യുദ്ധം - മനഃശാസ്ത്രം - തിരിച്ചറിവ്
മൂന്ന് മിനിക്കഥകള്‍
യുദ്ധം
ഉടപ്പിറപ്പിന്റെ ഉടല്‍ തപ്പുന്ന യുദ്ധ കാഴ്ചകള്‍ കണ്ട് അവള്‍ നെടുവീര്‍പ്പിട്ടു. തൊട്ടടുത്തിരുന്ന് വാര്‍ത്തകള്‍ കേട്ട് കൊണ്ടിരിക്കുന്ന പ്രിയതമനോട് അവളുടെ ആശങ്കകള്‍ പങ്കിട്ടു. ഇതൊന്നും വകവെക്കാതെ സുഭിക്ഷമായി ഭക്ഷണം കഴിച്ച്, എ.സിയുടെ കുളിരില്‍ സുഖനിദ്രക്കുള്ള അയാളുടെ ഒരുക്കം കണ്ട് അവള്‍ അന്തം വിട്ട് നിന്നു.
കുടുംബവഴക്കിനെ തുടര്‍ന്ന് അമ്മയുടെ കഴുത്തറുത്ത മകനുള്ള വിധി പറയാന്‍ ഒരുങ്ങുന്ന അയാളുടെ മനസ്സില്‍ തന്നെ ഒരു യുദ്ധം നടക്കുന്നുണ്ടായിരുന്നെന്ന് അവള്‍ അറിയുന്നില്ലായിരുന്നു.
മനഃശാസ്ത്രം
സംസാരപ്രിയയായിരുന്ന വിദ്യാര്‍ഥിനിയുടെ മൗനഭാഷയുടെ കാരണം തേടിയുള്ള ചര്‍ച്ചകളും ഉപദേശങ്ങളും വിജയിച്ചതിന്റെ സന്തോഷത്തില്‍, മികച്ച മനഃശാസ്ത്ര വിദഗ്ധനായതിന്റെ അഭിമാനത്തില്‍ അദ്ദേഹം വീട്ടില്‍ എത്തിയപ്പോള്‍ ഏകാന്തതയുടെ ഉള്‍ച്ചൂടില്‍ വെന്തുരുകിയ സ്വന്തം മകന്റെ ആത്മഹത്യാകുറിപ്പ് ഡൈനിങ് ടേബിളില്‍ നിശബ്ദമായി കിടക്കുന്നുണ്ടായിരുന്നു.
തിരിച്ചറിവ്
അതിരാവിലെ അയാള്‍ ചൂട് ചായയോടൊപ്പം പത്രത്തിലെ അവിഹിത വാര്‍ത്തകള്‍ ആസ്വദിച്ചു വായിച്ചു. പെണ്ണിന്റെ സ്വാതന്ത്ര്യവും അതിന് വിലങ്ങുകളാവുന്ന സദാചാരബോധവും അന്നും അവള്‍ക്ക് പ്രസംഗിക്കാന്‍ വിഷയങ്ങളായി.
പത്രത്താളുകളില്‍ വായിച്ചത് അവരവരുടെ കുടുംബമായിരുന്നു എന്ന തിരിച്ചറിവില്‍ മനം നീറി കൈക്കുഞ്ഞുങ്ങളെ കൊന്ന് അവള്‍ ആത്മഹത്യ ചെയ്തപ്പോള്‍ അത്രനാള്‍ ഫെമിനിസ്റ്റ് ആയിരുന്നവള്‍ നിമിഷനേരം കൊണ്ട് സമൂഹത്തില്‍ കുലീനയായി. സുഹൃത്തിന്റെ മരണം പോലുമറിയാതെ അപ്പോഴും അയാള്‍ ഉപേക്ഷിച്ചു പോയ തന്റെ ഭാര്യയുടെ മുഖം കാണാന്‍ ഒരു ഭ്രാന്തനെ പോലെ തെരുവ് തോറും അലയുകയായിരുന്നു.