വീര്‍സാല്‍: നോവല്‍ | അധ്യായം: 03 | ഡോ. മുഹ്സിന കെ. ഇസ്മായില്‍
പെട്ടന്ന് പുറകില്‍ നിന്നു ഉന്തും തള്ളുമനുഭവപ്പെട്ടു. ബാബ നോക്കുമ്പോള്‍ ഒരുകൂട്ടമാളുകള്‍ ഞങ്ങളുടെ ഒരു നൂറ് വാര പുറകിലുള്ളവരെ ആക്രമിക്കുകയാണ്. ബാബ ഞങ്ങളുടെ കൈ പിടിച്ചു ഓടി ഒരു കെട്ടിടത്തിനു പുറകിലൊളിച്ചു.
ഇനിയൊരിക്കലും ഖാലിദിനെ കാണാന്‍ കഴിയില്ല. നീണ്ട എഴുപത്തിനാല് വര്‍ഷങ്ങളുടെ കാത്തിരിപ്പ്. അന്ന് ഞങ്ങള്‍ കിലോമീറ്ററുകളോളം നടന്നു. അതൊരു ജനതീവണ്ടി തന്നെയായിരുന്നു. ഭക്ഷണവും വെള്ളവുമില്ലാത്ത തീവണ്ടി. തലയ്ക്കു മുകളില്‍ കത്തിനില്‍ക്കുന്ന സൂര്യനെ ശപിച്ചു തലയില്‍ വലിയ ബാണ്ഡവുമേന്തി മാ നടന്നു. അതിനു പിന്നിലായിരുന്നു സാധനങ്ങള്‍ കയറ്റിയ കൈ വണ്ടി. ഞങ്ങള്‍ എട്ടു കുടുംബങ്ങളുടെ സാധനങ്ങള്‍ അതിനു മുകളിലുണ്ടായിരുന്നു എന്നാണ് ബാബ പിന്നീട് പറഞ്ഞത്. അത് ബാബയും ഗുലാം ദാദയും മാറി മാറി വലിച്ചു.
വഴിയരികിലെ പൈപ്പുകളിലെ വെള്ളം ഞങ്ങള്‍ക്ക് തികയുമായിരുന്നില്ല. പാടത്തും വഴിയിലും തളം കെട്ടി നിന്നിരുന്ന ചെളിവെള്ളം കുടിക്കാന്‍ പോലും ഉന്തും തള്ളുമായിരുന്നു.
''തിരിച്ചു പോകാം,'' മാ വഴിയിലൂടനീളം പരിഭവപ്പെട്ടു കൊണ്ടിരുന്നു. എന്നാല്‍, ഞങ്ങളപ്പോഴേക്കും ഏറെ ദൂരം പിന്നിട്ടിരുന്നു. കൂട്ടം വിട്ടു പോയാല്‍ വഴിയില്‍ തക്കം പാര്‍ത്തിരിക്കുന്ന അക്രമികളില്‍ നിന്നു ഞങ്ങള്‍ക്ക് രക്ഷപ്പെടാനാകില്ലെന്നു ബാബക്ക് ഉറപ്പുണ്ടായിരുന്നു. അപ്രതീക്ഷിതമായിരുന്നു അവരുടെ ആക്രമണം. വഴിയരികിലുള്ള മരങ്ങള്‍ക്കും കെട്ടിട്ടങ്ങള്‍ക്കും പുറകില്‍ അവര്‍ പതിയിരുന്നു. കയ്യില്‍ വടിയും വാളും കുന്തങ്ങളുമുണ്ടായിരുന്നു. ചിലരുടെ കയ്യില്‍ തോക്കുകളും. മുഖം നോക്കാതെ അവര്‍ നിര്‍ദ്ദാക്ഷീണ്യം ആക്രമിച്ചു. ആക്രമിക്കപ്പെടുന്നവര്‍ കെട്ടും ബാണ്ഡവുമുപേക്ഷിച്ചു ഓടി. ആ ഓട്ടമവരെ ഏറെ ദൂരം കൊണ്ടെത്തിച്ചിരുന്നില്ല. അവരെ ആ സംഘങ്ങള്‍ പിന്തുടര്‍ന്ന് വെട്ടിവീഴ്ത്തി. രക്തം വാര്‍ന്നൊലിച്ച മൃതശരീരങ്ങള്‍ വഴിയില്‍ അവിടിവിടായി ഭീതിയുടെ നിഴല്‍ പരത്തി. ചിലര്‍ കൈക്കുഞ്ഞുങ്ങളെ വരെ വഴിവക്കിലുപേക്ഷിച്ചു. മറ്റുചിലര്‍ വഴിയരികില്‍ തളര്‍ന്നു വീണു. അവരെ വിട്ടുപോകാന്‍ കൂട്ടാക്കാത്തവരെ അക്രമികള്‍ മുറിവേല്‍പ്പിച്ചു. കാളവണ്ടികള്‍ സാധനങ്ങളും വയോധികരേയും കുട്ടികളെയും കുത്തിനിറച്ചവയായിരുന്നു. തങ്ങളുടെ ചുമലിലേല്‍പ്പിച്ച ഭാരം താങ്ങാനാകാതെ തളര്‍ന്നു വീണ കാളകളുമുണ്ടായിരുന്നു.
'ദിവസങ്ങള്‍ നീണ്ട ഈ യാത്ര തുടങ്ങുമ്പോളുള്ള ലക്ഷ്യം മറ്റൊരു ദേശത്തു എത്തിച്ചേരുക എന്നതായിരുന്നു. യാദനകള്‍ മൂലം പിന്നീടതു ജീവന്‍ നിലനിര്‍ത്തുക എന്നതായി മാറി. അതും സ്വന്തം ജീവനെങ്കിലും,' ബാബ ഒരിക്കല്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു.
രണ്ടു ദിവസം മുന്‍പ് ഞങ്ങള്‍ ആഹ്ലാദത്തിന്റെ കൊടുമുടിയിലായിരുന്നു. പണ്ഡിറ്റ് ജവര്‍ഹര്‍ ലാല്‍ നെഹ്രുവിന്റെ ശബ്ദം റേഡിയോയിലൂടെ കേള്‍ക്കുന്നതിനു വളരെ മുന്‍പു തന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ഗുലാം ദാദയുടെ വീട്ടില്‍ വാദ്യാഘോഷങ്ങളും പാട്ടുമുണ്ടായിരുന്നു. പതിയെ അത് തെരുവിലേക്കും വ്യാപിച്ചു. ആളുകള്‍ അവയ്ക്കൊപ്പം നൃത്തം വെച്ചു. ഞങ്ങള്‍ കുട്ടികള്‍ക്ക് അതൊരു ആവേശം തന്നെയായിരുന്നു. പടക്കം പൊട്ടിച്ചും തെരുവിലെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നും ഞങ്ങള്‍ ആ രാത്രിയില്‍ ആടിത്തിമിര്‍ത്തു. ജനിച്ചു വീണത് മുതല്‍ ഞങ്ങള്‍ കേട്ടിരുന്നത് സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും പുറത്താക്കുന്നതിനെക്കുറിച്ചാണ്. ഞങ്ങള്‍ കണ്ടു മുട്ടുന്ന ഓരോരുത്തരുടെയും സ്വപ്‌നം അതായിരുന്നു. പതിയെ ഞങ്ങളറിയാതെ ഞങ്ങളുടെ സ്വപ്നവും അതുതന്നെയായിത്തീര്‍ന്നിരുന്നു. ഖാലിദിനെപ്പോലുള്ള കുട്ടികള്‍ക്ക് ആ ആഘോഷങ്ങളുടെ കാരണം മനസ്സിലായിരുന്നോ എന്നെനിക്കറിയില്ല.
ഞങ്ങള്‍ പത്തു പതിനഞ്ചു കുട്ടികളുണ്ടായിരുന്നു. ചുറ്റുമുള്ള കല്ലും മണ്ണും മതിലുകളും ഞങ്ങള്‍ കളിപ്പാട്ടങ്ങളാക്കി. മുതിര്‍ന്ന സ്ത്രീകള്‍ ചര്‍ക്ക നൂറ്റ് നൂലുണ്ടാക്കി. പിന്നീടവ നെയ്‌തെടുത്തു വസ്ത്രങ്ങളും. പുഴകളില്‍ നിന്നും കുളങ്ങളില്‍ നിന്നും വെള്ളം കോരിക്കൊണ്ട് വരുന്നതായിരുന്നു മറ്റൊരു പ്രധാനപ്പെട്ട പണി. അതിനു അമ്മമാരെ സഹായിക്കാന്‍ നറുക്ക് വീഴുന്നത് മിക്കപ്പോഴും ഞങ്ങള്‍ ആണ്‍കുട്ടികള്‍ക്കാണ്. അതിനു പ്രതിഫലമായി കുളത്തില്‍ നീന്തിക്കളിക്കാനുള്ള അവസരവും ലഭിക്കും. ഖാലിദിനു ക്രിക്കറ്റ് കളിയോടായിടുന്നു കമ്പം. അവന് ഒരു ചെറിയ റബ്ബര്‍ പന്തുണ്ടായിരുന്നു. അതവന്‍ ഒരു നിധിയെന്നോണം സൂക്ഷിച്ചു. ഒരിക്കലത് പൊന്തക്കാടിനുള്ളില്‍ പോയതും ഗുലാബ് ദാദയുടെ മകന്‍ ഹക്കിം അതെടുത്തു കൊടുത്തതും എനിക്കോര്‍മ്മയുണ്ട്. ഹക്കിം അതുചെയ്തില്ലായിരുന്നുവെങ്കില്‍ ഞാനോ കിഷന്‍ ശങ്കറോ അതെടുത്തു കൊടുക്കുമായിരുന്നു. അത്രയ്ക്ക് ഉറക്കെയായിരുന്നു അവന്റെ കരച്ചില്‍. ബോള്‍ തിരിച്ചു കയ്യില്‍ കിട്ടിയപ്പോഴേ അവന്‍ കരച്ചില്‍ നിര്‍ത്തിയുള്ളൂ.
പെട്ടന്ന് പുറകില്‍ നിന്നു ഉന്തും തള്ളുമനുഭവപ്പെട്ടു. ബാബ നോക്കുമ്പോള്‍ ഒരുകൂട്ടമാളുകള്‍ ഞങ്ങളുടെ ഒരു നൂറ് വാര പുറകിലുള്ളവരെ ആക്രമിക്കുകയാണ്. ബാബ ഞങ്ങളുടെ കൈ പിടിച്ചു ഓടി ഒരു കെട്ടിടത്തിനു പുറകിലൊളിച്ചു. ഖാലിദ് കരഞ്ഞു ബഹമുണ്ടാക്കുമോ എന്നതായിരുന്നു ബാബയുടെ പേടി. മാ ഖാലിദിന്റെ വായ പൊത്തിപ്പിടിച്ചിരുന്നു. അക്രമികള്‍ അവിടെ നിന്നു പൊയ്ക്കഴിഞ്ഞപ്പോഴേ പിന്നെ ഞങ്ങള്‍ പുറത്തു വന്നുള്ളൂ. അപ്പോഴേക്കും അവിടെയൊരു ചോരക്കളമായിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ കുട്ടികള്‍ അത് കണ്ടു വലിയ വായില്‍ കരഞ്ഞെന്നാണ് മാ പറഞ്ഞത്. അതില്‍ ഞങ്ങളെ ഏറ്റവും വിഷമിപ്പിച്ചത് ഗുലാം ദാദയുടെയും കുടുംബത്തിന്റേയും വിയോഗമായിരുന്നു. ബാബയുടെ എല്ലാമായിരുന്നു ഗുലാം ദാദ. അവര്‍ കളിച്ചു വളര്‍ന്നതും കൃഷി ചെയ്തതും സ്വാതന്ത്ര സമരങ്ങളില്‍ പങ്കെടുത്തതുമൊരുമിച്ചാണ്.
അവരെ ഉപേക്ഷിച്ചു പോരാന്‍ മടിച്ചു ബാബ മണിക്കൂറുകളോളം അവിടെയിരുന്നു. അക്രമികള്‍ തിരിച്ചു വരുമോ എന്നു മാ ഭയന്നത് കൊണ്ടാണ് ബാബ അവിടെ നിന്നനങ്ങിയത് തന്നെ. അപ്പോഴേക്കും വിശപ്പും ദാഹവും ഞങ്ങളെ വല്ലാതെ തളര്‍ത്തിയിരുന്നു. മാ കയ്യില്‍ കരുതിയിരുന്ന അവസാനത്തെ റൊട്ടിക്കഷണവും ഞങ്ങള്‍ കുട്ടികള്‍ കഴിച്ചു തീര്‍ത്തു. മുതിര്‍ന്നവര്‍ എങ്ങനെ വിശപ്പടക്കിയിരുന്നുവെന്നു ഞങ്ങള്‍ അന്ന് അന്വേഷിച്ചതേയില്ല.
സ്വന്തം വീടും നാടുമുപേക്ഷിച്ചു മറ്റൊരു നാട്ടിലേക്ക് പോകണമെന്ന് ഞങ്ങളൊരിക്കലും ചിന്തിച്ചിരുന്നില്ല, ആ സംഭവം ഉണ്ടാകുന്നത് വരെ. ആഘോഷത്തിമിര്‍പ്പിന്റെ ക്ഷീണത്തില്‍ ഞങ്ങള്‍ കുട്ടികളന്നു ഏറെ വൈകിയാണ് എഴുന്നേറ്റത്.
പതിവ് പോലെ കിഷന്‍ ശങ്കറിനേയും ശര്‍വിലിനേയും അന്വേഷിച്ചു പോയെങ്കിലും അവര്‍ കളിക്കാന്‍ വന്നില്ല. ഷിഷിറിന്റേയും ജയന്തിന്റേയും വീട്ടില്‍ പോയപ്പോഴാണ് കാര്യത്തിന്റെ നിജസ്ഥിതി ഞങ്ങള്‍ക്ക് മനസ്സിലായത്. ഞങ്ങളുടെ കൂടെ കളിക്കാന്‍ വിട്ടാല്‍ ഞങ്ങളവരെ ഉപദ്രവിക്കുമോയെന്നു താന്‍ ഭയക്കുന്നുവെന്നു അവരുടെ മാ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. ഞങ്ങളിക്കാര്യം ബാബയോട് ചെന്ന് പറഞ്ഞു. അതു സാരമില്ലെന്നു പറഞ്ഞു ബാബ ഞങ്ങളെ സമാധാനിപ്പിച്ചു. ബാബ ഗുലാബ് ദാദയോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ താമസിക്കുന്നിടത്തു ഹിന്ദുക്കളായിരുന്നു കൂടുതല്‍. നാട്ടില്‍ പൊട്ടിപ്പുറപ്പെടുന്ന ആക്രമണങ്ങളെപ്പറ്റിയും വീട് കൊള്ളകളെപ്പറ്റിയും റേഡിയോയില്‍ ഉണ്ടായിരുന്നത്രെ. അത് വരെ മതവും ജാതിയും നോക്കാതെ ഒന്നിച്ചു ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവര്‍ തമ്മില്‍ത്തല്ലിച്ചാകുന്നു. ബ്രിട്ടീഷുകാരെ തുരത്താന്‍ പഠിച്ച വിദ്യകളെല്ലാം സ്വന്തം നാട്ടുകാര്‍ക്കെതിരെ പയറ്റുന്നു. തോക്കുപയോഗിക്കാന്‍ പഠിച്ചിട്ടുള്ളവര്‍ അത് തങ്ങളുടെ സുഹൃത്തുക്കളെ പഠിപ്പിക്കുന്നു. മൊത്തത്തില്‍ ഒരു പട പൊരുതാനുള്ള തയ്യാറെടുപ്പിലായിരുന്നു ജനങ്ങളില്‍ ഭൂരിഭാഗവും. ഇന്നലെ വരെ ഒന്നിച്ചിരുന്നവര്‍ക്ക് പെട്ടെന്നെന്തു പറ്റിയെന്നു ബാബ അതിശയപ്പെട്ടു.
'ഇതാണോ നിങ്ങള്‍ക്ക് വേണ്ടിയിരുന്ന സ്വാതന്ത്ര്യം?' എന്ന് ചോദിച്ചു കൊണ്ടാണ് അതിലധികമാളുകളും നിരത്തുകളിലൂടെ ആയുധമേന്തി നടന്നിരുന്നത്. സ്വാതന്ത്ര്യം എന്നതിനേക്കാള്‍ ജനങ്ങള്‍ക്കപ്പോള്‍ വേണ്ടത് സ്വന്തം രാജ്യമായിരുന്നു. അല്ലെങ്കില്‍ തങ്ങളും അടിച്ചമര്‍ത്തപ്പെടും എന്ന് അവര്‍ ഭയന്നു. അവര്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍ ഞങ്ങള്‍ക്കെന്തുകൊണ്ടായിക്കൂടാ, ഞങ്ങളും വിട്ടു കൊടുക്കില്ലെന്നു ആളുകള്‍ മനസ്സിലുറപ്പിച്ചു.
ഞങ്ങളുടെ സംഘത്തിലെ ഓരോ ആളും കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. രാജ്യത്തിന്റെ മറ്റു ദേശങ്ങളില്‍ എന്ത് സംഭവിക്കുന്നു എന്ന് യാതൊരു വിവരവുമുണ്ടായിരുന്നില്ല. തണല്‍ മരങ്ങള്‍ക്ക് താഴേ ആളുകള്‍ വിശ്രമിച്ചു. പകര്‍ച്ച വ്യാധികളില്‍പ്പെട്ടുലയുന്നവരും കുറവല്ലായിരുന്നു. ഇനി എത്ര ദൂരം തണ്ടേണ്ടിവരുമെന്നറിയാതെ ഞങ്ങള്‍ നടന്നു കൊണ്ടേയിരുന്നു. ഈ യാത്രക്കൊരറ്റമില്ലേയെന്നു ഞാന്‍ വ്യാകുലപ്പെട്ടു. സല്‍മാന്‍ ഭായുടെ വീട്ടില്‍ പോകുമ്പോഴാണ് ഇതിനു മുന്‍പ് ഞങ്ങള്‍ ഏറെ ദൂരം നടന്നിട്ടുള്ളത്. അത് ഞങ്ങള്‍ക്ക് ഒരാഘോഷം തന്നെയായിരുന്നു. വേനലവധിക്കാണ് ഞങ്ങള്‍ സാധാരണ സല്‍മാന്‍ ഭായുടെ വീട്ടില്‍ പോകാറുള്ളത്. അവിടെ ചെന്നാല്‍ ചൂണ്ടയിടാനും വസ്ത്രം നെയ്യുന്നത് കാണാനും പോകാം. യാത്രയ്ക്കിടയിലുള്ള മരത്തണലിലെ ഉച്ച ഭക്ഷണമായിരുന്നു എന്നെ ഏറെ ആകര്‍ഷിച്ചിരുന്നത്. മാ കയ്യില്‍ കരുതുന്ന ചപ്പാത്തിയും ദാല്‍ക്കറിയും ഞങ്ങള്‍ ഒരേ പാത്രത്തില്‍ നിന്നാണ് കഴിക്കുക. ചോറ്റുപാത്രത്തില്‍ നിന്നു കഴിക്കുന്ന രുചി ഒന്ന് വേറെത്തന്നെയാണ്. അതെല്ലാമിപ്പോള്‍ വിദൂരമായ സ്വപ്നങ്ങള്‍ മാത്രമാണ്.
എത്ര വര്‍ഷങ്ങള്‍ മുന്‍പായിരുന്നെങ്കിലും അന്നത്തെ വിശപ്പ് എന്നെ ഇപ്പോഴും വേട്ടയാടുന്നു. ''പ്രശ്‌നമാണ്. ഇന്ത്യയുടനീളം ആക്രമണങ്ങള്‍ തുടരുന്നതായി റേഡിയോയില്‍ പറഞ്ഞു ,'' അന്ന് രാവിലെ ഗുലാം ദാദ ബാബയോട് പറയുന്നത് കേട്ടു.
''നമ്മുടെ ഗ്രാമത്തിലും മതസ്പര്‍ധയുടെ വിത്തുകള്‍ പുകയുന്നുണ്ട്. ഏതു നിമിഷം വേണമെങ്കിലും അത് ആളിക്കത്തും. നമ്മള്‍ ഇവിടം വിട്ടു പോകുന്നത് തന്നെയാണ് നല്ലത്,'' അവിശ്വാസത്തോടെ തന്നെ നോക്കി നില്‍ക്കുന്ന ഗുലാം ദാദയോട് ബാബ പറഞ്ഞു.
'' എന്തുണ്ടായി?''
ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ബാബ ദാദയോട് വിശദീകരിച്ചു. ദാദയുടെ മുഖത്തു ഭാവങ്ങള്‍ മാറി മറിഞ്ഞു. പിന്നെ, അത് പകയുടെ രൂപം പ്രാപിക്കുന്നത് കണ്ടു.
''ഗുല്‍സാര്‍, നമ്മളോടാണോ അവരുടെ കളി? യഥാര്‍ഥ ശക്തിയെന്താണെന്ന് അവര്‍ക്കു നമ്മള്‍ കാണിച്ചു കൊടുക്കും. ബാബ ഗുലാം ദാദയെ തടയാന്‍ ശ്രമിച്ചതാണ്. പക്ഷേ, ദാദ തന്റെ വാളുമെടുത്തു തെരുവിലേക്കിറങ്ങി. തെരുവില്‍ അതിനോടകം തന്നെ ചെറിയ സംഘങ്ങള്‍ കൂടിച്ചേര്‍ന്നു വലിയ സൈന്യമായി മാറിയിരുന്നു. തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളായിരുന്നു അത്.
''എന്റെ പന്ത്...എന്റെ പന്ത്, ' ഖാലിദ് നിലത്തിരുന്നു കരയാന്‍ തുടങ്ങി.
സാധാരണ ഒന്നിനും ദേഷ്യപ്പെടാത്ത ബാബ എന്തോ അപ്പോള്‍ അവനോട് ദേഷ്യപ്പെട്ടു. ഗുലാബ് ദാദയുടെ മരണം ബാബയെ അങ്ങേയറ്റം തളര്‍ത്തിക്കഴിഞ്ഞിരുന്നു. വിശപ്പും തളര്‍ച്ചയും നിരാശയും വേദനയും ഞങ്ങളേയും എന്തോ ഒരു വല്ലാത്ത അവസ്ഥയില്‍ കൊണ്ടെത്തിച്ചിരുന്നു.
ഞാന്‍ ആ പന്തുമായി മുന്‍പേ ഓടി. അതു കയ്യില്‍ വെച്ചു അമ്മാനമാടിക്കൊണ്ടിരുന്നു. അതിനൊത്തു ഖാലിദിന്റെ കരച്ചിലിന്റെ ശബ്ദവും കൂടിക്കൂടി വന്നു.
ബാബ അപ്പോള്‍ വളരെ ക്ഷീണിതനായി മുമ്പില്‍ക്കണ്ട സാല്‍മരത്തിന് താഴെയിരുന്നു.
''എന്നാലും ആ സമയത്തു ശങ്കര്‍ കൂടി അങ്ങനെ ചെയ്തപ്പോ,'' ബാബ തേങ്ങി.
ബാബയും ഗുലാബും ആയുധവുമേന്തി തെരുവിലിറങ്ങിയപ്പോള്‍ കിഷന്‍ ശങ്കറിന്റെ അച്ഛനായ ശങ്കറാണ് എതിര്‍സംഘത്തിന്റെ മുന്നിലുണ്ടായിരുന്നതെന്നും അയാള്‍ തങ്ങള്‍ക്ക് പറയാനുള്ളതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ ബാബയുടെ നേരെ വാളോങ്ങിയെന്നും അത് തടയാന്‍ മുന്നോട്ടു വന്ന ഗുലാബിനാണ് മുറിവ് പറ്റിയതെന്നും ബാബ നേരത്തെ മായോട് പറയുന്നത് കേട്ടിരുന്നു. ബാബ പൊട്ടിക്കരഞ്ഞു.
'' എന്നാലും എനിക്കെന്റെ ഗുലാബിനെ രക്ഷിക്കാന്‍ പറ്റിയില്ലല്ലോ.''
സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചേരാതെ വഴിയില്‍ പെട്ടു പോയവരെ സഹായിക്കാനെന്നോണം അപ്പോഴും സൂര്യന്‍ ചുമന്നു തുടങ്ങിയ ആകാശത്തു കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
അന്ന് പക്ഷേ, യാത്ര തുടരാന്‍ കഴിയാതെ ഞങ്ങള്‍ സാല്‍ മരത്തിനു താഴെ അന്തിയുറങ്ങി. അതിരാവിലെ എഴുന്നേറ്റു തന്റെ റബ്ബര്‍ പന്തിനായി ഖാലിദ് എന്നോട് കേണപേക്ഷിച്ചെങ്കിലും ഞാന്‍ കൊടുത്തില്ല. അന്ന് നടത്തത്തിനിടയില്‍ പല തവണ ഖാലിദ് എന്റെ അടുത്തു വന്നു നിന്നു. പന്ത് കൈക്കലാക്കാനാണ് അവന്‍ വന്നതെന്ന് മനസ്സിലായെങ്കിലും ഞാന്‍ അതൊന്നും ശ്രദ്ധിക്കാതെ അവനെ ദേഷ്യം പിടിപ്പിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ വലിയ കുട്ടികള്‍ ബാബയുടെ കണ്ണുവെട്ടിച്ചു മഹ്‌വാ പൂക്കള്‍ പെറുക്കാന്‍ പോയതും കുളത്തില്‍ മീന്‍ പിടിക്കാന്‍ പോയതുമില്ലാം ഖാലിദ് ബാബയോട് പറഞ്ഞു കൊടുക്കുന്നത് ഞാന്‍ കേട്ടു. എന്റെ സിരയിലൂടെ രക്തം തിളച്ചു കയറി. ആ ദേഷ്യത്തില്‍ ഞാനാ പന്ത് ഞങ്ങളുടെ മുമ്പില്‍ പോയിരുന്ന വലിയൊരു സംഘത്തിനു നേരെ എറിഞ്ഞു. ഞങ്ങള്‍ നോക്കിനില്‍ക്കേ ഖാലിദ് ആ പന്തെടുക്കാനോടി. പൊടുന്നനെ ഞങ്ങളുടെ മുമ്പില്‍ പോയ സംഘത്തെ നാനാഭാഗത്തു നിന്നും ആളുകള്‍ വളഞ്ഞു. ഉന്തും തള്ളും കാരണം ഒരു പാടു പേര്‍ താഴെ വീണു. മാ വലിയ വായില്‍ കരഞ്ഞു.
അന്തരീക്ഷം പൊടി നിര്‍ഭരമായി. ബാബ ഖാലിദിനെ അന്വേഷിച്ചു ആ സംഘത്തിനടുത്തേക്കു ഓടി. അക്രമികള്‍ കയ്യിലുള്ള ആയുധങ്ങള്‍ കൊണ്ട് അഭയാര്‍ഥികളെ മുറിവേല്‍പ്പിച്ചു. അത്ഭുതമെന്നു പറയട്ടെ, ചില യാത്രക്കാരുടെ കയ്യിലും ആയുധങ്ങളുണ്ടായിരുന്നു. അവര്‍ എവിടെയാണ് ഇതെല്ലാം ഒളിപ്പിച്ചിരുന്നതെന്ന് അറിയില്ല. കുറച്ചു നേരം കൊണ്ട് അവിടമൊരു യുദ്ധക്കളമായിമാറിയിരുന്നു. ജയമോ പരാജയമോ ഇല്ലാതെ ധൂമപാളികള്‍ ഭൂമിയോടമര്‍ന്നു. ഒന്നും നടന്നിട്ടില്ലാത്തത് പോലെ അവ കണ്ണുമടച്ചു കിടന്നു. തങ്ങളില്‍ അലിഞ്ഞു ചേര്‍ന്ന ചുവപ്പ് നിറത്തേയും അപരിചിതത്വമൊന്നുമില്ലാതെ അവ സ്വീകരിച്ചു.
ബാബ ദുഖിതനായി തിരിച്ചു വന്നു. ഖാലിദിനെ അവിടെയെങ്ങും കണ്ടെത്താനായില്ല. മുറിവേറ്റും ചേതനയറ്റും കിടക്കുന്ന ഓരോ ആളുകളിലും ഞങ്ങള്‍ ഖാലിദിനെ അന്വേഷിച്ചു. അവന്‍ എങ്ങനെ അപ്രത്യക്ഷമായി? അന്ന് സൂര്യന്‍ തിരിച്ചു പോകുമ്പോള്‍ ഞങ്ങളുടെ ഖാലിദിനെയും കൊണ്ട് പോകുമെന്നറിഞ്ഞില്ല. പുലര്‍ച്ചെ അത് തിരിച്ചു വരുമ്പോള്‍ കൂടെ ഖാലിദുമുണ്ടാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിച്ചു. അവന്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു ഞങ്ങള്‍ക്ക് അംഗീകരിക്കാനായില്ല. ഞങ്ങള്‍ കുറച്ചകലെ മാറി ഖാലിദിനെ കാത്തിരുന്നു.
രണ്ടു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ അവന്റെ റബ്ബര്‍ പന്ത് ഞങ്ങള്‍ക്കൊരു പൊന്തക്കാട്ടില്‍ നിന്നു കിട്ടി. അത് ഞങ്ങളെ പിന്നെയും ആ നിര്‍ഭാഗ്യകരമായ ദിവസത്തേയും അവന്റെ പൂച്ചക്കണ്ണുകളേയും ഓര്‍മിപ്പിച്ചു. ഞങ്ങള്‍ അവിടെ ഉറങ്ങുന്നത് കണ്ടു അവിടത്തുകാര്‍ ഒന്ന് രണ്ടു തവണ വന്നു കാരണമന്വേഷിച്ചു. തങ്ങളുടെ വീടുകള്‍ കൊള്ളയടിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന യാത്രികരായിരുന്നു അവരുടെ മുമ്പില്‍ ഞങ്ങള്‍. ഞങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ച കഥകളൊന്നും അവര്‍ അംഗീകരിച്ചതേയില്ല. അവരെപ്പറഞ്ഞിട്ട് കാര്യമില്ല. ആ സംഭവവികാസങ്ങളില്‍ ഒരു ദുരൂഹത തളം കെട്ടി നിന്നിരുന്നു. ഇനിയുമവിടെ ചുറ്റിപ്പറ്റി നിന്നാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന സ്വദേശികളുടെ ഭീഷണിക്കു വഴങ്ങിയാണ് ഞങ്ങള്‍ പിന്നീട് യാത്ര തുടര്‍ന്നത്.
അതുവരെ ഉണ്ടായിരുന്ന ഉണര്‍വ്വ് എല്ലാവരില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. മാ യാത്രയിലുടനീളം ഒന്നും മിണ്ടിയില്ല. ബാബ മരങ്ങളുടേയും കെട്ടിട്ടങ്ങളുടേയും പിന്നില്‍ തന്റെ മകന്‍ ഒളിച്ചിരിപ്പുണ്ടോ എന്ന് നോക്കിക്കൊണ്ടേയിരുന്നു. എന്തും നേരിടാനുള്ള ഒരു-ധൈര്യം ഞാനാ മുഖത്ത് നിന്നും വായിച്ചെടുത്തു. എന്റെ കാര്യം അതിലും കഷ്ടമായിരുന്നു. കുറ്റബോധമെന്റെ ഓരോ നിമിഷത്തേയും കാര്‍ന്നു തിന്നു കൊണ്ടിരുന്നു.
ഞങ്ങള്‍ ചകിതരായി യാത്ര തുടര്‍ന്നു. കുറ്റബോധത്തെ എതിര്‍ക്കുന്തോറും അത് പൂര്‍വ്വാധികം ശക്തിയില്‍ എന്റെ മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു. അതവിടെ ഒരു കോട്ടകെട്ടി താമസമാക്കിയത് പോലെ എനിക്കു തോന്നി.
ബാബയേയും മായേയും അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഞാന്‍ ചിലപ്പോള്‍ മുമ്പിലും മറ്റു ചിലപ്പോള്‍ പുറകിലുമായി നടന്നു. ഒരിക്കല്‍ കുറച്ചു പിന്നിലായിപ്പോയപ്പോള്‍ മാ എന്നെ കണക്കിന് വഴക്ക് പറഞ്ഞു. ഞാനും നഷ്ടപ്പെട്ടു പോകുമോ എന്നായിരുന്നു അവരുടെ പേടി എന്ന് പിന്നീടെനിക്ക് മനസ്സിലായി. കല്ലും മുള്ളും കൊണ്ടുണ്ടായ കാലിലെ മുറിവുകളോ മൂന്നാലു ദിവസത്തെ ക്ഷീണമോ ഒന്നും ഞങ്ങളെ തളര്‍ത്തിയില്ല. അപ്പോള്‍ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഖാലിദിനെ കണ്ടെത്തുക.
(തുടരും)
| ഡോ. മുഹ്സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം(മരണം), മംഗാല, യല്‍ദ-ജവാരിയ(ദയ). ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
| ചിത്രീകരണം: ഷെമി
ഡോ. മുഹ്സിന കെ. ഇസ്മായില്‍