Quantcast
MediaOne Logo

ലിസ ലാലു

Published: 11 Oct 2024 1:06 AM GMT

സാറാമ്മയുടെ മരണം: ഒരു കൊലപാതകം | Short Story

കഥ

സാറാമ്മയുടെ മരണം: ഒരു കൊലപാതകം | Short Story
X

കാപ്പിപ്പൊടി നിറമുളള നീളന്‍ ശവപ്പെട്ടിയ്ക്കുള്ളില്‍ മുഖത്തൊരു കോടിയ പുഞ്ചിരിയോടെ സാറാമ്മ കിടന്നു. പടിഞ്ഞാറന്‍ വെയില്‍ പള്ളിക്കുരിശില്‍ തട്ടി അവളുടെ മുഖത്തോളം ചെന്നു. ശിശിരം പൊഴിച്ച റബറിലകള്‍ മാലാഖമാരുടേയും കാസയും കുരിശും സ്വര്‍ണ്ണ നൂലിട്ട് തുന്നിയ, മരിച്ചെന്നു തോന്നാത്ത സാറാമ്മയുടെ ഉടല്‍ പുതപ്പിലേക്ക് പൊഴിഞ്ഞു. മരണം ഒരിക്കലും ചിന്തിക്കാത്ത നേരത്തായിരുന്നു. മരിക്കുമെന്ന് ആരും വിചാരിച്ചതുമല്ല.

ഭൂമി പിളര്‍ന്നതിനാഴത്തിലേക്ക് ആരോ തള്ളിയിട്ടത് പോലെ കുഞ്ഞവറാന്‍ മതിലോരത്ത് ഒരേ നില്‍പ്പ് നില്‍ക്കുകയായിരുന്നു. തലേന്നത്തെ കെട്ട് വിടാത്തത് കൊണ്ട് ചെങ്കണ്ണ് പിടിച്ചത് പോലെ കണ്ണു കലങ്ങിയിരുന്നു. അപ്പോഴും സത്യത്തോട് പൊരുത്തപ്പെടാന്‍ അയാള്‍ക്ക് ആയില്ല. മതിലോരത്ത് നിന്ന ഉണക്കസസ്യങ്ങളില്‍ നിന്നും മുണ്ടില്‍ പിടിച്ച കറുത്ത കായകള്‍ അയാള്‍ മുന്നോട്ടെറിഞ്ഞു. മുന്നില്‍ കാണുന്ന നീണ്ട മതിലും അതിനപ്പുറം പണ്ട് ഫുട്ബോള്‍ മൈതാനവും ഇപ്പോള്‍ കേസില്‍ പെട്ട് കിടക്കുന്നതുമായ സ്ഥലത്തിന്റെ മതിലും അയാള്‍ക്ക് ചിരപരിചിതമായിരുന്നു. ഊടുവഴികളിലൂടെ സാറാമ്മയെ ഒളിച്ചു റബര്‍ മരങ്ങള്‍ക്കിടയിലൂടെ സെമിത്തേരി മതിലും അടുത്ത മതിലും ചാടി പുഴക്കരയില്‍ എത്തുക എന്നത് അയാളുടെ ദിനചര്യകളില്‍ പെടുന്നു. പുഴക്കരയില്‍ പടര്‍ന്നു പന്തലിച്ച മരത്തിന്റെ തണലില്‍ ഇരുന്നു കുണുക്കുകള്‍ കാതിലിട്ട് പകലന്തിയോളം ചീട്ടുകളിക്കുകയും പുഴമാട്ടില്‍ ചീങ്കകള്‍ക്കിടയില്‍ പൊലീസുകാര്‍ക്കോ നാട്ടുകാര്‍ക്കോ കണ്ടെത്താന്‍ കഴിയില്ല എന്ന് ഉറപ്പായ ഇടത്ത് മണലില്‍ പൂഴ്ത്തിയ ബാറ്ററി ഇട്ട് വാറ്റിയ വീര്യമുള്ള കള്ള് കുടിക്കുകയും തിരിച്ചെത്തി സാറാമ്മയേയും മക്കളേയും നിരത്തി നിര്‍ത്തി നാല് പൊട്ടിച്ചു അപവാദം പറയുക എന്നതും അവറാന്‍ തുടര്‍ന്നു പോന്നു. പറയുന്നത് എന്താണെന്ന് അവറാനും സാറാമ്മയ്ക്കും ഒഴികെ അമ്മയുടെ ഉടുപ്പിന് പുറകില്‍ ഒളിക്കുന്ന പിള്ളേര്‍ക്ക് മനസ്സിലായും ഇല്ല.

'അമ്മേ. കണ്ണു തുറക്കമ്മേ. ഞാന്‍ ഇനി അമ്മ പറയുന്നതെല്ലാം കേള്‍ക്കുമമ്മേ.'

അന്നയുടെ നിലവിളി ഉയര്‍ന്നു പൊന്തി. പൊടിക്കുഞ്ഞുങ്ങളും നിര്‍ത്താതെ കരഞ്ഞു. അയാളെ പറിച്ചു വെച്ചത് പോലെന്ന് നാട്ടുകാരും ബന്ധുക്കളും സമ്മതിക്കുന്ന മൂന്നു പിള്ളേരില്‍ പത്തു വയസ്സുള്ള അന്ന മാത്രം അമ്മ ഇനി ഇല്ല എന്ന നൊമ്പരം അറിഞ്ഞു കരഞ്ഞു. മറ്റു രണ്ടു പേരും അന്ന കരയുന്നത് കണ്ടു കരയുന്നവര്‍ ആയിരുന്നു.

'' ഇവളിതെന്തിന് ചെയ്തു. ഈ പിള്ളേരെ ഓര്‍ത്തില്ലല്ലോ.'' മുറ്റത്തു വട്ടം ചുറ്റിപ്പറഞ്ഞവര്‍ പിരിഞ്ഞു.

കറുത്തമണ്ണ് വെട്ടിയിടുമ്പോള്‍ ''അയ്യോ, എന്റെ കുഞ്ഞിന് വേദനിയ്ക്കും. കുടിച്ചെന്റെ മോളെ കൊന്നില്ലേടാ.. ഈ പ്രായത്തില്‍ ഞാന്‍ ഇനി ഈ പിള്ളേരെ എങ്ങനെ വളര്‍ത്തും? എന്റെ മോള് പോയേ'' എന്നാര്‍ത്തു ശോശ വെന്തിങ്ങ തിരുപ്പിടുപ്പിച്ചു മലര്‍ന്നുവീണു.

''എന്തൊരു നല്ല പെങ്കൊച്ചാരുന്നു, അവന്റേല്‍ കിട്ടിയത് കൊരങ്ങന് പൂമാല കിട്ടിയത് പോലാണ്. എന്നാലും ഈ പിള്ളേര്‍ടെ മുഖം നോക്കീട്ട് അവള്‍ക്ക് എങ്ങനെ ചാകാന്‍ തോന്നി എന്നാണ് ഞാന്‍ ഓര്‍ക്കുന്നത്.'

കുന്തിരിക്ക പുകയ്‌ക്കൊപ്പം അഭിപ്രായങ്ങളായി സത്യത്തിന്റെ ചെറിയ ചീളുകള്‍ അന്തരീക്ഷത്തില്‍ തെറിച്ചു.

അമ്മയ്ക്ക് മേല്‍ പെട്ടിയുടെ അടപ്പ് വീണപ്പോള്‍ കുഴഞ്ഞു വീണ അന്നയെ മിണ്ടാമഠത്തിലെ സിസ്റ്റര്‍മാരില്‍ ഒരുവള്‍ താങ്ങി. വാടിയ ചേമ്പിന്‍ തണ്ടുപോലെ വെള്ളപെറ്റിക്കോട്ടിട്ട് മുറിയിലെ പായയില്‍ അന്ന പടര്‍ന്നു കിടന്നു.

കഴുകാത്ത പാത്രങ്ങള്‍, മുഷിഞ്ഞ ഉടുപ്പുകള്‍, മടക്കാത്ത പായകള്‍, അമ്മ വളര്‍ത്തിയ അസംഖ്യം കോഴി, ആട്, താറാവ്, കുടിച്ചു കിടക്കുന്ന അപ്പന്‍, മണ്ണുവാരി തിന്നുന്ന ഇളയതുങ്ങള്‍ ബോധം വന്ന അന്നയ്ക്ക് മുന്‍പിലേക്ക് കുറേ യാഥാര്‍ഥ്യങ്ങള്‍ നിരന്നു. ഭാര്യയെ കൊന്ന കുറ്റത്തിന് വരും വഴി മിലിട്ടറി പാപ്പന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ ബോട്ടില്‍ അടിച്ചു തീര്‍ക്കുമ്പോള്‍ ഇനി വരാന്‍ ദുരന്തങ്ങള്‍ ഒന്നും ബാക്കിയില്ലെന്നും അപ്പന്‍ നന്നാകില്ല എന്ന തിരിച്ചറിവില്‍ അന്നയുടെ തല പുകഞ്ഞു. സ്‌കൂള്‍ പുസ്തകം അലമാരയ്ക്ക് മുകളിലേക്ക് തള്ളി അന്ന തീയൂതാന്‍ തുടങ്ങി. ഭക്ഷണമായും വൃത്തിയുള്ള വസ്ത്രമായും നെഞ്ചിലെ ചൂടായും നിറഞ്ഞ അമ്മയുടെ സുരക്ഷിതവലയത്തിന്റെ ഓര്‍മ്മയില്‍ അവളുടെ കണ്ണു നീറിപ്പിടഞ്ഞു.

'' അന്നേ, അന്നമോളേ ''. അമ്മയുടെ ശബ്ദം റബര്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് അവളെ ഉണര്‍ത്തി. പാറക്കല്ലുകള്‍ക്കിടയിലൂടെ കുതിച്ചോടി അവള്‍ അമ്മയുടെ വയറില്‍ കെട്ടിപ്പിടിച്ചു തേങ്ങി.

'' എന്നെ വിട്ടിട്ട് എങ്ങും പോകല്ലേ.''

സാറാമ്മ പറഞ്ഞു.

'' ഇല്ല ''.

പോകുംവഴി പൊട്ടക്കിണറ്റിലേക്ക് ഒരു വിഷക്കുപ്പി എറിഞ്ഞു കളയുന്നതും റബര്‍ കറ ഒട്ടിയ കൈകള്‍ കഴുകി നിര്‍മയുടെ ഗന്ധത്താല്‍ അമ്മ കവിളില്‍ തൊടുന്നതും കണ്ട് അന്ന ഞെട്ടിയെണീറ്റപ്പോള്‍ ആണ്. മിണ്ടാമഠത്തിലെ മൂന്ന് സിസ്റ്റര്‍മാര്‍ പടികേറി വന്നത്. അവരുടെ നിഴലുകള്‍ പോലും മൗനമാര്‍ജിച്ചിരുന്നു.

ചെമ്മണ്‍ റോഡില്‍ നിന്നും നടന്നു കയറി കിതയ്ക്കുന്ന അവര്‍ക്ക് മുന്നിലേക്ക് പ്രാഞ്ചി ചെന്ന് ''അവടെ തലയെടുത്തു. ഇനി ബാക്കി ഒള്ളേരേം കൂടെ കൊല്ലാന്‍ ആണ് അവന്‍ കുടിച്ചും പെടുത്തും കെടക്കുന്നത് '' എന്നു അമ്മച്ചി പറഞ്ഞു തുടങ്ങി. മുറ്റത്തെ ഒതുക്കുകളില്‍ ഒന്നില്‍ വെള്ളമടിച്ചു എണീക്കാനും അകത്തു കയറാനും വയ്യാതെ അപ്പന്‍ കിടന്ന് നിരങ്ങുന്നത് സിസ്റ്റര്‍മാര്‍ക്ക് ഒപ്പം അന്നയും നോക്കി. അവരൊന്നും പറഞ്ഞില്ല.

മിണ്ടാമഠത്തെക്കുറിച്ചുള്ള അന്നയുടെ ഓര്‍മ അതിന്റെ മുന്‍പില്‍ നില്‍ക്കുന്ന വിവിധ നിറത്തിലുള്ള പനിനീര്‍ ചെടികളും ആസ്പരാഗസും വശത്തു വന്മരമായ ലൗലോലിക്ക മരവും ആയിരുന്നു. അമ്മയ്ക്ക് ഒപ്പം റബര്‍ ഷീറ്റ് അടിക്കാന്‍ പോകുമ്പോള്‍ വെളുത്ത പെറ്റിക്കോട്ടില്‍ നിറയെ ചുവന്നലൗലോലിക്കകള്‍ അവള്‍ പെറുക്കിയെടുക്കും. അതിന്റെ രുചിയായിരുന്നു അവളെ ദൂരം കൂസാതെ അമ്മയ്ക്ക് ഒപ്പം പോകാന്‍ പ്രേരിപ്പിച്ചത്. ഒരിക്കല്‍ ഒരു ക്രിസ്തുമസ് അവധിക്ക് പോയപ്പോള്‍ മിണ്ടാതെ സിസ്റ്റര്‍മാരില്‍ ഒരാള്‍ കൊണ്ടു തന്ന പ്ലം കേക്കിന്റെ രുചിയും അവള്‍ മറന്നിട്ടില്ല. ആനച്ചാലില്‍ വര്‍ക്കിച്ചന്റെ വീട്ടില്‍ റബര്‍ഷീറ്റ് മിഷ്യന്‍ വന്നതോടെ മിണ്ടാമഠത്തിലേക്കുള്ള പോക്ക് നിന്നു.

'' ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള വന്‍ നരകത്തില്‍ അല്ലേ സിസ്റ്ററേ എന്റെ കൊച്ച് കെടക്കുന്നത്. അച്ചന്‍ സമ്മതിച്ചില്ലാരുന്നേല്‍ തെമ്മാടിക്കുഴീല്‍ കെടക്കേണ്ടി വന്നേനെ എന്റെ മോള്. എന്നാലും ആത്മാവ് പോയില്ലയോ. ഞാന്‍ കരഞ്ഞ് പ്രാര്‍ഥിക്കുവാ. ഭൂമീലോ അവക്ക് നല്ലതൊന്നും കിട്ടീല. അവിടേലും...''

മിണ്ടാമഠത്തിന്റെ ഓര്‍മകളുടെ ആകാശത്തു നിന്ന് നൂലറ്റ പട്ടം പോലെ അമ്മച്ചിയുടെ കരച്ചിലില്‍ അവള്‍ താഴേക്ക് പതിച്ചു.

അമ്മച്ചി വിതുമ്പി കരയുമ്പോള്‍ കടും ചായയുമായി പക്വത വന്നവളെപ്പോലെ അന്ന മുന്നോട്ട് നീങ്ങി. പെട്ടന്ന് കുട്ടിത്തം അവള്‍ക്ക് കൈമോശം വന്നെന്ന് അവര്‍ക്കും തോന്നി. മിണ്ടാമഠത്തില്‍ ഉള്ളവര്‍ മിണ്ടിക്കൂടാ. അവര്‍ മൗനികളാണ് എന്നിട്ടും മദര്‍ സുപ്പീരിയര്‍ മിണ്ടി. ചുരുക്കം വാക്കുകള്‍ പൊഴിഞ്ഞു വീണു.

'' നിങ്ങളുടെ അവസ്ഥ ഞങ്ങള്‍ക്ക് അറിയാം. തത്കാലം അന്ന മഠത്തില്‍ സഹായിക്കട്ടെ. അവിടുന്ന് പഠിക്കാനും പോകാം. ചെറിയ ഒരു തുക കിട്ടിയാല്‍ കുട്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യാം. സമ്മതമെങ്കില്‍ തിങ്കളാഴ്ച മുതല്‍ വരണം.''

അന്നയ്ക്ക് ചിന്തിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. അവള്‍ തലയാട്ടി. മിണ്ടാമഠത്തിന്റെ അടുക്കള മുറ്റത്തു നിലത്തിരുന്നു പുലര്‍ച്ചെ കരിപാത്രങ്ങള്‍ ചാരമിട്ടു കഴുകുമ്പോള്‍ ഒന്നു കൂടി ഉറങ്ങിക്കോ എന്നു പറഞ്ഞു പുതപ്പ് തന്റെ ദേഹത്തിട്ട് തലയില്‍ ടോര്‍ച്ചും വച്ചു റബര്‍ വെട്ടാന്‍ ഇറങ്ങുന്ന അമ്മയുടെ മുഖം മുന്നിലെത്തി. അമ്മയില്ലായ്മ അവള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറം ആയിരുന്നു. ഇരുട്ടില്‍ കണ്ണുനീര്‍ തുളുമ്പി വീഴാത്ത ദിവസങ്ങള്‍ ഇല്ലാതെ അവള്‍ കിടക്കുമ്പോള്‍ മിണ്ടാമഠം മൗനം കൊണ്ടാണ് അവളെ നേരിട്ടത്.

കൈ നഖങ്ങളില്‍ ചാരവും കരിയും നിറഞ്ഞു റബര്‍ പാല്‍ പശ രോമങ്ങളില്‍ ഒട്ടി ചുളുങ്ങിയ യൂണിഫോമില്‍ അതിനേക്കാള്‍ ഒടിഞ്ഞു അവള്‍ സ്‌കൂളില്‍ എത്തി. ചെയ്യാത്ത ഹോം വര്‍ക്കുകള്‍ക്ക് കൈ നീട്ടി അടി വാങ്ങുമ്പോള്‍ '' ടീച്ചറെ ഓളെ തല്ലണ്ട. ഓളെ അമ്മ തൂങ്ങി ചത്തു.'' ന്ന് കുട്ടികള്‍ ഉറക്കെ പറഞ്ഞു.

'' അയ്യോ''. ടീച്ചറുടെ മുഖത്തു വിഷമം നിറഞ്ഞു. അവളുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു ടീച്ചര്‍ അടുത്ത കണക്ക് ബോര്‍ഡില്‍ എഴുതി.

'' തൂങ്ങി ചത്തതല്ലടീ, വെഷം കുടിച്ചതാണ്.''

ഒരു കുട്ടി തിരുത്തി.

ഉച്ച ഭക്ഷണത്തിന്റെ ബെല്ല് മുഴങ്ങി.

'' അതേ അങ്ങനല്ല. ഓളെ കുടി ഇഞ്ചെ പൊരേന്റെ അടുത്താണ്. ഓളമ്മ പോക്ക് കേസായോണ്ട് ഓളെ അച്ഛന്‍ കൊന്നതാന്നാ ഇഞ്ചുമ്മ പറഞ്ഞത്. '' കാദര്‍ പറഞ്ഞു.

'' പോക്ക് കേസോ? '' മൈമൂനയുടെ ചോദ്യം ഉറക്കെയായി.

'' ആ, അല്ലാത്ത പെണ്ണുങ്ങള് നേരം വെളുക്കും മുന്നേ കുന്നും മലേം പൊട്ടക്കിണറും നിറഞ്ഞ റബറ് വെട്ടാം പോവ്വോ? ഞമ്മളെ ഉപ്പനേം അച്ഛമ്മാരേം ഒക്കെ ഓളമ്മ വശീകരിക്കും ന്ന്. തത്ത ചുണ്ടാണ് ഓളമ്മയ്ക്ക് ന്ന് പറഞ്ഞതിന് ഉപ്പയും ഉമ്മയും എത്തറ വഴക്കായീനോ.. ബെടക്കാണ് ന്ന്. ''

അതു കേട്ടതും അന്ന വിതുമ്പിപ്പോയി. കൈകള്‍ കൊണ്ട് മുഖം മറച്ചു. അവള്‍ ഭിത്തിയില്‍ ചാരി വിതുമ്പി കരഞ്ഞു.

''അയ്യയ്യേ, അയ്‌ന് ഇയ്യ് എന്തിനാ കരയുന്നേ? എന്തായാലും അന്റമ്മ ചത്തു. ''

കുട്ടികള്‍ക്ക് അവളുടെ സങ്കടം ഉള്‍ക്കൊള്ളാന്‍ ആയില്ല. അവര്‍ ചിരിച്ചു.

'' ഓളമ്മ മോശക്കാരി ആയേന് ഓളപ്പന്‍ കൊന്നതാന്ന്. അത് പറഞ്ഞേന് ഓള് മോങ്ങ്വാ'' കാദര്‍ ഉറക്കെയുറക്കെ പറഞ്ഞു. അവനും ചിരിച്ചു.

സ്‌കൂള്‍ മുഴുവന്‍ അത് കേട്ടു. കുട്ടികള്‍ ഉറക്കെ ചിരിച്ചു.

'' അല്ല. അല്ല. എന്റമ്മ നല്ലതാണ്.''

അവളുടെ നെഞ്ചു പൊട്ടി അവള്‍ കരയുമ്പോള്‍ അമ്മ മരിച്ച രാത്രി ഒന്ന് കൂടി ഓര്‍ത്തു.

'' നാളെ ചോറും കറീം ഉണ്ടാക്കി തരാം. അമ്മയ്ക്ക് പണിയെടുത്തു വയ്യ. ഇന്ന് മക്കള് കഞ്ഞി കുടിച്ചു ഉറങ്ങെന്നും'' പറഞ്ഞു അമ്മ നടക്കുന്നുണ്ട്. ''ഇങ്ങേര് ഇതിവിടെ പോയി കിടക്കുവാണ്. രാത്രി വീട്ടില്‍ എങ്കിലും നേരത്തെ വന്നൂടെ ഇങ്ങേര്‍ക്ക്'' - അമ്മ ഇരുന്ന് ഉറക്കം തൂങ്ങുന്നു.

കഞ്ഞി കുടിച്ചു ഉറക്കം കണ്ണുകളില്‍ കയറിയപ്പോള്‍ അപ്പന്‍ അമ്മയെ കഴുത്തില്‍ പിടിച്ച് ഞെക്കുന്നത് പോലെ തോന്നി. '' നിനക്ക് കണ്ടോന്റെ കൂടെ കെടക്കാം അല്ലേ ടീ. കള്ളുകുടിച്ചെന്നും പറഞ്ഞു എന്റെ കൂടെ പറ്റില്ല. ആ മൂന്നെണ്ണം എന്റെ തന്നെ ആണോന്ന് എനിക്ക് സംശയം ഉണ്ട്. ''

'' ഇച്ചായാ, കള്ള് കുടിച്ചേച്ച് തോന്ന്യാസം പറയുന്നേന് ഒരതിരുണ്ട്. ഞാന്‍ വല്ല കടും കൈയും ചെയ്യും. നിങ്ങടെ കൂടെ എന്നെ അയച്ചത് ഇതിനല്ല. നിങ്ങള് പണിയെടുക്കാതെ പിള്ളേര് പട്ടിണി ആയേനാണ് ഞാന്‍ ഇറങ്ങിയത്.'' കഴുത്തില്‍ കുത്തിപ്പിടിച്ച കൈ മാറ്റാന്‍ ശ്രമിച്ചു - അമ്മ പറഞ്ഞു.

അപ്പന്‍ കാലുകൊണ്ട് അമ്മയുടെ ഒരു കൈ ചവിട്ടി നൈറ്റി മുകളിലേക്ക് ഉയര്‍ത്തി. അമ്മ കാലിട്ടടിച്ചു മരിക്കുന്നതും വേദനിച്ചു നിലവിളിച്ചതും ഇരുട്ടില്‍ നല്ലപോലെ ഓര്‍മ്മയുണ്ട്. എന്നിട്ടും അമ്മ അപ്പോള്‍ മരിച്ചിരുന്നില്ല. അപ്പന്‍ അമ്മയെ ശ്വാസം മുട്ടിച്ചു ചമ്മന്തിയാക്കിയപ്പോള്‍ അമ്മ ഇത് '' പീഡനം ആണെന്നും ഞാന്‍ കേസ് കൊടുത്താല്‍ ജയിലില്‍ ആണെ'' ന്നും പറഞ്ഞത് ഓര്‍ക്കുന്നു. അപ്പന്‍ അതിന് ചിരിക്കുകയാണ് ചെയ്തത്. കേസ് കൊടുക്കുന്നതിന് ആരെങ്കിലും ചിരിക്കുമോ?

അമ്മ എണീറ്റ് വെള്ളം കുടിക്കും വരെ ശ്വാസമടക്കിയാണ് താന്‍ ഇരുന്നത്.

പിന്നെയും അപ്പന്‍ എണീറ്റ് കിണറ്റിനപ്പുറം വച്ച കുപ്പിയില്‍ നിന്ന് കുടിക്കുന്നത് ജനലിലൂടെ താന്‍ കണ്ടു.

ആടിയാടി ഇരുട്ടില്‍ അപ്പന്‍ അകത്തു കയറി.

'' നീ നല്ലവളാണെന്ന് എനിക്കറിയാം. എന്നാലും അപ്പുറത്തെ മൊയ്തീന്‍ എങ്ങനാടീ നിന്റെ ചുണ്ട് തത്തച്ചുണ്ടാന്ന് കണ്ടത്. അവന് നീയെല്ലാം കാണിച്ചു കൊടുത്തു. അതിന് നിനക്ക് മാപ്പില്ല.''

അയല്‍വാസിയും ചീട്ട് കളി കമ്പനികളില്‍ ഒരാളുമായ മൊയ്തീന്‍ പുഴക്കരയില്‍ ഇരുന്നു പറഞ്ഞ ഒരു വാചകം അപ്പന്‍ അമ്മയുടെ മുഖത്തു തുപ്പി.

'' ഇച്ചായാ നിര്‍ത്തിക്കോ. എനിക്ക് ദേഷ്യം വരുന്നുണ്ടേ. എല്ലാം ഞാന്‍ ക്ഷമിക്കും. അപവാദം അത് ഞാന്‍ പൊറുക്കൂല.''

അപ്പനൊരു കവിള്‍ ചാരായം അമ്മയുടെ വായില്‍ ബലമായി ഒഴിച്ചു. അമ്മ ആഞ്ഞു തുപ്പാന്‍ നോക്കി. അപ്പന്‍ അതിന്റെ ബാക്കി കുടിച്ചു. അട്ടഹസിച്ചു. വീണ്ടും ഉച്ചത്തില്‍ ചിരിച്ചു.

'' നീയിനി റബറ് തോണ്ടാന്‍ ഇറങ്ങുന്നത് ഞാന്‍ ഒന്ന് കാണട്ടെ.''

'' ഇച്ചായാ എന്റെ കൊച്ചുങ്ങള്‍ തുള്ളി വെള്ളം കുടിച്ചു കിടക്കുന്നത് അത് കൊണ്ടാണ്. ഞാന്‍ പോകും.''

'' 'കണ്ടോ എന്റെ കൊച്ചുങ്ങള്‍ക്ക്ന്ന്. പറയെടീ ആരാടീ അതുങ്ങളുടെ തന്ത. അതോ ഒരുത്തന്‍ അല്ലേ?''

'' ഓ.. നിന്നെപ്പോലൊരു നാറിയ്ക്ക് ഒപ്പം ജീവിക്കുന്നതിലും നല്ലത് ചാകുന്നതാ.'' - അമ്മ വിങ്ങിക്കരഞ്ഞു.

'' ചാകടീ. എനിക്ക് വേറെ നൂറ് പെണ്ണുങ്ങള്‍ ക്യൂ നില്‍ക്കും.''

'' അറിയാം. എനിക്കറിയാം. നിന്നെ ഞാന്‍ എന്റെ ശവം തീറ്റിക്കാം.''

'' ആരെയാടീ നീ പേടിപ്പിക്കുന്നത്. ധൈര്യം ഉണ്ടേല്‍ കുടിക്കെടീ. ''

ഉറങ്ങും മുന്‍പ് ഇതൊക്കെയാണ് കേട്ടത്. പിന്നെ ഒച്ചയനക്കങ്ങള്‍ ഉണ്ടായില്ല. അപ്പന്‍ ഇരുന്നിടത്തു ഒടിഞ്ഞിരുന്നു ഉറങ്ങി.

രാവിലെ കോഴിക്കൂട് തുറക്കാഞ്ഞു കോഴികള്‍ ബഹളം വച്ചപ്പോള്‍ അന്ന നിലത്തു നുര തുപ്പി രക്തം കക്കി വീണുകിടക്കുന്ന അമ്മയെ തട്ടി വീണു.

'' എന്റമ്മ വീണ് കെടക്കുന്നേ.''

ആര്‍ത്ത നിലവിളിയോടെ അവള്‍ കാദറിന്റെ വീട്ടിലേക്ക് പാഞ്ഞു. ഓര്‍ത്തോര്‍ത്ത് അവള്‍ വിതുമ്പി.

'' അന്ന, അമ്മ എങ്ങനാണ് മരിച്ചത്? ''

ടീച്ചര്‍ അവളുടെ പുറത്തു തട്ടി.

'' എന്റപ്പന്‍ കൊന്നതാണ്. ചീത്തത്തരം പറഞ്ഞു പറഞ്ഞ്. എന്റമ്മ നല്ലമ്മയാണ്. അമ്മയെ പറയുന്നത് സഹിക്കാന്‍ പറ്റുന്നില്ല.'' അവള്‍ എങ്ങലടിച്ചു.

ടീച്ചര്‍ പുറത്തു തട്ടി.

'' സാരമില്ല അന്ന. ടീച്ചറും ഇങ്ങനെ ആയിരുന്നു. ടീച്ചറുടെ വീട്ടിലും പ്രശ്‌നങ്ങള്‍ ആയിരുന്നു. പക്ഷേ, അമ്മ പിടിച്ചു നിന്നു. ഇതൊന്നും കേള്‍ക്കണ്ട. നന്നായി പഠിക്കണം. എന്തു ബുദ്ധിമുട്ട് വന്നാലും പറയണം കേട്ടോ. ഭക്ഷണം കഴിച്ചോ. ഇല്ലേല്‍ കഴിക്ക്.''

അവളെ ചേര്‍ത്തണച്ചു ടീച്ചര്‍ നടന്നു നീങ്ങി.

മിണ്ടാമഠത്തിന്റെ മൗനത്തിലേക്ക് സ്പൂണുകള്‍ പോലും ശബ്ദിക്കാത്ത പാത്രങ്ങള്‍ കലമ്പല്‍ കൂട്ടാത്ത നിശബ്ദതയിലേക്ക് വൈകുന്നേരം നടന്നു പോകുമ്പോള്‍ കുട്ടികളുടെ അടക്കം പറച്ചിലുകള്‍ ചിരികള്‍ അവളുടെ കാതില്‍ വന്നു വീണു.

'' ദേ, അന്നേടെ അപ്പനാണ് ആ കെടക്കുന്നത്. പാമ്പാണ്. അവടെ അമ്മേ അയാള് ഞെക്കി കൊന്നതാണെന്ന് അറിഞ്ഞാരുന്നോ? അവടെ അമ്മേടെ സ്വഭാവം നല്ലതല്ലാന്ന്'' .

'' എന്റമ്മ നല്ലതാണ്.'' അവള്‍ മനസ്സില്‍ പറഞ്ഞു. കാതുകളില്‍ നിന്നു കാതുകളിലേക്ക് കഥ മാറിമാറി പോയിക്കൊണ്ടിക്കുന്നത് ഓര്‍ത്തു അവളുടെ നെഞ്ചു നീറി.

വഴിയോരത്ത് ചെളിയില്‍ എണീക്കാന്‍ ആകാതെ ഉരുണ്ടുകൊണ്ട്, '' നീ പോയാല്‍ എനിക്ക് പുല്ലാ. നൂറ് നൂറെണ്ണം പെണ്ണുങ്ങള്‍ അവറാന് വേണ്ടി ക്യൂ നില്‍ക്കുവാണ്'' എന്ന് പുലമ്പുന്ന അപ്പനെ കണ്ടു അവളുടെ തല ഒന്നുകൂടി കുനിഞ്ഞു.

'' ഇയാളാണ് എന്റെ അമ്മയെ കൊന്നത്. എന്റമ്മ ചത്തതല്ല വാക്കുകള്‍ കൊണ്ട് ഇയാള് കൊന്നതാണ്. മോശപ്പെടുത്തി വീണ്ടും വീണ്ടും കൊല്ലുകയാണ്.''

അവള്‍ കണ്ണീരിനിടയിലും പിറുപിറുത്തു മിണ്ടാമഠത്തിന്റെ വഴി ലക്ഷ്യമാക്കി നടന്നു നീങ്ങി. കരിപിടിച്ച പാത്രങ്ങളും ഇല നിറഞ്ഞ മുറ്റവും ശിശിരക്കാറ്റേറ്റ് അവിടെ അവളെ കാത്തിരുന്നു.


TAGS :