Quantcast
MediaOne Logo

ബാബയുടെ ആഗ്രഹം

വീര്‍സാല്‍ - നോവല്‍ | അധ്യായം 10

വീര്‍സാല്‍ - ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
X
Listen to this Article

ഖാലിദിനെ കണ്ടുപിടിക്കാനുള്ള ഏകവഴിയായ കര്‍താര്‍പൂര്‍ കോറിഡോര്‍ കോവിഡ് മഹാമാരിയുടെ വ്യാപനം തടയുവാന്‍ അടച്ചു കഴിഞ്ഞുവെന്ന വാര്‍ത്ത എന്നെത്തേടി എത്തുമ്പോള്‍ ഞാന്‍ ദമന്‍ ജീത്തിന്റെ അരികിലായിരുന്നു. ഇനിയത് തുറക്കപ്പെടുമെന്ന് തോന്നുന്നില്ല. പിന്നെങ്ങനെ ഞാന്‍ ഖാലിദിനെ കണ്ടു പിടിക്കും?

ഞാന്‍ ചെന്നപ്പോള്‍ ദമന്‍ജീത് അഞ്ചാറു കൊല്ലങ്ങള്‍ക്ക് മുന്‍പ് ഗ്രാമത്തില്‍ വെച്ച് നടന്ന ഒരു രക്തപരിശോധനയുടെ കടലാസുകള്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

''എന്താ തിരയുന്നത്?'' എനിക്കെല്ലാ കാര്യങ്ങളും ദമന്‍ജീത്തിനോട് പറയണമെന്നുണ്ടായിരുന്നു. ദമന്‍ജീത്തെങ്ങനെ പ്രതികരിക്കും? അമര്‍നാഥ് ബാബയുടെ കാര്യം കേള്‍ക്കുമ്പോള്‍ ദമന്‍ജീത്തിന് സങ്കടമാകില്ലേ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. മുന്‍കോപിയും എടുത്തു ചാട്ടക്കാരനുമായ തന്നേക്കാള്‍ നന്നായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശാന്തമനസ്‌കനായ ദമന്‍ജീത്തിന് കഴിയുമെന്ന് മനസ്സിന്റെ മറ്റൊരു ഭാഗം മന്ത്രിക്കുന്നുണ്ടായിരുന്നു.

'' മിതാലി എന്ന പെണ്‍കുട്ടിയുടെ ഹൃദയ ശസ്ത്രക്കിയക്കു രക്തം വേണം. നമ്മളന്നു നടത്തിയ ആ രക്തപരിശോധനയില്‍ നിന്നു മിതാലിക്ക് ഒരു ധാതാവിനെ കണ്ടു കിട്ടുമോ എന്ന് നോക്കുകയായിരുന്നു,'' ദമന്‍ജീത് എന്നെക്കണ്ടപ്പോള്‍ വാചാലനായി. ഞാന്‍ എന്ത് പറയണമെന്നറിയാതെ ദമന്‍ജീത്തിനെ നോക്കി തലയാട്ടി. വിഷയം എങ്ങനെ അവതരിപ്പിക്കണമെന്ന് മനസ്സില്‍ തിരിച്ചും മറിച്ചും ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒന്ന് രണ്ടു പ്രാവശ്യം പറയാനൊരുങ്ങിയതാണ്. വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞു.

'' കിട്ടി. ഹക്കീം എന്നയാളുടെ വീട്ടില്‍പ്പോയി അയാളെ കയ്യോടെ പൊക്കണം. അയാളുടെ രക്തം റെയര്‍ ഗ്രൂപ്പാണ്.''

ആ വാചകത്തില്‍ നിന്നു റെയര്‍ ഗ്രൂപ്പ് എന്ന രണ്ടു വാക്കുകള്‍ എന്റെ ഹൃദയത്തിലാണ് പതിഞ്ഞത്. അതെ, ഖാലിദിന്റെ രക്തവും റെയര്‍ ഗ്രൂപ്പാണ്. അന്ന് കിഷന്‍ ശങ്കറിനു ഒരപകടം സംഭവിച്ചു ആശുപത്രിയില്‍ അഡ്മിറ്റ് ആയപ്പോള്‍ ഞങ്ങള്‍ എല്ലാവരുടേയും രക്തം പരിശോധിച്ചതാണ്. അന്നാണ് ഡോക്ടര്‍ ഖാലിദിന്റെ രക്ത ഗ്രൂപ്പിന്റെ സവിശേഷതയെക്കുറിച്ച് ബാബയോട് പറഞ്ഞത്. അല്ലെങ്കിലന്നൊന്നും ആരും രക്തപരിശോധനയൊന്നും നടത്താറില്ല. അന്ന് മായുടെ രക്തമാണ് കിഷന്‍ ബാബക്കു നല്‍കിയത്. എന്നിട്ടാണ് കിഷന്‍ ബാബ അന്ന് ബാബക്കു നേരെ വാള്‍ ചുഴറ്റിയത്. ചിലരങ്ങനെയാണ്, നമ്മള്‍ എന്തൊക്കെ ചെയ്തു കൊടുത്താലും നമ്മള്‍ എങ്ങനൊക്കെ പെരുമാറിയാലും നമ്മെ ദ്രോഹിച്ചു കൊണ്ടേയിരിക്കും. ഒളിഞ്ഞു നിന്നു ദ്രോഹിക്കുന്ന അത്തരം സുഹൃത്തുക്കളെയാണ് പരസ്യമായ ശത്രുക്കളേക്കാള്‍ ഭയക്കേണ്ടതെന്നു ബാബ എപ്പോഴും പറയുമായിരുന്നു. എല്ലാവരേയും വളരെപ്പെട്ടന്ന് മനസ്സിലാക്കാന്‍ കഴിവുള്ള ബാബക്കു പോലും കിഷന്‍ ശങ്കറിനെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അയാള്‍ അത്ര നന്നായി തന്റെ ഭാഗം ബാബക്കു മുമ്പില്‍ അഭിനയിച്ചു തീര്‍ത്തു.

''ഖാലിദിന്റെ രക്തവും റെയര്‍ ഗ്രൂപ്പാണ്,'' എനിക്കപ്പോള്‍ അതിനെക്കുറിച്ച് പറയാനാണ് തോന്നിയത്. എന്റെയുള്ളില്‍ വീര്‍പ്പു മുട്ടുന്ന നിശ്ശബ്ദത തകര്‍ക്കുക എന്ന ഉദ്ദേശമേ അതിനുണ്ടായിരുന്നുള്ളൂ.

'' ആഹാ...അത് നമുക്കുപകരിക്കും. അവിടത്തെ ആശുപത്രികളില്‍ അന്വേഷിച്ചാല്‍ ചിലപ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ നമുക്ക് കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ട്,'' ദമന്‍ജീത് ഞാന്‍ വിചാരിച്ചതിനേക്കാള്‍ ആവേശഭരിതനായി. ദമന്‍ജീത്തിന്റെ കണ്ണുകള്‍ തിളങ്ങി.

''നമുക്ക് വളരെ പെട്ടന്ന് ഖാലിദിനെ കണ്ടു പിടിക്കാന്‍ കഴിയുമെന്ന് എന്റെ മനസ്സ് പറയുന്നു. നമുക്കൊന്നാഞ്ഞു പിടിച്ചാലോ?''

ദമന്‍ജീത്തിന്റെ ആവേശം എന്നെ വല്ലാതെ ഭയപ്പെടുത്തി. ആ സംഭാഷണം പുരോഗമിക്കുംതോറും അമര്‍നാഥ് ബാബയുടെ കാര്യം പറയുന്നതില്‍ നിന്നും ഞാന്‍ അകന്നകന്ന് പോകുന്നത് പോലെ. ഇനിയും മനസ്സിലിട്ടു കൊണ്ടിരുന്നാല്‍ അതവിടെക്കിടന്ന് വിങ്ങിപ്പൊട്ടുമെന്നും ഒരിക്കലും പറയാനാകാത്ത വിധം മനസ്സിന്റെ ആഗാധതയിലേക്കാഴ്ന്നു പോകുമെന്നുമെനിക്ക് തോന്നി.


'' ദമന്‍, അമര്‍നാഥ് ബാബ... കൊല്ലപ്പെട്ടതാണ്,'' എന്നെ ഏല്‍പിച്ച എന്തോ ഒരു ഉത്തരവാദിത്തമെന്ന പോലെ ഞാനക്കാര്യം വളരെ വേഗം പറഞ്ഞൊപ്പിച്ചു.

ദമന്‍ജീത് ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ തരിച്ചു നിന്നു. പിന്നെ വളരെ ശാന്തനായി പറഞ്ഞു.

'' എനിക്കു സംശയമുണ്ടായിരുന്നു. അവസാന നാളുകളില്‍ ബാബ വളരെ അസ്വസ്ഥനായിരുന്നു. എന്തൊക്കെയോ ബാബയെ അലട്ടുന്നത്തു പോലെ എനിക്കു തോന്നിയിരുന്നു. ഞാനിക്കാര്യത്തെക്കുറിച്ച് നിന്നോടു പറയാനിരിക്കുകയായിരുന്നു. പിന്നെ എനിക്കു തോന്നി എന്റെ മനസ്സ് ഉണ്ടാക്കിയെടുക്കുന്നതാണ് അതെല്ലാമെന്ന്. എന്റെ ബാബ മരിച്ചു കിടന്ന ആ ഗുഹ ബാബയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. അവിടത്തെ കല്ലുകളിലുള്ള എഴുത്തുകള്‍ ബാബ കൊത്തിവെച്ചതാണ്,'' ദമന്‍ ജീത്തിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു. എന്നില്‍ നിന്നുമതൊളിപ്പിച്ചു വെക്കാനാകണം ദമന്‍ജീത് അടുക്കളയില്‍ പോയി ഒരു ഗ്ലാസ് ലസ്സിയുണ്ടാക്കി എനിക്കു തന്നത്. ആ ഗ്ലാസ്സിലെ തണുപ്പു തന്നെയായിരുന്നു എന്റെ കൈകള്‍ക്കും. എന്റെ തൊണ്ട വരണ്ടുണങ്ങിയിരുന്നെങ്കിലും ആ ലസ്സി കുടിക്കാനെനിക്ക് മനസ്സ് വന്നില്ല.

'' ആരാണെന്ന് അറിയോ?'' ഞാന്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.

'' ഇല്ല. നമുക്ക് കണ്ടുപിടിക്കാം. നീയെങ്ങനറിഞ്ഞു?''

ഞാന്‍ അത് വരേ പേടിച്ചിരുന്ന ചോദ്യമെന്നെത്തേടി വന്നു. ഞാനെന്തിനാണ് ആ ചോദ്യത്തെ ഭയന്നിരുന്നതെന്നെനിക്കറിയില്ല. തെറ്റു ചെയ്യാത്തവര്‍ പേടിക്കേണ്ട ആവശ്യമില്ല എന്ന് ബാബ എപ്പോഴും പറയുമായിരുന്നു. അത് നൂറുശതമാനം ശരിയാണെന്ന് എനിക്കുമറിയാം. ചിലപ്പോള്‍ ബാബ ആ കത്തിലെഴുതിയ കാര്യങ്ങളെല്ലാം വിട്ടു പോകാതെ ദമന്‍ജീത്തിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുമോ എന്ന പേടിയായിരിക്കാം. അല്ലെങ്കില്‍ അത് പറഞ്ഞു കഴിയുമ്പോള്‍ ഖാലിദിനെ കണ്ടു പിടിക്കുവാന്‍ ദമന്‍ജീത് സഹകരിക്കില്ലേ എന്ന ആശങ്കയാകാം. അതുമല്ലെങ്കില്‍ പ്രധാനപ്പെട്ട ഒരു കാര്യം പറയുമ്പോളുള്ള സ്വാഭാവികമായ ഉത്കണ്ഠയാകാം. സമയം കഴിയുംതോറും അതിന്റെ തീവ്രത കൂടി വരുകയേ ഉള്ളൂ എന്ന് ഞാന്‍ അതിനോടകം തന്നെ മനസ്സിലാക്കിയിരുന്നു. ബാബ ആ കത്തിലവതരിപ്പിച്ചിരിക്കുന്ന രഹസ്യസ്വഭാവം കണക്കിലെടുത്താണ് ഞാന്‍ ബാബയുടെ കത്ത് ദമന്‍ജീത്തിനെ കാണിക്കാന്‍ കൊണ്ട് വരാഞ്ഞത്. ഒറ്റശ്വാസത്തില്‍ ബാബയുടെ കത്തിലുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ എനിക്കു തെല്ലൊരാശ്വാസമായി.

''ഖാലിദിന്റെ രേഖാചിത്രമൊന്നു വരപ്പിച്ചു നോക്കിയാലോ? ഇപ്പോള്‍ കമ്പ്യൂട്ടറിലാണു ചിത്രങ്ങള്‍ വരക്കുന്നത്. വളരെ കുറച്ചു വിവരങ്ങള്‍ നല്‍കിയാല്‍ മിനിറ്റുകള്‍ കൊണ്ട് രേഖാചിത്രം തയ്യാറാകും. ചില ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ആ ചിത്രത്തിലുള്ള ആളുടെ വിവധ ഘട്ടങ്ങളിലുള്ള രൂപവും കണ്ടു പിടിക്കാന്‍ പറ്റും. ചിലപ്പോളത് നമുക്ക് ഉപകരിച്ചേക്കാം,'' തോളില്‍ പച്ചകുത്തിയത് തൊട്ടുകൊണ്ട് ദമന്‍ജീത് തുടര്‍ന്നു,

'' എന്നാലും അന്ന് അമര്‍നാഥ് ബാബ ഇതെന്റെ കയ്യില്‍ വരപ്പിക്കുമ്പോള്‍ ഇതിത്ര പ്രാധാന്യമുള്ള ഒരു ചിത്രമാണെന്നറിയില്ലായിരുന്നു. മായെ എന്നും സ്‌നേഹിക്കണമെന്നാണതിനര്‍ഥമെന്നാണ് ബാബ പണ്ടെനിക്ക് പറഞ്ഞു തന്നിട്ടുള്ളത്. വളരെ കുറച്ചു നാളേ ഞാന്‍ മായുടെ കൂടെ ജീവിച്ചിട്ടുള്ളൂ. ഇപ്പോളിതാ ബാബയും.''

എന്ത് പറയണമെന്നറിയാതെ ഞാന്‍ ദമന്‍ജീത്തിനെ നോക്കി. പലപ്പോഴും ദുരിതങ്ങള്‍ക്കു മുന്‍പില്‍ നിസ്സഹായരായി നില്‍ക്കാനേ നമുക്ക് കഴിയൂ.

'' അന്ന് നമ്മുടെ ഉത്സവം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന പയ്യനല്ലേ? അവന്‍ നന്നായി വരക്കും. അവനെ ഏല്‍പിച്ചാലോ?''

സ്വന്തം പ്രശ്‌നങ്ങള്‍ മറന്നു മുന്നോട്ടുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ദമന്‍ ജീത്തിനെപ്പോലെ വലിയ വ്യക്തിത്വമുള്ളവര്‍ക്കേ കഴിയൂ. എന്റെ മനസ്സില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ മുളച്ചു. ഖാലിദിനെ ഒരിക്കല്‍ ഞാന്‍ കണ്ടെത്തുമെന്നു അപ്പോള്‍ ഞാന്‍ മനസ്സിലുറപ്പിച്ചു. അമര്‍നാഥ് ബാബയുടെ കൊലയാളികളെ കണ്ടുപിടിക്കണം. ആ രഹസ്യ കോഡ് കണ്ടെത്തി ഞങ്ങളുടെ കുടുംബസ്വത്തായ ശാസ്ത്രീയ വിജ്ഞാനങ്ങള്‍ കണ്ടെത്തണമെന്നും അത് ജനങ്ങള്‍ക്കു ഉപകരിക്കുന്ന രീതിയില്‍ ഉപയോഗിക്കണമെന്നുമായിരുന്നു എന്റെ ആഗ്രഹം. ബാബയുടെ ആഗ്രഹവും അത് തന്നെയായിരുന്നിരിക്കണം.

******************

| ഡോ. മുഹ്സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം(മരണം), മംഗാല, യല്‍ദ-ജവാരിയ(ദയ). ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



TAGS :