Quantcast
MediaOne Logo

ജെ. രഘു

Published: 12 Oct 2023 1:04 PM GMT

നാരായണഗുരുവിന് ഒരു കിനാവുണ്ടായിരുന്നു!

(തന്റെ ഭക്തര്‍ക്കും അനുയായികള്‍ക്കും നാരായണ ഗുരു സമര്‍പ്പിക്കുന്ന ഒരു സാങ്കല്‍പിക സങ്കടഹര്‍ജി)

മോദസ്ഥിരനായങ്ങു വസിപ്പു
X

നമുക്കൊരു കിനാവുണ്ടായിരുന്നു,

സനാതനത്വത്തിന്റെ കഴുമരത്തില്‍

തൂക്കരുത്, നമ്മെ!

നമുക്കൊരു കിനാവുണ്ടായിരുന്നു,

ഭാവനാ ശൂന്യതയുടെ മനോരാജ്യങ്ങളിലെ-

മണിവര്‍ണനാക്കരുത്, നമ്മെ!

നമുക്കൊരുകിനാവുണ്ടായിരുന്നു,

നമ്മുടെ വാക്കുകളെ,

'വെളിപ്പാടു'കളുടെ 'വെളിച്ചപ്പാടു' കൊണ്ട് മറയ്ക്കരുത്!

നമുക്കൊരു കിനാവുണ്ടായിരുന്നു,

ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയു ചെയ്ത

എല്ലാ മനുഷ്യസ്‌നേഹികള്‍ക്കും ചരിത്രം

നല്‍കിയ മൃത്യുവിന്റെ മാന്യത നമുക്കും നല്‍കേണം!

നമുക്കൊരു കിനാവുണ്ടായിരുന്നു,

മര്‍ദ്ദിതമാനവികതയ്ക്കു വേണ്ടി,

നാം പാടിയ ഉണര്‍ത്തുപാട്ടുകളെ,

തളര്‍ത്തുപാട്ടുകളാക്കരുത്!

നമുക്കൊരു കിനാവുണ്ടായിരുന്നു.

ചരിത്രത്തില്‍ നിന്നു നിഷ്‌കാസനം

ചെയ്യരുത്, നമ്മെ!

നമുക്കൊരുകിനാവുണ്ടായിരുന്നു,

'മനുഷ്യന്‍നന്നായാല്‍ മതി'യെന്നു പറഞ്ഞ-

നമ്മെ, ഒരു മതസ്ഥാപകനാക്കരുത്!

നമുക്കൊരുകിനാവുണ്ടായിരുന്നു,

നമുക്കുമേല്‍ പ്രവാചക കിരീടം ചാര്‍ത്തരുത്!

നമുക്കൊരുകിനാവുണ്ടായിരുന്നു,

ഒരു ആത്മീയ പഴംപാട്ടുകാരനാക്കരുത്, നമ്മെ!

നമുക്കൊരുകിനാവുണ്ടായിരുന്നു,

മര്‍ദ്ദിതജാതികള്‍,

വിമോചിത ജനതയായി കുതിക്കുന്നത് തടയരുതാരും!

നമുക്കൊരു കിനാവുണ്ടായിരുന്നു,

വിമോചനത്തിന്റെ പാതയില്‍

സനാതന കുരുതിമതമന്ത്രങ്ങള്‍ മന്ത്രിക്കരുത്!

നമുക്കൊരു കിനാവുണ്ടായിരുന്നു,

'പഠിച്ച മണ്ടന്‍'മാരുടെ കൈയിലെ-

കളിപ്പാവയാക്കരുത്, നമ്മെ!

നമുക്കൊരുകിനാവുണ്ടായിരുന്നു,

ആധുനികതയുടെ പിള്ളത്തടത്തില്‍ പിച്ചവെച്ച

നമ്മെ, പഴമയുടെ പിണത്തടത്തിലേയ്ക്ക് വലിച്ചെറിയരുത്!

നമുക്കൊരു കിനാവുണ്ടായിരുന്നു,

'എന്റെയാണീശ്വരനാദ്ധ്യാത്മികാഗമ-

മെന്തുമിപ്പൊന്‍ചെപ്പിലിട്ടു പൂട്ടാ'മെന്ന

ആദ്ധ്യാത്മിക ദുരധികാരത്തെ വെല്ലുവിളിച്ച,

നമ്മെ, വീണ്ടുമാ പൊന്‍ചെപ്പിലിട്ടു പൂട്ടരുത്!

നമുക്കൊരു കിനാവുണ്ടായിരുന്നു.

അറിവൊളിയുടെ ശരറാന്തലുമായി-

കേരളത്തിലെ ഏഴകള്‍ക്കിടയിലലഞ്ഞ-

നമ്മെ, സ്വയംഭൂവിന്റെ ശരശയ്യയില്‍ കിടത്തരുത്!

നമുക്കൊരു കിനാവുണ്ടായിരുന്നു,

കനിവൊരിറ്റു വേണം, നമുക്ക്!

നമുക്കൊരു കിനാവുണ്ടായിരുന്നു,

'മോദസ്ഥിരനായങ്ങു വസിപ്പു'വാനനുവദിച്ചാലും, നമ്മെ!

-

TAGS :