ഇറ്റാലിയന്‍ മാഫിയയും പിസയുടെ രുചിയും
സമകാല നോവല്‍ സാഹിത്യത്തിലെ പുതിയ വിഭാഗമായ ഫുഡ് ഫിക്ഷനില്‍ ഉള്‍പ്പെടുത്താവുന്ന ഈ കൃതി വായനയില്‍ രസാനുഭൂതി പകരുന്നു. | ഇരട്ടവര - ലില്ലി പ്രിയറിന്റെ 'ലാ കുസിനാ' നോവല്‍ വായന
എല്ലാ ചരിത്ര സംഭവങ്ങള്‍ക്കും പിന്നില്‍ രുചി വൈവിധ്യങ്ങളുടെ മറ്റൊരു ചരിത്രമുണ്ട് - ലില്ലി പ്രിയര്‍
രുചിയും പ്രണയവും ഒരുമിക്കുന്ന നോവലുകള്‍ ലോകസാഹിത്യത്തില്‍ അപൂര്‍വ്വതയല്ല. സമകാലിക നോവലെഴുത്തില്‍ ഫുഡ് ഫിക്ഷന്‍ എന്ന പേരില്‍ തന്നെ നോവലുകള്‍ ലോകത്തെമ്പാടും അച്ചടിക്കപ്പെടുന്നുണ്ട്. റൊമാന്‍സ്, ക്രൈം, ത്രില്ലര്‍, മിസ്റ്ററി എന്നിങ്ങനെ വിവിധ കാറ്റഗറികള്‍ പോലെ ഫുഡ് ഫിക്ഷനിലും ഇന്ന് മികച്ച നോവലുകള്‍ പിറവിയെടുക്കുന്നു.
ഇറ്റാലിയന്‍ ഭക്ഷണ വൈവിധ്യങ്ങളോടുള്ള തന്റെ ഇഷ്ടത്തില്‍ നിന്നാണ് ഇംഗ്ലീഷ് എഴുത്തുകാരിയായ ലില്ലി പ്രിയര്‍ (Lily Prior) തന്റെ ആദ്യ നോവലായ ലാ കുസിനാ (La Cucina) സൃഷ്ടിച്ചെടുത്തത്. തന്റെ ആദ്യ നോവലിനെക്കുറിച്ച് എഴുത്തുകാരി പറയുന്നത് ഇങ്ങനെയാണ്.
' റോസ എന്ന എന്റെ നായികയ്ക്ക് നോവലില്‍ ജീവിക്കാന്‍ കഴിയുന്ന സ്ഥലമായി ഇറ്റലിയിലെ സിസിലി ഞാന്‍ തിരഞ്ഞെടുക്കുകയായിരുന്നു. മെഡിറ്ററേനിയന്‍ സംസ്‌കാരത്തിന്റെ അടിത്തട്ടിലാണ് ഈ നോവല്‍ നില്‍ക്കുന്നത്. സൂര്യപ്രകാശം, നിറങ്ങള്‍, രുചി ഇവ എനിക്ക് നോവലിലേക്ക് വാതില്‍ തുറന്നു. ഈ ദ്വീപിന് അതിശയകരമായ ഒരു ഭക്ഷണ പാരമ്പര്യമുണ്ട്. അതോടൊപ്പം സിസിലിയന്‍ മാഫിയയും എന്നെ ആകര്‍ഷിച്ചു. ഈ ദ്വീപില്‍ എന്റെ നായിക സഞ്ചരിക്കുന്നതും പലര്‍മോ എന്ന നഗരത്തില്‍ അവള്‍ നേരിടുന്നതുമായ സംഭവങ്ങള്‍ എഴുതുന്നതിന് മുമ്പുതന്നെ എന്നെ ത്രില്ലടിപ്പിച്ചു. അങ്ങനെ ഈ നോവല്‍ സംഭവിച്ചു'
നഷ്ടപ്പെട്ട രുചികളില്‍ നിന്ന് പുതിയ രുചിക്കൂട്ടുകള്‍ റോസ കണ്ടെത്തുന്നതോടെ നോവല്‍ അവസാനിക്കുന്നു. സമകാല നോവല്‍ സാഹിത്യത്തിലെ പുതിയ വിഭാഗമായ ഫുഡ് ഫിക്ഷനില്‍ ഉള്‍പ്പെടുത്താവുന്ന ഈ കൃതി വായനയില്‍ രസാനുഭൂതി പകരുന്നു.
പതിവുപോലെ ഓണ്‍ലൈനില്‍ ഗാര്‍ഡിയന്‍ പത്രത്തിന്റെ ബുക്ക് റിവ്യു കോളത്തില്‍ കണ്ടിട്ടാണ് ലില്ലി പ്രിയറിന്റെ 'ലാ കുസിനാ' എന്ന നോവലിലേക്ക് ഞാന്‍ എത്തിയത്. റിവ്യു ചതിച്ചില്ല. ഇംഗ്ലീഷ് എഴുത്തുകാരി ഇറ്റാലിയന്‍ പാചകത്തിനും ഭക്ഷണ രീതികളും ഇഷ്ടപ്പെട്ട് എഴുതിയ നോവല്‍. ഇറ്റലിക്കാരുടെ സൃഷ്ടിയാണല്ലോ പിസ്സ. ഇറ്റാലിയന്‍ പിസ്സയും മാഫിയയുമൊക്കെ ഈ നോവലില്‍ കടന്നുവരുന്നു. രുചി, പ്രണയം, രതി ഇങ്ങനെ മനുഷ്യ ജീവിതത്തിന്റെ വൈകാരികതകളുടെ ഉത്സവമാണ് ഈ നോവല്‍.
കഥയിലേക്ക് വരാം. ഇറ്റലിയിലെ ഒരു ജന്മി കുടുംബത്തിലാണ് റോസ ഫിയോറിന്റെ ജനനം. സിസിലയിലെ വലിയ ധനികരാണ് വീട്ടുകാര്‍. ആജ്ഞാശക്തിയുള്ള അമ്മയും ശാന്ത സ്വഭാവിയായ അച്ഛനും അവളെ കുടുംബ അടുക്കളയിലാണ് വളര്‍ത്തിയത്. പതിറ്റാണ്ടുകളായി ഈ കുടുംബം ഒരു വലിയ തോട്ടത്തിലാണ് താമസിക്കുന്നത്. എസ്റ്റേറ്റിനു നടുവിലെ വലിയ വീട്ടില്‍ വിരുന്നുകള്‍ പതിവാണ്. ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും അതില്‍ പങ്കെടുക്കാറുണ്ട്.
കൗമാരപ്രായമെത്തിയതോടെ ഒരു മികച്ച പാചകക്കാരിയായി റോസ പേരെടുത്തു. അവളുടെ വിഭവങ്ങള്‍ നാട്ടില്‍ പാട്ടാണ്. ഒരിക്കല്‍ ആ രുചി ആസ്വദിച്ചവരുടെ നാവില്‍ വെള്ളമൂറും. അടുക്കളയില്‍ പാചക കലകളില്‍ ഏര്‍പ്പെടുന്നതില്‍ അവള്‍ സ്വയം സമര്‍പ്പിച്ചു. പഴങ്ങള്‍, ധാന്യങ്ങള്‍, വറുക്കലും പുഴുങ്ങലും ഉണക്കലും പാചകകലയില്‍ മറ്റാരും സഞ്ചരിക്കാത്ത പാതയിലൂടെ റോസ യാത്ര ചെയ്തു. ഓരോ വിഭവവും വാഴ്ത്തപ്പെട്ടു.
സിസിലിയിലെ കാസ്റ്റിഗ്ലിയോണ്‍ ഗ്രാമത്തിലാണ് റോസയുടെ കുടുംബം. ഇറ്റാലിയന്‍ മാഫിയയുടെ വേരുകള്‍ കുടുംബത്തിനുള്ളിലുമുണ്ട്. ആറ് സഹോദരന്മാരുടെ പുന്നാര പെങ്ങളാണ് റോസ. അതില്‍ രണ്ടു പേര്‍ ഇരട്ടകളാണ്. പാചക റാണിയായ റോസയെ ബാര്‍ത്തലോമിയോ എന്ന യുവാവ് പ്രണയിക്കുകയാണ്. സാമ്പത്തിക ശേഷി കുറഞ്ഞ വീട്ടിലെ യുവാവാണ് കാമുകന്‍. ഈ പ്രണയ രഹസ്യം വീട്ടില്‍ അറിയുന്നതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമാവുന്നു. ദുരൂഹ സാഹചര്യത്തില്‍ കാമുകനെ കാണാതാവുന്നു. ഒടുവില്‍ തന്റെ പ്രണയഭാജനം കൊല്ലപ്പെട്ടതായി റോസ മനസ്സിലാക്കുന്നു. പതിനെട്ടാമത്തെ വയസ്സില്‍ സ്വന്തം കാമുകന്‍ നഷ്ടപ്പെട്ട റോസ കടുത്ത ദുഃഖത്തിലേക്ക് നിപതിക്കുന്നു.
സ്വന്തം കുടുംബം നടത്തിയ ദുരഭിമാന കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഒടുവില്‍ അവള്‍ വീടുവിട്ടുപോവുകയാണ്. പാലര്‍മോ എന്ന നഗരത്തില്‍ ഒരു ലൈബ്രേറിയനായി ഏകാന്ത ജീവിതം നയിക്കുകയാണ് അവള്‍. എങ്കിലും ഇപ്പോഴും പലതരം രുചികള്‍ ഒരുക്കുന്നതില്‍ അവള്‍ സന്തോഷം കണ്ടെത്താറുണ്ട്. ആ വേദന മറക്കാന്‍ റോസ കുക്കിംഗിലേക്ക് ശ്രദ്ധ തിരിക്കുകയാണ്. ഏകാകിനിയായ അവള്‍, പകല്‍ ചന്തയില്‍ പോകും വേണ്ട സാധനങ്ങള്‍ വാങ്ങും. പിന്നെ പാചകമാണ്. ഭക്ഷണ പരീക്ഷണങ്ങളുടെ ഒരു ലാബ് തന്നെ റോസ സൃഷ്ടിയ്ക്കുന്നു. വിവിധ തരം സ്പാ ഹെട്ടികള്‍, പിസ്സകള്‍, വൈന്‍, കേക്ക് അങ്ങനെ രുചിയുടെ ലോകത്ത് വിഷാദത്തെ വേവിയ്ക്കുന്നു.
അങ്ങനെയിരിക്കെ ഇല്‍ഗ്ലീസ് എന്ന യുവാവായ കുക്കിനെ പരിചയപ്പെടുന്നതോടെ റോസയുടെ ജീവിതത്തിലെ രണ്ടാമത്തെ പ്രണയം സംഭവിക്കുന്നു. ഇറ്റാലിയന്‍ കുക്കിംഗില്‍ പ്രണയവും രതിയും മസാല ചേരുംപടി ചേരുന്നു. നഷ്ടപ്പെട്ട രുചികളില്‍ നിന്ന് പുതിയ രുചിക്കൂട്ടുകള്‍ റോസ കണ്ടെത്തുന്നതോടെ നോവല്‍ അവസാനിക്കുന്നു. സമകാല നോവല്‍ സാഹിത്യത്തിലെ പുതിയ വിഭാഗമായ ഫുഡ് ഫിക്ഷനില്‍ ഉള്‍പ്പെടുത്താവുന്ന ഈ കൃതി വായനയില്‍ രസാനുഭൂതി പകരുന്നു.