അവള്‍
| കഥ
അന്ന് വെള്ളിയാഴ്ച പുറത്തെ കായ്ക്കാത്ത പേരമരത്തിന്റെ കൊമ്പിലിരുന്നു കരയുന്ന ആ കാക്ക അയാളെ അത്ഭുതപ്പെടുത്തി. കഴുത്തില്‍ തവിട്ടു നിറമുള്ള കാക്ക. മുന്‍പും അതവിടെ വന്നിരിക്കാറുണ്ടോ? കരയാറുണ്ടോ? ഓര്‍മ്മ തോന്നിയില്ല. അല്ലെങ്കിലും ഇങ്ങനെയൊന്നും തനിക്കു മുന്‍പ് തോന്നിയിട്ടില്ല. ഇതിപ്പോള്‍ മനസ്സ് എന്തോ ഓര്‍മ്മിപ്പിക്കുന്നത് പോലെ. ആ കാക്ക തന്നെ നോക്കുന്നുണ്ട്.. എന്തോ തന്നോട് പറയാന്‍ ശ്രമിക്കുന്നത് പോലെ
പെട്ടെന്ന് അയാള്‍ ഞെട്ടലോടെ ഓര്‍ത്തു പോയി. അവള്‍ അവസാനം വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.
'പവി.. എനിക്കൊരാഗ്രഹമുണ്ട്. 'അവളെന്തോ പറയാന്‍ മടിക്കുന്നത് പോലെ തോന്നി. സ്വരത്തില്‍ പതിവില്ലാത്ത ഇടര്‍ച്ച. 'പരസ്പരം കണ്ടിട്ടില്ലാത്ത നമ്മള്‍ തമ്മിലുള്ള ബന്ധത്തിന്റെ അര്‍ത്ഥമെന്തെന്നു പവിക്കറിയോ?
മറുപടി പറയാന്‍ കഴിഞ്ഞില്ല. 'അര്‍ത്ഥം അറിയാത്ത ഒരു ബന്ധം.
എനിക്കും അറിയില്ല പവി... പക്ഷേ, നമ്മളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എന്തോ ഒന്നുണ്ട്.
എന്റെ ജന്മം ഈ ഭൂമിക്ക് അന്യമാണ്. എന്റെ ചിന്തകള്‍ പ്രകൃതിക്ക് അതീതമാണ്. എല്ലാവരും എന്നെ ഭ്രാന്തിയെന്ന് മുദ്ര കുത്തി ഉപേക്ഷിച്ചു പോയതും അതുകൊണ്ടായിരിക്കാം.
ജീവിതത്തില്‍ തനിച്ചായി പോയവളാണ്. ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ അഴിഞ്ഞു വീണിരിക്കുന്നു.
ഇപ്പോള്‍ പേരറിയാത്ത ഒരു ബന്ധത്തിന്റെ ചങ്ങല കൊണ്ടു ഞാന്‍ സ്വയം ബന്ധനസ്ഥയാക്കിയിരിക്കുന്നു. ഇപ്പോള്‍ എന്റെ ലോകം പവിയാണ്. എന്റെ ചിന്തകളുടെ നൂലിഴകളില്‍ ഞാന്‍ പവിയെ കൊരുത്തിട്ടിരിക്കുന്നു.
പവിക്കറിയോ?
ഞാനിവിടെ കാക്കകള്‍ക്ക് ചോറ് കൊടുക്കാറുണ്ട്. എള്ളും നെയ്യും കൂട്ടി ചോറുരുട്ടി മുറ്റത്ത് ഇലയില്‍ വയ്ക്കും. അത് കഴിക്കാന്‍ വരുന്ന കാക്കളോട് എനിക്കു വല്ലാത്ത സ്‌നേഹമാണ്. പരിചിതമായ മുഖങ്ങള്‍. അവര്‍ക്കു എന്നെയും അറിയാം.
ഞാന്‍ പെട്ടെന്ന് ഒരു ദിവസം വിളിക്കാതെയിരുന്നാല്‍ പവി കരുതണം. ഞാന്‍ മരിച്ചുവെന്ന്.
എനിക്കു വേണ്ടി ഒരു പിടി ചോറ് നെയ്യും എള്ളും ചേര്‍ത്തു ഇലയില്‍ കരുതണം.'
ഒടുവില്‍ അവള്‍ കരഞ്ഞിരുന്നുവെന്നു തോന്നി.
ഒന്നും പറയാനാവാതെ നിന്നപ്പോള്‍ അവള്‍ ഫോണ്‍ വച്ചിരുന്നു.
തിരിച്ചു വിളിച്ചിട്ടും എടുത്തില്ല. അതിനു ശേഷം അനുഭവിച്ച വിങ്ങല്‍. തന്നില്‍ നിന്നും നഷ്ടപ്പെട്ട എന്തിനോ വേണ്ടി നീറി നീറിയങ്ങനെ.
അയാള്‍ക്ക് ദേഹം തളരുന്നുവെന്നു തോന്നി. ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. അവള്‍ വിളിച്ചിട്ട്. ഒരു മെസ്സേജ് പോലും അയച്ചിട്ട്. അയക്കുന്ന മെസ്സേജിനോ ഫോണ്‍ വിളിക്കോ മറുപടിയില്ല. ഓരോ ദിവസവും താന്‍ എത്ര മാത്രം വേദനിച്ചിരുന്നു. ആത്മാവ് നഷ്ടപ്പെട്ട ഒരു പക്ഷിയുടെ ചിറകടി ശബ്ദം. മനസ്സില്‍ ഒരു ശവം പേറി നടക്കുന്നത് പോലെ. ഇപ്പോള്‍ ഈ നിമിഷം വേദനയോടെ അറിയുന്നു. അവള്‍ പോയിരിക്കുന്നു. തന്നോട് ഒരു യാത്ര പോലും പറയാതെ.
താനും അവളും തമ്മിലുള്ള ബന്ധത്തിന്റെ നിര്‍വചനം എന്തായിരുന്നു?
സ്‌നേഹം. പ്രണയം. സൗഹൃദം.
അറിയില്ല.
വെറുതെ തോന്നുന്ന ഒരിഷ്ടമല്ലല്ലോ അത്.
ആ ഇഷ്ടത്തിന് എന്താണ് നിര്‍വചനം?
ഒരിക്കലും നിര്‍വചിക്കാന്‍ കഴിയാത്ത ഒരിഷ്ടം.
ഒരിക്കല്‍ പോലും ആ മുഖം ഒന്ന് നേരില്‍ കണ്ടിട്ടില്ല..
എന്നെങ്കിലും സംഭവിക്കുന്ന ആ നല്ല നിമിഷത്തിനു വേണ്ടി കാത്തിരുന്നിട്ട്. ഒടുവില്‍ അവള്‍ പോയിരിക്കുന്നു. വഴി തെറ്റി വന്ന ഒരു ഫോണ്‍ വിളിയിലൂടെ തുടങ്ങിയ ബന്ധം.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി അവളില്‍ നിന്നും ഒരു ചോദ്യം. 'കുറച്ചു ദിവസം നിങ്ങള്‍ക്ക് എന്നെയൊന്നു സ്‌നേഹിക്കാന്‍ പറ്റോ?'
പെട്ടെന്ന് ഒരു ഞെട്ടലാണ് തോന്നിയത്. ഇഷ്ടം തോന്നിയിരുന്നുവെങ്കിലും അങ്ങനെ ചോദിച്ചപ്പോള്‍ എവിടെയോ ഒരു താളപ്പിഴ തോന്നി.
അതിനുള്ള ഉത്തരം അവളില്‍ നിന്നും തന്നെ കിട്ടി.മ നുഷ്യരേക്കാള്‍ മൃഗങ്ങളെയും പക്ഷികളെയും സ്‌നേഹിച്ച ഒരുവള്‍ക്ക് മനുഷ്യനെ സ്‌നേഹിക്കാന്‍ തോന്നിയ മോഹം. മനുഷ്യനോട് സംസാരിക്കാന്‍ തോന്നിയ ആര്‍ത്തി. പ്രണയിക്കാന്‍ തോന്നിയ നിമിഷങ്ങള്‍. സ്‌നേഹിച്ചവരൊക്കെ ജന്മദോഷത്തിന്റെ പേരും പറഞ്ഞു മാറി നിന്നപ്പോള്‍ അനുഭവിച്ച ഒറ്റപ്പെടല്‍. ആരെയും വേദനിപ്പിക്കാതെ ജീവിതം സ്വയം ഒതുക്കി പിടിച്ചവളുടെ പിടച്ചില്‍.
ആദ്യം വെറുമൊരു പെണ്ണിനോട് തോന്നിയ കൗതുകം മാറി മറിയുന്നതറിഞ്ഞു. ദിവസങ്ങള്‍ കൊണ്ടു തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ ആ സ്വരം. തന്റെ ഏകാന്തതയിലേക്ക് പടര്‍ന്നു കയറിയ ജീവന്റെ തുടിപ്പ്. അവളുടെ വാക്കുകളില്‍ സ്വപ്നങ്ങളില്‍ താന്‍ ജീവിച്ചു തുടങ്ങുകയായിരുന്നു.
ഒരു വര്‍ഷം. അതില്‍ ഒരു ദിവസം പോലും ആ സ്വരം കേള്‍ക്കാതിരുന്നിട്ടില്ല. കാണണം എന്ന് പറയുമ്പോള്‍ അവള്‍ ഒരു സ്വപ്നത്തിന്റെ കഥയാണ് പറയുക. 'പവി.. നിങ്ങളെ എനിക്കറിയാം. ഞാന്‍ നിങ്ങളെ കണ്ടിട്ടുണ്ട്.
ചുവന്ന കുങ്കുമപ്പൂക്കള്‍ അടര്‍ന്നു വീണ കരിങ്കല്‍പ്പടവുകളില്‍ ഒന്നില്‍ വച്ചു നമ്മള്‍ കണ്ടുമുട്ടിയിരുന്നു. അന്ന് പവിയെനിക്ക് ഒരു ചുവന്ന പട്ടു തന്നു. നെറ്റിയില്‍ കുങ്കുമം തൊടുവിച്ചിരുന്നു. പിന്നെ ബലമായി എന്നെ ചേര്‍ത്തു പിടിച്ചു നെറ്റിയില്‍ ചുംബിച്ചു. നിങ്ങളില്‍ നിന്നും വേര്‍പ്പെട്ടു പടികള്‍ ഓടി കയറുമ്പോള്‍ ഞാന്‍ കരഞ്ഞിരുന്നു.
മുകളിലെ പടിയില്‍ തളര്‍ന്നിരിക്കുമ്പോള്‍ ഞാന്‍ ഒരു ശില്‍പമായി മാറുന്നതറിഞ്ഞു. ശിലയില്‍ നിന്നും അടര്‍ന്നു മാറിയ ശില്‍പം. എന്റെ ദേഹത്ത് ചുറ്റിയിരിക്കുന്ന ചുവന്ന പട്ടിന്റെ തിളക്കം. എന്നില്‍ മഞ്ഞളും കുങ്കുമവും ചേര്‍ന്നൊഴുകി. അരളിപ്പൂക്കള്‍ എനിക്കു മേലെ ആരോ കുടഞ്ഞെറിഞ്ഞിരുന്നു.
വേദനയോടെ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ കണ്ടു. പാതി തീര്‍ത്ത ശില്പങ്ങള്‍ക്ക് നടുവില്‍ നിങ്ങളുടെ നിറഞ്ഞ കണ്ണുകള്‍.
നമ്മള്‍ തമ്മിലുള്ള ദൂരം ഏറെയായിരുന്നു.
ഞാന്‍ മടങ്ങി. എന്റെ ലോകത്തേക്ക്.
എന്നിട്ടും ആ പടികളില്‍ ഇടയ്ക്കു ഞാന്‍ പവിയെ തേടി വരാറുണ്ട്.
ഏതു ജന്മത്തിലായിരുന്നു പവി അത്? 'അവള്‍ പറഞ്ഞു നിര്‍ത്തി.
ഉത്തരം അയാള്‍ക്കും അറിയില്ല.
അവള്‍ പറയുന്നതിന്റെ അര്‍ത്ഥമൊന്നും അയാള്‍ക്ക് അധികം മനസ്സിലായിരുന്നില്ല. എന്തായിരുന്നു ആ സ്വപ്നത്തിന്റെ അര്‍ത്ഥമെന്നും അയാള്‍ ചോദിച്ചില്ല.
ഒന്ന് മാത്രം അറിയുന്നു. ഏതോ ഒരു ജന്മത്തിന്റെ ബന്ധം. അത് മനസ്സുകളെ ബന്ധിപ്പിക്കുന്നുണ്ട്. വേദനിപ്പിക്കുന്നുണ്ട്.
അവള്‍ എനിക്ക് ആരായിരുന്നു.
ചിലപ്പോള്‍ ചില നിമിഷങ്ങളില്‍ ആ സ്വരത്തില്‍ ഒരു കുട്ടിയുടെ കുസൃതി നിറയാറില്ലേ.
പ്രണയത്തിന്റെ മാസ്മരികത അറിയാറുണ്ട്. സൗഹൃദത്തിന്റെ സുഗന്ധം തോന്നാറുണ്ട്. ചിലപ്പോള്‍ വിഭ്രാന്തി നിറഞ്ഞ മനസ്സോടെ നിന്നു പിടയുന്നതറിയാറുണ്ട്.
അവള്‍. അവള്‍ എനിക്കു ആരായിരുന്നു?
കാക്ക ചിറകു കുടഞ്ഞു പിന്നെയും കരഞ്ഞു. അയാള്‍ തിടുക്കത്തോടെ അടുക്കളയിലേക്ക് നടന്നു. ചോറില്‍ എള്ളും നെയ്യും ചേര്‍ത്തു കുഴച്ചു.
തൊടിയില്‍ നിന്നും ഒരു ഇലച്ചീന്ത് കീറിയെടുത്തു. അതില്‍ ചോറുരുട്ടി പേരമരത്തിന്റെ ചുവട്ടില്‍ വച്ചു.
കാക്ക ചിറകു വീശി അതിനടുത്തിരുന്നു. പിന്നെ അയാളെ ഒന്ന് നോക്കി. ചോറ് കൊത്തി തിന്നു കൊണ്ടിരുന്നു. നോക്കി നില്‍ക്കേ അയാള്‍ കണ്ടു. പിന്നെയും ഒന്നോ രണ്ടോ കാക്കകള്‍. പിന്നെ അതിലേറെ. കാക്കകള്‍ക്കിടയില്‍ തിരഞ്ഞു.
ചോറുരുട്ടി ഇലയില്‍ വച്ചു കൊണ്ടിരുന്നു.
ഏറെ നേരം കഴിഞ്ഞു. കാക്കകളുടെ ശബ്ദം നിലച്ചിരുന്നു.
ആ കാക്ക. കഴുത്തില്‍ തവിട്ടു നിറമുള്ള കാക്കയെ അയാള്‍ തിരഞ്ഞു. ആകാശത്തിലേക്കു പറന്നുയരുന്ന കാക്കക്കൂട്ടങ്ങളില്‍ ഒന്ന് അയാളെ തിരിഞ്ഞു നോക്കിയെന്നു തോന്നി.
വെറുതെ ഒരു തോന്നല്‍.
അയാള്‍ കരഞ്ഞു.
നിര്‍വചനങ്ങള്‍ ഇല്ലാത്ത ഒരിഷ്ടത്തിന്റെ വേദനയോടെ അയാള്‍ ശൂന്യമായ ഇലയിലേക്ക് നോക്കി.
മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. കര്‍ക്കിടകത്തിലെ കറുത്ത മഴയില്‍ അയാള്‍ നനഞ്ഞു കുതിര്‍ന്നു ആ പേര മരച്ചുവട്ടില്‍ അങ്ങനെ നിന്നു.