Quantcast
MediaOne Logo

സമ്മിലൂനി

| കഥ

സമ്മിലൂനി
X
Listen to this Article

ഖലീല്‍ ഉസ്താദിന് ഇന്നൊരു പതിവ് ദിവസമല്ല. എന്നാല്‍, ഇന്നത്തെ ദിവസം ഇന്നുവരെ കടന്നുവന്ന മുഴുവന്‍ പതിവ് ദിവസങ്ങള്‍ക്കും ഒടുവിലത്തേതാണ്. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷത്തെ അധ്യാപകവൃത്തിയില്‍ നിന്നും അയാള്‍ ഇന്ന് പടിയിറങ്ങുകയാണ്. മരിക്കുംവരെ ജോലി ചെയ്താലും തീരാത്ത പ്രാരാബ്ധങ്ങള്‍ ബാക്കി കിടക്കുന്നു എങ്കിലും ഇറങ്ങാതെ വയ്യാ. കാഴ്ച നന്നേ മങ്ങി, സ്ഥിരമായി കയറി വരുന്ന ഓര്‍മപ്പിശക്‌. അടുത്ത സമയങ്ങളിലായി പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ അക്ഷരങ്ങള്‍ ഓര്‍മ്മയില്‍ വരില്ല. കുഞ്ഞുങ്ങള്‍ അക്ഷമയോടെ അടുത്ത വരികള്‍ക്കായി കാത്തുനില്‍ക്കും.

രാത്രിയില്‍ ഉറക്കം വരാതെ അയാള്‍ തിരിഞ്ഞും മറിഞ്ഞും കിടക്കും. ആ വേദന തിരിച്ചറിയാന്‍ കഴിയുന്ന ഭാര്യ താഹിറ സ്‌നേഹത്തോടെ ചോദിക്കും.

'എന്തുപറ്റി..? '

'ഓര്‍മപ്പിശക്‌, കാഴ്ചയും മങ്ങി.. കുട്ടികളെ പഠിപ്പിക്കാന്‍ വയ്യാ '

'എല്ലാം മറന്നോ .. '

'പൂര്‍ണ്ണമായതൊന്നും ഇല്ലാത്തത് പോലെ... '

'കഷ്ടപ്പെടണ്ട ജോലി മതിയാക്ക്..'

'ജീവിക്കണ്ടേ..'

'ജീവിക്കണം പക്ഷേ ഓര്‍മപ്പിശകും ചുമന്ന് കുഞ്ഞുങ്ങളെ പഠിപ്പിച്ചൂടാ.. '

ഭാര്യ പറഞ്ഞത് ശരിയാണെന്ന് ഖലീല്‍ ഉസ്താദിന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് അയാള്‍ ഇന്ന് ജോലിയില്‍ നിന്നും ഇറങ്ങാന്‍ തീരുമാനിച്ചതും.

കുട്ടികളുടെ മുഖങ്ങള്‍ വാടി തളര്‍ന്നിരിക്കുന്നത് ഖലീല്‍ ഉസ്താദ് ശ്രദ്ധിച്ചതാണ്. ആശ്വസിപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തൊണ്ടക്കുഴിയില്‍ സങ്കടം കനത്ത് കിടക്കുകയാണ്. കുഞ്ഞുങ്ങളോട് മിണ്ടിയാല്‍ സങ്കടം അടക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പഴകിയ മേശയുടെ മുകളിലേക്ക് കയറ്റി വച്ച കൈകളിലേക്ക് ശിരസ്സ് ചേര്‍ത്തുവച്ചുകൊണ്ട് എന്തൊക്കെയൊ ഓര്‍ത്ത് അയാള്‍ ഇരുന്നു.

കഴിഞ്ഞ ദിവസം ഹാജി അഹമ്മദ് കുഞ്ഞിന്റെ ഇളയ മകന്‍ ഡോക്ടര്‍ റസാക്കിനെ പള്ളീല് വച്ച് കണ്ടപ്പോ ഓര്‍മത്തെറ്റിന്റെ കാര്യം ഒന്ന് സൂചിപ്പിച്ചതാണ്.

'എന്തക്കയ മറക്കണേ മൊയ്‌ലാരെ ... '

'അക്ഷരങ്ങള്...'

'പിന്നെ... '

'പറഞ്ഞ് പറഞ്ഞ് ഇരിക്കുമ്പോ, ആ കഥയങ്ങട് മറന്ന് പോകും... '

പിന്നെ

'കുട്ടികള്‍ടെ പേരൊന്നും ഉള്ളിലില്ല... ചിലപ്പോ മുഖവും... '

'ഹോസ്പിറ്റലിലേക്ക്‌ വരൂ നമുക്ക്‌ നോക്കാം.. '

മറുപടിയായി എന്തോ പറയണം എന്ന് ഉസ്താദ് ആഗ്രഹിച്ചിരുന്നതാണ്. കഴിഞ്ഞില്ല. അല്ലെങ്കിലും അയാള്‍ക്കിപ്പോള്‍ ഒന്നിനും കഴിയാറില്ല. കഴിഞ്ഞു പോയ ഏതോ രാത്രികളിലൊന്നില്‍ ഉമ്മയുടെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരാശ ആ മുഖത്ത് കെട്ടിക്കിടന്നിരുന്നു. ഉമ്മയുടെ കോന്തലയുടെ മണം, അടുക്കളയില്‍ നിന്നും സദാ ഉയര്‍ന്നിരുന്ന കൊതിപ്പിക്കുന്ന വാസനകള്‍, ബലമായി പിടിച്ച് തലയില്‍ ഉമ്മ തേച്ച് തന്നിരുന്ന എണ്ണയുടെ ഗന്ധം.. എല്ലാം എല്ലാം ദുഃഖഭരിതമായ വേര്‍പാടിന്റെ വക്കില്‍ നിരാശയോടെ അയാളെ നോക്കി നിന്നു.

'താഹിറ, ഉമ്മയെ ഓര്‍ക്കാന്‍ കഴിയുന്നില്ല... '

'എന്ത്...? '

'ആ മുഖം... '

'ഓര്‍ത്തെടുക്കാന്‍ കഷ്ടപ്പെടുമ്പോള്‍ മനസിന്റെ ആവലാതി കൊണ്ട് അങ്ങനെ പലതും തോന്നും... കണ്ണടച്ച് സ്വസ്ഥതയോടെ കിടക്കും, ഉള്ളില്‍ തെളിയും...'

അയാള്‍ക്കതിന് കഴിഞ്ഞതേ ഇല്ല... ഓര്‍മ്മകള്‍ ഓരോന്നായി ദിനവും പടിയിറങ്ങി പോയി. അറുതിയില്ലാത്ത ദുഃഖം പോലെ , അന്യമായ ഓര്‍മ്മകള്‍ അയാളെ വേട്ടയാടി....

'ഉസ്താദേ.. '

അമീന്‍ അവന്റെ പതിഞ്ഞ സ്വരത്തില്‍ വിളിക്കുന്നത് വരെ അയാള്‍ ആ ഇരിപ്പ് തുടര്‍ന്നു.

'ഉസ്താദേ, നബിന്റെ കഥ പറയോ.. '

'ഏത് നബിന്റെ... '

'മുഹമ്മദ് നബിന്റെ... '

പെട്ടെന്ന്, മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഭയപ്പെടുത്തുന്ന ചിന്തകള്‍ അയാള്‍ക്കുള്ളിലൂടെ കടന്നുപോയി.

ഇടയില്‍ മറന്നുപോകുമോ എന്ന കഠിനമായ വേദനയായിരുന്നുവത്. അതൊരു വേദന മാത്രമല്ല. പ്രിയപ്പെട്ട പ്രവാചകനെ മറന്നുപോയെന്ന് തിരിച്ചറിയേണ്ടി വരുമെങ്കില്‍ ആ യാഥാര്‍ഥ്യം ഉള്‍കൊള്ളാന്‍ കഴിയാത്ത ഭയം കൂടിയാണത്.

'ഉസ്താദെ, കഥ.. '

കുട്ടികള്‍ ഓര്‍മിപ്പിച്ചു.

ഖലീല്‍ ഉസ്താദ് കണ്ണുകള്‍ അടച്ചു. കാലം പതിയെ പിന്നിലേക്ക് സഞ്ചരിക്കുന്നത് അയാള്‍ അനുഭവിക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ പിന്നിലേക്ക്. അനാഥനായ ഒരു ബാലന്റെ കൈകളില്‍ സ്വന്തം കൈകള്‍ കോര്‍ത്തിരിക്കുന്നു.

ഉസ്താദ് കഥ പറയാന്‍ ആരംഭിച്ചിരുന്നു.

അന്ന്, അവസാന ദിവസമായിരുന്നു. പ്രിയപത്‌നി ആയിഷയുടെ മടിയില്‍ തലചായ്ച്ച് പ്രവാചകര്‍ ഇഹലോകം വെടിഞ്ഞിരിക്കുന്നു. അനുയായികള്‍ ആ ദുഃഖവാര്‍ത്തയെ ഞെട്ടലോടെ എതിരേറ്റു. രാവിലെയും അവര്‍ പ്രവാചകരെ കണ്ടതാണ്. എന്നിട്ടിപ്പോള്‍.. വേര്‍പാടിന്റെ ശക്തമായ വേദനയെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അവര്‍ പ്രയാസപ്പെട്ടു.


അബുബക്കര്‍ എവിടെ...? പ്രവാചകരുടെ രോഗം ഭേദമായതിന്റെ സന്തോഷത്തോടെയാണ് അദ്ദേഹം ശുന്‍ഗിലെ പത്‌നിഗൃഹത്തിലേക്ക് തിരിച്ചത്. പക്ഷേ, എല്ലാം മാറിമറിഞ്ഞിരിക്കുകയാണ്. വിശ്വസിക്കാന്‍ കഴിയാത്ത ഒരു വാര്‍ത്തയുടെ മരവിപ്പോടെ ഉമര്‍ ആയിശയുടെ ഗൃഹത്തിലേക്ക് പാഞ്ഞെത്തി. വീട്ടിലെത്തിയ ഉമര്‍ പ്രവാചകരുടെ മുഖത്ത് നിന്നും വസ്ത്രം മാറ്റി. ശാന്തമായ ഉറക്കത്തിലെന്ന് തോന്നിച്ചു. പ്രവാചകര്‍ ഉണരുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. കടന്നുവന്നിരിക്കുന്ന ദുഃഖസത്യത്തെ ഉമറിനെ ബോധ്യപ്പെടുത്താന്‍ മുഗീറ പലവിധം ശ്രമിച്ചു. പക്ഷേ, ഉമര്‍ ആ സത്യം ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ചു.

കഠിനമായ വേദനയോടെ അദ്ദേഹം ആക്രോശിച്ചു..

ഖലീല്‍ ഉസ്താദ് ഒരല്‍പ്പനേരം നിശബ്ദം നിന്നു. കുട്ടികള്‍ അക്ഷമരായി.

'ഉസ്താദേ ബാക്കി പറയു...? '

അവര്‍ ഒറ്റക്കും കൂട്ടമായും ചോദിച്ചു തുടങ്ങിയിരുന്നു.

'ആക്രോശിച്ചു.... '

ഖലീല്‍ ഉസ്താദിന് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. അയാള്‍ വേദനയോടെ കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്ക് നോക്കി.

ആ കണ്ണുകളില്‍ തെളിയുന്നത് പഴയൊരു ഏഴ് വയസ്സുകാരന്റെ വ്യഥകളായിരുന്നു. ഉഷ്ണിച്ച പഴകിയ രാത്രികളില്‍ ഉപ്പയുടെ മടിയില്‍ തലചായ്ച്ച് ആകാശം നോക്കി കിടന്നിരുന്ന ഏഴുവയസ്സുകാരന്‍.

ഉപ്പ പറയുന്ന കഥകളിലൂടെ മക്കയും, മദീനയും മണല്‍പ്പരപ്പുകളും താണ്ടി ഇന്തപ്പനയോല മേഞ്ഞ കുടിലിനുള്ളില്‍ നിന്നും ഹൃദയത്തില്‍ ആവാഹിച്ച മഹാപ്രഭുവിന്റെ കഥകള്‍ മറക്കുകയോ....?

ദേഹം വിറക്കുകയാണ്. ആകെയും തണുപ്പ് പൊതിഞ്ഞത് പോലെ.

ഇതിനകം കുഞ്ഞുങ്ങള്‍ പലകുറി അയാളെ വിളിച്ചിരുന്നു.

'ആക്രോശിച്ചു.... '

ഉസ്താദ് കഥ തുടരാന്‍ ആഗ്രഹിച്ചു.

ഭൂതകാലം മുഴുവനും മറന്നുപോയാലും, ഹൃദയത്തില്‍ നിന്നും പ്രവാചകരേ അവിടുന്ന്‌ പടിയിറങ്ങിയരുതേ... കഠിനമായൊരു ശാഠ്യത്തോടെ അയാള്‍ ഓര്‍മ്മകളോട് മത്സരിക്കാന്‍ ശ്രമം നടത്തി.

'ഉമര്‍ ആക്രോശിച്ചു,

എന്റെ പ്രവാചകര്‍ മരിച്ചിട്ടില്ലെന്ന് തീര്‍ച്ച. ഇമ്രാന്റെ പുത്രന്‍ മൂസ ദൈവസന്നിധിയിലേക്ക് പോയത് പോലെ അദ്ദേഹവും ദൈവസന്നിധിയിലേക്ക് പോയിരിക്കുകയാണ്. മൂസാ പ്രവാചകനെ കുറിച്ചും മരിച്ചു പോയെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നിട്ട് അദ്ദേഹം മടങ്ങി വരികയുണ്ടായി. അല്ലാഹുവാണെ മൂസ മടങ്ങിവന്നപോലെ അല്ലാഹുവിന്റെ ദൂതനും മടങ്ങിവരുക തന്നെ ചെയ്യും..'

പൊടുന്നനെ തന്നെ ദാഹത്തോടെ ഖലീല്‍ ഉസ്താദ് കസേരയിലേക്ക് തളര്‍ന്നിരുന്നു. ദിക്കറിയാത്ത യാത്രയുടെ വിജനത. എങ്കിലും സംതൃപ്തി. അയാള്‍ കുഞ്ഞുങ്ങളുടേ കണ്ണുകളിലേക്ക് സ്‌നേഹത്തോടെ നോക്കി. പുറത്ത് നിന്നും ചൂട് കാറ്റ് വീശി ദൂരേക്ക് അകന്നുപോയി.

കഠിനമായ ജ്വരത്തിലേക്കുള്ള മുന്നറിയിപ്പെന്നപോലെ തന്റെ ശരീരത്തിന്റെ ഭാഷ മാറി തുടങ്ങുന്നത് ഉസ്താദ് അറിയുന്നുണ്ടായിരുന്നു.

ഓര്‍മ്മകളെ തിരഞ്ഞെന്നത് പോലെ അയാള്‍ ധൃതിയില്‍ പുറത്തേക്ക് നടന്നു. പരവേശം നിറഞ്ഞുള്ള ആ നടത്തത്തില്‍ അയാള്‍ ഒരു പടുകിഴവനായിത്തീര്‍ന്നിരുന്നു. പകല്‍ ചൂടില്‍ തണുത്ത് വിറച്ചുകൊണ്ട് വീട്ടിലേക്ക് ഓടുമ്പോള്‍ സംതൃപ്തിയോടെ അയാള്‍ പതിയെ മന്ത്രിച്ചു.

'സമ്മിലൂനി....'




TAGS :