'തിരുത്ത്' രാഷ്ട്രീയ നിലപാടാകുന്നത്
ചുല്ലിയാറ്റ് കുനിഞ്ഞ് നിന്ന് മേശപ്പുറത്ത് പരത്തിവെച്ച പ്രധാന വാര്‍ത്തക്ക് സുഹറ തലക്കെട്ടായി കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തിരുന്ന 'തര്‍ക്ക മന്ദിരം' തകര്‍ത്തു എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ച് പലതവണ വെട്ടി. എന്നിട്ട് വിറക്കുന്ന കൈകൊണ്ട് പാര്‍ക്കിന്‍സണിസത്തിന്റെ ലാഞ്ചന കലര്‍ന്ന വലിയ അക്ഷരങ്ങളില്‍ വെട്ടിയ വാക്കിന്റെ മുകളില്‍ എഴുതി 'ബാബരി മസ്ജിദ്'. | എന്‍.എസ് മാധവന്റെ 'തിരുത്ത്' വായന
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍പ്പെട്ടത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെടുന്ന എന്‍.എസ് മാധവന്റെ തിരുത്ത് എന്ന കഥ, അതി ശക്തവും വ്യക്തവുമായ നിലപാടിനെയാണ് അടയാളപ്പെടുത്തുന്നത്.
തെറ്റുകളാണ് തിരുത്ത് ആവശ്യപ്പെടുന്നത്. തെറ്റുകള്‍ എന്ന് പറയുന്നത് നിലപാടുകളാകാം, പ്രവര്‍ത്തികളാകാം. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സാഹചര്യത്തില്‍, ഉത്തരേന്ത്യയിലെ ഒരു ഇംഗ്ലീഷ് പത്രം ഓഫീസില്‍ എഴുപത് വയസുള്ള മുഖ്യ പത്രധിപനായ ചുല്യാറ്റ് അദ്ദേഹത്തിന്റെ പേന ഉപയോഗിച്ച് ഒരു നിലപാടിനെ തന്നെ തിരുത്തി കുറിക്കുന്നതാണ് കഥയുടെ പ്രമേയം. ചരിത്രത്തെ വളരെ തന്മയത്വത്തോട് കൂടി തന്റെ കഥകളിലും, നോവലുകളിലും ഉള്‍പ്പെടുത്തി പറഞ്ഞ ഒരു കഥകാരനാണ് എന്‍.എസ് മാധവന്‍. ഒരുപാട് വൈകാരിതകള്‍ നിറഞ്ഞതും ഹൃദയത്തില്‍ കൊള്ളുന്നതുമായ ഒരു ചെറുകഥയാണ് തിരുത്ത്.
ചുല്ലിയാറ്റ് എന്ന അതിശക്തനായ കഥാപാത്ര നിര്‍മിതിക്കു പിന്നില്‍ മാധവന് പ്രേരണയായത് എസ്. നിഹാല്‍ സിങ് എന്ന പത്ര പ്രവര്‍ത്തകനായിരുന്നു എന്ന് പിന്നീട് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ചുല്യാറ്റ് ആണ് ഈ കഥയുടെ കേന്ദ്ര ബിന്ദു. എഴുപത് വയസുള്ള, വല്ലപ്പോഴും മാത്രം തന്റെ കാബിനില്‍ നിന്ന് തല പുറത്തേക്കിടുന്ന ചുല്ലിയാറ്റിനെ ആമ എന്നാണ് കീഴ് ജീവനക്കാര്‍ വിളിച്ചിരുന്നത്. വളരെ ഗൗരവക്കാരനും കര്‍ക്കശക്കാരനും ആയിട്ടുള്ള ചുല്ലിയാറ്റിനെ, മാധ്യമങ്ങള്‍ ചരിത്രത്തിലെ ഇരുണ്ട ദിനമെന്നും മറ്റും എഴുത്തിലൂടെ വിശേഷിപ്പിച്ചു. ബാബരി മസ്ജിദിന്റെ ധ്വംസനത്തെ പറ്റിയുള്ള തന്റെ നിലപാടാണ് തിരുത്തിലൂടെ എഴുത്തുകാരന്‍ വ്യക്തമാക്കുന്നത്.
'എല്ലാ ചരിത്ര സന്ധികളിലും ചുല്ലിയാറ്റിന് പനി പിടിച്ചിരുന്നു. 1947 ആഗസ്റ്റ് പതിനാലാം തിയ്യതി രാത്രി അയാള്‍ മലമ്പനി ബാധിച്ച് വിറച്ചു കിടന്നു. ഗാന്ധിജിയെ കൊന്നത് 103 ഡിഗ്രി പനിയിലായിരുന്നു'
കടുത്ത പനിയെ തുടര്‍ന്ന് ചുല്ലിയാറ്റ്, ചെറുപ്പം മുതലേ തനിക്കറിയാവുന്ന ഇക്ബാല്‍ എന്ന യുവഡോക്ടറെ വീട്ടില്‍ ചെന്നു കാണാന്‍ തീരുമാനിച്ചു. ഡോക്ടറുടെ പരിശോധനയും കുത്തിവെപ്പും ചുല്യാറ്റിന് ആശ്വാസം നല്‍കി. മുസ്‌ലിംകളായ ഡോക്ടറും ഭാര്യയും മസ്ജിദിന്റെ തകര്‍ച്ചയില്‍ സഹതാപം അറിയിക്കാന്‍ എത്തുന്നവരെക്കൊണ്ടു പൊറുതി മുട്ടിയിരിക്കുകയായിരുന്നു. അവിടെ വെച്ച് കുടുംബാംഗങ്ങളുമായുള്ള സംഭാഷണത്തിനിടയില്‍ അവര്‍ അദ്ദേഹത്തോട് പറഞ്ഞു. 'ബാബരി മസ്ജിദ് തകര്‍ന്നതുമായി ബന്ധപ്പെട്ട് അനുശോചനങ്ങള്‍ അറിയിക്കാന്‍ ഒരുപാട് ഹിന്ദു സുഹൃത്തുക്കള്‍ ഫോണ്‍ വഴിയും നേരിട്ടും ഒക്കെ എത്തിയിരുന്നു. എന്നാല്‍, ആ സംഭവത്തെ പറ്റി യാതൊന്നും സംസാരിക്കാതെ യാതൊരു അനുശോചന ഭാവങ്ങളും മുഖത്തു പ്രകടിപ്പിക്കാതെ തികച്ചും സ്വാഭാവികതയോട് കൂടി വന്ന് പോയ ഒരേയൊരു ഹിന്ദു സുഹൃത്ത് ചുല്ല്യാറ്റ് മാത്രമാണ് ' എന്ന്. തങ്ങളോട് സാധാരണമട്ടില്‍ പെരുമാറിയതിന് അവര്‍ അദ്ദേഹത്തിനു നന്ദി പറഞ്ഞു. ചില സംഭവങ്ങള്‍ മനുഷ്യ മനസുകളില്‍ വേലികള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍, അത്തരം വേലിക്കെട്ടുകളില്‍ നിന്നെല്ലാം സ്വന്തം മനസ്സിനെ അകറ്റി നിര്‍ത്തിയിരിക്കുന്ന ചില സാധാരണ മനുഷ്യരുടെ പ്രതികരണമാണ് ചുല്ല്യാറ്റിന്റെ വാക്കുകളിലൂടെ ഉണ്ടായത്.
പിന്നീട് പനിക്കൊക്കെ ഒരു ശമനം വന്നപ്പോള്‍ ചുല്ല്യാറ്റ് ഓഫീസില്‍ മടങ്ങിയെത്തുന്നു. അവിടെ വെച്ച് ഹെഡ്‌ലൈനിലൂടെ കണ്ണോടിക്കുമ്പോള്‍ അദ്ദേഹം കോപം കൊണ്ട് വിറക്കുകയാണ്. കാരണം, അന്നത്തെ പ്രധാന വാര്‍ത്തയുടെ ഹെഡ്‌ലൈന്‍ ഇപ്രകാരമായിരുന്നു. തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടു. നമുക്കറിയാം ബാബരി മസ്ജിദിന്റെ ധ്വംസനവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടു എന്ന രീതിയിലാണ്. അത്തരം വാര്‍ത്തകളെ തികഞ്ഞ സ്വാഭാവികതയോട് കൂടിയാണ് നമ്മള്‍ സ്വീകരിക്കുന്നതെങ്കില്‍, മറ്റൊരര്‍ഥത്തില്‍ അതില്‍ അസ്വഭാവികത ഒന്നും തന്നെ അനുഭവഭേദ്യമാകുന്നില്ലെങ്കില്‍ അത് തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം എന്ന നിലപാടാണ് ചുല്യാറ്റ് ഇവിടെ സ്വീകരിക്കുന്നത്. അതിന്റെ പ്രതിഫലനമായിട്ടാണ്, ആ വാര്‍ത്ത എഴുതിയത് ആര് തന്നെ ആയാലും ഇനി മുതല്‍ അയാള്‍ ജോലിക്കുണ്ടാവില്ല എന്ന തീരുമാനത്തിലേക്ക് ചുല്യാറ്റിനെ എത്തിക്കുന്നത്.
ഇന്ത്യന്‍ മതേതരത്തിന് തീര്‍ത്ത തീരാ കളങ്കത്തിന്റെ ആ വാര്‍ത്താ സന്ദര്‍ഭത്തിന് ഒരു പത്രാധിപര്‍ നല്‍കിയ തിരുത്തിനെ, കഥയില്‍ ഇങ്ങനെ വായിക്കാം:
'മലിക്, ആരാണ് പ്രധാന വാര്‍ത്തക്ക് തലക്കെട്ട് കൊടുത്തത്? ചുല്ലിയാറ്റ് പ്രിന്റ്ഔട്ട് മലിക്കിന്റെ മേശപ്പുറത്ത് ഇട്ട്‌കൊണ്ട് ചോദിച്ചു. സുഹറയൊഴിച്ചുള്ള മറ്റു സഹപത്രാധിപന്‍മാര്‍ മലിക്കിന്റെ മേശക്ക് ചുറ്റും കൂടി.
'മലിക്ക് എന്താ ഒന്നും പറയാത്തത്. ആരാണ് ഈ തലക്കെട്ട് കൊടുത്തത്?'
മലിക്ക് അന്ധാളിപ്പില്‍ ഒന്നും പറയാന്‍ പറ്റാതെ നിന്നു.
'അയാള്‍ ആരായാലും ശരി. ഇനിമുതല്‍ ഈ പത്രത്തില്‍ പണിയെടുക്കണ്ട'
ചുല്ലിയാട്ടിന്റെ ചുണ്ട് ദേഷ്യംകൊണ്ട് വിറക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും സുഹറയടക്കം ന്യൂസ് റൂമില്‍ പണിയെടുക്കുന്ന എല്ലാവരും മലിക്കിന്റെ മേശക്ക് ചുറ്റും വട്ടമിട്ട് കഴിഞ്ഞിരുന്നു.
'ഞാനാണ് സാര്‍'
സുഹറ തലതാഴ്ത്തി നിന്നുകൊണ്ട് പറഞ്ഞു.
ചുല്ലിയാട്ട് കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പൈപ്പ് ഒന്ന് രണ്ട് ആവൃത്തി ആഞ്ഞ് വലിച്ചിട്ട് അയാള്‍ വിജയനോട് മേശപ്പുറത്തിരിക്കുന്ന വാര്‍ത്ത എടുത്തു തരാന്‍ ആംഗ്യം കാണിച്ചു. ചുള്ളിയാട്ട് സുഹറയുടെ അടുത്ത് ചെന്ന് അവളുടെ നെറുകം തലയില്‍ തലോടിക്കൊണ്ട് പറഞ്ഞു.
'സുഹറാ, ഒരു പെന്‍സില്‍ തരൂ'
മലിക്ക് മേശപ്പുറത്ത് കിടന്നിരുന്ന ബോള്‍പോയിന്റ് പേന ചുള്ളിയാട്ടിന് കൊടുത്തു.
ചുള്ളിയാട്ട് എല്ലാവരേയും നോക്കി പറഞ്ഞു.
'ഞാന്‍ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനില്‍ പത്രപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ വെയില്‍സുകാരനായ വൃദ്ധന്‍ പത്രാധിപര്‍ എപ്പോഴും പറയുമായിരുന്നു, നീല പെന്‍സിലാണ് പത്രാധിപന്‍മാരുടെ ആയുധമെന്ന്. നീലപെന്‍സിലുകള്‍ക്ക് വംശമറ്റെങ്കിലും ഈ പേന, ഈ ആയുധം ഞാന്‍ ഇന്ന് ശരിക്കും പ്രയോഗിക്കും'
ചുല്ലിയാട്ട് കുനിഞ്ഞ് നിന്ന് മേശപ്പുറത്ത് പരത്തിവെച്ച പ്രധാന വാര്‍ത്തക്ക് സുഹറ തലക്കെട്ടായി കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തിരുന്ന 'തര്‍ക്ക മന്ദിരം' തകര്‍ത്തു എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ച് പലതവണ വെട്ടി. എന്നിട്ട് വിറക്കുന്ന കൈകൊണ്ട് പാര്‍ക്കിന്‍സണിസത്തിന്റെ ലാഞ്ചന കലര്‍ന്ന വലിയ അക്ഷരങ്ങളില്‍ വെട്ടിയ വാക്കിന്റെ മുകളില്‍ എഴുതി 'ബാബരി മസ്ജിദ്'
സുഹറയുടെ വലിയ കണ്ണുകളില്‍നിന്ന് ശരം പോലെ കണ്ണുനീര്‍ തുള്ളിതുള്ളിയായി ഒലിച്ചു. അവള്‍ ചുല്ലിയാട്ടിനെ നോക്കി പറഞ്ഞു.
'താങ്ക്യു സാര്‍'
സുഹ്റ എന്ന പെണ്‍കുട്ടിയാണ് ആ വാര്‍ത്ത എഴുതിയതെന്ന് തിരിച്ചറിഞ്ഞ ചുല്യാറ്റ് ഒരു നീണ്ട നിശബ്ദതക്ക് ശേഷം ഉളി പോലുള്ള തന്റെ പേന കൊണ്ട് തര്‍ക്ക മന്ദിരം എന്ന വക്കില്‍ അനേകം വെട്ടുകള്‍ വരുത്തികൊണ്ട് എഴുതി ചേര്‍ത്തു-ബാബരി മസ്ജിദ്. തര്‍ക്കമന്ദിരം എന്ന വാക്ക് അത്യോതികം ഹൃദയഭാരത്തോട് കൂടി എഴുതി ചേര്‍ക്കാന്‍ വിധിക്കപ്പെട്ട സുഹ്റയുടെ കണ്ണില്‍ നിന്നും വീണ രണ്ടു തുള്ളി സന്തോഷത്തിന്റെ കണ്ണീരിലാണ് കഥ അവസാനിക്കുന്നത്. ആ കണ്ണീര്‍ തന്നെയാണ് ചുല്യാറ്റിന്റെ പ്രവര്‍ത്തിക്കുള്ള ന്യായീകരണവും.
കേരളത്തില്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ സംബന്ധിച്ച ചര്‍ച്ചകളില്‍ എന്‍.എസ് മാധവന്റെ ഈ കഥ ഏറെ ശ്രദ്ധിക്കപ്പെട്ടു. അയോധ്യയില്‍ തകര്‍ന്നതു 'തര്‍ക്കമന്ദിരം' തന്നെയെന്നു വാദിക്കുന്ന ഹിന്ദുത്വപക്ഷപാതികള്‍, തിരുത്തിനെ 'മതമൗലികവാദികള്‍ മാറോടു ചേര്‍ത്ത കഥ' എന്നു വിശേഷിപ്പിച്ചു.
തികച്ചും സ്വഭാവികമെന്ന് കരുതിയെക്കാവുന്ന ചില ഭാഷ പ്രയോഗങ്ങളിലെ അരാഷ്ട്രീയതയും അതുപോലെ തന്നെ അപകടങ്ങളും അതി തീവ്രമാണ് എന്ന് വായനക്കാരനെ ബോധ്യപ്പെടുത്തുന്ന ഒരു നിലപാടായിട്ടാണ് നമുക്ക് തോന്നുന്നത്. രാഷ്ട്രീയത്തിന് നിലപാട് എന്നൊരു അര്‍ഥം നമുക്ക് കല്‍പിച്ചു നല്‍കാമെങ്കില്‍, കഥയിലൂടെ ശക്തമായ രാഷ്ട്രീയം പറയുന്നു.