കൊറിയയില്‍ നിന്ന് കൊതിപ്പിക്കുന്നൊരു നോവല്‍
കൊറിയന്‍ എഴുത്തുകാരി ഹ്വാങ്ങ് ബോ-റീമിന്റെ 'വെല്‍ക്കം ടു ദ ഹുനാം - ഡോംഗ് ബുക്ക്‌ഷോപ്പ്' എന്ന നോവലിന്റെ വായന | ഇരട്ടവര
ലോക നോവലില്‍ ഇപ്പോള്‍ പുസ്തക പ്രണയം പ്രമേയമാക്കിയ നിരവധി നോവലുകള്‍ അനുദിനം പുറത്തിറങ്ങുന്നു. സമീപകാലത്ത് വായനയെ ഉത്സവമാക്കുന്ന നോവലുകളില്‍ പലതും ഇതിനകം ഇരട്ട വരയില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. പുസ്തകശാലകളും ലൈബ്രറികളും പുസ്തക തെരുവുകളും വായന പ്രണയങ്ങളും പ്രമേയമാകുന്ന നിരവധി നോവലുകള്‍ ഈ ഗണത്തില്‍ വായിക്കാന്‍ കഴിയും.
2022ല്‍ പുറത്തിറങ്ങിയ കൊറിയന്‍ എഴുത്തുകാരി ഹ്വാങ്ങ് ബോ-റീമിന്റെ വെല്‍ക്കം ടു ദ ഹുനാം - ഡോംഗ് ബുക്ക്‌ഷോപ്പ് എന്ന നോവല്‍ പുതിയ കാലത്ത് ലോക സാഹിത്യത്തില്‍ ഏറ്റവും പ്രചാരം നേടിയ കൊറിയന്‍ നോവലാണ്.
സിയോള്‍ നഗരത്തില്‍ ഐടി സോഫ്റ്റ്‌വെയര്‍ കോര്‍പ്പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ എഴുത്തുകാരി തന്റെ ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണ സമയ എഴുത്തുകാരിയാവുകയായിരുന്നു. പുസ്തക ശാലകളോടുള്ള പ്രണയത്തില്‍ നിന്നാണ് ഈ യുവ നോവലിസ്റ്റ് തന്റെ ആദ്യ നോവല്‍ രൂപപ്പെടുത്തിയത്.
പുസ്തകശാലകളെക്കുറിച്ച് നോവലിസ്റ്റ് പറയുന്നത് ഇങ്ങനെയാണ്:
'സിയോളില്‍ ജോലി ചെയ്യുന്ന കാലത്ത് സമീപത്തുള്ള നിരവധി ബുക്ക് ഷോപ്പുകളില്‍ സ്ഥിരം സന്ദര്‍ശകയായിരുന്നു. പല ബുക്ക് ക്ലബ് മീറ്റിങുകളിലും ഞാന്‍ സ്ഥിരമായി പങ്കെടുക്കുമായിരുന്നു. പിന്നെ ആ സ്ഥലത്ത് നിന്ന് മാറിയപ്പോള്‍ ഞാന്‍ മറ്റൊരു പുസ്തകശാലയില്‍ പോയിത്തുടങ്ങി. കൊറിയയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലുമുള്ള ബുക്ക് ഷോപ്പുകള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു ദിവസം ഒരു പുസ്തകശാലയുടെ ഉടമസ്ഥന്‍ അവരുടെ ബുക്ക് ക്ലബിനെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ചു. അത് എന്നെ വല്ലാതെ ആകര്‍ഷിച്ചു. പുസ്തകശാലകളോട് എനിക്ക് ഒരു ഹൃദയബന്ധമുണ്ട്. ആ പ്രണയ ബന്ധത്തില്‍ നിന്ന് വിടര്‍ന്നതാണ് ആദ്യത്തെ നോവല്‍'
എഴുത്തുകാരിയുടെ ആത്മകഥ പോലെ വായിക്കാവുന്ന ഈ നോവല്‍ പുസ്തക പ്രണയികളായ ആര്‍ക്കും ഹൃദയത്തോട് ചേര്‍ത്തു വെക്കാം. അതുകൊണ്ടുതന്നെയാണ് ഈ നോവല്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയത്.
കഥയിലേക്ക് വരാം. സിയോള്‍ നഗരത്തില്‍ തന്റെ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച ശേഷം ദീര്‍ഘകാല സ്വപ്നമായ പുസ്തകശാല തുറക്കുകയാണ് യുവതിയായ യോങ്ങ് ചു. ഹുനാം - ഡോങ്ങ് എന്ന പ്രദേശത്ത് അവള്‍ തന്റെ ബുക്ക് ഷോപ്പ് ആരംഭിക്കുന്നു. സ്‌ക്കൂള്‍ കാലം തൊട്ട് വായനയോടുള്ള ഇഷ്ടമല്ലാതെ ഒരു ബുക്ക് ഷോപ്പ് തുറന്ന് പ്രവര്‍ത്തിക്കാനുള്ള കഴിവും അറിവും തനിക്കില്ലെങ്കിലും യോങ്ങ് ചു തന്റെ സ്വപ്നം സഫലമാക്കുന്നു. കസ്റ്റമേഴ്‌സിനായി ബുക്ക് ഷോപ്പില്‍ ഒന്നാന്തരം കോഫി നല്‍കാന്‍ മിന്‍ചുന്‍ എന്ന യുവാവിനെയും യോങ്ങ് ചു ജോലിക്കെടുക്കുന്നു.
നിരവധി പ്രതിസന്ധികള്‍ നേരിടുന്ന യുവാവാണ് മിന്‍ചുന്‍, അയാള്‍ക്ക് ഇതുവരെയും തന്റെ ലക്ഷ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബുക്ക് ഷോപ്പിലെ ജോലി കഴിഞ്ഞ് വീഡിയോ ഗെയിം കളിച്ചും ഉറങ്ങിയും അയാള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ്. പുസ്തകശാലയിലെ തൊഴില്‍ അയാള്‍ക്ക് പുതിയ തിരിച്ചറിവുകള്‍ നല്‍കുന്നു. തന്റെ പ്രശ്‌നങ്ങള്‍ക്ക് വായന ഒരു പ്രതിവിധിയായി മെല്ലെ മാറുകയാണ്
യോങ്ങ് ചുവിന്റെ കൂട്ടുകാരിയായ ജിമി സമീപത്ത് ഒരു കാപ്പി മില്‍ നടത്തുകയാണ്. വിവിധ തരം കാപ്പിപ്പൊടികള്‍ തയ്യാറാക്കുന്നു. ബുക്ക് ഷോപ്പിലേക്ക് വേണ്ട കോഫി പൗഡര്‍ വാങ്ങുന്നതും അവിടെ നിന്നാണ്. തന്റെ പൂര്‍വ്വ ജീവിതത്തിലെ പ്രതിസന്ധികളും ബുക്ക് ഷോപ്പില്‍ നേരിടുന്ന പ്രശ്‌നങ്ങളും യോങ് ചു ഒരു കുപ്പി ബിയര്‍ കുടിച്ചു കൊണ്ട് പലപ്പോഴും കൂട്ടുകാരിയുമായി പങ്കുവെക്കാറുണ്ട്.
പുസ്തകശാലയില്‍ സ്ഥിരമായി വരുന്ന ഒരു ചെറിയ സംഘത്തെ ചേര്‍ത്ത് യുങ്ങ് ചു ഒരു സംവാദ വേദി ഒരുക്കുന്നുണ്ട്. പുതിയ പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യുകയും എഴുത്തുകാര്‍ക്ക് നേരിട്ട് വായനക്കാരോട് സംസാരിക്കാനും വേദിയൊരുക്കുകയാണ് അവള്‍
സ്ഥിരമായി പുസ്തകശാലയില്‍ വരുന്ന മറ്റൊരു സ്ത്രീയാണ് യുങ് ഷു, ക്രോഷെ വര്‍ക്കുകള്‍ കമ്പിളി നൂല്‍ കൊണ്ട് മനോഹര രൂപങ്ങള്‍ അവള്‍ ബുക്ക് ഷോപ്പില്‍ ഇരുന്ന് ചെയ്യുന്നുണ്ട്. ഒടുവില്‍ അത് ഇന്‍സ്റ്റാഗ്രാമിലൂടെ ബുക്ക് ഷോപ്പിലെ സ്ഥിരം സന്ദര്‍ശകര്‍ക്ക് നല്‍കുമെന്ന ഓഫറും നല്‍കുന്നുണ്ട്. അതോടെ പുതിയ കുറെ ആളുകള്‍ കൂടെ പുസ്തകശാല തേടി വരുന്നു.
തന്റെ കോര്‍പ്പറേറ്റ് ജോലിക്കിടയില്‍ ചെറിയ ഇടവേള കിട്ടുമ്പോള്‍ ഓടി വന്ന് പുസ്തകം വായിച്ചു മടങ്ങുന്ന ഒരു വിചിത്ര നായ വായനക്കാരനെ യോങ്ങ് ചുവിന് അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. ബുക്ക് ഷോപ്പില്‍ ഓരോ ദിവസവും കൂടുതല്‍ ഉള്‍ച്ചേര്‍ന്നുകൊണ്ട് തന്റെ വ്യക്തിത്വവും ശാന്തതയും കണ്ടെത്തുകയാണ് മിന്‍ചുന്‍
താന്‍ ആരാധിക്കുന്ന എഴുത്തുകാരെയാണ് യോങ്ങ് ചു ബുക്ക് ക്ലബ്ബ് സംഭാഷണങ്ങള്‍ക്കായി ക്ഷണിക്കാറുള്ളത്. അതില്‍ സുങ്ങ് വോ എന്ന എഴുത്തുകാരന് സുന്ദരിയായ യോങ്ങ് ചുവിനോട് പ്രണയം തോന്നുന്നുണ്ട്. അയാള്‍ നാല്‍പതുകളിലാണ്. അവള്‍ക്കും അയാളോട് ചെറിയ ഒരിഷ്ടമുണ്ട്. പക്ഷെ, അതൊരു പ്രണയമായി വികസിക്കുന്നില്ല. ഇതിനിടയില്‍ തന്റെ പഴയ ഭര്‍ത്താവിന്റെ സുഹൃത്ത് സന്ധിസംഭാഷണത്തിനായി അവളെ കാണാന്‍ വരുന്നുണ്ട്. പക്ഷെ, എല്ലാം ഉപേക്ഷിച്ചിടത്തേക്ക് വീണ്ടും പോവാന്‍ യോങ്ങ് ചു തയ്യാറാവുന്നില്ല.
ജീവിതത്തില്‍ വീണ്ടും ചില മനഃശല്യങ്ങള്‍ യോങ്ങ് ചുവിനെ വേട്ടയാടുന്നു. പുസ്തകങ്ങളില്‍ നിന്ന് അവളും ഉത്തരം കണ്ടെത്തുന്നു. കുട്ടിക്കാലത്ത് തന്നില്‍ വായന ശീലം വളര്‍ത്തിയ ആ അധ്യാപകനെ അവള്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നു.
മറ്റൊരു പ്രധാന ലക്ഷ്യം എന്ന രീതിയില്‍ യോങ്ങ് ചു എഴുതാന്‍ തുടങ്ങുന്നു. അധികം വൈകാതെ തന്നെ അവളുടെ രചനകള്‍ ശ്രദ്ധ തേടുന്നു. പുസ്തകങ്ങളും പുസ്തകശാലകളുമാണ് അവളുടെ എഴുത്തില്‍ മിക്കതും. പല പ്രമുഖ പത്രങ്ങളും അവളെ അഭിമുഖം ചെയ്യുന്നു.
വായനയോടുള്ള തന്റെ അഗാധമായ പ്രണയത്തില്‍ നിന്നാണ് യോങ്ങ് ചു തന്റെ പുസ്തകശാല തുറക്കുന്നത്. ആ സ്വപ്നത്തിന്റെ സാഫല്യത്തിന്റെ പുതിയ പ്രതിസന്ധികള്‍ക്കിടയില്‍ പ്രതീക്ഷയോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള പുസ്തകശാലകള്‍ കാണാനും പഠിക്കാനും അവള്‍ ഇറങ്ങിപ്പുറപ്പെടുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്.
വിവാഹമോചനം നേടിയ ശേഷം ഐടി ജോലിയും ഉപേക്ഷിച്ച ഒരു സ്ത്രീ ഒറ്റക്ക് ജീവിതത്തെ നേരിടാന്‍ പുസ്തകങ്ങളാല്‍ പണിയുന്ന ഒരു പ്രതിരോധമാണ് ഈ നോവല്‍. വ്യക്തിയെ ഞെരുക്കുന്ന സമൂഹ നിര്‍മിതിയുടെ വാര്‍പ്പുമാതൃകകളെ ഉല്ലംഘിക്കുന്നവരാണ് ഈ നോവലിലെ കഥാപാത്രങ്ങള്‍. തങ്ങളുടെ അസ്തിത്വം അവര്‍ കണ്ടെത്തുന്നതാവട്ടെ പുസ്തകങ്ങളിലൂടെയും
പ്രമേയത്തിലും ആഖ്യാനത്തിലും നവ്യ അനുഭൂതി പകരുന്ന ഈ നോവല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത് സിംഗപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷന ടാന്‍ എന്ന പരിഭാഷകയാണ്. കൊറിയയില്‍ പ്രചുരപ്രചാരം നേടിയ ഈ നോവല്‍ ഇന്ന് അതിന്റെ ആഗോളപര്യടനം തുടരുകയാണ്. നോവല്‍ പ്രണയികള്‍ തീര്‍ച്ചയായും വായിക്കേണ്ട രചനയാണിത് എന്ന് നിസ്സംശയം പറയാം.