ഉത്ര, വിസ്മയ, Next ? - ലിവിങ് ടുഗെതര്‍ | നോവല്‍
ലിവിങ് ടുഗെതര്‍ | നോവല്‍, അധ്യായം 18
അതിനിടയില്‍ ശിഹാബുദീന്റെ ഫോണ്‍ റിങ് ചെയ്തു.
'മൃദുലയും പ്രിയദര്‍ശനും നമ്മുടെ പിടിയില്‍ ആയിട്ടുണ്ട്. അതിര്‍ത്തി വിടാനുള്ള ഒരുക്കത്തില്‍ ആയിരുന്നു രണ്ടും. പക്ഷേ, ഷാഡോ പൊലീസിന്റെ കയ്യില്‍ പെട്ടിട്ടുണ്ട്.'
അതേ സമയം ഓഫീസിന് വെളിയില്‍.
എസ്.പി ഓഫീസിലേക്ക് താരക ഓട്ടോറിക്ഷയില്‍ വന്നിറങ്ങി. മാഡത്തിനെ കാണണമെന്ന് സെക്ഷനില്‍ പറഞ്ഞപ്പോള്‍ റിസപ്ഷനിസ്റ്റ് പേരും വിവരങ്ങളും ചോദിച്ചു. താരക എന്ന പേരും ബാക്കി ഡീറ്റെയില്‍സ് കേട്ടപ്പോള്‍ തന്നെ റിസപ്ഷനിസ്റ്റിന് ഇതാണ് എസ്.പി പറഞ്ഞ് ഏല്‍പ്പിച്ച ആള്‍ എന്ന് മനസ്സിലായി. എങ്കിലും അവര്‍ ഫോണില്‍ എസ് .ിയെ കോണ്‍ടാക്ട് ചെയ്തു. കാത്തിരിക്കുന്ന വിവരം അറിയിച്ചപ്പോള്‍ ഒരു മീറ്റിങ്ങിലാണെന്നും അത് കഴിഞ്ഞ ഉടനെ താരകയെ കാണാമെന്ന് അറിയിക്കാനും പറഞ്ഞു.
'മാഡം ഒരു മീറ്റിംഗില്‍ ആണ്. നിങ്ങള്‍ ഒന്ന് കാത്തിരിക്കു, കണ്ടിട്ട് പോയാല്‍ മതി.'
ശരി, എന്ന് പറഞ്ഞ് അവിടെ കിടന്നിരുന്ന ചെയറുകളില്‍ ഏറ്റവും അറ്റത്ത് പോയി അവള്‍ ഇരുന്നു. കുറച്ചു നേരത്തിന് ശേഷം കണ്ണുകള്‍ അടച്ച് ചിന്തയുടെ ഏതോ ലോകത്തേക്ക് അവള്‍ വീണിരുന്നു.
അവശയായ ഒരു സ്ത്രീരൂപമായിരുന്നു താരക. യുവതിയായ അവള്‍ കുര്‍ത്തയും പൈജാമയും ആയിരുന്നു വേഷം. പക്ഷേ, യുവത്വത്തിന്റെ യാതൊരു പ്രസരിപ്പും ആ മുഖത്ത് ഉണ്ടായിരുന്നില്ല. തളര്‍ന്ന് പരവശയായ, പ്രായത്തില്‍ കവിഞ്ഞ ക്ഷീണവുമേന്തിയ ഒരു സാധാരണ സ്ത്രീ രൂപമായിരുന്നു അവളുടേത്. ഒരു കയ്യില്‍ നാലോ അഞ്ചോ വയസ്സ് ഏകദേശം പ്രായം വരുന്ന ഒരു പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. ജീവിതത്തിന്റെ നിരാശാഭരിതമായ വൃത്തികെട്ട മുഖത്തിനെ മുഖാമുഖം നേരിട്ടുകൊണ്ടും കണ്ടുകൊണ്ടിരിക്കുന്ന ഒരു യുവതിയുടെ തികഞ്ഞ പ്രതിരൂപം ആയിരുന്നു താരകയ്ക്ക് ഉണ്ടായിരുന്നത്. ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്നത് വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്തൃവീട്ടുകാരില്‍ നിന്നുള്ള പരിഗണനയാണ്. മകള്‍ എന്ന പരിഗണന എന്ന് പറഞ്ഞാല്‍ കുറച്ചേറി പോകും. അതുകൊണ്ട് മകള്‍ എന്ന പരിഗണനയില്ലെങ്കിലും മനുഷ്യന്‍ എന്ന പരിഗണനയെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരായി വിവാഹിതയായ ഏത് സ്ത്രീയാണ് ഉള്ളത്! വിവാഹ ജീവിതത്തിനെ എത്രയെല്ലാം മോഡണൈസേഷന്‍ ചെയ്ത ഡെഫനീഷന്‍സില്‍ അവതരിപ്പിച്ചാലും ഇത് എല്ലാ പെണ്‍കുട്ടികളുടെയും ഉള്ളില്‍ ഉള്ള ഒരു ചെറിയ ആഗ്രഹമാണ്. അതിന്റെ വ്യാപ്തി അറിയാവുവര്‍, അതെല്ലാം ഒരിക്കലും ലഭിക്കില്ലെന്ന തിരിച്ചറിവില്‍ ആത്മഹത്യ ചെയ്ത സഹോദരിമാര്‍ക്ക് മാത്രമാണ്.
തങ്ങള്‍ ആ വീട്ടില്‍ മരുമകളുടെ സ്ഥാനത്ത് പോയിട്ട് വേലക്കാരിയുടെ സ്ഥാനത്ത് പോലും ഇല്ലെന്ന് തിരിച്ചറിയുമ്പോഴുള്ള അവസ്ഥ എന്തെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം കിട്ടില്ല. കാരണം, ആ അവസ്ഥയിലൂടെ കടന്നുപോകാത്തവര്‍ക്ക് അതിന്റെ ഉത്തരം നല്‍കാന്‍ കഴിയില്ല. ആ വേദനയുടെ തീവ്രതയും ആഴവും അനുഭവിക്കുന്ന ഒരോ പെണ്‍കുട്ടിയുടെയും മുഖവും അവസ്ഥകളും താരകയുടെ തന്നെ ആയിരിക്കുമെന്ന് നിസ്സംശയം പറയാം. ആര്‍ക്കുവേണമെങ്കിലും ആരെയും ആശ്വസിപ്പിക്കാം. പക്ഷേ, അനുഭവിക്കുന്ന വ്യക്തിയുടെ വേദനയുടെ ആഴത്തിനെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും ആരുടേയും ആശ്വാസവാക്കുകള്‍ക്ക് കഴിയില്ല. അതിനേക്കാള്‍ കൂടുതല്‍ നെഞ്ച് തകരുന്ന രണ്ടുപേര്‍ ഉണ്ടായിരിക്കും അവള്‍ക്ക് ചുറ്റിലും. അവളുടെ അച്ഛനും അമ്മയും ആണ് അത്. തങ്ങള്‍ വളരെയധികം പ്രതീക്ഷയോടെ കൂടി മകളെ കൈ പിടിച്ച് ഏല്‍പ്പിക്കുമ്പോള്‍ മരുമകന്‍ അവര്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടവനും വിശ്വസ്തനും വലിയവനും ആയിരിക്കുമെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും പെണ്‍മക്കള്‍ ഉണ്ടായിരിക്കണം. അവരോട് നിങ്ങള്‍ക്ക് ഉള്ള സ്‌നേഹം ആത്മാര്‍ഥമാണെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും മരുമകളെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയില്ല. കാരണം, അവളെ വളര്‍ത്തി വലുതാക്കിയ ആ മാതാപിതാക്കളുടെ വേദന നിങ്ങളെ പോലെ മറ്റൊരാള്‍ക്കും മനസിലാവില്ല. പക്ഷേ, നിങ്ങള്‍ നിങ്ങളുടെ മരുമകളെ ദ്രോഹിക്കുന്നുവെങ്കില്‍ ഉറപ്പിച്ചോ നിങ്ങളുടെ മക്കളെയും നിങ്ങള്‍ സ്‌നേഹിക്കുന്നില്ല. നല്ല അച്ഛനും അമ്മക്കും നിങ്ങള്‍ ജനിക്കാത്തതിന്റെ കുറവുമാത്രം കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു കൃത്യം ചെയ്യാന്‍ യാതൊരു സങ്കോചവും നിങ്ങള്‍ക്ക് തോന്നാത്തത് എന്നോര്‍ത്ത് സമാധാനിക്കണം.
ഇരുപത്തിനാല് വര്‍ഷത്തോളം കൂടെയുണ്ടായിരുന്ന മകളെ ആരതിയും അമ്പാരിയും ഉഴിഞ്ഞ് കൂട്ടികൊണ്ട് പോയിട്ട് ആ വീട്ടില്‍ ഒരു പട്ടിയുടെ വിലപോലുമില്ലാതെ ദ്രോഹിക്കുന്നത് കാണുമ്പോള്‍ ഏത് അച്ഛനും അമ്മയുമാണ് സമാധാനത്തോടു കൂടി ഒരു നിമിഷം എങ്കിലും ഇരിക്കുക? ഏത് അച്ഛനും അമ്മയുമാണ് ഒരു തവണയെങ്കിലും സന്തോഷത്തോടെ ചിരിക്കുക? അവരുടെ എല്ലാ സന്തോഷവും സമാധാനവും സങ്കല്‍പങ്ങളും സ്വപ്നങ്ങളും ജീവിതവും ജീവനുമാണ് തകര്‍ന്നടിയുന്നത്. ഇത്രയും ഓര്‍ക്കുന്നതിനിടയില്‍ താരകയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. പെട്ടെന്ന് കണ്ണുകള്‍ തുറന്ന അവള്‍ ചുറ്റിലും നോക്കി. ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റിലും നോക്കിയപ്പോഴാണ് തനിക്ക് ചുറ്റിലും ഉണ്ടായിരുന്ന ആളുകളെല്ലാം ഒഴിഞ്ഞ് അവിടം ശൂന്യമായത് താരകയ്ക്ക് മനസിലായത്. കണ്ണുകള്‍ തുടച്ച് അവള്‍ എഴുന്നേറ്റ് തുറന്നു കിടക്കുന്ന ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. ഒരു മകള്‍ ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് താരകയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാകും എന്ന് പറയേണ്ട ആവശ്യം ഇവിടെയില്ല. കാരണം, സ്വന്തം മകളുടെ നിലനില്‍പിനും സന്തോഷത്തിനും ജീവിതത്തിനും വേണ്ടി ഇവിടെ ഒരു കുടുംബം ആവശ്യപ്പെടുന്നത് മരുമകളുടെ താലിയാണ്. കഴുത്തില്‍ കിടക്കുന്ന താലിയില്‍ ഇറുക്കി പിടിച്ചുകൊണ്ട് താരക കണ്ണിറുക്കി. കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഉതിര്‍ന്ന് താഴേക്ക് വീണു.
ഓഫീസിലേക്ക് വരുവാനുള്ള നിര്‍ദേശം താരകയ്ക്ക് കൈമാറുവാന്‍ റിസപ്ഷനിസ്റ്റിനോട് എസ്.പി പറഞ്ഞതും, അടുത്ത നിമിഷത്തില്‍ ഭാവനയ്ക്ക് വന്ന ഫോണ്‍ കോള്‍ വളരെയധികം ഇമ്പോര്‍ട്ടന്‍സ് ഉള്ളതായിരുന്നു. തങ്ങള്‍ തേടിക്കൊണ്ടിരുന്ന എല്ലാവരും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലിരുന്നു വിയര്‍ക്കുകയാണ്. കരിങ്കണ്ഡത്തില്‍ ചന്ദ്രിക, ഭര്‍ത്താവ് ബാഹുലേയന്‍, മകന്‍ നഥാന്‍, പെങ്ങള്‍ മൃദുല, മൃദുലയുടെ ഭര്‍ത്താവ് പ്രിയദര്‍ശന്‍. ഓരോരുത്തരും വ്യത്യസ്തമായ അഭിമുഖ പരീക്ഷയിലൂടെ കടന്നു പോവുകയായിരുന്നു. അതില്‍ നുണക്കഥകള്‍ പറഞ്ഞു പിടിച്ചുനില്‍ക്കാന്‍ പരസ്പരം പൊരുതിക്കൊണ്ടിരുന്നു അവര്‍. കൂട്ടത്തില്‍ കുറച്ചെങ്കിലും നുണക്കഥയില്‍ ആശ്വാസം പകര്‍ന്നത് ബാഹുലേയന്‍ മാത്രമായിരുന്നു. നഥാനും ബാഹുലേയനും മാത്രമാണ് തങ്ങള്‍ അകപ്പെട്ടിരിക്കുന്ന ഗര്‍ത്തത്തിന്റെ ആഴം പിടികിട്ടിയിട്ടുള്ളത്. ബാക്കി മൂന്നുപേരും നുണകള്‍ പറയുന്നു, മാറ്റിപ്പറയുന്നു, അതില്‍ വീണ്ടും മാറ്റി പറയുന്നു. കഥകള്‍ ഇറക്കി കൊണ്ടേയിരിക്കുന്നു.
'വരു... ഞാന്‍ കാത്തിരിക്കുകയായിരുന്നു.'
'പൊലീസ് അന്വേഷിച്ച് വന്നിട്ടുണ്ടായിരുന്നു വീട്ടില്‍. ഇസബെല്ലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നഥാന്റെ ഭാര്യയാണ് ഞാന്‍. പേര് താരക.' തന്നെക്കുറിച്ച് ഒരു ഇന്‍ട്രൊഡക്ഷന്റെ ആവശ്യമില്ലെന്ന് താരകയ്ക്ക് നന്നായി അറിയാം. പക്ഷേ, പൊലീസ് സ്റ്റേഷനില്‍ വന്ന് മറ്റെന്തു പറഞ്ഞ് തുടങ്ങണമെന്ന് അവള്‍ക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു. ഹൃദയം പടപട മിടിക്കുന്നു, കൈകാലുകള്‍ വിറക്കുന്നു, ചുണ്ടുകള്‍ വരണ്ട് ദാഹിക്കുന്നു.
കഴിഞ്ഞതവണ കാണാന്‍ വേണ്ടി ഇങ്ങോട്ട് വന്നതാണെങ്കിലും ഇത്രയധികം ഭയന്നിരുന്നില്ല. പക്ഷേ, ഇപ്പോള്‍ കാണണമെന്ന് ആവശ്യവുമായി തന്റെ വീട്ടിലേക്ക് പൊലീസുകാരനെ വിട്ടപ്പോള്‍ ഭയം തന്നെ വരിഞ്ഞ് മുറുകുന്നു. അവളുടെ ആത്മഗതം മനസ്സിലാക്കിയിട്ടെന്ന പോലെ എസ്.പി പറഞ്ഞു, 'ഇതെല്ലാം എനിക്ക് അറിയുന്ന വിവരങ്ങള്‍ ആണല്ലോ? നിങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം അറിഞ്ഞതിനുശേഷമാണ് ഞാനിവിടെ വിളിച്ച് വരുത്തിയിട്ടുള്ളത്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം മാത്രം മതി. നിങ്ങളെ ചോദ്യം ചെയ്യാന്‍ യഥാര്‍ഥത്തില്‍ എന്റെ ആവശ്യമില്ല. സ്റ്റേഷനില്‍ നിന്നും ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിട്ടു ചെയ്യിപ്പിക്കാവുന്നതേയുള്ളൂ. പക്ഷേ, നിങ്ങള്‍ ഒരിക്കല്‍ എന്നെ കാണാന്‍ ഇങ്ങോട്ട് വന്ന വ്യക്തിയാണ്. എന്നിട്ട് കാണാന്‍ സാധിക്കാതെ ഒരു ദിവസം മുഴുവന്‍ നിങ്ങള്‍ ഇവിടെ കാത്തിരുന്നു. പിന്നീടാണ് നിങ്ങള്‍ നഥാന്റെ ഭാര്യയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. അപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ ഇവിടെ വന്നിരുന്നത് എന്തിനാണെന്നും എന്തു വിഷയം പറയാനാണ് ആഗ്രഹിക്കുന്നതെന്നും എനിക്കറിയണം. അതുകൊണ്ടാണ് ഓഫീസിലേക്ക് വിളിപ്പിച്ചത്. എന്തിനായിരുന്നു നിങ്ങളെന്നെ കാണാന്‍ വന്നിരുന്നത്?'
The wrong doers fear that the moment she opens her mouth...!
(തുടരും)
അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.