Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 26 Jun 2023 1:57 PM GMT

പ്‌ളേഗ്-ചികിത്സയും രോഗത്തിന്റെ അനന്തരഫലങ്ങളും

യൂറോപ്പിലെ ജൂതന്മാരുടെ രഹസ്യസംഘം തങ്ങളുടെ നാട്ടിലെ കിണറുകളില്‍ വിഷം കലക്കിയതിന്റെ ഫലമായിട്ടാണ് പ്ലേഗ് രോഗം ഉണ്ടാകുന്നതെന്ന് വിശ്വസിച്ചു കൊണ്ട് സാധാരണക്കാര്‍ ഇവരെ സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ആരംഭിച്ചു. യൂറോപ്പിലെ പല പട്ടണങ്ങളിലും അവരെ കൂട്ടമായി അഗ്‌നിക്കിരയാക്കി. | DaVelhaMedicina - ഭാഗം: 19

ജൂതന്മാരാണ് പ്ലേഗ് പരത്തുന്നതെന്ന് കരുതി അവരെ ആക്രമിക്കുമായിരുന്നു.
X

മദ്ധ്യകാലത്ത് പല ഡോക്ടര്‍മാരും പ്ലേഗ് രോഗികളെ ചികിത്സിക്കാന്‍ വിസമ്മതിച്ചു. ചികിത്സിക്കാന്‍ തയാറായവര്‍ രോഗപ്രതിരോധത്തിനായി ഒരു പക്ഷിയുടെ മുഖത്തിന്റെ രൂപത്തിലുള്ള ഒരു മാസ്‌ക് ധരിച്ചു. 1619ല്‍ Charles De Lorme എന്നയാള്‍ പ്ലേഗ് രോഗ ചികിത്സക്ക് പാകമായ ഒരു വസ്ത്രം രൂപകല്‍പന ചെയ്തു. മെഴുകു പുരട്ടിയ നീളത്തിലുള്ള ഓവര്‍ കോട്ട്, ബൂട്ടുകള്‍, നീളത്തിലുള്ള കൈയുറകള്‍, ഒരു പക്ഷിയുടെ കൊക്കിന്റെ ആകൃതിയോട് കൂടിയ തല മൂടാനുള്ള ഹെല്‍മെറ്റ് പോലെയുള്ള ഒരു തൊപ്പി എന്നിവ അടങ്ങിയതായിരുന്നു ഈ യൂണിഫോം. പക്ഷിയുടെ ചുണ്ടിന്റെ ഭാഗത്ത് കടുത്ത മണമുള്ള ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഇടകലര്‍ത്തിയുള്ള വൈക്കോല്‍ കൊണ്ട് നിറച്ചിരുന്നു. ഇതുമൂലം പുറമേനിന്നുള്ള വൃത്തികെട്ട വായു ചികിത്സകന്‍ ശ്വസിക്കേണ്ടി വരില്ല എന്ന വിശ്വാസമായിരുന്നു ഇതിനു പിന്നില്‍. കര്‍പ്പൂരം, പുതിന, കരയാമ്പൂ, രോഗപ്രതിരോധ ശേഷിയുള്ള ക്രിസാന്തിമം പൂക്കള്‍ എന്നിവയായിരുന്നു അക്കാലത്ത് ഇതിന് ഉപയോഗിച്ചിരുന്നത്. കണ്ണിന്റെ ഭാഗം ചുവന്ന നിറമുള്ള ഗ്ലാസ് കൊണ്ട് മറച്ചിരുന്നു. രോഗിയുടെ കണ്ണിലേക്ക് നേരിട്ട് നോക്കിയാല്‍ രോഗം പകരുമെന്ന വിശ്വാസം നിലനിന്നിരുന്ന കാലമായിരുന്നു അത്. ഇങ്ങനെ പേടിപ്പെടുന്ന രൂപത്തിലായിരുന്ന ഡോക്ടര്‍മാര്‍ രോഗിയെ സന്ദര്‍ശിച്ചിരുന്നത്. രോഗലക്ഷണങ്ങള്‍ ചികിത്സിച്ചു കൊണ്ട് (symptomatic treatment), രോഗിയുടെ ദുരിതം കുറക്കാനും, രോഗത്തിന്റ സ്വഭാവം രേഖപ്പെടുത്തി വയ്ക്കാനും ഈ ചികിത്സകര്‍ സഹായിച്ചു.

യൂറോപ്പിലെ ജൂതന്മാരുടെ രഹസ്യസംഘം തങ്ങളുടെ നാട്ടിലെ കിണറുകളില്‍ വിഷം കലക്കിയതിന്റെ ഫലമായിട്ടാണ് പ്ലേഗ് രോഗം ഉണ്ടാകുന്നതെന്ന് വിശ്വസിച്ചു കൊണ്ട് സാധാരണക്കാര്‍ ഇവരെ സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ആരംഭിച്ചു. യൂറോപ്പിലെ പല പട്ടണങ്ങളിലും അവരെ കൂട്ടമായി അഗ്‌നിക്കിരയാക്കി. ഈ കാലത്തും പാരീസിലെ മാര്‍സെ എന്ന പട്ടണവും പോളണ്ടും ജൂതന്മാരെ സംരക്ഷിച്ചു.

ഡോക്ടര്‍മാര്‍ രോഗിയെ കൈ കൊണ്ട് സ്പര്‍ശിക്കുന്നതിനു പകരം ഒരു വടികൊണ്ട് ആവശ്യമുള്ള ഭാഗങ്ങള്‍ കുത്തി നോക്കി പരിശോധിക്കുകയായിരുന്നു പതിവ്. ഈ പ്രത്യേക തരം വസ്ത്രം ഒരു വിധത്തിലുള്ള രോഗപ്രതിരോധ ശേഷിയും ഡോക്ടര്‍മാര്‍ക്ക് നല്‍കിയില്ല എന്നുള്ളതിന് തെളിവായിരുന്നു പ്‌ളേഗ് ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരുടെ ഇടയിലെ ഉയര്‍ന്ന മരണ നിരക്ക്. കൂടുതല്‍ ഡോക്ടര്‍മാരും രോഗികള്‍ക്ക് തങ്ങളുടെ ചികിത്സ കൊണ്ട് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. എന്നാല്‍, ചിലര്‍ ചികിത്സയുടെ ഭാഗമായി രക്തം ഒഴുക്കിക്കളയാന്‍ ശ്രമിച്ചതിന്റെ ഫലമായി കുറെ രോഗികള്‍ മരിക്കുകയും ചെയ്തു. ചിലര്‍ ഈ രോഗത്തെ തങ്ങള്‍ക്ക് സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള ഒരു സന്ദര്‍ഭമായി കണ്ട് തങ്ങള്‍ക്കാവും വിധം പ്രയോജനപ്പെടുത്തി.


പ്ലേഗ് കാലത്തെ ഗൗണ്‍

ചികിത്സ എന്താണ് എന്ന് കൃത്യമായി ആര്‍ക്കും അറിവില്ലാതിരുന്ന കാരണം ശാസ്ത്രീയമായ അടിത്തറ ഒട്ടുമില്ലാത്ത പലതരത്തിലുള്ള ഉള്ള വിചിത്രമായ ചികിത്സാരീതികള്‍ നിലവിലുണ്ടായിരുന്നു. അതിലൊന്ന് ജമന്തി പൂവും വറുത്ത മുട്ടത്തോടും ഒന്നിച്ച് എയില്‍ (Ale) എന്ന ഒരു തരം മദ്യത്തില്‍ ചേര്‍ത്ത് ചൂടാക്കി കഴിക്കുക എന്നതായിരുന്നു. ഫ്രാന്‍സിലെ മാഴ്‌സേല്‍ എന്ന സ്ഥലത്ത് നാല് കള്ളന്‍മാര്‍ തങ്ങള്‍ പിടിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് ലഭിച്ച ശിക്ഷ ഇത്തരത്തിലുള്ള ഒരു മരുന്ന് പകരം കൊടുത്തു, ശിക്ഷയില്‍നിന്നും ഒഴിവായ സംഭവം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മാഴ്‌സേല്‍ വിനാഗിരി എന്ന പേരിലുള്ള ഔഷധ മരുന്നുകള്‍ ചേര്‍ത്ത ഒരുതരം വിനാഗിരി കൊണ്ട് ദേഹം വൃത്തിയാക്കുന്നത് ഈ രോഗം വരാതെ സംരക്ഷിക്കുമെന്ന് ഒരു വിശ്വാസം നിലവിലുണ്ടായിരുന്നു, വളരെ കടുത്ത ഗന്ധമുള്ള പൂക്കളോ, അത്തരം പൂക്കള്‍കൊണ്ട് നിര്‍മ്മിച്ച പൂച്ചെണ്ടുകളോ ഒപ്പം കൊണ്ടുനടക്കുന്നത്, രോഗകാരിയായ ചീത്ത വായുവിനെ ഇല്ലാതാക്കുകയും രോഗ പ്രതിരോധം ഉണ്ടാകുകയും ചെയ്യുമെന്ന് അക്കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നു.

ചിലര്‍ ഈ മുഴ കീറി അതിലെ പഴുപ്പും രക്തവും ഒഴുക്കിക്കളയാന്‍ ശ്രമിച്ചു. ചില ഔഷധച്ചെടികളും മനുഷ്യവിസര്‍ജ്യവും കലര്‍ന്ന മിശ്രിതം ഇതില്‍ പുരട്ടാനുള്ള ലേപനമായി ഉപയോഗിച്ചു. നാട്ടില്‍പുറങ്ങളിലെ ശുദ്ധമായു ശ്വസിക്കുന്നത് ഉത്തമമാണെന്ന് ഒരു കൂട്ടര്‍ വിശ്വസിച്ചപ്പോള്‍ വൃത്തികെട്ട വായു ശ്വസിക്കുന്നത് തങ്ങളെ രക്ഷിക്കുമെന്ന് കരുതി പലരും ഇതിനായി കക്കൂസുകളെ ആശ്രയിച്ചു. പ്ലേഗ് ബാധിതരല്ലാത്തവരുടെ മൂത്രം കുടിക്കുന്നത് അക്കാലത്ത് പ്രചാരത്തിലിരുന്ന മറ്റൊരു ചികിത്സാ രീതിയായിരുന്നു. ഇത്തരത്തിലുള്ള മൂത്രം ശേഖരിക്കുന്നത് ഒരു കുടില്‍ വ്യവസായമായി വളര്‍ന്നു. ഇതില്‍ താല്പര്യമില്ലാത്ത ധനികര്‍ ഇന്ദ്രനീലക്കല്ല് പൊടിച്ച് കഴിക്കുന്നത് തുല്യഫലം തരുമെന്ന വിശ്വസിച്ചു. തീ കൊണ്ട് പ്ലേഗിന്റെ മുഴകള്‍ കരിച്ച് കളയുന്നതും ഇക്കാലത്ത് ചെയ്തു വന്നതായോ കാണാം.

രോഗത്തില്‍ നിന്ന് രക്ഷപ്പെടാനായി മറ്റൊരു കൂട്ടര്‍ തീര്‍ത്ഥാടകരായി യൂറോപ്പിലേ വിശുദ്ധ ദേശങ്ങളിലേക്കും യാത്ര ചെയ്തു. അവരില്‍ ചിലര്‍ നഗ്‌നരും, മറുചിലര്‍ വെളുത്ത നീണ്ടകുപ്പായം കൊണ്ട് ശരീരം മൂടിയവരും ആയിരുന്നു. ഇവര്‍ ചാട്ടകൊണ്ട് സ്വയം പീഡിപ്പിച്ചു രക്തം ഒലിപ്പിച്ച് കൊണ്ട് തെരുവുകളില്‍ നിന്ന് തങ്ങളുടെ പാപശാന്തിക്കായി ദൈവത്തോട് പ്രാര്‍ഥിച്ചു. മനുഷ്യര്‍ ഇങ്ങനെ സ്വയം പീഡിപ്പിക്കുന്നത് കണ്ടു അലിവു തോന്നി ദൈവം പ്ലേഗ് മഹാമാരി അവസാനിപ്പിക്കും എന്നായിരുന്നു ഇവരുടെ വിശ്വാസം. കാലക്രമേണ ഇവര്‍ തന്നെ പ്ലേഗ് പോലെ മറ്റൊരു ശല്യക്കാരായി മാറി. നശീകരണ പ്രവണതയോടെ കൊള്ളയും തീവെപ്പും ബലാല്‍സംഗം നടത്തി ഇവര്‍ യൂറോപ്പിലെ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ചു. അവസാനം അന്നത്തെ പോപ്പ് ആയിരുന്ന ക്ലമന്റ് ആറാമന്‍ ഇത് ദൈവനിഷേധം ആയി പ്രഖ്യാപിച്ച് ഇവരെ മതത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇത് രോഗം പുതിയ ഇടങ്ങളിലേക്ക് പരത്താന്‍ മാത്രമേ ഉപകരിച്ചുള്ളൂ. യൂറോപ്പിലെ ജൂതന്മാരുടെ രഹസ്യസംഘം തങ്ങളുടെ നാട്ടിലെ കിണറുകളില്‍ വിഷം കലക്കിയതിന്റെ ഫലമായിട്ടാണ് പ്ലേഗ് രോഗം ഉണ്ടാകുന്നതെന്ന് വിശ്വസിച്ചു കൊണ്ട് സാധാരണക്കാര്‍ ഇവരെ സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ആരംഭിച്ചു. യൂറോപ്പിലെ പല പട്ടണങ്ങളിലും അവരെ കൂട്ടമായി അഗ്‌നിക്കിരയാക്കി. ഈ കാലത്തും പാരീസിലെ മാര്‍സെ എന്ന പട്ടണവും പോളണ്ടും ജൂതന്മാരെ സംരക്ഷിച്ചു.

ഫ്രാന്‍സിലെ ഫിലിപ്പ് നാലാമന്‍ രാജാവ് യുണിവേഴ്‌സിറ്റി പാരീസിലെ ഒരു കൂട്ടം പണ്ഡിതരോട് ഈ രോഗത്തെ പഠിക്കാനും കാരണങ്ങള്‍ കണ്ടെത്താനും ആവശ്യപ്പെട്ടു. ശനി (Saturn), ചൊവ്വ (Mars), വ്യാഴം (Jupiter) തുടങ്ങിയ ഗ്രഹങ്ങള്‍ 1345 മാര്‍ച്ച് 20ന് ഉച്ചക്ക് ഒരു മണിക്ക് നേര്‍വരയില്‍ സംഗമിച്ചത് മൂലമുണ്ടായ ചില വാതകങ്ങള്‍ ആണ് രോഗകാരണം എന്ന് അവര്‍ കണ്ടെത്തി. പരിഭ്രാന്തരായ ജനങ്ങള്‍ തങ്ങളുടെ നാട്ടില്‍ പുതിയതായി എത്തിയ വ്യക്തിയാണ് രോഗം പരത്തുന്നത് എന്ന് ആരോപിച്ചു കൊണ്ട് അവിടെ കണ്ടെത്തിയ യാചകനെയോ, അല്ലെങ്കില്‍ തീര്‍ത്ഥാടകരെയോ ആക്രമിക്കുന്നത് വളരെ സാധാരണമായിരുന്നു. കുഷ്ഠരോഗികള്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത് അവരുടെ വ്രണങ്ങളില്‍ നിന്നും ഒഴുകിവരുന്ന പഴുപ്പ് പ്‌ളേഗ് രോഗത്തിന് കാരണമാകാം എന്ന് വിശ്വസിച്ചു കൊണ്ടായിരുന്നു. മറ്റ് കുറേപ്പേര്‍ ജൂതന്മാരെയും ജിപ്‌സികളെയും മറ്റു വിദേശികളെയും ഇവര്‍ രോഗവാഹകര്‍ ആണെന്ന് കരുതി ആക്രമിച്ചിരുന്നു. കിണറുകളിലെ വെള്ളത്തില്‍ വിഷം കലര്‍ത്തിക്കൊണ്ട് ഫ്രാന്‍സിലും ജര്‍മ്മനിയിലും ജൂതന്മാരാണ് പ്ലേഗ് പരത്തുന്നതെന്ന് കരുതി അവരെ ആക്രമിക്കുകയും ഏകദേശം രണ്ടായിരത്തോളം ജൂതന്മാര്‍ സ്ട്രാസ്ബര്‍ഗില്‍(1492) ഇങ്ങനെ കൊല്ലപ്പെടുകയും ഉണ്ടായി.

തവളകളേയും തേരട്ടകളെയും ഈ മുറിവില്‍ പതിച്ചു വയ്ക്കുന്നത് മറ്റൊരു ചികിത്സാരീതി ആയിരുന്നു. ഞരമ്പ് മുറിച്ചു രക്തം ഒഴുക്കിക്കളയല്‍ സാധാരണയായി ചെയ്തിരുന്നു. രോഗിയുടെ ദേഹം മുഴുവന്‍ അവന്‍ മെര്‍ക്കുറി പുരട്ടിയശേഷം അയാളെ ഒരു ഓവനില്‍ വച്ച് ചൂടാക്കുന്നത് മറ്റൊരു ചികിത്സാരീതി ആയിരുന്നു. ഇത് തീര്‍ച്ചയായും മരണ കാരണമാകുമെന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. വയറിളക്കാനുള്ള മരുന്നുകള്‍ നല്‍കി വയറ് ശുദ്ധീകരിക്കുന്നതും ചികിത്സയുടെ ഭാഗമായിരുന്നു.

പല പട്ടണങ്ങളിലും ഏറ്റവും നല്ല ശമ്പളം കൊടുത്തു കൊണ്ട് ദുര്‍ലഭമായ ഡോക്ടര്‍മാരെ ചികിത്സക്കായി നിയമിച്ചു. 1348 ഒര്‍വീറ്റോ (orvieto) എന്ന ഇറ്റാലിയന്‍ പട്ടണത്തില്‍ അക്കാലത്ത് സാധാരണ ഡോക്ടര്‍മാരുടെ ശമ്പളത്തിന്റെ നാലിരട്ടി തുകയായ 200 ഫ്‌ലോറിന്‍സ് നല്‍കിയാണു അവര്‍ ഒരു ഡോക്ടറെ കണ്ടെത്തിയത്. പ്‌ളേഗ് രോഗികളെ ചികിത്സിക്കുന്നത് കൂടാതെ മരണം സ്ഥിരീകരിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, മരണക്കിടക്കയില്‍ ഉള്ള ആളുകളുടെ വില്‍പ്പത്രം ഉണ്ടാക്കല്‍ എന്നിവയ്ക്കും ഈ ഡോക്ടര്‍മാര്‍ പണം ഈടാക്കിയിരുന്നു. സ്വന്തം സുരക്ഷിതത്വത്തിന് വേണ്ടി കുടുംബാംഗങ്ങളെ ഉപേക്ഷിച്ച് പോകുന്നവരെ ഉപദേശിക്കുന്നതും ഇവരുടെ ജോലിയായിരുന്നു.

ചില പ്ലേഗ് ചികിത്സകര്‍ ബാര്‍ബര്‍മാരോ രോഗചികിത്സയ്ക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടില്ലാത്തവരോ ആയിരുന്നു. പക്ഷേ, അതൊന്നും അവരെ രോഗികളെ ചികിത്സിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചില്ല. ദേഹത്ത് പഴുപ്പ് കെട്ടി ഉണ്ടാകുന്ന മുഴകള്‍ കീറി പഴുപ്പ് നീക്കിക്കളഞ്ഞു മരുന്ന് വെച്ച് കെട്ടണം എന്നുള്ള കാര്യത്തില്‍ എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് തിളക്കുന്ന എണ്ണ ഇതിനകത്തേക്ക് കോരിയൊഴിച്ച് മുറിവ് കരിക്കാന്‍ ശ്രമിച്ചിരുന്നു. പലപ്പോഴും ഇത് രോഗിയുടെ മരണത്തില്‍ കലാശിച്ചിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. തവളകളേയും തേരട്ടകളെയും ഈ മുറിവില്‍ പതിച്ചു വയ്ക്കുന്നത് മറ്റൊരു ചികിത്സാരീതി ആയിരുന്നു. ഞരമ്പ് മുറിച്ചു രക്തം ഒഴുക്കിക്കളയല്‍ സാധാരണയായി ചെയ്തിരുന്നു. രോഗിയുടെ ദേഹം മുഴുവന്‍ അവന്‍ മെര്‍ക്കുറി പുരട്ടിയശേഷം അയാളെ ഒരു ഓവനില്‍ വച്ച് ചൂടാക്കുന്നത് മറ്റൊരു ചികിത്സാരീതി ആയിരുന്നു. ഇത് തീര്‍ച്ചയായും മരണ കാരണമാകുമെന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. വയറിളക്കാനുള്ള മരുന്നുകള്‍ നല്‍കി വയറ് ശുദ്ധീകരിക്കുന്നതും ചികിത്സയുടെ ഭാഗമായിരുന്നു.

എല്ലാ ചികിത്സകളും ഇത്രയും ക്രൂരമായിരുന്നില്ല. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രവാചകനായ നോസ്ട്രഡാമസ് പ്ലേഗ് ഡോക്ടറായി ജോലി ചെയ്തിരുന്ന ആളാണ്. അദ്ദേഹം ഇത്തരം ചികിത്സാ രീതികളില്‍ വിശ്വസിച്ചിരുന്നില്ല; പകരം ശുദ്ധവായു, വൃത്തിയുള്ള വെള്ളം, റോസാച്ചെടിയുടെ കായ (Rose hips) യില്‍ നിന്നുണ്ടാക്കിയ ജൂസ് എന്നിവ രോഗിക്കു നല്‍കാനാണ് ഉപദേശിച്ചത്. രോഗികളുടെ ശവം കഴിയുന്നത്ര വേഗം ആള്‍പ്പാര്‍പ്പുളള സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന് അദ്ദേഹം ഉപദേശിച്ചു. ആല്‍ക്കമിസ്റ്റ് ആയ പാരസെല്‍ഷ്യസ് (Paracelsus) ഒരു പ്ലേഗ് ഡോക്ടറായി പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം സ്റ്റെര്‍സിങ് (sterzing) എന്ന പട്ടണത്തില്‍, രോഗിയുടെ അല്‍പം വിസര്‍ജ്യവും റൊട്ടിയും ചേര്‍ത്തുണ്ടാക്കിയ ചെറിയ ഗുളികകള്‍ നല്‍കിക്കൊണ്ട് ധാരാളം പേരെ ചികിത്സിച്ചു രോഗം ഭേദമാക്കിയതിന് രേഖകളുണ്ട്! 14-15 നൂറ്റാണ്ടുകളിലെ മറ്റൊരു ചികിത്സയായിരുന്നു തെറിയാക് (Theriac). അണലിയുടെ ശരീര ഭാഗങ്ങള്‍, ഓപ്പിയം, തേന്‍, വൈന്‍, കറുകപ്പട്ട തുടങ്ങിയ എഴുപതോളം വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ 'മരുന്ന്' പ്ലേഗ് ചികിത്സക്കായി കുടിക്കാനും പുരട്ടാനും നല്‍കിയിരുന്നു.

പതിനാലാം നൂറ്റാണ്ടിലുണ്ടായ പ്‌ളേഗ് മഹാമാരിയാണ് ലോകം ഇന്നുവരെ രേഖപ്പെടുത്തിയിട്ടുള്ളവയുടെ കൂട്ടത്തില്‍ ഇതില്‍ ഏറ്റവും ദുരിതം വിതച്ചത്. ഇതിന്റെ കാരണം വ്യക്തമല്ലെങ്കിലും ഒരു പക്ഷേ ഏബോള, ആന്ത്രാക്‌സ് എന്നീ മഹാമാരികളും പ്ലേഗിനോടൊപ്പം പടര്‍ന്ന് പിടിച്ചതായിരിക്കാം ഇതിന് കാരണം എന്ന് കരുതപ്പടുന്നു. മൂന്ന് നൂറ്റാണ്ടുകളോളം നീണ്ടു നിന്ന ഈ വിളയാട്ടം ഒരിക്കലും പൂര്‍ണമായി ശമിച്ചില്ല. പതിനേഴാം നൂറ്റാണ്ടില്‍ പോലും ചിലയിടങ്ങളില്‍ രോഗം പൊട്ടിപ്പുറപ്പെട്ടു. പോര്‍ച്ചുഗല്‍, നോര്‍വേ, പോളണ്ട്, റഷ്യ അങ്ങനെ യൂറോപ്പ് മുഴുവന്‍ രോഗം കാട്ടുതീ പോലെ പരന്നു. അതില്‍ ഫ്രാന്‍സിനും ഇറ്റലിക്കും ഒരു മില്യനോളം ജനങ്ങളെ നഷ്ടപ്പെട്ടു. 1665ല്‍ ലണ്ടനില്‍ ഉണ്ടായ പ്ലേഗ് മൂലം ഒരു ലക്ഷത്തോളം ആളുകള്‍ മരിച്ചു. ഇത് ആ നാട്ടിലെ ജനസംഖ്യയുടെ നാലിലൊന്ന് ആയിരുന്നു.

എന്തുകൊണ്ട് ഈ രോഗം ഉണ്ടാകുന്നു, ഇതെങ്ങനെ ചികിത്സിക്കണം, പ്ലേഗിനെ എങ്ങനെ തടയാം എന്നതിനെപ്പറ്റി ആര്‍ക്കും ഒരു അറിവും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസം ലഭിച്ച ഡോക്ടര്‍മാര്‍ പോലും നിസ്സഹായരായി കൈമലര്‍ത്തി. ഇതുമൂലം ധാരാളം പേര്‍ ഭക്തിയിലേക്ക് തിരിഞ്ഞു. ക്രിസ്തുമത വിശ്വാസ പ്രകാരം പ്ലേഗ് രോഗിയുടെ പാപങ്ങളുടെ ഫലമായിട്ടോ ചെകുത്താന്‍ ബാധമൂലമോ അതല്ലെങ്കില്‍ മന്ത്രവാദം മൂലമോ ആണ് സംഭവിക്കുന്നത്. പ്രാര്‍ഥന, പിഴയൊടുക്കല്‍, ഏതെങ്കിലും ഒരു പുണ്യാളന്റെ ഇടപെടലിന് വേണ്ടി പ്രാര്‍ഥിക്കല്‍, അതുമല്ലെങ്കില്‍ ദൈവത്തിന് കാരുണ്യത്തിനായി സമര്‍പ്പിക്കല്‍ എന്നതില്‍ കൂടുതലായി മതത്തിനും ഒന്നും നിര്‍ദേശിക്കാന്‍ ഉണ്ടായിരുന്നില്ല. ഏതൊരു മഹാമാരിയുടെ കാലത്തും സംഭവിക്കുന്നതു പോലെ വിഷാദവും തല്‍ഫലമായ അസാധാരണമായ പെരുമാറ്റങ്ങളും സാധാരണ കാഴ്ചയായിരുന്നു -ഏകദേശം 30 മില്യന്‍ ആളുകള്‍ പ്‌ളേഗ് മൂലം മരണപ്പെട്ടിട്ട് ഉണ്ടാകുമെന്ന് കണക്കാക്കിയിരിക്കുന്നു; 1353-ല്‍ ഈ മഹാമാരി 'അവസാനിച്ച'തായി പ്രഖ്യാപിക്കപ്പെട്ടു.

1450ല്‍ ബീയര്‍ ഉണ്ടാക്കുന്ന വ്യവസായം സ്ത്രീകളുടെ കയ്യിലായിരുന്നു. നഗരങ്ങളിലെ കച്ചവടത്തിന്റെ കുത്തക കൈക്കലാക്കിയിരുന്ന വ്യാപാരികളുടെ സംഘടനകള്‍ ഇക്കാലത്ത് അപ്രത്യക്ഷമായി. സംരംഭകരുടെ ഇടയിലും സാധാരണ ജനങ്ങളുടെ ഇടയിലും സ്വാതന്ത്ര്യത്തിന്റെയും ഒരു മാറ്റത്തിന്റെയും കാറ്റ് വീശിത്തുടങ്ങി.

ഈ മഹാമാരിക്കിടയിലും ചില പ്രദേശങ്ങളില്‍ രോഗവ്യാപനം വിജയകരമായി തടയാന്‍ സാധിച്ചു. മാലിന്യ നിര്‍മാര്‍ജനം ഫലപ്രദമായ രീതിയില്‍ നടപ്പാക്കിയ നഗരങ്ങളിലാണ് ഇത് സാധിച്ചത്. ഇതുമൂലം നഗര ശുചീകരണവും രോഗവ്യാപനവും തമ്മില്‍ കടുത്ത ബന്ധമുണ്ടെന്ന് അന്ന് പലരും സംശയിച്ചിരുന്നു. മാലിന്യം നഗര ഹൃദയത്തില്‍ നിന്നും തെരുവുകളില്‍ നിന്നും നീക്കം ചെയ്യുന്നതും, കല്ലുപാകിയ നടവഴികള്‍ വെള്ളമൊഴിച്ച് കഴുകുന്നതും വലിയ പട്ടണങ്ങളില്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങിയത് ഇക്കാലത്താണ്. മിലാനിലും പാരീസിലും വളരെ വ്യാപകമായ അഴുക്കുചാലുകളുടെ ശൃംഖല നിര്‍മിക്കപ്പെട്ടു.

പ്‌ളേഗ് നടമാടിയ കാലത്തെ സാമൂഹിക വ്യവസ്ഥക്ക് തകര്‍ച്ച സംഭവിച്ചു. കൃഷിപ്പണിക്കും മറ്റും ആവശ്യമായ ആളുകളുടെ കുറവ് നിമിത്തം ജോലി ചെയ്യാന്‍ ആരോഗ്യമുള്ളവര്‍ക്ക് നല്ല വേതനം ലഭിച്ചു. അങ്ങനെ ഇവരുടെ ജീവിതനിലവാരം മെച്ചപ്പെട്ടു. ദയനീയുമായ സാഹചര്യങ്ങളില്‍ അതില്‍ ജീവിച്ചിരുന്ന പലരും നഗരങ്ങളിലേക്ക് മാന്യമായ ജീവിതസാഹചര്യങ്ങളും ജോലിയും തേടി യാത്ര ചെയ്തു. സ്ത്രീകളുടെ അവസ്ഥയും മെച്ചപ്പെട്ടു. പുരുഷന്മാര്‍ ചെയ്തിരുന്ന ചില ജോലികള്‍ എങ്കിലും അവര്‍ക്ക് ലഭിക്കുകയും ഇത് അവരുടെ ജീവിതനിലവാരം മെച്ചപെടുത്തുകയും ചെയ്തു. 1450ല്‍ ബീയര്‍ ഉണ്ടാക്കുന്ന വ്യവസായം സ്ത്രീകളുടെ കയ്യിലായിരുന്നു. നഗരങ്ങളിലെ കച്ചവടത്തിന്റെ കുത്തക കൈക്കലാക്കിയിരുന്ന വ്യാപാരികളുടെ സംഘടനകള്‍ ഇക്കാലത്ത് അപ്രത്യക്ഷമായി. സംരംഭകരുടെ ഇടയിലും സാധാരണ ജനങ്ങളുടെ ഇടയിലും സ്വാതന്ത്ര്യത്തിന്റെയും ഒരു മാറ്റത്തിന്റെയും കാറ്റ് വീശിത്തുടങ്ങി. ജീവിതത്തെയും മരണത്തെയും പുതിയ രീതിയില്‍ നോക്കിക്കാണാന്‍ തുടങ്ങിയതോടെ സാഹിത്യവും സംഗീതവും പുതിയ വഴികളിലൂടെ സഞ്ചരിച്ചു. പോര്‍ച്ചുഗലില്‍ നിന്നും പുറപ്പെട്ട കൊളംബസ് കേപ് ഓഫ് ഗുഡ് ഹോപ്പ് കണ്ടെത്തിയത് ഈ കാലത്താണ്.

ലോകസാഹിത്യത്തിലെ ഈ മഹാമാരിയെപ്പറ്റിയുള്ള അറിയപ്പെടുന്ന കൃതികളായ ജിയോവാനി ബൊക്കാച്ചിയോയുടെ, ദി ഡെകാമെറോണ്‍, ആല്‍ബര്‍ട്ട് കാമുവിന്റെ ദി പ്ലേഗ് എന്നിവ ഈ രംഗത്തെ ക്ലാസ്സിക്കുകളാണ്. ദി ഗോസ്റ്റ് മാപ്പ് (സ്റ്റീവന്‍ ജോണ്‍സണ്‍), ജേര്‍ണല്‍ ഒഫ് പ്ലേഗ് ഇയര്‍ (ഡാനിയല്‍ ഡെഫോ), ദി മാസ്‌ക് ഓഫ് റെഡ് ഡെത്ത് (എഡ്ഗര്‍ അല്ലന്‍ പോ), പ്ലേഗ് റ്റെയില്‍സ് (ആന്‍ ബെന്‍സണ്‍), ഇന്‍ ദി വേക്ക് ഒഫ് ദി പ്ലേഗ് (നോര്‍മന്‍ കാന്റര്‍) തുടങ്ങിയവയാണ് പ്രസിദ്ധമായ മറ്റ് കൃതികള്‍. ഇറ്റലിയിലെ ചിത്രകാരന്മാര്‍ മഹാമാരിക്കാലത്തിന് ശേഷം മാനുഷികതയെക്കാള്‍ മതത്തിന് പ്രാധാന്യം നല്‍കിത്തുടങ്ങി. ഇംഗ്ലണ്ടിലെ തച്ചുശാസ്ത്രം ആഡംബരപൂര്‍ണ്ണമായ ഫ്രഞ്ച് ഗോഥിക് സ്‌റ്റൈലിനെ ഉപേക്ഷിച്ചു കുറേക്കൂടി ലാളിത്യമുള്ളതും ചെലവ് കുറഞ്ഞതുമായ നിര്‍മ്മിതികളിലേക്ക് മാറി. അനുയോജ്യരായ പണിക്കാരെ ലഭിക്കാത്തതു മൂലമോ, നീണ്ട കാലത്തെ സാമ്പത്തിക ഞെരുക്കമോ ആയിരിക്കാം കാരണങ്ങളെങ്കിലും ശൈലീ മാറ്റം വളരെ പ്രകടമായിരുന്നു.


95 Theses

പ്‌ളേഗ് കാലത്ത് പൗരോഹിത്യ പ്രതിജ്ഞ 25ന് പകരം 20വയസ്സിലേക്ക് മാറി. ഇതിനു വേണ്ട പ്രാഥമിക പാഠങ്ങള്‍ 15 വയസില്‍ തന്നെ തുടങ്ങാന്‍ അനുവാദം നല്‍കപ്പെട്ടു. പോപ്പിനെയും പൗരോഹിത്യത്തിന്റെ അതിക്രമങ്ങളെയും ചോദ്യം ചെയ്യാന്‍ ജര്‍മന്‍ പുരോഹിതനായ മാര്‍ട്ടിന്‍ ലൂതറിനും സംഘത്തിനും ധൈര്യം ലഭിച്ചു. ഇതാണ് 1517 ഒക്ടോബര്‍ 31 വിറ്റന്‍ബര്‍ഗിലെ പള്ളിയുടെ കവാടത്തില്‍ '95 theses'ഒട്ടിച്ചു വെക്കാന്‍ പ്രേരകമായത്. തീയോളജി പ്രൊഫസ്സര്‍ ആയിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കത്തോലിക്കാമതത്തിലെ അഴിമതികളെയും സദാചാരച്യുതികളെയും പറ്റി എഴുതിയുണ്ടാക്കിയ ഒരു ലിസ്റ്റ് ആണ് 95 Theses. ക്രിസ്തുമതത്തില്‍ നിന്ന് പ്രൊട്ടസ്റ്റന്റുകള്‍ വഴി പിരിയുന്നത് ഇതോടെയാണ്. മനുഷ്യഅസ്ഥികള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍-സെല്‍ടെക്കിലെ പള്ളിയില്‍ ചെക്ക് റിപ്പബ്ലിക്കിലെ സേല്‍ടെക് എന്ന ഗ്രാമത്തിലെ ഓള്‍ സെയിന്റ്‌സ് പള്ളിയില്‍ പ്‌ളേഗ് മൂലം മരിച്ച മനുഷ്യരുടെ എല്ലുകള്‍ കൊണ്ടുള്ള കലാസൃഷ്ടികള്‍ കാണാം. ഈയാംപാറ്റകളെപ്പോലെ വീണു മരിച്ച പതിനായിരക്കനണക്കിന് മനുഷ്യരുടെ നിത്യസ്മാരകമാണിത്.


(തുടരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

TAGS :