മരിച്ചവരുടെ മുറി
| കഥ
മരിയ ബാഗെടുത്ത് കാറില്‍ വെച്ചു പിന്നെ യാത്ര തുടങ്ങി. എയര്‍പോര്‍ട്ടിലേക്ക് ഇനിയും ദൂരമുണ്ട്. ഡ്രൈവ് ചെയ്യുന്നതിനടയില്‍ അവള്‍ വീണ്ടും ആ ചോദ്യം തന്നോട് തന്നെ ചോദിച്ചു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം എന്തിനായിരിക്കും അവര്‍ ഇങ്ങനെ ഒരു എഴുത്ത് അയച്ചത്. കുട്ടികാലത്ത് ഒരിക്കല്‍ പോലും കാണാത്ത മുത്തശ്ശന്റെ വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ അമ്മ പറഞ്ഞ വാക്കുകള്‍ അവള്‍ ഓര്‍ത്തു.
'' മരിയ, അങ്ങോട്ട് പോണോ. നിന്റെ പപ്പ അവിടെയുള്ളതെല്ലാം ഉപേക്ഷിച്ചു ഇങ്ങോട്ട് വന്നതാണ്. നീണ്ട ഇരുപത് വര്‍ഷങ്ങള്‍. അതിനിടയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ടാവും. പോണോ മോളെ.''
മമ്മയുടെ ആകുലത ആ വാക്കുകളില്‍ മനസിലാവുന്നുണ്ടായിരുന്നു. പപ്പ പക്ഷെ ചിത്രത്തിലിരുന്ന് ചിരിച്ചു കൊണ്ട് സമ്മതം തന്നത് പോലെ അവള്‍ക്ക് തോന്നി. ഇനിയും കാത്തിരിക്കാന്‍ വയ്യ. പപ്പയുടെ മണ്ണിലേക്ക് പോവുക തന്നെ. അങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ കുറെ കാത്തിരിക്കേണ്ടി വന്നില്ല. അവളുടെ പിടിവാശികള്‍ നന്നായി അറിയാവുന്ന മമ്മപിന്തിരിപ്പിക്കാന്‍ നോക്കിയില്ല. പിന്നെ പെട്ടന്നായിരുന്നു കാര്യങ്ങള്‍ എല്ലാം നീക്കിയത്. ഫ്‌ളൈറ്റ് ടിക്കറ്റ്‌സ് എല്ലാം ശരിയായി. അമേരിക്കയില്‍ നിന്ന് കേരളത്തിലെ കൊച്ചു ഗ്രാമമായ ഇടുക്കിയിലേക്ക്.
രാജമല അതാണ് സ്ഥലം. എങ്ങനെ അവിടെ എത്തും എന്നായിരുന്നു അവളുടെ പരവേശം. ജനിച്ച ശേഷം ഒരിക്കല്‍ പോലും നാട്ടിലേക്ക് വന്നിട്ടില്ല അവള്‍. ആരെയും പരിചയമില്ല. അങ്ങനെയുള്ള ആളാണ് ഒറ്റക്ക് യാത്രക്ക് ഇറങ്ങി പുറപ്പെടാന്‍ തീരുമാനിച്ചിരിക്കുന്നത്. അവളുടെ സംശയങ്ങള്‍ക്ക് ഉത്തരം കൊടുക്കാനാവാതെ സിസിലി - അവളുടെ മമ്മ വലഞ്ഞു.
പപ്പയുടെ വീട് എവിടെയാണ്, അവിടെ ഇപ്പോള്‍ ആരൊക്കെയാണ് ഉള്ളത് എന്നിങ്ങനെ ഒരായിരം സംശയങ്ങള്‍ ആയിരുന്നു അവളുടെ മനസ്സില്‍. പഴയ ഒരു വിപ്ലവ പ്രണയകഥ അല്ലാതെ സിസിലിക്ക് പുതിയതായി ഒന്നും പറയാനില്ലായിരുന്നു. രാജമലയിലെ കീരിടം വെക്കാത്ത രാജാവായ കുര്യാക്കോസിന്റെ മകനായ വിക്ടര്‍ കുര്യാക്കോസ് പള്ളി വക നടത്തുന്ന അനാഥാലയത്തില്‍ എത്തിയ പുതിയ ടീച്ചറെ കണ്ടപ്പോള്‍ തോന്നിയ ഒരു ഇഷ്ടം. അത് പിന്നെ മാറ്റാനോ മറക്കാനോ പറ്റാതെ ആയപ്പോള്‍ വിക്ടര്‍ അവളെയും കൊണ്ട് രാജമല ഇറങ്ങി. ആ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒന്നും ഒരു വിഘാതമായി നിന്നില്ല. മകന്റെ തീരുമാനത്തിന് മുന്നില്‍ കുര്യാക്കോസ് ആവുന്നത് പോലെ എതിര്‍ത്തു. പക്ഷെ, വിക്ടറുടെ വാശി തന്നെ ജയിച്ചു. അവന്‍ സിസിലിയെയും കൊണ്ട് പറന്നു, അമേരിക്കയിലേക്ക്. ഇവിടെ കൂട് വെച്ച് കുടുംബമുണ്ടാക്കുമ്പോള്‍ ഒരിക്കല്‍ പോലും രാജമലയുടെ നിഴല്‍ പോലും അവിടെ വീഴാന്‍ വീക്ടര്‍ സമ്മതിച്ചില്ല. മരിയ അവളുടെ അച്ഛനെ പോലെയായിരുന്നു. വാശിക്കാരി, എന്തും നേടാന്‍ പ്രാപ്തിയുള്ളവള്‍. വിക്ടറുടെ പെണ്‍പതിപ്പ് ആണ് മരിയ. അതുകൊണ്ട് തന്നെ അവളുടെ തീരുമാനത്തിന് സിസിലി എതിര് നിന്നില്ല.
പുറകില്‍ വന്ന കാര്‍ ഒന്ന് ഹോണ്‍ അടിച്ചപ്പോള്‍ ആണ് മരിയ ഓര്‍മകളില്‍ നിന്ന് ഉണര്‍ന്നത്. പുറകില്‍ നിന്ന് കാറ് പെട്ടെന്ന് അവളെ മറികടന്ന് പോയി. ഒരു മിന്നായം പോലെ ഒരു മുഖം അവളുടെ കണ്ണില്‍ പതിഞ്ഞു. അപ്പൂപ്പന്‍ താടി പോലെ വെളുത്ത ഒരു അമ്മാമ്മ. സാധാരണ ആരെയും ശ്രദ്ധിക്കാത്തവളാണ്, പക്ഷേ, അവരില്‍ അവളുടെ കണ്ണുടക്കി.
' സുന്ദരി അമ്മാമ്മ'.
അവള്‍ മനസ്സില്‍ പറഞ്ഞു. കുറച്ചു മുന്നില്‍ പോയപ്പോള്‍ വീണ്ടും അതേ കാര്‍. അത് കുതിച്ചു പായുന്നു. അവള്‍ ഒരു മൂളിപാട്ടും പാടി വണ്ടി ഓടിച്ചു. കാര്‍ എയര്‍പോര്‍ട്ടിലെത്തി. അവിടെ പാര്‍ക്കിങ്ങില്‍ വണ്ടി ഏല്‍പ്പിച്ച് പുറത്ത് വരുമ്പോള്‍ അവള്‍ വീണ്ടും ആ കാര്‍ കണ്ടു. ചുവന്ന കാര്‍. അതില്‍ അപ്പോള്‍ ആ അമ്മാമ്മ ഉണ്ടായിരുന്നില്ല.
ഫ്‌ളൈറ്റ് കൃത്യസമയത്ത് തന്നെ ടേക്ക് ഓഫ് ചെയ്തു. യാത്രയിലുടനീളം അവളുടെ മനസ്സില്‍ രാജഗിരി മാത്രമായിരുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ അവള്‍ക്ക് ഒരു ഊഹം പോലുമുണ്ടായിരുന്നില്ല. ഇടുക്കിയിലെ രാജഗിരിയില്‍ എത്താനായി എന്ത് ചെയ്യണമെന്ന്. അവിടെയുള്ള ടാക്‌സി സ്റ്റാന്‍ഡില്‍ നിന്ന് ടാക്‌സി പിടിച്ചു അറുപത്തിയേഴ് കിലോമീറ്റര്‍ ദൂരമുള്ള ഇടുക്കിയിലേക്ക് യാത്ര പുറപ്പെട്ടു. കുറച്ചു ദൂരം ചെന്നപ്പോള്‍ അവള്‍ പതുക്കെ ഉറക്കത്തില്‍ വഴുതി വീണു. ഉറക്കത്തില്‍ അവളൊരു ഉദ്യാനത്തില്‍ ഇരിക്കുന്നതായി സ്വപ്നം കണ്ടു. അവിടെ ആരുമില്ലായിരുന്നു. ആ ഉദ്യാനത്തിന്റെ മനോഹാരിത കണ്ട് അതില്‍ മയങ്ങി അവള്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് എന്തോ ശബ്ദം അവള്‍ കേട്ടു, ആരോ അവളെ വിളിക്കുന്നത് പോലെ അനുഭവപ്പെട്ടു. അവള്‍ കാതോര്‍ത്തു. അതെ ആരോ വിളിക്കുന്നുണ്ട്. ഉറക്കത്തില്‍ നിന്ന് അവള്‍ പെട്ടെന്ന് കണ്ണ് തുറന്നു. വിജനമായ സ്ഥലത്തിലൂടെ വണ്ടി പോയ്കൊണ്ടിരിക്കുകയാണ്. ഡ്രൈവര്‍ തന്റെ ജോലി ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. കുറച്ചു മുന്നിലായി ആരോ നില്‍ക്കുന്നത് അവള്‍ കണ്ടു. ഡ്രൈവര്‍ വണ്ടിയുടെ ഗതി കുറച്ചു.
വിജനമായ വഴിയില്‍ ആരാണ് ഈ അസമയത്ത്!
ഡ്രൈവര്‍ സംശയത്തോടെ വണ്ടി മുന്നോട്ട് എടുത്തു. കാര്‍ അടുത്തെത്തിയാപ്പോള്‍ അവള്‍ വ്യക്തമായി കണ്ടു. വെളുത്ത ചട്ടയും മുണ്ടും ഉടുത്ത അപ്പൂപ്പന്‍ താടി പോലെ വെളുത്ത തലമുടിയുള്ള അമ്മാമ്മ. അവര്‍ കാര്‍ നിര്‍ത്താനായി കൈ കാണിക്കുകയാണ്.
' വണ്ടി നിര്‍ത്തു' അവള്‍ ഡ്രൈവറോട് പറഞ്ഞു.
കാര്‍ അമ്മാമ്മയുടെ അടുത്ത് വന്ന് നിന്നു.
അവര്‍ ഉള്ളിലേക്ക് തലയിട്ട് നോക്കി,
പിന്നെ പറഞ്ഞു:
'മോളെ, എന്നെ രാജഗിരിയില്‍ ഒന്ന് ഇറക്കാവോ? വണ്ടി വഴിയില്‍ കേട് വന്നു'
'അമ്മാമ്മ വരു. ഞാനും അങ്ങോട്ടേക്കാ'
അമ്മാമ്മ വേഗം അവളുടെ അടുത്ത് കയറി ഇരുന്നു. പിന്നെ കാറിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
'എടാ ഇട്ടി നീ വണ്ടി നേരെയാക്കിയിട്ട് നേരെ രാജഗിരിയിലേക്ക് പോരെ ട്ടോ. '
ആ അരണ്ട വെട്ടത്തിലും ആ ചുവന്ന കാറില്‍ നിന്നും ഒരു മനുഷ്യന്‍ അമ്മാമ്മയെ നോക്കി തലയാട്ടി.
അമ്മാമ്മ വന്നതോടെ യാത്രയുടെ മുഷിച്ചില്‍ ഇല്ലാതെയായി. അവര്‍ രാജഗിരിയിലെ ആദ്യകുടിയേറ്റക്കാരില്‍ ഒരാളായിരുന്നു. അവര്‍ രാജഗിരിയുടെ കഥകളുടെ കെട്ടഴിച്ചു.
അവള്‍ അത് വളരെയധികം താല്‍പര്യത്തോടെ കേട്ടിരുന്നു.
തന്റെ പപ്പായുടെ കുടുംബത്തെ പറ്റി ചോദിക്കാന്‍ അവര്‍ തുനിഞ്ഞു. പിന്നെ വേണ്ട എന്ന് വെച്ചു. എന്തായാലും നേരിട്ട് കാണാന്‍ അല്ലെ പോകുന്നത്. ഇനി തിരിച്ചറിയാന്‍ നില്‍കുന്നില്ല എന്നവള്‍ തീരുമാനിച്ചു.
അപ്പോഴാണ് അവളുടെ മനസ് അറിഞ്ഞപോലെ അമ്മാമ്മ ചോദിച്ചത്,
'മോള്‍ എങ്ങോട്ടേക്കാണ്? '
'ഞാന്‍ മേലെപാടത്ത് വീട്ടിലേക്കാണ്.'
' മ്മ്മ്.. അവര്‍ നീട്ടി മൂളി. അവിടെ ചെല്ലുമ്പോള്‍ സൂക്ഷിക്കണം. ഒരുപാട് ആള്‍ക്കാര്‍ അവിടെ ഉണ്ട് ഇപ്പോള്‍. മോള്‍ അവിടെ എത്തിയാല്‍ അന്നമ്മ കൊച്ചമ്മയുടെ മുറിയില്‍ പോയി ദാ ഇത് കൊടുക്കണം '
അവര്‍ അത് പറഞ്ഞു ഒരു കവര്‍ അവള്‍ക്ക് കൊടുത്തു. വൃത്തിയായി മടക്കിയ ഒരു പേപ്പര്‍ ആയിരുന്നു അതില്‍. മരിയ അതെടുത്ത് ബാഗില്‍ വെച്ചു. പിന്നെയും നീണ്ടു കിടക്കുന്ന വഴിയാത്രയില്‍ വീണ്ടും അവരുടെ വാക്കുകളില്‍ രാജഗിരിയും അവിടുള്ള മനുഷ്യരും നിറഞ്ഞു നിന്നു. കണ്ടിട്ടില്ലെങ്കിലും അവള്‍ക്ക് ഇപ്പോള്‍ രാജഗിരിയിലെ ഒരുപാട് കഥകള്‍ അറിയാമായിരുന്നു.
' അമ്മാമ്മയെ കൂട്ട് കിട്ടിയത് നന്നായി. അല്ലെങ്കില്‍ ഞാന്‍ ബോറടിച്ചു ചത്തേനെ. ഇപ്പോള്‍ രാജഗിരി എനിക്ക് നന്നായി അറിയാം.. '
' എനിക്ക് വരാതിരിക്കാന്‍ ആവില്ലല്ലോ. മോളെ നിനക്ക് എല്ലാം പറഞ്ഞു തരേണ്ടെ? '
അവളെ വാത്സല്യത്തോടെ നോക്കി അവര്‍ അവളുടെ തലയില്‍ തലോടി.
' വിക്ടറിന്റെ അതെ നിറം. അതേ മുഖം. സ്വഭാവവും അത് തന്നെ. അല്ലെങ്കില്‍ നീ ഒറ്റക്ക് അവിടുന്ന് പുറപ്പെട്ട് ഇങ്ങോട്ട് വരില്ലല്ലോ '
' അമ്മാമ്മയ്ക്ക് എന്റെ പപ്പായെ അറിയാമായിരുന്നോ? '
' മോളെ, അറിയാമായിരുന്നോ എന്നോ, എന്നെ പോലെ അവനെ അറിഞ്ഞവര്‍ ആരുമുണ്ടാവില്ല. നിന്റെ അമ്മയായ സിസിലി പോലും പിന്നെയാ അവനെ അറിഞ്ഞത്. പിന്നെയാ.. ' അവര്‍ അതും പറഞ്ഞു പൊട്ടിച്ചിരിച്ചു. പിന്നെ എന്തോ ആ സംഭാഷണം അവിടെ നിലച്ചു. കുറച്ചു മുന്നോട്ട് പോയതും ഒരു വളവില്‍ കാര്‍ നിര്‍ത്താന്‍ അമ്മാമ്മ പറഞ്ഞു അവിടെ അവര്‍ ഇറങ്ങി.
' മോളെ അമ്മാമ്മ ഇറങ്ങുകയാ. ആ കടലാസ് കളയാതെ സൂക്ഷിക്കണേ '
' അമ്മാമ്മ എങ്ങനെ പോകും ഞാന്‍ വീട്ടില്‍ കൊണ്ട് പോകാം '
' ദാ, ഇട്ടി കാറുമായി വന്നിട്ടുണ്ട ്'
അവര്‍ കൈചൂണ്ടിയ ഭാഗത്തു അവള്‍ നോക്കിയപ്പോള്‍ ആ ചുവന്ന കാര്‍ അവിടെ കിടപ്പുണ്ടായിരുന്നു. അത്ര നേരം അത് അവിടെ ഉണ്ടായിരുന്നോ എന്നവള്‍ക്ക് സംശയമായി. അവള്‍ അത് ശ്രദ്ധിച്ചുമില്ല.
വണ്ടി നീങ്ങുമ്പോള്‍ അവര്‍ പറഞ്ഞു,
' അടുത്ത വളവിലാണ് മേലേപ്പാടത്ത് തറവാട്. അവിടെയാണ് നിനക്ക് പോകേണ്ടത് '
അതും പറഞ്ഞു അവര്‍ തിരഞ്ഞു നടന്നു.
ഒരു നന്ദി വാക്കു പോലും പറയാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി. അതിശയം തന്നെ അമ്മാമ്മയും കാറും ഇട്ടിയും അപ്രത്യക്ഷമായിരിക്കുന്നു. ഇത്ര പെട്ടെന്ന് അവര്‍ പോയോ. അവള്‍ അതിശയപ്പെട്ടു.
അമ്മാമ്മ പറഞ്ഞപോലെ തന്നെ അടുത്ത വളവ് കഴിഞ്ഞപ്പോഴ് ഒരു കൂറ്റന്‍ ബംഗ്ലാവിന്റെ പടി കാണുവാന്‍ തുടങ്ങി. രണ്ട് സിംഹങ്ങള്‍ ഉള്ള മനോഹരമായ പടി. ഉള്ളിലേക്ക് കടക്കും തോറും ആ ബംഗ്ലാവിന്റെ വലിപ്പം കണ്ടു അവള്‍ അതിശയപ്പെട്ടു.
' ഇതാണോ പപ്പായുടെ വീട് '
കാറില്‍ നിന്ന് ഇറങ്ങി അവള്‍ ബംഗ്ലാവിലേക്ക് കയറി തുടങ്ങി. ഉള്ളില്‍ നിന്ന് ആരോ വന്ന് നോക്കിയിട്ട് ഉള്ളിലേക്ക് പോയി. അവള്‍ പടിക്കെട്ടുകള്‍ കയറി ഉള്ളിലേക്ക് പോയി. അവിടെ മുന്‍വശത്തെ മുറിയില്‍ ബന്ധുക്കള്‍ കൂടിയിരുന്നു പ്രാര്‍ത്ഥനായോഗമായിരുന്നു. വികാരിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ത്ഥന യോഗം കഴിഞ്ഞ് എല്ലാവരും എന്തോ ഗൗരവമേറിയ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. അവിടെക്കാണ് മരിയ കടന്നു ചെന്നത്. ഏവരും ചോദ്യഭാവത്തില്‍ അവളെ നോക്കിയപ്പോള്‍ അവരുടെ കുടുംബ വക്കീലായ വര്‍ക്കിച്ചന്‍ മുന്നോട്ട് വന്ന് അവളെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി.
' മരിയ, വിക്റ്ററിന്റെ മകള്‍ ' ആ ഒരു പേര് തന്നെ ധാരാളമായിരുന്നു അവര്‍ക്ക്. അസുഖകരമായ എന്തോ കേട്ട ഭാവമായിരുന്നു അവര്‍ക്ക്. ചിലര്‍ അവളെ പരിചയപ്പെടാന്‍ മുന്നോട്ട് വന്നു. ആ സഭ പെട്ടെന്ന് തന്നെ പിരിഞ്ഞു. എല്ലാവരും അവിടെ നിന്നു പോയി. പള്ളീലച്ചന്‍ അവളോട് വൈകുന്നേരം പള്ളി വരെ ചെല്ലാന്‍ പറഞ്ഞു യാത്രയായി.
ആ കൂറ്റന്‍ ബംഗ്ലാവില്‍ അവള്‍ ഒറ്റക്ക്യായി. മുന്നിലെ മുറിയില്‍ നിന്ന് ഉള്ളിലേക്ക് കടക്കുമ്പോള്‍ അന്ന വന്നു അവളോട് കഴിക്കാന്‍ എന്താണ് വേണ്ടത് എന്ന് ചോദിച്ചു. അവിടെയുള്ള സഹായിയായിരുന്നു അന്ന. പിന്നെയും കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ നിന്ന അവളോട് അന്ന പള്ളിയിലേക്ക് പോകാന്‍ പറഞ്ഞു.
' അന്ന, അമ്മാമ്മ എവിടെ എനിക്ക് അമ്മാമ്മയെ കാണണം '
' കൊച്ച് ഒന്നും അറിഞ്ഞില്ലേ അപ്പോള്‍. കൊച്ചു വരുന്നു എന്ന് പറഞ്ഞു എന്നാ സന്തോഷമായിരുന്നു കൊച്ചമ്മയ്ക്ക്, പിന്നെ എല്ലാം മാറി മറിഞ്ഞു ' അന്ന പറഞ്ഞു നിര്‍ത്തി.
' എന്താ അന്നാമ്മേ? തെളിച്ചു പറയൂ '
' പള്ളിയില്‍ പോയേച്ചും വരാം, അവിടെ അമ്മാമ്മ കൊച്ചിനെയും കാത്തിരിക്കുന്നുണ്ട്. വാ.. '
അവള്‍ അന്നാമ്മയോടും വക്കീലിനും കൂടെ പള്ളിയിലേക്ക് പോയി. പള്ളിയില്‍ എത്തിയപ്പോള്‍ അച്ഛന്‍ അവരെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ നേരെ സെമിത്തേരിയിലേക്ക് അവളെ കൊണ്ട് പോയി. അവിടെ ഒരു പുതിയ കല്ലറ പണിതിരുന്നു. സോഫിയ കുര്യാക്കോസ്, അവിടെ അവരുടെ ഒരു പടവും ഉണ്ടായിരുന്നു.
അതിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ അവള്‍ അമ്പരന്നു ഇത്. അമ്മാമ്മയല്ലേ. തന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്ന അമ്മാമ്മ. മരിയക്ക് തല ചുറ്റുന്നത് പോലെ തോന്നി. ഇത് എപ്പോഴാണ് സംഭവിച്ചത്. അവള്‍ മെല്ലെ ചോദിച്ചു.
' ഇന്നേക്ക് നാല്പത് ദിവസമായി. ടൗണില്‍ പോയി വരികയായിരുന്നു. കൊച്ചമ്മയും ഡ്രൈവര്‍ ഇട്ടിയും കാര്‍ സഹിതം താഴേക്ക് വീണു. രണ്ട് ദിവസം കഴിഞ്ഞാണ് ബോഡി കിട്ടിയത്. മലഞ്ചരിവല്ലെ അപകടങ്ങള്‍ സാധാരണമാണ്. പക്ഷെ, അവരുടെ മരണത്തിനോടൊപ്പം പുതിയ വില്‍പത്രവും കാണാതെയായി. അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. ഈ ബന്ധുക്കള്‍ ഇപ്പോള്‍ വരുന്നത് അതിനു വേണ്ടിയാണ് ' വക്കീല്‍ പറഞ്ഞു.
അവള്‍ക്ക് പെട്ടന്ന് എന്തോ ഓര്‍മ വന്നു.
' അങ്കിള്‍ നമുക്ക് എത്രയും വേഗം വീട്ടിലേക്ക് പോകാം. അത് എന്റെ കയ്യിലുണ്ട് എന്ന് തോന്നുന്നു '
അവര്‍ വേഗം ബംഗ്ലാവ് എത്തി. അവളുടെ ബാഗില്‍ നിന്ന് മരിയ ആ കവര്‍ എടുത്തു. അത് അവള്‍ വക്കീലിന് നേരെ നീട്ടി. വക്കീല്‍ അത് തുറന്നു നോക്കി. അത് ആ വില്‍പത്രമായിരുന്നു. വക്കീല്‍ അത് തുറന്നു നോക്കി. അതെ, അത് വില്‍പത്രമാണ്. തന്റെ എല്ലാ സ്വത്തുക്കളും തന്റെ പേരക്കുട്ടിയായ മരിയയുടെ പേരിലേക്ക് മാറ്റിയിരിക്കുന്ന രേഖയായിരുന്നു അത്. അത്ഭുത സ്ഥബ്ദനായി നില്‍ക്കുന്ന വക്കീലിനെ മറികടന്നു അവള്‍ ഉള്ളിലെ സോഫിയ അമ്മാമ്മയുടെ മുറിയിലേക്ക് നടന്നു. അപ്പോള്‍ അവിടെ ആ വലിയ മുറിയില്‍ ഛായചിത്രത്തില്‍ തന്നെ നോക്കി പുഞ്ചിരി തൂകുന്ന അമ്മാമ്മ യെ മരിയ കണ്ണുനീരോടെ നോക്കി.