കൊലുസ്സ്
| കഥ
അന്ന് ആമിനയും കൊലുസ്സണിഞ്ഞാണ് സ്‌കൂളില്‍ എത്തിയത്. തന്വിയുടെ ക്ലാസില്‍ കൊലുസ്സില്ലാത്ത രണ്ട് ജോഡി പാദങ്ങള്‍ അവളുടേതും പിന്നെ ആമിനയുടേതും ആയിരുന്നല്ലോ. ആമിനയുടെ ചിരിയ്ക്ക് കൊലുസ്സിനേക്കാള്‍ കിലുക്കം. ആ നിമിഷം തന്വി സ്വന്തം പാദങ്ങളിലേക്ക് നോക്കി. നഗ്നപാദങ്ങള്‍ അവളിലേക്ക് വിഷാദമായി അലിഞ്ഞു.
'നിശബ്ദ വേദനകള്‍ക്ക് മനസ്സ് തന്നെ ആവരണം.'
ആ കുഞ്ഞുമനസിനെ നോവിച്ചുകൊണ്ട് കൊലുസ്സിന്റെ കിലുക്കം അവള്‍ക്കുചുറ്റും കേട്ടുകൊണ്ടിരുന്നു.
കൊലുസ്സിന്റെ ചെറിയ മണികള്‍ക്കു രണ്ട് തരത്തില്‍ ചിരിക്കാനറിയാം. മഴ നനയുമ്പോള്‍ ഒരു സ്വരം. അല്ലാത്തപ്പോള്‍ മനം കൊതിപ്പിക്കുന്ന മറ്റൊരു സ്വരം. ആ കിലുക്കത്തിനൊപ്പം ഉയര്‍ന്ന കുഞ്ഞുകളിചിരികള്‍ നോക്കി സഞ്ചാരം മറന്ന് സൂര്യന്‍ സ്‌കൂള്‍മുറ്റത്തിന് മുകളിലായി ഒരു നിമിഷം നിന്നപോലെ. ഉച്ചയൂണ് കഴിഞ്ഞ് ക്ലാസ് മുറിയില്‍ തൊട്ടു കളിക്കുന്നതിനിടയിലാണ് ആമിനയുടെ പുതിയ കൊലുസ്സിന്റെ മണികളിലൊന്നിളകി തറയില്‍ വീണത്. തൊട്ടടുത്തുതന്നെ ചെറിയ കറുപ്പ് നിറം പടര്‍ന്ന, പൊട്ടിത്തുടങ്ങിയ മറ്റൊരു മണിയും. മറ്റാരുടെയോ കൊലുസ്സില്‍ നിന്നും ഇളകി വീണതാവും. തന്വി അത് കൈയിലെടുത്ത് ആമിനയുടെ നേരെ നീട്ടി.
'ആമിനാ.. ദാ.. നിന്റെ കൊലുസ്സിന്റെ മണി. ഇതാരുടേതാണ്? ഇത് കറുത്ത് തുടങ്ങി.'
ആമിന സ്വന്തം കൊലുസ്സിലേക്ക് നോക്കി. ശരിയാണ്, ഒരു മണി ഇളകിപോയിട്ടുണ്ട്. അവള്‍ തന്വിയില്‍ നിന്നും മണി വാങ്ങി ബാഗിനടുത്തേക്ക് നടന്നു. തന്വി അപ്പോഴും തന്റെ കൈയില്‍ അവശേഷിക്കുന്ന മണി തിരിച്ചും മറിച്ചും നോക്കികൊണ്ടിരുന്നു. ആമിന ഒരു നിമിഷം അത് തന്നെ നോക്കി നിന്നു. പിന്നെ തന്വിയുടെ അടുത്തേക്ക് നടന്നു.
'നിനക്ക് ഈ മണി വേണോ... തന്വി?'
'അതെന്താ... നിനക്ക് വേണ്ടേ?'
'നിനക്കല്ലേ കൊലുസ്സില്ലാത്തത്. ഇത് നീ എടുത്തോ...'
തന്വിയുടെ മനസ്സില്‍ ആഹ്‌ളാദത്തിന്റെ ഒരല. അവളുടെ വലിയ ആഗ്രഹത്തിന്റെ ഒരു തരി. അത് അവളുടെ കൈപ്പത്തിയ്ക്കുള്ളിലിരുന്ന് പുഞ്ചിരിച്ചു. തന്വി അന്ന് അത്യധികം ആഹ്‌ളാദത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. അവള്‍ സന്തോഷിക്കാതെ പിന്നെ. ആമിന നല്‍കിയ മണിയും, എത്ര അന്വേഷിച്ചിട്ടും ഉടമസ്ഥനെ കണ്ടെത്തനാവാത്ത ആ ചെറിയ, പൊട്ടിത്തുടങ്ങിയ മണിയും അവളുടെ കൈയില്‍ ഇരിക്കുകയല്ലേ.
പതിവ് പോലെ അച്ഛമ്മ വരാന്തയില്‍ പുസ്തകവും വായിച്ചിരിപ്പുണ്ട്. അന്ന് പക്ഷേ തന്വി അച്ഛമ്മയ്‌ക്കൊപ്പം കൂടിയില്ല. അവള്‍ കൊലുസ്സിന്റെ മണികള്‍ ചെറിയ വള്ളിയില്‍ കൊരുത്ത്, ഒരു പാദത്തില്‍ അണിഞ്ഞ്, അവിടെയൊക്കെ ഓടിനടന്നു. അതില്‍നിന്നും ഉതിരുന്ന ശബ്ദത്തിനായ് കാതോര്‍ത്തു. കൂട്ടത്തില്‍ നിന്നും വേര്‍പെട്ട ദുഃഖത്തില്‍ പക്ഷേ ആ ചെറുമണികള്‍ ചിരിക്കാന്‍ മറന്നു പോയിരുന്നു. അച്ഛമ്മ അവള്‍ക്കുള്ള ചായയുമായി വരുമ്പോള്‍ നിശബ്ദമായ ചെറുമണികളെ നോക്കി തന്വിയും മൗനമണിഞ്ഞുകഴിഞ്ഞിരുന്നു.
അല്ലാതെ ഒരു കൊലുസ്സിനായി അവള്‍ക്ക് അമ്മയോട് ആവശ്യപ്പെടാനാവില്ലല്ലോ. അല്ലെങ്കില്‍ തന്നെ ഒരു കുടുംബത്തിന്റെ മുഴുവന്‍ ഭാരവും പേറി അമ്മ തളര്‍ന്നു തുടങ്ങിയെന്ന് അവള്‍ക്കറിയാം. പാദസരമെന്ന തന്റെ ആഗ്രഹം, അത് അമ്മയെ കൂടുതല്‍ വിഷമിപ്പിക്കുകയേ ഉള്ളൂ. അതിനവള്‍ ഒട്ടും ഒരുക്കമായിരുന്നില്ല. അന്ന് രാത്രിയും തന്വി വള്ളിയില്‍ കൊരുത്ത മണികള്‍ പാദത്തില്‍ അണിഞ്ഞുകൊണ്ടാണ് ഉറങ്ങിയ്ത്.
ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ആഗ്രഹങ്ങളുടെ ശവപ്പെട്ടിയല്ലേ പല ഹൃദയങ്ങളും? മിഴിനീര്‍ കൊണ്ട് കഴുകിയും, പുഞ്ചിരികൊണ്ടു തുടച്ചും ആ ആഗ്രഹങ്ങളെ മിനുക്കി മിനുക്കി കൊണ്ട് നടക്കുകയല്ലേ പല മനസ്സുകളും?
അവളും, ആ കുഞ്ഞും ഈ ചെറു പ്രായത്തിലേ ആഗ്രഹങ്ങളെ ഉള്ളിലൊതുക്കാന്‍ പഠിച്ചിരിക്കുന്നു. അമ്മയുടെ പ്രയാസങ്ങള്‍ക്കുമുന്നില്‍ ആഗ്രഹങ്ങളൊക്കെ എത്രയോ തുച്ഛം. സ്വന്തമായി നേടാനാവുന്നതുവരെ കൊലുസ്സിന്റെ കിലുക്കം ആ കുഞ്ഞു മനസ്സില്‍ നോവില്‍ പൊതിഞ്ഞ് സുരക്ഷിതം.
പിറ്റേന്ന് പുലരുമ്പോള്‍ മണികളില്‍ ഒന്ന് കൂടി അവള്‍ക്കു നഷ്ടമായി. അന്ന് സ്‌കൂളില്‍ പോകുന്ന സമയം വരെയും തന്വി ആ മണി വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഉറങ്ങിയ പായയും, മുറിയും മുഴുവന്‍ തിരഞ്ഞിട്ടും തന്വിക്കു ആ മണി തിരികെ ലഭിച്ചില്ല. ആമിന നല്‍കിയ മണി അവളുടെ കൈപ്പത്തിയിലിരുന്ന്, അവളുടെ മിഴിനീരില്‍ നനഞ്ഞ്, സൂര്യനെ നോക്കി തിളങ്ങി. മഞ്ചാടിയും, മയില്‍പ്പീലിയും, പുസ്തകങ്ങളും അടങ്ങുന്ന അവളുടെ ഇഷ്ടങ്ങളുടെ ശേഖരത്തിലേക്ക് ആ മണി കൂടി അവള്‍ ചേര്‍ത്ത് വച്ചു, ഭദ്രമായി.
പെയ്തുതോര്‍ന്ന മഴ പാടങ്ങളില്‍ നിറച്ചിട്ട വെള്ളത്തില്‍ നീന്തല്‍ പഠിച്ച് തന്വി ആകവേ ചേറില്‍ പൊതിഞ്ഞിരുന്നു. കഴിഞ്ഞുപോയ അദ്ധ്വാനത്തിന്റെ ബാക്കി എന്നത്‌പോലെ അവളുടെ ഉദരം ഭക്ഷണത്തിനായി കൊതിക്കുന്നുമുണ്ടായിരുന്നു. കിണറ്റില്‍ നിന്നും കോരിയെടുത്ത വെള്ളം തൊട്ടിയോടെ തലയിലേക്ക് കമഴ്ത്തിയുള്ള അവളുടെ സ്ഥിരം കുളി കഴിഞ്ഞ് അച്ഛമ്മ അവള്‍ക്കായി കഴുകിയുണക്കി വച്ചിരുന്ന ഉടുപ്പുകളില്‍ അവള്‍ക്കിഷ്ടപ്പെട്ട വെള്ള ഉടുപ്പും പാവാടയും ധരിച്ചാണ് അവള്‍ ഉമ്മറത്തേക്ക് നടന്നത്. ഉമ്മറത്ത് അതിഥികള്‍ ഉണ്ട്. അച്ഛമ്മ അവരോടു സംസാരിച്ചിരിപ്പാണ്. അതിഥികള്‍ക്ക് മുന്നിലെ ടീപ്പോയില്‍ പൊരിച്ച മുട്ട കഷ്ണങ്ങള്‍ ആക്കിയതും ചായയും.
അപ്പൊ ലണ്ടന്‍കാരാണ് അതിഥികള്‍. അച്ഛമ്മ അവരില്‍ ചിലരെ മാത്രമേ ഇങ്ങനെ സല്‍കരിക്കാറുള്ളൂ. തന്വി അച്ഛമ്മയുടെ അടുത്ത് തന്നെ നിന്നു. അതിഥികള്‍ അവളെ നോക്കി ചിരിച്ചു, അവളും. അച്ഛമ്മയുടെ ലണ്ടനിലുള്ള അനുജത്തിയും കുടുംബവുമാണ് അതിഥികള്‍. മകളുടെ കല്യാണത്തിന് അച്ഛമ്മയെ ക്ഷണിക്കാന്‍ വന്നിരിക്കുകയാണ്. ഇത്രയും കാര്യങ്ങള്‍ തന്വിക്ക് അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലായി.
'കല്യാണത്തിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ഒക്കെ എടുത്തു. ഇനി അധിക നാളൊന്നും ഇല്ലല്ലോ. പക്ഷേ, അവള്‍ക്കെടുത്ത കൊലുസ്സ് വളരെ വലുത്. കാലില്‍ കിടക്കുന്നില്ല. ഇനിയത് മുറിച്ച് കളഞ്ഞ് ചെറുതാക്കി എടുക്കണം.'
കൊലുെസ്സന്ന് കേട്ടതും തന്വിയുടെ മുഴുവന്‍ ശ്രദ്ധയും അവരുടെ സംസാരത്തില്‍ ആയി. അവള്‍ ആ കൊലുസ്സ് സങ്കല്‍പിച്ചുനോക്കി. എങ്ങനെയിരിക്കും കൊലുസ്സ്? ഒരുപാട് മണികള്‍ ഉള്ളതായിരിക്കുമോ?
'ഇനി ഞങ്ങള്‍ ഇറങ്ങട്ടെ അക്കാ?'-
പുറത്ത് പകല്‍ ഇരുളിലേക്ക് മറയാന്‍ തുടങ്ങിരുന്നു. ആ ഇരുളിലേക്ക് കുങ്കുമം വിതറി സന്ധ്യയും എങ്ങോ പോയിമറഞ്ഞിരുന്നു.
'ശരി... നേരം ഇരുട്ടിയില്ലേ...'
അതിഥികള്‍ പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അച്ഛമ്മ അത് പറയുന്നത്. അച്ഛമ്മയുടെ ആവശ്യവും അതിന്റെ മറുപടിയും തന്വി കേട്ടത് കാതുകള്‍ കൊണ്ടായിരുന്നില്ല. മറിച്ച് കുതിച്ച് ചാടാന്‍ വെമ്പുന്ന മനസ്സുകൊണ്ടായിരുന്നു.
'മേടിച്ച കൊലുസ്സ് വലുതായിപ്പോയി എന്നല്ലേ നീ പറഞ്ഞത്. അത് മുറിക്കുമ്പോള്‍ ബാക്കി വരുന്ന തുണ്ടു കൊണ്ട് ഇവള്‍ക്കായി ഒരു ജോഡി കൊലുസ്സ് പണിയൂ...'
തന്വിയെ ചേര്‍ത്ത് പിടിച്ചാണ് അച്ഛമ്മ അത് പറഞ്ഞത്.
'അതിനെന്താ അക്കാ... ഇവള്‍ക്കും കൂടി ഒരു ജോഡി കൊലുസ്സ് പണിയാം.'
അത്രയേറെ ആശിച്ചത് അപ്രതീക്ഷിതമായി കൈപ്പിടിയില്‍ ഒതുങ്ങുമ്പോള്‍ നിദ്ര പോലും അന്യമാവില്ലേ?
തന്വിക്കു പിന്നെ ഉറക്കവുമില്ല, ഊണുമില്ല. കൊലുസ്സ് കൈയില്‍ കിട്ടുന്നതും, അതണിഞ്ഞ് സ്‌കൂളില്‍ പോകുന്നതും ആലോചിച്ചാലോചിച്ച് അവള്‍ ഓരോ ദിനവും തള്ളി നീക്കി.
അല്ലെങ്കിലും എന്തെങ്കിലും പ്രതീക്ഷിച്ചിരിക്കുമ്പോഴല്ലേ ദിവസത്തിനു ഇത്ര ദൈര്‍ഘ്യം വയ്ക്കുന്നത്. രാത്രിയും പകലും തമ്മില്‍ ഇത്രയും ദൂരമുണ്ടെന്ന് അന്നാണ് അവള്‍ മനസ്സിലാക്കിയത്. എന്നും പുലര്‍ച്ചയ്ക്ക് അച്ഛമ്മ കിഴക്കോട്ട് നോക്കി, കാലുകള്‍ പിണച്ച് വച്ച്, സൂര്യദേവനെ തൊഴുതു പ്രാര്‍ഥിക്കാറുണ്ട്. ഈയിടെയായി അച്ഛമ്മയ്‌ക്കൊപ്പം തന്വിയും കൂടി. പ്രാര്‍ഥിക്കാന്‍ പിന്നെ അവള്‍ക്കു ഒരു കാര്യമേ ഉള്ളൂ.
'സൂര്യദേവാ ഒന്ന് പെട്ടെന്ന് പടിഞ്ഞാറോട്ട് പോണേ... എന്നാലല്ലേ പെട്ടെന്ന് രാത്രിയാവൂ.. എന്നാലല്ലേ പെട്ടെന്ന് നാളെയാവൂ.. എന്നാലല്ലേ പെട്ടെന്ന് കൊലുസ്സ് കിട്ടുന്ന ദിവസം വരൂ.. അതുകൊണ്ട് ഇങ്ങനെ പയ്യെ പയ്യെ പോവല്ലേ സൂര്യദേവാ.. പെട്ടെന്ന് പോണേ..'
അങ്ങനെ ആ ദിവസവും വന്നു. തന്വിക്ക് കൊലുസ്സ് കിട്ടുന്ന ദിവസം. ആറ്റിന്‍ കരയിലുള്ള ആ വീടിന്റെ പടികടക്കുമ്പോള്‍ തന്വി കൊലുസ്സിനെക്കുറിച്ച് മാത്രം ചിന്തിച്ചു. കല്യാണം കഴിഞ്ഞ് ശാന്തമായ വീടിന്റെ മനോഹരമായ സെറ്റിയില്‍ ഇരുന്ന് അച്ഛമ്മയും അനുജത്തിയും കല്യാണവിശേഷങ്ങള്‍ പറഞ്ഞു, കാപ്പി കുടിച്ചു, ബദാമും കഴിച്ചു. കൊലുസ്സിനെക്കുറിച്ച് മാത്രം ആരും ഒന്നും പറയുന്നില്ല. തന്വി അവിടെയൊക്കെ ഓടിക്കളിച്ചു. അപ്പോഴും അവളുടെ പൂര്‍ണ ശ്രദ്ധ അവരുടെ സംസാരത്തിലായിരുന്നു.
ഇനിയും എത്ര നേരം അവള്‍ക്ക് ക്ഷമിക്കാനാവും. അവള്‍ പതിയെ അച്ഛമ്മയുടെ അടുത്ത് ചെന്ന് ചെവിയില്‍ പറഞ്ഞു.
'അച്ഛമ്മാ... നമ്മുക്ക് പോവാം...'
അച്ഛമ്മ കുറച്ച് ബദാം എടുത്ത് അവളുടെ കൈയില്‍ കൊടുത്തു.
'ഇപ്പൊ പോവാം...'
അവര്‍ വീണ്ടും സംസാരത്തില്‍ ലയിച്ചു. തന്വി അവിടയൊക്കെ ഓടികളിക്കാനും തുടങ്ങി. കുറച്ച് കഴിഞ്ഞ് അവള്‍ പിന്നെയും അച്ഛമ്മയുടെ അടുത്ത് ചെന്ന് ചെവിയില്‍ പതുക്കെ പറഞ്ഞു.
'അച്ഛമ്മാ.. നമ്മുക്ക് പോവാം..'
അച്ഛമ്മ അവള്‍ക്ക് കുറച്ച് ബദാം കൂടി കൊടുത്തു.
'ഇപ്പൊ പോവാം..'
തന്വി അച്ഛമ്മ ഇരുന്ന സെറ്റിയ്ക്കു ചുറ്റും വെറുതെ നടന്നു. പക്ഷേ, അവള്‍ക്ക് കളിയിലും ബദാമിലും ചായയിലും ഒന്നും ശ്രദ്ധചെലുത്താന്‍ കഴിഞ്ഞില്ല. അവള്‍ വീണ്ടും അച്ഛമ്മയുടെ അടുത്തെത്തി.
'അച്ഛമ്മാ... നമുക്ക് പോവാം..'
'നീ ആ കൊലുസ്സങ്ങ് എടുത്ത് ഇവള്‍ക്ക് കൊടുക്ക്. അതിനായാണ് ഇവള്‍ പോവാം.. പോവാം... ന്ന് പറയുന്നത്.'
അച്ഛമ്മയുടെ അനുജത്തി അപ്പോള്‍ തന്നെ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി. അവര്‍ തിരിച്ചു വരുമ്പോള്‍ ആഭരണങ്ങള്‍ അടച്ചു സൂക്ഷിക്കുന്ന ഒരു ചെറിയ പ്ലാസ്റ്റിക്ക് പെട്ടിയും കൈയിലുണ്ടായിരുന്നു. അത് അവര്‍ തന്വിക്ക് നേരെ നീട്ടി. തന്വി അടക്കാനാവാത്ത സന്തോഷത്തോടെ ആ പെട്ടി വാങ്ങി തുറന്നു. അതിനകത്ത് നേര്‍ത്ത റോസ് പേപ്പറില്‍ പൊതിഞ്ഞ്, നിറയെ മണികളുള്ള ഒരു പുത്തന്‍ കൊലുസ്സ്. മുറിയിലെ ലൈറ്റിന്റെ പ്രകാശം ആ കൊലുസ്സിന് അഭൗമമായ ഒരു തിളക്കം സമ്മാനിച്ചിരുന്നു. ആ കൊലുസ്സ് കൈയിലെടുക്കുമ്പോള്‍, അത് കാലില്‍ അണിയുമ്പോള്‍, ഓരോ ചുവടിലും അതിന്റെ മണികള്‍ കൂട്ടത്തോടെ ചിരിക്കുമ്പോള്‍, അപ്പോള്‍, ആ സമയം തന്വിയുടെ മുഖത്ത് വിരിഞ്ഞതാണ് യഥാര്‍ഥ ഓണനിലാവ്.
അതിനുശേഷം എത്ര സമയമാണ് തന്വിയുടെ അച്ഛമ്മയും അനുജത്തിയും സംസാരിച്ചിരുന്നത്. തന്വി അവരെ ശല്യപ്പെടുത്തിയതേയില്ല. ഇനിയവള്‍ക്കു പോകുവാന്‍ ഒട്ടും ധൃതിയില്ലല്ലോ. അവളുടെ മനസ്സ് ആ കൊലുസ്സിന്റെ കിലുക്കത്തിനൊപ്പം പൊട്ടിച്ചിരിച്ചുകൊണ്ട് അവിടെയൊക്കെ ഓടി നടക്കുകയല്ലേ.
Illustration: AI