തീവണ്ടി | Short Story
| കഥ
പിറവിയുടെ വേദനകള്‍ക്കൊടുവില്‍ ഒരു നീണ്ടനിലവിളിയുടെ അന്ത്യത്തില്‍ ഒരു കാറികരച്ചിലോടെ അവള്‍ പിറന്നു വീണപ്പോള്‍ ആശുപത്രിയുടെ പിന്‍വശത്തുകൂടെ ആ കരച്ചിലിനെ മറി കടന്ന് ഒരു തീവണ്ടി കൂകി കടന്ന് പോയി.
അന്ന് തൊട്ട് തുടങ്ങിയതാണ് അവളും തീവണ്ടിയും തമ്മിലുള്ള ആത്മ ബന്ധം. വീടിനുമുന്നിലൂടെ കൂകിപ്പായുന്ന തീവണ്ടിയെ നോക്കി കൂകൂ കൂവും തീവണ്ടി എന്ന പാട്ടുമൂളിയ ബാല്യം. ഉണരാനും കളിക്കാനും സ്‌കൂളില്‍ പോകാനും ഉറങ്ങാനും അവള്‍ തീവണ്ടി സമയത്തെ കണക്കാക്കി. അവളിലെ കൗമാരക്കാരി യൗവനത്തിലെത്തിയപ്പോഴും തീവണ്ടിയുടെ കൂട്ടു വിട്ടില്ല.
ഏട്ടന്‍ പെണ്ണ് കാണാന്‍ മുന്നിലെത്തിയപ്പോള്‍ തന്റെ ചങ്കിടിപ്പിന്റെ താളം പോലെ തീവണ്ടി പാഞ്ഞ് പോയി. പടിയിറക്കത്തിന്റെ കണ്ണീര്‍ വേളകളില്‍ അമര്‍ത്തിവെച്ചിട്ടും പുറത്തേക്ക് വന്ന തേങ്ങലുകള്‍ തീവണ്ടി ശബ്ദത്തില്‍ മുങ്ങിപ്പോയി.
ഭര്‍തൃഗൃഹത്തിലും തീവണ്ടി സ്വരം കേള്‍ക്കാമെന്നുള്ളത് പറിച്ചുനടലിന്റെ ആഴം കുറച്ചു. വീണ്ടും അവളുടെ ജോലികളില്‍ തീവണ്ടി സമയം കടന്ന് വന്നു. സ്വന്തം സമയത്തെ അവള്‍ പലതിനുമായി പകുത്തു നല്‍കി.
അഞ്ച് മണിയുടെ വണ്ടിക്കൊപ്പം അവളുണര്‍ന്നു. ഏഴരയുടെ വണ്ടിക്കൊപ്പം അമ്മായിഅച്ചന് പ്രാതല്‍ വിളമ്പി. എട്ടു മണി വണ്ടിക്ക് മക്കളെ സ്‌കൂളിലയച്ചു, അമ്മക്ക് മരുന്ന് കൊടുത്തു. ഒന്‍പത് മണി വണ്ടിയില്‍ ഭര്‍ത്താവ് പോയി.
ഉച്ചക്കും രാത്രിയും തീവണ്ടിക്കൊപ്പമെത്താന്‍ അവള്‍ സ്വന്തം പാളത്തിലൂടെ ഓടി. അവസാനം രാത്രിയില്‍ അടുക്കള കഴുകിത്തുടച്ച് ഒരു ബക്കറ്റ് വെള്ളം തലയിലൂടെ ഒഴിച്ച് പകലിന്റെ അധോനത്തില്‍ വിയര്‍ത്തു നാറിയ ഉടലിനെ കഴുകിയെടുത്ത് കിടക്കയില്‍ വീഴുമ്പോള്‍ പത്തരയുടെ വണ്ടി അവളെ കടന്ന് പോകും. ആ താളമൊരു താരാട്ടായി അവള്‍ക്ക് തോന്നും.
കാലം ഒരു തീവണ്ടി പോലെ കുതിച്ചു. പിന്നെ കിതച്ചു. അവളാകുന്ന തീവണ്ടിയില്‍ ജീവിതത്തിന്റെ പല സ്റ്റേഷനുകളില്‍ നിന്ന് കയറിയവരെല്ലാം ഒരു വാക്കുപോലും മിണ്ടാതെ പലയിടത്തായി ഇറങ്ങി പോയി. ആ വിടവുകള്‍ നികത്താന്‍ പുതിയവര്‍ കയറി വന്നു.
ഭര്‍ത്താവിന്റെ വിയോഗവും മക്കളുടെ വളര്‍ച്ചയുമെല്ലാം അവളുടെ ജീവിത പാളത്തിലൂടെ കടന്നുപോയി. പേരക്കിടാക്കളുടെ പ്രിയ മുത്തശ്ശിയായി, അവര്‍ക്കായി വീണ്ടും തീവണ്ടിപോലെ അവളോടി. മുടിയില്‍ വെള്ളിവിരിച്ചതും തൊലിയില്‍ ചുളിവ് വീണതും അവളറിഞ്ഞില്ല. അല്ലെങ്കിലും അതിനെകുറിച്ചോര്‍ക്കാനെവിടെ സമയം. എല്ലാവര്‍ക്കും വേണ്ടി സമയം തെറ്റാതോടുന്ന ഒരു തീവണ്ടിയായിരുന്നില്ലേ അവള്‍. ഉള്ളിലുള്ള യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാന്‍ പാഞ്ഞോടുന്ന തീവണ്ടി. ഒരു നാള്‍ ഒരു ഉച്ചവണ്ടി പോയസമയത്ത് മുറ്റത്തെ തുണികളെടുക്കാന്‍ ഇറങ്ങിയപ്പോ തലക്കൊരു ഓളം പോലെ. ചെവിയില്‍ തീവണ്ടിയുടെ ചൂളം വിളി. പിന്നൊന്നും ഓര്‍മയില്ല.
ഒരുപുറം കുഴഞ്ഞ് ഏതാനും മാസം ആശുപത്രിയില്‍. അവിടെന്ന് വീട്ടിലെ കിടപ്പുമുറിയിലേക്ക് അവളുടെ ലോകം ചുരുങ്ങി. വീടുമുഴുവന്‍ ഭരിച്ചുനടന്നവള്‍. കൈകാലുകള്‍ക്ക് വിശ്രമമില്ലാതെ കൂകിപ്പായുന്ന തീവണ്ടിയായിരുന്നവള്‍. പാളം തെറ്റി വീണു പോയി. എണ്ണയും കുഴമ്പും മരുന്നും മണക്കുന്ന ആ മുറിയിലെ ഏകയായുള്ള കിടപ്പില്‍ തീവണ്ടി സ്വരം മാത്രം ദിനരാത്രങ്ങള്‍ ഓര്‍മിപ്പിച്ചു കടന്നുപോയി.
ഏകാന്തതയുടെ പുതപ്പിനടിയില്‍ പനിപിടിച്ചു വിറച്ചുകിടന്ന ഒരു പകല്‍ അവള്‍ക്ക് തീവണ്ടി സ്വരം കേള്‍ക്കുന്നതായി തോന്നി. '' അയ്യോ പ്രാതലായില്ലല്ലോ. മോന് ചോറാക്കണ്ടേ. അവനിഷ്ടമുള്ള പരിപ്പ് കറിയിലേക്ക് ഉള്ളി കുത്തി കാച്ചണം. മുട്ട പൊരിക്കണം. അച്ചാറിന്റെ കുപ്പിയെവിടെ? മോള്‍ക്കുള്ള ഇഡ്ലിയിലേക്ക് സാമ്പാറാക്കിയില്ലല്ലോ. അദ്ദേഹത്തിന് ചായ കൊടുക്കണ്ടേ. അച്ഛന് മരുന്ന് കൊടുത്തില്ലല്ലോ' പനിച്ചൂടില്‍ അവള്‍ പിറുപിറുത്തുകൊണ്ടിരുന്നു.
അമ്മേ അമ്മേ മക്കളുടെ വിളികള്‍ കാതങ്ങള്‍ക്കപ്പുറത് നിന്നാണെന്ന് അവള്‍ക്ക്‌തോന്നി. ഡോക്ടര്‍ വന്നു. ഇഞ്ചക്ഷന്‍ സൂചി തൊലിയിലേക്ക് ആഴ്ന്നിറങ്ങി. പിന്നെ മയക്കം. ബോധാബോധകള്‍ക്കിടയില്‍ അവള്‍ കണ്ടു. അദ്ദേഹം വന്നിരിക്കുന്നു. ഒരു നെഞ്ചുവേദന കാരണമായി ഒരു വാക്ക് മിണ്ടാതെ പിരിഞ്ഞ് പോയവനാണ്. അന്നിട്ട അതേ വെള്ളയില്‍ നീല വരയുള്ള ഷര്‍ട്ടും നീല കരയുള്ള തുണിയും. അവളുടെ നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് അയാള്‍ പറഞ്ഞു, എന്തിനാ കരയുന്നേ. പോകണ്ടേ നമുക്ക്. നീ ഒരുങ്ങിയില്ലേ ഇതുവരെ. രാത്രി വണ്ടിക്ക് പോകാനുള്ളതല്ലേ. കഴിക്കാനുള്ളത് പൊതിഞ്ഞ് എടുക്കണം. ഒരു കുപ്പിയില്‍ ജീരകവെള്ളവും. അത്രേയുള്ളൂ, ഇപ്പൊ വരാം. അവള്‍ ഉത്സാഹത്തോടെ അകത്തേക്കോടി. വെള്ളയില്‍ ചുവന്നകരയുള്ള പട്ട് സാരിച്ചുറ്റി നെറ്റിയില്‍ പൊട്ട് വെച്ചു. സീമന്തരേഖയില്‍ ഇത്തിരി കുങ്കുമവും. കണ്ണാടിയില്‍ അവളെക്കണ്ട് അവള്‍ക്ക് തന്നെ അതിശയം തോന്നി. ചെറുപ്പമായിരിക്കുന്നു. സുന്ദരിയായിരിക്കുന്നു. അദ്ദേഹം വന്നത് കൊണ്ടാവും.
കഴിഞ്ഞില്ലേ ഒരുക്കം. അദ്ദേഹം തിരക്ക് കൂട്ടി. ഇതാവരുന്നു. അവള്‍ വാതിലടച് പുറത്തിറങ്ങി. അദ്ദേഹത്തോട് ചേര്‍ന്ന് നടന്നു. ഒത്തിരി വിശേഷങ്ങള്‍ പറയാനുണ്ട്. തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ തഴുകി കടന്ന് പോയി. ദൂരെ നിന്നും തീവണ്ടിയുടെ സ്വരം. അവള്‍ നടപ്പിന് വേഗം കൂട്ടി.
' അമ്മേ അമ്മേമരുന്ന് കഴിക്കേണ്ടേ.. കണ്ണ് തുറക്കൂ'
മകളുടെ വിളിക്ക് അവളുത്തരം നല്‍കിയില്ല. വീടിനെ കുലുക്കി കടന്നുപോയ തീവണ്ടി സ്വരത്തില്‍ മക്കളുടെ നിലവിളികള്‍ മുങ്ങി പോയി. പാളത്തെ അമര്‍ത്തി ചുംബിച്ചുകൊണ്ട് തീവണ്ടി പിന്നെയും ഓടിക്കൊണ്ടിരുന്നു.