Quantcast
MediaOne Logo

ജേക്കബ് ഏബ്രഹാം

Published: 9 Sep 2024 11:50 AM GMT

നരകത്തിലെ പച്ചകുത്തുകാരന്‍

ഏതു തരം യുദ്ധമായാലും അത് മാനവികതയ്ക്ക് എതിര് നില്‍ക്കലാണെന്ന് ഈ നോവലിന്റെ വായന നമ്മെ പഠിപ്പിക്കുന്നു | ഇരട്ടവര - ഓസ്‌ട്രേലിയന്‍ എഴുത്തുകാരി ഹെഥര്‍ മോറിസിന്റെ 'ദ റ്റാറ്റുവിസ്റ്റ് അറ്റ് ദ ഓഷ്‌വിറ്റ്‌സ്' എന്ന നോവല്‍ വായന.

നരകത്തിലെ പച്ചകുത്തുകാരന്‍
X

ലോക മാനവചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതയുടെ മുഖം, ഓഷ്‌വിറ്റ്‌സ്. ലോക മഹായുദ്ധകാലങ്ങളില്‍ മാനവ സമൂഹം അനുഭവിച്ച ഇരുണ്ട ആ കാലഘട്ടത്തിന്റെ ഏറ്റവും നടുക്കുന്ന പേരാണ് ആ നരകക്കോട്ടയുടേത്. പച്ച മനുഷ്യന്‍ കത്തിയെരിയുന്ന ഗന്ധം വമിക്കുമിടം. കൈകുഞ്ഞുങ്ങള്‍, സ്ത്രീകള്‍, ഗര്‍ഭിണികള്‍, യുവാക്കള്‍, യുവതികള്‍, വൃദ്ധര്‍ ഭൂമിയില്‍ നരകം നേരിട്ടു കണ്ടവര്‍. അതെ

ജൂത സമൂഹത്തെ നാസികള്‍ കൊന്നൊടുക്കിയ ഓഷ്‌വിറ്റ്‌സ് എന്ന മരണക്കയത്തെക്കുറിച്ചു തന്നെയാണ് പറയുന്നത്. ഹിറ്റ്‌ലറിന്റെ നാസി ക്രൂരതയുടെ മനുഷ്യത്വരഹിതമായ ഭയാനകമുഖം ആ നരക തടവറകള്‍ വെളിപ്പെടുത്തി. ഓഷ്‌വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്നും ഞെട്ടിപ്പിക്കുന്ന കഥകള്‍ പലതും പുറംലോകത്തേക്ക് എത്തിത്തുടങ്ങിയത് അമ്പതുകളോടെ. ഇപ്പോള്‍ ഒരു വലിയ ലൈബ്രറിയില്‍ ശേഖരിക്കാന്‍ കഴിയും അത്ര വൈപുല്യമുണ്ട് ആ കദന കഥകള്‍ക്ക്.

ലോകസാഹിത്യത്തിലും ഓഷ്‌വിറ്റ്‌സ് അതിന്റെ ദുരന്ത കഥ അടയാളപ്പെടുത്തി. നാസി ഭീകരതയെ അതിജീവിച്ചവര്‍ എഴുതിയ നോവലുകളും കഥകളും അനുഭവങ്ങളും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചു. ഈ ഗണത്തില്‍ 2018 ല്‍ പുറത്തിറങ്ങിയ ഹെഥര്‍ മോറിസ് എന്ന ഓസ്‌ട്രേലിയന്‍ എഴുത്തുകാരിയുടെ 'ദ റ്റാറ്റുവിസ്റ്റ് അറ്റ് ദ ഓഷ്‌വിറ്റ്‌സ്' എന്ന നോവല്‍ സമീപകാല നോവല്‍ സാഹിത്യ ചരിത്രത്തില്‍ തരംഗമായി മാറി.

ഈ നോവലിനെക്കുറിച്ച് ദ ഗാര്‍ഡിയനില്‍ വായിച്ചപ്പോള്‍ മുതല്‍ ഈ കൃതി വായനയിലേക്ക് ഉള്‍ച്ചേര്‍ക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. ഒടുവില്‍ ക്രോസ് വേര്‍ഡില്‍ നിന്നും നോവല്‍ കയ്യിലെത്തി. നോവലിന്റെ വായന വേളയില്‍ ഹൃദയത്തെ തകര്‍ത്തു കളയുന്ന വ്യസനം മൂലം പലപ്പോഴും പുസ്തകമടച്ച് നിശബ്ദനായി ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഏതു തരം യുദ്ധമായാലും അത് മാനവികതയ്ക്ക് എതിര് നില്‍ക്കലാണെന്ന് ഈ നോവലിന്റെ വായന നമ്മെ പഠിപ്പിക്കുന്നു

നോവല്‍ പുറത്തിറങ്ങിയ ശേഷം ഈ കൃതി വളരെ വേഗം തന്നെ അന്താരാഷ്ട്ര പ്രശസ്തി നേടി. തിരക്കഥ രൂപത്തില്‍ നിന്നും നോവലിലേക്ക് എഴുത്തുകാരി ഈ രചനയെ പറിച്ചുനട്ടു. അതിനാല്‍ തന്നെ ആഖ്യാനത്തിന്റെ ദൃശ്യസ്വഭാവം വായനയെ ചടുലമാക്കുന്നു. അതാവാം ഈ കൃതി ഇത്ര ജനകീയമായത്.

ഓഷ്‌വിറ്റ്‌സിലേക്ക് സ്ലൊവാക്കിയയില്‍ നിന്നും ജര്‍മ്മന്‍ പട്ടാളം പിടിച്ചു കൊണ്ടുപോയ ലേല്‍ സോക്കോളോവ് എന്ന മനുഷ്യന്റെ യഥാര്‍ഥ ജീവിത കഥയാണ് ഈ നോവല്‍. ആ നരകക്കുഴിയില്‍ വീണ മനുഷ്യരെ നേരിട്ട് കണ്ട് എഴുതിയ നോവല്‍. നാസി ഭീകരതയെ അതിജീവിച്ച ലേല്‍ 2006 ല്‍ മരണമടഞ്ഞു. ആ ജീവിത കഥയാണ് ഫിക്ഷന്റെ ചായക്കൂട്ടുകളില്‍ ഹെഥര്‍ മോറിസ് പറയുന്നത്.


| ദ റ്റാറ്റുവിസ്റ്റ് അറ്റ് ദ ഓഷ്‌വിറ്റ്‌സ്' സിനിമയിലെ ദൃശ്യം.

1942 ലാണ് യുവാവായ ലേല്‍ തന്റെ സ്ലോവാക്യന്‍ ഗ്രാമത്തിലെ വീട്ടില്‍ നിന്നും തടവുകാരനായി പിടിക്കപ്പെടുന്നത്. മാതാവ്, സഹോദരിമാര്‍, സഹോദരന്‍, പിതാവ് എല്ലാവരോടും അയാള്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കുന്നു. കന്നുകാലികളെപ്പോലെ മനുഷ്യരെ അടുക്കി നിര്‍ത്തിയിരിക്കുന്ന ആ തീവണ്ടി മുറിയില്‍ യുവാവായ അയാള്‍ ഖിന്നനാണ്. കുതിച്ചും കിതച്ചും തീവണ്ടി ലക്ഷ്യസ്ഥാനത്തെത്തി. ഇരുട്ടായതിനാല്‍ പുറം കാഴ്ചകളൊന്നും ലേലിന് കാണാന്‍ കഴിഞ്ഞിരുന്നില്ല. സഹയാത്രികരായ തടവുകാര്‍ പിറുപിറുത്തും കരഞ്ഞും തങ്ങളുടെ വിധിയിലേക്ക് എന്നവണ്ണം വാഗണില്‍ കുത്തിയിരുന്നു. നാസി പട്ടാളം തീവണ്ടി മുറിയില്‍ കാവല്‍ നിന്നു.

ഒടുവില്‍ തടവുകാര്‍ തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തി. വിജന വനത്തിനുള്ളില്‍ ജയില്‍ പോലെയുള്ള രണ്ടു കൂറ്റന്‍ കെട്ടിടങ്ങള്‍. ഓഷ്വിറ്റ്‌സ്, ബിര്‍ക്കാനു എന്നീ ഇരുണ്ട എടുപ്പുകളിലേക്ക് ജൂത തടവുകാര്‍ ഓരോരുത്തരെയായി നാസി പട്ടാളം വരിയായ് നിര്‍ത്തി കൈയില്‍ പച്ചക്കുത്തി അകത്തേക്ക് കയറ്റുന്നു. നമ്പറുകളാണ് നല്‍കുന്നത്. ലേല്‍ പച്ചകുത്തുകാരനെ ശ്രദ്ധിച്ചു. അയാളുടെ മുഖത്ത് യാതൊരു ഭാവഭേദവുമില്ല. നീഡില്‍ കൊണ്ടാണ് നമ്പരിടുന്നത്. മുറിവേല്‍പ്പിച്ച് നിത്യനരകത്തിലേക്ക് പ്രവേശനം നല്‍കുന്നു.

തനിക്ക് അനുവദിച്ച സെല്ലില്‍ സഹതടവുകാര്‍ക്കൊപ്പം ലേല്‍ പുതിയ ജീവിതം ആരംഭിക്കുന്നു. സദാ സമയവും കാപോ എന്ന പേരില്‍ അറിയപ്പെടുന്ന നാസി പട്ടാളക്കാര്‍ കാവലുണ്ട്. തൊട്ടടുത്ത കെട്ടിടത്തിലാണ് പെണ്‍തടവുകാരെ പാര്‍പ്പിക്കുന്നത്. ഓരോ ദിവസവും നൂറുകണക്കിന് മനുഷ്യര്‍ ട്രക്കുകളില്‍ ക്യാമ്പിലെത്തും. അവരെ നമ്പരിട്ട് തടവിലാക്കും.

പട്ടാള ബാരക്കുകളിലെപ്പോലെ ഒരു കട്ടിലിന് മുകളില്‍ മറ്റൊന്ന് എന്ന മട്ടിലാണ് കിടപ്പ് രീതി. പുതപ്പോ, തലയിണയോ ഒന്നുമില്ല. പകരം കുറച്ച് വൈക്കോല്‍ വിതറിയിട്ടുണ്ട്. ഉറങ്ങാന്‍ ശരിക്കും കഴിയില്ല. സദാ ഒരു ദുര്‍ഗന്ധവും പുകയും കെട്ടിടങ്ങളെ ചൂഴ്ന്നു നില്‍ക്കുന്നു. ലേല്‍ അതീവ ദുഃഖത്തിലേക്ക് ആഴ്ന്നുപോവുന്നു. പകല്‍ പട്ടാളക്കാര്‍ പറയുന്ന ജോലിയാണ് തടവുകാര്‍ ചെയ്യേണ്ടത്. പുതിയ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അവിടെയാണ് പണി. ഒരു രാത്രി മൂത്ര ശങ്ക മാറ്റാനിറങ്ങിയ ലേല്‍ ഇരുട്ടില്‍ കുറെ മനുഷ്യരെ പട്ടാളം നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലുന്നത് കാണുന്നുണ്ട്. തന്റെ കൂടെ ബ്ലോക്കില്‍ ഉണ്ടായിരുന്ന പലരും ദുരുഹ സാഹചര്യങ്ങളില്‍ അപ്രത്യക്ഷരാകുന്നു. മരണത്തെ മുഖാമുഖം കാണുമ്പോള്‍ അയാള്‍ ഒരു കടുത്ത തീരുമാനമെടുക്കുന്നു എങ്ങനെയും താന്‍ അതിജീവിക്കും.

അധികം വൈകാതെ ലേല്‍ തന്റെ തടവറയിലെ കാപോയായ ബാരിന്‍സ്‌കി എന്ന യുവ ഓഫീസറോട് ബഹുമാനം കാണിക്കാന്‍ തുടങ്ങുന്നു. അരണ്ട, പേടിച്ച ഭാവത്തിനു പകരം ആ പട്ടാളക്കാരനു വേണ്ടി താന്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്ന ഭാവം. ഒടുവില്‍ ആ തന്ത്രം ഫലിക്കുകയും കാപോയുടെ വിശ്വാസം നേടുന്ന ലേലിനെ ഉയര്‍ന്ന ഉദ്യോഗസ്ഥരോട് ശുപാര്‍ശ ചെയ്ത് പട്ടാളക്കാരന്‍ ഓഷ്വിറ്റ്‌സിലെ പച്ചകുത്തുകാരനായി നിയമിക്കുന്നു. ഒപ്പം കൂടുതല്‍ ബ്രെഡും സൂപ്പും മറ്റു ഭക്ഷണങ്ങളും ലഭ്യമാക്കുന്നു. ലേലിന്റെ ആദ്യ തന്ത്രം വിജയിക്കുന്നു.

ലിയോണ്‍ എന്ന മറ്റൊരു തടവുകാരനായ യുവാവിനെ സഹായിയാക്കി ലേല്‍ പച്ചകുത്തല്‍ പണിയില്‍ ഏര്‍പ്പെടുന്നു. ജര്‍മന്‍ പട്ടാളക്കാരുടെ ശ്രദ്ധ അയാള്‍ നേടുന്നു. ഒരു ദിവസം വന്നെത്തുന്ന ട്രക്കിലെ യുവതികള്‍ക്കിടയിലാണ് പച്ചകുത്തുന്നതിനിടയില്‍ തന്നെ ആകര്‍ഷിക്കുന്ന ഗിറ്റ എന്നെ പെണ്‍കുട്ടിയുടെ അയാള്‍ കണ്ടുമുട്ടുന്നത്. അവളുടെ കൈയില്‍ പച്ചകുത്തുന്നതിനിടയില്‍ അവരുടെ കണ്ണുകള്‍ പരസ്പര മിടയുന്നു. കാപോ പുതിയ തടവുകാരുമായി വേഗം മറയുന്നു.

തടവുകാര്‍ക്ക് റേഷനാണ്. റൊട്ടിയും സൂപ്പും. കടുത്ത പണിയും കുറച്ച് ഭക്ഷണവും. പലരും അതിശൈത്യം മൂലം രോഗികളാവുന്നു. അവരെ പട്ടാള ഡോക്ടര്‍ വധശിക്ഷക്ക് വിധിക്കുന്നു. പട്ടാളക്കാരുടെ കാന്റീനില്‍ നിന്ന് ആഹാരം കഴിക്കുവാന്‍ അനുവാദം ലഭിക്കുന്നതോടെ ലേല്‍ തന്റെ കോട്ടില്‍ റൊട്ടിയൊളിപ്പിച്ച് പലര്‍ക്കും നല്‍കുന്നു. ഗിറ്റയ്ക്കും കൂട്ടുകാരികള്‍ക്കും അയാള്‍ റൊട്ടി നല്‍കുന്നു. ക്രമേണ ഇരുവരും തമ്മില്‍ അനുരാഗത്തിലാവുന്നു. ഇതിനിടയില്‍ കാമുകി അസുഖ ബാധിതയാവുമ്പോള്‍ അയാള്‍ സഹായിക്കുന്നുണ്ട്.

തടവുകാരെ ഉപയോഗിച്ച് കെട്ടിട നിര്‍മാണം നടത്തുന്നിടയില്‍ തദ്ദേശീയരായ പണിക്കാരെയും നാസി പട്ടാളം ഉപയോഗിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ വരുന്ന ഒരു പിതാവും മകനുമായി ലേല്‍ സൗഹൃദത്തിലാവുന്നു.

സ്ത്രീ തടവുകാര്‍ നല്‍കുന്ന പണവും ആഭരണങ്ങളും മരുന്നും അവശ്യ വസ്തുക്കളും ഈ തൊഴിലാളികള്‍ക്ക് നല്‍കി അവരില്‍ നിന്നും സംഘടിപ്പിച്ച് അയാള്‍ തടവുകാര്‍ക്ക് നല്‍കുന്നു. പോഷകാഹാരക്കുറവ് മൂലം അതികഠിനമായ രോഗത്തിലേക്ക് കാമുകി വീഴുമ്പോള്‍ ഈ തൊഴിലാളികളുടെയും കൂട്ടുകാരികളുടെയും സഹായത്തോടെ അയാള്‍ അവളെ രക്ഷിക്കുന്നു. നരക സമാനമായ അന്തരീക്ഷത്തിലും അവരുടെ പ്രണയം തീവ്രമായി തളിര്‍ക്കുന്നു. ജര്‍മന്‍ പട്ടാളക്കാരുടെ വിശ്വാസം പിടിച്ചു പറ്റുന്ന ലേല്‍ തന്റെ കാപോയുടെ സഹായത്തോടെ കാമുകിയെ പട്ടാള ഓഫീസിലെ സഹായികളായ തടവുകാരായ യുവതികള്‍ക്കൊപ്പമാക്കുന്നുണ്ട്. അവിടെയുള്ള സില്‍ക്ക എന്ന സുന്ദരിയായ ജൂത യുവതിയെ നാസി മേജര്‍ ലൈംഗിക അടിമയാക്കി വെച്ചിരിക്കുകയാണ്.

അവിചാരിതമായി ലേലിന്റെ കട്ടിലിന്റെ അടിയില്‍ നിന്നും പണവുംആഭരണങ്ങളും നാസി പട്ടാളം കണ്ടെത്തുന്നതോടെ കഥാഗതിചടുലമാകുന്നു. മരണം മുന്നില്‍ കാണുന്ന യുവാവിനെ ഇവിടെ രക്ഷിക്കുന്നത് സില്‍ക്കയാണ്. തന്റെ യജമാനനായ മേജറിനോട് അപേക്ഷിച്ച് അവള്‍ ലേലിനെ രക്ഷിക്കുന്നുണ്ട്.

ഒരു സുപ്രഭാതത്തിന്റെ റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണത്തോടെ നാസികള്‍ തടവുകാരെ ഓഷ്‌വിറ്റ്‌സില്‍ നിന്നും മാറ്റുന്നു. ആ യാത്രയില്‍ വിചിത്രമായ രീതിയില്‍ കാമുകിയും കാമുകനും രക്ഷപ്പെടുന്നതോടെ നോവല്‍ കഥാന്ത്യത്തിലേക്ക് എത്തുന്നു. ഒട്ടേറെ സഹനങ്ങള്‍ക്കൊടുവില്‍ പ്രണയിതാക്കള്‍ ഒരുമിക്കുന്നെങ്കിലും വീണ്ടും ജീവിത പരീക്ഷണങ്ങള്‍ അവരെ പിന്തുടരുന്നു. ആ യാത്രയില്‍ നോവല്‍ അവസാനിക്കുന്നു.

യഥാര്‍ഥ ജീവിതകഥയെ അടിസ്ഥാനമാക്കി ഹെഥര്‍ മോറിസ് എന്ന എഴുത്തുകാരി സൃഷ്ടിച്ച ഈ വിസ്മയ രചന നമ്മുടെ ഹൃദയങ്ങളെ ആര്‍ദ്രമാക്കുന്നു. യുദ്ധത്തിനെതിരെ മാനവികതയുടെ പക്ഷത്ത് നാം നിലയുറപ്പിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും വായനയില്‍ ഉള്‍പ്പെടുത്തേണ്ട നോവലാണിത്.





TAGS :