ഞങ്ങള്‍ ആന്റി-ഫാസിസ്റ്റുകള്‍
രാജ്യത്തിന്റെ പലഭാഗങ്ങളിലും, വസ്ത്രം നോക്കിയും, കഴിക്കുന്ന ഭക്ഷണം നോക്കിയും, മരിക്കുമ്പോള്‍ അന്ത്യശുശ്രൂഷ നല്‍കുന്ന രീതി നോക്കിയും ആളുകളെ വിഭജിക്കുമ്പോള്‍, ഇവിടെ കേരളത്തില്‍ കാണുന്ന കാഴ്ച മറ്റൊന്നാണ്. സന്തോഷത്തില്‍ എല്ലാവരെയും കൂടെ നിറുത്തുകയും, സങ്കടത്തില്‍ മറ്റുള്ളവരെ ചേര്‍ത്ത് പിടിക്കുകയും ചെയ്ത ചരിത്രമാണ് കേരളീയര്‍ക്കുള്ളത്! | LookingAround
(ആമുഖം: ചരിത്രത്തിലെ ഫാസിസ്റ്റ് ഭരണകൂടങ്ങളെ പരിശോധിച്ചു നോക്കിയാല്‍, അവരെന്നും പാര്‍ലമെന്ററി സംവിധാനത്തെ അവജ്ഞാപൂര്‍വമാണ് വീക്ഷിച്ചിരുന്നത് എന്ന് കാണാന്‍ സാധിക്കും. എങ്കിലും ഭരണത്തില്‍ എത്തുന്നത് വരെ അതിനെ തുറന്നു എതിര്‍ത്തിരുന്നുമില്ല. എത്തിക്കഴിഞ്ഞ് അത് ഇല്ലാതാക്കി ഏകാധിപത്യ ഭരണത്തിന്റെ ദുരിതത്തിലേക്ക് ജനങ്ങളെ നയിക്കുന്നതായിട്ടാണ് നാം കണ്ടിരിക്കുന്നത്. ഹിറ്റ്‌ലര്‍ പോലും പറഞ്ഞത്, ജനാധിപത്യം വരേണ്യ വര്‍ഗത്തിന്റെ നാച്ചുറല്‍ സിലക്ഷന് എതിരാണെന്നും, സമൂഹത്തിന്റെ തോല്‍വിയുടെ വ്യവസ്ഥാപിതമായ പ്രയത്‌നമാണെന്നുമാണ്. വ്യക്തികളിലേക്കു അധികാരം ചെല്ലുന്നതും, പുരോഗമനവാദികളെയും, ചിന്തിക്കുന്ന മനുഷ്യരെയും അവരെന്നും എതിര്‍ത്തിരുന്നു. ഫാസിസം എന്ന് പറയുന്നത് ഒരു തീവ്ര വലതുപക്ഷ, തീവ്ര ദേശീയവാദം മുന്നോട്ട് വയ്ക്കുന്ന ഒരു ആശയ സംഹിതയാണ്. അതിന് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഘടകങ്ങള്‍ എന്ന് പറയുന്നത് ഒരു സ്വേച്ഛാധിപതിയായ നേതാവ്, കേന്ദ്രീകൃതമായ ഏകാധിപത്യം, പട്ടാള ഭരണം, ശക്തി ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തല്‍, വ്യക്തി സ്വാതന്ത്ര്യത്തിന്റെ അടിയറവ്, സമൂഹത്തിന്റെ ജാതിവല്‍ക്കരണം, സ്വാഭാവികമെന്നു അവര്‍ കരുതുന്ന സാമൂഹിക അധികാരക്രമം എന്നിവയാണ്)
എന്താണ് സര്‍ നിങ്ങള്‍ക്ക് ഞങ്ങളോട് ഇത്ര വിരോധം? നിങ്ങള്‍ക്കും നിങ്ങളുടെ പ്രത്യയശാസ്ത്രത്തിലും വിശ്വസിക്കുന്നവര്‍ക്ക് ഈ നാടിനോടും ഇവിടത്തെ ജനങ്ങളോടും കടുത്ത രോഷമാണുള്ളത് എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങളുടെ നേതാവ് ഇവിടെ ഇലക്ഷന്‍ പ്രചരണത്തിന് വന്നപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായതാണ്. അന്നദ്ദേഹം ഞങ്ങളെ വിളിച്ചത് സൊമാലിയക്കാരേക്കാള്‍ മോശം സ്ഥിതിയില്‍ ജീവിക്കുന്നവര്‍ എന്നാണ്. കേരളത്തെ നന്നായി മനസ്സിലാക്കാത്തത് കൊണ്ടാണ് അത്തരം പ്രസ്താവന നടത്തിയത് എന്ന് പല നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകരും പറഞ്ഞെങ്കിലും, അതല്ല കേരളത്തെ അന്നേ തന്നെ നന്നായി മനസ്സിലാക്കിയത് കൊണ്ടാണ് എന്ന് നിങ്ങളുടെ ആശയസംഹിത ശരിക്കും മനസ്സിലാക്കിയിരുന്ന ഭൂരിപക്ഷം മലയാളികള്‍ക്കും മനസ്സിലായിരുന്നു.
ഇനി നമുക്ക് വീണ്ടും താങ്കളുടെ മലയാളികളോടുള്ള വെറുപ്പിലേക്കു തിരിച്ചു വരാം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ തുടങ്ങി, രാഷ്ട്ര നിര്‍മിതിയിലും, ഇന്ത്യന്‍ ദേശീയത മുറുകെ പിടിക്കുന്നതിലും, സാമൂഹിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിലും, ഒരു പക്ഷെ മറ്റേത് സംസ്ഥാനത്തേക്കാള്‍ മുന്നിലുള്ള കേരള സമൂഹത്തോടുള്ള നിങ്ങളുടെ എതിര്‍പ്പിനെ കാണുമ്പോള്‍ പുച്ഛമാണ് തോന്നുന്നത്. സ്വാന്ത്ര്യ സമരത്തില്‍ ഒരു നിലക്കും ഈ സംസ്ഥാനവും ഇവിടത്തെ ജനങ്ങളും ഒരിക്കലും പുറകോട്ട് പോയിട്ടില്ല. ബ്രിട്ടീഷുകാരോട് മാത്രമല്ല, ഇവിടത്തെ ഏകാധിപതികളായ നാട്ടുരാജാക്കന്മാരോടും ഈ സമൂഹം സമരം ചെയ്ത ചരിത്രമാണ് ഈ മണ്ണിനുള്ളത്. ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന സമയത്ത്, കേരളത്തിലെ അന്നത്തെ രാജ്യ ഭരണ സംവിധാനങ്ങള്‍ ഒരു എതിര്‍പ്പും കൂടാതെ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന് മുന്നില്‍ അടിയറവ് പറയാന്‍ കാരണം അന്നത്തെ മലയാള ജനതയുടെ സമരവീര്യം ഒന്ന് മാത്രമാണ്.
സമൂഹത്തിലെ തെറ്റായ രീതികളെയും വിശ്വാസങ്ങളെയും തച്ചുടയ്ക്കുന്നതിലും ഈ സംസ്ഥാനത്തെ ജനങ്ങള്‍ തന്നെയാണ് രാഷ്ട്രത്തിനു മാതൃകയായിട്ടുള്ളത് എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. രാഷ്ട്ര നിര്‍മിതിക്കൊപ്പം തന്നെ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ അചഞ്ചലമായ പോരാട്ടങ്ങള്‍ ഈ ജനതയെ അന്ധവിശ്വാസങ്ങളില്‍ നിന്നും ക്രൂരമായ അനാചാരങ്ങളില്‍ നിന്നും കൈ പിടിച്ചുയര്‍ത്തിയ കഥകള്‍ നിങ്ങള്‍ക്ക് അത്ഭുതമായി തോന്നിയേക്കാം. കാരണം, നിങ്ങള്‍ വരുന്ന നാടുകളില്‍ സാമൂഹിക ബഹിഷ്‌കരണവും, അടിച്ചമര്‍ത്തലും ഒരു ജീവിത രീതിയായി ഇപ്പോഴും കണ്ടുവരുന്നുണ്ടല്ലോ.
പിന്നീട് നമ്മുടെ രാജ്യം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ പിച്ച വച്ച് തുടങ്ങിയ നാളില്‍, രാഷ്ട്ര നിര്‍മിതിക്ക് വിദ്യാഭ്യാസം ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ് എന്ന അന്നത്തെ ദേശീയ നേതാക്കളുടെ ആഹ്വാനം മനസ്സാ വാചാ കര്‍മണാ ഏറ്റെടുത്ത നാട് കൂടിയാണ് കേരളം. കുറച്ചു കൂടി അടുത്ത് നിന്ന് പരിശോധിച്ചാല്‍, സ്വാതന്ത്ര്യ സമരത്തിന് മുന്നേ വിദ്യാഭ്യാസ മേഖലകളില്‍ ഈ നാട് ഉറച്ച ചുവടുകള്‍ മുന്നോട്ട് വച്ചിരുന്നു. സവര്‍ണ്ണര്‍ എന്ന് വിശേഷിച്ചിപ്പിക്കുന്നവര്‍ക്ക് മാത്രം പറഞ്ഞിരുന്ന വിദ്യാഭ്യാസത്തെ എല്ലാവരിലേക്കും പകര്‍ന്നു നല്‍കാനുള്ള സമരം നടത്തി വിജയിച്ച നാടാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ മുന്നേറ്റത്തിന്റെ ഗുണഭോക്താക്കള്‍ ഈ രാജ്യം മുഴുവനുമായിരിന്നു എന്നതിന് ഉദാഹരണമാണ്, മലയാളിയില്ലാത്ത ഒരു സംസ്ഥാനവും ഈ രാജ്യത്തില്ല എന്ന സത്യം. അക്കാലങ്ങളില്‍ മലയാളിയില്ലാത്ത ഒരു ദേശീയ മാധ്യമങ്ങള്‍ കണ്ടു കിട്ടുക ബുദ്ധിമുട്ടായിരുന്നു എന്നത് നമുക്കറിയാവുന്ന കാര്യമാണല്ലോ.
എല്ലാ സംസ്‌കാരങ്ങളെയും കൈനീട്ടി സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യന്‍ ജനതക്കുള്ളത്. ആ ചരിത്രങ്ങള്‍ മായ്ച്ചു കളയാന്‍ താങ്കളും സുഹൃത്തുക്കളും അധികജോലി എടുക്കുന്ന ഈ വേളയില്‍, അതിനു തടസ്സം നില്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. അതിഥികളെ സ്വീകരിച്ചു ഇരുത്തുന്നതില്‍ ഇന്ത്യയില്‍ എന്നും മുന്നില്‍ നിന്നിട്ടുള്ളത് ഈ മലയാളക്കരയാണ്. വിദേശത്തു നിന്നുള്ള ജൂതനായാലും, അറബിയായാലും, യൂറോപ്യനായാലും, ഉത്തരേന്ത്യയില്‍ നിന്നുള്ള കച്ചികളായാലും, പഞ്ചാബിയായാലും, ഗുജറാത്തിയായാലും, അവരൊക്കെ ഈ നാടിന്റെ ആതിഥ്യമര്യാദ ആസ്വദിക്കുന്നതില്‍ വിജയിച്ചവരാണ്. ഒരിക്കല്‍ പോലും മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തി ഇവരെ ആരെയും ഈ നാട്ടില്‍ നിന്ന് തുരത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. നിങ്ങളുടെ കൂട്ടര്‍ ആരോപിക്കുന്ന പോലെ ജീവിക്കണമെങ്കില്‍ കേരളം വിടണം എന്ന് പറയുമ്പോള്‍ ഓര്‍ക്കുക, ഇന്ന് അതിഥി തൊഴിലാളികളായി, മലബാറികള്‍ എന്ന് നിങ്ങള്‍ വിളിക്കുന്ന മലയാളികളുടെ സംരക്ഷണയില്‍, ജീവിക്കുന്നത് നാല്‍പ്പത് ലക്ഷത്തിലേറെ ഉത്തരേന്ത്യക്കാരാണ്. അവരില്‍ പലരും ഈ നാട്ടില്‍ കുടുംബസഹിതമാണ് ജീവിക്കുന്നതും എന്നും മനസ്സിലാക്കുക.
ഇന്ത്യന്‍ ദേശീയതയില്‍ അഭിമാനം കൊള്ളുമ്പോള്‍ തന്നെ ഞങ്ങള്‍ ഞങ്ങളുടെ തനത് സംസ്‌കാരത്തെ മുറുക്കിപ്പിടിക്കാന്‍ ഇപ്പോഴും ശ്രദ്ധിച്ചിരുന്നു. നേരത്തെ സൂചിപ്പിച്ച പോലെ വിദേശീയരും, സ്വദേശീയരുമായ പല സംസ്‌കാരം പേറുന്നവര്‍ വന്നിട്ടും, അവരിലെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് ഞങ്ങളുടെ ഭാഷയെയും ജീവിതത്തെയും മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങള്‍ക്കൊപ്പം തന്നെ, സാംസ്‌കാരിക രംഗത്തും മലയാളികള്‍ മുന്നിലായിരുന്നു, ഇപ്പോഴും മുന്നിലാണ് എന്നത് ഞങ്ങള്‍ പറഞ്ഞു നടക്കാറുമില്ല.
ഇന്ത്യയിലെ മെഡിക്കല്‍ മേഖലയില്‍ അന്നും ഇന്നും കേരളത്തിലെ മാലാഖമാര്‍ നടത്തുന്ന സ്തുത്യര്‍ഹമായ സേവനത്തിന് സാക്ഷിയാകാത്ത ഒരാള്‍ പോലും ഈ രാജ്യത്തുണ്ടാകില്ല. ഇവരെല്ലാം ജീവിത മാര്‍ഗ്ഗം തേടി വന്‍ നഗരങ്ങളിലേക്ക് മാത്രം കുടിയേറിയവരല്ല, മറിച്ച് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ബുദ്ധിമുട്ടുന്നവര്‍ക്ക് വേണ്ടി സാന്ത്വനവുമായി എത്തിയവരാണ്. ഇന്ന് ലോകത്തെ വന്‍കിട രാജ്യങ്ങളിലെ വൈദ്യശാസ്ത്ര സംബന്ധിയായ മേഖലകളില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത കൂട്ടരാണ് മലയാളികള്‍. അവരെയാണ് നിങ്ങളും നിങ്ങളുടെ കൂട്ടരും ജീവിക്കാന്‍ നാടുവിട്ടവര്‍ എന്ന് പറഞ്ഞു കളിയാക്കുന്നത്. നിങ്ങളുടെ ട്രോജന്‍ കുതിരയായി രാജ്ഭവനിലെ പുല്‍ത്തകിടിയില്‍ ഉലാത്തുന്ന മാന്യദേഹം പറഞ്ഞത്, ബുദ്ധിയുള്ളവരെല്ലാം കേരളം വിട്ടു, അതില്ലാത്തവര്‍ ഇവിടം ഭരിക്കുന്നു എന്നാണ്. ഇവിടത്തെ മാവിലും, പ്ലാവിലും ഉണ്ടാകുന്നതല്ല ഈ നാടുവിടുന്നവര്‍, മറിച്ചു ഈ നാട്ടിലെ പുരോഗമന, വിദ്യാഭ്യാസ സംസ്‌കാരത്തിന്റെ ഉല്‍പ്പന്നങ്ങളാണ് അവര്‍ എന്ന് തിരിച്ചറിയുക. ഇനിയുള്ള ഭാവിയിലും ലോകത്തെ ഏത് മേഖലയിലും തലയുയര്‍ത്തി, ഉറച്ച കാല്‍വയ്പുകളോടെ കടന്നു ചെല്ലാന്‍ ഇവിടത്തെ യുവതയെ പ്രാപ്തരാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും എന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. വെറും മൂന്ന് കോടി ജനങ്ങളുള്ള ഈ സംസ്ഥാനത്തെ ജനങ്ങള്‍ ഭൂലോകത്തെ മിക്ക രാജ്യങ്ങളിലും എത്തി അവിടങ്ങളില്‍ പേര് സമ്പാദിക്കുന്നതില്‍ ഞങ്ങള്‍ മലയാളികള്‍ അഭിമാനം കൊള്ളുന്നു. വെറുതെ മുകളില്‍ പറഞ്ഞ മനുഷ്യനെ പോലെ നാട്ടുകാരെ വെറുപ്പിക്കുന്നില്ലല്ലോ.
നിങ്ങളില്‍ പലരും പറയുന്നത് പോലെ ഇത് മാനവര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത ഒരു സ്ഥലമായിരുന്നെങ്കില്‍, ഇന്ത്യയില്‍ ആഭ്യന്തര ടൂറിസത്തില്‍ കേരളം എങ്ങനെ ഇത്ര മുന്നോട്ട് പോകുന്നു എന്ന് നിങ്ങള്‍ സ്വയം ചോദിക്കേണ്ട ചോദ്യമാണ്. കണക്കുകള്‍ നിങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയമല്ല എന്നറിയാം, എന്നാലും പറയുകയാണ്, ടൂറിസ്റ്റുകളുടെ വരവില്‍ എത്ര സംസ്ഥാനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട് എന്ന് നിങ്ങളുടെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പരിശോധിച്ചു നോക്കണം. ഇനി അതല്ല, ആ സര്‍ക്കാരിന്റെ തന്നെ മനുഷ്യ വിഭവ സൂചികകള്‍ ഒന്ന് പരിശോധിച്ച് നോക്കണം, ഞങ്ങള്‍ എങ്ങനെ എന്നും ആ പട്ടികയിലും മുകളില്‍ തന്നെ നില്‍ക്കുന്നു എന്ന്. ഞങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിങ്ങള്‍ക്ക് വിശ്വാസക്കുറവുണ്ടായാലും, നിങ്ങളുടെ സ്വന്തം റിപ്പോര്‍ട്ടുകളില്‍ അങ്ങനെയുണ്ടാകുന്നത് നിങ്ങള്‍ക്ക് ഭൂഷണമാണോ?
സ്വാതന്ത്ര്യ കാലത്തും അതിനു ശേഷവും ദേശീയ നേതാക്കളെ നെഞ്ചിലേറ്റിയ നാടാണിത്. എന്നിരുന്നാലും രാഷ്ട്രീയമായി എതിര്‍പ്പുള്ളവരെ മുഖം നോക്കാതെ തോല്‍പ്പിച്ച ജനതയുമാണ് ഇവിടുള്ളത്. പത്രം വായന ഒരു ശീലമുള്ളതു കൊണ്ട് ശരിതെറ്റുകള്‍ പെട്ടെന്ന് മനസ്സിലാക്കുകയും, പ്രതികരിക്കുകയും ചെയ്തിരുന്നു. എങ്കിലും സര്‍ദാര്‍, നെഹ്റു, ഗാന്ധിജി തുടങ്ങിയവരെ എന്നും ബഹുമാനിച്ചിരുന്നു. ഇന്നിപ്പോള്‍ നിങ്ങളുടെ ആളുകള്‍ ചെറിയൊരു വെടിക്ക് ഗാന്ധിജി കൊല്ലപ്പെട്ടതിന് ഗോഡ്സെയെ കുറ്റം പറയരുത് എന്ന് പറയുമ്പോഴും, ആ ഗോഡ്സെയുടെ ഗുരുവിന്റെ പടം പാര്‍ലമെന്റില്‍ തൂക്കുമ്പോഴും ഞങ്ങള്‍ക്ക് അതിനോട് യോജിക്കാന്‍ സാധിക്കില്ല. നിങ്ങളുടെ നേതാവിന്റെ കലാപ കഥകള്‍ പറഞ്ഞതിന് ബി.ബി.സിയെ പൂട്ടണം എന്ന് ഇംഗ്ലണ്ടിലേക്ക് കത്തയച്ചപ്പോള്‍, ഗാന്ധിജിയെ വീണ്ടും കൊലപ്പെടുത്തണം എന്ന് പറയുന്നവര്‍ക്ക് നേരെ ചെറുവിരല്‍ അനക്കാന്‍ പോലും നിങ്ങള്‍ക്ക് സാധിക്കുന്നില്ല.
രാജ്യത്തിന്റെ പലഭാഗങ്ങളിലും, നിങ്ങളുടെ അനുയായികള്‍ വസ്ത്രം നോക്കിയും, കഴിക്കുന്ന ഭക്ഷണം നോക്കിയും, മരിക്കുമ്പോള്‍ അന്ത്യശുശ്രൂഷ നല്‍കുന്ന രീതി നോക്കിയും ആളുകളെ വിഭജിക്കുമ്പോള്‍, ഇവിടെ കേരളത്തില്‍ കാണുന്ന കാഴ്ച മറ്റൊന്നാണ്. സന്തോഷത്തില്‍ എല്ലാവരെയും കൂടെ നിറുത്തുകയും, സങ്കടത്തില്‍ മറ്റുള്ളവരെ ചേര്‍ത്ത് പിടിക്കുകയും ചെയ്ത ചരിത്രമാണ് ഞങ്ങള്‍ക്കുള്ളത്. ഗോള്‍ഡന്‍ ഓപ്പര്‍ച്യുണിറ്റി എന്ന് നിങ്ങളുടെ അനുയായികള്‍ രഹസ്യം പറഞ്ഞ ശബരിമല പ്രശ്‌നത്തിന്റെ പേരിലെങ്കിലും അവിടം സന്ദര്‍ശിച്ചിരുന്നെങ്കില്‍, വാവരുടെയും അയ്യപ്പന്റേയും കഥ നിങ്ങള്‍ക്ക് മനസ്സിലായേനെ. പ്രാര്‍ത്ഥനയുടെ രീതി നോക്കി ആരാധനാലയങ്ങള്‍ ആയിരക്കണക്കിന് നിങ്ങള്‍ പൊളിച്ചടുക്കിയപ്പോള്‍, കേരളത്തില്‍ എത്രയിടങ്ങളില്‍ അവ പുതുക്കിപ്പണിയാന്‍ മത രാഷ്ട്രീയ ഭേദമന്യേ ആളുകള്‍ ഒത്തു കൂടി എന്ന് നിങ്ങള്‍ വായിച്ചു മനസ്സിലാക്കണം.
ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അയല്‍സംസ്ഥാനമായ കര്‍ണ്ണാടകയില്‍ വന്നു ഇലക്ഷന്‍ പ്രചരണത്തിന് തുടക്കം കുറിച്ചപ്പോള്‍, അവിടത്തെ ഭരണ മികവ് ഒന്നും പറയാനില്ലാത്തതിനാല്‍, ദാ കേരളത്തിലേക്ക് നോക്കൂ എന്ന് പറഞ്ഞു വിഷമിച്ചത് ഞങ്ങള്‍ ഒരു തമാശയായി മാത്രമേ കണ്ടുള്ളൂ. ഭരണഘടനപരമായ സ്ഥാനം വഹിക്കുന്ന ആളെന്നത് പോട്ടെ, ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍പ്പോലും രാജ്യത്തെ ഒരു സംസ്ഥാനത്തെ ജനങ്ങളെ ആക്ഷേപിക്കുന്നത് ശരിയാണോ എന്ന് ആലോചിച്ചു നോക്കണം.
എന്തുകൊണ്ടാണ് ഞങ്ങളോട് ഇത്രയ്ക്കു വിരോധം? മുകളില്‍ പറഞ്ഞ ഒരു കാര്യത്തിലും കേരളമോ ഇവിടത്തെ ജനങ്ങളോ ഭരണഘടനാ വിരുദ്ധമോ, ജനാധിപത്യ വിരുദ്ധമോ ആയി പെരുമാറിയതായോ പ്രവര്‍ത്തിച്ചതായോ പറയാന്‍ പറ്റില്ല. എന്നിട്ടും നിങ്ങളും നിങ്ങളുടെ അനുയായികളും ഞങ്ങളെ നക്‌സലുകള്‍ എന്ന് മുദ്ര കുത്തുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. നിങ്ങള്‍ക്കും അത് മനസ്സിലാകുന്നില്ലെങ്കില്‍, ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ഫാസിസ്റ്റുകളുടെ വ്യാഖ്യാനം ഒന്ന് കൂടി വായിച്ചു നോക്കണം. അല്ലാതെ അങ്ങാടിയില്‍ തട്ടേല്‍ കയറി നിന്ന് വായില്‍ വരുന്നതൊക്കെ, വഹിക്കുന്ന സ്ഥാനം മറന്നു വിളിച്ചു പറയുകയല്ല വേണ്ടത്. ലോക ജനത നിരാകരിച്ച പിന്തിരിപ്പന്‍ രാഷ്ട്രീയവുമായി വന്നു, ഇവിടെ നിന്ന് വോട്ട് കിട്ടാതെ വരുമ്പോള്‍ ഞങ്ങളെ ഇനിയും ആന്റി നാഷണല്‍സ് എന്ന് വിളിച്ചാല്‍, ഞങ്ങള്‍ക്കും അങ്ങാടിയിലെ ഡയലോഗ് നിങ്ങളെ ഓര്‍മിപ്പിക്കേണ്ടി വരും. We maybe anti-fascists, but we're not anti-nationals like you !