Quantcast
MediaOne Logo

ഫസീല നൂറുദ്ദീന്‍

Published: 17 Aug 2024 1:21 PM GMT

വാഴ: തലതെറിച്ച പിള്ളേരുടെ (സു)വിശേഷങ്ങള്‍

കൗമാരസൗഹൃദങ്ങളെ ഗൃഹാതുരത്വത്തോടെ നര്‍മത്തില്‍ പൊതിഞ്ഞവതരിപ്പിച്ച ചിത്രം വൈകാരികമായ തലങ്ങളിലേക്കും പ്രേക്ഷകനെ കൈപിടിച്ച് നടത്തുന്നുണ്ട്.

വാഴ: തലതെറിച്ച പിള്ളേരുടെ (സു)വിശേഷങ്ങള്‍
X

'ബയോപിക്ക് ഓഫ് എ ബില്യണ്‍ ബോയ്‌സ്' എന്ന ടാഗ് ലൈനോടെ പ്രദര്‍ശനത്തിനെത്തിയ ആനന്ദ് മേനോന്റെ 'വാഴ' യഥാര്‍ഥത്തില്‍ തലതെറിച്ച ആണ്‍പിള്ളേരുടെ നേര്‍ക്ക് തിരിച്ചു വെച്ചൊരു ദര്‍പ്പണമാണ്. ശരാശരി മലയാളി വീട്ടകങ്ങളില്‍ ഒരിയ്ക്കലെങ്കിലും പറഞ്ഞു കേട്ട അപൂര്‍ണ്ണമായ വാക്യമായിരിക്കും 'നിനക്ക് പകരം വല്ല വാഴയും..' ഈ പ്രയോഗത്തെ ഊട്ടിയുറപ്പിക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങളിലൂടെ തെളിഞ്ഞും കലങ്ങിയും ഒഴുകിയലച്ചെത്തുകയാണ് ഈ ചിത്രം.

മലയാളികളുടെ ഔദ്യോഗികവൃക്ഷം പോലെ അടിമുടി ഉപയോഗപ്രദമായ സസ്യമാണ് വാഴയെങ്കിലും, കുടുംബത്തിന് ഒരു ഉപകാരവുമില്ലാത്ത, ഉത്തരവാദിത്തബോധമില്ലാത്ത, സന്തതികള്‍ എല്ലാ കാലത്തും ഈ വാക്കിനോട് പര്യായപ്പെടുന്നു എന്നതിലൊരു വൈരുധ്യമുണ്ട്. ഒരു ഗുണവുമില്ലാത്ത മക്കള്‍ക്ക് പകരം ഇത്രയും സവിശേഷതകള്‍ നിറഞ്ഞ വാഴ നട്ടാല്‍ മതിയായിരുന്നു എന്നായിരുന്നിരിക്കാം ആ ആത്മഗതം എന്നൊരു വശം കൂടെയുണ്ടല്ലോ.

പരസ്പരം അകറ്റിനിര്‍ത്തി മക്കളെ 'നേരെയാക്കാന്‍' നോക്കുന്ന താതന്റെ കണ്ണുവെട്ടിച്ചു, തന്റെ കുഞ്ഞിന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്ന അമ്മമനസ്സ് ഇടയ്‌ക്കൊന്ന് മിന്നിമറയുന്നത് കാണാം. മക്കള്‍ ചെയ്യുന്ന എല്ലാ തലതിരിവുകള്‍ക്കും അവരുടെ ചങ്ങാതിമാരെ കുറ്റം പറഞ്ഞു, ആ സൗഹൃദത്തിന് ഭ്രഷ്ട് കല്‍പിച്ചു, ഒടുവില്‍ 'നമ്മുടെ മക്കള്‍' എന്ന ചേര്‍ത്തുപിടിക്കലിലേക്ക് ഓരോ രക്ഷിതാക്കളും മാറിപ്പോകുന്നതും സിനിമയില്‍ ദൃശ്യമാണ്.

തുടക്കത്തില്‍ തന്നെ, പേരിനെ അന്വര്‍ഥമാക്കും വിധം, പ്രതീകാത്മകമായ ജനനവും (വാഴയുടെ) പിറവിയും അവതരിപ്പിച്ചത് മുതല്‍ ഒരു തലമുറക്കൊപ്പം പ്രേക്ഷകരും വളര്‍ന്നു തുടങ്ങുന്നു. പള്ളിക്കൂടസൗഹൃദം മുതല്‍ ഓരോ നിമിഷവും ആനന്ദിച്ചും അര്‍മാദിച്ചും ആഘോഷമാക്കുന്ന ബാല്യകൗമാരങ്ങള്‍, വീട്ടുകാര്‍ക്ക് വരുത്തുന്ന തലവേദന നേര്‍ക്ക് വരച്ചിടുന്നുണ്ട് ചിത്രം.

തങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് മക്കളെ വളര്‍ത്തുന്ന, തനിക്കാവാന്‍ കഴിയാത്തത് മക്കളിലൂടെ സാക്ഷാത്കരിക്കാന്‍ തിടുക്കപ്പെടുന്ന മാതാപിതാക്കള്‍ എല്ലാ കാലത്തുമുണ്ട്. ഇവിടെയും സമാനമാണെങ്കിലും വ്യത്യസ്തത പുലര്‍ത്തിയത് അച്ഛന്‍മാരുടെ വൈകാരികതയാണ്. അമ്മമാരുടെ അസാന്നിധ്യം നിഴലിച്ചു നിന്നിടത്ത് തങ്ങളുടെ ഇച്ഛക്കനുസരിച്ച് മക്കളെ വാര്‍ത്തെടുക്കാന്‍ ഓരോ അച്ഛന്‍ കഥാപാത്രവും നിറഞ്ഞാടി. രൂപസാദൃശ്യങ്ങള്‍ കൊണ്ട് നൂറു ശതമാനം നീതി പുലര്‍ത്താനും ഓരോ പിതാ-പുത്രന്‍ ജോഡിക്ക് കഴിഞ്ഞു എന്നത് സിനിമയുടെ പ്ലസ് പോയിന്റ് ആണ്. അതുകൊണ്ടു തന്നെ അവരും, തങ്ങളുടെ പ്രതീക്ഷകള്‍ക്കെതിരായി മാത്രം വര്‍ത്തിക്കേണ്ടി വരുന്ന മക്കളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സിനിമക്ക് പുറത്തെന്നതുപോലെ നോക്കിക്കാണാം. പിതാക്കന്മാരായി അഭിനയിക്കുന്നത് ഇരുത്തം വന്ന കോമേഡിയന്‍മാരായിട്ടും സ്‌നേഹവും വാത്സല്യവും ദേഷ്യവും സംഘര്‍ഷവുമെല്ലാം ആവാഹിച്ചഭിനയിച്ചപ്പോള്‍ പലയിടത്തും പ്രേക്ഷകന്റെ കണ്ണ് നിറഞ്ഞു.

ഇഴയടുപ്പം ഒളിപ്പിച്ച്, കാര്‍ക്കശ്യം കൊണ്ട് മക്കളെ ട്രീറ്റ് ചെയ്യുന്ന ശരാശരി അച്ഛനും, അതിലൊന്നും ശ്രദ്ധയുടക്കാതെ തന്റെ ലോകം മനോഹരമാക്കാന്‍ ചുറ്റുമുള്ളതെല്ലാം മറന്നര്‍മാദിക്കുന്ന മകനും നമ്മളില്‍ നിന്ന് തന്നെയല്ലേ എന്ന് ചിന്തിക്കാതിരിക്കില്ല ആരും.

പരസ്പരം അകറ്റിനിര്‍ത്തി മക്കളെ 'നേരെയാക്കാന്‍' നോക്കുന്ന താതന്റെ കണ്ണുവെട്ടിച്ചു, തന്റെ കുഞ്ഞിന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്ന അമ്മമനസ്സ് ഇടയ്‌ക്കൊന്ന് മിന്നിമറയുന്നത് കാണാം. മക്കള്‍ ചെയ്യുന്ന എല്ലാ തലതിരിവുകള്‍ക്കും അവരുടെ ചങ്ങാതിമാരെ കുറ്റം പറഞ്ഞു, ആ സൗഹൃദത്തിന് ഭ്രഷ്ട് കല്‍പിച്ചു, ഒടുവില്‍ 'നമ്മുടെ മക്കള്‍' എന്ന ചേര്‍ത്തുപിടിക്കലിലേക്ക് ഓരോ രക്ഷിതാക്കളും മാറിപ്പോകുന്നതും സിനിമയില്‍ ദൃശ്യമാണ്.


തന്റെ ലക്ഷ്യം നേടിയെടുക്കാന്‍ തന്റെ മകന് കഴിയില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു പിന്നീട് ഓരോ പിതാവും അതിനോട് പൊരുത്തപ്പെടുന്നു. സിനിമയുടെ ക്ലൈമാക്‌സിലേക്കടുക്കുമ്പോള്‍, മക്കള്‍ക്കു നേരെ വരുന്ന വാക്ശരങ്ങളെ അങ്ങേയറ്റം ക്ഷമയോടെ നേരിട്ട്, ഒടുവില്‍ ക്ഷോഭ്യമടക്കാനാവാതെ അപരസാന്നിധ്യത്തില്‍ പൊട്ടിത്തെറിക്കുമ്പോള്‍, മകനെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ അച്ഛന്‍ ഹൃദയം കല്ലുരുകി കല്‍ക്കണ്ടത്തുണ്ട് ആവുന്നത് പ്രേക്ഷകര്‍ തൊട്ടറിയും.

സാമൂഹ്യമാധ്യമങ്ങളിലൂടെ ചിരപരിചിതരായ Content Creators ആണ് അഭിനേതാക്കള്‍ എന്നതിനാല്‍ പുതുമുഖങ്ങളെന്ന അപരിചിതത്വം പ്രേക്ഷകനുണ്ടാവാനിടയില്ല. പ്രത്യേകിച്ച് യുവതലമുറക്ക്. തങ്ങളിലെ തന്നെ ചിലര്‍ മുന്നിലെ സ്‌ക്രീനില്‍ വന്നു ജീവിക്കുകയാണെന്ന് അവര്‍ക്ക് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

രക്ഷിതാക്കളുടെ പ്രതീക്ഷക്കൊത്ത് 'വളര്‍ന്നു വലുതായവരും' ഈ ചിത്രത്തില്‍ സമാന്തരമായി ജീവിക്കുന്നുണ്ട്. ആഗ്രഹം പോലെ White Caller ജോലി കിട്ടി വിദേശത്തേക്ക് പറന്നെങ്കിലും, സ്‌നേഹിച്ച പെണ്ണിനെ സ്വന്തമാക്കിയെങ്കിലും ഒരുവേള കുടുംബബന്ധത്തില്‍ വിള്ളല്‍ വീഴുന്നതും സിനിമ വരച്ചു കാട്ടുന്നു. തലമുറ മാറിവരുന്നതിനനുസരിച്ചു ബന്ധങ്ങളുടെ ദൃഢത കുറയുമ്പോള്‍ 'ഇന്നിന്റെ മകനു' മുന്നില്‍, ജീവിതസായാഹ്നത്തില്‍ ഒരച്ഛന്‍ നെഞ്ചുപൊട്ടുന്നത് കാണാനാകും.

മുന്‍കാലാനുഭവങ്ങള്‍ സ്വന്തം ഇഷ്ടത്തിനെതിരായിട്ടും അച്ഛനിലേക്ക് കുറ്റപ്പെടുത്തലുകള്‍ നീട്ടിയിട്ടും, തന്റെ മക്കള്‍ ഏത് ട്രാക്കിലൂടെ സഞ്ചരിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്ന ടിപ്പിക്കല്‍ ചിന്താഗതി വെച്ചുപുലര്‍ത്തുന്നൊരു ന്യൂ ജനറേഷന്‍ അച്ഛനെയും കണ്ടു.

കൗമാരസൗഹൃദങ്ങളെ ഗൃഹാതുരത്വത്തോടെ നര്‍മത്തില്‍ പൊതിഞ്ഞവതരിപ്പിച്ച ചിത്രം വൈകാരികമായ തലങ്ങളിലേക്കും പ്രേക്ഷകനെ കൈപിടിച്ച് നടത്തുന്നുണ്ട്. കുറച്ചു പഴയ കാലത്തിലൂടെയും സിനിമ സഞ്ചരിച്ചതുകൊണ്ട് 20 K കിഡ്സിനൊപ്പം 80-90 തലമുറയ്ക്കും അനുഭവിച്ചാസ്വദിച്ചു കാണാനാകും.

വിമര്‍ശനത്തിന്റെ വഴിയിലൂടെ നീങ്ങിയാല്‍, ഈ വിഭാഗം കുട്ടികള്‍ കാലത്തിന്റെ അനിവാര്യതയാണെന്ന് സിനിമ പറയാതെ പറയുന്നുണ്ടോ എന്ന് സംശയിക്കാം; സംശയം ന്യായമാണ്. തന്റെ മേല്‍ നിക്ഷിപ്തമായ നിയമാവലി പരമാവധി പാലിച്ച്, അധ്യാപകരെ അനുസരിച്ചു മാതാപിതാക്കളുടെ ആഗ്രഹം പോലെ ജീവിക്കുന്ന ഏറെക്കുറെ 'പഠിപ്പിസ്റ്റ്' പട്ടമുള്ളവര്‍ disgrace ചെയ്യപ്പെടുകയും ഇതുപോലെ 'തലതെറിച്ച' പിള്ളേര്‍ ആഘോഷിക്കപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്. ഉത്തരം ഒന്നേയുള്ളൂ, ചലച്ചിത്രങ്ങള്‍ അവ നിര്‍മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്‌കാരിക പ്രതിഫലനമാണ്.

ഈ സിനിമ കാണേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതും മാതാപിതാക്കളും മക്കളുമുള്‍പ്പെടെ വ്യത്യസ്ത തലമുറകള്‍ ഒരുമിച്ചിരുന്നാണ്. എന്നാലേ ഈ പെരുങ്കളിയാട്ടം ഓരോരുത്തരില്‍ തീര്‍ത്ത വിവിധഭാവങ്ങള്‍, വികാരവിക്ഷോഭങ്ങള്‍ എത്ര ആഴത്തില്‍ ജീവിതത്തില്‍ പിണഞ്ഞു കിടക്കുന്നുവെന്ന് പരസ്പരം അറിയാനാവൂ.

സിനിമയിലേക്ക് തിരിച്ചു പോയാല്‍, ഏറെ കയറ്റിറക്കങ്ങള്‍ക്ക് ശേഷം, അവസാന പ്രതീക്ഷയുടെ വാഴത്തോപ്പുകള്‍ക്ക് മേല്‍ മഴ ആര്‍ത്തലച്ചു പെയ്യുമ്പോഴും അവര്‍ ഒറ്റയ്‌ക്കൊറ്റക്കല്ലായിരുന്നു. 'എന്ത് വന്നാലും നമ്മള്‍ ഇവിടെ തന്നെയുണ്ടല്ലോ, അടുത്ത പ്ലാനുമായിട്ട്' എന്ന ഉറപ്പോടെ. സിനിമ തുടരും, അവരുടെ ജീവിതവും.




TAGS :