കുഷ്ഠരോഗവും മറ്റു പകര്‍ച്ച വ്യാധികളും
പതിനൊന്നാം നൂറ്റാണ്ടില്‍ കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ഇവരെ ലപ്രസേറിയ എന്ന പേരിലുള്ള സാനിറ്റോറിയങ്ങളില്‍ താമസിപ്പിച്ചു തുടങ്ങി. രോഗികള്‍ക്ക് ഭക്ഷണം, വസ്ത്രം, താമസസ്ഥലം, ആരാധനയ്ക്കുള്ള സൗകര്യങ്ങള്‍ എന്നിവ ലഭിച്ചു. സമൂഹത്തില്‍ അധഃകൃതരെ പോലെ ജീവിക്കുന്നതിനേക്കാള്‍ പലരും ഇത്തരം ഇടങ്ങളില്‍ താമസിക്കാനാണ് ഇഷ്ടപ്പെട്ടത്. കുഷ്ഠരോഗം മൂലം ഈ ലോകത്തില്‍ ബുദ്ധിമുട്ടുന്നത് കൊണ്ട് തങ്ങളുടെ പാപങ്ങളെല്ലാം കഴുകി കളയപ്പെടും എന്നും അങ്ങനെ പരിശുദ്ധിയോടെ മരണശേഷം സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്നും അവര്‍ വിശ്വസിച്ചു. | DaVelhaMedicina - ഭാഗം: 20
ഹാന്‍സണ്‍സ് ഡിസീസ് എന്നും ലപ്രസി എന്നും വിളിക്കപ്പെടുന്ന ഈ രോഗം പുരാതനകാലം മുതല്‍ നില നിന്നിരുന്നതായി ചരിത്രം പറയുന്നു. മനുഷ്യര്‍ ഭയത്തോടെ കണ്ടിരുന്ന രോഗമായിരുന്നു കുഷ്ഠം. അത് സൃഷ്ടിക്കുന്ന വൈകൃതവും സമുദായഭൃഷ്ടും ഏകാന്തതയും ആയിരുന്നു ഇതിന് കാരണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും രോഗിയില്‍ നിന്ന് വായുവിലേക്ക് പകരുന്ന കണങ്ങളില്‍ നിന്നാണ് രോഗം പകരുന്നത്. വളരെ സാവധാനത്തില്‍ പകരുന്ന ഈ രോഗം അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. പ്രധാനമായും രോഗം ബാധിക്കുന്നത് മൂക്കിനെയും മുഖത്തെ പ്രധാന അസ്ഥിയായ മാക്‌സില്ലയേയും ആണ്. ഞരമ്പുകളെ ബാധിക്കുന്ന രോഗം കാലക്രമേണ സ്പര്‍ശനശേഷി നശിപ്പിക്കുന്നു. കൈയിലെയും കാലിലെയും വിരലുകളിലെ തൊലി ചുരുങ്ങുകയും എല്ലുകള്‍ക്ക് നീളം കുറയുകയും ചെയ്യുന്നു, പക്ഷേ നഖത്തിന് കേടൊന്നും സംഭവിക്കുന്നതായി കാണുന്നില്ല. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയെ ഇത് ബാധിക്കുമെങ്കിലും ഇതുമൂലം മരണം സംഭവിക്കുന്നില്ല. മധ്യകാലത്ത് സോറിയാസിസ്, എക്‌സിമ, വസൂരി തുടങ്ങിയ രോഗങ്ങള്‍ പോലും പ്ലേഗ് (മഹാമാരി) എന്ന പൊതുനാമത്തില്‍ അറിയപ്പെട്ടിരുന്നു.
കുഷ്ഠരോഗം മൂലം ഈ ലോകത്തില്‍ ബുദ്ധിമുട്ടുന്നത് കൊണ്ട് തങ്ങളുടെ പാപങ്ങളെല്ലാം കഴുകി കളയപ്പെടും എന്നും അങ്ങനെ പരിശുദ്ധിയോടെ മരണശേഷം സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്നും അവര്‍ വിശ്വസിച്ചു. സമൂഹത്തില്‍ ഉന്നത ശ്രേണിയിലുള്ളവരും ധനികരും ദാനം ചെയ്യുന്ന പണം കൊണ്ട് നടത്തപ്പെടുന്നവയായിരുന്നു ഈ സ്ഥാപനങ്ങള്‍. ഇവരുടെ ദാനത്തിന്റെ ഫലം അനുഭവിക്കുന്നവര്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് മൂലം അവരുടെ പാപങ്ങള്‍ ഇല്ലാതാകുമെന്നും തന്മൂലം അവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്നും വിശ്വസിച്ചിരുന്നത് കൊണ്ട് കുറേപ്പേര്‍ ഇതിനായി മുന്നോട്ട് വന്നു.
ക്രിസ്തുവിന്റെ കാലം മുതല്‍ വ്യാപകമായിരുന്ന ഈ രോഗം ദൈവശാപവും അസാന്മാര്‍ഗിക ജീവിതത്തിന്റെ അനന്തര ഫലവുമായി കരുതപ്പെട്ടു. അലക്‌സാണ്ടറിന്റെ പടയോട്ടക്കാലത്ത് ഇന്ത്യയില്‍ നിന്നും മടങ്ങിയെത്തിയ സൈന്യം ഇത് യൂറോപ്പിലേക്ക് എത്തിക്കുകയും അവിടെ നിന്ന് റോമന്‍ സമ്രാജ്യം മുഴുവന്‍ പടരുകയും ചെയ്തു എന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാര്‍ പറയുന്നത്. മദ്ധ്യകാലത്ത് യൂറോപ്പില്‍ ധാരാളം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അംഗഭംഗവും ശാരീരിക വൈകൃതവും സൃഷ്ടിക്കുന്ന രോഗമായത് നിമിത്തം കുഷ്ഠരോഗികള്‍ സമൂഹത്തില്‍ വെറുക്കപ്പെട്ടവര്‍ ആയിരുന്നു. രോഗം പകരുമോ എന്നുള്ള ഭയം മൂലവും പേടിപ്പെടുത്തുന്ന രീതിയിലുള്ള വൈകൃതം മൂലവും ഇവരെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു.
പതിനൊന്നാം നൂറ്റാണ്ടില്‍ കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ഇവരെ ലപ്രസേറിയ എന്ന പേരിലുള്ള സാനിറ്റോറിയങ്ങളില്‍ താമസിപ്പിച്ചു തുടങ്ങി. രോഗികള്‍ക്ക് ഭക്ഷണം, വസ്ത്രം, താമസസ്ഥലം, ആരാധനയ്ക്കുള്ള സൗകര്യങ്ങള്‍ എന്നിവ ലഭിച്ചു. സമൂഹത്തില്‍ അധഃകൃതരെ പോലെ ജീവിക്കുന്നതിനേക്കാള്‍ പലരും ഇത്തരം ഇടങ്ങളില്‍ താമസിക്കാനാണ് ഇഷ്ടപ്പെട്ടത്. കുഷ്ഠരോഗം മൂലം ഈ ലോകത്തില്‍ ബുദ്ധിമുട്ടുന്നത് കൊണ്ട് തങ്ങളുടെ പാപങ്ങളെല്ലാം കഴുകി കളയപ്പെടും എന്നും അങ്ങനെ പരിശുദ്ധിയോടെ മരണശേഷം സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്നും അവര്‍ വിശ്വസിച്ചു. സമൂഹത്തില്‍ ഉന്നത ശ്രേണിയിലുള്ളവരും ധനികരും ദാനം ചെയ്യുന്ന പണം കൊണ്ട് നടത്തപ്പെടുന്നവയായിരുന്നു ഈ സ്ഥാപനങ്ങള്‍. ഇവരുടെ ദാനത്തിന്റെ ഫലം അനുഭവിക്കുന്നവര്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് മൂലം അവരുടെ പാപങ്ങള്‍ ഇല്ലാതാകുമെന്നും തന്മൂലം അവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്നും വിശ്വസിച്ചിരുന്നത് കൊണ്ട് കുറേപ്പേര്‍ ഇതിനായി മുന്നോട്ട് വന്നു.
പതിനാലാം നൂറ്റാണ്ടുവരെ ഏകദേശം ജനസംഖ്യയുടെ ഒരു ശതമാനം ആളുകള്‍ കുഷ്ഠ രോഗികളായിരുന്നു. പക്ഷേ, അതിനുശേഷം ഈ രോഗം യൂറോപ്യന്‍ സമൂഹത്തില്‍ നിന്നും ക്രമേണ അപ്രത്യക്ഷമായി. ഒരു പക്ഷേ അക്കാലത്ത് സംഹാര താണ്ഡവമാടിയ പ്ലേഗ് മൂലം രോഗികളെല്ലാം കൊല്ലപ്പെട്ടത് മൂലമായിരിക്കാം രോഗം സമൂഹത്തില്‍ നിന്നും പൂര്‍ണമായി ഇല്ലാതായത് എന്ന് കരുതപ്പെടുന്നു.
1179ല്‍ റോമിലെ ലാറ്ററന്‍ കൗണ്‍സില്‍ കുഷ്ഠരോഗികളെ പൊതുസമൂഹത്തില്‍ നിന്നും മാറ്റി താമസിപ്പിക്കണമെന്ന് നിയമം ഉണ്ടാക്കി. അവര്‍ വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ നീളമുള്ള തല മറക്കുന്ന വസ്ത്രം ധരിക്കണമെന്നും വിരലുകള്‍ കൈയുറകള്‍ കൊണ്ട് എപ്പോഴും മൂടിയിരിക്കണമെന്നും മാസ്‌ക് ധരിച്ചിരിക്കണമെന്നും നിയമത്തില്‍ പറയുന്നു. രോഗികളെല്ലാം തന്നെ ഒരു മണി കൈവശം വയ്ക്കണമെന്നും ആരെങ്കിലും അവരുടെ അടുത്തേക്ക് വരികയാണെങ്കില്‍ മണിയടിച്ചു അപായ സൂചന നല്‍കണമെന്ന് നിയമമുണ്ടായിരുന്നു. അക്കാലത്ത് ചിലയിടങ്ങളില്‍ കുഷ്ഠരോഗിയെ കുഴിയിലേക്ക് ഇറക്കി നിര്‍ത്തി വൈദികന്‍ അയാളുടെ തലയിലേക്ക് മണ്ണ് കോരിയിട്ടിരുന്നു; ഇത്തരത്തില്‍ മരിക്കുന്ന വ്യക്തി ലോകത്തിനു മുന്‍പില്‍ മരിച്ചവന്‍ ആണെങ്കിലും ക്രിസ്തുവിനു മുന്നില്‍ ജീവിച്ചിരിക്കുന്നവന്‍ ആണെന്നാണ് പ്രചരിപ്പിച്ചിരുന്നത്. ഇതിനുശേഷം ഇയാളുടെ ഉടമസ്ഥതയില്‍ ഉള്ള സാധനങ്ങള്‍ അവകാശികള്‍ക്ക് കൈമാറ്റം ചെയ്തിരുന്നു.
രോഗികള്‍ കൂട്ടമായി താമസിക്കുന്ന വീടുകള്‍ സാധാരണ മനുഷ്യവാസമുളള ഇടങ്ങള്‍ക്ക് പുറത്തായിരുന്നു. ഇവരില്‍ കുറെ പേര്‍ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ഭക്ഷണം എത്തിക്കും. മറ്റു ചിലര്‍ക്ക് തങ്ങളുടെ ഭക്ഷണം സ്വയം കണ്ടെത്തേണ്ടതുണ്ടായിരുന്നു. കുഷ്ഠരോഗികളെ ജീവനോടെ തീകൊളുത്തി ഒഴിവാക്കിയ സംഭവങ്ങളും ചരിത്രത്തിലുണ്ട്. മധ്യകാലത്തെ ഇംഗ്ലണ്ടിലെ പല ഇടവകകളിലും രോഗികള്‍ക്ക് ദൂരെ നിന്ന് പള്ളികളിലെ ആരാധനയില്‍ പങ്കുകൊള്ളാനും വിശുദ്ധ കുര്‍ബാന കൈക്കൊള്ളാനും കഴിയുമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ ചില ക്രിസ്തീയ സഭകള്‍ ചികിത്സയ്ക്കു മുമ്പ് രോഗികള്‍ പാപപരിഹാരം ചെയ്യേണ്ടതുണ്ടെന്നും അതുകൂടാതെ നടത്തുന്ന ചികിത്സകൊണ്ട് രോഗം ഭേദമാകുകയില്ല എന്നും സാധാരണ ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നു. യൂറോപ്പില്‍ പലയിടത്തും കുഷ്ഠരോഗികള്‍ പീഡനം നേരിടുകയോ കൊല്ലപ്പെടുകയോ ചെയ്തിരുന്നു.
1898ല്‍ കുഷ്ഠരോഗം ഉള്ളവര്‍ പൊതുസമൂഹത്തില്‍ നിന്ന് മാറി താമസിക്കണമെന്ന് ഇന്ത്യയില്‍ നിയമമുണ്ടാക്കി. ജപ്പാനിലും ഇത് പോലെ ഒരു നിയമമുണ്ടായിരുന്നു. ഈ രോഗമുള്ളവരെ നിര്‍ബന്ധിതമായും ഒരു സാനറ്റോറ്റിയത്തില്‍ താമസിപ്പിച്ചിരുന്നു. സമൂഹത്തിലെ ഭൃഷ്ട് കാരണം പലരും രേഖകളില്‍ നിന്ന് ഈ ബന്ധുക്കളുടെ പേരുകള്‍ നീക്കം ചെയ്തു. 90 വര്‍ഷത്തോളം നിലനിന്ന ഈ നിയമം പിന്നീട് റദ്ദാക്കുകയായിരുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ The order of Saint Lazarus എന്ന സന്യാസി സഭ കുഷ്ഠ രോഗികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക താമസസ്ഥലങ്ങള്‍ ആരംഭിച്ചു. ഇവിടെ തീത്ഥാടകരായ പൂര്‍ണ്ണ ആരോഗ്യം ഉള്ള ആളുകള്‍ രോഗികളെ പരിചരിച്ചു വന്നു. പില്‍ക്കാലത്ത് കുഷ്ഠരോഗ ബാധിതരായ യോദ്ധാക്കളും പട്ടാളക്കാരും ഇതോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും കുരിശുയുദ്ധങ്ങളില്‍ പങ്കെടുത്തു മരണം വരിക്കുകയും ചെയ്തു. ഇത്തരത്തില്‍ മരണം വരിക്കുന്നവര്‍ക്ക് സ്വര്‍ഗാരോഹണം എളുപ്പം ആയിരിക്കുമെന്ന വിശ്വാസമായിരുന്നു ഇതിന് കാരണം. മധ്യകാലത്ത് ഇംഗ്ലണ്ടില്‍ ഏകദേശം 320 ലപ്രസേറിയകള്‍ ഉണ്ടായിരുന്നു. പതിനാലാം നൂറ്റാണ്ടുവരെ ഏകദേശം ജനസംഖ്യയുടെ ഒരു ശതമാനം ആളുകള്‍ കുഷ്ഠ രോഗികളായിരുന്നു. പക്ഷേ, അതിനുശേഷം ഈ രോഗം യൂറോപ്യന്‍ സമൂഹത്തില്‍ നിന്നും ക്രമേണ അപ്രത്യക്ഷമായി. ഒരു പക്ഷേ അക്കാലത്ത് സംഹാര താണ്ഡവമാടിയ പ്ലേഗ് മൂലം രോഗികളെല്ലാം കൊല്ലപ്പെട്ടത് മൂലമായിരിക്കാം രോഗം സമൂഹത്തില്‍ നിന്നും പൂര്‍ണമായി ഇല്ലാതായത് എന്ന് കരുതപ്പെടുന്നു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ കുറ്റവാളികളെയും പകര്‍ച്ചവ്യാധി ഉള്ളവരെയും പൊതുസമൂഹത്തില്‍ നിന്നും ഒഴിവാക്കാനായി ആള്‍ താമസമില്ലാത്ത ദ്വീപുകളിലേക്ക് മാറി താമസിപ്പിച്ചിരുന്നു. ഒട്ടും വാസയോഗ്യമല്ലാത്ത ഇത്തരം സ്ഥലങ്ങളില്‍ രോഗികള്‍ സ്വയം ജീവിതായോധനത്തിനുള്ള വഴികള്‍ കണ്ടെത്തുകയാണ് ചെയ്തിരുന്നത്. സൗത്ത് ആഫ്രിക്കയുടെ തെക്കന്‍ തീരത്തുള്ള റോബന്‍ ദ്വീപ് (Robben island), ഗ്രീസിലെ ക്രീറ്റിനടുത്തുള്ള സ്പിനലോംഗ (Spinalonga), ഹവായിയിലെ മൊളോക്കായ് (Molokkai) എന്നീ ദ്വീപുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കപ്പെട്ടവയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ രോഗം ഇംഗ്ലണ്ടില്‍ നിന്നും പൂര്‍ണ്ണമായി തുടച്ചുനീക്കപ്പെട്ടു. എഡ്വാര്‍ഡ് മൂന്നാമന്റെ കാലത്ത് രേഖപ്പെടുത്തപ്പെട്ട vinereal Leprosy യുടെ രോഗലക്ഷണങ്ങള്‍ പരിശോധിക്കുമ്പോള്‍ സെക്കന്ററി സിഫിലിസിന്റെ സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. 1898ല്‍ കുഷ്ഠരോഗം ഉള്ളവര്‍ പൊതുസമൂഹത്തില്‍ നിന്ന് മാറി താമസിക്കണമെന്ന് ഇന്ത്യയില്‍ നിയമമുണ്ടാക്കി. ജപ്പാനിലും ഇത് പോലെ ഒരു നിയമമുണ്ടായിരുന്നു. ഈ രോഗമുള്ളവരെ നിര്‍ബന്ധിതമായും ഒരു സാനറ്റോറ്റിയത്തില്‍ താമസിപ്പിച്ചിരുന്നു. സമൂഹത്തിലെ ഭൃഷ്ട് കാരണം പലരും രേഖകളില്‍ നിന്ന് ഈ ബന്ധുക്കളുടെ പേരുകള്‍ നീക്കം ചെയ്തു. 90 വര്‍ഷത്തോളം നിലനിന്ന ഈ നിയമം പിന്നീട് റദ്ദാക്കുകയായിരുന്നു.
ഫാദര്‍ ഡാമിയന്‍
മധ്യകാലത്തല്ലെങ്കില്‍പ്പോലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം ഹവായി ദ്വീപ്‌സമൂഹങ്ങളിലെ മോളോക്കായി ദ്വീപില്‍ കുഷ്ഠ രോഗികള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഫാദര്‍ ഡാമിയനെ പറ്റി പറയാതെ ഈ രോഗത്തിന്റെ ചരിത്രം പൂര്‍ണ്ണമാകില്ല. തങ്ങളുടേതല്ലാത്ത കുറ്റത്തിന് നാട് കടത്തപ്പെടുകയും അധഃകൃതരായി കണക്കാക്കപ്പെടുകയും ചെയ്ത ഇവരോടൊപ്പം രണ്ട് ദശാബ്ദം ജീവിച്ച ഇദ്ദേഹം അവിടെ ഇവര്‍ക്കായി വീടുകള്‍, റോഡുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍ എന്നിവ നിര്‍മിച്ചു നല്‍കി. രോഗികളെ ചികിത്സിക്കുകയും അവരുടെ വൃണങ്ങള്‍ മരുന്ന്‌വെച്ചു കെട്ടുകയും മരിച്ചവര്‍ക്കു വേണ്ടി ശവപ്പെട്ടികള്‍ ഉണ്ടാക്കി അവരെ മറവു ചെയ്യുകയും ചെയ്തു. അവസാനം കുഷ്ഠരോഗിയായിത്തീര്‍ന്ന ശേഷം തീരെ അവശനിലയിലെത്തുന്നതുവരെ അദ്ദേഹം തന്റെ കര്‍മം തുടര്‍ന്നു. മരണശേഷം പുണ്യവാളനായി പ്രഖ്യാപിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ചരമദിനം ഈ ദ്വീപില്‍ ഇന്നും അവധി ദിവസമാണ്.
സുഡാന്‍, ഇന്തോനേഷ്യ, മഡഗാസ്‌കര്‍ എന്നിവിടങ്ങളില്‍ ഈ രോഗം ഇന്നും കാണാം. 1955ല്‍ കണ്ടെത്തിയ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് കുഷ്ഠരോഗം പൂര്‍ണമായും ചികിത്സിച്ച് മാറ്റാവുന്നതാണ്. ദീര്‍ഘകാലം മരുന്ന് കഴിക്കേണ്ടി വരുമെന്നുള്ള കാര്യത്തില്‍ കാണിക്കുന്ന അശ്രദ്ധയാണ് കുഷ്ഠം ഇന്നും നിലനില്‍ക്കാന്‍ കാരണം.
മറ്റു പല രോഗങ്ങളും മധ്യകാലത്ത് പകര്‍ച്ചവ്യാധിയായി പല നാടുകളില്‍ വ്യാപിച്ചിരുന്നു. അവയില്‍ ഒന്നാണ് സെന്റ് ആന്റണീസ് ഫയര്‍ അഥവാ എര്‍ഗോട്ടിസം. കൈകാലുകള്‍ രക്തസഞ്ചാരം കുറഞ്ഞ ഗാംഗ്രീന്‍ ബാധിച്ച് നഷ്ടപ്പെടുന്നതും മരണത്തില്‍ കലാശിക്കുന്നതുമാണ് ഈ രോഗത്തിന്റെ പ്രധാന സ്വഭാവം: ഗോതമ്പിലും കൂവരകിലും കാണപ്പെടുന്ന Claviceps Pupurea എന്ന ഫംഗസ് പുറപ്പെടുവിക്കുന്ന വിഷം ആണ് ഈ രോഗത്തിന് കാരണമാകുന്നത്. പുതിയ കാലത്ത് ധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനും അത് മാവാക്കി മാറ്റുന്നതിനും മറ്റും പറ്റിയ ആധുനിക രീതികള്‍ മൂലം ഈ രോഗം ലോകത്തു നിന്ന് പൂര്‍ണ്ണമായി തുടച്ചു നീക്കപ്പെട്ടു
ക്രിസ്തുവിന്റെ കാലം മുതല്‍ സിഫിലിസ് രോഗത്തെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ബൈബിളില്‍ ജോബിന് ഇത്തരം ഒരു രോഗം ഉണ്ടായിരുന്നതായി പറയുന്നു. എന്നാല്‍, അമേരിക്കന്‍ ഭൂഖണ്ഡം കണ്ടെത്തിയ ശേഷം മടങ്ങിയെത്തിയ നാവികരാണ് ഈ രോഗം യൂറോപ്പിലേക്ക് കൊണ്ടുവന്നത് എന്ന തിയറിക്കാണ് കൂടുതല്‍ പിന്തുണ. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫ്രാന്‍സിലെ ചാള്‍സ് എട്ടാമന്റെ സൈന്യം ഇറ്റലി കീഴടക്കിയ ശേഷം മടങ്ങിയെത്തിയത് സിഫിലിസ് രോഗലക്ഷണങ്ങളോട് കൂടിയ 'നിയോപോളിറ്റന്‍ ഡിസീസ്' ബാധിതരായാണ്. Girolamo Fracastoro എന്ന ഫ്രഞ്ച് കവി ആണ് അദ്ദേഹത്തിന്റെ Syphilis dive morbus gallicsu എന്ന കവിതയിലാണ് സിഫിലിസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. സിഫിലിസ് എന്ന പേരുള്ള ഒരു ആട്ടിടയന്‍ അപ്പോളോ ദേവനെ അപമാനിച്ചതിന് പ്രതികാരമായി എല്ലുകളില്‍ നിന്നും മാംസം വേര്‍പെട്ടു പോകുന്നതും പല്ലുകള്‍ ദ്രവിച്ചു പോകുന്നതും ദുര്‍ഗന്ധ പൂരിതമായ ഉച്ഛ്വാസവായു ഉണ്ടാവുന്നതും ശബ്ദം നഷ്ടപ്പെട്ടു പോകുന്നതുമായ ഒരു രോഗം അയാള്‍ക്ക് നല്‍കുന്നു. മധ്യകാലത്ത് വെനേറിയല്‍ ലെപ്രസി എന്നറിയപ്പെട്ട ഈ രോഗം മെര്‍ക്കുറിയുടെ കൂട്ടുകള്‍ ഉപയോഗിച്ചാണ് ചികിത്സിച്ചിരുന്നത്. Holly wood എന്ന് വിളിക്കപ്പെട്ട ഗുയാക്ക് (guaiac) തടിക്കഷണങ്ങള്‍ തിളപ്പിച്ച വെള്ളം തെക്കന്‍ അമേരിക്കയിലെ ആദിവാസികള്‍ ഈ രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നു. വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ ഈ രോഗം കൂടുതലായി കാണപ്പെട്ടിരുന്നു. 1497ല്‍ ജീവിച്ചിരുന്ന അന്‍ ടോണിയോ ബെനിവേനി ഇത് അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക് പകരാമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രസീലില്‍ പുകയില സിഫിലിസിന്റെ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നതായി കാണാം.
പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ഇംഗ്ലണ്ടില്‍ വളരെ വ്യാപകമായി കണ്ടിരുന്ന മറ്റൊരു അസുഖമാണ് ഇംഗ്ലീഷ് സ്വറ്റിങ് സിക്ക്‌നെസ് (English sweating sickness). കടുത്ത പനിയും തലവേദനയും, ഭയങ്കര വിയര്‍പ്പും, വിറയലും ഒക്കെ ചേര്‍ന്ന് പന്ത്രണ്ടു മണിക്കൂര്‍ കൊണ്ട് രോഗിയെ മരണത്തിന് വക്കിലെത്തിക്കുന്നു. പിച്ചും പേയും പറഞ്ഞു അബോധാവസ്ഥയിലേക്ക് നീങ്ങുന്നയാള്‍ താമസിയാതെ മരണപ്പെടുകയാണ് പതിവ്. 1485 ഹെന്‍ട്രി ഏഴാമന്റെ പട്ടാളക്കാരുടെ ഇടയിലും പിന്നീട് 1507, 1517, 1529, 1551ലും ഇത് യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഇംഗ്ലണ്ടിലും പ്രത്യക്ഷപ്പെട്ടു. ഈ രോഗം അതിനുശേഷം എവിടെയും കണ്ടെത്തിയിട്ടില്ല. യഥാര്‍ഥ കാരണം എന്താണെന്ന് അറിയില്ലെങ്കിലും ഇത് ടൈഫസ് പനിയുടെ ഒരു വകഭേദം ആണെന്ന് വിശ്വസിക്കപ്പെടുന്നു.
ടി.ബി രോഗം മൂലം കഴുത്തിലെ കഴലകള്‍ വലുതാകുന്നതിനെ കിംഗ്‌സ് ഇവിള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഇതിനുള്ള ചികിത്സ രാജാവിന്റെ സ്പര്‍ശനമായിരുന്നു. 1002-66ല്‍ ഭരിച്ചിരുന്ന 'എഡ്വാര്‍ഡ് ദി കണ്‍ഫസര്‍' ആയിരുന്നു സ്പര്‍ശനം കൊണ്ട് ഈ രോഗം ചികിത്സിച്ചു മാറ്റി എന്ന് പറയപ്പെടുന്ന ആദ്യത്തെ രാജാവ്. പതിനെട്ടാം നൂറ്റാണ്ട് വരെ ഇത്തരം രോഗചികിത്സ തുടര്‍ന്നു വന്നതായി രേഖകള്‍ ഉണ്ട്. ഇംഗ്ലണ്ടിലെ 'വില്യം ദി ഓറഞ്ച്'ന്റെ പേര് ഈ ലിസ്റ്റില്‍ കാണാം.
(തുടരും)
ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.