Quantcast
MediaOne Logo

ഡോ. ബിനോജ് നായര്‍

Published: 16 Feb 2023 9:06 AM GMT

എക്‌സിക്യൂട്ടീവിനെ വാരിപ്പുണരുന്ന ജുഡീഷ്യറി

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പെട്ടിപിടുത്തക്കാര്‍ക്കും അനുഭാവികള്‍ക്കും വീതം വെച്ച് നല്‍കിപ്പോരുന്ന ഗവര്‍ണ്ണര്‍ ഉദ്യോഗത്തിന് നിഷ്പക്ഷതയുടെ മുഖപടം ചമയ്ക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു ഭരണഘടനാ തന്ത്രമായി തന്നെ വിലയിരുത്തേണ്ടതുണ്ട്. പ്രതിപക്ഷകക്ഷികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കുകയെന്ന ഒരേയൊരു ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഗുമസ്തനായി തരം താഴുന്ന ഗവര്‍ണ്ണര്‍മാര്‍ ഇന്നൊരു സ്ഥിരം കാഴ്ചയാവുമ്പോള്‍ ആ ദുര്‍വ്യവസ്ഥിതിക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട് എന്ന കാര്യവും നാം ഓര്‍ക്കേണ്ടതുണ്ട്. |TheFourthEye

എക്‌സിക്യൂട്ടീവിനെ വാരിപ്പുണരുന്ന ജുഡീഷ്യറി
X

ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറിനെ മോദി സര്‍ക്കാര്‍ ആന്ധ്ര ഗര്‍ണറായി നിയമിച്ചതോടെ ജ്യുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുണ്ടായിരിക്കേണ്ട നൈതികമായ അകലമെത്ര എന്ന ചര്‍ച്ച വീണ്ടും സജീവമായിരിക്കുകയാണ്. വിരമിച്ചശേഷമുള്ള സ്ഥാനലബ്ധിയുടെ സാധ്യതകള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ കാവലാളുകളായ ജഡ്ജിമാര്‍ക്ക് മേല്‍ ചെലുത്താനിടയുള്ള ചെറുതല്ലാത്ത സമ്മര്‍ദങ്ങളും പ്രലോഭനങ്ങളും സാമാന്യനീതി അട്ടിമറിക്കപ്പെടുന്നതിന് വഴിതുറന്നേക്കാം എന്ന ചിന്തയാണ് ഇങ്ങനെയൊരു ചര്‍ച്ചയ്ക്ക് പിന്നിലെ പ്രേരണ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ജസ്റ്റിസ് നസീറിന്റെ നിയമനം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് നരേന്ദ്രമോദിയുടെ സര്‍ക്കാരിനെ ആവുമ്പോഴും ഇത്തരം പ്രവണതകള്‍ മോദിയുടെ കാലത്ത് ആരംഭിച്ചതോ അതോടെ അവസാനിക്കുന്നതോ അല്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടതുണ്ട്. മുസ്‌ലിം സമുദായത്തിനുള്ള ഒരു സന്ദേശമെന്ന നിലക്ക് സം്പരിവാര്‍ ജസ്റ്റിസ് നസീറിന്റെ നിയമനത്തെ ഉപയോഗപ്പെടുത്തും എന്നതില്‍ തര്‍ക്കമില്ല. എങ്കില്‍ പോലും, ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ എന്ന നിലക്കുള്ള ഇത്തരം നിയമനങ്ങള്‍ക്ക് സ്വതന്ത്ര ഭാരതത്തോളം തന്നെ പഴക്കമുണ്ട് എന്ന യാഥാര്‍ഥ്യം നാം മറന്നുകൂടാ.

ഇന്ന് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ കാര്‍ന്നു തിന്നുന്ന കാന്‍സറായി മാറിയിട്ടുള്ള ഈ ദുഷ്പ്രവണതയ്ക്ക് തുടക്കമിട്ടത് രാജ്യത്തെ ജനാധിപത്യവ്യവസ്ഥയെ നട്ടുനനച്ചു വളര്‍ത്തുകയും ഭരണഘടനാ സ്ഥാപനങ്ങളുടെ മൗലികതയെ സൃഷ്ടിപരമായി നിലനിര്‍ത്തുകയും ചെയ്തതിന് നാം ന്യായമായും കടപ്പെട്ടിരിയക്കുന്ന പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്താണ് എന്നത് വല്ലാത്തൊരു വിരോധാഭാസമാണ്. സര്‍ക്കാരിന് ചെയ്തുകൊടുത്ത ഏതെങ്കിലും വഴിവിട്ട സഹായത്തിനുള്ള പ്രത്യുപകാരം എന്ന ആക്ഷേപം പ്രത്യക്ഷത്തില്‍ നിലനില്‍ക്കില്ലെങ്കിലും 1951 സെപ്റ്റംബറില്‍ വിരമിച്ച ജസ്റ്റിസ് ഫസല്‍ അലിയെ എട്ട് മാസത്തിന് ശേഷം ഒറീസ്സാ ഗവര്‍ണറായി നിയമിച്ച നെഹ്റു സര്‍ക്കാര്‍ അനന്തര തലമുറയ്ക്ക് തുറന്നു കൊടുത്തത് ജനാധിപത്യമൂല്യങ്ങളെ തന്നെ അട്ടിമറിയ്ക്കാന്‍ പോന്ന വിധം അപകടകരമായ സാധ്യതകളാണ് എന്ന് നോക്കിക്കാണേണ്ടിവരും.


രാജ്യത്തെ എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും പരസ്പരസഹായസഹകരണങ്ങളുടെ പാലമിട്ട് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചു തുടങ്ങുന്ന ലജ്ജാവഹമായ കാഴ്ച നാം കണ്ടുതുടങ്ങുന്നത് നെഹ്രുവിന്റെ മകളായ ഇന്ദിരയുടെ കാലത്താണ്. 1962 മുതല്‍ 1972 വരെ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായിരുന്ന ജസ്റ്റിസ് ബഹ്റുല്‍ ഇസ്‌ലാമിനെ രാജിവെപ്പിച്ച് ഗുവാഹത്തി ഹൈക്കോടതിയില്‍ ജഡ്ജിയാക്കുന്നത് ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാരാണ്. ചീഫ് ജസ്റ്റിസായിരിക്കേ വിരമിച്ച ബഹ്റുല്‍ ഇസ്‌ലാമിനെ 1980ല്‍ ഇന്ദിര അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ മടക്കി വിളിച്ച് സുപ്രീം കോടതി ജഡ്ജിയാക്കിയ കഥ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടുകളില്‍ കുറിക്കപ്പെട്ടിരിക്കുന്നതാണ്. തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ബഹ്റുല്‍ ഇസ്‌ലാമിനെ ഒരു കളിപ്പാവയെപ്പോലെ ഉപയോഗിച്ച ഇന്ദിര അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. തന്റെ അടുപ്പക്കാരനും ബിഹാര്‍ മുഖ്യമന്ത്രിയും ആയിരുന്ന ജഗന്നാഥ് മിശ്രയെ സഹകരണ ബാങ്ക് അഴിമതിയില്‍ കുറ്റവിമുക്തനാക്കിയ ഉത്തരവ് ബഹ്റുല്‍ ഇസ്‌ലാമില്‍ നിന്ന് നേടിയെടുത്ത ശേഷം അദ്ദേഹത്തെ സുപ്രീം കോടതിയില്‍ നിന്ന് രാജിവെപ്പിച്ച് അവരെ വീണ്ടും രാജ്യസഭയില്‍ കുടിയിരുത്തി.

എല്ലാ നൈതികതയും കാറ്റില്‍പറത്തി ജ്യുഡീഷ്യറിയെ സ്വന്തം താല്‍പര്യങ്ങള്‍ക്കായി ദുര്‍വിനിയോഗിച്ച കോണ്‍ഗ്രസിന്റെ വീരകൃത്യങ്ങള്‍ ഇനിയും ഏറെയുണ്ട് പറയാനെങ്കിലും ഉപകാരസ്മരണയുടെ കരിനിഴല്‍ വ്യക്തമായി പടര്‍ന്നിട്ടുള്ള മറ്റൊരു ഉദാഹരണം മാത്രം സൂചിപ്പിക്കാം. 1990-1991 കാലത്ത് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന രംഗനാഥ് മിശ്ര വിരമിച്ച ശേഷം 1984ലെ സിഖ് വിരുദ്ധ കലാപത്തെപ്പറ്റി അന്വേഷിച്ച ഏകാംഗ കമ്മീഷനായി പ്രവര്‍ത്തിയ്ക്കുകയുണ്ടായി. അങ്ങേയറ്റം പക്ഷപാതപരവും ന്യായരഹിതവുമെന്ന് പരക്കെ ആക്ഷേപം കേട്ട ആ അന്വേഷണത്തെ ഭാരതീയ സേനയുടെ ജനറല്‍ ഓഫീസര്‍ കമാന്റിംങ് ഇന്‍ ചീഫ് ആയിരുന്ന ജഗ്ജീത് സിംഗ് അറോറയെപ്പോലുള്ളവര്‍ പരസ്യമായിത്തന്നെ കടുത്തഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇരകളോട് അങ്ങേയറ്റം ക്രൂരമായ സമീപനം കൈക്കൊണ്ട കമ്മീഷന്‍ കുറ്റകൃത്യം തെളിയിക്കേണ്ട ബാധ്യത ഇരകള്‍ക്ക് മേല്‍ കെട്ടിവെയ്ക്കുകയും ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കളെ വഴിവിട്ട് സഹായിക്കുകയും ചെയ്തുവെന്നുള്ള ആക്ഷേപമാണ് അറോറ അന്ന് ഉന്നയിച്ചത്. ചില നേതാക്കളെ കുറ്റക്കാരെന്ന് കണ്ടെത്തിയെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കലാപത്തില്‍ ക്ളീന്‍ ചിറ്റ് നല്‍കിയാണ് രംഗനാഥ് മിശ്ര കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. 1998ല്‍ സോണിയാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി അധികം വൈകാതെ തന്നെ മിശ്രയെ തേടി പാര്‍ട്ടിയുടെ രാജ്യസഭാംഗത്വവുമെത്തി.

തങ്ങള്‍ കാട്ടിക്കൊടുത്ത വഴിയേ ഇന്ന് ബി.ജെ.പി സര്‍ക്കാര്‍ കൂടുതല്‍ വേഗത്തിലും സംഹാരാവേശത്തിലും യാത്രചെയ്യുമ്പോള്‍ അതിനെതിരെ ആക്ഷേപമുയര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കന്മാരെ കാണുമ്പോള്‍ ചരിത്രമറിയുന്നവരില്‍ ഇത് ഒരേസമയം കൗതുകവും അലോസരവും ഉളവാക്കുന്നു. 2013ല്‍ തുളസീറാം പ്രജാപതി കേസില്‍ അമിത് ഷായ്ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കിക്കൊടുത്ത ജസ്റ്റിസ് പി. സദാശിവത്തെ റിട്ടയര്‍ ചെയ്ത് അധികം വൈകാതെ കേരളാ ഗവര്‍ണറാക്കിയ ഒന്നാം മോദി സര്‍ക്കാറിനെതിരെ വിരലുയര്‍ത്താന്‍ തങ്ങള്‍ക്ക് എന്തവകാശമെന്ന് കുറഞ്ഞപക്ഷം കോണ്‍ഗ്രസ് ഒന്ന് ചിന്തിക്കുന്നത് നന്നായിരിയ്ക്കും.

മോദിസര്‍ക്കാറിന് കീഴില്‍ നടക്കുന്ന ജനാധിപത്യത്തിനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ ഇന്ന് ഒരു വാര്‍ത്ത പോലുമല്ലാതെ ആയിരിയ്ക്കുകയാണല്ലോ. സുപ്രീം കോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കളങ്കിതന്‍ എന്ന പേരിന് ഒരുപക്ഷെ അര്‍ഹനായേക്കാവുന്ന രഞ്ജന്‍ ഗൊഗോയിയുടെ ദൃഢഭക്തി ജ്യുഡീഷ്യറയെക്കാള്‍ കൂടുതല്‍ ഒരുപക്ഷെ എക്‌സിക്യൂട്ടീവിനോടായിരുന്നു എന്ന് അദ്ദേഹത്തിന്റെ സേവനചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. മോദി സര്‍ക്കാരിനെ സംബന്ധിച്ച് അങ്ങേയറ്റം നിര്‍ണ്ണായകമായ ഒന്നിലധികം കേസുകളില്‍ അനുകൂല നിലപാടെടുത്ത ഗോഗോയ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ഭാവിയെ കാര്യമായി ബാധിക്കുമായിരുന്ന റഫാല്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണം നിരസിച്ചുകൊണ്ടും തന്റെ രാജഭക്തി തെളിയിച്ചു.

അയോധ്യാ ഭൂമിപ്രമാണ തര്‍ക്കത്തില്‍ വിധിപറഞ്ഞ ബെഞ്ചിനെ നയിച്ച ഗോഗോയ് തന്നെയായിരുന്നു ആസ്സാമിലെ എന്‍.ആര്‍.സി വിഷയത്തിലും സി.ബി.ഐ കേസിലും വിധിപറഞ്ഞ ബെഞ്ചിന്റെ തലപ്പത്ത് എന്നതും നാം മറന്നുകൂടാ. മാത്രമല്ല, സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും കളങ്കിതമായ ഒരേട് കൂടി തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തവനാണ് രഞ്ജന്‍ ഗോഗോയ്. തനിയ്ക്കെതിരായ കീഴുദ്യോഗസ്ഥയുടെ ലൈംഗികാരോപണം സ്വയം ബെഞ്ച് രൂപീകരിച്ച് വാദം കേള്‍ക്കുകയും തന്റെ ഭാഗത്തെ നേരിട്ട് പ്രതിരോധിക്കുകയും ചെയ്ത ഗോഗോയ് എന്നാല്‍ ഓര്‍ഡറില്‍ ഒപ്പിടാതെ തന്റെ സാന്നിധ്യം വെളിപ്പെടുത്താന്‍ കരണമാകുമായിരുന്ന രേഖയെ ബുദ്ധിപൂര്‍വം ഇല്ലായ്മ ചെയ്തു. ഇത്രയുമൊക്കെ കുതന്ത്രങ്ങള്‍ കാട്ടിയ ഗൊഗോയിയെ വിരമിച്ച് അധികം വൈകാതെ മോദി രാജ്യസഭയിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു.


വിരമിച്ച ശേഷം മറ്റൊരു ഉദ്യോഗം തേടുക എന്നത് ജഡ്ജിമാരുടെ മനുഷ്യാവകാശമാണ് എന്ന് വാദിയ്ക്കുന്നതില്‍ തെറ്റില്ല. സര്‍വ്വീസില്‍ നിന്ന് പിരിയുമ്പോള്‍ മികച്ച പെന്‍ഷനും അത്യുദാരമായ അലവന്‍സുകളുമെല്ലാം കൈപ്പറ്റുന്ന ഇക്കൂട്ടര്‍ക്ക് ശിഷ്ടകാലം യാതൊരു തൊഴിലുമെടുക്കാതെ സുഖമായി ജീവിക്കാനുള്ള സാഹചര്യം നികുതിദായകര്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. ജഡ്ജിമാര്‍ ആയിരിയ്‌ക്കേ തങ്ങളുടെ മുന്നില്‍ വ്യവഹാരങ്ങള്‍ക്കായി എത്തിയ അന്യായക്കാരിലെ ഏറ്റവും പ്രമുഖരായ സര്‍ക്കാരില്‍ നിന്ന് തന്നെ വിരമിച്ച ശേഷം ആനുകൂല്യങ്ങളും അന്യായനിയമനങ്ങളും കൈപ്പറ്റുക എന്നത് സാമാന്യനീതിയുടെയും നൈതികതയുടെയും കടുത്ത ലംഘനമാണ് എന്ന് ഇന്ത്യയിലെ ന്യായാധിപന്മാര്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇവിടെയാണ് ഭരണഘടന പോലും പലപ്പോഴും ഇത്തരം ചില സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അട്ടിമറികള്‍ക്ക് കൂട്ട് നില്‍ക്കുന്നു എന്ന വിമര്‍ശനം നിഷ്പക്ഷമതികള്‍ക്ക് ഉയര്‍ത്തേണ്ടി വരുന്നത്. വിരമിച്ച ജഡ്ജിമാരുടെ സര്‍ക്കാര്‍ നിയമനങ്ങളെപ്പറ്റി ഇന്ത്യന്‍ ഭരണഘടന തന്നെ മൗനം പാലിയ്ക്കുന്ന സ്ഥിതിയ്ക്ക് ഈ ദുഷ്പ്രവണതയ്ക്ക് കടിഞ്ഞാണിടാന്‍ സാധ്യമായ മാര്‍ഗം വിരമിക്കലിനും തുടര്‍നിയമനത്തിനും ഇടയില്‍ ഒരു കൂളിംഗ് ഓഫ് പീരീഡ് നിര്‍ബന്ധമാക്കുക എന്നത് മാത്രമാണ്.

ഇങ്ങനെയൊരു ഇടവേളയിലൂടെ ജുഡീഷ്യറിക്ക് മേല്‍ വീഴാനിടയുള്ള ഉപകാരസ്മരണയുടെ കരിനിഴലിനെ ഒരു പരിധി വരെ അകറ്റിനിര്‍ത്താന്‍ സഹായിയ്ക്കും എന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ കുറച്ചു കാലത്തെ ന്യായാധിപന്മാരുടെ വിരമിക്കലിനു ശേഷമുള്ള നിയമനങ്ങള്‍ പരിശോധിച്ചാല്‍ ഇപ്പറയുന്ന കൂളിംഗ് ഓഫ് പിരീഡിന്റെ ദൈര്‍ഘ്യം നേര്‍ത്തുനേര്‍ത്തു വരുന്നത് കാണാനാവും. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക. തൊണ്ണൂറുകളില്‍ രംഗനാഥ് മിശ്രയെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയച്ചത് റിട്ടയര്‍മെന്റിന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പിന്നീട് ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ കാര്യത്തില്‍ ഇത് അഞ്ച് വര്‍ഷമായിരുന്നു. എന്നാല്‍, പി. സദാശിവത്തിന്റെ കാര്യത്തില്‍ ഈ ഇടവേള നാല് മാസവും രഞ്ജന്‍ ഗൊഗോയിയ്ക്ക് മൂന്ന് മാസവും ഇപ്പോള്‍ അദ്ബുല്‍ നസീറിന് വെറും ഒരു മാസവുമായി ചുരുങ്ങുന്നത് നാം കാണാതെ പോയിക്കൂടാ.

ജഡ്ജിമാര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ നിയമനങ്ങള്‍ സ്വീകരിയ്ക്കുന്നതിനെ പതിനാലാം ലോ കമ്മീഷന്‍ തള്ളിപ്പറഞ്ഞിട്ടുള്ളതാണ്. കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്ന ജസ്റ്റിസ് എ.പി ഷാ ഇത്തരം നിയമനങ്ങള്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ കൂളിംഗ് ഓഫ് പിരീഡ് വേണ്ടതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. അക്കാലത്ത് ഇങ്ങനെയൊരു നിര്‍ദ്ദേശത്തെ പിന്തുണച്ചത് ബി.ജെ.പി അധ്യക്ഷന്‍ ആയിരുന്ന നിതിന്‍ ഗഡ്കരി ആയിരുന്നു എന്നതും ഓര്‍ക്കുക. ജഡ്ജിമാരുടെ നിയമനത്തിന് കുറഞ്ഞത് രണ്ടു വര്‍ഷത്തെ കൂളിംഗ് ഓഫ് പിരീഡാണ് അന്ന് ഗഡ്കരി നിര്‍ദ്ദേശിച്ചത്.

കോടതികളുടെ വിശ്വാസ്യതയെ തന്നെ അട്ടിമറിക്കുന്ന പോസ്റ്റ്-റിട്ടയര്‍മെന്റ് നിയമനങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ സംസാരിച്ചിട്ടുള്ളവരില്‍ പ്രമുഖന്‍ ബിജെപി നേതാവും നിയമമന്ത്രിയും ആയിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ആയിരുന്നു. ജഡ്ജിമാര്‍ വിരമിക്കുന്നതിന് മുന്‍പ് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അവര്‍ക്ക് വിരമിച്ച ശേഷമുള്ള ഉദ്യോഗത്തിന്റെ നിയമന ഉത്തരവുകളായി മാറുന്നു എന്ന് അദ്ദേഹം രാജ്യസഭയില്‍ ഉള്‍പ്പെടെ നിരവധി അവസരങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മില്‍ നിലനിര്‍ത്തേണ്ട ഒരു കൈയ്യകലം ഇതാ ഒരു ഗാഢ ആലിംഗനത്തില്‍ എത്തിയിരിക്കുന്നു എന്നാണ് ജസ്റ്റിസ് സദാശിവത്തെ കേരളാ ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിനെപ്പറ്റി പ്രമുഖ അഭിഭാഷകനായ കെ.വി.വിശ്വനാഥന്‍ അഭിപ്രായപ്പെട്ടത്. ജഡ്ജിമാര്‍ തങ്ങളുടെ പ്രതിജ്ഞ മറന്നാല്‍ പിന്നെ ജുഡിഷ്യറിയ്ക്ക് എങ്ങനെ സ്വാതന്ത്രമാവാന്‍ സാധിക്കും എന്ന സഞ്ജയ് ഹെഗ്ഡെയുടെ ചോദ്യവും സ്മരണീയമാണ്.

ഏതായാലും ജഡ്ജിമാരുടെ വിരമിക്കലിനും പുനര്‍ നിയമങ്ങള്‍ക്കുമിടയില്‍ യാതൊരു വിധ കൂളിംഗ് ഓഫ് പിരീഡും നിശ്ചയിക്കാന്‍ താല്പര്യമില്ല എന്ന് രാജ്യസഭയില്‍ തങ്ങളുടെ നിലപാട് പറഞ്ഞതോടെ ജുഡീഷ്യറിയുടെ സ്വതന്ത്രമായ നിലനില്‍പ്പിന് തങ്ങള്‍ എന്ത് വിലയാണ് കല്‍പ്പിക്കുന്നത് എന്ന് മോദി സര്‍ക്കാര്‍ രാജ്യത്തോട് വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു. മോദിയുടെ ഏത് പ്രസ്താവനയ്ക്കും നേരെ ഈറ്റപ്പുലികളെപ്പോലെ ചാടിവീഴുന്നത് പതിവാക്കിയ പ്രതിപക്ഷത്തിന് പക്ഷേ ഈ തീരുമാനത്തോട് പരിഭവമോ എതിര്‍പ്പോ ഉണ്ടായില്ല എന്നത് നീതിബോധമുള്ള പൗരന്മാര്‍ ശ്രദ്ധിക്കേണ്ടതാണ്. വ്യവസ്ഥിതി അഴിമതി നിറഞ്ഞതും മലീമസവുമായി തുടരേണ്ടത് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയകക്ഷികളുടെയും ആവശ്യമായതിനാല്‍ ഇത്തരം അരാജകവ്യവസ്ഥിതിയില്‍ നിന്ന് അവസരം വരുമ്പോള്‍ തങ്ങള്‍ക്കും നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷ അവരുടെയെല്ലാം വായടപ്പിക്കുന്നു. സംഘ്പരിവാര്‍ സര്‍ക്കാരിന്റെ ഭരണകൂട ഫാഷിസത്തിനെതിരെ പ്രബന്ധങ്ങള്‍ രചിക്കാറുള്ള ഇടതുപക്ഷത്തിനും ഈ അന്യായത്തിനെതിരെ നാവനങ്ങിയില്ല എന്നത് ആന്റണി ഡൊമിനിക്ക് എന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ വിരമിച്ചു പിറ്റേന്ന് തന്നെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ച പിണറായി സര്‍ക്കാര്‍ തീരുമാനവുമായി കൂട്ടിവെച്ചു വായിക്കേണ്ടതാണ്.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പെട്ടിപിടുത്തക്കാര്‍ക്കും അനുഭാവികള്‍ക്കും വീതം വെച്ച് നല്‍കിപ്പോരുന്ന ഗവര്‍ണ്ണര്‍ ഉദ്യോഗത്തിന് നിഷ്പക്ഷതയുടെ മുഖപടം ചമയ്ക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു ഭരണഘടനാ തന്ത്രമായി തന്നെ വിലയിരുത്തേണ്ടതുണ്ട്. പ്രതിപക്ഷകക്ഷികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അജണ്ട നടപ്പിലാക്കുകയെന്ന ഒരേയൊരു ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഗുമസ്തനായി തരം താഴുന്ന ഗവര്‍ണ്ണര്‍മാര്‍ ഇന്നൊരു സ്ഥിരം കാഴ്ചയാവുമ്പോള്‍ ആ ദുര്‍വ്യവസ്ഥിതിയ്ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട് എന്ന കാര്യവും നാം ഓര്‍ക്കേണ്ടതുണ്ട്.

ഭരണഘടനയെയും നിയമവാഴ്ചയെയും നോക്കുകുത്തിയാക്കി ഹിന്ദുത്വഭീകരന്മാര്‍ രാജ്യമെങ്ങും ന്യൂനപക്ഷ-ദലിത് വേട്ടകള്‍ വ്യാപകമാക്കുകയും അസമിലും യു.പി.യിലുമെല്ലാം സര്‍ക്കാരുകള്‍ തന്നെ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ബുള്‍ഡോസര്‍ നീതി നടപ്പാക്കുകയും ചെയ്യുന്ന ഇന്നത്തെ ഇന്ത്യയില്‍ അവശന്റെയും മര്‍ദ്ദിതന്റെയും അവസാനപ്രതീക്ഷയായ നീതിന്യായവ്യവസ്ഥ എത്തിയിരിക്കുന്ന ദുഃസ്ഥിതി ഭീകരവും ആശങ്കാജനകവുമാണ്. ഈ സാഹചര്യത്തില്‍, സംഘ്പരിവാര്‍ നേതാക്കളും അവരുടെ അഭ്യുദയകാംക്ഷികളും ഗവര്‍ണ്ണര്‍ കുപ്പായമിട്ടു വിരാജിക്കുന്ന രാജ്ഭവനുകള്‍ ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന കുതിരക്കച്ചവടത്തിന്റെയും സമ്മര്‍ദ്ദരാഷ്ട്രീയത്തിന്റെയും തന്ത്രങ്ങള്‍ മെനയുന്ന അട്ടിമറികേന്ദ്രങ്ങളായി തരംതാഴ്ത്തപ്പെട്ടിട്ടുള്ള ഇന്ന് ജസ്റ്റിസ് അദ്ബുല്‍ നസീറില്‍ നിക്ഷിപ്തമായിട്ടുള്ള 'എക്‌സ്ട്രാ-കോണ്‍സ്റ്റിറ്റിയൂഷണല്‍ ഉത്തരവാദിത്വങ്ങള്‍' എന്തെല്ലാം ആയിരിയ്ക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

TAGS :