ഈച്ച
| കഥ
'ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഞാന്‍ ഒരു ഒറ്റമൂലി കണ്ടുപിടിച്ചു'.
ചന്തയില്‍ ഇട്ടൂപ്പേട്ടന്റെ ചായക്കടയില്‍ കടുംകാപ്പി കുടിച്ചോണ്ടിരിക്കുമ്പോള്‍ രാമകവി പ്രഖ്യാപിച്ചു. രാവിലെ വെളിപാട് ഉദിച്ചപ്പോള്‍ വെളിക്കുപോലും പോകാതെ, ദേവിയെപ്പോലും തിരിഞ്ഞുനോക്കാതെ വച്ചുപിടിപ്പിച്ചതാ, ചന്തമുക്കിലെ ഇട്ടൂപ്പിന്റെ ചായക്കടേല്.
തെക്കേടം നമ്പൂരി പോലും അറിഞ്ഞില്ല. അറിഞ്ഞാല് ഒറ്റമൂലീടെ ആജന്മാവകാശം, പേറ്റന്‍സി എന്ന ഇണ്ടാസ്സ് കാട്ടി തട്ടിയെടുത്താലോ ന്ന് ഒരുള്‍പ്പേടീം തോന്നി. വല്യോര്‍ക്ക് എന്തും ആവാലോ.
ഇയ്യിടെയായി തെക്കേടത്തമ്മയ്ക്കും വരേണ്യവര്‍ഗ്ഗത്തോടൊരു ചായ്‌വുണ്ട്. മ്മളെ കണ്ടാല്‍ പുല്ലുവെല.
മിണ്ടാണ്ടിരിക്കണത് പേടിച്ചൊട്ടൊന്ന്വല്ല, എന്തേലുമാവട്ടേന്ന് കരുതീട്ടാ. സമയമാവട്ടെ, കാട്ടിത്തരാം.
ഇപ്പോഴത്തെ വിശേഷം ദാരിദ്ര്യം തന്നെ. കൂടി വരണൂന്ന് യൂഎന്‍ന്റെ മൂപ്പമ്മാരും ശിങ്കിട്യോളും നേരം വെളുത്താല് മൂന്നുനേരം വെളമ്പണൂണ്ട്. ഇതിനൊരു പരിഹാരം വേണം. ഉച്ചാടനം തന്നെ. കടന്ന ക്രിയയാണ്.
രാമന്‍ ചുറ്റും നോക്കി. ഈച്ച കൂടുംപോലെ ചുറ്റിലും ആകാംക്ഷാഭരിതമായ കണ്ണുകള്‍, മുഖങ്ങള്‍, മനസ്സുകള്‍!
ഹോ, എത്ര നാളായി ഇത്തരം ഒരു ശ്രോതവൃന്ദത്തെ കണ്ടിട്ട്.
ഇട്ടൂപ്പിന്റെ ചായക്കടയിലെ രാഷ്ട്രീയത്തിനും ചായക്കും ഏകദേശം ഒരേ ചൂടാണ്.
രാമന്‍ എല്ലാരേം നോക്കീട്ട് ആവര്‍ത്തിച്ചു, 'അല്ലാ നാട്ടിലും വീട്ടിലും പട്ടിണി ജാസ്തി ആയിരിക്കുണൂ. മഹാമാരി കഴിഞ്ഞേയുള്ളൂ. വേറെ വഴീല്ലാണ്ട് ദരിദ്രവര്‍ഗ്ഗം ഒരു മഹാമാരിപോലെ പടരണൂ. സര്‍ക്കാരും മടുത്തു. അതോണ്ടല്ലേ മുട്ടിനു മുട്ടിനു പ്രഖ്യാപനങ്ങളും വരണത്.
പോരാത്തേന് ദാ ഇപ്പൊ രണ്ടായിരത്തിന്റെ നോട്ട് വേണ്ടാന്ന് വച്ചല്ലോ. എന്താ കാര്യം. പാവപ്പെട്ടോരടെ കയ്യില് കാശില്ല. അപ്പൊ, പണക്കാരെ അവരടെ നെലേല് എത്തിക്കാനാ രണ്ടായിരത്തിന്റെ നോട്ട് ഇല്ലാണ്ടാക്കണേ. ഇപ്പൊ ഇനി മാലോകരെല്ലാരും ഒന്നുപോലെയാവില്ലേ?
എന്നിട്ടും തീരണില്ലാച്ചാല് ഒക്കെറ്റിനേം വെടിവച്ചു കൊല്ലണം, ഈ ദാരിദ്ര്യംപിടിച്ചോറ്റങ്ങളെ. ഹൌ...'
കവി വികാരവിക്ഷോഭത്തില്‍ പറഞ്ഞുതീര്‍ത്തു.
ഇതൊന്നും അറിയാതെ ഒരു ഈച്ച ചായഗ്ലാസ്സിന്റെ വക്കത്തിരുന്നു ഇത്തിരി പഞ്ചാര നക്കാന്‍ നോക്കി. അത് കണ്ട് ആട്ടിയോടിക്കാന്‍ രാമനും നോക്കി.
പോണില്ല.
ദേഷ്യം വന്നു രാമന്‍ ഒറ്റയടി.
ഈച്ച ചത്തു. രാമന്‍ വിജയിച്ചു.
ദരിദ്രവര്‍ഗ്ഗത്തിന്റെ ഇത്തിരി മധുരം പോലും ഊറ്റികുടിക്കാന്‍ വരുന്ന ഈച്ചയും അധികാരിവര്‍ഗ്ഗവും ഒരേപോലെയെന്ന ആശയം ശ്ലോകത്തിലാക്കാന്‍ കവിമനസ്സ് തയ്യാറായി.
അപ്പോഴാണ് ഇട്ടൂപ്പിന്റെ ഒച്ച പിന്നാലെ കേട്ടത്. ഒരു ചായ പത്തു ഉറുപ്യ. ഗ്ലാസ്, നാപ്പത് ഉറുപ്യ. പഴേ കടം നൂറ്റിയറുപതു ഉറുപ്യ. വച്ചിട്ട് പോയാമതി.
നിമിഷാര്‍ദ്ധംകൊണ്ട് രാമന്‍ ഈച്ചയായി.
****************