിക്ക് ഒരുക്കങ്ങല്‍ നടത്തുന്നിതിനിടയില്‍ വീണ്ടും കൊറോണ ശക്തി പ്രാപിക്കുന്നുവെന്ന വാര്‍ത്ത, ന്യൂസ് ചാനലും പത്രത്തിന്റെ മുന്‍ പേജും കയ്യടക്കാന്‍ തുടങ്ങിയത് കണ്ണിലുടക്കി.
കഴിഞ്ഞ ഇതേ വര്‍ഷം അവന്റെ മനസ്സില്‍ തെളിഞ്ഞു.
'പൊന്നു വിളയുന്ന മണ്ണിനും മണ്ണിലധ്വാനിക്കുന്ന മനുഷ്യനും കടലാസുവില പോലുമില്ലാത്ത ഒരു ദുരിതകാലത്തിന്റെ കടന്നു വരവാണ് വരാന്‍ പോകുന്നതെന്ന് അവന്റെ മനസ്സ് മന്ത്രിച്ചു'.
തരിശായി കിടക്കുന്ന ഭൂമിയെല്ലാം അവന്‍ പാട്ടത്തിനെടുത്തു. തുടക്കത്തില്‍ നിരുത്സാഹത്തിന്റെ പട്ടം ചാര്‍ത്തി കൊടുത്തവര്‍. അവനോട് ചേരാന്‍ മത്സരിക്കാന്‍ തുടങ്ങി. വരാന്‍ പോകുന്ന കെട്ട കാലത്തിനെ പ്രതിരോധിക്കാന്‍ അന്യം നിന്നുപോകുന്ന കാര്‍ഷികവൃത്തി നെഞ്ചോട് ചേര്‍ക്കണമെന്ന് അപ്പോഴേക്കും അവര്‍ക്കും തോന്നി തുടങ്ങിയിരുന്നു.
പൊന്‍കതിരുകള്‍ കാറ്റത്താടുന്നതു കണ്ട് അവര്‍ എല്ലാ വിഷമവും മറന്നു. 'ഇവിടെ വിളയുന്നത് നെല്ലല്ല, ഞങ്ങളുടെ സ്വപ്നങ്ങളാ...ജീവിത സ്വപ്‌നങ്ങല്‍'' എന്ന് പറഞ്ഞ് അവര്‍ സുഗുണനെ കെട്ടിപിടിച്ചു.
കല്‍പ്പണകളുടെ ശവപ്പറമ്പില്‍ ഉയരുന്ന കൊടും വെയിലിന്റെ ചൂടേറ്റിട്ടോ ഉള്ളിലുള്ള സന്തോഷാഗ്‌നിയുടെ ബാഷ്പകണങ്ങള്‍ സാന്ദ്രീകരിച്ചിട്ടോ എന്നറിയില്ല സുഗുണന്റെ കണ്ണുകല്‍ സജലങ്ങളായി. തലയില്‍ കെട്ടിയ തോര്‍ത്തെടുത്ത് സുഗുണന്‍ കണ്ണു തുടച്ച് ചുറ്റിലും നോക്കി. കറുത്ത കരിമ്പാറ കെട്ടുകളെല്ലാം, കണ്ണെത്താ ദൂരത്തോളം പച്ച പരവതാനി വിരിച്ചതു പോലെ നെല്‍പാടങ്ങള്‍ നിറഞ്ഞ പച്ചത്തുരുത്തുകല്‍ മാത്രമായി മാറിയിരിക്കുന്നു.
ഉദയസൂര്യന്റെ ചുംബനത്താല്‍ തിളങ്ങിയാടുന്ന കതിര്‍ക്കുലകള്‍ കൊയ്യേണ്ട സമയമായിരിക്കുന്നു. നാട്ടിലെ കര്‍ഷക പ്രേമികളോടൊക്കെ സുഗുണന്‍ ഓടി നടന്നു ചോദിച്ചു, കൊയ്ത്തിന് വരാമോന്ന്. പലര്‍ക്കും തിരക്ക് തന്നെ. ഇടതടവിട്ടുള്ള മഴ കാണുമ്പോള്‍ സുഗുണന്റെ നെഞ്ച് പൊടിഞ്ഞു. മഴ കനക്കനെ പെയ്താല്‍ കൃഷിയെല്ലാം വെള്ളത്തിലാകും. തന്നെ വിശ്വസിച്ച് കൂടെ ഇറങ്ങിയവരുടെ കാര്യം കൂടി കഷ്ടത്തിലാകും. പലതും ചിന്തിച്ച് മനമുരുകിയാണ് വായനശാലയില്‍ ചെന്നു കയറിയത്. വായനശാലയിലെ പൊടിപിടിച്ച മാസിക വെറുതെ മറിച്ചു നോക്കുമ്പോഴാണ് അവന്റെ ദൃഷ്ടിയില്‍ ആ പരസ്യം പതിഞ്ഞത്.
കൊയ്ത്ത് യന്ത്രം! മണിക്കൂറുകള്‍ കൊണ്ട് നെല്ലും വൈക്കോലും വേര്‍തിരിക്കുന്ന ആ വിശിഷ്ടയന്ത്രത്തെ കുറിച്ച് ഓര്‍ത്ത് മനോരാജ്യത്തില്‍ പെട്ടപ്പോഴാണ് ലൈബ്രറിയുടെ സെക്രട്ടറി മനോജ് വന്നത്.
'അല്ലാ.. സുണാട്ടാ നിങ്ങയിന്ന് നേരത്തെ വന്നാ!''
മറുപടിയില്ലാതെ തല കുമ്പിട്ടിരിക്കുന്ന സുഗുണന്റെ തോളില്‍ മനോജ് കയ്യമര്‍ത്തി.
'എന്തു പറ്റി?''
'ഒന്നുല്ലടാ..''
''അതൊന്നും അല്ല എന്തോ ഇണ്ട്'' അവന്‍ വിടാന്‍ ഭാവമില്ല. അവസാനം മാസികയിലെ പരസ്യം അവനു മുന്നില്‍ വെളിവാക്കി. മനോജ് അതൊന്ന് ഓടിച്ചു നോക്കി ചിന്തയിലാണ്ടു.
''കൊയ്യാനൊന്നും ആരേം കിട്ടുന്നില്ല. ഞാനീ വഴി ആലോയിച്ചാലോ എന്ന് വിചാരിക്കുവാ!'മുഖത്തു നോക്കാതെ സുഗുണന്‍ ചോദ്യമെറിഞ്ഞു.
'അത് നല്ല കാര്യം തന്നെയാന്ന്. പക്ഷെ, ഒത്തിരി പൈസയാവൂലേ!'
'അതൊന്നും സാരൂല, നീ ഇവരെയൊന്ന് കോണ്ടാക്റ്റ് ചെയ്ത് തന്നാ ഉപകാരമായേനും' സുഗുണന്റെ ദയനീയ ഭാവത്തിനു മുന്നില്‍ മനോജ് ആ നമ്പര്‍ ഡയല്‍ ചെയ്ത് കാര്യങ്ങള്‍ അന്വേഷിച്ചു..
കൊട്ടും കുരവയുമായി അങ്ങനെ കൊയ്ത്ത് യന്ത്രം സുഗുണന്റെയും, സുഹൃത്തുകളുടെയും കൃഷി നിലത്തിലേക്ക് എത്തി. തലേന്നാള്‍ വരെ വിതുമ്പി കരഞ്ഞു കൊണ്ടിരുന്ന മഴയ്ക്ക് വന്ന ശാന്തത കണ്ട് സുഗുണന്‍ ആശ്വാസം കൊണ്ടു.
കരസ്പര്‍ശമില്ലതെ ഒരു യന്ത്രം നെല്ലും വൈക്കോലും വേര്‍തിരിക്കുന്ന കാഴ്ച കാണാന്‍ ആ നാട്ടിലെ ആള്‍ക്കാരു മുഴുവന്‍ അവിടെ തടിച്ചുകൂടിയിരുന്നു. കതിരുകളെല്ലാം ഏകദേശം കൊയ്തു കഴിഞ്ഞിരുന്നു. ആവേശത്തിരയോടെ സുഗുണന്റെ നിലത്തിലേക്ക് കൊയ്തു നീങ്ങുന്ന യന്ത്രം പൊടുന്നനെ മണ്ണില്‍ പുതഞ്ഞു പോയി. ആവുന്നത്ര ശ്രമിച്ചിട്ടും ഡ്രൈവര്‍ക്കതിനെ മുന്നോട്ടോ, പിന്നോട്ടോ ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. അസ്വസ്ഥതയോടെ അയാള്‍ സുഗുണന് നേര്‍ക്ക് നോട്ടമെറിഞ്ഞു. സുഗുണനും ആകെ അങ്കലാപ്പിലായി. എന്താണ് പറ്റിയത് ഒരു പിടിയും കിട്ടുന്നില്ല.
അപ്പോഴാണ് വെള്ളിടി പോലെ പാറക്കുളം! മനസ്സില്‍ തെളിഞ്ഞത് രായ്ക്കുരാമാനം പെയ്തുലഞ്ഞ മഴയില്‍ മണ്ണ് കുഴഞ്ഞ് ചളിയായി തീര്‍ന്നിട്ടുണ്ടാവും. അതിലാണ് യന്ത്രം കുടുങ്ങിയിരിക്കുന്നത്.
'എന്റെ മുത്തപ്പാ...' ഒരു ആര്‍ത്തനാദം സുഗുണന്റെ തൊണ്ട വരെ എത്തി തിരികെ പോയി.
പാതിയും താഴ്ന്ന യന്ത്രത്തില്‍ നിന്നും ഡ്രൈവര്‍ പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് എടുത്ത് ചാടി. നോക്കി നോക്കി നില്‍ക്കെ യന്ത്രത്തിന്റെ എല്ലാ ഭാഗവും ചതുപ്പിലേക്കെന്നപ്പോലെ പൂണ്ടു പോകുന്നതു കണ്ടപ്പോള്‍ സുഗുണന്റെ കണ്ണുകളില്‍ ഇരുട്ടു കയറി. പ്രകൃതിതന്ന ശിക്ഷയാണോ ഇത്, തായ്‌വേര് പോലും ബാക്കി വെക്കാത്ത മട്ടില്‍ ഉഴുതെടുത്ത മൃത്തിന്റെ ശാപമാണെന്ന് അവന്റെ ഉള്ളം മന്ത്രിച്ചു കൊണ്ടിരുന്നു.
കര്‍മഫലം ദുരന്തമായി തിരിഞ്ഞു കൊത്തുകയാണോ? ഭൂമിയില്‍ നിന്നും തുരന്നെടുത്ത് അവിടെയവിടെ കൂന കൂട്ടിയിരുന്ന മണ്‍കൂനകള്‍ എല്ലാം തുരുത്തു പോലെ തന്നെ നോക്കി പല്ലിളിക്കുകയാണെന്ന് അവന് തോന്നി.
ഒരു ആശ്വാസം തേടി ചുറ്റിലും മിഴി പരതുമ്പോഴേക്കും കാലുകള്‍ കുഴഞ്ഞവന്‍ നനഞ്ഞ മണ്ണിലേക്ക് തളര്‍ന്ന് ഊര്‍ന്നു. ജീവന്റെ അവസാനത്തെ സ്പന്ദനവും ഭൂമിയോട് ചേരുന്നതും ചുറ്റിലും ആളുകള്‍ കൂടുന്നതും അറിയാതെ മോക്ഷം തേടുന്നതു പോലെ അവന്റെ കരങ്ങളപ്പോള്‍ ധരണിയെ അള്ളി പിടിച്ച് തുടങ്ങിയിരുന്നു.