ആദാമിന്റെ തേങ്ങകള്‍
| കഥ
പൗലോസ് പൊതിക്കുന്ന തേങ്ങയുടെ എണ്ണം കൃത്യം പോലെ തിട്ടപ്പെടുത്തികൊണ്ട് ആദം നിന്നു. 'ആയിരത്തിഎണ്ണൂറ്' ഒടുവിലത്തെ തേങ്ങക്ക് എണ്ണം പിടിച്ചത് ഭാര്യ സൗദയാണ്. തേങ്ങയുടെ എണ്ണം കൂടാനോ കുറയാനോ സാധ്യതയില്ലെന്ന് അവള്‍ക്ക് നല്ല ബോധ്യമുണ്ട്. ആരോ ഏല്‍പ്പിച്ച ബാധ്യത പോലെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സൗദ ഒടുവിലെ എണ്ണം വിളിച്ചു പറയും. അത് കേള്‍ക്കുമ്പോള്‍ പൗലോസ് ഒന്ന് അടക്കി ചിരിക്കും. ശേഷം അയാള്‍ തന്റെ ഇടത് കാലൊന്ന് ചൊറിയും. ഈ മൂന്ന് കാര്യങ്ങളും ആദമിനെ സംബന്ധിച്ച് വളരെ അലോസരമുണ്ടാക്കുന്നതാണ്.
ഇതെ കുറിച്ച് ഭാര്യയോട് പലവട്ടം സൂചന നല്‍കിയിട്ടും അവള്‍ ആ ശീലം ഉപേക്ഷിക്കാന്‍ തയാറായില്ല.
'നിങ്ങളുടെ തെങ്ങുകള്‍ക്ക് എന്തൊരു കൃത്യനിഷ്ഠയാണ്. ചാവും വരെ അവര്‍ തേങ്ങകള്‍ ആയിരത്തിഎണ്ണൂറില്‍ കൂടുതലോ കുറവോ തരില്ല. അല്ലെങ്കില്‍ നിങ്ങള്‍ കുറച്ചും കൂടി നന്നായി അധ്വാനിക്കേണ്ടി വരും'
കഴിഞ്ഞ തേങ്ങയിടലിന്റെയന്ന് രാത്രിയില്‍ മുടി കോതിയൊതുക്കി കൊണ്ട് സൗദ ഇങ്ങനെ പറഞ്ഞിരുന്നു.
ഭാര്യയുടെ വാക്കുകള്‍ കിടത്തി ചിന്തിപ്പിച്ചതിന്റെ ആവേശത്തില്‍ പിറ്റേന്ന് മുതല്‍ നീണ്ട അറുപത് ദിവസങ്ങള്‍ അധ്വാനത്തിന്റെ അളവില്‍ ഗണ്യമായ വര്‍ദ്ധനവ് കാണിച്ചതാണ്. എന്നിട്ടും നന്ദിയില്ലാത്ത തെങ്ങുകള്‍ ആയിരത്തി എണ്ണൂറില്‍ കൂടുതല്‍ തേങ്ങ തന്ന് കനിഞ്ഞില്ല. കൂടുതല്‍ വേണമെന്നുള്ള വാശി അയാള്‍ക്കില്ല, കുറവായാലും ധാരാളം. പറമ്പിലെ തേങ്ങ വിറ്റ് വേണ്ട ആദമിന് കുടുംബം പോറ്റാന്‍. ആവുന്ന കാലത്ത് മരുഭൂമിയില്‍ നിന്നും സമ്പാദിച്ചു കൊണ്ടുവന്നത് തന്നെ മതിയോളമുണ്ട്. പക്ഷേ, എന്തുകൊണ്ടോ തെങ്ങുകളുടെ കൃത്യനിഷ്ഠതയില്‍ പരിഹസിക്കപ്പെടുന്നത് ആദമാണെന്ന് അയാള്‍ ഉറച്ചു വിശ്വസിക്കുന്നു.
വേദനയോടെ അന്ന് രാത്രിയിലും അയാള്‍ ഭാര്യയോട് സംസാരിച്ചു. ഭാര്യക്ക് പക്ഷേ ആദമിനോട് യോജിക്കാന്‍ കഴിയില്ല.
'എന്ത് കഷ്ട്ടമാണ്'
അവള്‍ മുഖം കറുപ്പിച്ചു കൊണ്ട് പറഞ്ഞു.
ആദം ഒന്ന് മൂളിയതിനു ശേഷം അവളുടെ മൃദുലമായ കൈ വിരലുകളില്‍ അലസമായി തലോടിക്കൊണ്ട് പറഞ്ഞു.
'നീ എന്തുകൊണ്ട് ആ ശീലം ഒഴിവാക്കുന്നില്ല'
'അതെന്റെ അവകാശമാണ്'
ഭാര്യയുടെ മറുപടി പെട്ടന്നായിരുന്നു
'അവകാശമോ..? '
അയാള്‍ ആശ്ചര്യം മറച്ചു വച്ചില്ല
'അതെ എന്റെ അവകാശം, അവകാശം വക വച്ചു തരാന്‍ നിങ്ങള്‍ക്ക് ഭാവമില്ലെങ്കില്‍ എനിക്ക് എന്റെ വഴി നോക്കേണ്ടി വരും'
മറുപടിയൊന്നുമില്ലാതെ കുറച്ചു നേരം അയാള്‍ കട്ടിലിലിരുന്നു. പെണ്ണുങ്ങള്‍ക്ക് എന്തൊക്കെ തരം അവകാശങ്ങളാണ്. ആദം ഓര്‍ത്തു.
അയാള്‍ പടര്‍ന്നു പന്തലിച്ച ഇരുട്ടിലേക്ക് കാഴ്ചകളെ മേയാന്‍ വിട്ടു. ഇടക്ക് എപ്പോഴോ പതിയെ കട്ടിലില്‍ ചെരിഞ്ഞു കിടന്നു. തെങ്ങുകള്‍ യൗവനയുക്തയായ പെണ്ണുങ്ങളെ പോലെ നിലാവില്‍ കുളിച്ചു നില്‍ക്കുന്നു. ആ കിടപ്പില്‍ അയാളുടെ ഉള്ളിലൂടെ കടന്നുപോയ ചിന്തകള്‍ തുടര്‍ന്നുള്ള രാത്രികളിലും ആവര്‍ത്തിച്ചു. ദിവസങ്ങള്‍ അതിവേഗത്തില്‍ സഞ്ചരിച്ചു. ഒഴിവ് സമയങ്ങളില്‍ ആദം പറമ്പിലൂടെ നടക്കും. വാഴ, വഴുതന, വെണ്ടയ്ക്ക, പയര്‍, പടവലം, തക്കാളി തുടങ്ങിയ തന്റെ പ്രിയപ്പെട്ട പച്ചക്കറികളോട് കുശലം പറയുകയും അവകള്‍ക്ക് വയറുനിറച്ചും വെള്ളവും വളവും നല്‍കുകയും ചെയ്തു. എന്നാല്‍, തെങ്ങുകളെ അയാള്‍ പാടെ അവഗണിക്കുകയായിരുന്നു.
ചിലപ്പോള്‍ ഉച്ച ഭക്ഷണം കഴിഞ്ഞ് അയാള്‍ നേരെ പറമ്പിലേക്ക് ഇറങ്ങും. തെങ്ങുകളുടെ മുഖത്ത് നോക്കി തന്റെ നിറഞ്ഞ വയര്‍ തടവും.
'വഞ്ചകിമാരെ നിങ്ങളെയൊക്കെ ഞാന്‍ പട്ടിണിക്കിട്ട് കൊല്ലും നോക്കിക്കോ '
എന്നും പറഞ്ഞയാള്‍ വീട്ടിലേക്ക് തന്നെ തിരിക്കും. നീണ്ട അമ്പത്തിയെട്ട് ദിവസങ്ങളിലും ആദമിന് പുതിയതായി ഒന്നും ചെയാനുണ്ടായിരുന്നില്ല. തെങ്ങുകളെ മാനസികമായി മുറിവേല്‍പ്പിക്കുക എന്നത് മാത്രമായിരുന്നു അയാള്‍ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍, അമ്പത്തിയൊമ്പതാമത് ദിവസം വൈകുന്നേരം ആദം അങ്ങാടിയിലേക്ക് ഇറങ്ങി. അയാള്‍ ഇറങ്ങുമ്പോള്‍ ഭാര്യ അയയില്‍ നിന്നും തുണികള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു. പറമ്പും ഗേറ്റും കടന്ന് ആദം അകലുന്നത് വരെ ഭാര്യ ആ യാത്രയെ കുറിച്ച് അന്വേഷിക്കണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷേ, എന്തുകൊണ്ടോ അവരത് ചെയ്തില്ല. വെന്ത് പാകമാകുന്ന ഇലയടയുടെ മണം അവരുടെ ചിന്തകളുടെ പാളം തെറ്റിക്കുകയായിരുന്നു.
ആദം നടന്നു. വഴി വക്കിലേ പറമ്പുകളിലെല്ലാം തെങ്ങുകള്‍ അയാളെ നോക്കി പരിഹസിക്കുകയാണ്. സകലതിനെയും വെട്ടിക്കൂട്ടി അടുപ്പിലിടണം. അയാള്‍ പിറുപിറുത്തു. എങ്ങോട്ടാണ് ഈ യാത്ര. ഒട്ടും ദൂരെയല്ലാതെ. ദിവാകരനെ ഒന്ന് കാണണം. ഏത് ദിവാകരന്‍, കള്ളന്‍ ദിവാകരന്‍ എന്ന് പറഞ്ഞാലേ നാട്ടുകാര്‍ക്ക് മനസിലാവു.
സത്യസന്ധനായ കള്ളനാണ് ദിവാകരന്‍. എങ്കിലും മുരടന്‍. അരയില്‍ തിരുകിയിരിക്കുന്ന കത്തി ഒരു ചെറിയ വിഷയവുമല്ല. ഓരോന്ന് ഓര്‍ത്തുകൊണ്ട് അങ്ങാടിയും പിന്നിട്ടയാള്‍ ദിവാകരന്റെ വീട് ലക്ഷ്യമാക്കി നടന്നു. വഴിയിലെ പരിചിത മുഖങ്ങളുടെ കുശലന്വേഷണങ്ങള്‍ പാടെ അവഗണിച്ചു.
ദിവാകരന്റെ വീട് ഒറ്റപ്പെട്ടു കിടപ്പാണ്. അതൊരു ചെറിയ കുന്നിന് മുകളിലായാണ് സ്ഥാപിതമായിരിക്കുന്നത്. ആയാസപ്പെട്ട് വലിഞ്ഞു കയറിയാല്‍ പൊട്ടിപൊളിഞ്ഞ മതില്‍ പുറത്ത്,
'കള്ളന്‍ ദിവാകരന്‍
ഞങ്ങള്‍ക്ക് മറ്റു ബ്രാഞ്ചുകള്‍ ഇല്ല
മൈ വട്‌സപ്പ് നമ്പര്‍ ഈസ്........ '
എന്നൊരു ബോര്‍ഡ് കാണാം.
ദിവാകരന്‍ ഒരു കൊട്ടേഷന്‍ കള്ളനാണ്. ആവിശ്യക്കാര്‍ മോഷ്ടിക്കാന്‍ ഏല്‍പ്പിക്കുന്ന വീട്/വസ്തുവകകള്‍ കൊള്ളയടിച്ചു കൊടുക്കുക എന്നതാണ് അയാളുടെ മോഷണരീതി. പക്ഷേ കൂലി ഇനത്തില്‍ തൊണ്ടി മുതല്‍ അയാള്‍ക്കുള്ളതാണ്.
വര്‍ഷത്തില്‍ ഭൂരിഭാഗവും ദിവാകരന്‍ ജയിലില്‍ ആയിരിക്കും. അതുകൊണ്ട് തന്നെ കോളിങ് ബെല്ലില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ആദം ഒന്ന് സംശയിച്ചു. പക്ഷേ നിമിഷനേരം കൊണ്ട് വാതില്‍ തുറക്കപ്പെട്ടു.
ദിവാകരനും മെലിഞ്ഞു ഒട്ടിയ ഒരു പൂച്ചയും അയാളെ അടിമുടി വീക്ഷിക്കുകയാണ്. ഇറങ്ങി ഓടിയാലോ എന്ന് വരെ ആദം ചിന്തിച്ച സന്ദര്‍ഭം. എങ്കിലും ധൈര്യം കൈവെടിയാതെ തന്റെ ആവശ്യം വിവരിച്ചു.
'ഒന്ന് മോഷ്ട്ടിക്കണം.. '
'ആയിക്കോട്ടെ.. എവിടെ എപ്പോള്‍ എങ്ങനെ കൃത്യമായ വിവരങ്ങള്‍ പറയു..'
കൈമുട്ടിലെ ഷര്‍ട്ട് മടക്കില്‍ നിന്നും ബീഡിയെടുത്ത് പുകച്ചു കൊണ്ട് ദിവാകരന്‍ മറുപടി പറഞ്ഞു.
'ഒരു പറമ്പ്.. '
'ആരുടേ പറമ്പ്... '
'എന്റെ സ്വന്തം പറമ്പ്.. '
പൂച്ച ആദമിനെയൊന്ന് ചെരിഞ്ഞു നോക്കി. അയ്യേ എന്നൊരു ഭാവത്തോടെ അത് ഉമ്മറ പടി കടന്ന്, അല്ല മതില്‍ ചാടി പുറത്തേക്ക് പോയി.
'സ്വന്തം പറമ്പോ...?'
അവസാനപുക ആഞ്ഞുവലിച്ചു കൊണ്ട് ദിവാകരന്‍ ചോദിച്ചു.
'അതെ സ്വന്തം പറമ്പ്..'
ആകെകൂടി പറമ്പില്‍ തൊണ്ണൂറ് തെങ്ങ് ഉണ്ട്, ഓരോ തെങ്ങില്‍ നിന്നും അഞ്ച് വിധം തേങ്ങ ഇന്ന് രാത്രിയില്‍ മോഷ്ട്ടിക്കണം. ഇതായിരുന്നു ആദം ഏല്‍പ്പിച്ച കൊട്ടേഷന്‍.
ദിവാകരന് കൊട്ടേഷന്‍ ഏറ്റെടുക്കാന്‍ യാതൊരു തടസ്സങ്ങളുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കൊട്ടേഷന്‍ ഫിക്‌സഡ് തുകയായ അഞ്ഞൂറ് രൂപ ഐശ്വര്യത്തോടെ ദിവാകരന്‍ കൈപറ്റി. തിരിച്ചിറങ്ങുമ്പോള്‍ മതില്‍പുറത്ത് കുറിച്ചിട്ടിരുന്ന മൈ വാട്‌സ്ആപ്പ് നമ്പര്‍ ഈസ്........ ആദം സ്വന്തം ഫോണില്‍ പകര്‍ത്തി വെച്ചു.
നടക്കുമ്പോള്‍ ആദമിന്റെ ഉള്ള് കലങ്ങി മറിഞ്ഞു. മോഷ്ടിക്കാന്‍ ഏല്‍പ്പിച്ചത് മഹാ അപരാധമായി അയാള്‍ക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അതൊരു മോശം അവസ്ഥയുമായിരുന്നു. അയാള്‍ക്ക് ഉപ്പയുടെ മുഖം ഓര്‍മ വന്നു. പണ്ട് പണ്ട് ഉപ്പയുടെ പറമ്പിലും തെങ്ങുകള്‍ തലയെടുപ്പോടെ നിന്നിരുന്നു. തേങ്ങകള്‍ പൊഴിഞ്ഞു വീഴുമ്പോള്‍ ഉപ്പയത് പെറുക്കി ചായ്പ്പിലേക്കിടും. ആദം ചോദിക്കും,
'ഉപ്പ ഈ വീണ തേങ്ങയുടെ പേരെന്താ...?'
ഉപ്പ പറയും
'ആദാമിന്റെ തേങ്ങ..'
പള്ളിയില്‍ നിന്നും വാങ്ക് വിളി മുഴങ്ങി. സമയം മഗ്രിബായിരിക്കുന്നു. അയാള്‍ വേഗത കൂട്ടി.
പള്ളിയായിരുന്നു ലക്ഷ്യം. നിസ്‌കരിക്കാന്‍ കൈകെട്ടുമ്പോഴും സുജൂദില്‍ വീഴുമ്പോഴും കുറ്റബോധം. താന്‍ മോഷ്ട്ടിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നു. പ്രിയപ്പെട്ട പടച്ചോനെ ഇയുള്ളവനോട് പൊറുക്കില്ലേ.
വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ പകമാക്കപ്പെട്ട ഇലയടകള്‍ ആദമിനെ കാത്തിരിക്കുന്നു.
'കഴിക്കു'
ഭാര്യ സ്‌നേഹത്തോടെ പറഞ്ഞു.
ഇലയടാക്ക് അകത്ത് മധുരത്തില്‍ പൊതിഞ്ഞ തേങ്ങ കൂട്ട്.. എന്തുകൊണ്ടോ കുറ്റബോധത്തിന്റെ രൂചി. രാത്രിയില്‍ ഭക്ഷണവും നേരാവണ്ണം കഴിക്കാന്‍ അയാള്‍ക്ക് സാധിച്ചില്ല.
ഭാര്യ ഉറങ്ങാന്‍ കിടക്കുമ്പോഴും അയാള്‍ ഉമ്മറത്തിണ്ണയില്‍ പറമ്പും നോക്കിയിരിക്കുകയായിരുന്നു. തെങ്ങുകളും മൂകരായിരുന്നു. അവര്‍ കാറ്റിനോട് കിന്നരിക്കുകയോ കുശലം പറയുകയോ ചെയ്യുന്നില്ല. ചീവീട് പോലും ശബ്ദിക്കുന്നില്ലെന്ന് അയാള്‍ക്ക് തോന്നി.
പാതിരാത്രിയില്‍ ദിവാകരന്‍ പമ്മി പമ്മി വരും. നിലാവില്‍ കുളിച്ച് മയങ്ങി നില്‍ക്കുന്ന തെങ്ങുകള്‍ ദിവാകരനെ കണ്ടു ഭയക്കും. അവര്‍ കരയും.
ആരുമില്ലേ ഞങ്ങളെയൊന്ന് രക്ഷിക്കാനെന്ന് കേഴും. ആശ്രയം നഷ്ട്ടപ്പെടുന്ന പെണ്‍ശരീരം പോലെയവര്‍ പ്രതിരോധത്തിനുള്ള മാര്‍ഗം തേടും. ഒന്നും സംഭവിക്കില്ല. നിലയ്ക്കാത്ത രോദനത്തോടെ അവര്‍ ദിവാകരന് വഴിപ്പെടും. ദിവാകരന്റെ മര്‍ദനമേറ്റ ശരീരവുമായി തെങ്ങുകള്‍ ആദമിനെ നോക്കും. 'ഞങ്ങളെ വിറ്റുവല്ലേ..'
അവര്‍ ചോദിക്കും.
ആദമിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. അയാള്‍ പറമ്പിലൂടെ വെട്ടം തെളിയിച്ച് ഉലാത്തി കൊണ്ടിരുന്നു. എന്തുകൊണ്ട് ദിവാകരനെ ഈ കൃത്യത്തില്‍ നിന്നും ഒഴിവാക്കിക്കൂടാ. നടത്തത്തിനിടയില്‍ അയാള്‍ ഓര്‍ത്തു. പക്ഷേ, ചരിത്രത്തില്‍ ഇന്നുവരെ ദിവകാരന്‍ ഏറ്റെടുത്ത ജോലിയില്‍ നിന്നും പിന്മാറിയിട്ടില്ല. ആദമിന് വേണ്ടി അയാള്‍ വിട്ടുവീഴ്ച ചെയ്യുമോ..? അതൊ അരയിലെ കത്തി വലിച്ചൂരി ദിവാകരന്‍ ആദമിന്റെ ഹൃദയം കുത്തിക്കീറുമോ...?
ഇടക്ക്, അല്ല പലവട്ടം സൗദ ജനാലയിലൂടെ ആദമിനെ നിരീക്ഷിച്ചു. എപ്പോഴോ നിരീക്ഷണം ഉപേക്ഷിച്ചവള്‍ ഉറങ്ങി പോയിരുന്നു. രാത്രിയുടെ ഇരുട്ട് ഒരു മോഷ്ട്ടാവിനെ പോലെ ആദമിനെ മാത്രം ഉറ്റുനോക്കുന്നു. സൗദയുടെ ഉറക്കത്തിനും ദിവാകരന്റെ വരവിനും ഇടയില്‍ നീണ്ട ഒന്നര മണിക്കൂര്‍ നിശബ്ദം കടന്നുപോയി.
തന്റെ മുന്നില്‍ ദിവാകരന്‍ നില്‍ക്കുകയാണ്, മോഷണം നടത്തുവാനുള്ള സര്‍വ്വവിധ തയ്യാറെടുപ്പുകളുമായി. ആദമിന് നേരിയ ഭയം തോന്നി. എങ്ങനെയാണ് കാര്യം അവതരിപ്പിക്കേണ്ടത്. അയാള്‍ ഓര്‍ത്തു.
ദിവാകരനാകട്ടെ ആദമിന്റെ സാമിപ്യം രസിച്ചില്ല. ദിവാകരന്റെ മോഷണചരിത്രത്തില്‍ ഇന്നുവരെ ഉടമസ്ഥന്റെ സാമിപ്യം ഉണ്ടായിട്ടില്ല. കള്ളനാണെങ്കിലും ദിവാകരന്‍ ഒരു മാന്യനായ കള്ളനാണ്.
'നിങ്ങള്‍ ഇവിടെ എന്തെടുക്കുന്നു.. '
ദിവാകരന്‍ ചോദിച്ചു.
'ഞാന്‍....'
ആദം മുഴുവിപ്പിച്ചില്ല.
'ഉം...' ദിവാകരന്‍ ഒന്ന് മൂളി.
'ഈ കൊട്ടേഷന്‍ ഞാന്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നു..'
ആദം പറഞ്ഞു.
കൊട്ടേഷന്‍ ചരിത്രത്തിലേറ്റ അടുത്ത ആഘാതം. ദിവാകരന്‍ ഒന്ന് തെന്നി പിന്നിലേക്ക് മാറി. അയാളുടെ കനത്ത ശബ്ദം പുറത്തേക്ക് വന്നു.
'എന്തുകൊണ്ട്...'
കാരണം വ്യക്തമാക്കന്‍ ആദമിനുമറിയില്ല.
'പ്രായശ്ചിത്തം ചെയ്യാം.. ഞാന്‍ നിങ്ങള്‍ക്ക് തേങ്ങയുടെ വില നല്‍കാം' അയാള്‍ പറഞ്ഞു.
ആദമിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ ദിവാകരന് സാധ്യമല്ല.
'എനിക്ക് മോഷ്ട്ടിക്കണം. മോഷ്ട്ടിക്കാന്‍ എന്റെ കൈകള്‍ വിറച്ചു തുടങ്ങിയിരിക്കുന്നു..'
വിറക്കുന്ന ദേഹം തെങ്ങിന് മുകളിലേക്ക് ചാരി വച്ചുകൊണ്ട് ദിവാകരന്‍ നിന്നു.
ഏകകണ്ഡമായി ആ തീരുമാനം എടുക്കപ്പെട്ടു.
ആദം ഉറങ്ങാന്‍ കിടന്നു. സമയം ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. സൗദയുടെ കൂര്‍ക്കം മുറിയിലെ ഇരുട്ട് രാത്രിയുടെ തണുപ്പ്, ആദം ഉറങ്ങി.
പ്രഭാതം പതിവിലും തണുത്തിരുന്നു.
തെങ്ങ് കയറ്റക്കാരന്‍ മൊയ്ദാപ്പ അതിരാവിലെയെത്തി തേങ്ങയിട്ടിരിക്കുന്നു. പൗലോസും കൃത്യം പോലെ തേങ്ങ പൊതിക്കാന്‍ എത്തിയിരിക്കുന്നു. അടുക്കളയില്‍ മിക്‌സിയുടെ ശബ്ദം.
ആദം അലമാര തുറന്നു. പേഴ്സ് പരിശോധിച്ചു. പറഞ്ഞുറപ്പിച്ച തുക മോഷ്ടിക്കപ്പെട്ടിരിക്കുന്നു. കൂടുതല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ആദമിന് തൃപ്തി തോന്നി. ദിവാകരന്‍ എപ്പോള്‍ മോഷ്ട്ടിച്ചെന്നോ എങ്ങനെ മോഷ്ട്ടിച്ചെന്നോ, അയാള്‍ ആശങ്കപ്പെട്ടില്ല.
പല്ല് തേച്ചു. ചായ കുടിച്ചു.
തേങ്ങപൊതിയുടെ ശബ്ദം. സൗദ എണ്ണം തിട്ടപ്പെടുത്തുന്നില്ല. പകരം പൗലോസ് തിട്ടപ്പെടുത്തുന്നു. ഇടക്ക് അടുക്കളയില്‍ നിന്നും എണ്ണം ശ്രദ്ധയോടെ കേള്‍ക്കുന്ന സൗദയെ കാണാം.
'എണ്ണുന്നില്ലെ.. '
ആദം വിളിച്ചു ചോദിച്ചു.
'നിങ്ങള്‍ എണ്ണിയാല്‍ മതിയാകും.. '
ഭാര്യ ചിരിച്ചു, സുന്ദരമായ ചിരി.
സമയം നീങ്ങി, ഇടയിലെപ്പോഴൊ അയാള്‍ ഭക്ഷണം കഴിച്ചു. പൗലോസും കഴിച്ചു.
വിശപ്പ് അടങ്ങിയ ഉര്‍ജത്തോടെ പൗലോസ് എണ്ണി...... ആയിരത്തി എണ്ണൂറ്റിഒന്നേ ആയിരത്തി എണ്ണൂറ്റിരണ്ടേ ആയിരത്തി എണ്ണൂറ്റിമൂന്നേ...
ആദം ശ്രദ്ധയോടെയത് കേട്ടു നിന്നു. അയാള്‍ക്ക് ആനന്ദം തോന്നി. അയാള്‍ ഭാര്യയെ അഭിമാനത്തോടെ നോക്കി. ഭാര്യ വീണ്ടും ചിരിച്ചു, സുന്ദരമായ ചിരി.
ആയിരത്തി എണ്ണൂറിലധികം തേങ്ങകള്‍.
കാറ്റ് വീശി, മുമ്പൊരിക്കലും വീശാത്തത്. മധുരമുള്ളത്. ആദം ഏറെ നന്ദിയോടെ തന്റെ തെങ്ങുകളെ നോക്കി.
തെങ്ങുകളും..