യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ഒരു സിനിമ
‘ഒരു സിനിമ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെ പ്ലാനിംഗ്, പ്രീഷൂട്ടിങ്, ഷൂട്ടിംഗ്, പോസ്റ്റ് ഷൂട്ടിംഗ് എന്നിങ്ങനെ വിശദമായി വിദ്യാർഥികളെ പഠിപ്പിക്കുന്ന ഞാൻ, ഒരു ആസൂത്രണവും മുന്നൊരുക്കവും ഇല്ലാതെ ആദ്യമായി നേരിട്ട് ഷൂട്ടിംഗ് ഘട്ടത്തിലേക്ക് കടന്നു’ - Wide Angle-53

മാസങ്ങളോളം ഞാൻ തിരുവനതപുരം ദൂരദർശന്റെ പ്രതിമാസ ഹിന്ദി പരിപാടിയായ ‘ദർപ്പണിൽ’ നടനായി തുടർന്നു. ഈ പരിപാടിയുടെ അവതാരകർ ആയിരുന്നത് പാങ്ങോട് ആർമി ക്യാംപിലെ ചില മലയാളി ഓഫിസർമാരോ മുൻ ഓഫിസർമാരോ ഒക്കെ ആയിരുന്നു. മലയാളികളിൽ പലരും ഹിന്ദി പറയുമ്പോൾ ചില ഉച്ചാരണങ്ങൾ ശരിയാവാറില്ല. ഈ പരിപാടിയുടെ പ്രൊഡ്യൂസറായ സി.കെ തോമസിനു ഇതുസംബന്ധിച്ച് ചില പരാതികൾ ലഭിച്ചുവെന്ന് തോന്നുന്നു. അദ്ദേഹം നന്നായി ഹിന്ദി സ൦സാരിക്കുന്ന ഹിന്ദി അവതാരകരെ തേടാൻ തുടങ്ങി. പക്ഷെ ഓഡിഷന് വരുന്നവരുടെ ഒന്നും ഹിന്ദി തൃപ്തികരമായിരുന്നില്ല. ഒരു ദിവസം അദ്ദേഹം എന്നോട് ചോദിച്ചു.
“ നിങ്ങൾക്ക് ഈ പരിപാടി ആങ്കർ ചെയ്തു കൂടെ ?”
ഞാൻ പറഞ്ഞു “തീർച്ചയായും”
“ പക്ഷെ അപ്പോൾ പരിപാടിയിൽ അഭിനയിക്കാൻ കഴിയില്ല”
“ സാരമില്ല “ ഞാൻ പറഞ്ഞു .”എനിക്ക് ആങ്കർ ചെയ്യാനാണ് കൂടുതൽ താല്പര്യം”.
“ എങ്കിൽ ഒരു അപേക്ഷ എഴുതിത്തരൂ. ഓഡിഷൻ ഉണ്ടാവും”
പക്ഷെ, ഞാൻ അപേക്ഷ സമർപ്പിച്ചപ്പോൾ അന്നത്തെ സ്റ്റേഷൻ ഡയറക്ടർ ആയിരുന്ന കുഞ്ഞികൃഷ്ണൻ എന്റെ അപേക്ഷ അംഗീകരിക്കുകയും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും പാസ്സായ ആളെന്ന നിലയിൽ എന്നെ ഒഡിഷനിൽനിന്നും ഒഴിവാക്കുകയും ചെയ്തു. അങ്ങിനെ ഞാൻ തിരുവനതപുരം ദൂരദർശന്റെ ഔദ്യോഗിക ഹിന്ദി അവതാരകനായി.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകന്റെ ജോലിയും ദൂരദർശനിലെ ഹിന്ദി അവതാരകന്റെ ജോലിയും എനിക്ക് വളരെയധികം സംതൃപ്തി തരുന്നവയായിരുന്നു. തങ്കമ്മ മാലിക് ഈ പരിപാടിക്ക് വേണ്ടി സ്ക്രിപ്റ്റ് തയാറാക്കുന്ന ജോലി കുറെകാലം തുടർന്നു. എന്നാൽ, എന്റെ അവതരണത്തിന്റെ സ്ക്രിപ്റ്റ് ഞാൻ തന്നെയാണ് എഴുതിയത്. വീട്ടിൽ സംസാരിക്കുന്ന ഭാഷ കച്ഛീ (ഹിന്ദിയോട് സാമ്യമുള്ളത്) ആയതു കൊണ്ടും ഞാൻ ഒരു വര്ഷം ബാംഗളൂരിൽ ഉറുദു മീഡിയത്തിൽ പഠിച്ചത് കൊണ്ടും എനിക്ക് ഹിന്ദി ശുദ്ധമായി സംസാരിക്കാനും എഴുതാനും വായിക്കാനും അറിയാമായിരുന്നു. ഞാൻ ആദ്യമായി ഒരു കഥ എഴുതിയതും ഹിന്ദിയിൽ ആയിരുന്നു. തേവര കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കോളജ് മാഗസിനിൽ എഴുതിയ “രാത് കെ അന്ധേരെ മേ” ആയിരുന്നു അത്.
എന്റെ വിദ്യാർഥികളിൽ സാമാന്യം നന്നായി പാടുന്ന ഒരു വിദ്യാർഥി ഉണ്ടായിരുന്നു. അഭിനയ വിദ്യാർഥി മനോജ് കെ. ജയൻ. ഒരു ദർപ്പൺ പരിപാടിയിൽ ഹിന്ദി ദേശഭക്തി ഗാനം ആലപിക്കാനായി ഞാൻ മനോജ് കെ. ജയനെ കൊണ്ടുപോയിരുന്നു. അതായിരുന്നു സിനി കാമറയെ
അഭിമുഖീകരിക്കുന്നതിനു മുൻപ് മനോജ് ആദ്യമായി ടീവി ക്യാമറയെ അഭിമുഖീകരിച്ച സന്ദർഭം.
അന്ന് വീടുകൾക്ക് മുകളിൽ antenna ഘടിപ്പിച്ചാണ് മലയാളികൾ ദൂരദർശൻ പരിപാടികൾ കണ്ടിരുന്നത് . ദൂരദർശൻ അല്ലാതെ മറ്റു സ്വകാര്യ ചാനലുകൾ ഒന്നുമില്ലാത്ത കാലം. തിരുവന്തപുരത്തും പരിസരങ്ങളിലും മാത്രമേ പ്രാരംഭ കാലഘട്ടങ്ങളിൽ ദൂരദർശൻ പരിപാടികൾ ലഭ്യമായിരുന്നുള്ളു.
അങ്ങിനെ അധ്യാപനവും അവതരണവും ഭംഗിയായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ, ഒരു ദിവസം ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ് എടുത്തുകൊണ്ടിരിക്കവേ രണ്ടുപേർ എന്നെ കാണാൻ വന്നു. ഒരാൾ പ്രശസ്ത നടൻ ടി.പി മാധവൻ. മറ്റെയാൾ തിക്കുറിശ്ശി സുകുമാരൻ നായരുടെ മകളുടെ ഭർത്താവ് ജി.കെ പിള്ള (സിനിമാനടൻ ജി.കെ.പിള്ള അല്ല). അന്ന് കേരളത്തിൽ ടീവി സീരിയലുകൾ ഒന്നും തുടങ്ങിയിട്ടില്ല. ബോംബെ ദൂരദർശനിൽ ഒരു പ്രതിമാസ മലയാളം പരിപാടി ഉണ്ട്. അതിലേക്കു ഒരു സ്ക്രിപ്റ്റ് ആവശ്യപ്പെട്ടാണ് അവർ വന്നത്. തിക്കുറിശ്ശി സാറാണ് എന്റെ പേര് നിർദേശിച്ചതെന്ന് മരുമകൻ പറഞ്ഞു. അനിയൻ എന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര്. അദ്ദേഹം രൂപവാണി എന്ന പേരിൽ കേരളത്തിലെ ആദ്യത്തെ ടെലിവിഷൻ പരിപാടികൾ നിർമ്മിക്കുന്ന ഒരു കമ്പനി തുടങ്ങിയിരുന്നു. തിരുവനതപുരം ദൂരദര്ശന് വേണ്ടി ചില ഡോക്യുമെന്ററികൾ നിർമ്മിക്കാനുള്ള സ്ക്രിപ്റ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
അര മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള ഒരു കോമഡി സ്ക്രിപ്റ്റ് വേണം എന്നാണ് അവർ പറഞ്ഞത്. ഞാൻ നാലഞ്ച് ദിവസങ്ങൾക്കുള്ളിൽ സ്ക്രിപ്റ്റ് എഴുതിക്കൊടുത്തു. അവർ അത് ബോംബെയിലേക്ക് അയച്ചു, അനുമതിക്ക് കാത്തിരിപ്പായി.
ഇതിനിടയിൽ ഒരു ദിവസം വീണ്ടും ബക്കറിന്റെ വിളി വന്നു. ബക്കറിന്റെ പുതിയ സിനിമയിൽ സഹസംവിധായകനായി ജോലി ചെയ്യാനുള്ള ക്ഷണമായിരുന്നു അത്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഇനിയും സഹസംവിധായകനായി ജോലി ചെയ്യാൻ താല്പര്യമില്ല. ഇപ്പോൾ സാമാന്യം മാന്യതയും പ്രതിഫലവും കിട്ടുന്ന ജോലിയുണ്ട്. കൂടാതെ സിനിമ പഠിപ്പിക്കുന്ന ജോലി എനിക്ക് വളരെ ഇഷ്ടപ്പെട്ട ജോലിയാണ്. എന്നെങ്കിലും സിനിമാധ്യാപകൻ ആകേണ്ടി വരുമെന്ന് അറിയില്ലായിരുന്നെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോഴും അതിനു ശേഷവും ഞാൻ വളരെ പ്രതിബദ്ധതയോടെയാണ് സിനിമയെ സമീപിച്ചിരുന്നത്.
മദിരാശിയിലെ അമേരിക്കൻ ലൈബ്രറി, റഷ്യൻ ലൈബ്രറി തുടങ്ങി വിദേശ കോൺസുലേറ്റുകളുടെ കീഴിലുള്ള എല്ലാ ലൈബ്രറികളിലും അംഗത്വം എടുക്കുകയും അവിടന്നൊക്കെ സിനിമാ സംബന്ധിയായി ധാരാളം പുസ്തകങ്ങൾ എടുത്തുവായിക്കുകയും അവയിൽ നിന്നൊക്കെ ആർത്തിയോടെ നോട്സ് എഴുതി എടുക്കുകയും ചെയ്തിരുന്നത് കൊണ്ട് എന്റെ കൈയ്യിൽ അമൂല്യമായ സിനിമാ പഠനങ്ങളും പഠന സാമഗ്രികളും ഉണ്ടായിരുന്നു. സിനിമയുടെ കലാപരവും സാങ്കേതികവുമായ സാധ്യതകളെക്കുറിച്ചും സിനിമയുടെ സാമൂഹിക വിനിമയങ്ങളെക്കുറിച്ചും ലോക സിനിമയിലെ ധിഷണാശാലികളായ ചലച്ചിത്രകാരന്മാരുടെ ഗഹനമായ പഠനങ്ങളുമൊക്കെ എന്റെ നോട്ടു പുസ്തകങ്ങളിൽ സമൃദ്ധമായിരുന്നു. സിനിമ അധ്യാപകനായപ്പോൾ അതെല്ലാം എനിക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞു. പിന്നെ പ്രായോഗിക തലത്തിൽ ഞാൻ നേടിയ പരിജ്ഞാനങ്ങളും എന്നെ നല്ലൊരു അധ്യാപകനാക്കി എന്ന് ഞാൻ വിശ്വസിക്കുന്നു. ബക്കർ തല്ക്കാലം അടങ്ങിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും വിളിച്ചു. ഇപ്രാവശ്യം എറണാകുളത്തു നിന്നാണ് വിളിച്ചത്.
“നാളെ ഷൂട്ടിംഗ് തുടങ്ങുകയാണ്. ഇതുവരെ എനിക്ക് ആശ്രയിക്കാവുന്ന ഒരാളെ കിട്ടിയിട്ടില്ല. അയൂബ് ഇല്ലെങ്കിൽ ഈ പടം നടക്കില്ല. എങ്ങിനെയെങ്കിലും അയൂബ് ഇന്ന് രാത്രി തന്നെ എറണാകുളത്തു എത്തണം. ഒഴിവുകഴിവൊന്നും പറയരുത്”.
എറണാകുളത്തുള്ള നാലഞ്ചു പുതിയ നിർമ്മാതാക്കൾ ചേർന്ന് നിർമ്മിക്കുന്ന സിനിമയാണ്. കെ.എൽ മോഹന വർമ്മയുടേതാണ് കഥയും തിരക്കഥയും. ഗീത, ദേവൻ, ശ്രീനാഥ്, എന്നിവർ പ്രധാന ഭാഗങ്ങളിൽ
അഭിനയിക്കുന്നു. “ഇന്നലെയുടെ ബാക്കി” എന്നാണ് സിനിമയുടെ പേര്. ഇത്രയുമാണ് ബക്കർ പറഞ്ഞ വിവരങ്ങൾ. ഞാൻ പ്രഭാകരൻ മുത്താനയോടും കെ.കെ. ചന്ദ്രനോടും വിവരം പറഞ്ഞു. ഒരു മാസത്തെ ലീവെടുത്ത് എറണാകുളത്തേക്കു വണ്ടി കയറി.
രാത്രി പത്തുമണിക്കാണ് ഞാൻ യൂണിറ്റ് താമസിക്കുന്ന ഹോട്ടലിൽ എത്തിയത്. എത്തിയ ഉടനെ ബക്കർ സ്ക്രിപ്റ്റ് എടുത്തു കൈയ്യിൽ തന്നു.
“ നാളെ രാവിലെ ഷൂട്ടിംഗ് തുടങ്ങുയാണ്. അയൂബ് എല്ലാം റെഡി ആക്കണം”.
“ അയ്യോ എനിക്ക് രണ്ടു ദിവസമെങ്കിലും സമയം തരണം. അല്ലാതെ ഞാൻ എങ്ങിനെ മുന്നൊരുക്കങ്ങൾ നടത്തും. ? “ ഞാൻ പറഞ്ഞു.
“ ദേവന്റേയും ഗീതയുടേയും ഡേറ്റുകൾ നാളെ മുതലാണ്. അത് നഷ്ടപ്പെടുത്താൻ കഴിയില്ല”.
ബക്കർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു. അദ്ദേഹം നാളെ എടുക്കാനുള്ള സീൻ ഏതൊക്കെയാണ് എന്ന് കുറിച്ച് തന്നു.
ഞാൻ മുറിയിൽ കയറിയിരുന്നു ഒരു മണിക്കൂർ കൊണ്ട് സ്ക്രിപ്റ്റ് വായിച്ചു തീർത്തു. എന്നിട്ടു ബക്കറിന്റെ മുറിയിലേക്ക് ചെന്നു.
“വായിച്ചു തീർത്തോ ? എങ്ങിനെയുണ്ട് ?”
അദ്ദേഹം ആകാംക്ഷയോടെ ചോദിച്ചു.
“വളരെ മോശം സ്ക്രിപ്റ്റാണ്”.
എനിക്ക് സത്യം പറയാതിരിക്കാൻ കഴിഞ്ഞില്ല.
“ബക്കർജി ഇതുവരെ നേടിയെടുത്ത സൽപ്പേരൊക്കെ ഈ സിനിമയോടെ നഷ്ടപ്പെടും”.
അത് അദ്ദേഹത്തിനും അറിയാമായിരുന്നു. പക്ഷെ അദ്ദേഹത്തിന് ഇപ്പോൾ ഒരു ജോലി ആവശ്യമായിരുന്നു. അതുവരെ അവിവാഹിതനായി ജീവിച്ച അദ്ദേഹം ഒരു ദാമ്പത്യ ജീവിതം ആരംഭിച്ചിരുന്നു. ആദ്യം ലിവിങ് ടുഗെതർ മാത്രം ആയിരുന്നെങ്കിലും പിന്നീട് സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റർ ഇടപെട്ടു അവരെ വിവാഹം കഴിപ്പിച്ച്, അവരുടെ ജീവിതം സംഗീതസാന്ദ്രമാക്കി. കുടുംബനാഥൻ ആയപ്പോൾ ഉത്തരവാദിത്വങ്ങളും ചെലവുകളും കൂടി. വരുമാനം ഇല്ലാതെ പറ്റില്ല.
“ അയൂബ് സമയം കിട്ടുന്നതനുസരിച്ച്, വേണ്ട തിരുത്തലുകൾ നടത്തിക്കോ. ഏതായാലു൦ നാളെ നമ്മൾ ഷൂട്ടിംഗ് തുടങ്ങുന്നു” -ബക്കർ അവസാന വാക്ക് പറഞ്ഞു.
ഒരു സിനിമ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെ പ്ലാനിംഗ്, പ്രീഷൂട്ടിങ്, ഷൂട്ടിംഗ്, പോസ്റ്റ് ഷൂട്ടിംഗ് എന്നിങ്ങനെ വിശദമായി വിദ്യാർഥികളെ പഠിപ്പിക്കുന്ന ഞാൻ, ഒരു ആസൂത്രണവും മുന്നൊരുക്കവും ഇല്ലാതെ , അങ്ങിനെ ആദ്യമായി നേരിട്ട് ഷൂട്ടിംഗ് ഘട്ടത്തിലേക്ക് കടന്നു. ഈ സിനിമയേക്കുറിച്ചു എനിക്ക് കൂടുതലൊന്നും പറയാനില്ല. എറണാകുളത്തും തിരുവന്തപുരത്തു ചിത്രാഞ്ജലി സ്റ്റുഡിയോയിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പോസ്റ്റ് ഷൂട്ടിംഗ് ചിത്രാഞ്ജലിയിൽ തന്നെ ആയിരുന്നത് കൊണ്ട് , എനിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ളാസ്സുകൾ നഷ്ടപ്പെടുത്താതെ ആ ജോലികളിലും സംബന്ധിക്കാൻ കഴിഞ്ഞു.
“ഇന്നലെയുടെ ബാക്കി” ആണ് ഞാൻ സഹസംവിധായകനായി ജോലി ചെയ്ത അവസനത്തെ സിനിമ. ബക്കർ അതിനു ശേഷം രണ്ടു സിനിമകൾ കൂടി ചെയ്തു. ശ്രീനാരായണ ഗുരുവും, സഖാവും. സഖാവ് പൂർത്തിയായില്ല. അതിൽ “ശ്രീനാരായണ ഗുരു” കൂടുതലും ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സെറ്റ് ഇട്ടിട്ടാണ് ഷൂട്ട് ചെയ്തത്. അതുകൊണ്ടു ഞാൻ ഒന്ന് രണ്ടു പ്രാവശ്യം വിദ്യാർത്ഥികളെയും കൊണ്ട് അവിടെ പോയിരുന്നു. ഒരു ദിവസം ഞാൻ അവിടെ എത്തിയപ്പോൾ ഗുരുവിന്റെ ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു. ഞാൻ ദൂരെ നിന്ന് വിദ്യാർത്ഥികൾക്കു കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുകയായിരുന്നു. സംവിധാന സഹായി വന്നു എന്നെ വിളിച്ചു.
“ബക്കർജി വിളിക്കുന്നു”.
ഞാൻ ബക്കറിന്റെ അടുത്തേക്ക് ചെന്നു.
“ ദേ ഇവന് എന്തോ സംശയം ഉണ്ടെന്ന്, അയൂബ് ഒന്ന് പറഞ്ഞു കൊടുക്ക്”
ഞാൻ സഹായിയുടെ മുഖത്തേക്ക് നോക്കി.
“ഗുരുവിന്റെ ക്ലോസ് അപ്പ് ആണ് എടുക്കുന്നത്. അദ്ദേഹം എവിടെയാണ് നോക്കേണ്ടത്?” അയാൾ ചോദിച്ചു.
ഞാൻ സീൻ ദൂരെനിന്ന് വീക്ഷിച്ചിരുന്നത് കൊണ്ട്, ഞാൻ അത് അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. ഈ സിനിമ ദൃശ്യപരമായ വ്യാകരണപ്പിശകുകൾ ഇല്ലാതെ അദ്ദേഹം എങ്ങനെ പൂർത്തിയാക്കും എന്ന് ഞാൻ ആശങ്കപ്പെട്ടു. അദ്ദേഹം സംവിധാനം തുടങ്ങിയ കാലം മുതൽ ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത് കൊണ്ട്, സിനിമാറ്റിക് ഗ്രാമർ എല്ലാം ശ്രദ്ധിച്ചിരുന്നത് ഞാൻ തന്നെ ആയിരുന്നു. അതുകൊണ്ടു ആ വക കാര്യങ്ങളിൽ ഒന്നും അദ്ദേഹത്തിന് തല പുകക്കേണ്ടി വന്നിട്ടില്ല.
എന്റെ സിനിമാ സഹസംവിധാന പർവത്തിന്റെ അസ്തമയവും ടെലിവിഷൻ സംവിധാന പർവത്തിന്റെ ഉദയവും ആയിരുന്നു ആ കാലഘട്ടം.