Quantcast
MediaOne Logo

റജീന റഹ്മാന്‍

Published: 7 Oct 2022 2:33 PM GMT

ചില്ലുകളുടഞ്ഞ ആകാശം

| കഥ

ചില്ലുകളുടഞ്ഞ ആകാശം
X
Listen to this Article

ഇലക്ട്രിക് ശ്മശാനത്തിന്റെ ബര്‍ണറിലേക്ക് ജീവനറ്റ ആ ശരീരം കടത്തി ഷട്ടര്‍ അടച്ചപ്പോള്‍ നിമിഷാര്‍ധം കൊണ്ട് എരിഞ്ഞു തീര്‍ന്നു, ഒരു വലിയ ജീവിത സമസ്യയുടെ കനത്ത ദുഃഖം. സന്ധ്യ കഴിഞ്ഞതിനാലാകും എല്ലാവരും പെട്ടെന്ന് തന്നെമടങ്ങി പോയിരുന്നു. നീണ്ടു കിടക്കുന്ന പുഴ മാത്രം ഇന്നത്തെ ഈ തീരാദുഃഖം അത്രകണ്ട് ഏറ്റു വാങ്ങിയതിനാലാവാം ഒഴുക്കു നിലച്ച് നിശബ്ദതയിലാണ്.

ഒരു തരി മണ്ണോ, ആരോരുമോ ഇല്ലാത്തവരെ മാത്രമായി മിക്കവാറും അടക്കം ചെയ്യുന്ന ആ ശാന്തിതീരത്ത് അയാള്‍ വെറുതെ തനിച്ചായി.

മരണ വാര്‍ത്തയറിഞ്ഞ് ഉടനെ ടിക്കറ്റ് ഏര്‍പ്പാടാക്കിയെങ്കിലും ചില സാങ്കേതിക തടസ്സങ്ങളാല്‍ വിദേശത്ത് നിന്ന് എത്തുമ്പോള്‍വൈകി പോയിരുന്നു. ഒരു നോക്കു കാണാനോ, അടക്കത്തിന് മുമ്പുള്ള ചടങ്ങുകളില്‍ എത്താനോ ആകാത്തതില്‍ ഗോപിക്ക് അഗാധമായ കുറ്റബോധം തോന്നി. അവസാനിച്ച നേരത്ത് പോലും

ഒരുമകന്റെ കടമകള്‍ നിര്‍വഹിക്കാന്‍ തനിക്കായില്ലല്ലോ....

തൊട്ടടുത്ത് ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ഇളയ സഹോദരന്‍ ബാബുമോനെ വിവരം ധരിപ്പിച്ചെങ്കിലും അയാള്‍ വരാന്‍ തയ്യാറായുമില്ല. അല്ലെങ്കിലും അച്ഛന്‍ മരിച്ച സമയത്ത് അവകാശത്തര്‍ക്കത്തിന്റെ പേരില്‍ അമ്മയോട് പിണങ്ങി പോയതാണവന്‍.

ഒരു പ്രത്യേകതരക്കാരനാണ് അവനെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. വിവാഹം കഴിച്ചതില്‍ പിന്നെ ഭാര്യയെ മാത്രമാണ് പേടിയും അനുസരണയുമെന്നൊക്കെ അമ്മ പരിഹാസം കലര്‍ത്തി പറയാറുണ്ട്. താന്‍ അച്ഛനെ പോലെ പെട്ടെന്ന് എടുത്ത് ചാടുന്ന പ്രകൃതമല്ലെന്നും അമ്മ പറയും.

എന്തോ...!

അമ്മയെ ഓര്‍ത്ത് ഒരു വല്ലാത്ത നൊമ്പരം തോന്നി അയാള്‍ക്ക്.

ചെയ്തത് തെറ്റായി പോയോ എന്നൊരു തോന്നല്‍, വാശിക്കാരിയായ അമ്മയോട് പക വീട്ടിയതിന്റെ ഒരു സുഖമൊക്കെ മനസിലുണ്ടായിരുന്നെങ്കിലും എവിടെയെങ്കിലും സുരക്ഷിതമായി ജീവിച്ചോട്ടെ എന്നും ആഗ്രഹിച്ചിരുന്നു.

ഈയൊരു വേര്‍പാട് അമ്മ ആഗ്രഹിച്ചിരുന്നില്ലായിരിക്കും. അതായിരിക്കുമോ പെട്ടെന്നൊരു ഹൃദയസ്തംഭനം ഉണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ വച്ച് മരിച്ചിരുന്നു.

മനസിലതങ്ങനെ എന്നും കല്ലിച്ച് തന്നെ കിടക്കും.

അല്ലെങ്കിലും ആത്മാവിന്റെ അംശമായി മാറിയിരുന്ന അമ്മ. പിന്നീടാകട്ടെ ഒരു ഭാരമായി തീര്‍ന്നിരുന്നു.

സദനത്തിലേക്ക്

നാളെ വരാമെന്ന് വിളിച്ച് പറഞ്ഞ് ടൗണിലെ ഒരു ഹോട്ടലില്‍ ഗോപി മുറിയെടുത്തു. രാവിലെ എത്തണം. അമ്മയുടെ പെട്ടി കൈപ്പറ്റണം. എന്തായിരിക്കും അതിലെന്നുള്ള ഒരു ആകാംഷയും ഇല്ലാതെയില്ല' ചിന്തകള്‍ അമ്മയിലേക്ക് തന്നെ അരിച്ചരിച്ച് നീങ്ങി.

നീ പോയാല്‍ പിന്നെ എനിക്കാരുണ്ട് ഗോപീ ... അതു പറയുമ്പോള്‍ ആ വാക്കുകളിലെ ദൈന്യത വല്ലാതെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. ചുണ്ടുകള്‍ വിതുമ്പി മിഴികള്‍ നിറഞ്ഞിരുന്നു. ഇടക്കെല്ലാം നീ വരണം. ബാബുമോനോടും വരാന്‍ പറയണം.

പറയാം

തിടുക്കത്തിലൊരു തിരിഞ്ഞ് നടത്തമായിരുന്നു. എങ്ങനെയെങ്കിലുമൊന്നു കൊണ്ടുവന്നാക്കി തിരിച്ച് പോകാനുള്ള തത്രപ്പാടിലായിരുന്ന അയാള്‍.

വേഗം ചെന്ന് കാറില്‍ കയറി.

ആ മരുഭൂമിയില്‍ ഒറ്റക്ക് എരിഞ്ഞെരിഞ്ഞ് ജീവിക്കാന്‍ ഇനിയും വയ്യ. പ്രായം നാല്‍പത്തഞ്ചായി. ഏ റിയാലിനി കുറച്ച് കാലം കൂടി അവിടെ നില്‍ക്കാന്‍ പറ്റും.. മിനിയേയും മക്കളേയും അങ്ങോട്ട് കൊണ്ടു പോകണമെന്ന് വലിയ ആഗ്രഹമായിരുന്നു. മിനിക്ക് അവിടെ കുറച്ച് നാള്‍ ജോലി ചെയ്യണമെന്നും ഒരാഗ്രഹമുണ്ട്. പക്ഷെ, എല്ലാത്തിനും അമ്മ ഒരു തടസ്സമാണ്.

തൊട്ടതിനും പിടിച്ചതിനുമൊക്കെ മിനിയോട് ദേഷ്യപ്പെടുന്ന അമ്മ കുട്ടികളേയും വെറുതെ വിടാറില്ല. ഒരു കാരണവുമില്ലാതെ അവരോടും കലഹിക്കും. തനിക്കും അറിയാമത്. മിനിക്ക് ഇനിയും യോജിച്ച് പോകാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്നു. കുട്ടികള്‍ വലുതാവുകയാണ്. വഴക്ക് വീട്ടിലെ സ്ഥിരം ഏര്‍പ്പാടായാല്‍ അത് അവരുടെ ഭാവിയെ ബാധിക്കുമെന്നാണ് അവള്‍ പറയുന്നത്.

എല്ലാം സഹിച്ച് ഇത്രയുംകൂടെ കഴിഞ്ഞത് വിവരിക്കാനാവില്ല ഗോപിയേട്ടാ... ഇനിയിത് തുടരാന്‍ പറ്റില്ലയെന്നും

ഒരിക്കലവള്‍ കാര്‍ക്കശ്യത്തോടെ പറഞ്ഞതോര്‍ത്തു.

വഴക്ക് കൂടാന്‍ ഒരു കാരണവും കിട്ടിയില്ലെങ്കില്‍ അമ്മ ബോധംകെട്ടതു പോലെ അഭിനയിക്കും. പിന്നെ ഡോക്ടറെ വിളിക്കും. ഡോക്ടര്‍ വന്നാല്‍ പിന്നെ അദ്ദേഹത്തോട് കുറ്റങ്ങളും കുറവുകളും നിരത്തും. മനുഷ്യന്റെ അധമമായ ഭാവങ്ങളെല്ലാം ചേര്‍ത്ത് വച്ച് ഒരാള്‍രൂപമുണ്ടാക്കിയാല്‍ അപ്പോള്‍ അതായിരുന്നു അമ്മയുടെ സ്ഥിതി.

ബാബുമോന്‍ നാട്ടിലെത്തിയ സമയത്ത് അവന്റെ കുടുംബമായും അമ്മ വഴക്കുണ്ടാക്കി.

അവന്‍ കാര്യങ്ങള്‍ തുറന്നു തന്നെ പറയും.

അല്ലെങ്കിലും എല്ലാ അമ്മമാരും നൊന്തു പെറ്റിട്ടാണ് മക്കളെ വളര്‍ത്തുന്നത്. അമ്മയും അച്ഛനും ഉണ്ടെന്ന് കരുതി അവര്‍ക്ക് കാവല്‍ കിടക്കാനാണോ മക്കളെ പഠിപ്പിച്ച് ഉദ്യോഗസ്ഥരാക്കിയത്. അവരെ വിവാഹം ചെയ്യിക്കുന്നത് കാലം വരെ നോക്കി കൊണ്ടേയിരിക്കാനാണോ..? അതവര്‍ക്കും കൂടി ഇഷ്ടമുണ്ടായാലേ നടക്കൂ. എന്റെ കുടുംബത്തെ അതിന് കിട്ടുമെന്ന് കരുതണ്ട. ഞാനിനി ഇങ്ങോട്ട് വരുന്നില്ല. എന്റെ അവകാശം കിട്ടിയിരുന്നെങ്കില്‍ ജോലി സ്ഥലത്ത് ഒരു ഫ്‌ളാറ്റ് വാങ്ങി സ്ഥിരമായി അവിടെ താമസിക്കാനാണ് മോഹം. ബാബുമോന്റെ ശബ്ദം ഉയര്‍ന്നു തന്നെ നിന്നപ്പോള്‍ പിന്നീടവനോടൊരു തര്‍ക്കത്തിന് ഗോപിയും മുതിര്‍ന്നില്ല.

അമ്മയുടെ കാര്യത്തില്‍ ഏട്ടന്‍ തന്നെഒരു തീരുമാനം എടുത്താല്‍ മതിയെന്ന് പറഞ്ഞ് അവര്‍ യാത്രയായി -

അമ്മക്ക് ഇടയ്ക്കിടെയുണ്ടാകുന്നചെറിയ ചില ഓര്‍മക്കുറവുകളെ പറ്റി, അനാവശ്യമായ വഴക്കിടലുകളെ പറ്റിയൊക്കെ സ്ഥിരമായി ചികിത്സിക്കുന്ന ഡോക്ടറുമായി ഗോപി സംസാരിച്ചു.

ഞാനെന്ത് ചെയ്യും ഡോക്ടര്‍...?

മിനി പഠിപ്പുള്ളവളാണ്. കാലം കുറെയായി ഒരുജോലിക്ക് പോകണമെന്ന ആഗ്രഹം പറയുന്നു.

ഗോപിയോട് പറയുന്നത് തെറ്റാണെന്നറിയാം

എങ്കിലും പറയുകയാണ്

വൃദ്ധ സദനങ്ങളുണ്ടല്ലോ...

അവിടെ ...! ഡോക്ടറത് മുഴുവനാക്കാന്‍ വിഷമിക്കുന്നതു പോലെ തോന്നി.

അതെ. ഡോക്ടര്‍, ഞാനുമതിനെ പറ്റിയാണ് ചിന്തിക്കുന്നത്.

പക്ഷെ, ഇത് ഗോപിയെ മാത്രം സംബന്ധിച്ച കാര്യമല്ല കെട്ടോ

ഡോക്ടര്‍ തുടര്‍ന്നു.

ഒട്ടുമിക്ക മക്കളും തളര്‍ന്നു പോകുന്നൊരു നേരമാണിത്. നല്ല ജീവിതത്തിലേക്കുള്ള ആ ഒരു വഴി അടക്കുന്നത് അമ്മയാണോ മക്കളാണോ എന്നത് ഇനിയും തീര്‍പ്പാകാത്തൊരു കാര്യവുമാണ്. എന്തായാലും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നന്നായി ആലോചിക്കൂ. ശരിയാണെന്ന് തോന്നിയാല്‍ നടപ്പിലാക്കാനും മടിക്കണ്ട.

അമ്മക്ക് മറ്റ്പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഒരു പക്ഷെ, വൈധവ്യത്തിന്റെ തടങ്കലില്‍ ഉള്ളിലടക്കി വക്കേണ്ടി വന്ന എന്തിന്റേയോ നീറ്റല്‍, മുഖത്തെ ക്ഷീണമൊക്കെ കണ്ടാലറിയാം ഉറക്കമില്ലായ്മയും ഉണ്ട്. എല്ലാം കൂടി ആ മനസിനെ തളര്‍ത്തി. അതിന്റെ ഭാഗമാകാം ആത്മരോഷങ്ങളുണ്ടാകുന്നത്. സാരമില്ല. എല്ലാം

ശരിയാകും.

അയാള്‍ ചിന്തയില്‍ മുഴുകിയാണ് ഡോക്ടറുടെ വസതില്‍ നിന്നും പോന്നത്. മടങ്ങിയെത്തിയ ഉടനെ അമ്മയോട് പറഞ്ഞു.

ബാബുമോന്‍ നാട്ടിലെത്തിയിട്ടുണ്ട്.

അവന്‍ഇങ്ങോട്ട് വരില്ല.

അമ്മയെ അങ്ങോട്ട് കൊണ്ടുവന്നാക്കാനാണ് പറഞ്ഞത്.

ഉവ്വോ... കിടക്കുകയായിരുന്ന അമ്മ അത്യധികം ഉഷാറോടെ എണീറ്റു.

നോക്ക് മക്കളെ ... നിങ്ങള്‍ക്ക് മടുത്തു എന്നറിഞ്ഞപ്പോഴേക്കും കൈ പിടിക്കാന്‍ മറ്റൊരു ദൈവമെത്തീത് കണ്ടോ.?'

പറഞ്ഞുകൊണ്ട് അവര്‍ വിജയിയുടെ ഭാവത്തില്‍ മിനിയെ നോക്കി.

എനിക്ക് രണ്ടാ ആണ്‍മക്കള്‍. വയസുകാലത്ത് രണ്ടിടത്തും നിക്കാം. എന്നെ ഈശ്വരന്‍ കഷ്ടപ്പെടുത്തില്ല.

മിനിക്കറിയാം

തനിക്ക് നേരെ നീളുന്ന ഒളിയമ്പാണത്. രണ്ട് പെണ്‍കുഞ്ഞുങ്ങളാണല്ലോ ഉള്ളത്...

മറ്റൊരു സുരക്ഷിത ബോധത്തിന്റെ പുതപ്പിനടിയിലിരുന്നാണ് ഈ വെല്ലുവിളി.

വയസ്സാന്‍കാലത്ത് തന്നെയൊക്കെ സംരക്ഷിക്കാന്‍ ഒരാണ്‍കുഞ്ഞില്ലല്ലോ എന്നൊരു കുത്ത്, ആത്മാവില്‍ ഇങ്ങനെയൊക്കെ മുറിവേല്‍പ്പിക്കല്‍ അമ്മയുടെ പതിവ് ശീലമാണ്. പക്ഷെ, മിനിക്ക് സങ്കടം തോന്നിയത് മറ്റൊന്നിനായിരുന്നു. അമ്മ അറിയുന്നില്ലല്ലോ ഈ യുദ്ധഭൂമിയില്‍ നിന്ന് തല്‍ക്കാലം ഒരു മോചനം കിട്ടുന്നത് മിനിക്കാണെന്ന്...!

പതിവായി കൊണ്ടു നടക്കുന്ന ആ പെട്ടി കയ്യിലെടുത്താണ് അമ്മയിറങ്ങിയത്.

പിന്നിലെ ഡിക്കിയില്‍ വക്കാന്‍ ചോദിച്ചെങ്കിലും തരുകയുണ്ടായില്ല. ഊഹിക്കാനാകാത്ത എന്തോ ഒന്ന് ആ പെട്ടിയിലുണ്ട്. അതിലെന്താണെന്നറിയാന്‍ മക്കളും മരുമക്കളും പേരക്കുട്ടികളും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അമ്മയത് നിരുത്സാഹപ്പെടുത്തിയിട്ടേയുള്ളൂ.

ഇതാണോ ബാബുമോന്‍ വാങ്ങിയ വീട്.

വിശാലമായ പോര്‍ച്ചില്‍ കാര്‍ നില്‍ക്കെ അമ്മ ചോദിച്ചു.

അതേ.

അയാള്‍ നിര്‍വികാരനായി മറുപടി പറഞ്ഞു'

പെട്ടെന്ന് വീടിന്റെ വാതില്‍ തുറന്ന് പ്രായം കുറഞ്ഞ രണ്ട്‌സ്ത്രീകള്‍ പുറത്തേക്ക് വന്നു. കാറില്‍ നിന്നിറങ്ങിയ അമ്മയുടെ കയ്യിലെ പെട്ടി വാങ്ങാന്‍ അവര്‍ ശ്രമിച്ചു. കൊടുത്തില്ല.

അമ്മ ഒന്നു കൂടി ആ പെട്ടിയില്‍ മുറുക്കെ പിടിച്ചു.

പരാജിതരുടെ ഇടത്തിലേക്കാണ് താന്‍ വന്നതെന്ന് വൈകാതെ അമ്മക്ക് മനസിലായി. തന്റെ വിധി ആ അമ്മ തിരിച്ചറിഞ്ഞു.

അമ്മയുടെ നേരെ നോക്കാനുള്ള ത്രാണി അയാള്‍ക്ക് നഷ്ടമായ നിമിഷമായിരുന്നത്. അന്തേവാസികള്‍ക്കിടയില്‍ തന്റെ പെട്ടിയെ പുണര്‍ന്നിരിക്കുന്ന ആ അമ്മയുടെ പ്രതീക്ഷാ നാളത്തെ ക്രൂരമായി ഊതിക്കെടുത്തി, യാത്ര പറയുമ്പോഴാണ് ഇടറിയൊരു സ്വരമയാള്‍ കേട്ടത്

നീ പോയാല്‍ പിന്നെ എനിക്കാരുണ്ട് ഗോപീ...

അയാള്‍ ആ പെട്ടി തുറന്നു.

ഏറെയൊന്നും തിരയേണ്ടി വന്നില്ല. ദ്രവിച്ചടര്‍ന്ന് തുടങ്ങിയ ഒരു മുദ്രപേപ്പറും

കുറച്ചു പഴയ ഓയിന്‍മെന്റുകളും മരുന്നുകളും മാത്രമാണ് അതിലുണ്ടായിരുന്നത്. അയാളാ പേപ്പര്‍ പാടുപെട്ട് നിവര്‍ത്തി വായിക്കാനൊരു ശ്രമം നടത്തി.

പെട്ടെന്നൊരു തിരമാല മനസിലേക്കാഞ്ഞടിച്ചതു പോലെ, ദൈവമേ... ഞെട്ടിത്തരിച്ച അയാളുടെ ശരീരമാകെ ഒരു തളര്‍ച്ച പടര്‍ന്നുകയറി. വേച്ചു വേച്ച് മുറിയിലേക്ക് കയറി കിടപ്പുമുറിയുടെ വാതില്‍ വലിച്ചടച്ച് കുറ്റിയിട്ടു. ആ ശരീരമാകെ വിയര്‍ത്തു കുളിച്ചിരിക്കുന്നു '

ചെവിയിലേക്ക് ആരോ ചൂളം കുത്തുന്നതു പോലെ, പരിഹാസത്തോടെ കളിയാക്കി ചിരിക്കുന്നതു പോലെ

പിന്നെ വെള്ളപുതച്ച് കണ്‍ മുന്നില്‍ വന്ന് നോക്കിയിരിക്കുന്നു അമ്മ. ,ഭ്രാന്തമായ കാലത്തിന്റെ കളിപ്പാവയാക്കിയ ആയമ്മ മുന്നിലിരുന്ന് കരയുന്നുമുണ്ട്.. പോകല്ലേ... നീ പോകല്ലേ.... എന്നെ തനിച്ചാക്കി പോകല്ലേടാ ...

തറയിലേക്ക് തളര്‍ന്നുവീണ അയാള്‍

ആ കിടപ്പിന്റെ അബോധാവസ്ഥയില്‍ ഒരു സ്വപ്നം കണ്ടു.

പാതിരാത്രിയുടെ ഏകാന്തതയില്‍

അലറിക്കരയുന്ന രണ്ട് പിഞ്ചു ശരീരങ്ങളെ ആ അനാഥാലയത്തിന്റെ പുറംതിണ്ണയിലുപേക്ഷിച്ച് തിടുക്കത്തിലോടിമറയുന്ന രണ്ട് പേര്‍

ആ കുഞ്ഞുങ്ങളുടെ അമ്മമാരാണത്. പെട്ടെന്ന്

ദൈവത്തെ പോലെ ആപടി കടന്നെത്തുന്ന രണ്ട്‌പേര്‍ - അവരിരുവരും കുഞ്ഞുങ്ങളെ വാരിയെടുത്ത് ഓമനിക്കുന്ന കാഴ്ച. തന്റെ അമ്മയും അച്ഛനും.

ഗോപിയെന്നും ബാബു മോനെന്നും ആ കുഞ്ഞുങ്ങള്‍ക്കവര്‍ അപ്പോള്‍ തന്നെപേരു കണ്ടെത്തി.

അവകാശികളായി ആരും വരില്ലെന്ന സത്യവാങ്ങ്മൂലത്തിന്റെ ഒരു കോപ്പി ആത്മവിശ്വാസത്തോടെ കൈകളിലേറ്റ് വാങ്ങി തന്റെയമ്മ.

അമ്മയേയും അച്ഛനേയും ഒരുമിച്ച് കണ്ട് അയാള്‍ തേങ്ങി.

കയ്യെത്തും ദൂരത്തെ അവരെയൊന്ന് തൊടാന്‍ കൈ നീട്ടി.

ഇല്ല, കഴിയുന്നില്ല. കര്‍പ്പൂരത്തിന്റേയും ചന്ദനത്തിരി ഗന്ധങ്ങളപ്പാടെയും അവിടെ പരന്നു.

ഇനിയാരോടും പറയാന്‍ പറ്റാത്ത ആ രഹസ്യവും പേറി തിരിച്ച് പോവുകയാണ്. നിമിഷം നേരം കൊണ്ട്, തന്നെ അനാഥനാക്കിയ ആ മുദ്രപേപ്പര്‍ കത്തിതീരുമ്പോള്‍ തീരാനൊമ്പരത്തോടെ അയാള്‍ഇറങ്ങി നടന്നു.


TAGS :