Quantcast
MediaOne Logo

ഭരത്പൂരിലെ ഓര്‍മകളുറങ്ങുന്ന വീട്

വീര്‍സാല്‍ - നോവല്‍ | അധ്യായം 14

മലയാളം നോവല്‍, മലയാള സാഹിത്യം
X
Listen to this Article

ഭരത്പൂര്‍. എത്ര ദൂരം സഞ്ചരിച്ചുവെന്നറിയില്ല. മഴക്ക് ശേഷമുള്ള മണ്ണിന്റെ പുതുമണം പോലെ ആ ഗന്ധം എന്നെ കുളിരണിയിച്ചു.

''ഇതെന്റെ മണ്ണാണ്. ഇതെന്റെ നാടാണ്,'' ബസ്സില്‍ എന്റെ തൊട്ടടുത്തിരുന്ന പയ്യനെ ഞാന്‍ പറഞ്ഞു കേള്‍പ്പിക്കാന്‍ ശ്രമിച്ചു. കാതില്‍ കുത്തിത്തിരുകിയ ഇയര്‍ഫോണിന്റെ മായാ ലോകത്തായിരുന്നു അവനെന്ന് തോന്നുന്നു. അവനൊന്നും പറഞ്ഞതേയില്ല. അല്ലെങ്കിലും വേഗത്തില്‍ പായുന്ന ഇന്നത്തെ തലമുറയ്ക്ക് ഒന്നും കേള്‍ക്കാനുള്ള സമയമില്ലല്ലോ.

ബസ്സ് ഓടിക്കൊണ്ടേയിരുന്നു, വയലുകളും സാല്‍മരക്കാടുകളും താണ്ടി. പണ്ട് ഇവിടെയൊക്കെ മണ്‍പാതയായിരുന്നല്ലോ എന്നു ചിന്തിക്കവേ,

'' ബാബാ, ആപ്‌കോ ഭരത്പൂര്‍ ഉതരാനെ ഹേ, നാ? യഹാ ഓര്‍ ബസാര്‍ കേ പാസ്?'' ഞാന്‍ അവനേയും അവന്‍ ചൂണ്ടിക്കാണിച്ച ബസ്സ്‌റ്റോപ്പും മാറി മാറി നോക്കി. ഭരത്പൂര്‍ ആകെ മാറിപ്പോയിരുന്നു. ചുറ്റുമുള്ള കെട്ടിടങ്ങള്‍ മുഴുവന്‍ പൊളിച്ചിട്ടിരിക്കുകയായിരുന്നു. പഴമയുടെ അടയാളമെന്നോണം ചുരുക്കം ചില തൂണുകള്‍ അങ്ങിങ്ങായി തലയുയര്‍ത്തി നില്‍ക്കുന്നു.

''റോഡ് വികസനം. വീടുകളും കടകളും എല്ലാം പൊളിച്ചു കളഞ്ഞു.'' എന്റെ മനസ്സ് വായിച്ചിട്ടെന്നോണം ബസ്സിലെ കണ്ടക്ടര്‍ പറഞ്ഞു.

''സാറിന്റെ വീടും പോയോ?''

''അറിയില്ല,'' ഞാനയാളെ നിസ്സംഗതയോടെ നോക്കി.

സത്യത്തില്‍ എനിക്കു ഒന്നും ഓര്‍മ വരുന്നുണ്ടായിരുന്നില്ല. ഖാലിദും ബാബയും ഞാനും രാവിലെ നടക്കാറുള്ള വഴികള്‍. നാലു മണ്‍പാതകള്‍ കൂടിയ കവലയിലെ ഉന്തു വണ്ടിയില്‍ വില്‍ക്കപ്പെടുന്ന ഇഞ്ചി മിഠായികള്‍. ചുരുക്കം ചില അവസരങ്ങളില്‍ മാത്രമേ ഞങ്ങള്‍ക്കു ബാബ ഇഞ്ചി മിഠായി വാങ്ങിച്ചു തരുകയുള്ളൂ. അതും ഓരോന്ന് വീതം. ഒരിക്കല്‍ മാത്രമേ ബാബ രണ്ടാമതൊരു മിഠായി വാങ്ങിച്ചിട്ടുള്ളൂ. കല്ലു തട്ടി താഴെ വീണ ഖാലിദിന്റെ കയ്യിലെ ഇഞ്ചി മിഠായി താഴെപ്പോയപ്പോഴായിരുന്നു അതെന്ന് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ആ മിഠായി വാലാ ഇപ്പോള്‍ എവിടെയായിരിക്കും? അയാളും തങ്ങളെപ്പോലെ ഏതോ അന്യനാട്ടിലായിരിക്കുമോ? സ്വന്തം നാടും വീടും നാട്ടുകാരേയും വിട്ടു അന്യമായ ഏതോ ദേശത്തേക്കു ചേക്കേറി വന്ന തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഞാന്‍ വിലപിച്ചു. ഇന്ത്യയിലെ കോടിക്കണക്കിനുള്ള മനുഷ്യരുടെ ദുരവസ്ഥ എന്നെ വേട്ടയാടി. പറിച്ചു നടപ്പെടുന്ന ചെടികളെപ്പോലെയാണ് അവരുടെ അവസ്ഥ. ചിലപ്പോള്‍ പ്രതികൂലാവസ്ഥയെ അധിജീവിക്കും. അല്ലെങ്കില്‍ നിവൃത്തിയില്ലാതെ തോറ്റു പിന്മാറും. ഞാന്‍ അതില്‍ ഏതു ഗണത്തില്‍പ്പെട്ടതാണ്? ഞങ്ങളുടെ ജീവിതവും അന്ന് താറുമാറായിപ്പോയതല്ലേ? അല്ലെങ്കില്‍ ഈ നാട്ടില്‍ പേരുകേട്ട കര്‍ഷക കുടുംബത്തിലെ അംഗമായി സന്തോഷത്തോടെ താനിപ്പോഴുമിവിടെ ജീവിക്കുന്നുണ്ടാകും. വിധിഅല്ലാതെന്ത് പറയാന്‍?

മത്സ്യത്തിന്റെ ഗന്ധം അന്തരീക്ഷത്തില്‍ മുന്തി നില്‍ക്കുന്ന ഒരിടത്താണ് ബസ്സ് നിര്‍ത്തിയത്. നിലത്തു വലിയ കുട്ടകളില്‍ നിറച്ചു വെച്ച കോളീ ഫ്‌ളവറും കാബേജും തക്കാളിയും ചോളവും വില്‍ക്കുന്ന സ്ത്രീജനങ്ങള്‍. തൊട്ടപ്പുറത്താണ് മത്സ്യ മാര്‍ക്കറ്റ്. ചെറു കടകളുടെ ബോര്‍ഡില്‍ ഹിന്ദിയുടെ കൂടെ ഇംഗ്ലീഷും കേറി വന്നിരിക്കുന്നു. ഞാന്‍ പതിയെ നടന്നു വാഹനങ്ങള്‍ തിങ്ങി നിറഞ്ഞ ഒരു നിരത്തിലെത്തി. വണ്ടികളുടെ ശബ്ദം ജനങ്ങളുടെ ശബ്ദത്തെ വെല്ലുന്നതായിരുന്നു. ആളുകള്‍ ഉറുമ്പുകളെപ്പോലെ വണ്ടികളുടെ ഇടയിലൂടെ ഊളിയിട്ട് നടന്നു കൊണ്ടിരുന്നു. നടന്നു സ്ഥലം കണ്ടെത്താമെന്ന ഉദ്ദേശം നടപ്പില്ലെന്ന് മനസ്സിലായപ്പോള്‍ പതിയെ ഒരോട്ടോറിക്ഷയില്‍ കയറി സ്ഥലത്തിന്റെ പേരു പറഞ്ഞു. ഓട്ടോ ചെറു വഴികളിലൂടെ നൂണ്ടും നുഴഞ്ഞു കയറിയും ഒരു സൂപ്പര്‍ മാര്‍ക്കറ്റിന് മുന്‍പില്‍ നിര്‍ത്തി.


''ഭരത്പൂര്‍,'' അയാള്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നുറപ്പിക്കാന്‍ വേണ്ടി ഞാനൊന്ന്കൂടിപ്പറഞ്ഞു. അയാള്‍ അത് കേട്ടില്ലെന്ന മട്ടിലിരുന്നു. കാശ് കൊടുത്തു പുറത്തിറങ്ങിയപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ ബോര്‍ഡിലെ പേര് വായിച്ചു സ്ഥലം അതുതന്നെയെന്നുറപ്പ് വരുത്തി. സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ കയറി ഒരു ഗ്ലാസ്സ് വെള്ളം ചോദിച്ചപ്പോള്‍ അയാളെനിക്ക് ഒരു കുപ്പി വെള്ളമെടുത്ത് തന്നു ബില്ലു നീട്ടി. പൈസ കൊടുത്തു വെള്ളക്കുപ്പി ചുണ്ടോടടുപ്പിച്ചപ്പോള്‍ തെല്ലൊരാശ്വാസമായി. എന്ത് ചെയ്യണം എവിടെപ്പോയി അന്വേഷിക്കണമെന്ന് വിചാരിച്ചു പുറത്തിറങ്ങി നടക്കുമ്പോള്‍ ഒരു ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി,

''ഏയ്, ഭായ്.''

ഇരുനിറത്തിലുള്ള ഒരു മനുഷ്യന്‍. മുഖവും കഴുത്തും ചുക്കിച്ചുളിഞ്ഞിരിക്കുന്നു. നടുവല്‍പ്പം വളച്ചാണ് നില്‍പ്പ്. കയ്യില്‍ ഒരു പാക്കറ്റ് ബിസ്‌ക്കറ്റുമുണ്ട്. സൂപ്പര്‍മാക്കറ്റിലെ സാധനങ്ങളടുക്കി വെക്കുകയായിരുന്നിരിക്കണം.

'' ഇവിടെ താമസിച്ചിരുന്നോ? പണ്ട്?''

അയാളെന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നു.

''മാസ്‌ക്കിട്ടാല്‍ ആരേയും മനസ്സിലാകില്ല. അയാളൊരു ആത്മഗതമെന്നോണം പറഞ്ഞു.

''ഞാന്‍ ഗുല്‍സാറാണ്.''

ഞാനയാളോട് എന്തുകൊണ്ടങ്ങനെ പറഞ്ഞുവെന്നറിയില്ല. എനിക്കറിയാവുന്ന ആരോ ആണതെന്ന് തോന്നിക്കാണണം.

''ന്നെ ഓര്‍മയില്ലേ?''

അയാളുടെ ചോദ്യം കേട്ടു ഞാന്‍ പകച്ചു നിന്നുപോയി. എന്റെ മനസ്സിലുദിച്ച സംശയം തീര്‍ക്കാന്‍ ഞാനയാളുടെ നെറ്റിയുടെ അറ്റത്തെ മറുകിലേക്ക് നോക്കി. അതേ, എന്റെ കളിക്കൂട്ടുകാരന്‍-കിഷന്‍. ഞങ്ങള്‍ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. താന്‍ ആറു വയസ്സുള്ള ഒരു കുട്ടിയായി മാറിയത് പോലെ എനിക്കു തോന്നി. എന്റെ ഭാഷയറിയുന്ന ഞാന്‍ പറയുന്നതെല്ലാം മനസ്സിലാക്കുന്ന ഒരാള്‍. എന്റെ കണ്ണുകള്‍ നിറഞ്ഞു.

''ബാബ?'' ചുറ്റും കണ്ണുകള്‍ പായിച്ചു അയാളെന്നോട് ചോദിച്ചു. ഞാനൊന്നും പറയാനാകാതെ നിന്നു.

''ഖാലിദിന്റെ ചിത്രങ്ങളെവിടെയുണ്ടെന്നറിയാമോ?'' ഞാനൊരു മുഖവുരയുമില്ലാതെ ചോദിച്ചു.

''നമുക്ക് കണ്ടു പിടിക്കാം,'' കിഷനെനിക്ക് പ്രതീക്ഷ നല്‍കി.

അവന്‍ മുന്നില്‍ നടന്നു. വയലുകളും കടകളും താണ്ടി അവനെന്നെ ഒരു ചെറു വീടിന് മുന്‍പില്‍ കൊണ്ട് നിര്‍ത്തി. എന്റെ വീട്, എന്റെ സ്വന്തം വീട്. അതിന്റെ ചുവരുകള്‍ വെള്ളപൂശിയിരുന്നു. അതിന്റെ മതിലുകള്‍ മിനുസ്സമാക്കിയിരുന്നു. മുകളിള്‍ പുതിയൊരു നില പടുത്തുയര്‍ത്തിയിരുന്നു. എങ്കിലും അതെന്റെ വീടായിരുന്നു. നൂറ്റാണ്ടുകള്‍ മുന്‍പുള്ള ഓര്‍മകളുറങ്ങുന്ന വീട്.

(തുടരും)

| ഡോ. മുഹ്സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം (മരണം), മംഗാല, യല്‍ദ-ജവാരിയ (ദയ). ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.




TAGS :