Quantcast
MediaOne Logo

നിശ്ശബ്ദം ഒളിപ്പിച്ച വേദനകളിലൂടെ

'രാക്കിളിപ്പേച്ച്' കവിതാ പുസത്കത്തിന്റെ എഴുത്തുവഴികളെ കുറിച്ച് പ്രവാസ എഴുത്തുകാരി ജാസ്മിന്‍ അമ്പലത്ത്.

നിശ്ശബ്ദം ഒളിപ്പിച്ച വേദനകളിലൂടെ
X

ജീവിതം നിനച്ചിരിക്കാത്ത നേരത്ത് പല പല വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. ആരോഹണങ്ങളും അവരോഹണങ്ങളും തീര്‍ത്തയീജീവിതത്തില്‍, കവിത എന്റെ ഔഷധവും പ്രചോദനവുമാണ്. കവിതയെഴുത്ത്, ആത്മശുശ്രൂഷാ പരമായാണ് തുടങ്ങുന്നതെങ്കിലും, അതെന്നില്‍ നിന്നിറങ്ങി, സമൂഹത്തിലേക്ക് നടന്നു ചെല്ലുന്നു. അങ്ങനെ ഞാന്‍ സമൂഹവും, സമൂഹം ഞാനുമായി പരിണമിക്കുമ്പോഴാണ് എന്റെ കവിതകള്‍ ആത്മശുശ്രൂഷയില്‍ നിന്ന് പരശുശ്രൂഷയിലേക്ക് പരിവര്‍ത്തനപ്പെടുന്നത്. കവിതകള്‍ കൊണ്ട് സമൂഹത്തില്‍ മാറ്റങ്ങളുടെ വിപ്ലവങ്ങള്‍ ജനിപ്പിക്കണമെന്നും ഞാനാഗ്രഹിക്കുന്നു.

സന്തോഷമുണ്ടെങ്കിലും പറഞ്ഞറിയിക്കാനാവാത്ത വേദനയിലാണ് ഞാന്‍ രാക്കിളിപ്പേച്ച് എന്ന കവിതാ പുസ്തകം ചെയ്തു തീര്‍ത്തത്. എഴുത്തില്‍ വെളിച്ചം വിതറി എന്നും കൂടെ ചേര്‍ന്നിരുന്ന എന്റെ പൊന്നുപ്പ നിനച്ചിരിക്കാത്തൊരു രാത്രിയിലാണ് പടി കടന്ന് പോയത്. ഉപ്പയില്ലാതെ പുറത്തിറങ്ങുന്ന എന്റെ ആദ്യകവിതാ സമാഹാരമാണിത്. ഇടനെഞ്ചില്‍ കനല്‍ കോരിയിട്ട്, യാത്ര പോലും പറയാതെ ഉണരാത്ത ഉറക്കത്തിലേക്ക് ചിരിച്ചു കൊണ്ടേ തിരിച്ചു പോയ എന്റെ പൊന്നുപ്പ, നിശബ്ദമായൊരു ലോകത്തിരുന്ന് ആത്മാവിന്റെ വിശുദ്ധി കൊണ്ട് ഈ കവിതകള്‍ വായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉമ്മയുടെ നിരന്തര സാമീപ്യം ഉപ്പയുടെ അഭാവം ഏറെക്കുറേ നികത്തി.

വെറുപ്പിന്റെയും നൊമ്പരങ്ങളുടെയും നെറുകയില്‍ നേരുകളുടെ കനല്‍ കമ്പളങ്ങള്‍ വിരിച്ചിട്ടും, കൊടുംവേനലുകളുടെ തലോടലുകളില്‍ പൂക്കുന്ന വാകയാണ് ഈ പുസ്തകത്തിലെ ഓരോ കവിതയും വിരല്‍ ചൂണ്ടുന്നത്. പകച്ചു പോയ ജീവിതങ്ങള്‍ക്ക് പ്രപഞ്ചം ശിരസ്സാണ്. ആ ശിരസ്സില്‍ വയ്ക്കുന്ന മുള്‍ക്കിരീടമാണ് ഓരോ അനുഭവങ്ങളും.

മണ്ണറകളില്‍ പുതഞ്ഞുപോയി ഇറുകിയിട്ടും ആത്മഹത്യ ചെയ്യാനാകാത്ത വേരുകള്‍ ഭൂമിയോടു പറയുന്ന പ്രതീക്ഷകളാണ് കവിത. സ്‌നേഹത്തിന്റെ ചില്ലയില്‍ പൂക്കാതെ അടര്‍ന്നുവീണഴുകിയിട്ടും വസന്തത്തെ ഒന്ന് തൊട്ടു സായൂജ്യമടയാനെത്തുന്ന വേദനയുടെ ആത്മാവുകള്‍. നിശബ്ദമൊളിപ്പിക്കുന്ന വേദനയാണവയെന്ന തിരിച്ചറിവിലാണ് ഈ പുസ്തകം പ്രിയപ്പെട്ടവര്‍ക്കുമുന്‍പില്‍ ഞാനെഴുതി വയ്ക്കുന്നത്. വെറുപ്പിന്റെയും നൊമ്പരങ്ങളുടെയും നെറുകയില്‍ നേരുകളുടെ കനല്‍ കമ്പളങ്ങള്‍ വിരിച്ചിട്ടും, കൊടുംവേനലുകളുടെ തലോടലുകളില്‍ പൂക്കുന്ന വാകയാണ് ഈ പുസ്തകത്തിലെ ഓരോ കവിതയും വിരല്‍ ചൂണ്ടുന്നത്. പകച്ചു പോയ ജീവിതങ്ങള്‍ക്ക് പ്രപഞ്ചം ശിരസ്സാണ്. ആ ശിരസ്സില്‍ വയ്ക്കുന്ന മുള്‍ക്കിരീടമാണ് ഓരോ അനുഭവങ്ങളും.

കടലിന്റെ അലകള്‍ തീരത്തോട് എന്തോ പറയാനുണ്ടെന്ന് പലതവണയിരമ്പിയിട്ടും നാമതു കേള്‍ക്കാതെ നടന്നു നീങ്ങിയ ജീവിതത്തിന്റെ കാല്‍പ്പാടുകള്‍ മാത്രമാക്കി കാലം എത്ര പെട്ടെന്നാണ് നമ്മില്‍ നിന്നുമിറങ്ങി പോയത്.

ആലോചിച്ചു നോക്കൂ,

നാം പുഞ്ചിരിക്കാന്‍ മറന്നുപോയ എത്രയോ സന്ദര്‍ഭങ്ങളാണ് നമുക്കുചുറ്റും ഓടിപ്പോയത്. കണ്ണീര്‍ വറ്റിയൊടുങ്ങിയ ജന്മാന്തരങ്ങള്‍ക്കായി ഒരു തുള്ളി മിഴിനീരെങ്കിലും നാം പൊഴിച്ചിട്ടും, പ്രതീക്ഷകളുടെ തളിരിലകള്‍ കണ്ടിട്ടും, ജീവിതത്തിന്റെ വള്ളികളില്‍ തൂങ്ങിയൂഞ്ഞാലാടിയിട്ടും, ലോകാത്മസൗഖ്യത്തിന്റെ ശിശിരത്തില്‍ ഒരു മഞ്ഞുതുള്ളിയില്‍ മഴവില്ലുകണ്ടിട്ടും എത്ര കാലങ്ങളായി.

നാം തമ്മില്‍ തമ്മില്‍ പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നതിനപ്പുറം പരിഭവങ്ങളും, പുഞ്ചിരിയും ഇവിടെകലഹങ്ങള്‍ക്കു നേരേ പിടിച്ച കണ്ണാടിപോലെ. പ്രതിഷേധത്തിന്റെ ശബ്ദങ്ങളെയും ജീവിതത്തിന്റെ ക്ഷണികതയെയും കുറിച്ചുള്ള ഈ കവിതകളൊക്കെയും സഹൃദയങ്ങള്‍ കീഴടക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഓരോ നേരവും കവിത ആത്മാവായെത്തി എന്റെ തൂലികയില്‍ പ്രവേശിക്കുമ്പോള്‍; ജീവിതത്തെയും മരണത്തെയും ഞാന്‍ അക്ഷരങ്ങളിലൂടെ സ്നേഹിക്കുമ്പോള്‍, എന്റെ പ്രിയപ്പെട്ടവര്‍ ഈ പുസ്തകത്തിന്റെ വായനയിലും എനിക്കൊപ്പമുണ്ടാകുമെന്നും കരുതുന്നു! അനുഗ്രഹം മുന്നോട്ടുള്ള ഏത് പ്രയാണത്തിലും അനിവാര്യമാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

'രാക്കിളിപ്പേച്ച്'ലെ കവിത:

സ്ത്രീകള്‍ ബുദ്ധനെ വരയ്ക്കുമ്പോള്‍

മഴയാര്‍ത്തു പെയ്യുന്ന

കര്‍ക്കിടക രാത്രിയുടെ

മധ്യഭാഗത്ത്

പനിച്ചു വിറച്ചൊരുവള്‍

ഞെട്ടി എഴുന്നേറ്റു.

തല വഴി പുതപ്പു മൂടി

വിറച്ചു വിറച്ചവള്‍

കിടന്നു,

ആല്‍ത്തറയിലെന്ന

പോലെ

മയക്കത്തില്‍

ചുറ്റിലും വേരുകള്‍

തൂങ്ങുന്നു.

നിന്റെ തന്ത തരാമെന്നു

പറഞ്ഞതെവിടെടീ?

എന്ത് കണ്ടിട്ടാടീ?

കെട്ടി വച്ചതല്ലെടീ?

എടീ എടീ എടീ

കാറ്, വീട്,

ഫ്രിഡ്ജ്, എ.സി

എടീ എടീ എടീ..

ഉറക്കം വരാതെ

തിരിഞ്ഞും മറിഞ്ഞും

എഴുന്നേറ്റു.

ശരിയാണ്,

എല്ലാം ശരിയാണ്.

പിന്നെയും പിന്നെയും

കയറുകള്‍ തൂങ്ങിയാടുന്നത്

കണ്ടെണീറ്റു.

രാത്രിയില്‍

കുത്തിക്കെടുത്തിയ

സിഗരറ്റിന്റെ പൊള്ളല്‍

നടത്തത്തിന്റെ

വേഗത കുറച്ചു.

വല്ലാത്ത നീറ്റല്‍

മോളെ, മോളെ, മോളെ

മുന്നിലെ വാക്കുകള്‍

മാറി മാറി വരുന്ന

മോളെ വിളികള്‍.

വല്ലാതെ ഭ്രാന്തു പിടിച്ച

നിമിഷത്തിലാണ്

വേച്ചു വേച്ച്

ബോര്‍ഡിനടുത്തേക്ക് നടന്നത്.

ശാന്തി സമാധാനം

കുറച്ചു വേണ്ടത് അതാണ്

നീലഛായപെന്‍സില്‍ എടുത്തു

ബുദ്ധാ

ശാന്ത

സമാധാനം.

പതുക്കെ ബോര്‍ഡില്‍

ബുദ്ധന്‍ തെളിയാന്‍

തുടങ്ങി.

കടിപ്പാടുകളാല്‍

കറുങ്കലിച്ച മാറിടം

ബുദ്ധനായി ചുരത്തി.

കണ്ണുകള്‍,

ചുണ്ടുകള്‍.

ബുദ്ധന്റെ കുട്ടിയെ

പ്രസവിക്കാനായി

ഒരുങ്ങി

ബുദ്ധാ ബുദ്ധാ

വരച്ചു വരച്ചവളൊരു

ബുദ്ധനായി!

നായിന്റെ മോളേ

കഴുവേറി മോളേ

പുലയാടി മോളേ..

അസ്വാതന്ത്ര്യ കോട്ടയിലാണ് താന്‍.

കയറുകള്‍ തൂങ്ങിയാടുന്നു

ഈ കൊട്ടാരത്തില്‍

നിന്ന്

സ്വാതന്ത്ര്യത്തിലേക്കാണ്

ബുദ്ധന്‍ നടന്നത്

ബുദ്ധാ

സ്വാതന്ത്ര്യത്തിന്റെ

ദേവാ..

പാതിവരച്ച

ബുദ്ധനെ സാക്ഷിയാക്കി

സ്വാന്ത്ര്യത്തിലേക്ക് അവള്‍

തൂങ്ങിയാടി

ശാന്തി സമാധാനം സ്വാതന്ത്ര്യം.

(പേരക്ക ബുക്‌സ് ആണ് പുസത്കത്തിന്റെ പ്രസാധകര്‍)

......................

TAGS :