Quantcast
MediaOne Logo

ഉഷ സുധാകരന്‍

Published: 22 Jun 2024 7:37 AM GMT

സിനിമ കാണിച്ചുതന്ന നോവല്‍

കൃപ അമ്പാടിയുടെ '#മണ്‍പാവ @സിനിഫൈല്‍സ്' ബാലസാഹിത്യ നോവലിന്റെ വായന.

കൃപ അമ്പാടി, #മണ്‍പാവ @സിനിഫൈല്‍സ്, ഡി.സി ബുക്‌സ്,
X

'' ഞാന്‍ എന്റെ പിതായ്ക്ക് സന്തോഷം കൊടുക്കുന്നത് പോലെ നീ നിന്റെ അമ്മക്കും മാഹിക്കും സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യണം. ജീവിച്ചിരിക്കുന്നവര്‍ക്കൊപ്പം നമ്മളും നല്ലവരായി ജീവിക്കുക എന്നതിലാണ് കാര്യം. ബാലൂ...നിനക്ക് മനസ്സിലായോ'' ഇത് കൃപ അമ്പാടിയുടെ #മണ്‍പാവ @സിനിഫൈല്‍സ് എന്ന ബാലസാഹിത്യനോവലിലെ ജാന്‍വി ബാലുവിനോട് പറയുന്നതാണ്. വളര്‍ന്നു വരുന്ന ഓരോ കുട്ടിയും അറിഞ്ഞിരിക്കേണ്ടത്. കുട്ടികളറിഞ്ഞിരിക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ എഴുത്തുകാരി ചെയ്തുവച്ചിട്ടുണ്ട്. ബാലസാഹിത്യ നോവലാണെങ്കിലും വലിയവരോടുള്ള ഓര്‍മപ്പെടുത്തലുകളും ഉണ്ട്. അവയില്‍ പലതും അധ്യാപകര്‍ക്ക് നേരിട്ട് അനുഭവപ്പെടുന്നതാണ്.

നോവലിലെ ലതടീച്ചറെ പോലുള്ളവര്‍ പണ്ടുമുതലേ എല്ലാ സ്‌കൂളുകളിലും ഉണ്ടായിരുന്നെങ്കില്‍ എത്രയോ കുട്ടികള്‍ക്ക് അവരുടെ കഴിവ് പുറത്തെടുക്കാന്‍ പറ്റാതെ കരിഞ്ഞുണങ്ങേണ്ടി വരില്ലായിരുന്നു.

മിക്ക സ്‌കൂളുകളിലും കഴിവുള്ളവരെ മാത്രം പരിഗണിക്കുക, തെരഞ്ഞെടുക്കുക എന്ന എളുപ്പവഴി കാലങ്ങളായി ഉള്ളതാണ്. അതിന് വിരാമമിട്ടു നോവലിലെ ലത ടീച്ചര്‍. പശ്ചിമ ബംഗാളില്‍നിന്നും വന്ന് ബാലഭവനില്‍ താമസിക്കുന്ന ബാലുവിന്റെ കഴിവ് കണ്ടെടുത്ത് അവനെ ക്ലേ മോഡലിങ്ങ് മത്സരത്തിന് കൊണ്ടുപോവുന്നു അവര്‍. സ്‌കൂളിലെ ഹെഡ് ടീച്ചറെ അന്ധമായി അനുസരിക്കാതെ കഴിവുള്ള കുട്ടിയെ പങ്കെടുപ്പിക്കാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കേണ്ടതാണ്. നോവലിലെ ലതടീച്ചറെ പോലുള്ളവര്‍ പണ്ടുമുതലേ എല്ലാ സ്‌കൂളുകളിലും ഉണ്ടായിരുന്നെങ്കില്‍ എത്രയോ കുട്ടികള്‍ക്ക് അവരുടെ കഴിവ് പുറത്തെടുക്കാന്‍ പറ്റാതെ കരിഞ്ഞുണങ്ങേണ്ടി വരില്ലായിരുന്നു.

ഒരു പുസ്തകം വായിക്കുമ്പോള്‍ സിനിമയുംകൂടി കാണണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ കൃപ അമ്പാടിയുടെ #മണ്‍പാവ @സിനിഫൈല്‍സ് വായിച്ചാല്‍ മതി. പായിക്കര ജി.എച്ച്.എസ്സില്‍ ക്ലേമോഡലിങ്ങ് മത്സരത്തോടെയാണ് സിനിമയുടെ വെള്ളിവെളിച്ചം ഉയരുന്നത്. മത്സരാര്‍ഥി ബാലു കേരളത്തില്‍ അവന്റെ അമ്മയേയും അനിയത്തിയേയും അന്വേഷിക്കാനും ജോലി ചെയ്യാനുംവേണ്ടി പെരുമ്പാവൂര് വന്നതാണ്.

പാറപൊട്ടിക്കുന്ന ജോലിക്കിടെ അപകടത്തില്‍പ്പെട്ട് കിടപ്പിലായ ബാപ്പുവിനേയും അമ്മയേയും അനിയത്തി മാഹിയേയും സംരക്ഷിക്കുക എന്നത് കുട്ടിക്കാലത്തെ ബാലുവിന്റെ ചുമലില്‍വന്നു. ജന്മദേശമായ പശ്ചിമബംഗാള്‍ വിടേണ്ടി വരുന്നത്, പഠിക്കണമെന്നുള്ള അതിയായ ആഗ്രഹം, ജാന്‍വിയോടുള്ള സ്‌നേഹം എല്ലാം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച നോവല്‍ മുതിര്‍ന്നവര്‍ക്കും മികച്ച വായനാനുഭവം തരുന്നുണ്ട്.


കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ മറ്റുള്ള സംസ്ഥാനങ്ങളേക്കാള്‍ എത്രയോ മുന്നിലാണ് കേരളം. കേരളത്തിന് പുറത്ത് വര്‍ഷങ്ങളോളം താമസിച്ച ഞാന്‍ പുസ്തകത്തിലുള്ള ബാലുവിനെ, ബാലുവിന്റെ കുടുംബത്തെ ഒട്ടനവധി കണ്ടിട്ടുണ്ട്. മൂന്ന് മണിക്കൂര്‍ ഇരുന്നാലെ ഒരു സിനിമ കാണാന്‍ സാധിക്കു. ഈ പുസ്തകത്തിലൂടെ ഒന്നര മണിക്കൂര്‍ ഇരുന്നാല്‍ നല്ലൊരു സിനിമ, അതും പുതിയൊരു കഥ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇനി അന്തര്‍ സംസ്ഥാന തൊഴിലാളികളെ കാണുമ്പോള്‍ എന്റെ മനസ്സില്‍ ബാലുവും ബാലുവിന്റെ അമ്മയും മാഹിയും ജാന്‍വിയുമൊക്കെ വരും എന്നുറപ്പായി. ഇങ്ങനെയൊരു കഥ നമുക്ക് മുന്നില്‍വച്ച എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍. സമ്മാനങ്ങള്‍ എപ്പോഴും ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് ഈ പുസ്തകം സമ്മാനമായി കൊടുത്താല്‍ അവര്‍ക്കിഷ്ടപ്പെടുമെന്നത് ഉറപ്പാണ്. ഡി.സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

TAGS :