ഓതിരം
| കഥ
ഒരു കടലും ഇരമ്പിയിട്ടില്ല ആറ്റുമ്പിയുടെ ഖല്‍ബോളം,
ഒരു കാറ്റും ചീറിയിട്ടില്ല ആറ്റുമ്പിയുടെ ഖല്‍ബിന്റെ പിടപ്പോളം..!
തെക്കു തെക്കുന്നു വന്ന ഉരുവിലാണ് മായന്‍കുട്ടി മുസ്‌ലിയാരങ്ങാടിയില്‍ വന്നത്.
ആറ്റുമ്പി കണ്ണിമയ്ക്കാതെ നോക്കിനിന്ന,
അറവാതില്‍ക്കല്‍ നിന്ന് കണ്ണും, കരളും കുരുമുളകും ചോദിച്ചു വന്ന കച്ചോടക്കാരന്‍.
റങ്കൂണിലേക്ക് ഏലവും കുരുമുളകും കയറ്റിപ്പോവുന്ന ഉരുവിലാണ് അവന് പണി.
കെട്ടു കഴിഞ്ഞു, അറയില്‍കൂടി, ...
ആറ്റുമ്പി സ്‌നേഹത്തിന്റെ ജാലവിദ്യകളറിഞ്ഞു.
പുതുക്കത്തിന്റെ മധുരിമയില്‍ ആറാടി, ഭൂമിയിലെ ജന്നത്തില്‍ താമസിച്ചു വരവേയാണ് മൂന്നാം മാസം മായന്‍കുട്ടി ഒരു മായയായി മറഞ്ഞത്.
ഒരു വാക്കുരിയാടാതെ,
ആറ്റുമ്പിയുടെ അടിവയറ്റില്‍ അലിമോനെ കൊടുത്തേച്ചു ഇരുട്ടിലേക്കവന്‍ ഒരു ഇറങ്ങിപ്പോക്കങ്ങു പോയി..
ഒരു കൊട്ട വയറുമായി ആറ്റുമ്പി രാപ്പകലുകള്‍ കഴിച്ചു, കാത്തിരുന്നു, തീതിന്നു..! ഒടുവില്‍ പെറ്റു. നെറ്റിത്തടത്തില്‍ മായന്‍കുട്ടിയുടെ അതേ മറുകുമായി അലിമോന്‍ പൂമുഖത്തെ കൈതോലപ്പായയില്‍ കിടന്ന് ചിരിച്ചു.
അലിമോന്റെ മാര്‍ക്കം കഴിച്ചുകിടക്കുന്ന ദിനങ്ങളിലൊന്നില്‍, കുപ്പായത്തിലെ പൊട്ടിപ്പോയ കുടുക്ക് തുന്നുമ്പോള്‍, 'മമ്പുറപ്പൂ മഖാമിലെ..'
പാട്ട് മൂളിക്കൊണ്ടിരിക്കെയാണ് ഒരു മുരടനക്കം കേട്ട് ആറ്റുമ്പി പാളി നോക്കിയത്. മായന്‍കുട്ടി..
അജബു കൊണ്ട് സൂചി അവളുടെ വിരല് മുറിച്ചു.
പുതിയൊരു തുടക്കത്തിനായി ചെറുവിരല്‍ ഒരുമഞ്ചാടി മണിയോളം ചോര പൊടിച്ചു നിന്നു..!
മായന്‍കുട്ടി മടങ്ങി വന്നിരിക്കുന്നു..
അവന്‍ പെട്ടി തുറന്ന് അലിമോന്റെ കാല്‍ച്ചുവട്ടില്‍ കളിപ്പാട്ടങ്ങള്‍ കാണിക്ക വെച്ചു. കൈവെള്ളയില്‍ കടലമിട്ടായിയും..
അലിമോന്റെ കൈയിലിരുന്ന് ആ മിട്ടായി ഞെരുങ്ങിപ്പൊടിഞ്ഞു.
അവനത് ജനലിലൂടെ കുമ്പള വള്ളികള്‍ പടര്‍ന്ന കാട്ടുപൊന്തയിലേക്ക് വലിച്ചെറിഞ്ഞു.
അപ്പോള്‍ അറയിലെ ഇരുട്ടില്‍ ആറ്റുമ്പിയും കടല മിട്ടായി പോലെ പൊടിഞ്ഞു.
റങ്കൂണില്‍ എത്തിയ ഉരു അവിടെ കുടുങ്ങിപ്പോയെന്നും, എത്താന്‍ പറ്റിയില്ലെന്നും മായന്‍കുട്ടി അട്ടം നോക്കിക്കിടന്നുകൊണ്ടു പിറുപിറുത്തു. അവന്റെ നെറ്റിയിലെ മറുകില്‍ വിയര്‍പ്പുമണികള്‍ മിന്നി.
മായന്‍കുട്ടി കൊണ്ടു വന്ന ഈത്തപ്പഴങ്ങള്‍ വലിയ വെള്ളപ്പിഞ്ഞാണത്തില്‍ തിമിര്‍ക്കുന്ന കൂറകളെ പോലെ തോന്നി അലിമോന്‍ ഓക്കാനിച്ചു.
വീട്ടില്‍ ചിരികളികള്‍ നിറഞ്ഞു. കൈവെള്ളയില്‍ കൊട്ടാരവുമായി വന്ന ഇഫ്രീത് ജിന്നിനെ പോലെ മായന്‍കുട്ടി സ്‌നേഹത്തിന്റെ കൊട്ടാരം തീര്‍ത്തു. അതില്‍ പാദുഷയായി വാണു. ആറ്റുമ്പിയെ അതിലെ രാജാത്തിയാക്കി.
അബ്ദുല്ലയെ വയറ്റിലായി.
മായന്‍കുട്ടിക്കിഷ്ടപ്പെട്ട കാരോലപ്പം ചുട്ട്, അവനെ തീറ്റി, ആറ്റുമ്പി. അപ്പംതിന്ന് കൈമേല്‍ പറ്റിയ എണ്ണയാല്‍ മീശ മിനുക്കിയിരുന്ന മായന്‍കുട്ടി ഒരു വൈകുന്നേരം വീണ്ടും മായാവിയായി.
അപ്രത്യക്ഷനായി.!
ആറ്റുമ്പിയുടെ കണ്ണുകള്‍ വറ്റി.
അവള്‍ മുറ്റത്തു ചിക്കാനിട്ട നെല്ലില്‍ പൊന്നിന്റെ വെയില്‍ പൂത്തു മലരുന്നത് ഉറച്ച കണ്ണുകളോടെ നോക്കിയിരുന്നു.
നെഞ്ചിലും പൊന്നുരുകാന്‍ പോന്ന കനല്‍ചൂട് ഒഴുകിപ്പരക്കുന്നതറിഞ്ഞു.
വയറും താങ്ങി അവള്‍ ഇളമിച്ച കാലുകള്‍ നെല്ലിലെടുത്തു വെച്ചു.
പിന്നെ തലങ്ങും വിലങ്ങും നടന്നു ചിക്കി.
വെയില്‍പെയ്ത്തില്‍ ആറ്റുമ്പി ഒരു നെല്‍ക്കതിരുപോലെ ആടിയുലഞ്ഞു നടന്നു നെല്ലുചിക്കി.
തിണ്ണയില്‍ വന്നിരുന്ന് ചുവന്നു പോയ കാലടികള്‍ നോക്കി.
പതം വന്നിരിക്കുന്നു..!
പിറ്റേന്ന് തൊട്ട് മുസ്‌ലിയാരങ്ങാടിയില്‍നിന്നും ചേവായൂരിലേക്ക്, ചെരിപ്പിടാതെ നടന്നുപോവുന്ന ആറ്റുമ്പിയെക്കണ്ട് നാട്ടാര്‍ കുശുകുശുത്തു.
ബുഹാരിത്തങ്ങളുടെ അടുത്ത് ആറ്റുമ്പി 'സിഹ്ര്‍' പഠിക്കാന്‍ പോവുകയാണെന്നവര്‍ അടക്കം പറഞ്ഞു.
അതല്ല, വയറ്റുകണ്ണിയായ പെണ്ണ് പരദേശി കേട്ട്യോനെ മറന്ന് ഹറാം പെറപ്പിനാണ് പോവുന്നതെന്ന് അവര്‍ നമീമത്തുണ്ടാക്കി, ...
അതുമല്ല, ചേവായൂര്‍ കളരി കുരിക്കളുടെ അടുത്ത് അവള്‍ 'അടിതട' പഠിക്കാനാണ് പോവുന്നതെന്ന് വേറൊരു കൂട്ടര്‍ മൂക്കത്തു വിരല്‍ വെച്ചു.
ഏതായാലും മഗ്രിബ് ബാങ്കിനൊപ്പം വിയര്‍ത്തു കുളിച്ച് ആറ്റുമ്പി പുരക്കണയും.
തിണ്ണയില്‍ ലാവ് നോക്കി മലര്‍ന്നു കിടക്കും.
അങ്ങനെ കിടന്നകിടപ്പില്‍ ഒരു റജബ് മാസത്തില്‍ ആറ്റുമ്പി അബ്ദുല്ലനെയങ്ങട്ട് പെറ്റു.
നാല്‍പതു കുളിച്ചു പിന്നെയും ആറ്റുമ്പി ആ പ്രയാണം തുടര്‍ന്നു.
കള്ളിയറിയാന്‍, കൊടുമ കണ്ടുപിടിക്കാന്‍ പിന്നാലെ പോയ ആളുകളുടെ മുന്നില്‍ നിന്നും നാറാണമഠത്തിലേക്കുള്ള ഇടവഴിയില്‍ വെച്ച് ആറ്റുമ്പി പൊടുന്നനെ അപ്രത്യക്ഷയായി.
സിഹ്ര്‍ തന്നെ..
ആളുകള്‍ ഉറപ്പിച്ചു.
രാവും, പകലും, വേനലും, വരിശവും, അനവധി വന്നുപോയി.
അങ്ങനെയിരിക്കേ റബീഉല്‍ അവ്വലിലെ ഒരു വെള്ളിയാഴ്ച..
പള്ളിക്കലെ മുറ്റത്തു നിന്നും തുടങ്ങിയ കോല്‍ക്കളി നിരത്തിലൂടെ കളിച്ചു നീങ്ങി.
പെണ്ണുങ്ങളും കുട്ടികളും വേലിക്കരികില്‍ വന്നു പൊത്തി. കളിക്കാരുടെ വിയര്‍പ്പില്‍ കുളിച്ച മേനികള്‍ തിളങ്ങി, കോലുകള്‍ തമ്മില്‍ മുട്ടുന്ന ഒച്ചകള്‍ 'ക്ണാങ്, ക്ണാങ് '! അവരുടെ അരപ്പട്ടയിലുറപ്പിച്ച കള്ളിമുണ്ടുകള്‍ വിയര്‍ത്തു മുങ്ങി.
'തകൃതത്തകൃതാ..
തകൃതാ മില്ലത്തയ്..
ഹൊയ്..
'ആലമാകെ പോരിശയാല്‍
ബിണ്ട പൂനബി
ആദിയോന്റെ നൂറിനാലെ
ലങ്കി തിരുവടി..'
ഹൊയ്..ബേഗം കൂട്ട്,
തിരിഞ്ഞടി, മറിഞ്ഞടി..
തകൃതാ...മില്ലത്തൈ..'
കളിക്കാരുടെ പിന്നാലെവന്ന പുരുഷാരത്തിന്റെ ഏറ്റവും പിന്നിലായി നടന്നു വന്ന രണ്ടു ജോഡി കാലുകള്‍
ആറ്റുമ്പിയുടെ മുറ്റത്ത് വന്നു നിന്നു. ഒരു വലുതും, ഒരു ചെറുതും..! മരവാതില്‍ തുറന്ന് ആറ്റുമ്പി കൊലായിലേക്ക് ഇറങ്ങി വന്നു.
മായന്‍കുട്ടി..
അയാളുടെ ചൂണ്ടണി വിരലില്‍ തൂങ്ങി ഒരു അഞ്ചു വയസ്സുകാരനും..
'ചന്ദിരനെ രണ്ടു
മുറിയാക്കിയോരവര്‍..
ചന്തമെഴും മന്ദഹാസ...'
കോല്‍ക്കളിപ്പാട്ട് അകന്നകന്നു പോയി
'ഉം.. എന്ത്യെ പോന്നത്?'
പടിഞ്ഞാറ് സൂര്യന്‍ കെട്ടു.
ആറ്റുമ്പിയുടെ കണ്ണുകളില്‍
ആ സൂര്യന്‍ കത്തി.
മുറ്റത്തു ഇരുള്‍ പരന്നു.
ആറ്റുമ്പിയുടെ കാലടികളില്‍ തരിപ്പ് പടര്‍ന്നു.
'ഇത് കുഞ്ഞിമൊയ്തീന്‍, ന്റെ മകനാണ്. ഓന്റ്റുമ്മാ മയ്യത്തായി. റംഗൂണില്‍ നിന്നും വരുന്ന വരവാണ് ഞങ്ങള്'
ആറ്റുമ്പി ഇറങ്ങിച്ചെന്ന് കുഞ്ഞി മോയ്തീന്റെ കുഞ്ഞിക്കരങ്ങള്‍ കവര്‍ന്നു. ചീമ്പന്‍ കണ്ണുകളും, ചപ്പിയ മൂക്കുമുള്ള ബര്‍മാക്കാരി ഉമ്മാടെ മുറിച്ച മുറിയായ കുഞ്ഞി മൊയ്തീന്‍, മായന്‍കുട്ടിയുടെ നെറ്റിയിലെ മറുകും തട്ടിയെടുത്തിരിക്കുന്നു..!
ആറ്റുമ്പി കുഞ്ഞിമൊയ്തീനെ അകത്തേക്ക് കൂട്ടി.
പിറകെ അകത്തേക്ക് കാലെടുത്തു വെച്ച മായന്‍കുട്ടി, തിരിഞ്ഞു നോക്കിയ ആറ്റുമ്പിയുടെ കണ്ണുകളുടെ പൊള്ളലേറ്റ് കാലുകള്‍ പിന്നാക്കം വെച്ചു..!
അന്ന് പതിനാലാം രാവ്. നിലാവ് കോരിച്ചൊരിഞ്ഞു. ആറ്റുമ്പി മൈലാഞ്ചിയരച്ചു കാല്‍നഖങ്ങളില്‍ തേച്ചു.
നീല ഞരമ്പോടുന്ന വെളുത്ത കാലുകളില്‍ ചുകച്ചുകപ്പായ മൈലാഞ്ചി!
കണ്ണില്‍ വീതിയില്‍ മയ്യെഴുതി.
പുതിയ കുപ്പായത്തില്‍ പൊന്നിന്റെ മണിക്കുടുക്കുകള്‍ പിടിപ്പിച്ചു, ഊദ് തേച്ചു.
കുഞ്ഞിമൊയ്തീന്റെ കുഞ്ഞിവായില്‍ തേങ്ങാപ്പാലൊഴിച്ച പത്തിരി വെച്ചു കൊടുക്കുമ്പോഴും ആറ്റുമ്പി പാളി നോക്കി.
മായന്‍കുട്ടി ഉമ്മറതിണ്ണയില്‍ ഇരിക്കുന്നുണ്ട്. മുറ്റത്തെ ചൊരിമണലില്‍ നിലാവ് പെയ്യുന്നതും നോക്കി.
അവളുടെ കാലുകള്‍ തരിച്ചു, കിരുകിരുത്തു.
ചിമ്മിനിയൂതി. കുട്ടികളെ ഉറക്കി. നേരം പോയി.
ആലമടങ്കലും ഉറക്കത്തിലേക്കാഴ്ന്ന ആ ജിന്നിറങ്ങുംയാമത്തില്‍ മായന്‍ കുട്ടി വാതിലില്‍ മുട്ടി.
ആറ്റുമ്പി വാതില്‍ തുറന്നു.
'ഉം.. '
ആറ്റുമ്പിയുടെ കണ്ണുകളില്‍ കനല്‍ക്കട്ട, വാക്കുകളില്‍ വാള്‍മുന..!
മായന്‍കുട്ടി തലതാഴ്ത്തി.
ആറ്റുമ്പിയുടെ കൈകളില്‍ പിടിച്ചു.
അവളുടെ കാലടികള്‍ കിരുകിരുത്തു ജഗപൊകയാക്കി.
അവള്‍ മായന്‍കുട്ടിയെകൂട്ടി മുറ്റത്തെ നിലാവിലേക്കിറങ്ങി.
'എന്തൊരു റംഗാണ് ഈ രാവിന് അല്ലേ ആറ്റുമ്പി?'
ഉം..'
അവള്‍ മൂളി
ആറ്റുമ്പി കാലടികള്‍ മണലില്‍ അമര്‍ത്തി കിരുകിരുപ്പു മാറ്റാന്‍ നോക്കി.
എവടെ മാറുന്നു..!
അവള്‍ മായന്‍കുട്ടിക്കഭിമുഖമായി നിന്നു. നെഞ്ചകം കുയ്താളം മുട്ടി. പിന്നീട് മണലില്‍ കാലുകള്‍ കൊണ്ട് പരതി.
കുനിഞ്ഞ് ഒരു പിടി
നിലാവ്കുടിച്ച വെള്ളമണല്‍ വാരി നെഞ്ചോട് ചേര്‍ത്തു.
കണ്ണു ചിമ്മി, പിറുപിറുത്തു,
'ബിസ്മില്ലാഹി റഹ്മാനി റഹീം'
ഇപ്പോള്‍ കണ്ണിനു മുന്നില്‍
മുറ്റമില്ല, നിലാവില്ല, ചൊരിമണലില്ല, മായന്‍കുട്ടിയില്ല.
ഇരുട്ട്!
ഇരുട്ടില്‍ തെളിയുന്ന ചേവായൂരെ കളരി!
തെളിഞ്ഞ ദീപങ്ങള്‍. അടവുകള്‍,
ചുവടുകള്‍, ഞെരിഞ്ഞമരലുകള്‍, ഒഴിഞ്ഞു മാറലുകള്‍, ഉയര്‍ന്നു ചാടലുകള്‍,
വീണയുടെ നേര്‍ത്ത കമ്പനനാദങ്ങള്‍..
ഷണ്മുഖപ്രിയ!
സാംബ്രാണി ഗന്ധം.
മായന്‍ കുട്ടിയുടെ നെറ്റിയിലെ മറുകില്‍ തൊട്ടു, ചെവിയില്‍ ചുണ്ടുകള്‍ ചേര്‍ത്ത് അവള്‍ മുരണ്ടു.
'പൊന്നാര മായന്‍കുട്ടീ, അന്റെ മായം മറിച്ചില്‍, ഈ ആറ്റുമ്പീടടുത്തു വേണ്ട'
കാച്ചിത്തുണി മുട്ടോളം പൊക്കി, ഗരുഡത്തഞ്ചത്തില്‍ നിന്നു, മൈലാഞ്ചിയിട്ടു ചുവപ്പിച്ച മൊഞ്ചുള്ള കാല്‍പാദങ്ങള്‍ മായന്‍ കുട്ടിയുടെ നെഞ്ചോളമുയര്‍ന്നു!
തൊടിയിലെ പൂവരശിന്റെ കവുളിയിലെ കൂട്ടില്‍ നിന്നും ഒരു കിളിമുട്ട താഴെ വീണുടഞ്ഞു ചിന്തി!
കാലിന്റെ കിരുകിരുപ്പ് മാറി. കൈ വിരലുകള്‍ മൂന്നെണ്ണം മടക്കി രണ്ടെണ്ണം മായന്‍കുട്ടിയുടെ മര്‍മത്തിലാഴ്ന്നു.
അവന്റെ കണ്ണുകള്‍ തുറിച്ചുന്തി.
കടലില്‍ നിന്നും പാഞ്ഞെത്തിയ കാറ്റില്‍ ആറ്റുമ്പിയുടെ തട്ടം ഒരു വെന്നിക്കൊടി കണക്കെ പാറിപ്പറന്നു!
മുറ്റത്തെ പഞ്ചാരമണലിലേക്ക് മായന്‍കുട്ടി മലര്‍ന്നടിച്ചു വീണു. കണ്ണിനു മുന്നില്‍ മാനത്തെ കടലില്‍ വീണ വട്ടമൊത്ത മിനുസപ്പത്തിരിയായ ഖമര്‍..!
അതിനെ മറച്ചു കൊണ്ട്
ആറ്റുമ്പി
ദജ്ജാലോളം വലുപ്പത്തില്‍!
അവളുടെ വെളുത്തു ചുകന്ന കാലുകള്‍ മായന്‍കുട്ടീയുടെ നെഞ്ചില്‍ 'ജബല്‍ ഖുബൈസോ'ളം കനത്തില്‍!, അവളുടെ മുരളിച്ച ഈറ്റുപുലിയുടെ വീറില്‍..!
മായന്‍കുട്ടി ഏഴ് ദുനിയാവും, ആഖിറവും കണ്ടു ബോധമറ്റു.
മുസ്‌ലിയാരങ്ങാടിയിലെ പള്ളിയില്‍ മുഅദ്ദിന്‍ മുരടനക്കി.
സുബ്ഹി ബാങ്ക് കൊടുത്തു.
കിഴക്ക് ശംസുദിച്ചു.
ആറ്റുമ്പിയുടെ കണ്ണിലെ അഗ്‌നി കെട്ടു.
ആറ്റുമ്പി മരവാതില്‍ ഊക്കോടെ കൊട്ടിയടച്ചു.
ഇക്കാക്കമാരെ കെട്ടിപ്പിടിച്ചുറങ്ങുന്ന
കുഞ്ഞിമൊയ്തീന്റെ
നെറ്റിയില്‍ ചുണ്ടമര്‍ത്തി.
'പൂമോനെ.., അനക്ക് ഇഞ്ഞി ആറ്റുമ്പിയാണുമ്മ'
എന്ന് ഏങ്ങലടിച്ചു കരഞ്ഞു..
ഒരു കടലും ഇരമ്പിയിട്ടില്ല ആറ്റുമ്പിയുടെ ഖല്‍ബോളം, ഒരു കാറ്റും ചീറിയിട്ടില്ല ആറ്റുമ്പിയുടെ ഖല്‍ബിന്റെ പിടപ്പോളം..
ചിത്രീകരണം: ഷെമി
ഷബാന ബീഗം