Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 4 Feb 2024 3:55 PM GMT

ലൂയിസ്ബര്‍ഗ് കോട്ട

പതിനെട്ടാം നൂറ്റാണ്ടിലെ കോട്ടയ്ക്കുള്ളിലെ ജീവിതം ഇവിടെ പഴയ രൂപത്തില്‍ത്തന്നെ പുനരാവിഷ്‌കരിച്ചിരിക്കുന്നു. സന്ദര്‍ശകനായി ചെല്ലുന്ന എതൊരാള്‍ക്കും അക്കാലത്തെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച ലഭിക്കാന്‍ പറ്റും വിധമാണ് ഓരോ മുറികളും സംവിധാനിച്ചിരിക്കുന്നത്. | കാനമേരിക്കന്‍ യാത്രകള്‍; അമേരിക്കന്‍ വന്‍കരയിലെ ചെറുനഗരക്കാഴ്ചകള്‍ - യാത്രാ വിവരണം. ഭാഗം: 05

ലൂയിസ്ബര്‍ഗ് കോട്ട
X

കാനഡയിലെ അറ്റ്‌ലാന്റിക് തീരത്തിനടുത്ത് കിടക്കുന്ന പ്രവിശ്യകളില്‍ ഒന്നായ നോവസ്‌കൊഷിയയില്‍ പോകാന്‍ ഒരു വേനല്‍കാലത്ത് അവസരം കിട്ടി. അവിടെ വച്ചാണ് ലൂയിസ് ബര്‍ഗ് കോട്ടയെപ്പറ്റി കേട്ടത്. ഈ പ്രവിശ്യയുടെ ഒരു ഭാഗത്താണ് - കേപ് ബ്രിട്ടന്‍ ദ്വീപിന്റെ കിഴക്കേ അറ്റത്താണ് ലൂയിസ് ബെര്‍ഗ് എന്ന സ്ഥലവും കോട്ടയും. 1650 മുതലുള്ള കോട്ടയുടെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് ഇവിടെ. ആദ്യകാല രേഖകള്‍ പ്രകാരം 'അയില്‍റോയേല്‍' എന്ന ഫ്രഞ്ച്‌കോളനിയുടെ തലസ്ഥാനം ആയിരുന്നു ലൂയിസ് ബര്‍ഗ്. ഫ്രാന്‍സിനു ഏറ്റവും അടുത്തുകിടക്കുന്ന സുരക്ഷിതമായ ഒരു തുറമുഖം എന്ന പ്രാധാന്യവും കൂടി കണക്കിലെടുത്താണ് അന്നത്തെ ഫ്രഞ്ചു രാജാവായിരുന്ന ലൂയി പതിനഞ്ചാമന്‍ ഇവിടെ ഒരു കോട്ട നിര്‍മിക്കാന്‍ ഉത്തരവ് നല്‍കിയത്. കടലിലേക്ക് തള്ളി നില്‍ക്കുന്ന ഒരു ഭാഗത്താണ് കോട്ട നിര്‍മിച്ചിരിക്കുന്നത്. യുദ്ധത്തിനും പ്രതിരോധത്തിനും അക്കാലത്ത് ഇത് വളരെ പ്രയോജനപ്രദമായിരുന്നു.


1734 ല്‍ നിര്‍മിക്കപ്പെട്ട ഇതിനടുത്ത് തന്നെയുള്ള, ലൈറ്റ്ഹൗസ് കാനഡയിലെ ആദ്യത്തെതാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടനും ഫ്രാന്‍സും വടക്കന്‍ അമേരിക്കയിലെ കോളനികളുടെ മേല്‍ക്കോയ്മക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളില്‍ ഈ കോട്ട പ്രധാന പങ്കുവഹിച്ചു. 1745 മുതല്‍ 1749വരെ ഇത് ബ്രിട്ടന്റെ അധീനതയില്‍ ആയിരുന്നു. 1749 ഉണ്ടാക്കിയ ഉടമ്പടി പ്രകാരം കോട്ട അവര്‍ ഫ്രഞ്ചുകാര്‍ക്ക് മടക്കി നല്‍കി. യുദ്ധങ്ങളും കോളനിവാഴ്ച്ചകളും അവസാനിച്ചപ്പോള്‍ ഉടമസ്ഥര്‍ കോട്ട ഉപേക്ഷിച്ചു പോയി. പിന്നീടു വളരെക്കാലം കഴിഞ്ഞു, 1961ല്‍ ഇവിടുത്തെ വിനോദസഞ്ചാര വകുപ്പ് കാട് കയറിക്കിടന്ന തകര്‍ന്ന അവശിഷ്ടങ്ങളെ, പഴയകോട്ടയുടെ മാതൃകയില്‍ പുനര്‍നിര്‍മിക്കുകയായിരുന്നു; അതിന്റെ സാഫല്യമാണ് ഇന്ന് കാണുന്ന കോട്ട.


പതിനെട്ടാം നൂറ്റാണ്ടിലെ കോട്ടയ്ക്കുള്ളിലെ ജീവിതം ഇവിടെ പഴയ രൂപത്തില്‍ത്തന്നെ പുനരാവിഷ്‌കരിച്ചിരിക്കുന്നു. സന്ദര്‍ശകനായി ചെല്ലുന്ന എതൊരാള്‍ക്കും അക്കാലത്തെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച ലഭിക്കാന്‍ പറ്റും വിധമാണ് ഓരോ മുറികളും സംവിധാനം ചെയ്തിരിക്കുന്നത്. ഗവര്‍ണറുടെ ഓഫീസ്, ഭക്ഷണ ശാല, യാത്രക്കാര്‍ക്ക് വേണ്ടിയുള്ള സത്രം, അടുക്കള, കുതിരാലയം ഭക്ഷണത്തിന് വേണ്ടിയുള്ള മൃഗങ്ങളെ വളര്‍ത്തുന്ന സ്ഥലം, ബേക്കറി, അടുക്കളത്തോട്ടം, കിടപ്പ്മുറികള്‍, പള്ളി തുടങ്ങിയവ പഴയരൂപത്തില്‍ തന്നെ പുനര്‍നിര്‍മിച്ചിരിക്കുന്നു. അഭിനേതാക്കള്‍ ഗവര്‍ണറുടെ ഓഫീസിലെ ഉദ്യോഗസ്ഥന്മാര്‍ മുതല്‍ അടുക്കളക്കാരി വരെയും, പൊലീസ് മുതല്‍ കള്ളന്‍ വരെയും, കച്ചവടക്കാരന്‍ മുതല്‍ പബ്ബ് നടത്തിപ്പുകാരി വരെയും കോട്ടയ്ക്കകത്ത് അക്കാലത്തെ വേഷം ധരിച്ചു പലയിടങ്ങളിലായി തങ്ങളുടെ ജോലികളില്‍ മുഴുകിയിരിക്കുന്നത് കാണാം. കാഴ്ചക്കാര്‍ക്ക് അവരോട് സംസാരിക്കാം. എല്ലാ ചോദ്യങ്ങള്‍ക്കും അവര്‍ സന്തോഷപൂര്‍വ്വം മറുപടി നല്‍കും. അങ്ങനെ നമ്മള്‍ സംസാരിക്കുന്ന ആ വ്യക്തിയുടെ സാമൂഹികവും സാമ്പത്തികവും കുടുംബപരവുമായ എല്ലാ കാര്യങ്ങളും നമ്മുടെ മുന്‍പില്‍ തുറന്നു വയ്ക്കപ്പെടുന്നതിലൂടെ അക്കാലത്തെ സാമൂഹിക ജീവിതത്തിന്റെ വ്യക്തമായ ഒരു ചിത്രം സന്ദര്‍ശകന് ലഭിക്കും.


ഒരു ഭാഗത്ത് അക്കാലത്തെ സമൂഹത്തിലെ പല ശ്രേണിയിലുള്ളവരുടെ വസ്ത്രധാരണ രീതി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം. അക്കാലത്തെ മാന്യവനിതകളുടെ വസ്ത്രധാരണത്തിന്റെ ഭാഗമായിരുന്ന റേന്തകള്‍ അക്കാലത്ത് ഉണ്ടാക്കിയിരുന്ന അതേരീതിയില്‍ തന്നെ ഒരു സ്ത്രീ പ്രദര്‍ശനത്തിനായി നിര്‍മിക്കുന്നുണ്ടായിരുന്നു.

അക്കാലത്തെ പാചകക്കുറിപ്പുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണം പതിനെട്ടാം നൂറ്റാണ്ടില്‍ വിളമ്പുന്ന അതേരീതിയില്‍ തന്നെകോട്ടയുടെ അകത്തുള്ള ഭക്ഷണശാലയില്‍ വിളമ്പുന്നുണ്ടായിരുന്നു. അക്കാലത്ത് കത്തിയുടെയും ഫോര്‍ക്കിന്റെയും ഉപയോഗം അത്ര വ്യാപകമല്ലാതിരുന്നത് കൊണ്ട് ഭക്ഷണം വിളമ്പുമ്പോള്‍ ഒരു വലിയ സ്പൂണ്‍ മാത്രമേ തരികയുള്ളൂ. ഇത് ഇന്നാട്ടുകാര്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്ക് വലിയ പുതുമയായി തോന്നി.


ഈ ചിത്രത്തില്‍ കാണുന്ന വെളുത്ത വസ്തു അക്കാലങ്ങളില്‍ പണക്കാര്‍ക്ക് മാത്രം വാങ്ങാന്‍ പറ്റുമായിരുന്ന പഞ്ചസാര ആണ്. ഈ രൂപത്തിലാണ് അക്കാലങ്ങളില്‍ ഇറക്കുമതി ചെയ്തിരുന്നത്. ഇതില്‍ നിന്നും അല്‍പാല്‍പമായി ചുരണ്ടി എടുത്ത് ഉപയോഗിക്കും. കരീബിയന്‍ ദ്വീപുകളില്‍ നിന്ന് മടങ്ങിയ ഒരു കപ്പലില്‍ വച്ച് മരിച്ച ഒരു കച്ചവടക്കാരന്റെ സ്ഥാവരജംഗമ വസ്തുക്കളുടെ കണക്ക് എടുക്കുകയാണ് ഈ നോട്ടറി.


ചെറിയ കളവുകള്‍ ചെയ്ത ഒരുവനെ 'ഞാന്‍ കള്ളനാണ്' എന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കി കവലയില്‍ കെട്ടിയിട്ടിരിക്കുന്നതാണ് ചിത്രത്തില്‍. തടി കൊണ്ടുള്ള ചെരുപ്പ് ശ്രദ്ധിക്കുക.


സന്ദര്‍ശകര്‍ക്ക് വേണ്ടി മിലിട്ടറി പരേഡ് ഒരുക്കിയിട്ടുണ്ട്. കോട്ടയുടെ ഏറ്റവും ഉള്ളിലായി തടവറ, പള്ളി, ആയുധപ്പുര എന്നിവയും കാണാം. കോട്ട കണ്ടു തീര്‍ക്കാന്‍ ഒരു മുഴുവന്‍ ദിവസവും വേണം. സാധാരണ ദിവസങ്ങളില്‍ പ്രവേശന ഫീസ് ഉണ്ട്, പക്ഷെ കാനഡ ഡേ ആയ ജൂലൈ ഒന്നിന് പ്രവേശനം സൗജന്യമാണ്.

(തുടരും)




TAGS :