കാകപ്പോ
| കഥ
'എന്റെ ഭാര്യ, അവളൊരു പാവമാണ്..' അയാള്‍ പറഞ്ഞു.
അവള്‍ക്ക് ഒന്നും തോന്നിയില്ല. തിരിച്ചു നടന്നു.
അയാള്‍ മറുപടി പ്രതീക്ഷിച്ചിരുന്നു. ഒന്ന് തിരിഞ്ഞു നിന്നു.
'ഞാനും പാവമായിരുന്നു'
എന്തോ പറയാന്‍ ശ്രമിക്കുന്ന അയാളുടെ മുഖം ദൂരെ മറയുന്നു.
പിന്നെ തിരിഞ്ഞു നോക്കിയില്ല, അവള്‍ നടന്നു നീങ്ങി.
***
കായല്‍ കാറ്റിന്റെ തണുപ്പില്‍ ചെമ്മീന്‍ മണം പരന്നു കിടന്നു. എന്തൊക്കെയോ ഓര്‍മകള്‍. വഞ്ചനയുടെ, സ്‌നേഹത്തിന്റെ, വേദനകളുടെ ഓര്‍മകളിങ്ങനെ നുരഞ്ഞുപൊന്തുകയാണ്. കുഞ്ഞുങ്ങള്‍ മുന്നേ നടന്നു. അവള്‍ പിന്നിലായും. കുഞ്ഞുങ്ങള്‍ക്ക് ഒന്നും ഓര്‍മിക്കേണ്ടതില്ല. ഇടക്ക് ഇളയകുഞ്ഞ് പിന്നിലേക്ക് തിരിഞ്ഞു നിന്നു പറഞ്ഞു.
'അമ്മേ ഐസ്‌ക്രീം '
അവള്‍ മൂന്നോ നാലോ വട്ടം അതാവര്‍ത്തിച്ചിരുന്നു. ഏതോ കടയുടെ മുന്നില്‍ കയറി കുഞ്ഞുങ്ങള്‍ക്ക് ഐസ്‌ക്രീം വാങ്ങി നല്‍കി. എല്ലാം യാന്ത്രികം പോലെയെന്ന് തോന്നിച്ചു. വേദനയിലും അധികം സ്വയം അനുഭവപ്പെട്ട പുച്ഛം അതായിരുന്നു അവളെ അലട്ടിയത്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍, അവള്‍ക്ക് അയാളെ അറിയാം. പീലിങ് ഷെഡിന്റെ ചെമ്മീന്‍ മണമുള്ള ഏതോ വൈകുന്നേരം. അയാളാണ് ആദ്യം സംസാരിച്ചത്.
'നിന്റെ വലിയ പൊട്ടുകള്‍ സുന്ദരമായിരിക്കുന്നു '
ഒന്ന് ചിരിക്കുക പോലും ചെയ്യാതെ ധൃതിയില്‍ ബാഗുമെടുത്തവള്‍ പുറത്തേക്ക് ഇറങ്ങി. പിറ്റേന്ന് പീലിങ് ഷെഡിലേക്ക് പോകുമ്പോള്‍ തീരെ ചെറിയ പൊട്ടിടാന്‍ അവള്‍ ശ്രദ്ധിച്ചിരുന്നു.
ജോലിക്കിടയിലെല്ലാം രണ്ട് കണ്ണുകള്‍ പരസ്പരം ഉടക്കികൊണ്ടേയിരുന്നു. അന്ന് വൈകിട്ടും അയാള്‍ സംസാരിച്ചു.
'ചെറിയ പൊട്ടിലും നീ സുന്ദരിയാണ്'
അവള്‍ക്ക് മറുപടി പറയാന്‍ തോന്നിയില്ല.
രാത്രിയില്‍ എന്തുകൊണ്ടോ അവള്‍ കണ്ണാടിക്ക് മുന്നില്‍ നിന്നു.
'സുന്ദരിയാണ്, ആ വലിയ കണ്ണുകള്‍ ഭംഗി കൂട്ടുന്നു '
വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ ഭര്‍ത്താവ് പറഞ്ഞതോര്‍ത്തു. എന്നോ എല്ലാം മാറി തുടങ്ങിയിരുന്നു. ഭര്‍ത്താവ് അവളെ ശ്രദ്ധിക്കാതെയായത് എന്നുമുതലാണ്. വഴക്കുകളും ബഹളങ്ങളും മാത്രം. അവള്‍ കണ്ണാടി നോക്കാതെയായിരുന്നു. രാത്രികളിലെ മര്‍ദനങ്ങളുടെ മുറിപ്പാടുകള്‍ ശരീരമാകെ കരിവാളിച്ചു കിടക്കുന്നു.
ഇളയകുഞ്ഞ് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോള്‍, വീണ്ടും വീശിയ കാറ്റ്. മടുപ്പിക്കുന്ന ചെമ്മീന്‍ മണം. അവള്‍ കുഞ്ഞിന്റെ കൈകളില്‍ മുറുക്കെ പിടിച്ചു. നോവുന്നത് പോലെ കുഞ്ഞ് കൈ പിന്നിലേക്ക് വലിച്ചു.
'നമുക്ക് വീട്ടില്‍ പോകാതെയിരുന്നൂടെ അമ്മേ? '
ചോദ്യം ചോദിക്കുമ്പോള്‍ പത്തുവയസ്സുള്ള പെണ്‍കുട്ടിയുടെ കണ്ണുകളില്‍, തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവളുടെ ദയനീയത.
അവള്‍ക്ക് മറുപടിയൊന്നുമുണ്ടായിരുന്നില്ല.
മകള്‍ വീണ്ടും തുടര്‍ന്നു.
'അച്ഛന്‍ അമ്മയെ ഉപദ്രവിക്കുന്നത് ഒഴിവാക്കാല്ലോ'
പാതയുടെ മറുവശത്ത് ഒരു ബലൂണ്‍ വില്‍പ്പനക്കാരന്‍ അലക്ഷ്യമായി നടന്നുപോയി. മകളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. പിന്നീട് അവളൊന്നും സംസാരിച്ചില്ല.
ഒരിക്കല്‍ അയാളും അവളും മാത്രമുള്ള ഒരു വൈകുന്നേരം.
നിങ്ങളെന്നെ സ്‌നേഹിക്കുന്നുണ്ടോ?
അവള്‍ ചോദിച്ചു.
അയാള്‍ ചിരിച്ചു.
'ചിരി മാത്രമോ'
അവള്‍ വീണ്ടും ചോദിച്ചു.
'സ്‌നേഹമില്ലാതെ പിന്നെ'
'ഒരിക്കല്‍ എന്റെ ഭര്‍ത്താവും എന്നെ സ്‌നേഹിച്ചിരുന്നു. അല്ലെങ്കില്‍ ഞാന്‍ അങ്ങനെ വിശ്വസിച്ചിരുന്നു. '
അയാള്‍ എന്തുകൊണ്ടോ ദേഷ്യപ്പെടുകയാണ് ചെയ്തത്. സ്‌നേഹത്തെ കീറിമുറിച്ചു പരിശോധിക്കരുതെന്ന് അയാള്‍ പറഞ്ഞു.
ഇന്ന് വീട് വിട്ടിറങ്ങുമ്പോള്‍ പഴയ തുണി സഞ്ചിയില്‍ എന്തോ തിരയുകയായിരുന്നു ഭര്‍ത്താവ്. അവള്‍ അനുവാദം ചോദിക്കാന്‍ നിന്നില്ല.
'വേശ്യ'
അയാള്‍ മുറുമുറുത്തു.
അവള്‍ മറുപടി പറയാന്‍ തുനിഞ്ഞില്ല. ഒരിക്കലുമത് ആദ്യത്തെ വിളിയായിരുന്നില്ല.
'മടങ്ങിവരണമെന്നില്ല'
അയാള്‍ സ്വല്പം ഉച്ചത്തില്‍ പറഞ്ഞു.
'ശ്രമിക്കാം'
മറുപടിയും പറഞ്ഞവള്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍, തുണി സഞ്ചി അയാള്‍ ചുമരിലേക്ക് എറിഞ്ഞു. എന്തെല്ലാമോ താഴേക്ക് പതിക്കുന്ന ശബ്ദം. അവള്‍ മകളുടെ കൈകളില്‍ പിടിച്ച് മുന്നോട്ട് നടന്നു. അയാളുടെ തെറി വിളികള്‍ ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു. ഒന്നും തോന്നിയിരുന്നില്ല. ജീവിതത്തിന്റെ മുഴുവന്‍ കയ്പ്പും കുടിച്ചു കഴിഞ്ഞതാണല്ലോ.
അതിനിടയില്‍ അവള്‍ക്കു നേരെ നീട്ടപ്പെട്ട പ്രണയത്തിന്റെ വീഞ്ഞിന് അതിമധുരം അനുഭവപ്പെട്ടിരുന്നു.
എത്ര പെട്ടെന്ന് എല്ലാം നഷ്ട്ടപ്പെട്ടു. ഒരു തീരുമാനത്തിലെത്താന്‍ അവള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. സ്‌നേഹത്തിന്റെ വാക്കുകളില്‍ വഞ്ചിക്കപ്പെടുമ്പോള്‍ മനുഷ്യരെല്ലാം ഇങ്ങനെ നിസഹായരായി പോകുമോ? ലോകം അവള്‍ക്ക് മുന്നില്‍ ശൂന്യമായത് പോലെ. എന്തിനാണ് മനുഷ്യര്‍ ഇങ്ങനെ സ്‌നേഹത്തിന് വേണ്ടി യാചിക്കപ്പെടുന്നത്. അവളുമൊരു യാചകയായിരിക്കുന്നു.
സന്ധ്യകളുടെ നിഴല്‍ പറ്റി അവള്‍ അയാള്‍ക്കൊപ്പം നടന്നിട്ടുണ്ട്. ഒരുപാട് സന്ധ്യകള്‍, പരസ്പരം പകര്‍ന്നു നല്‍കിയ വിയര്‍പ്പ് തുള്ളികള്‍. അനന്തമായ ഓര്‍മകള്‍ എല്ലാമവളെ പൊള്ളിക്കുന്നു.
'ഉപേക്ഷിച്ചു കളയുമോ?'
അവള്‍ ചോദിച്ചു
'നിന്റെ സ്‌നേഹം ഉപേക്ഷിച്ചു കളയുന്നത് എങ്ങനെയാണ്. ഈ ഒഴുക്ക് ശാന്തമാണ്'
എത്ര മനോഹരമായാണ് ജീവിതം അവളെ നോവിക്കുന്നത്. ഒഴുക്ക് നിലച്ചു തുടങ്ങുന്നു. തുടക്കം എങ്ങനെയായിരുന്നു. വല്ലപ്പോഴുമൊന്ന് മിണ്ടുക മാത്രമാണ് അവള്‍ ചെയ്തിരുന്നത്. സ്‌നേഹത്തോടെ പിന്തുടരുന്ന രണ്ട് കണ്ണുകള്‍, മധുരമായ കുശലന്വേഷണങ്ങള്‍. എന്നോ അവളും മാറി തുടങ്ങുകയായിരുന്നു.
'വിവാഹിതയായ ഒരു സ്ത്രീ പ്രേമത്തില്‍ അകപ്പെടുകയാണ്.
അതൊരു പാപമല്ലെ'
'വിവാഹിതനായ പുരുഷനോ?
സ്‌നേഹം എങ്ങനെ പാപമാകും'
അയാള്‍ ചോദിച്ചു.
'അങ്ങനെയാണെങ്കില്‍ രണ്ട് പാപികളുടെ ഹൃദയം ഒന്നായതാകും'
അവളും ചിരിച്ചു.
ചെമ്മീനിന്റെ പച്ചമണം, രണ്ട് ചിരികള്‍.
വഴി വക്കില്‍ തിരക്കുകള്‍ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. സായാഹ്ന നടത്തക്കാരുടെ വേഗതകളെ പിന്നിലാക്കി ലക്ഷ്യം തെറ്റിയൊഴുകുകയാണ്. ഭര്‍ത്താവിന്റെ അരികിലേക്കെന്ന് ഓര്‍ക്കുമ്പോള്‍ തികട്ടിവന്ന വേദനകള്‍ ഉള്ളിലിരുന്ന് മരിക്കുവെന്ന് കല്‍പിക്കുന്നു.
'മടുത്തു, മരിക്കുമെന്ന് തോന്നുന്നു' പറയുമ്പോള്‍ അവള്‍ അയാളുടെ തോളില്‍ തല ചായ്ച്ചു കിടന്നിരുന്നു.
'മരിക്കരുത് '
അയാള്‍ ഓര്‍മിപ്പിച്ചു.
'എങ്കില്‍ ഞാന്‍ ഇറങ്ങി വന്നോട്ടെ'
നിമിഷങ്ങള്‍ നിശബ്ദതയുടെ ആഴങ്ങളിലേക്ക് ഊര്‍ന്ന് പോയി.
'വന്നോട്ടെ'
'ഉം.. '
എന്തോ ഓര്‍ത്തിരുന്നുകൊണ്ട് അയാള്‍ മൂളി.
കുഞ്ഞുങ്ങളുമൊത്ത് ഇറങ്ങുമ്പോള്‍ അയാളെ വിളിച്ചിരുന്നു.
'വന്നോട്ടെ'
'വരു, എനിക്ക് സംസാരിക്കണം'
ദീര്‍ഘസംഭാഷണങ്ങള്‍ ഇല്ലാതെ അവര്‍ക്കിടയില്‍ വാക്കുകള്‍ ചുരുങ്ങി പോകുന്നത് അവള്‍ അറിഞ്ഞിരുന്നു.
അന്നാദ്യമായാണ് കുറ്റബോധത്തോടെ അയാളുടെ മിഴികള്‍ താഴുന്നതും ശബ്ദം ഇടറിയതും.
'ഞാന്‍ എന്റെ കുടുംബം ഉപേക്ഷിച്ചാല്‍'
അയാള്‍ മുഴുവിപ്പിച്ചില്ല.
'ഒരിക്കലും അങ്ങനെയല്ല, ആരുമറിയാതെ ഒരിടം. എപ്പോഴെങ്കിലുമൊക്കെ. വല്ലപ്പോഴും കൂടെയുണ്ടെന്നുള്ള വാക്കോടു കൂടി അരികില്‍ '
യാചനയുടെ മുഴുവന്‍ ഭാവവും അവളില്‍ നിറഞ്ഞു നിന്നു.
'എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല'
അയാളുടെ കണ്ണുകള്‍ അലക്ഷ്യമായി സഞ്ചാരിച്ചു.
'എന്റെ ഭാര്യ അവള്‍ ഒരു പാവമാണ'
തിരക്കൊഴിഞ്ഞ കടല്‍ക്കര. മക്കള്‍ ഉത്സാഹത്തോടെ മണലില്‍ കളിക്കുന്നു. എങ്ങോട്ടാണ് ഈ യാത്ര, എപ്പോഴാണ് ഇതിനൊരു അന്ത്യം. അയാള്‍ പറഞ്ഞത് സത്യമാണെന്ന് അവള്‍ക്കറിയാം. അയാളുടെ അലക്കി തേച്ച വസ്ത്രവും ഉച്ചയൂണിലെ വിഭവങ്ങളുമൊക്കെ ഭാര്യയുടെ സ്‌നേഹമാണ്.
മുഴുവന്‍ തെറ്റും തന്നിലാണെന്ന് അവള്‍ക്ക് തോന്നി. ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയോട് തോന്നുന്ന സ്‌നേഹത്തെ അംഗീകരിക്കുമോ? ഒരിക്കലുമില്ല. ഹൃദയം തകരുന്ന വേദന നല്‍കുമത്.
അവളുടെ ഭര്‍ത്താവ് അവളുടെ ശരീരത്തെ നോവിക്കുന്നു. ഭര്‍ത്താവിനെ സ്‌നേഹിച്ച കാലമത്രയും ആ നോവിന്റെ വിങ്ങല്‍ മനസിന്റേത് കൂടിയായിരുന്നു. അതാവട്ടെ ഭ്രാന്തമായാണ് അവള്‍ അനുഭവിച്ചു തീര്‍ത്തത്. മറ്റൊരു സ്ത്രീയെ അങ്ങനെയൊരു വേദനയിലേക്ക് വലിച്ചിഴക്കാന്‍ നിസാരമായി സ്വയം ഇറങ്ങിതിരിച്ചതെന്തിന്?
ഉത്തരങ്ങളുടെ വികൃതമായ ഭാവങ്ങള്‍.
കത്തിതീരാറായ സിഗററ്റുകൊള്ളി ഭര്‍ത്താവ് അവളുടെ ഉള്ളം കയ്യിലേക്ക് അമര്‍ത്തി വച്ചു.
'പിഴച്ചവള്‍' അവളുടെ കണ്ണുകളില്‍ അയാള്‍ അറപ്പോടെ നോക്കി.
ആ വാക്കിന് അവളുടെ ഊഹങ്ങളേക്കാള്‍ വളര്‍ച്ചയുണ്ടായിരുന്നു.
മനോഹരമായ തീരം. കുഞ്ഞുങ്ങള്‍ തിരകളില്‍ കളിക്കുന്നു. വേറെയും കുഞ്ഞുങ്ങള്‍. അവള്‍ മക്കളെ നോക്കികൊണ്ട് അങ്ങനെ നിന്നു. സ്വസ്ഥമായ കടല്‍ക്കാറ്റ് ശാന്തമല്ലാത്ത മനസ്സിന്റെ കോണില്‍ എന്തിനെയൊ കാത്തിരിക്കുന്നു. മരണമാണോ. അങ്ങനെ നില്‍ക്കെ മരണത്തിന്റെ ഒരു നിഴല്‍ അരികിലേക്ക് എത്തിയെന്ന് അവള്‍ക്ക് തോന്നി. അവള്‍ താഴേക്കിരുന്നു. കുഞ്ഞുങ്ങള്‍ അവളെ നോക്കി. ഇളയ കുഞ്ഞൊന്ന് ചിരിച്ചു. ചിതറിപോയ ഭൂതകാലമൊരു ചിരിയില്‍ അപ്രത്യക്ഷിതമാകുന്നു. ആ ചിരി ഭാവിയുടെ പ്രതീക്ഷകളിലേക്കവളെ പിടിച്ചു കയറ്റുന്നു. അവള്‍ അങ്ങനെയെന്തോ ശുഭമായത് ഓര്‍ത്തിരുന്നു.
തിരയുടെയും കാറ്റിന്റെയും ശബ്ദത്തിനൊപ്പം അയാളുടെ കിതപ്പും അവളുടെ കാതുകളില്‍ വന്നു പതിച്ചു. അയാള്‍ ഓടി കിതച്ചുകൊണ്ട് അവള്‍ക്ക് അരികില്‍ വന്നിരുന്നു. ഓടിപിടച്ചു വന്നതിന്റെ ആലസ്യം പോലെ നിമിഷനേരങ്ങള്‍ ആ കണ്ണുകള്‍ കടലിലേക്ക് നോക്കിയിരുന്നു. അത്ഭുതത്തോടെ അവള്‍ അയാളെ നോക്കുകയായിരുന്നു.
'പേടിച്ചു പോയി'
'എന്തിന്..'
'അബദ്ധം പ്രവര്‍ത്തിക്കുമെന്ന്'
അവള്‍ മറുപടിയില്ലാതെ അലസമായി കുഞ്ഞുങ്ങളെ നോക്കി.
അയാള്‍ തുടര്‍ന്നു.
'ദേഷ്യമാണോ'
'ഒരിക്കലുമില്ല. '
'പിന്നെ'
'സ്‌നേഹമുണ്ടല്ലോ അത് മതി'
'സ്‌നേഹം മാത്രം'
'മതി'
'ഉപേക്ഷിച്ചു കളയാന്‍ വയ്യ. എനിക്കതിന് കഴിയുമെന്ന് തോന്നുന്നില്ല. എനിക്കൊപ്പം വരു, വഴികള്‍ തെളിയാതെയിരിക്കില്ല'
'വേണ്ട'
അയാള്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി. സങ്കടമോ സന്തോഷമോ ഇല്ലാതെ അവിടം ശൂന്യമായിരുന്നു.
'എനിക്ക് സ്‌നേഹം മാത്രം മതി, സ്‌നേഹം നിറച്ച ഓര്‍മകള്‍ മാത്രം. എന്നെ ആഗ്രഹിക്കുന്ന ഹൃദയം അതുണ്ടായാല്‍ മാത്രം'
അവ്യക്തമായതെന്തോ കേള്‍ക്കുന്നത് പോലെ അയാളിരുന്നു.
അവള്‍ എഴുന്നേറ്റ് നടക്കാന്‍ ഒരുങ്ങി.
അയാള്‍ അവളുടെ കൈകളെ അയാളിലേക്ക് ചേര്‍ത്ത് പിടിച്ചു.
'നിങ്ങളുടെ ഭാര്യ, അവളൊരു പാവമാണ്'
അവളുടെ ശബ്ദം ദൃഢമായിരുന്നു.
അയാളുടെ കൈകള്‍ അവളില്‍ നിന്നും താഴേക്ക് ഊര്‍ന്നുപോയി.
അവള്‍ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് നടന്നു. ഇരുട്ടില്‍ മറഞ്ഞു. കടല്‍ ഇപ്പോള്‍ ഒരുപാട് പിറകിലാണ്.