ആയുര്‍വേദത്തിന്റെ ചരിത്രം
ഇന്ത്യയില്‍ നിന്നും പുരാതന ഗ്രീസില്‍ എത്തിയ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്ന വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങളില്‍ നിന്നാണ് ഗേലന്‍ പില്‍ക്കാലത്തു വിശദീകരിച്ച നാല് ഹ്യൂമറുകള്‍ ഉണ്ടായത് എന്ന് പറയപ്പെടുന്നു. | DaVelhaMedicina - ഭാഗം: 05
കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളോളമായി ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന ചികിത്സാരീതിയാണ് ആയുര്‍വേദം. ഒരു വ്യക്തിയുടെ ആയുസ്സ് മുഴുവന്‍ ആരോഗ്യവാനായി എങ്ങനെ ജീവിക്കാമെ മെന്നുള്ളതിനെപ്പറ്റി ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഹിന്ദുക്കളുടെ വിശ്വാസം അനുസരിച്ച് വിഷ്ണുവിന്റെ അവതാരമായ ധന്വന്തരി ദേവന്‍ ആണ് ആയുര്‍വേദ ചികിത്സാശാഖയുടെ സ്ഥാപകന്‍. ഇദ്ദേഹത്തിന് സൃഷ്ടാവായ ബ്രഹ്മാവില്‍ നിന്നും നേരിട്ട് ലഭിച്ചതാണ് ആയുവേദ സംബന്ധിയായ ജ്ഞാനം. പാലാഴി മഥനം നടക്കുമ്പോള്‍ പാല്‍ക്കടലില്‍ നിന്ന് ധന്വന്തരി, അമരത്വം ലഭിക്കാന്‍ സഹായകമായ അമൃതകുംഭവുമായി ഉയര്‍ന്നുവന്നു എന്ന് ഹിന്ദു പുരാണങ്ങള്‍ പറയുന്നു. വാരണാസിയില്‍ രാജാവായി ജനിച്ച ഇദ്ദേഹം, സുശ്രുതന്‍ ഉള്‍പ്പെട്ട തന്റെ ശിഷ്യഗണങ്ങള്‍ക്ക് ഈ വിജ്ഞാനം പകര്‍ന്നു കൊടുത്തു. ധന്വന്തരി നിര്‍മിച്ച പലതരം പച്ചില മരുന്നുകളും പ്രകൃതിചികിത്സാ രീതികളും അഥര്‍വവേദത്തില്‍ വിവരിക്കുന്നുണ്ട്. ഇദ്ദേഹം ഒരു പ്രഗത്ഭനായ ശസ്ത്രക്രിയ വിദഗ്ധനും കൂടി ആയിരുന്നു. ധന്വന്തരിയുടെ ക്ഷേത്രങ്ങളില്‍ ഇന്നും രോഗശാന്തിക്കായിആളുകള്‍ പ്രാര്‍ഥന നടത്താറുണ്ട്. കേരളത്തില്‍ തൃശൂര്‍ ജില്ലയിലെ നെല്ലുവായ് എന്ന സ്ഥലത്തെ ഇത്തരമൊരു ക്ഷേത്രം കണ്ണു രോഗങ്ങളുടെ ശാന്തിക്ക് പ്രസിദ്ധ പെറ്റതാണ്. ഗുരുവായൂര്‍ ക്ഷേത്രം വാതരോഗസംബന്ധിയായ രോഗശാന്തിക്ക് പേരു കേട്ടിരിക്കുന്നു. ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കുന്ന ഇലച്ചെടികള്‍ കൊണ്ടുണ്ടാക്കിയ മുക്കുടി, ദേവന് സമര്‍പ്പിക്കുന്നത് ഇവിടെ സാധാരണയാണ്. ഇത് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ശാന്തി നല്‍കുന്നു. ക്ഷേത്രത്തിനു വടക്കുഭാഗത്തുള്ള കുളത്തില്‍ മുങ്ങി കുളിക്കുന്നത് മാനസികശുദ്ധിയും ശാരീരിക ആരോഗ്യവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. രോഗികള്‍ മാത്രമല്ല ചികിത്സകരും തങ്ങളുടെ ചികിത്സ ഫലപ്രദമാകാന്‍ ഇവിടെ വന്നു പ്രാര്‍ഥിക്കാറുണ്ട്.
മൃതദേഹം ഏഴു ദിവസം ഒരു കൂടയിലാക്കി നദിയിലെ വെള്ളത്തില്‍ മുക്കിയിടാന്‍ സുശ്രുതന്‍ ശിഷ്യരെ ഉപദേശിക്കുന്നുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന മൃതദേഹത്തിന്റെ ചീഞ്ഞളിഞ്ഞ തൊലിയും പുറമെയുള്ള കൊഴുപ്പും മറ്റും നീക്കം ചെയ്താല്‍ ഉള്ളിലുള്ള അവയവങ്ങള്‍ വ്യക്തമായി കണ്ട് പഠിക്കാനാകും.
ഹിന്ദുമതത്തിലെ നാലു വേദങ്ങളില്‍ ഒന്നായ അഥര്‍വവേദം 114 സ്‌തോത്രങ്ങളും (hymns) മന്ത്രോച്ചാരണങ്ങളും (incantations) അടങ്ങിയതാണ്. ബിസി 600-700കളില്‍ ധാരാളം പേര്‍ ഇത് പകര്‍ത്തി എഴുതി. ചരകസംഹിത എഴുതിയ ചരകനും (ബി.സി 100-200) സുശ്രുതസംഹിത എഴുതിയ സുശ്രുതനും (ബി.സി 700-900) ആയിരുന്നു ആയുര്‍വേദത്തിലെ അഗ്രഗാമികള്‍. സുശ്രുതന്‍ ആയുര്‍വേദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. പ്ലാസ്റ്റിക് സര്‍ജറിയെ സംബന്ധിച്ച അറിയപ്പെടുന്ന ആദ്യ ഗ്രന്ഥമാണ് ചരകസംഹിത. എട്ട് ഭാഗങ്ങളായി വിഭജിച്ചിട്ടുള്ള ഈ ഗ്രന്ഥം ഗുരുവും ശിഷ്യനും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് രചിച്ചിരിക്കുന്നത്. സുശ്രുത സംഹിത, വാഗ്ഭടന്റെ അഷ്ടാംഗ ഹൃദയം തുടങ്ങിയവ ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇവയെല്ലാം കൂടി ചേര്‍ന്ന ആയുര്‍വേദ ചികിത്സാ പദ്ധതിയനുസരിച്ചാണ് രോഗങ്ങളുടെ തരം തിരിക്കലും രോഗലക്ഷണങ്ങളുടെ വിവരണവും ചികിത്സാ പദ്ധതികളും നിര്‍ദ്ദേശിക്കുന്നത്. ഈ നൂറ്റാണ്ടിലെ ആയുര്‍വേദചികിത്സകര്‍ പോലും ഈ വേദങ്ങളില്‍ പറയുന്ന രീതിയിലാണ് ചികിത്സ നടത്തുന്നത്. മാനസികം, ആത്മീയം, ശരീരികം എന്നീ മൂന്ന് നിലയിലുള്ള ശരിയായ പൊരുത്തം ഒരാളുടെ പൂര്‍ണമായ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമാണ്. ശസ്ത്രക്രീയ ചികിത്സ സംബന്ധിച്ചു വളരെ ഉപകാരപ്രദമായ വിവരങ്ങള്‍ ഈ ഗ്രന്ഥങ്ങളില്‍ നിന്ന് ലഭിച്ചിരുന്നുവെങ്കിലും അനാട്ടമി സംബന്ധിച്ചു അവരുടെ ജ്ഞാനം വളരെ പരിമിതമായിരുന്നു. മൃതദേഹം കീറിമുറിച്ചു പഠിക്കുന്നതിനെതിരായി സമൂഹത്തില്‍ നില നിന്ന വിലക്കുകളാവാം ഇതിനു കാരണം. മൃതദേഹം ഏഴു ദിവസം ഒരു കൂടയിലാക്കി നദിയിലെ വെള്ളത്തില്‍ മുക്കിയിടാന്‍ സുശ്രുതന്‍ ശിഷ്യരെ ഉപദേശിക്കുന്നുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന മൃതദേഹത്തിന്റെ ചീഞ്ഞളിഞ്ഞ തൊലിയും പുറമെയുള്ള കൊഴുപ്പും മറ്റും നീക്കം ചെയ്താല്‍ ഉള്ളിലുള്ള അവയവങ്ങള്‍ വ്യക്തമായി കണ്ട് പഠിക്കാനാകും.
ആദി ഗുരുക്കളില്‍ മൂന്നാമനായി വാഗ്ഭടന്‍ (ബി.സി-650) ശിവഭക്തന്‍ ആയിരുന്നു. ഇദ്ദേഹം ചരകന്റെ സംഹിതകളെ പിന്‍പറ്റുന്ന ആളായിരുന്നു. അഷ്ടാംഗ സംഗ്രഹവും അഷ്ടാംഗ ഹൃദയ സംഹിതയും ആണ് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികള്‍. സംസ്‌കൃതത്തില്‍ എഴുതപ്പെട്ട ഇവയില്‍ 7000 സൂത്രങ്ങള്‍ ഉണ്ട്. ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികള്‍ എന്നാണ് ഇവരെ അറിയപ്പെടുന്നത്.
അക്കാലത്തെ വിദേശികളെപ്പോലും അത്ഭുപ്പെടുത്തിയ ചികിത്സയായിരുന്നു മൂക്കിന്റെ പ്ലാസ്റ്റിക് സര്‍ജറി. മലാശയത്തിന് ചുറ്റുമുള്ള ഫിസ്റ്റുലയുടെ ഓപ്പറേഷന്‍ (ക്ഷാരസൂത്ര), കഴുത്തിലെ മുഴകളുടെ സര്‍ജറി, ടോണ്‍സില്‍ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രീയ, മുഴകള്‍ കീറി പഴുപ്പ് മാറ്റല്‍, ഒടിവുകളുടെയും ചതവുകളുടെയും ചികിത്സ എന്നിവ സുശ്രുതന്‍ തന്റെ കൃതിയില്‍ വിശദീകരിച്ചിട്ടുണ്ട്. 121 ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിവരണങ്ങള്‍ ഇതിലുണ്ട്. മൂന്ന് തരത്തിലുള്ള സൂചികള്‍ - ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും അന്യ ദ്രവ്യങ്ങള്‍ (Foreign body) മാറ്റാനുള്ള ഉപകരണങ്ങള്‍, പല്ല് പറിക്കുന്നതിനുള്ള ഉപകരണങ്ങള്‍, കത്തീറ്ററുകള്‍, സിറിഞ്ചുകള്‍ എന്നിവ ഇവയില്‍പ്പെടും .
ബി.സി-400ല്‍ ഈ ഗ്രന്ഥങ്ങള്‍ ചൈനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. ഇന്ത്യയില്‍ നിന്നും പുരാതന ഗ്രീസില്‍ എത്തിയ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്ന വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങളില്‍ നിന്നാണ് ഗേലന്‍ പില്‍ക്കാലത്തു വിശദീകരിച്ച നാല് ഹ്യൂമറുകള്‍ ഉണ്ടായത് എന്ന് പറയപ്പെടുന്നു. ഈ ത്രിദോഷങ്ങളുടെ അനുപാതം ഓരോരുത്തരുടെയും ഡി.എന്‍.എ (DNA) പോലെ തന്നെ ജനിക്കുമ്പോള്‍ തന്നെ തീരുമാനിക്കപ്പെടുന്നുവത്രേ. പ്രമേഹം, ക്ഷയം, വസൂരി തുടങ്ങിയ പല രോഗങ്ങളുടെയും കൃത്യമായ വിവരണം ഈ പഴയ കൃതികളില്‍ കാണാം. മലേറിയ കൊതുക് മൂലവും പ്ലേഗ് എലികള്‍ മൂലവും പകരുന്ന രോഗങ്ങള്‍ ആണെന്ന് അറിവുണ്ടായിരുന്നതിന് ഉപോല്‍ബലകമായ തെളിവുകള്‍ പഴയകാല കൃതികളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
ഭക്ഷണ രീതി തെറ്റാണെങ്കില്‍ മരുന്ന് കൊണ്ട് പ്രയോജനം ഉണ്ടാകില്ല എന്നും ആഹാരം ശരിയായ രീതിയിലാണെങ്കില്‍ മരുന്നിന് ആവശ്യമുണ്ടാകില്ല എന്നും ആയുര്‍വേദം പറയുന്നു. മിതത്വം ആണ് ആയുര്‍വേദത്തിന്റെ ആധാരശില. ഇത്, ഭക്ഷണം, ഉറക്കം, വ്യായാമം, ലൈംഗികത എന്നിവയിലെല്ലാം പാലിക്കണം. ഇതിന്റെ കൂടുതലോ കുറവോ, വാതം, പിത്തം, കഫം എന്നീ ശക്തികള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥക്ക് കാരണമാകും.
വാതം-ശ്വസനം രക്തചംക്രമണം, വിസര്‍ജനം ചലനം, നാഡീവ്യൂഹം, സംസാരം, സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍, ഉന്മേഷം എന്നിവയാണ് ഇതിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ - വാതത്തിന്റെ ആധിക്യം മലബന്ധം, സന്ധികളുടെ വേദന, ഉല്‍കണ്ഠ എന്നിവയുണ്ടാക്കുന്നു.
പിത്തം - ദഹനം ചയാപചയം (metabolism) ശരീരത്തിന്റെ താപനില, നിറം, സന്തോഷം, ധൈര്യം, ധീഷണ, എന്നിവ ഇതിനാല്‍ നിയന്ത്രിക്കപ്പെടുന്നു. പിത്തത്തിന്റെ ആധിക്യം പഴുപ്പ്, നീര്‍ക്കെട്ട്, വൃണം എന്നിവ ഉണ്ടാക്കുന്നു.
കഫം - ഈ ചൈത്യന്യമാണ് ശരീരികമായ വളര്‍ച്ച, ശരീരത്തിലെ പലതരം ദ്രാവകങ്ങളുടെ തുലനവും വിസര്‍ജനവും, ക്ഷമ, കാരുണ്യം, ഗ്രഹണശക്തി എന്നിവ നിയന്ത്രിക്കുന്നത്. ഇതിന്റെ ആധിക്യം മൂലം ഭാരക്കൂടുതല്‍, പ്രമേഹം എന്നിവ ഉണ്ടാകുന്നു. ചികിത്സകന്‍ ഈ ദോഷങ്ങളുടെ അളവും തുലനവും പരിശോധനയിലൂടെ കണ്ടെത്തി പരിഹരിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണ രീതി തെറ്റാണെങ്കില്‍ മരുന്ന് കൊണ്ട് പ്രയോജനം ഉണ്ടാകില്ല എന്നും ആഹാരം ശരിയായ രീതിയിലാണെങ്കില്‍ മരുന്നിന് ആവശ്യമുണ്ടാകില്ല എന്നും ആയുര്‍വേദം പറയുന്നു. മിതത്വം ആണ് ആയുര്‍വേദത്തിന്റെ ആധാരശില. ഇത്, ഭക്ഷണം, ഉറക്കം, വ്യായാമം, ലൈംഗികത എന്നിവയിലെല്ലാം പാലിക്കണം. ഇതിന്റെ കൂടുതലോ കുറവോ, വാതം, പിത്തം, കഫം എന്നീ ശക്തികള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥക്ക് കാരണമാകും. ഇതില്‍ ഏത് ശക്തിയുടെ ഒഴുക്കാണ് രോഗകാരണമായതെന്നും അത് സാധാരണ നിലയിലാക്കുന്നത് എങ്ങനെയെന്നും കണ്ടെത്തലാണ് ചികിത്സകന്റെ ജോലി; പുതിയ കാലത്തും ഈ രീതി തന്നെയാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ പിന്‍പറ്റുന്നത്.
ഒരു രോഗത്തിന് പല രീതിയുള്ള ചികിത്സകളുടെ ആവശ്യമുണ്ട്. എണ്ണയും കുഴമ്പും, ഗുളികകള്‍, എനിമ, മസാജ്, വിയര്‍പ്പിക്കല്‍, സര്‍ജറി എന്നിവ ചികിത്സയില്‍ പെടുന്നു. പഞ്ചകര്‍മ്മ (Elimination), ശമനം ( pacification), ഭൃമനം (nourishing) എന്നിവയാണ് പ്രധാന ചികിത്സ പദ്ധതികള്‍. എണ്ണ പുരട്ടി തിരുമ്മല്‍, ആവി പിടിക്കല്‍, വയറിളക്കല്‍, ഇനീമ എന്നിവ ശരീരം വൃത്തിയാക്കാനായി പഞ്ചകര്‍മ ചികിത്സയില്‍ ഉപയോഗിക്കുന്നു. ശരീരത്തില്‍ അധികമായുള്ളത് ഇത്തരത്തില്‍ പുറത്ത് കളഞ്ഞാല്‍ ശരീരം സ്വയം ദോഷങ്ങളെ തുലനം ചെയ്തു സുഖം പ്രാപിച്ചു കൊള്ളും. ഭ്രിമനത്തില്‍ പ്രധാനമായും യോഗ, മെഡിറ്റേഷന്‍, മന്ത്രോച്ചാരണം എന്നിവയടങ്ങിയ ആത്മീയ ചികിത്സയാണ്. പ്രകൃതിജന്യമായ ഭക്ഷണമാണ് ചികിത്സയുടെ ഭാഗമായി നല്‍കപ്പെടുന്നത്. ആടിന്റെ കരള്‍ ഭക്ഷിക്കുന്നത് വിളര്‍ച്ച അഥവാ, രക്തക്കുറവിന്റെ ചികിത്സയായി ഇതില്‍ പറയുന്നുണ്ട്. ശാസ്ത്രീയമായ പരീക്ഷണങ്ങളുടെ പിന്‍ബലത്തോടെ ഇന്നും ഇത് ചികിത്സയായി ഉപയോഗിച്ചു വരുന്നു. സുശ്രുതന്‍ ഏകദേശം 760 ഓളം ചികിത്സക്ക് ഉപയോഗിക്കുന്ന ചെടികളെ പറ്റി വിശദീകരിക്കുന്നുണ്ട്.
പൊതുവായ അരോഗ്യപ്രശ്‌നങ്ങളുടെ ചികിത്സ (internal medicine), കണ്ണുരോഗ ചികിത്സ (Opthalmology), കണ്ണ്, തൊണ്ട, മൂക്ക് എന്നീ രോഗങ്ങളുടെ ചികിത്സ (ENT diseases), ശസ്ത്രക്രിയ (surgery), വിഷചികിത്സ (toxicology), മാനസികരോഗ ചികിത്സ (mental illness), ശിശുരോഗ ചികിത്സ (pediatrics), വാര്‍ധക്യകാല രോഗചികിത്സ (geriatrics), ലൈംഗികോത്തേജന ചികിത്സ (aphrodisiacs), പ്രത്യുല്‍പ്പാദന സംബന്ധിയായ ചികിത്സ (reproductive medicine) എന്നിങ്ങനെ ആയുര്‍വേദത്തിന് എട്ട് ശാഖകള്‍ ഉണ്ട്. ചരകസംഹിതയില്‍ മൂത്രക്കല്ല് മാറ്റല്‍, ചലം നിറഞ്ഞ കുരു കീറി പഴുപ്പ് ഒഴുക്കിക്കളയല്‍, സിസേറിയന്‍ ശസ്ത്രക്രിയ, തിമിരം മാറ്റല്‍, അപകടം മൂലം മുറിഞ്ഞു പോയ അംഗങ്ങള്‍ യോജിപ്പിക്കുന്നതെങ്ങനെ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ ഉണ്ട്. പൊള്ളലുകളെ നാലായി തരം തിരിക്കുന്നതിനെപ്പറ്റിയും മദ്യം ശസ്ത്രക്രിയയുടെ സമയത്ത് രോഗിയെ മയക്കാന്‍ ഉപയോഗിക്കുന്നുതിനെപ്പറ്റിയും ഇതില്‍ നിര്‍ദ്ദേശങ്ങളുണ്ട്. ഡിസെക്ഷന്‍ അക്കാലത്ത് അനുവദനീയമായിരുന്നില്ല. എന്നാല്‍, വൈദ്യവിദ്യാര്‍ഥികള്‍ മൃഗത്തൊലി കൊണ്ടുണ്ടാക്കിയ സഞ്ചികളില്‍ ചളി നിറച്ചും ഇറച്ചിക്കഷണങ്ങള്‍ ഉപയോഗിച്ചും സര്‍ജറി പരിശീലിച്ചിരുന്നു. തണ്ണിമത്തങ്ങയില്‍ പരിശീലനം നടത്താന്‍ സുശ്രുതന്‍ നിര്‍ദേശിക്കുന്നുണ്ട്. ഇന്നും കവിരാജ് എന്ന് പേരായ ആയുര്‍വേദ ഡോക്ടര്‍മാര്‍ ഭാരതത്തിലെ ഗ്രാമങ്ങളില്‍ സേവനം നല്‍കിവരുന്നു.
മൂക്ക് മുറിച്ചു കളയുന്നത് പുരാതന ഇന്ത്യയുടെ പല ഭാഗങ്ങളിലും നിലനിന്നിരുന്ന ഒരു ശിക്ഷാവിധിയാണ്. ഇത് നിമിത്തം ഈ വൈകൃതം ചികിത്സിച്ചു മാറ്റിക്കൊടുക്കുന്ന വൈദ്യന്മാര്‍ക്ക് ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. ഇവര്‍ നെറ്റിയില്‍ നിന്നും ഇലയുടെ ആകൃതിയിലുള്ള തൊലിയുടെ ഒരു കഷണം മുറിച്ച് താഴേക്ക് കൊണ്ടുവന്നു മൂക്കിന്റെ ഭാഗത്ത് വെച്ച് മൂക്ക് പുനര്‍നിര്‍മിക്കുക ആയിരുന്നു. ഇത് തുന്നിപ്പിടിപ്പിച്ച ശേഷം തടി കൊണ്ട് നിര്‍മിച്ച രണ്ട് കുഴലുകള്‍ അതിനകത്തേക്ക് കടത്തി മുറിവ് ഉണങ്ങുന്നത് വരെ രോഗിക്ക് ശ്വസിക്കാന്‍ പാകത്തിന് ഉറപ്പിച്ചു വെക്കും. ഇത്തരത്തിലൊരു സര്‍ജറിയെപ്പറ്റി പറ്റി 1794ല്‍ ലണ്ടനിലെ The gentleman's magazine ല്‍ ഒരു റിപ്പോര്‍ട്ട് വന്നതോടെ യൂറോപ്പില്‍ നിന്നും പല സര്‍ജന്‍മാരും ഇന്ത്യയിലേക്ക് വന്ന് പഴയ രീതിയിലുള്ള ഈ പ്ലാസ്റ്റിക് സര്‍ജറി കണ്ടു പഠിക്കുകയും പിന്നീട് സ്വന്തം നാട്ടില്‍ ഇത്തരം സര്‍ജറികള്‍ ചെയ്തു തുടങ്ങുകയും ചെയ്തു.
സിന്ധു നദീതട സംസ്‌കാരം (INDUS VALLEY CIVILISATION ) നിലനിന്ന കാലത്ത് ഒരോ വീട്ടിലും ഫ്‌ലഷ് ചെയ്യാവുന്ന കക്കൂസുകള്‍ ഉണ്ടായിരുന്നു എന്ന് കാണുന്നത് അത്ഭുതകരമാണ്. ഇവ വളരെ പരിഷ്‌കൃതമായ ഒരു അഴുക്കു ചാലിന്റെ സംവിധാനത്തോട് യോജിപ്പിച്ചിരിക്കുന്നു. ആദ്യത്തെ കുളിപ്പുര 3000 ബി.സിയിലേതാണ്; അക്കാലത്തു ശരീരം വൃത്തിയാക്കുക എന്നതിനേക്കാള്‍ മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് ആളുകള്‍ കുളിച്ചിരുന്നത്. സമൂഹത്തിന്റെ ഉയര്‍ന്ന ശ്രേണിയിലുള്ള ആളുകള്‍ പാലിച്ചിരുന്ന, കടുത്ത ശുചിത്വം രോഗികളുടെ എണ്ണം കുറയാന്‍ ഒരു പ്രധാന കാരണമായിരുന്നു. സസ്യ ഭക്ഷണം കഴിക്കാനും മദ്യം ഒഴിവാക്കാനും നിത്യേന കുളിക്കാനും പാഴ് വസ്തുക്കളും കഴിയുന്നത്ര വേഗം വീട്ടിന് പുറത്തേക്ക് മാറ്റി വീടിനകം ശുചിയായി സൂക്ഷിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. ഇവ കൃത്യമായി പാലിക്കപ്പെടുകയും ചെയ്തിരുന്നു.
ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.