Quantcast
MediaOne Logo

ചുളിവുകള്‍

| കഥ

ചുളിവുകള്‍
X
Listen to this Article

രാവിലെ എഴുന്നേല്‍ക്കുമ്പോഴും ഒരു തീരുമാനത്തിലെത്തിയിരുന്നില്ല.

പോവണോ?..

വേണ്ടയോ?..

മനസാക്ഷി രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളേയും ത്രാസുകളിലിട്ട് സമനില കാണിച്ച് ന്യായീകരിച്ചു കൊണ്ടേയിരുന്നു.

എങ്കിലും യാന്ത്രികമായി ആ യാത്രയ്ക്ക് തയ്യാറെടുത്തു കൊണ്ടിരുന്നു.

അലമാരയില്‍ നിന്ന് നല്ലതെന്നു തോന്നിയ ഒരു സാരി തിരഞ്ഞെടുത്തു. ചൂടു കൂട്ടി അമര്‍ത്തി തേച്ചിട്ടും ചുളിവുകള്‍പിന്നെയും നിവരാതെ തന്നെ കിടക്കുകയാണ്. കാലം വരുത്തിയ ചുളിവുകള്‍ ഒന്നും തന്നെ ഇനി നിവര്‍ത്താനാവില്ലല്ലോ? ആത്മഗതം കേട്ടിട്ടാവാം ഉത്തരത്തിലിരുന്നു ഒരു പല്ലിയപ്പോള്‍ ഒന്നു ചിലച്ചത്.

ഇന്നദ്ദേഹത്തിന്റെ മകളുടെ വിവാഹമാണ്..!

ഞാനും ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ആദ്യം ക്ഷണക്കത്ത് കണ്ടത് ക്ലാസ്‌മേറ്റ് ഗ്രൂപ്പിലായിരുന്നു.

ഒരു വര്‍ഷം മുമ്പു നടന്ന ഒരു ഗെറ്റ് ടുഗതറിന് ശേഷം രൂപീകരിച്ച ഗ്രൂപ്പായിരുന്നു അത്. അന്ന് ആ ഒത്തു ചേരലിനെ കുറിച്ച് അറിഞ്ഞിരുന്നെങ്കിലും പോയിട്ടില്ലായിരുന്നു. എങ്കിലും ആരാലോ ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ടു.

ക്ഷണക്കത്ത് കണ്ടപ്പോള്‍ കണ്ണുകളൊന്നു നിറഞ്ഞോ? രണ്ടു ദിവസം കഴിഞ്ഞാണ് പേഴ്‌സണലായി ക്ഷണക്കത്ത് കിട്ടിയത്. അപ്പോള്‍ കണ്ണുകള്‍ നിയന്ത്രണം വിട്ടൊഴുകിയത് എന്തിനായിരുന്നോ എന്തോ? എന്തൊരു നിറമായിരുന്ന ആ ക്ഷണക്കത്തിലെ വരികള്‍ക്ക്.

അതെ...

പ്രണയത്തിന്റെ സൗരഭ്യം നുകരനായി ഒന്നിക്കുന്ന ആ ന്യൂ ജെന്‍ കുട്ടികള്‍ക്ക് ആശംസകളര്‍പ്പിച്ചിട്ടു പോരണം.!

തലയിലിട്ട കറുത്ത മഫ്ത്ത ഇന്നലെ വാങ്ങിയതായിരുന്നു. എന്നിട്ടും കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ണിലെ കൃഷ്ണമണി പോലെ അതിനും നരബാധിച്ചിരിക്കുന്നതായി തോന്നി.

മകളുടെ കണ്‍മഷി ചെപ്പില്‍ നിന്നല്‍പമെടുത്തിട്ടു.

ഏച്ചുവെച്ചാല്‍ മുഴച്ചിരിക്കുമല്ലോ?

അതപ്പോള്‍ തന്നെ തുടച്ചു കളഞ്ഞു.

നിന്റെ കണ്ണുകള്‍ക്കെന്ത് വലുപ്പമാണ് നുജൂം'

അന്ന് ആ വാക്കുകള്‍ കേട്ട് വല്ലാതെ പുളകിതമായിരുന്നു.

കാണുമ്പോള്‍ നല്‍കാനായി ഒരു പുഞ്ചിരി ഡമോ ചെയ്തു നോക്കി.

ചിരിയുടെ കോണളവുകളെല്ലാം തെറ്റി അതു കരച്ചിലിലാണെത്തിയത്.

ബസ്സ് കൂലിക്കുള്ള പണമെടുത്തു പഴ്‌സില്‍ വെയ്ക്കുമ്പോഴാണതു ശ്രദ്ധയില്‍ പെട്ടത്.തഴമ്പിച്ച കൈകളിലെ വിയര്‍പ്പു തട്ടി അതു വല്ലാതെ മുഷിഞ്ഞു പോയിരുന്നു.

ബസ്സിന്റെ സൈഡ് ഗ്ലാസ് തുറന്നു വെച്ചു തെക്കന്‍ മലനിരകളിലെ ചുളിവുവീണ പച്ചപ്പു നോക്കിയിരിക്കുമ്പോള്‍ ഓര്‍മകളും പതം പറഞ്ഞു കൊണ്ടു കൂടെയുണ്ടായിരുന്നു.

കാമ്പസിലെ ആയിരം മുഖങ്ങളില്‍ നിന്ന് ആ ഒരു പുഞ്ചിരി മാത്രം ഹ്യദയ കവാടങ്ങള്‍ തള്ളി തുറന്ന് കേറി വന്നതും പുതുമഴയില്‍ മുള പൊട്ടിയ വിത്തുകള്‍ പോലെഅരുതേ.. എന്ന് എത്ര വിലക്കിയിട്ടും തഴച്ചു വളര്‍ന്നതും എന്തിനായിരുന്നു...?

'ഐ.എ.എസ് ആണ് എന്റെ ലക്ഷ്യം. അച്ഛന്‍ എന്നെ നേര്‍ച്ച കോഴിയെ പോലെ അതിനായി ഉഴിഞ്ഞിട്ടിരിക്കുകയാണ്.

'എങ്കിലും ഞാന്‍ വരും നുജൂം. നീ കാത്തിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.'

മറുപടി ഒരു മൂളലായിരുന്നു. കണ്ണീരില്‍ വഴുതിപോയി ഘനമില്ലാത്ത, ഉറപ്പില്ലാത്ത ഒരു മൂളല്‍.

എന്നിട്ടും വന്നൂത്രേ..

ഉമ്മയാണതു പറഞ്ഞത്.

അബ്ദു പിടിക്കപ്പെട്ട ദിവസമായിരുന്നു അന്ന്. പൊലീസ് അന്ന് വീട് റൈഡുചെയ്തു കുറെ കടലാസുകെട്ടുകളും പ്രത്യേക തരത്തിലുള്ള ഒന്നു രണ്ട് ആയുധങ്ങളും കണ്ടെടുത്തിട്ടു പോയി. എല്ലാമറിഞ്ഞിട്ട് വന്നതായിരുന്നു ഉമ്മയും ബാപ്പയും.

'തെക്കേലെ അപ്പുവായരുടെ മോന്‍ ഇന്നലെ വന്നിരുന്നു. ഇപ്പൊ കളക്ടറുദ്യോഗത്തിനുള്ള പരീക്ഷ ജയിച്ചൂത്രേ.. ' ഉമ്മ എന്തിനായിരുന്ന അപ്പോള്‍ അക്കാര്യം പറഞ്ഞത്? ഒരു കാര്യം എപ്പോള്‍ എവിടെ എങ്ങനെ പറയണം എന്നറിയാത്ത, കഥയില്ലാത്ത ഒരുത്തിയായിരുന്നല്ലോ ഉമ്മ. കേട്ടപ്പോള്‍ ചിരിക്കുകയോ കരയുകയോ ചെയ്തില്ല. പക്ഷെ, മുലചപ്പി കൊണ്ടിരുന്ന മകളുടെ മുഖത്തു നിന്ന് കണ്ണു പറിച്ചു ബാപ്പയെ നോക്കി. ആദ്യമായിട്ടായിരുന്നു അങ്ങനെ ബാപ്പയെ മുഖമുയര്‍ത്തി നോക്കിയത്. വെള്ളിയോടിയ താടിക്കു മുകളില്‍ ബാപ്പയുടെ രണ്ടു കണ്ണുകളും അപ്പോള്‍ അടഞ്ഞു കിടന്നു.

'ശൈത്താനേ...

ഇല്ലാത്ത പൈസേണ്ടാക്കി കോളേജിലയച്ചത് ഇതിനായിരുന്നോ... അതും ഒരു കാഫിറിന്റെ മോനുമായി...

കൊല്ലും ഞാന്‍. 'അന്നു തീക്കട്ടകള്‍ ചിതറി വീണ കണ്ണുകളായിരുന്നു അപ്പോള്‍ നീണ്ട നാസികക്ക് ഇരുവശവുമായി രണ്ടു കരിക്കട്ടകള്‍ പോലെമുഴച്ചിരുന്നത്. ബാപ്പ കണ്ണുതുറക്കുന്നില്ലെന്നു കണ്ടപ്പോള്‍ വീണ്ടും നോക്കി. തൊപ്പിയിട്ട തലയിലും വെളുത്ത മുഴുക്കയ്യന്‍ കുപ്പായത്തിലും എല്ലാം കണ്ണുകള്‍ കൊണ്ടുഴിഞ്ഞു.

മടിയിലിരുന്ന മകളാണോ അതിനു ധൈര്യം തന്നത്? കണ്ണു തുറന്നില്ലെങ്കിലും മകളുടെ നോട്ടത്തിന്റെ കനലേറ്റിട്ടാവാം ബാപ്പ അപ്പോള്‍ എഴുന്നേറ്റ്ഉമ്മറത്തേക്കു നടന്നു.

അബ്ദു ലോക്കപ്പില്‍ കൊല്ലപ്പെട്ട ദിവസവും അങ്ങനെയൊരു നോട്ടം ബാപ്പയെ നോക്കി.. പിന്നെ പലപ്പോഴും നോക്കി. സ്വരുകൂട്ടി വെച്ച പണവുമായി ഇടയ്ക്കിടെ ബാപ്പയേയും ഉമ്മയേയും കാണാന്‍ പോവുമ്പോഴെല്ലാം നിഗൂഢമായ ഒരാനന്ദത്തോടെ ബാപ്പയുടെ കരിഞ്ഞ കണ്‍പോളകളുള്ള മുഖത്തേക്കു നോക്കി കൊണ്ടേയിരുന്നു..

'ഞങ്ങള്‍ക്കുള്ള ചെലവിനു കൂടി തരാന്‍ നിനക്കെവിടുന്നാ പണം ' എന്നു ബാപ്പ ചോദിച്ചിരുന്നെങ്കില്‍

ഈ നീരുവറ്റിയ ഇറച്ചി വിറ്റിട്ടാണെന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ, മകളെ കാണുമ്പോഴെല്ലാം കണ്ണുകള്‍ പോലെ തന്നെ ബാപ്പയുടെ ചുണ്ടുകളും മൗനത്തിന്റെ കരിമ്പടമിട്ടു..

ഇന്നത്തേണ്ട സ്ഥലത്തിന്റെ റൂട്ട് മാപ്പിട്ട് മാളുക്കുട്ടിത്തള്ള ഇന്നലേയും മെസ്സേജിട്ടിരുന്നു.

ഒഴിച്ചുകൂടാനാവാത്ത ഒരു കല്യാണം ഉണ്ടെന്നു പറഞ്ഞപ്പോള്‍..

'കസ്റ്റമേഴ്‌സ് കൂടുതലുണ്ടാവുമ്പോഴാ അവളുടെയൊരു ഒടുക്കത്തെ കല്യാണം.' എന്നു പ്രാകിയതാണ്.

ഈ പണിക്കെന്തിനാ തള്ളയെ പോലെയൊരു ഇടനിലക്കാരിയെന്ന് പലപ്പോഴും ആലോചിക്കാറുള്ളതാണ്.

പക്ഷെ, ഉമ്മയുടെ തൊഴിലിനെ പറ്റി മകള്‍ അറിയാതിരിക്കാന്‍ ഇങ്ങനെയൊരു തള്ളയുടെ ഇടനില നല്ലതാണ്.



അച്ചാറു കമ്പനിയില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഉമ്മ എങ്ങനെയാണ് എന്റെ ഭാരിച്ച ഫീസടയ്ക്കുന്നതെന്ന് അവള്‍ ചോദിക്കുമെന്ന് പലപ്പോഴും ഭയപ്പെടാറുണ്ട്.. ബാപ്പയെ പോലെ അവളും തനിക്കു നേരെ കണ്ണും വായും അടച്ചിരിക്കുകയാണോ?

സിറ്റി സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി ഒരു ഓട്ടോ വിളിച്ചു.

റിസപ്ഷന്‍ ഹാളിന്റെ പേരു പറയുമ്പോള്‍ ചുളിവു നിവരാത്ത സാരിയിലേക്കും അഴുക്കുപുരണ്ട പഴ്‌സിലേക്കും ഓട്ടോകാരന്‍ ഒന്നു നോക്കിയോ...?

സിറ്റി ഓഡിറ്റോറിയമോ?

അവിടെയിന്ന് കളക്ടര്‍ സാറിന്റെ മകളുടെ വിവാഹമാണല്ലോ? നിങ്ങള്‍ക്കു തെറ്റിയോ..?

ഇല്ല..!

മുന്നോട്ടെടുക്കുമ്പോള്‍ സൗഹ്യദ ഭാവത്തില്‍ അയാള്‍ പിന്നെയും ആരാഞ്ഞു.

കളക്ടര്‍ സാറിന്റെ ആരാ?..

എട്ടുകാലി മുട്ട പൊട്ടിയതു പോലെ ആ ചോദ്യം ആ ഓട്ടോറിക്ഷയിലാകെ ചിന്നി ചിതറി ശരീരത്തിലേക്ക് അരിച്ചു കയറാന്‍ തുടങ്ങി.

'അതെ...

'ഞാനാരാണ്?...

റിസപ്ഷന്‍ ഹാളിലെ പല ചുണ്ടുകളിലുംഡ്രോണില്‍ പറക്കുന്ന ക്യാമറ കണ്ണുകളിലും ആ എട്ടുകാലി കുഞ്ഞുങ്ങളുണ്ടാവും...!

'സോറീട്ടോ....

എനിക്കു തെറ്റി...!

ഒന്നു തിരിച്ചുവിടോ?...


ചിത്രീകരണം: ഷമീല





ഖദീജ ഉണ്ണിയമ്പത്ത്

TAGS :