രണ്ട് വാട്ടര്‍കളര്‍ കവിതകള്‍ - Poetry
| കവിത
(1)
ഹാന്‍ഡ്‌മെയ്ഡ് ഡെത്ത്
മഞ്ഞ ജലച്ഛായംകൊണ്ട്
ഞാനെന്നെ വരക്കാന്‍ ശ്രമിക്കുന്നു.
കുതിര്‍ന്ന ഹാന്‍ഡ്‌മെയ്ഡ്
പേപ്പറില്‍ നിന്ന് നിറം
എന്നെ ഉപേക്ഷിച്ച്
നീരാവിയായി പൊങ്ങുന്നു.
പര്‍പ്പിള്‍ വയലറ്റുകൊണ്ട്
ഞാനെന്റെ ആത്മാവിനെ
വാഷ് ചെയ്യുന്നു.
അതൊരിരുണ്ട സെപ്പിയാടോണില്‍
ഒലിച്ചിറങ്ങുന്നു.
ഞാനെന്നെ
ജലാശയത്തിന്റെ
അടിത്തട്ടിലേക്ക്
ചേര്‍ത്തു വെയ്ക്കുന്നു.
മീനുകള്‍
ക്യാന്‍വാസില്‍ നിന്നെന്നപോലെ
ചുവപ്പിനെ സ്വതന്ത്രമാക്കുന്നു.
(2)
കറുപ്പുകൊണ്ട് കടവാവലിനെ വരയ്ക്കുന്ന വിധം.
സ്വപ്നത്തില്‍ കണ്ട
പൂത്ത വാകമരത്തിന്റെ
ആകാശക്കാഴ്ചയെ
ഞാനവളുടെ കുപ്പായത്തില്‍
വരച്ചുവെയ്ക്കുന്നു.
ജലച്ഛായം
കുടഞ്ഞതുപോലെ
ചിത്രശലഭങ്ങള്‍
കുപ്പായത്തെ പൊതിയുന്നു.
നിലാവ് കാലിടറി വീണ
ഒരു നഗരരാത്രി
ഞാന്‍ സ്വപ്നം കാണുന്നു
നിഴല്‍വീണിടത്തെല്ലാം
ഞാന്‍ കടും മഞ്ഞകൊണ്ട്
സൂര്യകാന്തിപ്പാടം വരച്ചു.
കുപ്പായത്തില്‍ പൂത്തുനിന്ന
വാകമരത്തിലേക്കാരോ കടവാവലുകളുടെ കറുപ്പ്
കോരിയൊഴിക്കുന്നു.
ഞാനെന്നെ എന്നോട്
ചേര്‍ത്ത് കെട്ടി
നഗരമധ്യത്തില്‍ വരച്ചുവെച്ച
ആഷ്‌ഗ്രേ നിറമുള്ള പുഴയിലേക്ക് വലിച്ചെറിഞ്ഞു.