വര്‍ദ
| കഥ
പ്രഭാതത്തിലേക്ക് കുറേ കൈവഴികള്‍ നീട്ടി കാത്തിരിക്കുന്ന ഇരുട്ട്. മെല്ലെമെല്ലെ വെളുത്തുയരാന്‍ തുടങ്ങുന്ന മാനം..
വര്‍ദ മുസല്ലയില്‍ തന്നെയായിരുന്നു.
പ്രഭാതത്തിനുമുമ്പുള്ള യാമം അവള്‍ നാഥനുമാത്രമായി നീക്കിവെച്ചതാണ്. ദീര്‍ഘനേരത്തെ സുജൂദിനുശേഷം കരഞ്ഞുകലങ്ങിയ മിഴികളുമായി അവള്‍ അവസാനത്തെ അത്തഹിയ്യാത്തിലേക്ക് ഇരുന്നു.. പിന്നെ സലാംവീട്ടി എഴുന്നേറ്റു..
അപ്പോള്‍ വലിയ സ്‌ഫോടനംകേട്ട് അവള്‍ നടുങ്ങി.. യന്ത്രപ്പറവകളുടെ ചിറകടിശബ്ദവും കേട്ടു. എത്ര പേരായിരിക്കും അടുത്ത ഇരകള്‍..? ചിതറിത്തെറിച്ചുക്കിടക്കുന്ന കബന്ധങ്ങള്‍ മനക്കണ്ണില്‍ തെളിഞ്ഞു. കണ്ണുകള്‍ ഇറുക്കിയടച്ചു. പോരാട്ടത്തിന്റെ ഈ മുനമ്പില്‍ ഓര്‍മ്മകള്‍ക്കും സ്വപ്നങ്ങള്‍ക്കും ചോരയുടെ
നിറമാണ്..
വര്‍ദ ടിവി ഓണാക്കി.. എവിടെയാണ് പ്രഭാതം ചോരകൊണ്ട് ചുവന്നത്.. അലമുറകള്‍ കൊണ്ട് ശബ്ദമുഖരിതമായത്..
ടിവിയില്‍ ആ വാര്‍ത്ത കണ്ടു..
''പന്ത്രണ്ടു നിലയുള്ള ഫ്‌ലാറ്റ് സമുച്ചയത്തിലാണ്
മിസൈല്‍ പതിച്ചത്.. 26 പേര്‍ മരിച്ചു. ലക്ഷ്യം തെറ്റിയതാണെന്ന് ഇസ്രയേല്‍ പറഞ്ഞു..''
ഓ.. ഇതവരുടെ സ്ഥിരം പല്ലവിയാണ്.. എലിപ്പത്തായത്തിലിട്ട് എലിയെ മുക്കിക്കൊല്ലും പോലെ ഒരു സമൂഹത്തെയാകമാനം ഇല്ലായ്മ ചെയ്യാന്‍..
''ഹസ്ബുനള്ളാ.. വ നിഅ്മല്‍ വക്കീല്‍ ''
ഇടറുന്ന വാക്കുകള്‍ അടര്‍ന്നു വീണു..
ഡോ. വര്‍ദ തന്‍സീര്‍ ഷൗഖാനി.. നഗരത്തിലെ പ്രമുഖയായ ഭിഷഗ്വരയാണ്.. നാല്‍പതിനോടടുത്ത് പ്രായമുള്ള വര്‍ദ സുന്ദരിയാണ്.. ഡോക്ടര്‍ എന്നതിലുപരി അവളൊരു സാമൂഹ്യപ്രവര്‍ത്തക കൂടിയാണ്..
ചായങ്ങളില്ലാത്ത ജീവിതത്തിലൂടെ ഫലസ്തീന്‍ ജനതയുടെ മനം കവര്‍ന്ന സാബിത്ത് ഷൗഖാനിയുടെ മൂന്നാമത്തെ മകള്‍..
ഷൗഖാനി അറിയപ്പെടുന്ന വിമോചനസമരനേതാവായിരുന്നു. ഗസസിറ്റിയുടെ ഓരോ മിടിപ്പുമറിയാവുന്ന ധീരന്‍.. ഇളയമകന്‍ സ്വാലിഹ് അലിയുമൊത്ത് നടന്നു പോകെ ഇസ്രയേല്‍ സൈനികര്‍ അകാരണമായി വെടിയുതിര്‍ക്കുകയായിരുന്നു.. ഉപ്പയേയും മകനേയും അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു.. വാര്‍ത്താമാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ചയായപ്പോള്‍ ധാര്‍ഷ്ട്യത്തോടെ ഇസ്രയേല്‍ രംഗത്തുവന്നു..
ഷൗഖാനി ഒരു ഭീകരനാണെന്നും അദ്ദേഹം സമൂഹത്തിനു തന്നെ വിപത്താണെന്നുമാണ് അന്ന് ജനറല്‍ അലറിവിളിച്ചത്..
വര്‍ദയുടെ പ്രിയപ്പെട്ട ഉപ്പയും സഹോദരന്‍ അലിയും രക്തസാക്ഷിയായിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു.. കൊല്ലപ്പെടുമ്പോള്‍ അലിക്ക് പതിനഞ്ചു വയസായിരുന്നു.. പട്ടാളത്തിന്റെ വെടിയേറ്റ് ചോരവാര്‍ന്ന് ജീവനറ്റുവീണ ഉപ്പക്കരികിലിരുന്ന വിലപിച്ച അവനു നേരേ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു..
ഇത്താത്തയല്ല ഉമ്മ തന്നെയായിരുന്നു അവന് വര്‍ദ..
അവളുടെ കൈകളിലേക്ക് പെറ്റിട്ടിട്ട് ഉമ്മ സ്വര്‍ഗം തേടിപ്പോയപ്പോള്‍ അന്നവള്‍ക്ക് ഇരുപതുവയസാണ് പ്രായം. അവളുടെ വിവാഹത്തിന്റെ തിരക്കിലായിരുന്നു ആ കുടുംബം..
ആ പകലിലേക്ക് ഊര്‍ന്നിറങ്ങിയ ചോരനിറമുള്ള കണ്ണീരിന് ചുവന്നമന്ദാരത്തിന്റെ രൂപമായിരുന്നു. ഉമ്മയുടെ മയ്യിത്തുമായി ആംബുലന്‍സില്‍ തിരിച്ചുവരുമ്പോള്‍ ചോരക്കുഞ്ഞായിരുന്ന അലി നിര്‍ത്താതെ കരഞ്ഞു..
അന്ന് ആരും കാണാതെ തന്റെ മുലക്കണ്ണുകള്‍ അവന്റെ ചുണ്ടിലേക്ക് പകര്‍ന്നത് ഓര്‍മ്മയുണ്ട്..
മാതൃത്വത്തിന്റെ നിര്‍വൃതി അറിഞ്ഞ ആ നിമിഷങ്ങള്‍..
''മോനേ.. '' വര്‍ദ തേങ്ങിത്തേങ്ങിക്കരഞ്ഞു..
അകത്തെ മുറിയില്‍ അലന്റെ കരച്ചില്‍ കേട്ടു.. വര്‍ദ അവനരികിലേക്ക് പോയി..
'' വാവോ.. ഒറങ്ങിക്കോ മോനൂ.. ഉമ്മയിണ്ടല്ലോ അടുത്ത്... പിന്നെന്താ..''
പാവം! അവന് വിങ്ങുന്നുണ്ടാകും.. കൊച്ചുകുഞ്ഞല്ലേ.. ഒരു വയസായിട്ടില്ല..
ഉമ്മ എന്നു മാത്രം വിളിക്കും..
അലന്‍..! അവനെ വര്‍ദക്ക് കിട്ടിയത്..!
ഹോ.. അതാലോചിക്കാനേ വയ്യ..
തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍
വേദനയാല്‍ വാവിട്ട് കരഞ്ഞ അലന്‍ പിന്നെ
അവളുടെ ജീവന്റെ ഭാഗമാകുകയായിരുന്നു..
ആ മിസൈല്‍ വര്‍ഷത്തില്‍ പൊലിഞ്ഞത്
അമ്പതോളം ജീവനുകളാണ്.. കൊച്ചുകുഞ്ഞുങ്ങളടക്കം..
അവന് പക്ഷേ നഷ്ടമായത് സ്വന്തം കാലുകളാണ്.. കയ്യിലെടുത്ത് ആശുപത്രിയിലേക്കോടി..
''തിയേറ്റര്‍ റെഡിയാക്ക്... ഫാസ്റ്റ്..''
ഉറക്കെ വിളിച്ചുകൂവിയാണ് ഓടിയത്..
'' കറണ്ടില്ലല്ലോ മാം.. ''
''ഹോ.. വാട്ടെ ഹെല്‍..''
ഉറച്ച കാല്‍വെയ്പുകളോടെ വര്‍ദ നേഴ്‌സിനോട് ആജ്ഞാപിച്ചു..
''സാറാ.. എന്തായാലും നമ്മളിത് ചെയ്യും.. ബി വിത്ത് മി.. ബിലീവ് മി..''
'' യെസ്.. മാഡം..''
കുഞ്ഞു അലന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ അവഗണിച്ച് വര്‍ദയും സാറയും ഓപ്പറേഷനായി ഗ്ലൗവ് അണിഞ്ഞു..
മനസില്‍ ദിക്‌റുകള്‍ ചൊല്ലി.. സര്‍ജിക്കല്‍ ബ്ലേഡ് കയ്യിലെടുത്ത ശേഷം വര്‍ദ അവന്റെ മുഖത്ത് നോക്കിയില്ല..
''ഹസ്ബുനല്ലാഹ്..ഹസ്ബുനല്ലാഹ്..''
കണ്ണീരിറ്റി വീഴുമ്പോഴും അവള്‍ ചൊല്ലിക്കൊണ്ടിരുന്നു.. കരഞ്ഞുകരഞ്ഞ് പാവം അലന്‍..! അവന്‍ തളര്‍ന്നുറങ്ങി..
രണ്ടു കാലുകളും മുട്ടിന് താഴെ വെച്ച് മുറിച്ചുമാറ്റി മുറിവില്‍ മരുന്നുകള്‍ വെച്ചു കെട്ടി..
'' മാഡം.. വിഷമിക്കാതിരിക്കൂ.. അല്ലാഹു അവനെയും നമ്മളേയും രക്ഷിച്ചു..
''യെസ്.. അല്‍ഹംദ് ലില്ലാഹ്''
അലന്റെ മാതാപിതാക്കളും കുടുംബവും ആ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു..
ആരുമില്ലാതായ അവനെയും കൊണ്ടാണ് അന്ന് വര്‍ദ വീട്ടിലെത്തിയത്..
'' ഉമ്മാ.. ''
വര്‍ദ തിരിഞ്ഞുനോക്കി ..
നൂഹയാണ്..നൂഹാ സിദ്ധീഖ..
'' അലന്റെ കരച്ചില്‍ കേട്ടല്ലോ..എന്തുപറ്റി..? ''
അവള്‍ നൂഹയുടെ തലയില്‍ തലോടി..
''ഒന്നൂല്ലടാ.. അവനെന്തോ കേട്ട് പേടിച്ചതാ.. മോള് കെടന്നോ.. ഉമ്മ സുബഹിക്ക് വിളിച്ചോളാം..''
''ശരിയാ.. എനിക്കും പേടിയാ. ചിലപ്പൊ തോന്നും പേടി ഒരു മരമാന്ന്.. പടര്‍ന്ന് പന്തലിച്ച് നിക്കുന്ന പടുകൂറ്റന്‍ മരം..''
''അതെ മോളേ.. പടകൂറ്റന്‍ മരം...
പക്ഷേ വേരുകള്‍ എളുപ്പത്തില്‍ ദ്രവിച്ചുപോകും.. മരമെന്ന പ്രതീതി സൃഷ്ടിച്ച് ഒടുവില്‍ കാതല്‍ ചിതല് തിന്ന് നിലം പൊത്തുക തന്നെ ചെയ്യും.. ഹസ്ബുനല്ലാഹ് ''
വര്‍ദ ആശുപത്രിയിലേക്ക് പോകാന്‍ തയാറെടുത്തു..
'' ഉമ്മ ആശുപത്രീ പോകുവാണോ.. ഈ നേരത്ത്..''
''അതെ.. നീ കേട്ടില്ലേ.. ആ ശബ്ദം..! അല്‍സലാം അപ്പാര്‍ട്ട്‌മെന്റില്‍ അവര് മിസൈലിട്ടു.. 26 പേരാ...'' അവള്‍ മിഴി തുടച്ചു..
'' മോള് വാതിലടച്ച് കിടന്നോ..അലനെ നോക്കണം ട്ടോ..''
''ശരി ഉമ്മാ..''
വര്‍ദ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു..
തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കരികിലൂടെ വിണ്ടുകീറിയ പാതയിലൂടെ അവള്‍ നീങ്ങി..
പെട്ടെന്നെന്തോ ഓര്‍ത്ത് കാര്‍ നിര്‍ത്തി..
കടന്നുപോയ വഴിത്താരക്കു പിന്നിലായി ഒരു പൊട്ടു പോലെ അവളുടെ അപ്പാര്‍ട്ട്‌മെന്റ് കാണാം.. ഒരുപക്ഷേ ഇനി കാണാന്‍ കഴിയുമോ എന്നറിയില്ല.. ഒരു തീഗോളത്തില്‍ വെന്തെരിഞ്ഞുപോകാന്‍ നിമിഷങ്ങളേ വേണ്ടു..
നൂഹ.. അവള്‍ അവിടെ തനിച്ചാണ്..
തിരിച്ചുപോകണോ.. മുകളില്‍ റോന്തു ചുറ്റുന്ന യന്ത്രത്തുമ്പികള്‍ മുരണ്ടുകൊണ്ടേയിരുന്നു..
അല്ല.. അല്ലാഹു ഉള്ളപ്പോള്‍ എങ്ങനെ തനിച്ചാകും..
എങ്കിലും..
രണ്ടു വഴിത്താരകളും തുല്യമാണ്.. രണ്ടും ദൈവത്തിലേക്ക് തന്നെ..ഒടുവില്‍
അവള്‍ ഒരു തീരുമാനമെടുത്തു..
ആര്‍ത്തലക്കുന്ന ആര്‍ത്തനാദങ്ങള്‍ കാതിലലയടിക്കെ എങ്ങനെ തനിക്ക് തിരിച്ചുപോകാനാകൂം..
എല്ലാം ദൈവത്തിങ്കലേക്ക് സമര്‍പ്പിച്ച് അവള്‍ മുന്നോട്ട് കുതിച്ചൂ..
''ഹസ്ബുനല്ലാഹ്..വ നിഅ്മല്‍ വക്കീല്‍..വ നിഅ്മല്‍ മൗലാ..''