കമ്പിളിക്കൊട്ടാരം
| കഥ
അവള്‍ക്ക് മുല്ലപ്പൂവിന്റെ ഗന്ധമായിരുന്നു. കാപ്പിപ്പൊടിയുടെ നിറവും. പേരെന്തെന്ന് ചോദിക്കാന്‍ നിന്നില്ല. അവള്‍ പറഞ്ഞതുമില്ല. അല്ലെങ്കിലും, കച്ചവടത്തില്‍ പേരിനെന്ത് പ്രസക്തി. കോടമഞ്ഞു പുതച്ച വയനാടന്‍ മലമടക്കുകള്‍ക്കിടയിലൂടെ, ചുരം കയറുമ്പോള്‍ വശ്യമായ കണ്ണുകളാല്‍ അവള്‍ പുറത്തെ പച്ചപ്പിലേക്ക് നോക്കി. ഇരുളിന്റെ മേലാപ്പണിഞ്ഞതിനാലാവും, പച്ചപ്പിന് പകരം കാളിമ പടര്‍ന്നിരിക്കുന്നു. വളഞ്ഞും പുളഞ്ഞുമുള്ള പാതകള്‍ താണ്ടി, ഒരു കൂറ്റന്‍ ബംഗ്ലാവിന് മുന്നില്‍ കാര്‍ നിന്നു.
'ഇതാണ് സ്ഥലം. ഇറങ്ങിക്കോളൂ.'
കാറിന്റെ ഡോര്‍ തുറന്ന്, അയാള്‍ പറഞ്ഞു.
കോടമഞ്ഞിനെ തഴുകിക്കൊണ്ട് വന്നതിനാലാവും, കാറ്റിന് നല്ല കുളിരായിരുന്നു. കാപ്പിപ്പൂക്കളുടെ മദിപ്പിക്കുന്ന ഗന്ധം അയാളിലെ കാമുകനെ ഉണര്‍ത്തി. അവളെ ദേഹത്തോട് ചേര്‍ത്തുകൊണ്ട്, അയാളാ ബംഗ്ലാവിന്റെ പടിക്കെട്ടുകള്‍ ആവേശത്തോടെ കയറി.
'ഇവിടെ.
വേറെയാരുമില്ലേ.'
തണുപ്പില്‍ അവളുടെ ചുണ്ടുകള്‍ വിറച്ചു.
'ഞാന്‍ പോരേ. ഊം.'
അയാള്‍ കുസൃതിയോടെ ചോദിച്ചു.
അവള്‍ തല താഴ്ത്തിക്കൊണ്ട് അയാള്‍ക്കൊപ്പം നീങ്ങുകയല്ലാതെ, മറുപടിയൊന്നും പറഞ്ഞില്ല.
'ഞാനൊന്ന് ഫ്രഷായിട്ട് വരാം.
അതുവരെ റെസ്റ്റെടുത്തോളൂ.'
മുറി തുറന്ന്, കയ്യിലെ ലഗേജ് മേശപ്പുറത്ത് വെച്ചുകൊണ്ട്, തോര്‍ത്തുമെടുത്ത് അയാള്‍ ബാത്റൂമില്‍ കയറി.
അവള്‍ മുറിയിലാകമാനം കണ്ണുകള്‍കൊണ്ട് ഒരോട്ടപ്രദക്ഷിണം നടത്തി. അത്യാവശ്യം വലിപ്പമുള്ള നവീന മാതൃകയില്‍ ഫര്‍ണിഷ് ചെയ്ത മുറിയിലെ, ലാവണ്ടര്‍ പൂക്കളുടെ പ്രിന്റുള്ള കര്‍ട്ടന്‍ അവളെയേറെ ആകര്‍ഷിച്ചു. കര്‍ട്ടന്‍ നീക്കിയപ്പോള്‍, പൈന്‍ മരങ്ങള്‍ക്ക് പിടികൊടുക്കാതെ, വെയില്‍ക്കുഞ്ഞുങ്ങള്‍ കണ്ണുകളിലേക്ക് ഓടിക്കയറി. തലേന്ന് പടിഞ്ഞാറന്‍ ചക്രവാളത്തിലൊളിച്ച സൂര്യന്‍, കിഴക്കന്‍ മലമടക്കുകളില്‍ നിന്നും പതിവുസഞ്ചാരം തുടങ്ങിയതേയുള്ളൂ. മഞ്ഞിന്റെ കരിമ്പടം പുതച്ചുറങ്ങിയ വയനാട് ഉണരുന്നതേയുള്ളൂ.
പുലര്‍ച്ചെ മൂന്നുമണിക്കാണ് വീടിനുമുന്നിലെത്തിയ കാറില്‍ അയാള്‍ക്കൊപ്പമുള്ള യാത്ര തുടങ്ങിയത്.
'മൂന്നുദിവസം കഴിഞ്ഞേ വരവുണ്ടാകൂ.
മരുന്ന് മുടങ്ങാതെ കഴിക്കണം.
നാളെ കാര്‍ത്തുവന്നിട്ട് വെച്ചുണ്ടാക്കിത്തന്നോളും.'
യാത്രപറഞ്ഞിറങ്ങുമ്പോള്‍ പതിവുപോലെത്തന്നെ, അമ്മയുടെ കണ്ണിലേക്ക് നോക്കിയില്ല. നോക്കാതെയറിയാം.
കുഴിഞ്ഞ കണ്ണുകളില്‍ നിന്നും ഒലിച്ചിറങ്ങുന്നുണ്ടാകും നീര്‍മണികള്‍. നെഞ്ചാകെ പിടയുകയാവും.
അതും കണ്ടോണ്ടിറങ്ങിയാല്‍ മനസ്സിനാകെയൊരു ആന്തലാണ്.
മകളെ പറഞ്ഞയക്കുന്നത് വിവാഹപ്പന്തലില്‍ നിന്നല്ല. കൂടെയുള്ളത് അവളുടെ ഭര്‍ത്താവുമല്ല.
പക്ഷെ, പോകുന്നത്...
'ഹേയ്.
ഇയാളെന്താ സ്വപ്നലോകത്താണോ...'
പിന്‍കഴുത്തിലെ ഗാഢചുംബനത്തോടൊപ്പം പ്രണയാര്‍ദ്രമായ സ്വരം.
'സര്‍, ഞാനൊന്ന് ഫ്രഷാവട്ടെ.'
ചുറ്റിവരിഞ്ഞു ദേഹത്തോട് ചേര്‍ക്കാന്‍ വെമ്പിനില്‍ക്കുന്ന, അയാളുടെ രോമാവൃതമായ കൈകളെ മാറ്റിക്കൊണ്ട്, അവള്‍ ബാഗുതുറന്ന് എന്തൊക്കെയോ എടുത്ത് ബാത്‌റൂമിലേക്കോടി.
'സര്‍'
നനുത്ത കമ്പിളിക്കുള്ളില്‍ കണ്ണടച്ചു കിടക്കുന്ന അയാളെ അവള്‍ പതിയെ തൊട്ടുവിളിച്ചു.
'ഓഹ്.
താനെത്തിയോ. വാ.
ഈ കമ്പിളിക്കൊട്ടാരത്തിനുള്ളില്‍ നമുക്ക് രാജാവും റാണിയുമാകാം'
അയാളവളെ വലിച്ച് നെഞ്ചോട് ചേര്‍ത്തു.
വെയിലിന് ചൂടേറിത്തുടങ്ങി....
'അതവിടെ വെച്ചേക്ക്.
ലൂക്ക കഴുകിക്കോളും...
അയാള്‍ക്കും എന്തെങ്കിലുമൊക്കെ പണി വേണ്ടേ. '
ബ്രേക്ഫാസ്റ്റ് കഴിച്ച പാത്രങ്ങള്‍ കഴുകുവാനൊരുങ്ങിയ അവളെ അയാള്‍ ശാസിച്ചു.
'ഇപ്പോള്‍ നീ യദുവിന്റെ റാണിയാണ്
യദു മഹാരാജാവിന്റെ മഹാറാണി '
അതും പറഞ്ഞ് അയാള്‍ ചിരിച്ചു.
അവള്‍ ചെറുതായൊന്ന് ചിരിക്കുവാന്‍ ശ്രമിച്ചെങ്കിലും, നെഞ്ചിലെ കനല്‍ക്കാടുകളില്‍ വീണ് ചിരി വെന്ത് വെണ്ണീറായി.
'വാ.
നമുക്ക് പുറത്തിറങ്ങാം.
പൈന്‍ മരങ്ങള്‍ക്കിടയില്‍ കെട്ടിപ്പുണര്‍ന്നുകൊണ്ടിങ്ങനെ മണിക്കൂറുകളോളം നില്‍ക്കണം. കാപ്പിപ്പൂക്കളുടെ മദിപ്പിക്കുന്ന ഗന്ധമാസ്വദിച്ച്, കുന്നിന്‍ ചരിവുകളിലൂടെ, നിന്റെയുമെന്റെയും കൈകളിങ്ങനെ ചേര്‍ത്തുകൊണ്ട് നടക്കണം. പാറക്കെട്ടുകള്‍ക്കിടയില്‍, ആകാശം നോക്കിക്കൊണ്ട് രാസലീലകളാടണം.
വൗ. ഓര്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചമണിയുന്നു. '
അവളുടെ കൈകളിലില്‍ കൈചേര്‍ത്തും കെട്ടിപ്പുണര്‍ന്നും അയാള്‍ പറഞ്ഞു. അവളനങ്ങാതെ, അയാളുടെ കുസൃതികള്‍ക്ക് നിന്നുകൊടുത്തു.
'സര്‍....
പുറത്തേക്കാണെങ്കില്‍ ദാ. ഞാനിപ്പോ റെഡിയായി വരാം.'
അവള്‍ പറഞ്ഞതുകേട്ട് അയാള്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
'പുറത്തേക്കോ.
എന്നിട്ട് വേണം യദുവിനെ നിനക്ക് ഇല്ലാണ്ടാക്കാന്‍. ല്ലേ. '
അയാളുടെ കണ്ണുകളിലെ വന്യത അവളെ ഭയപ്പെടുത്തി.
'ഞാനെന്റെ മോഹങ്ങള്‍ പറഞ്ഞതാ.
അതൊന്നും ഒരിക്കലും നടക്കാമ്പോണില്ല.
അതൊരു മോഹമായി മനസ്സിനുള്ളില്‍ അവശേഷിച്ചോട്ടെ.'
നീ വാ.
നമ്മുടെ ലീലാവിലാസങ്ങളൊക്കെ ഇതിനകത്തൂന്ന് മതി.
പുറത്തൊന്നും വിശ്വസിച്ച് പൊയ്ക്കൂടാ.
സ്‌പൈ. ചുറ്റിനും ചാരന്മാരുണ്ട്.
നിദ. അവളറിഞ്ഞാല്‍ എല്ലാം തീര്‍ന്നു.'
അത് പറയുമ്പോള്‍ അയാളുടെ കണ്ണിലെ വന്യത മാറി ഭയം വന്നുനിറഞ്ഞു.
'ആരാ നിദ'
'ഓ നിദ.
ഓളെന്റെ വൈഫാ.
ഡോക്ടര്‍ നിദാ വാര്യര്‍.
കേട്ടിട്ടില്ലേ.
ഫെയ്മസ് ഗൈനക്കോളജിസ്റ്റാ '
അത് പറയുമ്പോള്‍ ഭയം മാറി പുച്ഛമായിരുന്നു ആ കണ്ണുകളിലെ ഭാവം.
'ഛെ.
ഓര്‍ക്കേണ്ടെന്ന് കരുതിയതാ.
ഓര്‍ത്തു പോയി. സകലമാന മൂഡും പോയി. ശവം. '
അയാളുടെ കണ്ണുകളില്‍ മുഷിപ്പ്.
ഊണിന് സമയമായപ്പോള്‍ ലൂക്ക വന്ന് വിളിക്കുവോളം, അവള്‍ ലാവണ്ടര്‍ പൂക്കളുടെ വിരിയിട്ട ജനലിലൂടെ, മലമടക്കുകളില്‍ നിന്നും നൂലുപോലെ ഊര്‍ന്നുവീഴുന്ന ചെറു വെള്ളച്ചാട്ടത്തെയും നോക്കിക്കൊണ്ടിരുന്നു.
അയാള്‍ ടി. വി തുറന്ന് ന്യൂസ് ചാനലുകളിലൂടെ പ്രദക്ഷിണം വെക്കുന്നു.
'കോപ്പ്'
എവിടെ നോക്കിയാലും പീഢനങ്ങള്‍.
അമ്മാവന്‍.
അധ്യാപകന്‍.
ഇളയച്ഛന്‍.
കൂട്ടുകാരന്‍.
ഈ വാര്‍ത്തകളൊക്കെ കേള്‍ക്കുമ്പോഴേ കട്ട കലിപ്പാ വരിക.
ബന്ധങ്ങള്‍ക്കൊന്നും ഒരു വിലയുമില്ലേ'
ടി.വി ഓഫാക്കി റിമോട്ട് ഊക്കോടെ തറയിലെറിഞ്ഞ് അയാള്‍ കമഴ്ന്നടിച്ച് കിടന്നു.
'ഡീ....
നീയവിടെ എന്തോ കാഴ്ചകണ്ട് നില്‍ക്കാ.
കാഴ്ചകാണാനാണോ പിടക്കുന്ന നോട്ടെണ്ണിത്തന്ന് നിന്നെ കൂടെ കൊണ്ടുവന്നത്.
വാ ഇവിടെ '
അയാളുടെ അലര്‍ച്ചകേട്ട്, അവള്‍ ഭയത്തോടെ കട്ടിലിന്റെ ഓരത്തിരുന്നു.
'നീയെന്റെ അമ്മയാവ്.
മടിയില്‍ കിടത്തി തലയില്‍ തഴുകി താരാട്ടുപാടുന്ന അമ്മ '
അയാളുടെ കണ്ണുകള്‍ക്ക് കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കത.
'താരാട്ടുപാട്ടൊന്നും അറിയില്ല സര്‍.
അതൊന്നും കേട്ടതായി ഓര്‍മയില്ല.
അമ്മയ്ക്കും ഇതു തന്നെയായിരുന്നു തൊഴില്‍'
അവളുടെ ശബ്ദത്തിന് കടുപ്പമേറി.
'സെയിം പിഞ്ച്'
കൊച്ചുകുഞ്ഞിന്റെ കുസൃതിയോടെ അയാളവളെ നുള്ളി.
'എന്റമ്മയും താരാട്ട് പാടിയതായിഎനിക്കോര്‍മ്മയില്ല.
കേട്ടിട്ടില്ലേ സേതുലക്ഷ്മി.
ഡോക്ടര്‍ സേതുലക്ഷ്മി ബാലകൃഷ്ണന്‍.
ഗൈനക്കോളജിസ്റ്റാ.
ഒരുകാലത്ത്, നിദയെക്കാളും ഫെയ്മസായിരുന്നു.'
'ഇപ്പോ'
അവള്‍ പതിയെ ചോദിച്ചു.
'ശൂ...മ്...'
അയാള്‍ കൈയുയര്‍ത്തിക്കൊണ്ട്, കടലാസുറോക്കറ്റ് വിടുന്ന കുട്ടിയെപ്പോലെ കാണിച്ചു.
'പോയി.
സൂയിസൈഡാ.
ബെഡ്‌റൂമിലെ ഫാനില്‍ കെട്ടിത്തൂങ്ങിയിട്ട്'
'സോറി സര്‍'
അവള്‍ വിഷമത്തോടെ പറഞ്ഞു.
'എന്തിന്?
വെറുതെ പറഞ്ഞ് വിലകളയാനുള്ള വാക്കല്ല സോറി.
മനസ്സിലായോ '
അയാള്‍, തന്റെ ഉയര്‍ന്ന മൂക്ക് അവളുടെ മൂക്കിലുരസിക്കൊണ്ട് പറഞ്ഞു.
'വട്ടന്‍ '
അവള്‍ മനസ്സില്‍ പറഞ്ഞു.
'അച്ഛനും ഡോക്ടറാ.
കാര്‍ഡിയോളജിസ്റ്റ്.
പക്ഷെ, മൂപ്പര് കെട്ടിത്തൂങ്ങാനൊന്നും പോയില്ല.
ഇപ്പോഴുമുണ്ട്.
വീട്ടിലെ ഏറ്റവും ചെറിയ മുറിയില്‍.
ആകാശം കാണിക്കാതെ.
ഒരു മയില്‍പ്പീലിത്തുണ്ടുപോലെ ഞാനെന്റെ അച്ഛനെ കാത്തു സൂക്ഷിച്ചിരിക്കുവാ.
കാലിന്മേലൊരു ചങ്ങലയിട്ടിട്ടുണ്ട്.
ഈ കാവല്‍പ്പട്ടികളുടെയൊക്കെ കഴുത്തിലിടാറില്ലേ.
അതുപോലെയൊരു ചങ്ങല.
ചാവാലിപ്പട്ടികളുടെ കഴുത്തിലല്ല, കാലിലാ ചങ്ങലയിടേണ്ടത്.
അതെനിക്കറിയാം.
അതുകൊണ്ടല്ലേ ഞാനങ്ങനെ'
പറഞ്ഞ് മുഴുമിപ്പിക്കും മുന്‍പേ അയാളുറക്കെ ചിരിച്ചു. അവളുടെ മനസ്സിലേക്ക് ഭയമൊരു തേരട്ടയെപ്പോലെ അരിച്ചുകയറി.
'ഞാനൊരു റെസിഡന്‍ഷ്യല്‍ സ്‌കൂളിലാ പഠിച്ചത്. അതുകൊണ്ട് അവര്‍ക്കെന്നെക്കൊണ്ടുള്ള ശല്യം ഒഴിവായിക്കിട്ടി '
വീണ്ടുമാ ചിരി.
'പ്രൊഫഷനായിരുന്നു അവര്‍ക്ക് വലുത്. അതിനായി രണ്ടുപേരും മത്സരിച്ചു. ഒടുക്കം, തോല്‍വിയെല്ലാം എനിക്ക് സ്വന്തം.
നിദ.
അതും അച്ഛന്റെ തീരുമാനമായിരുന്നു.
ആത്മമിത്രത്തിന്റെ ഏകമകള്‍. എനിക്കും എതിര്‍പ്പൊന്നുമില്ലായിരുന്നു. എന്തിനെതിര്‍ക്കണം.
സുന്ദരി. വിദ്യാസമ്പന്ന. കോടീശ്വരപുത്രി. പിന്നെ, ഡോക്ടറും'
അയാള്‍ കിടക്കയില്‍ മലര്‍ന്നുകിടന്ന്, അവളെ ബലമായി തന്റെ നെഞ്ചോട് ചേര്‍ത്തു.
'സര്‍....
പിന്നെന്തിനാ.
ഇവിടെ. ഇങ്ങനെ. എനിക്കൊപ്പം.
നിദ മാഡം ഇതറിഞ്ഞാല്‍ പ്രശ്‌നമാവില്ലേ.
സര്‍ ചെയ്യുന്നത് തെറ്റല്ലേ'
അവള്‍ നേര്‍ത്ത ശബ്ദത്തോടെ ചോദിച്ചു.
'ആണോ. തെറ്റാണോ.
അപ്പോ നീ ചെയ്യുന്നതോ. അത് തെറ്റല്ലേ.
'അവളുടെ മുടിക്ക് കുത്തിപ്പിടിച്ചുകൊണ്ട് അയാള്‍ ചോദിച്ചു.
'അല്ല സര്‍.
അന്നത്തിന് വേണ്ടിയാണ് ഞാനീ തൊഴിലെടുക്കുന്നത്.
അപ്പോ തെറ്റല്ല.'
'എന്നാരു പറഞ്ഞു.
വ്യഭിചാരം.
അത് ആണു ചെയ്താലും പെണ്ണു ചെയ്താലും തെറ്റുതന്നെയാ.
ആദ്യമായിട്ടാ.
ജീവിതത്തില്‍ ആദ്യമായിട്ടാ ഞാന്‍ വ്യഭിചരിക്കുന്നത്.
ലൈഫില്‍ ഞാനറിഞ്ഞ ആദ്യത്തെ പെണ്ണ്.
അത് നീയാണ്.'
ആവേശത്തോടെ അയാളവളെ പുണര്‍ന്നു. അവര്‍ വീണ്ടും കമ്പിളിക്കൊട്ടാരത്തിലെ രാജാവും റാണിയുമായി.
'ലുക്ക് ജാസ്മിന്‍.
നിന്നെക്കുറിച്ചൊന്നും പറഞ്ഞില്ല'
മൊബൈല്‍ ഓഫാക്കി അരികിലിരുന്ന അവളോട്, കോഫി സിപ്പ് ചെയ്തുകൊണ്ടയാള്‍ ചോദിച്ചു.
'സര്‍, എന്റെ പേര്'
'ഓക്കേ. അതെന്തുമായിക്കോട്ടെ.
നീയെനിക്ക് ജാസ്മിനാണ്. ജാസ്മിന്‍.
മുല്ലപ്പൂവിന്റെ ഗന്ധമുള്ള, കാപ്പിപ്പൊടിയുടെ നിറമുള്ള പെണ്ണിനെക്കുറിച്ച് നാലുനാള്‍ മുന്‍പാണ് അഭിയെന്നോട് പറഞ്ഞത്.
എന്റെ കല്യാണപ്പിറ്റേന്ന്.
ഇത്രപെട്ടെന്ന് ആ മുല്ലപ്പൂവ് ചൂടുവാനാകുമെന്ന് കരുതിയില്ല.'
അയാള്‍ വീണ്ടും ചിരിച്ചു.
'സര്‍, കല്യാണം കഴിഞ്ഞിട്ട് '
അവള്‍ വിഷമത്തോടെ ചോദിച്ചു.
'യെസ്.
അത് കഴിഞ്ഞതിന്റെ അഞ്ചാംദിനമാണിന്ന്.
എനിക്കറിയാം.
നീയിപ്പോ ചിന്തിക്കുന്നതെന്താണെന്ന്'
ചിരിയുടെ സ്ഥാനത്തപ്പോള്‍ സങ്കടം നിഴലിച്ചു.
'ജാസ്മിന്‍, നീ ലെസ്ബിയന്‍ എന്ന് കേട്ടിട്ടുണ്ടോ'
അയാളുടെ ചോദ്യത്തിന് അതേയെന്നവള്‍ തലയാട്ടി.
മൂന്ന് ദിവസം ഒരേ മുറിയില്‍, ഒരേ ബെഡ്ഡില്‍. ശ്വാസം മുട്ടലോടെയാണത്രെ അവളെനിക്കൊപ്പം കഴിഞ്ഞത്.
എന്നിലെ പുരുഷനെ ചവിട്ടിമെതിച്ചുകൊണ്ട്, ഇന്നലെ രാവിലെ അവള്‍ പോയി.
ലെസ്ബിയന്‍ പാര്‍ട്ണറായ ഫാര്‍മസിസ്റ്റുമൊത്ത്, സെമിനാറെന്നും പറഞ്ഞ് വീട്ടീന്നിറങ്ങിയതാ.
മൂന്ന് ദിവസത്തേക്ക്.
ഞാനൊട്ടും അമാന്തിച്ചില്ല.
അഭിയെ വിളിച്ച്, നിന്നെയുമായി ഇങ്ങോട്ടും തിരിച്ചു.
ലുക്ക് ജാസ്മിന്‍.
ഞാനിപ്പോ ചെയ്യുന്നത് തെറ്റാണോ.
പറ.
നീ പറ.'
അയാളുടെ കണ്ണിലപ്പോള്‍ കുഞ്ഞിന്റെ നിഷ്‌കളങ്കത. അവളയാളെ ദേഹത്തോട് ചേര്‍ത്ത് നെറ്റിയിലും കവിളിലും തെരുതെരെ ചുംബിച്ചു. മഞ്ഞിന്റെ കരിമ്പടമണിഞ്ഞ് വയനാടന്‍ കുന്നുകള്‍ വീണ്ടും സുഷുപ്തിയിലാണ്ടു.
'സര്‍, നല്ല തണുപ്പല്ലേ. അകത്തുവന്നിരിക്ക്.
മഞ്ഞുകൊണ്ട് വല്ല അസുഖവും വരും '
അവളയാളുടെ കൈപിടിച്ചു വലിച്ചുകൊണ്ട് അകത്തുകടന്ന് വാതിലടച്ചു.
'ആരായിരുന്നു ഫോണില്‍.
കുറെ നേരമായല്ലോ '
'അമ്മയാ.
എന്റെ ശബ്ദം കേള്‍ക്കാഞ്ഞിട്ട് വല്ലാത്ത വിഷമം.
അമ്മയങ്ങനെയാ.
ഇടക്ക് വിളിച്ചന്വേഷിക്കും.'
അവള്‍ പറഞ്ഞു.
'ഓ. ബെസ്റ്റ് തള്ള.
മോളെ മറ്റേപ്പണിക്ക് പറഞ്ഞുവിട്ടിട്ട് സുഖവിവരമന്വേഷിക്കുന്നു.
ചിരിച്ച് ചാവുമല്ലോ ന്റെ ദേവ്യേ'
അയാള്‍ തലതല്ലിച്ചിരിച്ചു.
'ഞാനീ പണി ചെയ്യുന്നത് അമ്മക്കിഷ്ടമൊന്നുമല്ല.
ഒരമ്മയും അതിഷ്ടപ്പെടില്ല'
അവളുടെ കാപ്പിപ്പൊടി നിറമുള്ള മുഖം ഒന്നുകൂടി ഇരുണ്ടു.
'പിന്നെ.
പറ, ജാസ്മിന്‍.
കഥ കേള്‍ക്കാന്‍ മൂഡായിട്ട് നില്‍ക്കുവാ ഞാന്‍'
അയാള്‍ കുസൃതിയോടെ അവളുടെ കവിളില്‍ തഴുകി.
'അറിവില്ലാത്ത പ്രായത്തില്‍ അമ്മയ്ക്ക് പറ്റിയ ഒരു തെറ്റാണ് ഞാന്‍.
അച്ഛനാരാണെന്ന് അമ്മയിന്നുവരെ പറഞ്ഞിട്ടില്ല.
ചത്തോ ജീവനോടെയുണ്ടോ എന്നുമറിയില്ല.
എനിക്ക് അഞ്ചുമാസമുള്ളപ്പോഴാ അമ്മയുടെ കല്യാണം കഴിഞ്ഞത്. അയാളുടെ രണ്ടാംകെട്ട്. അമ്മയുടെ യൗവനം വിറ്റ് കാശാക്കി അയാള്‍ മദിച്ചുനടന്നു. കാക്കക്കും പരുന്തിനും കൊടുക്കാതെ തള്ളക്കോഴി ചിറകിനടിയില്‍ സൂക്ഷിക്കുംപോലെയാഅമ്മമ്മയെന്നെ കാത്തുസൂക്ഷിച്ചത്'
അവളുടെ മുഖത്ത് സങ്കടം വിരുന്നെത്തി.
'പിന്നെ'
ബാക്കി കേള്‍ക്കാനുള്ള ആവേശത്തോടെ അയാള്‍ നെരിപ്പോടിനരികിലെ കസേരയില്‍ അവള്‍ക്കരികിലിരുന്നു.
'ഞാന്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് അമ്മമ്മ മരിക്കുന്നത്. കൊലപാതകമായിരുന്നു.
തലയ്ക്കടിയേറ്റ് ചോരവാര്‍ന്ന് അമ്മമ്മ ജീവനുവേണ്ടി പിടയുമ്പോള്‍, അതിനരികില്‍ വെച്ചാണ് അയാളെന്നെ പിച്ചിച്ചീന്തിയത്. അതിന് ശേഷം ഊഴമിട്ട് അയാളുടെ കൂട്ടാളികളും. അമ്മമ്മയുടെ ചിതയെരിയുമ്പോള്‍ ആശുപത്രിക്കിടക്കയില്‍ ഞാന്‍ ജീവനുവേണ്ടി പിടഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് അമ്മക്കൊപ്പം വീട്ടിലേക്ക്.
അയാളെന്റെ അച്ഛനല്ലെങ്കിലും, അമ്മയുടെ കെട്ട്യോനല്ലേ. കൊലപാതകക്കുറ്റത്തിന് അയാള്‍ ജയിലിലായി.
എനിക്ക് നീതി കിട്ടാന്‍ സമരങ്ങള്‍ നടത്തിയവരില്‍ പലരും, ഇരുട്ടിന്റെ മറപറ്റി മാംസം നുണയാനെത്തി.
അല്ലെങ്കിലും വേശ്യയുടെ മകള്‍ക്കെന്ത് മാനം. കൗമാരം വിടുംമുന്‍പേ ഞാനും അമ്മയെപ്പോലെ.
ഇപ്പോള്‍ അമ്മ കിടപ്പിലാ.
ഇല്ലാത്ത അസുഖങ്ങളൊന്നുമില്ല.
പണം വേണം.
ചികിത്സക്കും, പിന്നെ, വിശപ്പകറ്റാനും'
അവള്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ കണ്ണുകളിലെരിഞ്ഞ കനലിന് നെരിപ്പോടിനെപ്പോലും പൊള്ളിക്കാനുള്ള ശക്തിയുണ്ടെന്ന് അയാള്‍ക്ക് തോന്നി.
'ജാസ്മിന്‍.
നമുക്കിനിയുറങ്ങാം.
ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലേ'
അതുംപറഞ്ഞ് അയാളവളെ ചുറ്റിപ്പിടിച്ചു. അവര്‍ വീണ്ടും കമ്പിളിക്കൊട്ടാരത്തിലെ രാജാവും റാണിയുമായി.
വാതിലിലെ നിര്‍ത്താതെയുള്ള മുട്ടുകേട്ടാണ് അവളുണര്‍ന്നത്. തന്നെ ചുറ്റിവരിഞ്ഞ കൈകള്‍ മെല്ലെ മാറ്റിക്കൊണ്ട് അവളെഴുന്നേറ്റ്, വസ്ത്രമണിഞ്ഞ്,വാതില്‍ തുറന്നു.
'എന്താ ലൂക്കോച്ചാ'
അവള്‍ അമ്പരപ്പോടെ ചോദിച്ചു.
'എവിടെ, അവനുണര്‍ന്നില്ലേ'
ലൂക്കോക്ക് പിന്നില്‍ നില്‍ക്കുന്ന അഭി വെപ്രാളത്തോടെ ചോദിച്ചു.
'ഇല്ല.
വിളിക്കാം.
നേരം വെളുത്തതറിഞ്ഞില്ല'
അവള്‍ റൂമിലേക്ക് കടന്നതും പിറകെ അഭിയും കടന്നു.
'ഡാ.
പെട്ടെന്നെണീക്ക്.
വീട്ടിലെത്തണം'
അഭിയുടെ ശബ്ദത്തിലും ചലനത്തിലും വെപ്രാളം.
'ഒന്ന് പോടാ.
ഉറങ്ങി കൊതിതീര്‍ന്നില്ല.
പോയി രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ട് വാ'
നീങ്ങിപ്പോയ പുതപ്പ് തലയിലൂടെ വലിച്ചിട്ട് അയാള്‍ കിടന്നു.
'ഡാ.
വേഗം വീട്ടിലെത്തണം.
അച്ഛന്‍ മരിച്ചു'
അഭി വിഷമത്തോടെ പറഞ്ഞു.
'ഓ.
വെളുപ്പാന്‍കാലത്ത് വന്ന് കോമഡി പറയാതെ ഒന്ന് പോ അഭീ'
'സത്യമാ ഞാന്‍ പറഞ്ഞത്.
നിന്റെയച്ഛന്‍ ഇന്നലെ വൈകിട്ട് മരിച്ചു.
അന്നേരം മുതല്‍ ട്രൈ ചെയ്യുന്നതാ നിന്നെ.
ഫോണും ഓഫാക്കിയിട്ട് നീയീ പൊന്തക്കാട്ടിലിരുന്നാലെങ്ങനാ.
വാ, പെട്ടെന്ന് റെഡിയാവ്'
അഭി അയാളെ വലിച്ചെഴുന്നേല്പിച്ചുകൊണ്ട് പറഞ്ഞു.
'പെട്ടെന്ന് പുറപ്പെടാം.
അച്ഛനല്ലേ '
അവള്‍ പറഞ്ഞു
'അച്ഛന്‍.
പ്ഫൂ.
അയാളും പോയി. കൂടെയീ ബംഗ്ലാവും.'
അയാള്‍ കിടക്കയിലിരുന്ന് പിറുപിറുത്തു.
'നാടുനീളെ നടന്ന് കുട്ടികളുണ്ടാക്കിവെച്ചിട്ട്, ഒടുക്കമെനിക്ക് ഓട്ടക്കാലണ.
ഗുഡ് ബൈ സുന്ദരീ. വയനാടന്‍ കുന്നുകളിലൊളിച്ച മാദകത്തിടമ്പേ. നിനക്ക് അന്ത്യചുംബനം'
ബംഗ്ലാവിന്റെ ഓരോ തൂണുകളെയും ഉമ്മവെച്ചുകൊണ്ട്, ഭ്രാന്തനെപ്പോലെ പിറുപിറുത്ത്, അയാള്‍ പടിയിറങ്ങി.
'തല്‍ക്കാലം എന്റെ കാറിവിടെ നില്‍ക്കട്ടെ.
പിന്നെ വന്നെടുത്തോളാം.
വാ കേറ്. ഞാന്‍ ഡ്രൈവ് ചെയ്യാം'
അഭി പറഞ്ഞു.
ലൂക്ക ലഗേജുകള്‍ വെച്ച് ഡിക്കിയടച്ചു.
ബംഗ്ലാവിന്റെ കൂറ്റന്‍ ഗേറ്റ് കടന്ന് കാര്‍ നീങ്ങുമ്പോള്‍ അയാള്‍ കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞു.
'അഭിജിത്ത് സര്‍.
ചുരമിറങ്ങുന്നിടത്ത് എന്നെ ഇറക്കിയേക്കൂ.
ഞാനവിടുന്നും ബസ്സിന് പൊയ്‌ക്കോളാം.
നേരം വെളുത്തില്ലേ.
ആരും കാണേണ്ട '
അവളുടെ ശബ്ദമിടറിയിരുന്നു.
'ജാസ്മിന്‍. നമ്മളിനിയും കാണും. ആ ബംഗ്ലാവില്‍ വെച്ചല്ല.
മറ്റെവിടെയെങ്കിലും വെച്ച്. ചിതയെരിഞ്ഞു തീര്‍ന്നാല്‍ ഞാന്‍ വരും.
ഉടനെയൊരു യാത്രക്ക് റെഡിയായിക്കോളൂ'
പിന്‍സീറ്റില്‍ അവളുടെ തോളില്‍ തലചായ്ച്ച് അയാള്‍ പറഞ്ഞു.
'സര്‍.
അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞാല്‍ ഉടനെയൊരു സൈക്ക്യാട്രിസ്റ്റിനെ ചെന്ന് കാണണം.
കുറച്ചു നാളത്തെ ട്രീറ്റ്‌മെന്റ് കൊണ്ട് എല്ലാം ശരിയാവും'
അവളയാളുടെ മൂര്‍ധാവില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു. അയാളുടെ മുഖത്ത് ക്ഷീണിച്ച ചിരി വിടര്‍ന്നു.
ചുരമിറങ്ങുമ്പോള്‍ കനത്ത മൗനം അവരെ പൊതിഞ്ഞിരുന്നു. മയക്കത്തിലായിരുന്ന അയാളെ ഉണര്‍ത്താതെ അവള്‍ പതിയെ ഇറങ്ങി. അഭിജിത്തിനോട് കണ്ണുകളാല്‍ റ്റാറ്റാ പറഞ്ഞ്, അകന്നുപോകുന്ന കാറിനേയും നോക്കി,അവളാ പാതയോരത്ത് നിന്നു. റോഡില്‍ നിരനിരയായി നിര്‍ത്തിയ വാഹനങ്ങള്‍ക്കിടയിലൂടെ അയാളുടെ കാര്‍ നിരങ്ങിനീങ്ങി.
'ഡോക്ടര്‍ യദുകൃഷ്ണന്‍'
'ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്'
എന്ന് ബോര്‍ഡുള്ള വീടിനുമുറ്റത്ത്, തടിച്ചുകൂടിയ ആളുകള്‍ക്കിടയിലൂടെ, ഒരു കുറ്റവാളിയെപ്പോലെ അയാള്‍ നടന്നു.
'യദു എവിടായിരുന്നു.
ഞാനിന്നലെത്തൊട്ട് വിളിക്കുന്നു.
സെമിനാര്‍ തീര്‍ന്നിട്ടില്ല.
അറിഞ്ഞപ്പോ ഇങ്ങുപോന്നു.
എത്തിയിട്ട് രണ്ടുമണിക്കൂറേ ആയുള്ളൂ'
നിദയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ അയാള്‍ അഡ്വക്കറ്റ് ശ്യാമപ്രസാദിനരികിലേക്ക് നടന്നു.
'ഇല്ല....
അവരാരെന്നോ എവിടെയെന്നോ അറിയില്ല.
ചടങ്ങുകള്‍ കഴിയട്ടെ.
നമുക്ക് നോക്കാം'
ശ്യാമപ്രസാദ് അയാളുടെ ചോദ്യത്തിനുള്ള മറുപടി നല്‍കി.
ബസ്സിറങ്ങി ഇടവഴികടന്ന് വീട്ടിലെത്തുമ്പോള്‍ നേരം പതിനൊന്നേമുക്കാല്‍.
'എത്രപ്രാവശ്യം വിളിച്ചു.
നിന്റെ ഫോണിനെന്താ പറ്റിയേ'
വാതില്‍ തുറന്നതും അമ്മയുടെ ചോദ്യം.
'എന്താമ്മേ.
എന്തേലും വയ്യായ്ക തോന്നിയോ'
അവള്‍ ചോദിച്ചു.
'ഏയ്.
സൂക്കേടൊന്നുല്ല്യ.
പിന്നെ മോളേ, ഒരു കാര്യം പറയാനുണ്ട്'
അമ്മയുടെ മുഖത്ത് സങ്കടമോ ഭയമോ സന്തോഷമോ. എന്തെന്ന് തിരിച്ചറിയാന്‍ പറ്റാത്തൊരു പുതിയഭാവം.
'എന്താമ്മാ'
'മോളേ
ശങ്കരന്‍ വക്കീല് വിളിച്ചിരുന്നു.
അച്ഛന്‍ മരിച്ചൂന്നും പറഞ്ഞ്.
മോള്‍ക്ക് പോയി കാണണോ.
ദാ പത്രത്തില്‍ ഫോട്ടോയുമുണ്ട്'
അമ്മ നീട്ടിയ പത്രം അവള്‍ വിറയലോടെ വാങ്ങി.
ഇത്രനാളും തന്നില്‍നിന്നും മറച്ചുവെച്ച രഹസ്യം അനാവരണം ചെയ്യാന്‍ അച്ഛന്‍ മരിക്കേണ്ടിവന്നിരിക്കുന്നു.
ഓര്‍ത്തപ്പോള്‍ അവളുടെ നെഞ്ചുനീറി.
'പ്രിയപ്പെട്ട ഡോക്ടര്‍ ഇനിയൊരോര്‍മ'
തലക്കെട്ടിന് താഴെ ചിരിച്ചുകൊണ്ടുള്ള ഫോട്ടോ.
അതിനടിയിലായി നിരന്നുനില്‍ക്കുന്ന അക്ഷരങ്ങളിലൂടെ നീങ്ങവേ, അവളുടെ നെഞ്ചിലൊരഗ്‌നിഗോളം കത്തിയമര്‍ന്നു.
പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ബാലകൃഷ്ണന്‍ അന്തരിച്ചു.
ഏകമകന്‍ ഡോ. യദു കൃഷ്ണന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്.
മരുമകള്‍ നിദ വാര്യര്‍, ഗൈനക്കോളജിസ്റ്റ്.
'വയനാട്ടിലെ കാപ്പിത്തോട്ടവും ബംഗ്ലാവും മോളുടെ പേര്‍ക്കാ എഴുതിവെച്ചേന്ന് ശങ്കരന്‍ വക്കീല് വിളിച്ചപ്പോ പറഞ്ഞു. അയാളാത്രെ വില്‍പത്രം തയ്യാറാക്കിയത്'
അമ്മ പറഞ്ഞത് മുഴുവന്‍ കേട്ടോയെന്ന് സംശയമാണ്.
അപ്പോഴേക്കുമവള്‍ നിലംപതിച്ചിരുന്നു.