Quantcast
MediaOne Logo

ഷബാന ബീഗം

Published: 20 Nov 2022 6:37 AM GMT

ഷിഫാ ക്ലിനിക്

| കഥ

ഷിഫാ ക്ലിനിക്
X
Listen to this Article

'ആന കേറാമല, ആള് കേറാമല ആയിരം കാന്താരി പൂത്തിറങ്ങി.

മ്മച്ച്യേ, ഉത്തരം പറ'

പനിക്കിടക്കയില്‍ കിടന്ന് റൂഹി

അടുത്ത ചോദ്യമെറിഞ്ഞു.

പനി വന്നാല്‍ റൂഹി തുരു തുരാ സംസാരിച്ചു കൊണ്ടിരിക്കും.

ഇക്ക കസേരയില്‍ ഇരുന്ന് അനാര്‍ തൊലിപൊളിച്ചു.

ഞാന്‍ ഒന്നും മിണ്ടിയില്ല. പുറത്തേ രാത്രിയിലേക്ക് നോക്കി വെറുതെ ഇരുന്നു.

സൗദി അറേബ്യയിലെ ജിദ്ദായിലെ തിരക്ക് കുറഞ്ഞ ഒരു സ്ഥലത്താണ് ഷിഫാ ക്ലിനിക്.

ക്ലിനിക്കിന്റെ ജനലിലൂടെഞാന്‍ നോക്കി. അംബരചുംബികളായ കെട്ടിടങ്ങള്‍ക്കിടയിലെ ചതുരാകാശത്ത് നക്ഷത്രങ്ങള്‍ നിറയെ, ദീപാലംകൃതമായ ഒരു കതിര്‍മണ്ഡപം പോലെ റൂഹിയുടെ കടങ്കഥയ്ക്കുള്ള ഉത്തരമായി, രാവാകാശം നിറഞ്ഞു നിന്നു.

ആയിരം കാന്താരികള്‍ പൂത്തിറങ്ങുന്ന ആനയും ആളും കേറാമല.

ഉത്തരം എന്തോ ആയിക്കോട്ടെ. മലമുകളിലേയ്ക്ക് കാന്താരികള്‍ പൂത്തിറങ്ങു ന്ന കാഴ്ച്ച ,ഹോ..!

ഹൃദയത്തിന്റെ ആഴങ്ങളിലേക്കും ചില നേരത്തു കാന്താരിപ്പൂക്കള്‍ പെയ്തിറങ്ങും.

ഞാനപ്പോള്‍ ട്രീസയെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു.

റൂഹിയെയും കൊണ്ട് അവള്‍ക്ക് ഒരു വയസ്സുള്ളപ്പോള്‍ ആണ് ഞാന്‍ ആദ്യമായി ആ ചെറിയ ക്ലിനിക്കില്‍ ചെല്ലുന്നത്.

ഷിഫ എന്ന് പേരുള്ള ഒരു കുഞ്ഞു ക്ലിനിക്.

ഷിഫ എന്നാല്‍ സൗഖ്യം.

ശാന്തവും, വൃത്തിയുള്ളതുമായ അന്തരീക്ഷം.

ട്രീസയാണ് അന്ന് ഡോക്ടറുടെ മുറിയില്‍ ഉണ്ടായിരുന്നത്.

അവള്‍ റൂഹിയെ കൈ പിടിച്ചും ഇക്കിളിയാക്കിയുമൊക്കെ ചിരിപ്പിച്ചു.

ഡോക്ടര്‍ സമ്പത്ത് ട്രീസയെ തറപ്പിച്ചു നോക്കി.

മരുന്ന് വാങ്ങിക്കൊണ്ടു നില്‍ക്കുമ്പോള്‍ ട്രീസ അത് വഴി വന്നു. അവള്‍ റൂഹിയെ എടുക്കുകയും ഉമ്മ വെയ്ക്കുകയും ചെയ്തു. അപ്പോഴാണ് ഞാന്‍ ട്രീസ യെ പരിചയപ്പെടുന്നത്. ഫിലിപ്പൈന്‍സ് ആണ് അവളുടെ ദേശം.

പിന്നൊരിക്കല്‍ പച്ചക്കറി അരിയവേ എന്റെ കയ്യില്‍ കത്തിതട്ടി മുറിഞ്ഞു വീണ്ടും ക്ലിനിക്കില്‍ എത്തി.

സ്റ്റിച്ച് ഇടേണ്ടി വരുമെന്ന് പറഞ്ഞു. മോളെ ഇക്കാന്റെ കയ്യില്‍ കൊടുത്ത് ഞാന്‍ ട്രീസയ്ക്ക് പിന്നാലെ പോയി.

അവളെ കണ്ടപ്പോള്‍ റൂഹിയുടെ ബാര്‍ബി പാവയെ എനിക്ക് ഓര്‍മ വന്നു. സ്വര്‍ണനിറമുള്ള മുടി അവളുടെ മുഖത്തിന് ചുറ്റും ചിതറിക്കിടന്നിരുന്നു.

പ്രൊസീജര്‍ റൂമില്‍ ഇരിക്കുമ്പോള്‍ അവള്‍ ട്രേയില്‍ കത്രികയും പഞ്ഞിയും മറ്റും ഒരുക്കുന്നതിനിടെ വെറുതെ എനിക്കറിയാത്ത ഭാഷയില്‍ മൂളിപ്പാട്ടു പാടിക്കൊണ്ടിരുന്നു.

സൂചിയും കത്രികയും കണ്ടപ്പോള്‍ എനിക്ക് പേടിയായി. അവള്‍ ചിരിച്ചു. മൂളിപ്പാട്ടു നിര്‍ത്തിയുമില്ല.

ഒരു കൈലേസില്‍ പൂക്കള്‍ തുന്നുന്ന അനായാസതയോടെ അവളെന്റെ മുറിവ് തുന്നി.

എന്റെ താടിയില്‍ പിടിച്ച് നീല മുന്തിരിങ്ങകള്‍ ഒട്ടിച്ചു വച്ച പോലത്തെ കണ്ണുകള്‍ കൊണ്ടെന്റെ

കണ്ണിലേയ്ക്ക് നോക്കിക്കൊണ്ട് പാട്ടിന്റെ അവസാന വരികള്‍ മൂളി. അവളുടെ ഇരുകവിളിലും ഞാന്‍ പ്രതിബിംബിച്ചു.

'നിക്യആ മാ..ഓ..തോ..

ബാഷ് തോമാ..ആതോ

ഊ.. ലാ ലാ ലാ..'

അതൊരു നാടോടിപ്പാട്ടായിരിക്കുമെന്ന് എനിക്ക് തോന്നി. ഫിലിപ്പിനോ ഭാഷയുടെ 'കച്ചടത്തപ്പ' അറിയാത്ത എനിയ്ക്ക് ഈ പാട്ട് ഒരു ഔഷധമാണെന്ന് തോന്നി. വേദനകള്‍ ലഘൂകരിക്കാന്‍ ഉതകുന്ന ഒന്ന്.

സൗഖ്യപ്പെടുത്തുന്ന ഒന്ന്.

ട്രീസ തന്റെ നാട്ടിലെ ഏതോ തോട്ടത്തില്‍ ആപ്പിള്‍ വിളവെടുത്തു കൊണ്ടിരുന്നപ്പോള്‍ പാടിയതാവാം.

അവിടെ ആപ്പിള്‍ കൃഷി ഉണ്ടാവുമോ? ട്രീസയുടെ രൂപഭംഗിക്കുവേണ്ടി ഞാന്‍ തെരെഞ്ഞെടുത്തതാണ് ആപ്പിള്‍.

'ഇത് എന്തു പാട്ടാണ്? ഞാന്‍ ചോദിച്ചു.

'അത് നദിയില്‍ മീന്‍ പിടിയ്ക്കുമ്പോള്‍ പാപ്പാ പാടിയിരുന്ന പാട്ടാണ്,

ഇത് ഒരു പ്രണയ ഗാനം കൂടിയാണ് 'എന്ന് അവള്‍ പ്രതിവചിച്ചു.

ഞാന്‍ അക്ഷരങ്ങള്‍ പെറുക്കിയിട്ട് വെറുതെ പാടി നോക്കി.

'നിക്യ ആം അ ഓ തോ..'

കണ്ണുകള്‍ വെറും രേഖകളാക്കി അവള്‍ വീണ്ടും ചിരിച്ചു.

'പാപ്പാ ഇപ്പോഴും മീന്‍ പിടിക്കാന്‍ പോവാറുണ്ടാവും അല്ലേ?'

''ഇല്ല,

എനിക്ക് എട്ട് വയസ്സുള്ളപ്പോള്‍, പാപ്പാ തോണിയില്‍ മീന്‍ പിടിക്കുന്നു, ഞാന്‍ കരയില്‍ മീന്‍ കൂടയ്ക്ക്

കാവല്‍ നില്‍ക്കുന്നു. പെട്ടെന്ന് വന്ന ഒരു മലവെള്ളപ്പാച്ചിലില്‍ പാപ്പാ തോണിയോടൊപ്പം കുത്തിയൊലിച്ചു പോയി. ഞാന്‍ ആര്‍ത്തലച്ചു കരഞ്ഞു കൊണ്ട് നിന്നു'


ബാപ്പച്ചിയെ ഇടിച്ചു തെറിപ്പിച്ച ജീപ്പ് പാഞ്ഞു പോകുന്നതും നോക്കി, പിടയുന്ന ബാപ്പച്ചിയെ കുലുക്കി വിളിക്കുന്ന ഒരു എട്ടു വയസ്സുകാരി നെഞ്ചിലിരുന്നു പിടഞ്ഞു. അവള്‍ മൂളിയ ആ പാട്ട് വരികളില്ലാതെ മനസ്സില്‍ തത്തി. ബാപ്പച്ചിയുടെ മരണാനന്തര ചടങ്ങില്‍ ചൊല്ലിയ മൗലൂദിന് ആപാട്ടുമായി സാമ്യമുണ്ടെന്നെനിക്ക് തോന്നി. മൂളി വരുമ്പോള്‍ അവസാനം മൗലൂദിലെ വരികളായി മാറുന്നു.

ഒരേ വന്‍കരയിലെ രണ്ടു മൂലകളിലുള്ള രണ്ടു സ്ത്രീകള്‍ ഒരു പാട്ടിന്റെ ചൂണ്ടയില്‍ കൊരുത്ത ജാലവിദ്യയോര്‍ത്ത് ഞാന്‍ കറങ്ങുന്ന ഫാന്‍ നോക്കിക്കിടന്നു.

ഞാനൊന്ന് മയങ്ങി. കലങ്ങിയൊഴുകുന്ന ഒരു പുഴയുടെ കരയില്‍ നിലവിളിയോടെ നില്‍ക്കുന്ന കൊച്ചു പെണ്കുട്ടിയെ ഓര്‍ത്ത് ഞാന്‍ ഞെട്ടിയുണര്‍ന്നു. നോക്കി നില്‍ക്കേ പാഞ്ഞു വന്ന ജീപ്പിടിച്ച്

തെറിച്ചു വീണ ബാപ്പച്ചിയെ ഓര്‍ത്തു ഞാന്‍ നടുങ്ങി.

ഉച്ചക്ക് ശേഷം ട്രീസയ്ക്ക് ഓഫ് ആണെന്ന് പറഞ്ഞിരുന്നു.

എനിയ്ക്ക് റൂഹിയെ ഓര്‍മ വന്നു. ഞാന്‍ പുറത്തു വന്നപ്പോള്‍ മറ്റൊരു മുറിയില്‍ ട്രീസയുടെ തോളില്‍ കിടന്ന് ഉറങ്ങുന്ന റൂഹിയെ കണ്ടു. 'ങേ.. ട്രീസ പോയില്ലേ?'

അവള്‍ ജനലിലൂടെ പുറത്ത് ഷറഫിയയുടെ തിരക്കുകളിലേക്ക് നോക്കി നില്‍ക്കുന്നു.

ഞാന്‍ അടുത്തു ചെന്നു. സ്വപ്നത്തില്‍ നിന്നുണര്‍ന്നെന്ന വണ്ണം അവള്‍ ഞെട്ടി, റൂഹിയുടെ നിറുകയില്‍ ചുണ്ടുകള്‍ ചേര്‍ത്തു നിന്നു.


ഞാന്‍ അവളെ അടര്‍ത്തി എടുത്തു യാത്ര പറഞ്ഞു പോന്നു.

പിന്നൊരിക്കല്‍ റൂഹിയ്ക്ക് പനിയായി ചെന്നപ്പോള്‍ ട്രീസ അവളെ വാരിയെടുത്ത് ഓടി.

റൂഹിക്ക് ഡ്രിപ് ഇട്ടു കിടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു:

'ട്രീസയുടെ വീട്ടില്‍ ആരൊക്കെ ഉണ്ട്?'

'മമ്മയും, എന്റെ മോളും'

മോള്‍ ക്ക് എത്ര പ്രായം ആയി?

'ഇതേ പ്രായം.'

വെള്ള കോട്ടന്‍ കിടക്കവിരിയില്‍ വാടിയ താമര മൊട്ടുപോലെ കിടക്കുന്ന റൂഹിയെ ചൂണ്ടി ട്രീസ പറഞ്ഞു.

അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

നതാഷക്ക് മൂന്നു മാസം പ്രായമായപ്പോള്‍ ആണ് ട്രീസ ഇവിടെ എത്തുന്നത്.

നിറഞ്ഞ മാറില്‍നിന്നും പാല്‍ പിഴിഞ്ഞ് ക്ലിനിക്കിന്റെ ടോയ്ലറ്റിലെ വാഷ്‌ബേസിനില്‍ കളയുമ്പോള്‍ കണ്ണുകള്‍ കൂലം കുത്തിയൊഴുകുമായിരുന്നു. പിന്നെപ്പിന്നെ മാറും. മനസ്സും കല്ലിച്ചു.

അവള്‍ പേഴ്‌സില്‍ നിന്നും ഒരു പെണ്‍കുഞ്ഞിന്റെ ഫോട്ടോ എന്നെ കാണിച്ചു.

ഞാന്‍ നടുങ്ങിപ്പോയി.

നതാശ, മറ്റൊരു റൂഹി!

റൂഹിക്ക് ചുരുള്‍ മുടിയാണെങ്കില്‍, നതാഷക്ക് സ്വര്‍ണനിറമുള്ള കോലന്‍ മുടിയാണെന്ന് മാത്രം.

കുഞ്ഞിന്റെ അച്ഛന്‍?

ഞാന്‍ തികച്ചും അനാവശ്യ മായ ആ ചോദ്യം ചോദിച്ചു.

അവള്‍ ചിരിച്ചു.

വേണ്ടായിരുന്നു എന്നെനിക്ക് തോന്നി.


'ഞാന്‍ നതാശയെ സ്വപ്നം കാണുന്നതിന്റെ പിറ്റേന്ന് നിങ്ങള്‍ ഇവിടെ എത്താറുണ്ട്.

മമ്മക്ക് വിളിക്കുമ്പോള്‍ നതാഷക്ക് അസുഖമാണെന്നും പറയാറുണ്ട്.

സൗദി അറേബ്യയില്‍ റൂഹിയ്ക്ക് പനിക്കുമ്പോള്‍ മനിലയില്‍ നതാഷക്കും പനിക്കുന്നു

ഞാന്‍ അത്ഭുതത്തോടെ ഓര്‍ത്തു.

മിനിഞ്ഞാന്നാണ് റൂഹിയ്ക്ക് വീണ്ടും കടുത്ത പനി തുടങ്ങിയത്.

ട്രീസ നതാഷയെ സ്വപ്നം കണ്ടിട്ടുണ്ടാവുമെന്നു ഞാന്‍ തമാശയോടെ ഓര്‍ത്തു.

ഫ്ളാനലില്‍ പൊതിഞ്ഞിട്ടും റൂഹി കിടുകിടുത്തു.

പിച്ചും പേയും പറഞ്ഞു.

ഇന്നാണ്

ഞങ്ങള്‍ ക്ലിനിക്കിലേക്ക് പോയത്.

ഡോക്ടര്‍ സമ്പത്തിന്റെ പരിശോധനാമുറിയുടെ മുന്നില്‍ ഇരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ട്രീസയെ പരതി.

കോതമംഗലത്തുകാരി സിസ്റ്റര്‍ നാന്‍സിയോട് ഞാന്‍ ട്രീസയെ അന്വേഷിച്ചു. അവള്‍ ഇന്ന് നാട്ടിലേയ്ക്ക് പോവാന്‍ എയര്‍പോര്‍ട്ടി ലേക്ക് പോയെന്നും, രാത്രിയാണ് ഫ്ളൈറ്റ് എന്നും നാന്‍സി പറഞ്ഞു.

നതാഷക്ക് കടുത്ത ജ്വരം ബാധിച്ചുവെന്ന് മനിലയില്‍ നിന്നും ഫോണ്‍ വന്നു എന്ന് നാന്‍സി സങ്കടത്തോടെ അറിയിച്ചു.

റൂഹി വരുമെന്ന് ട്രീസ പറഞ്ഞതായും അവള്‍ പറഞ്ഞു.

എന്തിനോ എന്റെ നെഞ്ചിടിച്ചു.

ഞാന്‍ റൂഹിയെ നോക്കി. കണ്ണുകള്‍ പാതിയടച്ച് അവള്‍.

റൂഹിയെ പരിശോധിച്ച് ഡോക്ടര്‍ സമ്പത്ത് ചില ടെസ്റ്റുകള്‍ കുറിച്ചു. ന്യൂമോണിയ ആയിട്ടുണ്ട് എന്ന് പറഞ്ഞതിനാല്‍ ഞങ്ങള്‍ അഡ്മിറ്റായി.

വര്‍ത്തമാനം നിര്‍ത്തി റൂഹി ഉറങ്ങിയിരിക്കുന്നു.

മുറിയിലെ സെറ്റിയില്‍ ഇക്ക ഇരുന്ന് ഉറങ്ങുന്നു. വെളുത്ത പ്ലേറ്റില്‍ ഇക്ക ഉതിര്‍ത്തിയിട്ട മാതളയല്ലികള്‍ നീലവെളിച്ചത്തില്‍ മാണിക്യക്കല്ലുകള്‍ പോലെ തിളങ്ങി.

ഞാന്‍ അദ്ദേഹത്തെ ഉണര്‍ത്തി, ഫ്‌ളാറ്റിലേക്ക് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.

എനിക്ക് ആരോരുമില്ലാതെ, ഒറ്റക്കാവാന്‍ കൊതിയായി.

റൂഹിയുടെ തീനെറ്റിയില്‍ ഉമ്മ വെച്ച് അദ്ദേഹം ഇറങ്ങി.

ഇക്ക കോണിപ്പടികള്‍ ഇറങ്ങിപ്പോവുന്ന ഷൂസിന്റെ ശബ്ദം മാത്രം ആ കൊറിഡോറില്‍ പ്രതിധ്വനിച്ചു. രാത്രി ഒരു പാട് വളര്‍ന്നിരിക്കുന്നു. ചുമരിലെ ക്‌ളോക്കിന്റെ സെക്കന്റ് സൂചി ചലിക്കുന്ന ശബ്ദം മാത്രം.

ഞാന്‍ കൊറിഡോറിലെ നീല വെളിച്ചത്തില്‍ നില്‍ക്കുകയാണ്.

മുറിയില്‍ വന്ന് റൂഹിയെ ടവല്‍ നനച്ചു തുടച്ചു.

നതാഷയുടെ ജ്വരം കുറയട്ടെ.

പിന്നെ കട്ടിലോരത്തുകിടന്നു.

ഒരു കൈകൊണ്ട് അവളുടെ ചുട്ടുപൊള്ളുന്ന കുഞ്ഞുമേനിയെ അണച്ചു പിടിച്ചു.

കയ്യെത്തിച്ച് ജനലില്‍ ഞാത്തിയിട്ട വിരി നീക്കി. ആകാശം, നിത്യ നീലം.

ശിഫാ ക്ലിനിക് അത്യന്തം സമാധാനപൂര്‍ണമായ ഒരു മൗനത്താല്‍ നിര്‍ഭരമായി.

റൂഹിയുടെ ശ്വാസോച്ഛ്വാസമല്ലാതെ മറ്റൊരു ശബ്ദവും അവിടെ ബാക്കിയായില്ല.

നിലാവില്‍ നിറയെ വിളക്കുകള്‍ നിറഞ്ഞ മാനത്ത് അതാ ചലിക്കുന്ന ഒരു വിളക്ക് !

അത് പതിയെ നീങ്ങുകയാണ്.

ആനകേറാ മലയും, ആള്‌കേറാ മലയും താണ്ടി, ആയിരം കാന്താരി പൂത്തിറങ്ങിയ മാനത്ത് മിന്നി മിന്നി നീങ്ങുന്നത് മനിലയെ ലക്ഷ്യമാക്കി നീങ്ങുന്ന ഒരു വിമാനമായിരുന്നു. അതില്‍ നതാഷയെ കാണാന്‍ കണ്ണുകള്‍ ചിമ്മാതെ വിമാന ജനലോരം ട്രീസ ഇരിക്കുന്നത് ഞാന്‍ മനക്കണ്ണില്‍ കണ്ടു.

ഞാന്‍ മെല്ലെ കണ്ണുകളടച്ചു. കണ്‍പോളക്കുള്ളില്‍ ചൂട് തിങ്ങി. ഉച്ച്വാസത്തില്‍ തീ, കണ്‍കോണില്‍ തുള്ളി കുത്തിയ ചുടുലാവ.

എനിക്ക് മനസ്സിലായി. എനിക്ക് റൂഹിയുടെ പനി പകര്‍ന്നിരിക്കുന്നു.

നഴ്സസ് സ്റ്റേഷനിലെ ഫോണ്‍ പൊടുന്നനെ ചെവിക്കല്ലു പൊട്ടും പോലെ ബെല്ലടിച്ചു.

മനിലയില്‍ നിന്നും ട്രീസയെ അന്വേഷിച്ചെത്തിയ ആ വാര്‍ത്തയില്‍ കോറിഡോറിലെ വെളിച്ചം തെളിഞ്ഞു.

സിസ്റ്റര്‍ നാന്‍സിയുടെ അടക്കിയ നിലവിളി കേട്ട് ഞാന്‍ ചെവി രണ്ടും പൊത്തി.

ആരുടെയോ കനത്ത കാലൊച്ച കാതോര്‍ത്തു , റൂഹിയെ നെഞ്ചോടടുക്കി ഞാന്‍ കിടന്നു. ഞങ്ങളുടെ നിശ്വാസങ്ങള്‍ തീക്കാറ്റായി.

നെഞ്ചിടിപ്പുകള്‍ തമ്പേറായി.

'ഊ ലാല..

നിക്യആം മാ തോ..

ബാഷ് തോമാ..ആ..തോ

ലാ.. ലാ.. ലാ..'

ഫിലിപ്പൈന്‍സിലെ ഏതോ നദിക്കരയില്‍ ഇരുന്ന് റൂഹിക്കും നതാഷയ്ക്കും ഒപ്പം ചൂണ്ടയിടുന്ന ഒരു സ്വപ്‌നത്തിലേക്ക് ഞാന്‍ ആണ്ടുപോയി. എന്റെ കൂടയില്‍ വെള്ളിച്ചെതുമ്പലുകളുള്ള കുഞ്ഞു മീനുകള്‍ പിടപിടച്ചു.



TAGS :