പ്രണയത്തിന്റെ നൂല്‍മഴ പെയ്ത്ത്; സ്വാതി ലക്ഷ്മിയുടെ 'അലകള്‍'
ഒറ്റ വായനയില്‍ പിടി തരുന്ന, നമുക്ക് നന്നായറിയുന്ന ജീവിത പരിസരങ്ങളില്‍ നിന്നു കണ്ടെടുത്തവ തന്നയാണ് കഥകളില്‍ പലതും. മുഷിയാതെ വായിക്കാനും ചിന്തിപ്പിക്കാനും പ്രേരിപ്പിക്കുന്ന ഒന്ന്. സ്വാതി ലക്ഷ്മിയുടെ 'അലകള്‍' കഥാ പുസ്തകം വായന.
സ്വാതി ലക്ഷ്മിയുടെ അലകള്‍ പേരു സൂചിപ്പിക്കും പോലെ അനുവാചക ഹൃദയങ്ങളില്‍ വികാരവിക്ഷോഭങ്ങളായ് അലയടിക്കുന്നു. സ്വാതി ലക്ഷ്മി കഥ പറയുമ്പോള്‍ കാല്‍പനികതയുടെ വസന്തം വിരിയുന്നുണ്ട്. പ്രണയത്തിന്റെ നൂല്‍മഴ പെയ്ത്തുണ്ട്. യാഥാര്‍ഥ്യത്തിന്റെ വെയിലുരുക്കങ്ങളുണ്ട്. അക്കരപ്പച്ചയുടെ പ്രതീക്ഷ കൈവിടാത്ത മണലാരണ്യങ്ങളുണ്ട്. ജീവിത പരിസരങ്ങളുടെ വാങ്മയ ചിത്രങ്ങള്‍ അനുവാചക ഹൃദയത്തില്‍ കോറിയിട്ടാണ് ഓരോ കഥയുടെയും താളുകള്‍ മറിയുന്നത്.
നമ്മുടെ ജീവിതത്തിനാകെ സൗരഭ്യം പകര്‍ന്ന് വിടര്‍ന്നു ചിരിക്കുന്ന വസന്തം പോലെയാണ് യഥാര്‍ഥ പ്രണയം. നഷ്ടപ്രണയത്തിന്റെ സുഖമുള്ള നോവ് പടര്‍ത്തിയ 'വീണ്ടും വസന്തം 'കാത്തിരിപ്പിന്റെ കഥ പറയുന്നു. നഷ്ടപ്പെടുമ്പോഴാണ് ഓരോന്നും നമുക്കെത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു എന്ന കണ്ടെത്തല്‍ - ഒരു നനവായ് കണ്‍കോണില്‍ പടരുന്നു. സുഖത്തിന്റെ താക്കോലുകള്‍ ചികയുന്ന 'സ്വര്‍ഗ്ഗം' ശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്നു. ഇരകളുടേതായി ഈ ലോകം മാറി കഴിഞ്ഞു, തിരിച്ചറിവ് നഷ്ടപ്പെടുമ്പോള്‍ പാപഭാരങ്ങള്‍ മരണമെന്ന മൂന്നക്ഷരത്തില്‍ തൂങ്ങിയാടേണ്ടിവരും.
പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹത്തിന് നേരെയുള്ള കാറിത്തുപ്പലാണ് 'കുഞ്ഞാറ്റ'. വിവേചന ബുദ്ധിയുറക്കാത്ത പ്രായത്തെ, പിഞ്ചു ശരീരങ്ങള്‍ക്ക് നേരെ നീളുന്ന വൈകൃതങ്ങളുടെ കൈ അറുത്തു മാറ്റാന്‍ തയ്യാറാവുന്ന കൗമാരം ഒരു ചോദ്യചിഹ്നമാവുന്നു.
ഒരിക്കല്‍ മാത്രം പൂത്ത് കൊഴിയുന്ന മുളകളാവുന്നു പല ദാമ്പത്യങ്ങളും. പ്രണയിക്കാന്‍ മറന്നു പോയവര്‍ക്ക് ഓര്‍മപ്പെടുത്തലാണ് പ്രണയമെന്ന കഥ. പ്രണയത്തേക്കാള്‍ മനോഹരമായ ചില ചേര്‍ത്തുപിടിക്കലുകള്‍ ദാമ്പത്യത്തില്‍ അനിവാര്യമെന്നു പറഞ്ഞു വെക്കുന്നു. എന്നാല്‍, കപടപ്രണയങ്ങള്‍ ജീവനെടുക്കുന്ന ആനുകാലിക സംഭവങ്ങളോട് ചേര്‍ത്തു വായിക്കാവുന്ന 'മടക്കം', സ്വത്വം തേടിയുള്ള സ്വസ്ഥതയിലേക്കുള്ള മടക്കമാണ്. നെഞ്ചുരുകിയൊലിച്ച് വരുന്ന ഒരു തുള്ളി കണ്ണീര്‍ മതി ജീവിതം പൊള്ളിക്കാന്‍.
ഓരോ മനുഷ്യനും ഒരു നിയോഗമുണ്ടെന്നും നാം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു കഥയിലെ വേഷങ്ങള്‍ കെട്ടിയാടുകയാണെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു 'നിയോഗം'. കനലെരിയുന്ന ജീവിതങ്ങളെ അണിനിരത്തുന്ന 'കനല്‍' മദ്യം മനുഷ്യ ജീവിതങ്ങള്‍ക്കുമേല്‍ പെയ്യുന്ന വിഷമഴയുടെ കഥ പറയുന്നു. അറ്റുപോകുന്ന ജീവിത ബന്ധങ്ങളുടെ ഉള്ളം പൊള്ളുന്ന നേര്‍ക്കാഴ്ച, അതിനോട് ചേര്‍ത്തു വായിക്കാവുന്ന ഒന്നാണ് 'ടീച്ചറമ്മ'. മയക്കുമരുന്നിന്റെ മായിക ലഹരിയില്‍ പുഴുക്കുത്തേല്‍ക്കുന്ന പുതുതലമുറ. ഇരയുടെ നിസ്സഹായത ഏറെ നോവിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹത്തിന് നേരെയുള്ള കാറിത്തുപ്പലാണ് 'കുഞ്ഞാറ്റ'. വിവേചന ബുദ്ധിയുറക്കാത്ത പ്രായത്തെ, പിഞ്ചു ശരീരങ്ങള്‍ക്ക് നേരെ നീളുന്ന വൈകൃതങ്ങളുടെ കൈ അറുത്തു മാറ്റാന്‍ തയ്യാറാവുന്ന കൗമാരം ഒരു ചോദ്യചിഹ്നമാവുന്നു. വീട്ടിടങ്ങളില്‍ പോലും സുരക്ഷിതത്വത്തിന്റെ പുതപ്പ് നഷ്ടപ്പെട്ട് ഇരുണ്ട മൂലകളില്‍ വിറച്ചു മരിക്കാന്‍ വിധിക്കപ്പെടുന്നവരോട് കഥാകാരിയുടെ മനോഭാവം സ്പഷ്ടമാണ്.
'ആമിക്കായ്' എന്ന കഥയില്‍ ആത്മബന്ധങ്ങളുടെ കഥ പറയുന്നതോടൊപ്പം ഒറ്റപ്പെടലിന്റെ പകര്‍ന്നാട്ടങ്ങളും അടയാളപ്പെടുന്നു. സ്ത്രീധനത്തിന്റെ പിന്നാമ്പുറ കഥ പറയുന്ന മംഗല്യം, പൊന്നിന്റെയും പണത്തിന്റെയും ചുമട്ടുകാരായ് തന്റെ പെണ്‍ മക്കളെ അയക്കുന്നവര്‍ക്കുള്ള താക്കീതാണ്. എത്ര കൊണ്ടാലും പഠിക്കാത്ത സമൂഹത്തെ വരച്ചിടുന്നുണ്ട് കഥാകാരി. പിന്നെയുമുണ്ട് വായന സുഖം പകരുന്ന പൊന്ന്, പ്രണയത്തിന്റെ പൂമരപ്പെയ്ത്തു പോലെ 'മഴ'. കാവ്യാത്മകമായ ഒരു പ്രണയ മഴ നനഞ്ഞ പ്രതീതി വായനക്കാരനു സമ്മാനിക്കുന്നു. സ്വാതിലക്ഷ്മിയുടെ കഥകള്‍ പെണ്‍മയുടെ കനലാട്ടങ്ങളാണ്. പ്രണയം എഴുതുമ്പോഴും മറ്റു വികാരങ്ങള്‍ പ്രതിഫലിപ്പിക്കുമ്പോഴും ശക്തമായ എഴുത്ത് രീതി കാണാന്‍ കഴിയും.
ഉന്മാദിയായ പ്രണയിനിയായും സര്‍വം സഹയായ അമ്മയായും ഉള്ളില്‍ നെരിപ്പോടെരിയുന്ന ഇരയായും ഒറ്റപ്പെടലിന്റെ തുഞ്ചത്തിരുന്ന് ഒറ്റക്ക് തുഴയുന്ന അച്ഛനായും ലോകത്തിന് മുഴുവന്‍ മാതൃകയായ ടീച്ചറമ്മയായും പകര്‍ന്നാടുന്ന ഒട്ടനവധി ജീവിത വേഷങ്ങളില്‍ സ്ത്രീത്വത്തിന്റെ നേരും നെറിയും വായിച്ചെടുക്കാം. ഒറ്റ വായനയില്‍ പിടി തരുന്ന നമുക്ക് നന്നായറിയുന്ന ജീവിത പരിസരങ്ങളില്‍ നിന്നു കണ്ടെടുത്തവ തന്നയാണിതില്‍ പലതും. മുഷിയാതെ വായിക്കാന്‍ ചിന്തിപ്പിക്കാന്‍ ഒക്കെ പ്രേരിപ്പിക്കുന്ന ഒന്ന്. അലകള്‍.. വായിച്ചു നിര്‍ത്തുമ്പോള്‍ തിരിച്ചറിയാനാകാത്ത ഒട്ടനവധി വികാരങ്ങള്‍ ഹൃദയത്തില്‍ അലയടിക്കുന്നു. ഇതൊന്നും വെറും കഥകളല്ല, ആരുടെയൊക്കെയോ പച്ചയായ ജീവിതങ്ങളാണ്. ചിലത് നിങ്ങളെ രസിപ്പിക്കും. ചിലത് പൊള്ളിക്കും. ഉറപ്പ്.