വീര്‍സാല്‍ - നോവല്‍
അധ്യായം: 08
മനഃശാന്തി തേടിയെത്തിയ എന്നെ വീടും ഭക്ഷണവുമില്ലാത്ത ആളുകളുടെ ഓട്ടപ്പാച്ചിലുകള്‍ വേട്ടയാടി. ഒന്നിലും തൃപ്തിപ്പെടാത്ത ഒരു മനുഷ്യനായി ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തി. ഒരു പോള കണ്ണടക്കാതെ ഞാന്‍ അവരുടെ ജീവിതം നോക്കിക്കാണാന്‍ ശ്രമിച്ചു. സമാധാനത്തിന്റെ നാളുകള്‍ എന്നെന്നേക്കുമായി അകലുകയാണെന്ന് എനിക്കു തോന്നി.
''മാക്ക് ഓര്‍മ്മ നഷ്ടപ്പെട്ടു കൊണ്ടിരിക്കാണ്,'' ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
ദമന്‍ജീത് ഒരു ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കി.
'' നീയെന്താ എന്നോട് പറയാതിരുന്നത്? നമുക്ക് ഡോക്ടറെക്കാണിക്കാം.''
'' നീ ഇവിടില്ലാത്ത സമയത്താണ് ഞാനിക്കാര്യം മനസ്സിലാക്കിയത്. ഡോക്ടറെക്കാണിച്ചതാണ് അന്ന്. ഇതിനു മരുന്നില്ല. കൂടാതിരിക്കാന്‍ ഒരു മരുന്ന് തന്നിട്ടുണ്ട്. മാ അത് പോലും കഴിക്കാന്‍ കൂട്ടാക്കുന്നില്ല,'' അത്രയും നേരം കടിച്ചമര്‍ത്തിയ ഒറ്റപ്പെടല്‍ എന്റെ ഉള്ളിലേക്കിരച്ചു വന്നു.
'' എന്നെ കഴിഞ്ഞ ദിവസം മാ ഖാലിദ് എന്ന് വിളിച്ചു. ഗുല്‍സാര്‍ എന്ന പേരു പോലും മാ മറന്നു പോയിരിക്കുന്നു. ഖാലിദിന്റെ പന്തെടുത്തു എനിക്കു തന്നിട്ടു ഇനി നീ കളിക്കാന്‍ പോകേണ്ട എന്ന് ഞാന്‍ പറയില്ലെന്ന് പറഞ്ഞു. മായുടെ കണ്ണു നിറഞ്ഞിരുന്നു. പണ്ടൊരു ദിവസം ഖാലിദ് സ്‌കൂളില്‍ നിന്നും വൈകി വീട്ടില്‍ വന്നപ്പോള്‍ മാ അടിച്ചതും ഇനി വൈകുന്നേരം സ്‌കൂളില്‍ കളിക്കാന്‍ നില്‍ക്കേണ്ട എന്നു പറഞ്ഞതും അതവനു എത്ര വിഷമമായെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും അവന്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ച മത്സരം കഴിഞ്ഞു പോയതറിഞ്ഞതും അതിന് ശേഷം മാ ബാബയോട് പറഞ്ഞു അവന് ഒരു പന്ത് വാങ്ങിക്കൊടുത്തതുമെല്ലാം മാ ഓര്‍ത്തിരിക്കുന്നുണ്ടാകുമോ? പിന്നെ, എന്ത് കൊണ്ട് മാ എന്നെ മറന്നു പോയി?''
'' ചിലപ്പോള്‍ അങ്ങനെയാണ് ഗുല്‍സാര്‍. പഴയ കാര്യങ്ങള്‍ മാത്രമേ ഓര്‍മ്മ ഉണ്ടാകൂ. അല്ലെങ്കില്‍ വളരെയേറെ സന്തോഷിപ്പിച്ചതോ ദുഃഖിപ്പിച്ചതോ ആയ കാര്യങ്ങള്‍. അതുമല്ലെങ്കില്‍, മാഞ്ഞു പോകുന്ന ഓര്‍മ്മത്തുണ്ടുകള്‍ പെറുക്കിയെടുത്തു സൂക്ഷിച്ചു വെക്കുവാനുള്ള വ്യഗ്രതയായിരിക്കും മാ കാണിക്കുന്നത്.''
സത്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള മനസ്സ് എന്നേ അടഞ്ഞു പോയിരുന്നു. മാ ക്കു ഒരു പ്രശ്‌നവുമില്ല എന്നെന്റെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കുന്നതാണ് എനിക്കിഷ്ടം. അപ്പോള്‍ ദുഖത്തിനവിടെ സ്ഥാനമില്ലല്ലോ. ഗ്രാമസഭകളില്‍ എന്നും ആളുകള്‍ പ്രശ്‌നമുണ്ടാക്കിക്കൊണ്ടിരുന്നു. ഞാനന്നെല്ലാം ക്രമാധീതമായി ദേഷ്യപ്പെട്ടുവെങ്കിലും ദമന്‍ജീത് ആളുകളെ പറഞ്ഞു മനസ്സിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.
'' ഇനിയിവിടെ ഒരു ഗ്രാമത്തലവന്‍ വേണ്ട. ഗ്രാമസഭയും,'' മീശ മുളച്ചു തുടങ്ങിയ ഒരു പയ്യന്‍ മുന്നോട്ടു വന്നു അഭിപ്രായപ്പെട്ടു.
'' പിന്നെ?'' ദമന്‍ജീത് ആശ്ചര്യത്തോടെ ആരാഞ്ഞു.
'' പൊലീസും നിയമവും മതി.''
അതായിരുന്നു യുവജനങ്ങളുടെ മനസ്സില്‍ എന്ന് അപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. പൊലീസും നീതിപീഠവും മതിയെന്നും ഈ ഗ്രാമസഭകള്‍ വേണ്ടെന്നും ആളുകള്‍ക്ക്, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. അതിനാണ് ഈ പുകിലുകളെല്ലാം. ഗ്രാമസഭകളുടെ മേല്‍ ഗ്രാമീണര്‍ക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ ആരോ നഷ്ടപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയം ഒരു ഭ്രാന്തുപോലെ യുവാക്കളുടെ സിരകളില്‍ തുടിക്കുന്നുണ്ടെന്ന് കുറച്ചു നാളായി ദമന്‍ജീത് എന്നോട് പറയുന്നു. ടൗണിലെ കോളജുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഈ എതിര്‍പ്പുകളുടെ മുന്നില്‍. അതും ശരിയാണ്. ലോകം മാറുമ്പോള്‍ അതിനൊത്തു ഗ്രാമവും മാറേണ്ടേ? ഇതായിരുന്നു ദമന്‍ജീത്തിന്റെ കാഴ്ചപ്പാട്.
എന്നാല്‍, എനിക്കിതൊന്നും സ്വീകാര്യമായിരുന്നില്ല. ഗ്രാമസഭയുടെ സത്യസന്ധത ഏതെങ്കിലും നിയമത്തിനുണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല. ഇത് സ്വന്തം ഗ്രാമമാണ്. സ്വന്തം ആളുകളാണ്. പുറത്തു നിന്നുമൊരാള്‍ വിധി നിശ്ചയിക്കുമ്പോള്‍ തീര്‍ച്ചയായും വേര്‍തിരിവുകളുണ്ടാകും. പക്ഷപാതമുണ്ടാകും. എനിക്കു ഇതൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. ചിന്തകളില്‍ മുഴുകി വീടെത്തിയതറിഞ്ഞില്ല. മാ മുറ്റത്ത് തന്നെ എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു.
'' ബാബ വന്നില്ലേ നിന്റെ കൂടെ? ഞാന്‍ ദാല്‍ക്കറിയും ചപ്പാത്തിയും ഉണ്ടാക്കിയിട്ടുണ്ട്,'' എന്ന് പറഞ്ഞു മാ അകത്തു പോയി പാത്രങ്ങള്‍ തുറന്നു കാണിച്ചു. അതില്‍ ഭദ്രമായി മൂടിവെച്ചിരുന്നത് മണ്ണപ്പവും മണ്‍കറിയുമായിരുന്നു. എനിക്കു സങ്കടവും ദേഷ്യവും ഇറച്ചു കയറി.
'' മാ യെ നോക്കാന്‍ വന്ന കൗര്‍ എവിടെ?''
'' ഞാനവളെ പറഞ്ഞു വിട്ടു. എനിക്കിപ്പോഴും എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാം. ബാബയിങ്ങു വരട്ടെ നിന്റെ കുറുമ്പിത്തെിരി കൂടുന്നുണ്ട്,'' മാ എന്റെ ചെവി പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു.
എന്റെ കണ്ണു നിറഞ്ഞു. അത് മാ കാണാതിരിക്കാന്‍ ഞാന്‍ മുറിയിലേക്ക് നടന്നു. മായുടെ കാര്യത്തില്‍ എന്ത് ചെയ്യുമെന്ന് എനിക്കൊരു രൂപവുമില്ലായിരുന്നു. ഈ അവസ്ഥയില്‍ എന്നെ ഒറ്റക്കാക്കിപ്പോയ ബാബയോട് എനിക്കു വല്ലാത്ത ദേഷ്യം തോന്നി.
ഞാന്‍ ബാബയുടെ സാധനങ്ങളെല്ലാം വലിച്ചുവാരി താഴെയിട്ടു. മാ ശബ്ദം കേട്ടു മുറിയിലേക്ക് വരുമോ എന്നു പോലും ഞാന്‍ ചിന്തിച്ചില്ല. ഒരായിരം തേനീച്ചകള്‍ എന്റെ ചുറ്റും മൂളിപ്പറന്നു കൊണ്ടിരുന്നു. കയ്യില്‍ കിട്ടിയ പുതപ്പുമെടുത്തു ഞാന്‍ പുറത്തേക്കു പോകാനൊരുങ്ങി. അപ്പോഴാണ് നിലത്തു ചമ്രം പടിഞ്ഞിരുന്നു കൂടുതല്‍ മണ്‍ ചപ്പാതികള്‍ പരത്തുന്ന മായെ ഞാന്‍ ശ്രദ്ധിച്ചത്. എനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. ഞാന്‍ അവിടെ നിന്നിറങ്ങി വാതിലടച്ചു.
മാ എന്തെങ്കിലും കഴിച്ചു കാണുമോ? മാക്കു ഇത്രയും മണ്ണ് എവിടെ നിന്നു കിട്ടി? ഒരായിരം ചോദ്യങ്ങള്‍ എന്റെ ചുറ്റും വലയം ചെയ്തു.
അടുത്ത വീട്ടിലെ കൗര്‍ എന്ന പെണ്‍കുട്ടിയെ മായെ നോക്കാനേല്‍പ്പിച്ചിട്ടു ഞാന്‍ മഹ്‌വാ മരത്തിനടുത്തേക്കു ചെന്നു. അവിടം വിജനമായിരുന്നു. മാനം പതിവിലും കൂടുതല്‍ കറുത്തിരുന്നു. കാര്‍ മേഘങ്ങള്‍ കൂട്ടംകൂടി എന്തോ സ്വകാര്യം പറയുന്നത് പോലെ തോന്നി. അവ പതിയെ തങ്ങളുടെ കൂട്ടുകാരെ ഉപേക്ഷിച്ചു ദൂരേക്കു തെന്നി മാറി.
'' അരേ ഭായി. ഖര്‍ ജാവോ. അപ്‌നേ ഘര്‍ ജാവോ. ഹംകോ ഘര്‍ നഹീ ഹേ,'' ഒരാള്‍ പരിഭ്രാന്തിയോടെ ഇങ്ങനെയെല്ലാം വിളിച്ചു പറയുന്നത് കേട്ടു. കാര്യമെന്തെന്നറിയാന്‍ ഞാന്‍ അയാള്‍ നിന്നിരുന്ന സ്ഥലത്തേക്ക് പോയി നോക്കി. അവിടെ ഒന്നല്ല, രണ്ടല്ല നൂറ് കണക്കിന് ആളുകള്‍ കൂടി നിന്നിരുന്നു. കെട്ടും ഭാണ്ഡങ്ങളും കണ്ടപ്പോള്‍ അവര്‍ എവിടെയോ പോകാന്‍ തയ്യാറാവുകയാണെന്ന് തോന്നി. എന്റെ അനുമാനം ശരിയായിരുന്നു. മഹാമാരിയുടെ വരവോട് കൂടി പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലാവധി കഴിച്ചു കൂട്ടാന്‍ സ്വന്തം നാട്ടിലേക്ക് പുറപ്പെടുന്നവരായിരുന്നു അവര്‍. ഒരുതരം പരിഭ്രാന്തി അവരെ ബാധിച്ചിരുന്നു. ആവലാതിയും വേവലാതിയും അവരെ അധികദൂരം കൊണ്ടെത്തിക്കില്ലെന്നു എനിക്കു തോന്നി. അന്നവിടെ മനഃശാന്തി തേടിയെത്തിയ എന്നെ വീടും ഭക്ഷണവുമില്ലാത്ത ആളുകളുടെ ഓട്ടപ്പാച്ചിലുകള്‍ വേട്ടയാടി. ഒന്നിലും തൃപ്തിപ്പെടാത്ത ഒരു മനുഷ്യനായി ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തി. ഒരു പോള കണ്ണടക്കാതെ ഞാന്‍ അവരുടെ ജീവിതം നോക്കിക്കാണാന്‍ ശ്രമിച്ചു. സമാധാനത്തിന്റെ നാളുകള്‍ എന്നെന്നേക്കുമായി അകലുകയാണെന്ന് എനിക്കു തോന്നി.
(തുടരും)
| ഡോ. മുഹ്‌സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം(മരണം), മംഗാല, യല്‍ദ-ജവാരിയ(ദയ). ലെറ്റേഴ്സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
| ചിത്രീകരണം: ഷെമി